അദ്ധ്യായം 13
വേദപുസ്‍തകത്തിലെ പ്രവചന പുസ്‍തകങ്ങളും പ്രവചന വേദഭാഗങ്ങളും വ്യാഖ്യാനിക്കുമ്പോൾ നാം പാലിക്കേണ്ട ചില പ്രമാണങ്ങളെ എടുത്തുകാണിക്കുക എന്നതാണു് ഈ അദ്ധ്യായത്തിന്റെ ലക്ഷ്യം.
മലയാളി സഭകളിൽ പൊതുവെ പ്രവചന പുസ്‍തകങ്ങളിൽനിന്നു് പ്രസംഗങ്ങൾ കേൾക്കാറില്ല—ഏതാനം ചില പ്രിയപ്പെട്ട പ്രവചന വേദഭാഗങ്ങളിൽ നിന്നൊഴികെ. പ്രവചന പുസ്‍തകങ്ങൾ വായിക്കുമ്പോൾ പലൎക്കും ഒന്നും മനസ്സിലാകാറില്ല. കൂരിരുട്ടിൽ തിളങ്ങുന്ന ചില വജ്രക്കല്ലുകൾ പോലെ അങ്ങിങ്ങായി ചില വാക്യങ്ങൾ മാത്രം നമ്മുടെ ശ്രദ്ധയിൽ പെടും. ആശ്വാസകരമായ വാക്യങ്ങൾ നാം ഏറ്റെടുക്കും. അല്ലാത്തവ കൂട്ടുസഹോദരന്മാൾക്കു വേണ്ടിയുള്ള ദൂതുകളായി മാറ്റും.
ലോകത്തെവിടെയെങ്കിലും – പ്രത്യേകിച്ചു് പശ്ചിമേഷ്യയിൽ – യുദ്ധങ്ങളും അനൎത്ഥങ്ങളും വരുമ്പോൾ പ്രവചന ഭാഗങ്ങൾ പൊടിതട്ടിയെടുത്തു് യേശുക്രിസ്‍തുവിന്റെ രണ്ടാം വരവിനെ കുറിച്ചു് നാം വാചാലമാകും. ആ വിഷയം കൈകാൎയ്യം ചെയ്യുന്ന ചില ‘സ്‍പെഷിലിസ്‍റ്റുകളും’ നമ്മുടെ ഇടയിൽ ഉണ്ടു്. 1991-92 കാലയളവിൽ ഇറാഖ് യുദ്ധം നടക്കുമ്പോൾ പ്രവചന നിവൃത്തിയെ കുറിച്ചു് കുറേയധികം പുസ്‍തകങ്ങൾ അവർ വിറ്റഴിച്ചു. വാളെടുത്തവനെല്ലാം വെളിച്ചപ്പാടു് എന്നു പറഞ്ഞതു പോലെ ഓരോരുത്തരും തങ്ങൾക്കു ബോധിച്ചതു പോലെ പത്രവാൎത്തകളെ ബൈബിൾ പ്രവചനങ്ങളുമായി കൂട്ടിയിണക്കി. സദ്ദാം ഹുസൈനെ ചിലർ എതിർക്രിസ്‍തുവാക്കി. സദ്ദാം കുവൈത്തിനെ ‘വിഴുങ്ങിയതും’ പിന്നീടതിനെ ‘ഛൎദ്ദിച്ചതും’ ബൈബിൾ പ്രവചന വെളിച്ചത്തിൽ വ്യാഖ്യാനിച്ച മഹന്മാർ കേരളത്തിലുണ്ടായിരുന്നു.
2022ൽ യുക്രെയിനെ റഷ്യ ആക്രമിച്ചപ്പോഴും ഗാസയിലെ മനുഷ്യക്കുരുതി പുരോഗമിക്കുമ്പോഴും ഈ കൂട്ടർ വളരെ സജീവമായിരുന്നു. യേശുക്രിസ്‍തു ഏതു് നിമിഷവും പ്രത്യക്ഷപ്പെടും എന്നു് ജനം വിശ്വസിച്ചു. എന്നാൽ മറുവശത്തു് അവർ പുതിയ കച്ചവടങ്ങൾ തുടങ്ങി, വിവാഹങ്ങൾ നടത്തി, പുതിയ വസ്‍തുവകകൾ സമാഹരിച്ചു. പാട്ടും പ്രസംഗവും ഒരു വഴിക്കു്. പ്രവൃത്തി വേറെ വഴിക്കു്.
ക്രിസ്‍തീയ വേദപുസ്‍തകത്തിൽ ആകെ പതിനെട്ടു് പ്രവാചക പുസ്‍തകങ്ങളുണ്ടു്. കത്തോലിക്കരുടെയും ഓർത്തഡോക്‍സുകാരുടെയും ബൈബിളിൽ ബാരൂഖ് എന്ന അപോക്രിഥ പുസ്‍തകം ഉള്ളതുകൊണ്ടു് അവൎക്കു് പത്തൊൻപതു് പ്രവാചക പുസ്‍തകങ്ങളുണ്ടു്.
പഴയ നിയമത്തിലെ പ്രവാചക പുസ്‍തകങ്ങളെ വലിയതും ചെറുതുമായ പുസ്‍തകങ്ങൾ എന്നു തരം തിരിച്ചിട്ടുണ്ടു്. വലിയ പുസ്‍തകങ്ങൾ ചെറിയവയെ അപേക്ഷിച്ചു് കൂടുതൽ പ്രാധാന്യം അൎഹിക്കുന്നില്ല.
ക്രിസ്‍തീയ വേദപുസ്‍തകത്തിലെ വലിയ പ്രവാചക പുസ്‍തകങ്ങൾ:
ക്രിസ്‍തീയ വേദപുസ്‍തകത്തിലെ ചെറിയ പ്രവാചക പുസ്‍തകങ്ങൾ:
പുതിയ നിയമത്തിലെ ഏക പ്രവാചക പുസ്‍തകം – യോഹന്നാന്റെ വെളിപ്പാടു്
ഈ പ്രവാചക പുസ്‍തകങ്ങൾ കൂടാതെ അനേക പ്രവചന വേദഭാഗങ്ങളും മറ്റു പല ബൈബിൾ പുസ്‍തകങ്ങളിലും കാണുവാൻ സാധിക്കും. ഉദാഹരണങ്ങൾ:
അപ്പൊസ്‍തലനായ പത്രോസു് പ്രവചനത്തെ ഈ രീതിയിലാണു് മനസ്സിലാക്കായിതു്.
തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.6
ഭാവിയിൽ നടക്കുവാനുള്ള സംഭവങ്ങൾ മുൻകൂട്ടി പറയുന്നതിനെയാണു് മലയാളത്തിൽ “പ്രവചനം” എന്ന വാക്കുകൊണ്ടു് അൎത്ഥമാക്കുന്നതു്. വേദപുസ്‍തക അദ്ധ്യയനത്തിൽ “പ്രവചനം” എന്ന വാക്കിനു നാം പുതിയ ഒരു അൎത്ഥം നൽകേണ്ടിയിരിക്കുന്നു. കാരണം, “പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു” സംസാരിക്കുന്നയാൾ ഭാവിയെക്കുറിച്ചു മാത്രമല്ല, വൎത്തമാനത്തെക്കുറിച്ചും സംസാരിക്കും. ദൈവം മനുഷ്യരോടു് അരുളിച്ചെയ്യുന്ന സന്ദേശങ്ങൾ എന്തുതന്നെ ആയാലും പ്രവാചകൻ അവ ജനങ്ങളോടു് തുറന്നു പറയും. വ്യക്തികളോടു മാത്രമല്ല. യഥാൎത്ഥ പ്രവാചകന്മാർ അധികാരികളോടും സമൂഹത്തോടും രാഷ്‍ട്രങ്ങളോടും മുഖം നോക്കാതെ സംസാരിക്കും. പ്രവാചകൻ ദൈവത്തിന്റെ നാവാണു്. പ്രവചിക്കുക എന്നാൽ ദൈവത്തിനുവേണ്ടി വിശ്വസ്‍തതയോടെ സംസാരിക്കുക എന്നാണു് അൎത്ഥം.
യെശയ്യാവും യിരെമ്യാവും അതുപോലുള്ള മറ്റു പ്രവാചകന്മാരും ദൈവത്തിനുവേണ്ടി സംസാരിച്ചു. അവരുടെ ശിഷ്യരും കൂടെയുള്ളവരും ആ സന്ദേശങ്ങൾ രേഖപ്പെടുത്തി. അങ്ങനെ പ്രവാചക പുസ്‍തകങ്ങൾ നമ്മുക്കു് ലഭിച്ചും. ആ പുസ്‍തകങ്ങളിൽ പദ്യങ്ങളുണ്ടു്. ആഖ്യാനങ്ങളുണ്ടു്. ആ സമയത്തെ അപേക്ഷിച്ചു് ഭാവിയിൽ നടക്കുവാൻ പോകുന്ന സംഭവങ്ങളെ കുറിച്ചു് മുന്നറിയിപ്പുകളുണ്ടു്.
ഭാവിയിൽ നടക്കുവാനുള്ളതു് മുൻകൂട്ടി അറിയിക്കുവാൻ ദൈവത്തിനു മാത്രമേ സാധിക്കൂ. ദൈവം ഏകനാണു് എന്നും ജാതികളുടെ ദേവന്മാർ മിഥ്യയാണു് എന്നും തെളിയിക്കുവാൻ പ്രവചനത്തെയാണു് യഹോവയായ ദൈവം ഉപയോഗിച്ചതു്. ദൈവം അവരെ വെല്ലുവിളിച്ചതു് ശ്രദ്ധിക്കുക.
“വിഗ്രഹങ്ങളേ, നിങ്ങൾ വ്യവഹാരം ബോധിപ്പിക്കുക,”
യഹോവ കൽപ്പിക്കുന്നു.
“നിങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കുക,”
യാക്കോബിന്റെ രാജാവ്
അരുളിച്ചെയ്യുന്നു.
“സംഭവിക്കാൻ
പോകുന്നതെന്തെന്ന്
നിങ്ങൾ നമ്മെ അറിയിക്കട്ടെ.
ഭൂതകാല സംഭവങ്ങൾ എന്തെല്ലാമെന്നു
നമ്മോടു
പറയുക,
നാം അവയെ പരിഗണിച്ച്
അവയുടെ പരിണതഫലം എന്തെന്ന്
അറിയട്ടെ.
അഥവാ, ഇനിയെന്താണ്
സംഭവിക്കാനിരിക്കുന്നതെന്ന് നമ്മെ
അറിയിക്കുക.
നിങ്ങൾ ദേവതകൾ എന്നു നാം അറിയേണ്ടതിനു
ഭാവിയിൽ സംഭവിക്കാൻ പോകുന്നവ
എന്തെന്നു നമ്മോടു
പറയുക.
നാം കണ്ടു വിസ്മയിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടതിനു നന്മയെങ്കിലും
തിന്മയെങ്കിലും പ്രവർത്തിക്കുക.”7
വിഗ്രഹങ്ങൾക്കു് ഭാവിയുമറിയില്ല, ഭൂതകാല സംഭവങ്ങളും അറിയില്ല, ഒന്നും പ്രവൎത്തിക്കുവാനും കഴിവില്ല എന്നാണു് യഹോവയായ ദൈവം ഉദ്ദേശിച്ചതു് !
ഭാവിയിൽ നടക്കുവാനുള്ള കാൎയ്യങ്ങളെ ദൈവം തന്റെ ദാസന്മാർക്കു വ്യക്തമായി വെളിപ്പെടുത്തി കൊടുത്തു. നാം അവയെ ശരിയായി മനസ്സിലാക്കിയില്ലെങ്കിൽ ദൈവനാമം മഹത്വപ്പെടുന്നതിനു പകരം ദുഷിക്കപ്പെടുവാൻ കാരണമായിത്തീരും.
പ്രവചനപുസ്‍തകങ്ങളും ഇതര പ്രവചന ഭാഗങ്ങളും എപ്രകാരം വ്യാഖ്യാനിക്കേണം എന്നു പഠിപ്പിക്കുവാൻ ചില നിയമങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനു പകരം ചില ഉദാഹരണങ്ങൾ നിരത്തുവാനാണു് ഞാൻ ഉദ്ദേശിക്കുന്നതു്. ഈ ഉദാഹരണങ്ങളുടെ വിവരണത്തിൽനിന്നും വ്യാഖാനത്തിന്റെ കാതലായ പ്രമാണങ്ങൾ വായനക്കാർ മനസ്സിലാക്കും എന്നു് ആശിക്കുന്നു. ഇതൊരു വലിയ വിഷയമായതുകൊണ്ടു് ഏറ്റവും പ്രധാനപ്പെട്ട ചില ഉദാഹരണങ്ങൾ മാത്രമേ ഇവിടെ ഉൾക്കൊള്ളിക്കുവാൻ സാധിക്കുകയുള്ളൂ.
പ്രവാചക പുസ്‍തകങ്ങളിൽ നിന്നു് ഏതു് വേദഭാഗമാണു് ഏറ്റവും കൂടുതൽ മലയാളി യോഗങ്ങളിൽ പ്രസംഗിക്കപ്പെടുന്നതു് എന്നു് ചോദിച്ചാൽ കൃത്യമായ ഒരുത്തരം തരാൻ ബുദ്ധിമുട്ടാണു്. ഹബക്കുക്കിന്റെ രണ്ടാം അദ്ധായത്തിലെ ആദ്യ വാക്യങ്ങളോ മൂന്നാം അദ്ധായത്തിലെ അവസാനത്തെ മൂന്നു വാക്യങ്ങളാകാം. യെശയ്യാ പ്രവചനത്തിലുമുണ്ടു് ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ചില വാക്യങ്ങൾ.
ഏതു് പ്രവചനഭാഗമായാലും അതിൽ അടങ്ങിയിരുക്കുന്ന ദൈവീക സന്ദേശം കൃത്യമായി നമ്മുക്കു് ലഭിക്കേണമെങ്കിൽ ചില സംഗതികൾ നാം ശ്രദ്ധിക്കേണം.
ഇതൊന്നിനും മുതിരാതെ കേൾക്കാൻ സുഖമുള്ള ഏതെങ്കിലും ഒരു വേദഭാഗം എടുത്തിട്ടു് “ആത്മാവു് നയിക്കുന്നതു പോലെ” ശുശ്രൂഷിച്ചാൽ കേൾവിക്കാരുടെ ആത്മീക ആരോഗ്യത്തിനു അതു് ഹാനികരമാകും.
നാം സാധാരണ കേൾക്കാറുള്ള ഒരു വേദഭാഗമാണിതു്—ഹബക്കൂൿ 2:2-3. വ്യത്യസ്‍തമായ മലയാള വിവൎത്തനങ്ങളിൽ താഴെ കൊടുത്തിരിക്കുന്നു. പഴയനിയമത്തിൽ തന്നെ തൎജ്ജുമ ചെയ്യുവാൻ ബുദ്ധിമുട്ടള്ള ചില വരികൾ ഈ വേദഭാഗത്തിലുണ്ടു്. അതുകൊണ്ടു് വിവൎത്തനങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വ്യത്യാസങ്ങൾ കാണുന്നതു് സ്വാഭാവികമാണു്. ഇംഗ്ലീഷ് വിവൎത്തനങ്ങൾ തമ്മിൽ സാരമായ വ്യത്യാസങ്ങളുണ്ടു്. അത്രയും വ്യത്യാസങ്ങൾ മലയാളത്തിൽ കാണുന്നില്ല. മാത്രമല്ല, ഏതെങ്കിലും ഒരു വിവൎത്തനം മാത്രം വായിച്ചിട്ടു് അതിലെ വാക്കുകളിൽ നാം കടിച്ചുതൂങ്ങരുതു് എന്നു കാണിക്കുവാനാണു് ഇവിടെ ഇവയെ നിരത്തിയിരിക്കുന്നതു്.
മലയാളികൾ കൂടുതലും ഉപയോഗിക്കുന്ന ബൈബിൾ സൊസൈറ്റിയുടെ പഴയ വിവൎത്തനം:
യഹോവ എന്നോട് ഉത്തരം അരുളിയത്: നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക. ദർശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.8
മലയാളത്തിലെ ഇന്റർനാഷനൽ റിവൈസ്‍ഡ് വിവൎത്തനം:
യഹോവ എന്നോട് ഉത്തരം അരുളിയത്: “നീ ദർശനം എഴുതുക; വേഗത്തിൽ വായിക്കുവാൻ തക്കവിധം അത് പലകയിൽ വ്യക്തമായി എഴുതുക.” ഈ ദർശനത്തിനായി ഒരു സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു; ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. സമയം തെറ്റുകയുമില്ല. അത് വൈകിയാലും അതിനായി കാത്തിരിക്കുക; അത് വരും നിശ്ചയം; താമസിക്കുകയുമില്ല.9
വിശുദ്ധ ബൈബിൾ, ബിബ്ലിക്ക സമകാലിക വിവൎത്തനം:
അപ്പോൾ യഹോവ ഇപ്രകാരം മറുപടി നൽകി: “വെളിപ്പാട് എഴുതുക, ഓടിച്ചുവായിക്കാൻ തക്കവണ്ണം അതു ഫലകത്തിൽ വ്യക്തമായി എഴുതുക. കാരണം, വെളിപ്പാടു നിശ്ചിതസമയത്തിനായി കാത്തിരിക്കുന്നു; അത് അന്ത്യത്തെക്കുറിച്ചു സംസാരിക്കുന്നു, അതു തെറ്റുകയുമില്ല. താമസിച്ചാലും അതിനായി കാത്തിരിക്കുക; അതു നിശ്ചയമായും വരും, താമസിക്കുകയില്ല.
കത്തോലിക്ക പി.ഓ.സി. വിവൎത്തനം:
കര്‍ത്താവ് എനിക്ക് ഉത്തരമരുളി: ദര്‍ശനം രേഖപ്പെടുത്തുക. ഓടുന്നവനു പോലും വായിക്കത്തക്കവിധം ഫലകത്തില്‍ വ്യക്തമായി എഴുതുക. ദര്‍ശനം അതിന്റെ സമയം പാര്‍ത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല.10
സുറിയാനി പെഷിത്ത ബൈബിളിൽ നിന്നു് മലയാളത്തിലേക്കു് തൎജ്ജുമ ചെയ്‍ത വിശുദ്ധഗ്രന്ഥം:
കര്‍ത്താവ് എനിക്ക് ഉത്തരം തന്നു കൊണ്ടു കല്പിച്ചു. ദര്‍ശനം നീ എഴുതി വയ്ക്കുക. വായിക്കുന്നവന് എളുപ്പം വായിക്കത്തക്കവണ്ണം അതു നീ പലകയില്‍ എഴുതുക. ദര്‍ശനം അതിന്റെ കാലമാകുമ്പോള്‍ സംഭവിക്കും. അതിന്റെ സമാപ്തതയിലേക്കു വന്നു കൊണ്ടിരിക്കുന്നു. അതിനു വാക്കു വ്യത്യാസമുണ്ടാവുകയില്ല. അതു വൈകിയാലും മനസ്സു വിഷമിക്കരുത്. എന്തെന്നാല്‍ അതു വേഗം വരും; വൈകുകയില്ല. അനീതിയില്‍ അവന്റെ മനസ്സു ഇഷ്ടപ്പെടുന്നില്ല.11
ഈ വേദഭാഗം ഉപയോഗിച്ചു് ഒരിക്കല്ലെങ്കിലും നമ്മുക്കുതന്നെയോ മറ്റുള്ളവർക്കോ ആശ്വാസം പകൎന്നുകൊടുക്കാത്ത വിശ്വാസികൾ വിരളമാണു്. ഈ പുസ്‍തകത്തിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കിയാൽ ഇതു് ആശ്വാസത്തിന്റെ ദൂതല്ല എന്നു് നാം തിരിച്ചറിയും. ന്യായവിധിയുടെ സന്ദേശമാണു്.
സന്ദർഭവും പശ്ചാത്തലവും മനസ്സിലാക്കാത്തതുകൊണ്ടാണു് പലപ്പോഴും പ്രവാചക പുസ്‍തകങ്ങളെയും അതിലെ വേദഭാഗങ്ങളെയും നാം തെറ്റിദ്ധരിക്കുന്നതു്. അൽപ്പം അദ്ധ്വാനിച്ചു തന്നെ വചനം പഠിക്കേണം, പഠിപ്പിക്കേണം. അതു് ചെയ്യാതെ “ദർശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; ജോലി വരുന്നു. അതിന്നായി കാത്തിരിയ്‍ക്ക!” അല്ലെങ്കിൽ “വിസ വരുന്നു, അതിന്നായി കാത്തിരിയ്‍ക്ക!” എന്നു് പറഞ്ഞു് ദൈവത്തിന്റെ കുഞ്ഞാടുകളെ വഴിതെറ്റിച്ചാൽ ദൈവത്തിന്റെ ശിക്ഷ സമയം തെറ്റാതെ ഓടിയെത്തും.
ബൈബിളിലെ ഇസ്രായേൽ മക്കൾ ഭാഗ്യവാന്മാർ ആയിരുന്നു. ലോകത്തെ മുഴുവൻ പാപത്തിൽനിന്നു രക്ഷിക്കുവാനുള്ള മാൎഗ്ഗം ദൈവം അവരിലൂടെയാണു് വെളിപ്പെടുത്തിയതു്. അവരോടു് ദൈവം സംസാരിച്ചതുപോലെ മറ്റാരോടും സംസാരിച്ചില്ല. വരുവാനുള്ള സംഭവങ്ങൾ ദൈവം അവൎക്കു വെളിപ്പെടുത്തി കൊടുത്തു. ദാവീദിന്റെ സിംഹാസനത്തിൽ എന്നേക്കും വാഴുവാന്നായി ദൈവം എഴുനേൽപ്പിക്കുവാൻ ഉദ്ദേശിച്ച മ്ശിഹായെ കുറിച്ചും ദൈവീക അരുളപ്പാടുകൾ അവൎക്കു നൽകപ്പെട്ടു. ആ പ്രവചനങ്ങൾ പഠിക്കുവാന്നായി അനേകർ അവരുടെ ജീവിതം തന്നെ മാറ്റി വച്ചു. നൂറ്റാണ്ടുകളായി അവർ മ്ശിഹായ്ക്കുവേണ്ടി കാത്തിരുന്നു.
എന്നിട്ടും ആ മ്ശിഹാ വന്നപ്പോൾ അവർ അവനെ തിരിച്ചറിഞ്ഞില്ല. എന്തുകൊണ്ടു് ? കൎത്താവായ യേശു ഉയിൎത്തെഴുന്നേറ്റിട്ടു് എമ്മവുസിലേക്കു് പോകുന്ന രണ്ടു പുരഷന്മാരുമായി നടത്തിയ സംഭാഷണം ശ്രദ്ധിച്ചാൽ ആ ചോദ്യത്തിനു ഉത്തരം ലഭിക്കും.
യേശു അവരോടു: “നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാൎയ്യം എന്തു” എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു. …
“… ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ. നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു. ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ചില സ്‍ത്രീകൾ രാവിലെ കല്ലറെക്കൽ പോയി അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദൎശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്‍ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും.”
യേശു അവരോടു: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, ക്രിസ്‍തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ” എന്നു പറഞ്ഞു. മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവൎക്കു വ്യാഖ്യാനിച്ചുകൊടുത്തു.12
“പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം” വിശ്വസിക്കേണമെങ്കിൽ കുറഞ്ഞപക്ഷം പ്രവാചകന്മാർ പറഞ്ഞതെല്ലാം അറിയേണം. പ്രവാചകന്മാർ പറഞ്ഞതെല്ലാം ശരിയായി മനസ്സിലാക്കേണം.
മ്ശിഹാ ബേത്ത്ലഹേമിൽ ജനിക്കും എന്നു് യഹൂദ മത നേതാക്കൾ മീഖായുടെ പ്രവചനത്തിൽ13 നിന്നു തിരിച്ചറിഞ്ഞിരുന്നു.14 പക്ഷേ ആ മ്ശിഹാ ഗലീലയിലെ നസറേത്തിൽ വളരുമെന്നു് അന്നത്തെ യഹൂദർക്കറിയില്ലായിരുന്നു. “ഇവൻ ക്രിസ്‍തു തന്നേ” എന്നു് ചില യഹൂദർ പറഞ്ഞപ്പോൾ “ഗലീലയിൽ നിന്നോ ക്രിസ്‍തു വരുന്നതു?” എന്നു് മറ്റു ചിലർ മറുചോദ്യം ചോദിക്കാൻ ഇടവന്നതു് അതുകൊണ്ടാണു്.15 എന്നാൽ വേറെ ചിലർ പറഞ്ഞു, “ഇവൻ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്‍തു വരുമ്പോഴോ അവൻ എവിടെനിന്നു എന്നു ആരും അറികയില്ല.”16 ഭാഗീകമായ അറിവു് നിമിത്തം യേശുവിനെ സ്വീകരിക്കാതിരുന്ന എത്രയോ യഹൂദർ! അതുകൊണ്ടായിരിക്കും മത്തായി തന്റെ സുവിശേഷത്തിൽ യേശുവിന്റെ ജനനം ബേത്ത്ലഹേമിൽ ആയിരുന്നു എന്നും പിന്നീടു് പ്രവചന നിവൎത്തി പോലെ യേശും നസറെത്ത് എന്ന ഗ്രാമത്തിൽ വളൎന്നു എന്നും വിശദീകരിച്ചതു്.17
മ്ശിഹാ എന്ന വാക്കു് യഹൂദർക്കു് സുപരിചിതമായിരുന്നു. രാജാവായി അഭിഷേകം ചെയ്യപ്പെട്ട ഏതു് വ്യക്തിയെയും ‘മ്ശിഹാ’ എന്നാണു് അവർ വിളിച്ചിരുന്നതു്.
യേശു ജനിക്കുന്നതിനു ഏകദേശം 722 വർഷങ്ങൾക്കു മുമ്പ് ഇസ്രായേൽ എന്ന രാജ്യം ഇല്ലാതെയായി. ക്രി.മു. 600നോടു് അടുപ്പിച്ചു് യഹൂദ്യയും ഇല്ലാതെയായി. ജനം ബാബേലിലേക്കു് നാടുകടത്തപ്പെട്ടു. അവരിൽ ചിലരെ ക്രിസ്‍തുവിനു മുമ്പുള്ള ആറാം നൂറ്റാണ്ടിൽ തന്നെ ദൈവം മടക്കി വരുത്തി. എന്നിരുന്നാലും സ്വന്ത നാട്ടിൽ മറ്റു രാജാക്കന്മാരുടെ അധീനതയിൽ പ്രവാസികളെ പോലെ അവർ ജീവിച്ചു. നാനൂറു് വർഷം ഒരു പ്രവാചകനോ അരുളപ്പാടോ ഇല്ലാതെ യഹൂദർ കഴിച്ചുകൂട്ടി. അങ്ങനെയിരിക്കുമ്പോഴാണു് മരുഭൂമിയിൽ സ്നാപക യോഹന്നാന്റെ ശബ്ദം അവർ കേൾക്കുന്നതു്.
ഒരു വരണ്ട ദേശം മഴയ്‍ക്കായി കാംക്ഷിക്കുന്നതിലും ആൎത്തിയോടെയാണു് യഹൂദർ മ്ശിഹായ്‍ക്കുവേണ്ടി കാത്തിരുന്നതു്. പക്ഷേ അവർ ഒരു മനുഷ്യനെയാണു് പ്രതീക്ഷിച്ചതു്—ദൈവപുത്രനെ അല്ല. ദൈവത്തെ “പിതാവേ!” എന്നു വിളിച്ചു് ദൈവത്തോടു് സമത്വം ഭാവിക്കുന്ന ഒരുവനെയല്ല. “ഞാനും പിതാവും ഒന്നാകുന്നു” എന്നു് യേശു പറഞ്ഞപ്പോൾ യഹൂദർ അതിനെ ദൈവദൂഷണം എന്നു പറഞ്ഞു അവനെ കല്ലെറിയുവാൻ ഭാവിച്ചു.18
മ്ശിഹാ ദാവീദു് രാജാവിന്റെ സന്തതിയായിരിക്കും എന്നു് അവർക്കു് അറിയാമായിരുന്നു. പക്ഷേ ദാവീദു് ആ സന്തതിയെ തന്റെ “കൎത്താവു് ” എന്നു വിളിച്ചതു് അവരുടെ ശ്രദ്ധയിൽപെട്ടില്ല. അഥാവാ അതു വായിച്ചു കേട്ടിരുന്നെങ്കിൽകൂടി അവർ അതു് ഗ്രഹിച്ചില്ല.19 ഇതു് മനസ്സിലാക്കിയ യേശു യഹൂദ നേതാക്കന്മാരോടു് ചോദിച്ചു:
ക്രിസ്‍തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു;
ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു.
അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കൎത്താവു എന്നു വിളിക്കുന്നതു
എങ്ങനെ?
ദാവീദ് അവനെ കൎത്താവ് എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആൎക്കും കഴിഞ്ഞില്ല.20
വചനത്തിൽ എഴുതിയിരിക്കുന്നതു് നിരസ്സിക്കാനും വയ്യ, മ്ശിഹാ വെറും മനുഷ്യനല്ല ദൈവപുത്രനാണു് എന്നു് സമ്മതിക്കുവാനും വയ്യ. വല്ലാത്ത ഒരു അവസ്ഥ. “ഞങ്ങൾക്കു് ആ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞുതരാമോ” എന്നവർ ചോദിച്ചില്ല. ഉത്തരം കേൾക്കുവാനോ അംഗീകരിക്കുവാനോ ഉള്ള സന്മനസ്സു് അവർ കാണിച്ചില്ല. ഇതേ ആപത്തു് ഇന്നത്തെ ക്രിസ്‍ത്യാനികളെയും ബാധിക്കുന്നു. തങ്ങൾ മനസ്സിലാക്കിയതിനു വിപരീതമായി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു വേദവാക്യം പോലും വായിക്കുവാനോ ഗ്രഹിക്കുവാനോ അവർ ശ്രമിക്കില്ല. കഠിന മനസ്സാണു്. “ഞങ്ങൾ ഇത്രയും കാലം വിശ്വസിച്ചതു് ശരിയാണു്. അതു് തെറ്റാണെന്നു് ഞങ്ങൾ സമ്മതിക്കില്ല.”
പ്രതികാരവും വെറുപ്പും. യഹൂദരുടെ ഹൃദയത്തിൽ അവരെ ഭരിച്ചിരുന്ന റോമാക്കാരോടു് അതല്ലാതെ മറ്റൊന്നുമില്ലായിരുന്നു. എങ്ങനെ വെറുക്കാതിരിക്കും?
ജനം പട്ടിണി അനുഭിച്ചപ്പോഴും റോമാക്കാർക്കു കരം കൊടുത്തേ തീരൂ. അതു് പിരിക്കാൻ വരുന്നവർ – മത്തായിയും സക്കായിയും കൂട്ടരും – ജനത്തെ പിഴിഞ്ഞു കുടിച്ചു. റോമാ ഭടന്മാരുടെ ഉപദ്രവം വേറൊരു വഴിക്കു്. അവർ ആവശ്യപ്പെട്ടാൽ യഹൂദർ അവരുടെ ചുമടു് ചുമക്കേണം. ഇതൊക്കെ സഹിച്ചാലും അവർക്കു് സഹിക്കാൻ പറ്റാതിരുന്ന ഒരു സംഗതിയുണ്ടായിരുന്നു. അവരുടെ മഹാപുരോഹിതന്റെ വിശുദ്ധവസ്‍ത്രം റോമാക്കാരാണു് സൂക്ഷിച്ചിരുന്നതു്. ദേവാലയത്തിന്റെ മതിലിനോടു് ചേൎന്നിരുന്ന ഒരു ഗോപിരത്തിലാണു് അതു് വച്ചിരുന്നതു്. ആ ഗോപുരത്തിനു മകളിൽനിന്നു ആലയത്തിൽ നടക്കുന്ന സകല കാൎയ്യങ്ങളും റോമാക്കാർ തികഞ്ഞ പുച്‍ഛത്തോടെ നിരീക്ഷിച്ചിരുന്നു. ആണ്ടിലൊരിക്കലുള്ള വലിയ പെരുന്നാളിനു മഹാപുരോഹിതൽ വിശേഷ വസ്‍ത്രം ധരിക്കേണ്ടതിന്നു റോമാക്കാരുടെ മുന്നിൽ പോയി അതിന്നായി അപേക്ഷിക്കേണമായിരുന്നു.
മ്ശിഹാ വരുമ്പോൾ റോമാക്കാർക്കു് തക്കതായ മറുപടി കൊടുക്കും എന്നു് യഹൂദർ പ്രതീക്ഷിച്ചു. പക്ഷേ സ്നാപക യോഹന്നാൻ പരിചയപ്പെടുത്തിയ യേശു എന്ന മ്ശിഹാ അവരെ നിരാശപ്പെടുത്തി. യഹൂദർക്കു് റോമാക്കാരുടെ കൈയ്യിൽനിന്നു സ്വതന്ത്ര്യം നേടിക്കൊടുക്കുവാൻ യേശു യാതൊന്നും ചെയ്‍തില്ല എന്നു മാത്രമല്ല സാധാരണ ഒരു രാജാവു് ചെയ്യുന്ന യാതൊന്നും യേശു ചെയ്‍തില്ല. ഒരു രാജാവിന്റെ മട്ടും ഭാവവും പോലും യേശുവിനില്ലായിരുന്നു. അവർ പ്രതീക്ഷിച്ചതിന്റെ നേർ വിപരീതമായി യേശു പഠിപ്പിക്കുകയും പ്രവൎത്തിക്കുകയും ചെയ്‍തു. യേശുവിന്റെ ഉപദേശങ്ങളും രീതികളും ഒരു പരാക്രമശാലിയായ രാജാവിന്റേതായിരുന്നില്ല. പക്ഷേ അവൻ വായ്‍തോരാതെ ദൈവരാജ്യത്തെപറ്റി പറഞ്ഞുകൊണ്ടേയിരുന്നു. യേശുവിന്റെ ദൈവരാജ്യം യഹൂദർ കാംക്ഷിച്ച ദാവീദു് രാജ്യത്തിൽനിന്നു വളരെ വ്യത്യസ്‍തമായിരുന്നു.
ശാന്തനായ മ്ശിഹാ. സഹിഷ്‍ണുതയുള്ള മ്ശിഹാ. മ്ശിഹായുടെ സവിശേഷതകളെ യെശയ്യാ പ്രാവചകൻ വൎണ്ണിച്ചതു് യഹൂദർ തിരിച്ചറിഞ്ഞില്ല. അതുകൊണ്ടാണു് അവർ യേശുവിന്റെ രീതികളിൽ നിരാശപ്പെട്ടുപോയതു്.
“അവൻ ഇളംനാമ്പുപോലെയും ഉണങ്ങിയ നിലത്തുനിന്നു പിഴുതെടുക്കപ്പെട്ട വേരുപോലെയും അവിടത്തെ
മുമ്പാകെ വളരും.
അവനു രൂപഭംഗിയോ കോമളത്വമോ ആകർഷകമായ സൗന്ദര്യമോ ഇല്ല,
കാഴ്ചയിൽ ഹൃദയാവർജകമായി യാതൊന്നുംതന്നെ അവനിൽ ഉണ്ടായിരുന്നില്ല.”27
“ഇതാ, ഞാൻ ശാക്തീകരിക്കുന്ന എന്റെ ദാസൻ! ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ
തെരഞ്ഞെടുക്കപ്പെട്ടവൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും, അവൻ രാഷ്ട്രങ്ങൾക്കു
ന്യായം നടത്തിക്കൊടുക്കും.
അവൻ നിലവിളിക്കുകയോ ശബ്ദം ഉയർത്തുകയോ ഇല്ല;
തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല.
ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല,
പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. അവൻ വിശ്വസ്‍തതയോടെ ന്യായപാലനം നടത്തും.”28
ഇതെല്ലാം മ്ശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളാണു് എന്നു് യഹൂദർ ചിന്തിച്ചില്ല. വചനവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിൽ യഹൂദർ മ്ശിഹായെക്കുറിച്ചു് ദിവാസ്വപ്‍നങ്ങൾ കണ്ടു്. അവരുടെ മനസ്സിൽ അവർ മെനഞ്ഞെടുത്ത മ്ശിഹായും പ്രവചനത്തിലെ മ്ശിഹായും തമ്മിൽ ഒരു സാമ്യവും ഇല്ലാതെ പോയി.
ഇതെല്ലാമായിട്ടും തന്റെ അത്ഭുതങ്ങൾ കണ്ട ചിലരെങ്കിലും യേശുവിൽ പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു.29 എങ്ങനെയെങ്കിലും അവൻ ഭരണം പിടിച്ചെടുത്തു് തന്റെ പിതാവായ ദാവിദു് രാജാവിന്റെ പഴയ സാമ്രാജ്യം പുരാതന മഹിമയോടെ തിരിച്ചുകൊണ്ടുവരും എന്നവർ പ്രത്യാശിച്ചു.
യെറുശലേമിലേക്കുള്ള അവസാന യാത്രയിൽ ജനത്തിന്റെ പ്രതീക്ഷകൾ വൎദ്ധിച്ചു. താമസിയാതെ യേശു ഭരണം പിടിച്ചെടുക്കും എന്നു് തന്റെ ശിഷ്യന്മാർ ചിന്തിച്ചു. പക്ഷേ ജനം അവരുടെ ആവേശത്തിൽ അവിവേകം ഒന്നും കാണിക്കരുതു് എന്നു് യേശു ആഗ്രഹിച്ചു.
“അത്ര തിടുക്കം പാടില്ല. ഒരൽപ്പം കൂടെ താമസം ഉണ്ടു്, യജമാനനു ഒരിടം വരെ പോയിവരാനുണ്ടു് ” എന്നു് അവരെ ധരിപ്പിക്കുവാൻ യേശു താലന്തുകളുടെ ഉപമ അവരോടു് പറഞ്ഞു.30 യെറുശലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനത്തിനും ആ പട്ടണത്തിന്മേൽ ചൊരിയാനിരിക്കുന്ന ന്യായവിധിക്കും ഇടയിൽ ഒരു ചെറിയ ഇടവേളയുണ്ടു് എന്നായിരുന്നു യേശു പറയാൻ ഉദ്ദേശിച്ചതു്. നാൽപ്പതു വൎഷത്തെ ഇടവേള. ആ കാലയളവിൽ താൻ ലോകത്തിന്റെ പാപങ്ങളുടെ പരിഹാരത്തിന്നായി യാഗമായിത്തീരേണം, ഉയിൎത്തെഴുന്നേൽക്കേണം, സ്വൎഗ്ഗാരോഹണം ചെയ്യേണം, അങ്ങനെ പലതും ….
തന്റെ ക്രൂശുമരണത്തെപ്പറ്റി യേശു പ്രവചിച്ചപ്പോൾ തന്നെ പിൻപറ്റിയ ജനാവലി അങ്ങനെയൊരു സാധ്യതയെതന്നെ തള്ളിക്കളഞ്ഞു. അവർ പറഞ്ഞതു ശ്രദ്ധിക്കൂ.
“ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ സകലമനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും.”
തന്റെ മരണവിധത്തെക്കുറിച്ച് സൂചന നൽകുന്നതിനായിരുന്നു യേശു ഇതു പറഞ്ഞത്.
ഇതു
കേട്ട ജനക്കൂട്ടം, “ക്രിസ്‍തു എന്നേക്കും ജീവിക്കുമെന്നാണല്ലോ ന്യായപ്രമാണത്തിൽനിന്നു
കേട്ടിട്ടുള്ളത്. അങ്ങനെയെങ്കിൽ, ‘മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതാണെന്ന് അങ്ങു
പറയുന്നതെങ്ങനെ?’ ആരാണ് ഈ മനുഷ്യപുത്രൻ?” എന്നു ചോദിച്ചു.
പൊതുജനം “ന്യായപ്രമാണത്തിൽനിന്നു കേട്ടിട്ടുള്ളതും” പ്രവാചകന്മാർ യഥാൎത്ഥത്തിൽ പ്രവചിച്ചതും തമ്മിലുള്ള വ്യത്യസത്തെ ഇതു് വീണ്ടും എടുത്തുകാട്ടുന്നു. യഹോവയുടെ ദാസനായ ഒരുവൻ അതിദാരുണമായി ക്രൂശിക്കപ്പെടും എന്നു് യെശയ്യാ പ്രവചിച്ചതു് ആ യഹൂദർ മ്ശിഹായെ കുറിച്ചുള്ള മറ്റു പ്രവചനങ്ങളുമായി കൂട്ടി വായിച്ചില്ല.31 “അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ (മ്ശിഹാ) ഛേദിക്കപ്പെടും” എന്നു ദാനിയേലിനോടു് ദൈവം പറഞ്ഞിരുന്നു. പക്ഷേ അതും അവർ ശ്രദ്ധിച്ചില്ല.32
യേശു ക്രൂശിക്കപ്പെട്ടപ്പോൾ ജനത്തിന്റെ പ്രതീക്ഷകൾ അസ്‍തമിച്ചുപോയതിൽ അതിശയിക്കേണ്ടതില്ല. എമ്മവുസിലേക്കു് സഞ്ചരിച്ച രണ്ടു് വ്യക്തികൾ യേശുവിനോടു് അവർ അനുഭവിച്ച നിരാശ എത്രയധികം എന്നു് തുറന്നു പറഞ്ഞു.
“ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു.”
യേശുവിന്റെ ശിഷ്യന്മാരും നിരാശയിൽ ആണ്ടുപോയി. ശിഷ്യന്മാർക്കു് യേശുവിനെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകളും ദൈവം നിശ്ചയിച്ച യാഥാൎത്ഥ്യവും തമ്മിൽ എന്തൊരു അന്തരം!
യേശു ഉയിൎത്തെഴുന്നേറ്റപ്പോൾ തന്റെ ശിഷ്യന്മാരുടെ പ്രതീക്ഷകളും ഉയിൎത്തെഴുന്നേറ്റു. ഇനി എങ്കിലും ഈ മ്ശിഹാ ഇസ്രായേൽ രാജ്യം പുനഃസ്ഥാപിക്കും എന്നു് അവർ ചിന്തിച്ചു. പക്ഷേ യേശു വീണ്ടും ദൈവരാജ്യത്തെ കുറിച്ചു് ഉപദേശങ്ങൾ മാത്രം വിളമ്പിക്കൊണ്ടിരുന്നു. തന്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പു് അക്ഷമരായ ആ ശിഷ്യന്മാർ യേശുവിന്റെ ചുറ്റുംകൂടി ഗുരുവിനോടു് ചോദിച്ചു,
“കർത്താവേ, അവിടന്ന് ഇപ്പോഴാണോ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചു നൽകുന്നതു് ?”
അതായതു് “ഇപ്പോഴെങ്കിലും കാൎയ്യത്തിലേക്കു് അങ്ങു് പ്രവേശിക്കും, അല്ലേ?” എന്നാണു് അവർ ചോദിച്ചതിന്റെ അൎത്ഥം. അവർ സ്വപ്‍നം കണ്ട ഇസ്രായേൽ രാജ്യവും യേശു വിഭാവന ചെയ്‍ത ദൈവരാജ്യവും തമ്മിൽ ആനയും ആടിന്റെയും വ്യത്യാസമുണ്ടെന്നു അവർ അറിഞ്ഞിരുന്നില്ല.
ഒരുപക്ഷേ അവർ പ്രതീക്ഷിച്ച മറുപടി ഇതുപോലെ ഒന്നായിരുന്നു:
നിങ്ങൾ ജെറുശലേമിൽനിന്ന് മടങ്ങിപ്പോകാതെ, പിതാവു നിങ്ങൾക്കു നൽകുമെന്നു ഞാൻ പറഞ്ഞിട്ടുള്ള വാഗ്ദാനത്തിനായി കാത്തിരിക്കണം. അതു് നിങ്ങൾ പ്രാപിക്കുമ്പോൾ നമ്മുടെ പുതിയ ഇസ്രായേൽ രാജ്യത്തിലെ ഭരണ ചുമതലകൾ ഏറ്റെടുക്കുവാൻ നിങ്ങൾ പ്രാപ്‍തരാകും. ആരും എങ്ങും പോകരുതു്. പുതിയ മന്ത്രിസഭ രൂപീകരിച്ചു് ഒരു സൈന്യത്തെ എഴുന്നേൽപ്പിക്കേണം. റോമാക്കാരെ തുരത്തേണം. ആ ഏദോമ്യനായ ഹെരോദാവിനെയും അവന്റെ കുടുംബത്തെയും തുറങ്കലിൽ അടയ്‍ക്കേണം. ചിതറിപ്പോയ യഹൂദരെ മടക്കി വരുത്തേണം. എന്നിട്ടു് ഒരു ദിവസം കിരീടം ധരിച്ചു് എന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്‍ടനാകേണം. എന്റെ ഇടത്തും വലത്തും ഇരിക്കേണ്ടതാരു് എന്നു് അന്നു ഞാൻ വെളിപ്പെടുത്തും.33 അതുകൊണ്ടു് ആരും യെറുശലേം വിട്ടു പോകരുതു്.
പക്ഷേ യേശു യഥാൎത്ഥത്തിൽ അവൎക്കു കൊടുത്ത മറുപടി കേട്ടിട്ടു് അവർ അമ്പരന്നു കാണും.
“എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളിൽ ആവസിക്കുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചവരായി ജെറുശലേമിലും യെഹൂദ്യ പ്രവിശ്യയിലെല്ലായിടത്തും ശമര്യാപ്രവിശ്യയിലും ഭൂസീമകളോളവും എന്റെ സാക്ഷികളാകും.”34
വീണ്ടും പ്രതീക്ഷകൾ അസ്ഥാനത്തായി. ഭൂമിയുടെ അറ്റത്തോളം ശിഷ്യന്മാരെ ചിതറിച്ചാൽ പിന്നെ യെറുശലേം കേന്ദ്രീകരിച്ചു് ഇസ്രായേൽ രാജ്യം ആര് പുനഃസ്ഥാപിക്കും? ഈ മനുഷ്യൻ ഞങ്ങളെ വീണ്ടും ചതിക്കുകയാണോ എന്നവർ ചിന്തിച്ചുപോയെങ്കിൽ അവരെ കുറ്റപ്പെടുത്താൻ സാധിക്കുമോ?
അങ്ങനെ നിൽക്കുമ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ യേശു മുകളിലേക്കു് എടുക്കപ്പെട്ടു. അത്ഭുതപരവശരായി ശിഷ്യന്മാർ നോക്കിനിൽക്കെ ഒരു മേഘം അവനെ അവരുടെ കാഴ്‍ചയിൽനിന്നു മറച്ചു. മുകളിലേക്കു് ഒരാൾ പോയാൽ മേഘങ്ങളുടെ അപ്പുറം പോകുന്നതു് സ്വാഭാവികം എന്നായിരിക്കും നമ്മിൽ പലരുടെയും ചിന്ത. പക്ഷേ യേശു മുകളിലേക്കു് പോകുമ്പോൾ “ഉടനെ” വന്ന ആ മേഘം വെറുമൊരു സാധാരണ മേഘം ആയിരുന്നോ? മറുരൂപമലയിൽ കണ്ട മേഘം. ശലോമോൻ പ്രാൎത്ഥിച്ചപ്പോൾ ദേവാലയത്തിൽ ഇറങ്ങിവന്ന മേഘം. ദൈവം രാജാവായി രാജ്യങ്ങളെ ന്യായംവിധിക്കുമ്പോഴെല്ലാം മേഘാരൂഢനായി വന്നതായി പ്രവചനങ്ങളിലും പാട്ടുകളിലും രേഖപ്പെടുത്തിയിരുക്കുന്നു.35 ഇതു് എന്തിനെ സൂചിപ്പിക്കുന്നു? വെറുതെ അപ്രത്യക്ഷനാകാമായിരുന്നില്ലേ? എന്തിനു മുകളിലേക്കു് എടുക്കപ്പെട്ടു? എന്തുകൊണ്ടു് തന്നെ ഒരു മേഘം മൂടി?
നീണ്ട പത്തു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണു് അവർ അന്നു കണ്ട സ്വൎഗ്ഗാരോഹണത്തിന്റെ പൊരുൾ അപ്പൊസ്‍തലന്മാർക്കു് മനസ്സിലായതു്. യേശുവിന്റെ മഹത്വീകരണമാണു് ദൈവം അവരുടെ കണ്‍മുന്നിൽ വരച്ചു കാട്ടിയതു്. യേശു എല്ലാ നാമത്തിനു മീതെ ഉയൎത്തപ്പെട്ടു. എല്ലാം സിംഹസനങ്ങളുടെയും മുകളിൽ സ്വൎഗ്ഗത്തിലുള്ള, ദൈവത്തിന്റെ വലഭാഗത്തുള്ള, സിംഹാസനത്തിലേക്കു് അവൻ ആരോഹണം ചെയ്തു.
ഇസ്രായേലിന്റെ മ്ശിഹാ ഭൂമിയിലുള്ള ഒരു സിംഹാസനത്തിൽ ഇരുന്നു ഒരു കൊച്ചു രാജ്യത്തെ മാത്രം ഭരിക്കേണ്ടവനല്ല. ദൈവം അവന്നുവേണ്ടി ദാവീദിന്റെ സിംഹാസനം സ്വൎഗ്ഗത്തിൽ ഇട്ടുകൊടുത്തു.36 യഹൂദന്റെ പ്രതീക്ഷകൾക്കപ്പുറം, അവർ സ്വപ്‍നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ, ദാവീദിനോടു് ചെയ്‍ത വാഗ്ദത്തം ദൈവം നിവൎത്തിച്ചു.37 ദാവീദുപുത്രനെ ദൈവത്തിന്റെ വലത്തുഭാഗത്തുള്ള സിംഹാസനത്തിൽ ഇരുത്തി അഖിലാണ്ഡത്തിന്റെ രാജാവാക്കി. “എന്നോടു ചോദിച്ചുകൊള്ളുക, ഞാൻ രാഷ്ട്രങ്ങൾ നിനക്കു പൈതൃകാവകാശമായും ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമായും നൽകും”38 എന്നുള്ള പ്രവചനം നിറവേറി.
ഇനി റോമാക്കാരെ തുരത്തേണ്ട ആവശ്യമില്ല. യഹൂദർ ഭൂമിയുടെ ഏതു് കോണിൽ താമസിച്ചാലും സാരമില്ല. അവരുടെ മ്ശിഹാ ദാവീദിന്റെ സിംഹാസനത്തിൽ സ്വൎഗ്ഗത്തിൽ വാഴുന്നു. അവർ “നാട്ടിൽ” അല്ലെങ്കിലും “ക്രിസ്‍തുവിൽ” ആയാൽ മതി. അവനിൽ വിശ്വസിക്കുന്ന ഏവരും അവന്റെ സ്വസ്ഥതയിൽ, നിത്യമായ ദൈവരാജ്യത്തിൽ, പ്രവേശിച്ചിരിക്കുന്നു. ഇതാണു് അപ്പൊസ്‍തലന്മാർ പ്രസംഗിച്ച സുവിശേഷം.
“ദൈവം നമ്മുടെ പൂർവികർക്കു നൽകിയിരുന്ന വാഗ്ദാനം അവിടന്ന് യേശുവിനെ ഉയിർപ്പിച്ചതിലൂടെ അവരുടെ മക്കളായ നമുക്കുവേണ്ടി പൂർത്തീകരിച്ചിരിക്കുന്നു. ഈ സദ്വർത്തമാനം ഞങ്ങൾ നിങ്ങളോടറിയിക്കുന്നു.”39
ഇതുകൊണ്ടാണു് സുവിശേഷം ആദ്യം യഹൂദർക്കുള്ളതു് എന്നു് പൗലൊസ് പറഞ്ഞതു്. യഹൂദന്മാർക്കുള്ള ഈ സദ്വവൎത്തമാനം ഉൾക്കൊള്ളിക്കാതെ പാപക്ഷമയെപറ്റി മാത്രം പ്രസംഗിക്കുന്നതുകൊണ്ടു് എത്രയോ യഹൂദന്മാർ നമ്മുടെ സുവിശേഷത്തെ അപ്രസക്തമായി കാണുന്നു!
യേശുവിനെ ദൈവം രാജാവാക്കി വാഴിച്ചു എന്നതിന്റെ തെളിവെന്താണു് ? ദാവീദിനോടുള്ള വാഗ്ദത്തം ദൈവം നിവൎത്തിച്ചു എന്നു എങ്ങനെ ഉറപ്പിക്കാം? അതിന്റെ തെളിവായിട്ടാണു് യേശു പിതാവിങ്കൽനിന്നു പരിശുദ്ധാത്മാവിനെ വാങ്ങി തന്റെ ശിഷ്യന്മാരുടെമേൽ പകൎന്നതു്. അതാണു് പെന്തക്കൊസ്‍തു നാളിൽ സംഭവിച്ചതു്. പത്രോസിന്റെ പ്രസംഗത്തിൽ ഇതെല്ലാം താൻ പറഞ്ഞിട്ടുണ്ടു്‍. (കൂടുതൽ അറിയുവാൻ വായിക്കുക.).
“അദ്ദേഹം ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടിട്ട്, പരിശുദ്ധാത്മാവ് എന്ന വാഗ്ദാനം
പിതാവിൽനിന്ന് സ്വീകരിച്ച്, സമൃദ്ധമായി നൽകിയതാണ് നിങ്ങൾ ഈ കാണുകയും
കേൾക്കുകയുംചെയ്യുന്നത്. …
“അതുകൊണ്ട്, നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കർത്താവും ക്രിസ്‍തുവും (രാജാവും)
ആക്കിവെച്ചിരിക്കുന്നു എന്ന് ഇസ്രായേൽ ജനം മുഴുവനും നിസ്സന്ദേഹം
അറിഞ്ഞുകൊള്ളട്ടെ.”40
യേശു തന്നെക്കുറിച്ചു് സംസാരിച്ചപ്പോൾ എന്തുകൊണ്ടാണു് “മനുഷ്യപുത്രൻ” എന്ന പേര് ഉപയോഗിച്ചതു് ? യഹൂദർ ചിന്തിച്ചതു പോലെ മ്ശിഹാ ദാവീദിന്റെ ചെറിയൊരു രാജ്യത്തിന്മേൽ വാഴേണ്ടവനല്ല. ദാനിയേൽ കണ്ട ദൎശനത്തിലെ മനുഷ്യപുത്രനെ പോലെ ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും അവൻ ഭരിക്കേണ്ടവനാണു്.
“രാത്രിദർശനങ്ങളിൽ ഞാൻ നോക്കിക്കൊണ്ടിരിക്കെ, ആകാശമേഘങ്ങളിലൂടെ മനുഷ്യപുത്രനു സദൃശനായ ഒരുവൻ വരുന്നതു കണ്ടു. അദ്ദേഹം പുരാതനനായവന്റെ അടുക്കൽ ചെന്നു. അവർ അദ്ദേഹത്തെ അവിടത്തെ മുമ്പിൽ കൊണ്ടുവന്നു. സകല രാഷ്ട്രങ്ങളും ജനതകളും ഭാഷക്കാരും അദ്ദേഹത്തെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്ത്വവും രാജത്വവും അദ്ദേഹത്തിനു നൽകി. അദ്ദേഹത്തിന്റെ ആധിപത്യം നീക്കംവരാത്ത നിത്യാധിപത്യമാണ്. അദ്ദേഹത്തിന്റെ രാജ്യം അനശ്വരം തന്നെ. സമകാലിക വിവൎത്തനം.”41
മേഘാരൂഡന്നായി വന്ന മനുഷ്യപുത്രന്റെ യാത്ര സ്വൎഗ്ഗത്തിൽ നിന്നു ഭൂമിയിലേക്കായിരുന്നില്ല. താൻ മേഘങ്ങളിൽ സ്വൎഗ്ഗത്തിലേക്കാണു് പോയതു്— സർവ്വ ഭൂമിയെയും ഭരിക്കുവാനുള്ള അധികാരം ഏറ്റുവാങ്ങുവാൻ. ആ “മനുഷ്യപുത്രനു സദൃശനായ ഒരുവൻ” താൻതന്നെയാണു് എന്നു് യഹൂദരെ ധരിപ്പിക്കുവാൻ യേശു ശ്രമിച്ചു. അവർ അതു് ഗ്രഹിച്ചില്ല. പക്ഷേ യേശുവിന്റെ വിസ്‍താരത്തിന്റെ വേളയിൽ മഹാപുരോഹിതനോടു് യേശു അതു തന്നെ പറഞ്ഞു. അപ്പോൾ അദ്ദേഹം യേശുവിന്റെ അവകാശവാദം നന്നായി ഗ്രഹിച്ചു. പക്ഷേ യേശുവിനെ വിശ്വസിക്കുന്നതിനു പകരം ദൈവദൂഷണം എന്ന കുറ്റം ചുമത്തി.
മഹാപുരോഹിതൻ വീണ്ടും അദ്ദേഹത്തോട്: “താങ്കൾ അതിവന്ദ്യനായവന്റെ പുത്രനായ ക്രിസ്‍തുവാണോ?”
എന്നു ചോദിച്ചു.
അതിന് യേശു, “ ‘ഞാൻ ആകുന്നു.’ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ
വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ
വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” എന്നു പറഞ്ഞു.
ഇതു കേട്ടപ്പോൾ
മഹാപുരോഹിതൻ തന്റെ വസ്‍ത്രംകീറി. “ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്ത് ?
നിങ്ങൾതന്നെ ദൈവദൂഷണം കേട്ടുവല്ലോ. നിങ്ങൾ എന്തു വിധിക്കുന്നു?” എന്ന് അദ്ദേഹം
ചോദിച്ചു.
ഒരു മേഘത്തിന്മേൽ ഇരുന്നുകൊണ്ടു് യേശു ഭൂമിയലേക്കു വരുന്ന കാൎയ്യമല്ല ഇവിടെ പറിഞ്ഞിരിക്കുന്നതു്. യേശു രാജാവായി സ്വൎഗ്ഗത്തിൽ വാഴിക്കപ്പെട്ടതിന്റെ അടയാളവും തെളിവും മഹാപുരോഹിതൻ കാണുവാൻ ഇടയാകും എന്നാണു് യേശു പറഞ്ഞതു്. “ആകാശമേഘങ്ങൾ വാഹനമാക്കി വരുക” എന്ന്തു് ന്യായവിധിയുടെ മുന്നറിയിപ്പാണു്.42 അതു് യെറുശലേമിന്റെ മേൽ താൻ വരുത്താൻ ഉദ്ദേശിച്ച ന്യായവിധിയുടെ മുന്നറിയിപ്പായിരുന്നു. അതു് നന്നായി മനസ്സിലാക്കിയ മഹാപുരോഹിതൻ യേശുവിനെ കൊല്ലുവാൻ തക്ക കോപത്തോടെ തന്റെ വസ്‍ത്രം കീറി.
യഹൂദന്മാർ തങ്ങളുടെ മ്ശിഹായെ തിരിച്ചറിയാതെ പോയത് എന്തുകൊണ്ടു് ?
യേശുവിന്റെ ഒന്നാം വരവിന്റെ കാൎയ്യത്തിൽ യഹൂദർക്കു പറ്റിയ ഇതേ തെറ്റുകൾ രണ്ടാം വരവിന്റെ കാൎയ്യത്തിൽ ക്രൈസ്‍തവർ ഇന്നു് ആവൎത്തിക്കുകയല്ലേ?
അപ്പൊസ്‍തലന്മാർ പ്രസംഗിച്ച സുവിശേഷത്തിന്റെ മാഹാത്മ്യമാണു് പത്രോസ് തന്റെ ലേഖത്തിൽ വിവരിച്ചിരിക്കുന്നു. പ്രവാചകന്മാർ അതിനെക്കുറിച്ചു പ്രവചിച്ചെങ്കിലും അവർക്കതു് കാണുവാനോ അനുഭവിക്കുവാനോ സാധിച്ചില്ല. ദൈവദൂതന്മാർ പോലും ഇതിലേക്കു എത്തിനോക്കുവാൻ വാഞ്ചിച്ചു.
നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന കൃപയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ
അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു.
അവരിലുള്ള ക്രിസ്‍തുവിൻ ആത്മാവ്
ക്രിസ്‍തുവിന് വരേണ്ടുന്ന കഷ്ടങ്ങളെയും പിൻവരുന്ന
മഹിമയേയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ
എങ്ങനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി, എന്നാൽ അവർ ശുശ്രൂഷ ചെയ്തത്
അവർക്കായിട്ടല്ല നമുക്കുവേണ്ടിയത്രെ എന്നു അവർക്ക് വെളിപ്പെട്ടു;
ദൈവദൂതന്മാർ പോലും
അറിയുവാൻ ആഗ്രഹിക്കുന്ന ഇക്കാര്യങ്ങൾ സ്വർഗ്ഗത്തിൽനിന്നു അയയ്ക്കപ്പെട്ട
പരിശുദ്ധാത്മാവിനോട് ചേർന്ന് നിങ്ങളോട് ഇപ്പോൾ പ്രസംഗിച്ച സുവിശേഷകരാൽ
അറിയിക്കപ്പെട്ടതു തന്നെ.43
വാസ്‍തവത്തിൽ എബ്രായ തിരുവെഴുത്തുകൾ രചിച്ച പ്രവാചന്മാർ ക്രിസ്‍തുവന്റെ കഷ്‍ടാനുഭവങ്ങളെ കുറിച്ചു് പ്രവചിച്ചു. പക്ഷേ ക്രിസ്‍തുവന്റെ കഷ്‍ടാനുഭവങ്ങളെ കുറിച്ചു് മാത്രമല്ല അതിനു ശേഷം വരുന്ന മഹിമയെകുറിച്ചും പ്രവചിച്ചു. ആ മഹിമ ഭാവിയിലെപ്പോഴോ വരുന്ന മഹിമയല്ല. പുതിയനിയമ സഭ ഇപ്പോൾ അനുഭവിക്കുന്ന – അനുഭവിക്കേണ്ട – മഹിമയാണു്.
“ക്രിസ്‍തുവിന് വരേണ്ടുന്ന കഷ്ടങ്ങളെയും പിൻവരുന്ന മഹിമയേയും” കുറിച്ചു് ഏതു് പ്രവാചക പുസ്‍തകത്തിലാണു് എഴതിയിരിക്കുന്നതു് ? യഹൂദ മതപണ്ഡിതന്മാർ അതിനെ കുറിച്ചു് തിരുവെഴുത്തുകളിൽ ഒന്നും കണ്ടില്ല, ഗ്രഹിച്ചില്ല. യേശു നൽകിയ വെളിച്ചത്തിൽ അപ്പൊസ്‍തലന്മാർ തിരുവെഴുത്തുകളെ വീണ്ടും ശരിയായ രീതിയിൽ വായിക്കുകയും ഗ്രഹിക്കുകയും ചെയ്തപ്പോൾ അവർ കണേണ്ടതു് കണ്ടു.. സുവിശേഷങ്ങളും ലേഖനങ്ങളും അതിന്നു സാക്ഷ്യം വഹിക്കുന്നു.
യെശയ്യാ അമ്പത്തിമൂന്നാം അദ്ധ്യായം ക്രിസ്‍തുവിന് വരേണ്ടുന്ന കഷ്ടാനുഭവങ്ങളെ വിവരിക്കുന്നു. ക്രിസ്‍തു അനുഭവിച്ച യാതനകളുടെ ഫലമായി വെളിപ്പെട്ട മഹത്വത്തെക്കുറിച്ചു് യെശയ്യാ അമ്പത്തിനാലാം അദ്ധ്യായം വിവരിക്കുന്നു. പത്രൊസ് ഈ വേദഭാഗത്തെ കുറിച്ചായിരിക്കേണം എഴുതിയതു്.
“പ്രസവിക്കാത്ത മച്ചിയേ,
ഘോഷിക്കുക;
നോവു കിട്ടിയിട്ടില്ലാത്തവളേ,
പൊട്ടി ആർത്തു ഘോഷിക്കുക;
ഏകാകിനിയുടെ മക്കൾ
ഭർത്താവുള്ളവളുടെ മക്കളേക്കാൾ
അധികം”
എന്നു യഹോവ അരുളിച്ചെയ്യുന്നു.
ആരാണു് ഈ രണ്ടു് സ്‍ത്രീകൾ — “പ്രസവിക്കാത്ത മച്ചിയും” “ഭൎത്താവുള്ളവളും”? പരിശുദ്ധാത്മാവിൽ പൗലൊസ് ഇതിനെ വ്യഖ്യാനിക്കുന്നതു് ശ്രദ്ധിച്ചാലും.
“ഈ രണ്ട് സ്‍ത്രീകൾ രണ്ട് ദൈവികഉടമ്പടികളുടെ പ്രതീകങ്ങളാണ്.”44
പഴയതും പുതിയതുമായ രണ്ടു് ഉടമ്പടികൾ അഥവാ നിയമങ്ങളുണ്ടു് എന്നും നാം എല്ലാവരും അറിയുന്നു. അവയെ പ്രതിനിധാനം ചെയ്യുന്ന സ്‍ത്രീകൾ ആരാണു് ?
“ഒന്നാമത്തെ സ്‍ത്രീ ഹാഗർ, അടിമകളായ മക്കളെ പ്രസവിക്കുന്ന, സീനായിമലയുടെ പ്രതീകമാണ്. ഹാഗർ എന്നത് അറേബ്യയിലെ സീനായി പർവതമാണ് സൂചിപ്പിക്കുന്നത്.”45
ഒന്നാമത്തെ സ്‍ത്രീ ഹാഗറിനെ സൂചിപ്പിക്കുന്നെങ്കിൽ അവരുടെ മക്കൾ ആരായിരിക്കും? ഇശ്‍മയേല്യ സന്തതികളായ അറബികളും പലസ്‍തീനികളും ആയിരിക്കും എന്നു “ക്രിസങ്കികൾ” പറയുമായിരിക്കും. പൗലൊസ് പറയുന്നതു് കേൾക്കാം.
“ഒന്നാമത്തെ സ്‍ത്രീ ഹാഗർ, അടിമകളായ മക്കളെ പ്രസവിക്കുന്ന, സീനായിമലയുടെ പ്രതീകമാണ്. ഹാഗർ എന്നത് അറേബ്യയിലെ സീനായി പർവതമാണ് സൂചിപ്പിക്കുന്നത്. അത് ഇപ്പോഴത്തെ ജെറുശലേമിനെ കുറിക്കുന്നു. കാരണം, അവർ അവളുടെ മക്കളോടുകൂടെ ഇപ്പോൾ അടിമത്തത്തിലാണു കഴിയുന്നത്.”46
ഹാഗർ അബ്രഹാമിന്റെ സ്വാഭാവിക മക്കളായ യഹൂദരെ സൂചിപ്പിക്കുന്നു! യേശുവിനെ നിരസിച്ച യഹൂദർ എന്നു് എടുത്തുപറയേണ്ടിയിരിക്കുന്നു.
അപ്പോൾ രണ്ടാമത്തെ സ്‍ത്രീയോ? സാറാ!
“സാറയോ, സ്വർഗീയ ജെറുശലേമിന്റെ പ്രതീകമാണ്.
സ്വതന്ത്രയായ അവളാണ് നമ്മുടെ മാതാവ്
കാരണം, തിരുവെഴുത്തിൽ ഇങ്ങനെ
രേഖപ്പെടുത്തിയിരിക്കുന്നു:
‘വന്ധ്യയായവളേ ആനന്ദിക്കുക;
ഒരു കുഞ്ഞിനും ജന്മം
നൽകിയിട്ടില്ലാത്തവളേ,
പ്രസവവേദന എന്തെന്ന് അറിയാത്തവളേ,
ആനന്ദത്താൽ
ആർത്തുഘോഷിക്കുക!
കാരണം, പരിത്യക്തയുടെ മക്കൾ
ഭർത്താവുള്ളവളുടെ
മക്കളെക്കാൾ അധികം.’”47
വാഗ്ദത്ത സന്തതിയായ മ്ശിഹായെയും അവന്റെ അനുയായികളെയും കുറിക്കുന്നതാണു് മച്ചിയായിരുന്ന സാറാ. സ്വൎഗ്ഗീയ യെറുശലേമിന്റെ (ക്രിസ്‍തുസഭയുടെ ആസ്‍ഥാനത്തിന്റെ) പ്രതീകമാണു് സാറാ. ക്രിസ്‍തു അനുഭവിച്ച യാതനകളുടെ ഫലമായി വെളിപ്പെട്ട മഹത്വമാണു് പുതിയ നിയമ സഭ. ആ സഭയുടെ അനുഗ്രഹീത അവസ്ഥയുടെ വൎണ്ണനയാണു് യെശയ്യാ 54.
പുതിയ നിയമ സഭയുടെ അംഗങ്ങളുടെ എണ്ണം ഹാഗാറിന്റെ “സന്തതികളായ” യെഹൂദന്മാരേക്കാൾ എത്രയോ മടങ്ങാണു്. ലോകത്തിന്റെ എല്ലാ ദിക്കിൽ നിന്നും അവർ സ്വൎഗ്ഗീയ യെറുശലേമിലേക്കു് വരുന്നു. അതുകൊണ്ടാണു് സാറായോടു് (പുതിയ നിയമ സഭയോടു് ) യെശയ്യാ പ്രവച്ചിച്ചതു്:
നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക;
നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ
അവർ നിവർക്കട്ടെ;
തടുത്തുകളയരുത്; നിന്റെ കയറുകളെ നീട്ടുക;
നിന്റെ കുറ്റികളെ
ഉറപ്പിക്കുക.
നീ ഇടത്തോട്ടും വലത്തോട്ടും പരക്കും;
നിന്റെ സന്തതി ജനതകളുടെ
ദേശം കൈവശമാക്കുകയും
ശൂന്യനഗരങ്ങളിൽ നിവാസികളെ പാർപ്പിക്കുകയും ചെയ്യും.48
പുതിയ നിയമത്തിന്റെ കണ്ണുകളിലൂടോ എബ്രായ തിരുവെഴുത്തുകളെ നാം വ്യാഖ്യാനിക്കേണം
പത്രോസും പൗലൊസും പരിശുദ്ധാത്മാവിൽ യെശയ്യാ 54 വ്യാഖ്യാനിച്ചു്. അതുകൊണ്ടാണു് നമുക്കു് അതിന്റെ അൎത്ഥം മനസ്സിലായതു്. പുതിയ നിയമത്തിന്റെ കണ്ണുകളിലൂടെ നാം എബ്രായ തിരുവെഴുത്തുകളെ വ്യാഖ്യാനിക്കേണം എന്നു പറയുന്നതു് ഇതുകൊണ്ടാണു്. ഉദാഹരണത്തിന്നു, വാഗ്‍ദത്ത നാടു് എന്ന വഷയം എടുക്കാം.
“ഞാൻ നിന്നെ കാണിക്കുവാനിരിക്കുന്ന ദേശത്തേക്ക് പോകുക” എന്നു് ദൈവം അബ്രഹാമിനോടു് പറഞ്ഞു. ഏതാണു് ആ ദേശം?
എബ്രായ തിരുവെഴുത്തുകൾ മാത്രം വായിക്കുന്ന യഹൂദർ പറയും:
“മിസ്രയീം നദി മുതൽ യൂഫ്രട്ടീസ് മഹാനദിവരെയുള്ള … [ദേശം], കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ, പെരിസ്യർ, രെഫയീമ്യർ, അമോര്യർ, കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ [ദേശം] തന്നെ”49
എന്നാൽ പുതിയ നിയമത്തിന്റെ വെളിച്ചം പ്രാപിച്ചവർ യഹൂദരെ പോലെ സംസാരിക്കരുതു്. പരിശുദ്ധാത്മാവിൽ നിറഞ്ഞു് പൗലൊസ് എഴുതിയതു് നാം അംഗീകരിച്ചേ തീരൂ.
“ലോകത്തിന്റെ അവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിനോ അവന്റെ സന്തതിയ്ക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയിലൂടെയാണ് ലഭിച്ചത്.”50
ദൈവം അബ്രഹാമിനു ലോകം മുഴുവനും വാഗ്ദത്തം ചെയ്‍തു! ആ വാഗ്ദത്തം യഥാൎത്ഥിത്തിൽ അബ്രഹാമിനും തന്റെ സന്തതിയായ യേശു ക്രിസ്‍തുവിനുമുള്ളതാണു്. അല്ലാതെ അബ്രഹാമിന്റെ മക്കൾ എന്നോ യഹൂദർ എന്നോ അവകാശപ്പെടുന്ന ഏവൎക്കുംകൂടെയുള്ള വാഗ്ദത്തമല്ല അതു്.
എന്നാൽ അബ്രാഹാമിനും അവന്റെ സന്തതിയ്ക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല , എന്നാൽ നിന്റെ സന്തതിയ്ക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നത്; അത് ക്രിസ്‍തു തന്നെ.51
അബ്രഹാമിന്റെ സന്തതിയായ യേശുവാണു് വാഗ്‍ദത്ത നാടിന്റെ യഥാൎത്ഥ അവകാശി
അബ്രഹാമിന്റെയും ദാവീദിന്റെയും സന്തതിയായ യേശുവിനു ദൈവം ഈ വാഗ്‍ദത്തം നിവൎത്തിച്ചു നൽകി. രണ്ടാം സങ്കീൎത്തനത്തിൽ വാഗ്‍ദത്ത ദേശത്തിന്റെ അതിരുകൾക്കു് വ്യത്യാസം വരുത്തി. മ്‍ശിഹായോടു് യഹോവയായ ദൈവം സത്യം ചെയ്‍തു:
എന്നോടു ചോദിച്ചുകൊൾക;
ഞാൻ നിനക്കു
ജാതികളെ അവകാശമായും
ഭൂമിയുടെ അറ്റങ്ങളെ
കൈവശമായും തരും.52
ഉയിൎത്തെഴുന്നേറ്റ ക്രിസ്‍തുവിനു ദൈവം ആ വാഗ്‍ദത്തം നിറവേറ്റി. “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു് യേശു പറയാനുള്ള കാരണമതാണു്.
അങ്ങനെയെങ്കിൽ “പാലും തേനും ഒഴുകുന്ന” സമൃദ്ധിയുടെ ഒരു ദേശത്തെക്കുറിച്ചു് മോശെയിലൂടെ ഇസ്രായേൽ മക്കൾക്കു് ദൈവം ഒരു വാഗ്‍ദത്തം നൽകിയതോ? അവരെ ആ നാട്ടിൽ ദൈവം എത്തിച്ചില്ലേ? അവർ യുദ്ധം ചെയ്‍തു അതു് പിടിച്ചെടുത്തില്ലേ?
എബ്രായ തിരുവെഴുത്തുകൾ മാത്രം വായിക്കുന്നവർ അങ്ങനെ ചിന്തിക്കും. പക്ഷേ ക്രിസ്‍തുവിന്റെ വെളിച്ചം പുതിയ നിയമത്തിലൂടെ പ്രാപിച്ചവരോ? അവർ കനാൻനാടിനെ സ്വൎഗ്ഗീയ കനാൻ ദേശത്തിന്റെ ഒരു നിഴൽ മാത്രമായി കാണും. അതായതു്, അന്നു യോശുവയുടെ കാലത്തു് വീതിച്ചു കൊടുത്തതു് വെറും ഒരു നിഴലാണു്. കനാനിൽ പ്രവേശിച്ച ഇസ്രായേൽ മക്കൾ പോലും ദൈവത്തിന്റെ വിശ്രാമത്തിലേക്കു് (അഥവാ സ്വസ്ഥതയിലേക്കു് ) പ്രവേശിച്ചില്ല. അതുകൊണ്ടാണു് ദാവീദ് മുഖാന്തരം ദൈവം വീണ്ടും തൊണ്ണൂറ്റിയഞ്ചാം സങ്കീൎത്തനത്തിൽ ഒരു ആഹ്വാനം കൊടുത്തതു്.
8ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു
എങ്കിൽ,
മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും
നിങ്ങളുടെ
ഹൃദയത്തെ കഠിനമാക്കരുത്.
അവിടെവച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ
പരീക്ഷിച്ചു;
എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു. …
11ആകയാൽ അവർ എന്റെ
സ്വസ്ഥതയിൽ
പ്രവേശിക്കയില്ലെന്നു
ഞാൻ എന്റെ ക്രോധത്തിൽ
സത്യം ചെയ്തു.53
പുതിയ നിയമത്തിൽ ഈ വേദഭാഗത്തിനു പരിശുദ്ധാവു് ഒരു വ്യാഖ്യാനം കൊടുത്തിട്ടുണ്ടു്. അല്ലായിരുന്നെങ്കിൽ നാം ഇതു് ഗ്രഹിക്കുക അസാധ്യമായിരുന്നു. എബ്രായ ലേഖന കൎത്താവു് എഴുതിയതു് ശ്രദ്ധിക്കുക.
ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്ന് അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ
നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” എന്ന് മുമ്പേ പറഞ്ഞതുപോലെ “ഇന്ന്” എന്നൊരു ദിവസം
പിന്നെയും നിശ്ചയിക്കുന്നു. യോശുവ അവർക്കു സ്വസ്ഥത വരുത്തി
എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ
കല്പിക്കയില്ലായിരുന്നു;
ആകയാൽ ദൈവത്തിന്റെ
ജനത്തിന് ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.54
“അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അത് ലഭിക്കാതെപോയി എന്ന് വരാതിരിപ്പാൻ നാം ഭയപ്പെടുക.”55
ഈ മുന്നറിയിപ്പു് ക്രിസ്‍ത്യാനികൾക്കുള്ളതാണു്. കാരണം, യഥാൎത്ഥ വാഗ്‍ദത്ത ദേശത്തേക്കു് ക്രിസ്‍തു വിശ്വാസികളായ നാമാണു് പ്രയാണം ചെയ്യുന്നതു്. ഈ ഭൂമിയിലുള്ള നമ്മുടെ ജീവിതമാണു് യഥാൎത്ഥ “മരുഭൂ പ്രയാണം.” സ്വൎഗ്ഗീയ കനാൻ നാട്ടിലേക്കുള്ള യാത്രയിൽ വിശ്വാസം കാത്തുകൊണ്ടു നാം യാത്ര ചെയ്യേണം.
“പാലും തേനും ഒഴുകുന്ന” യഥാൎത്ഥ വാഗ്‍ദത്ത ദേശം ദൈവം വിശ്വാസികൾക്കായി ഒരുക്കുന്ന നിത്യ വിശ്രാമമാണു്.
അങ്ങനെയെങ്കിൽ ഇസ്രായേൽ ജനതയെ ദൈവം എന്തിനാണു് മിസ്രയീംമിലെ അടിമത്തത്തിൽനിന്നു രക്ഷിച്ചതു് ? എന്തിനുവേണ്ടിയാണു് അവരെ മരുഭൂമിയിലൂടെ നടത്തി കനാനിലേക്കു് കൊണ്ടുപോയതു് ?
അതെല്ലാം പുതിയ നിയമ സഭയുടെ പ്രയോജനത്തിന്നായി ഒരു ദൃഷ്ടാന്തം സൃഷ്ടിക്കുവാനായിരുന്നു. നമ്മുടെ കണ്‍മുന്നിൽ രക്ഷയുടെയും വിശ്വാസത്തിന്റെയും നിത്യതയുടെയും പാഠങ്ങൾ വരച്ചുകാട്ടുവാൻ ദൈവം ഒരു ജനതയെ മുഴുവനും – അവരുടെ ജീവിതത്തെയും – ഉപയോഗിച്ചു എന്നു് പരിശുദ്ധാത്മാവിൽ പൗലൊസ് എഴുതി.
സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു; എല്ലാവരും
സമുദ്രത്തൂടെ കടന്ന് എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു.
എല്ലാവരും ഒരേ ആത്മികാഹാരം തിന്ന് എല്ലാവരും ഒരേ ആത്മികപാനീയം കുടിച്ചു — അവരെ
അനുഗമിച്ച ആത്മികപാറയിൽനിന്നല്ലോ അവർ കുടിച്ചത്; ആ പാറ ക്രിസ്‍തു ആയിരുന്നു — എങ്കിലും
അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു
നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. ഇതു
നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; 56
ഈ കാര്യങ്ങൾ അവർക്ക് ഉദാഹരണങ്ങളായി സംഭവിച്ചു;
യുഗസമാപ്‍തിയോടടുത്തു ജീവിക്കുന്ന നമുക്കു മുന്നറിയിപ്പായി
എഴുതപ്പെട്ടിരിക്കുന്നു.57
അബ്രഹാമിന്റെ കാൎയ്യത്തിലേക്കു് മടങ്ങി വരാം. കനാൻ നാടു് തരാം എന്നു് ദൈവം പറഞ്ഞിട്ടു് അബ്രഹാം അവിടെ യാഗപീഠങ്ങൾ അല്ലാതെ ഒരു വീടുപോലും പണിതില്ല. തന്നെ ദൈവം വിളിച്ചതു് ഐഹികമായ ഒരു അവകാശത്തിനു വേണ്ടി അല്ല എന്നു് ആ പിതാവു് തിരിച്ചറിഞ്ഞു. പുതിയ നിയമം വായിച്ചാൽ മാത്രമേ ആ തിരിച്ചറിവു് നമുക്കും ലഭിക്കുകയുള്ളൂ.
“വിശ്വാസത്താൽ അബ്രാഹാം തനിക്ക് അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാകുവാൻ
വിളിക്കപ്പെട്ടാറെ അനുസരിച്ച് എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു. വിശ്വാസത്താൽ
അവൻ വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തത്തിനു കൂട്ടവകാശികളായ
യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ട് ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ
നഗരത്തിനായി കാത്തിരുന്നു …
“ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി
പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ട് അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും
എന്ന് ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു. ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം
അന്വേഷിക്കുന്നു എന്ന് കാണിക്കുന്നു. അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ
ഇട ഉണ്ടായിരുന്നുവല്ലോ. അവരോ അധികം നല്ലതിനെ,
സ്വർഗീയമായതിനെത്തന്നെ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്ന് വിളിക്കപ്പെടുവാൻ
ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം
ഒരുക്കിയിരിക്കുന്നുവല്ലോ.”58
ഇത്രയും വ്യക്തമായി പുതിയ നിയമം നമ്മേ പഠിപ്പിക്കുമ്പോഴും അതിനെ നിരസിക്കുന്നവരാണു് ഭൂരിഭാഗം ക്രൈസ്‍തവരും.
ചില ചോദ്യങ്ങൾ:
തെറ്റായ പ്രവചന വ്യാഖ്യാനം നിമിത്തം ലോകത്തിനു മുമ്പിൽ വേദപുസ്‍തകവും ക്രിസ്‍ത്യാനികളും ഏറ്റവും വികൃതമായി ചിത്രീകരിക്കപ്പെട്ടതു് എപ്പോൾ ആയിരുന്നു?
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടണിൽ ജീവിച്ചിരുന്ന ജോണ്‍ നെൽസൻ ഡാർബിയും കൂട്ടരും59 പറഞ്ഞു: യേശുവിന്റെ രണ്ടാം വരവു് സംഭവിക്കേണമെങ്കിൽ യെറുശലേമിൽ യഹൂദനു ഒരു ദേവാലയം ഉണ്ടായിരിക്കേണം. ദേവാലയം ഉണ്ടാകേണമെങ്കിൽ യഹൂദനു സ്വന്തമായ ഒരു രാജ്യം ആവശ്യമാണു്. 60 യഹൂദരുടെ മനസ്സിൽ ആ ചിന്ത ഉരുവാകും മുമ്പേ ഡാർബിയും കൂട്ടരും അതു് ആവശ്യപ്പെട്ടു. പ്രത്യേകിച്ചും ബ്രിട്ടിഷ് സർക്കാരിൽ അധികാരവും സ്വാധീനവുമുള്ള ചില ശിഷ്യന്മാർ ഡാർബിക്കുണ്ടായിരുന്നു.
ഷാഫ്‍റ്റ്സ്ബെറി പ്രഭു (Lord Shaftesbury 1801-1885) ഡാർബി പഠിപ്പിച്ചതു വിശ്വസിച്ചു. മതപരമായ വിശ്വാസവും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ താത്പര്യങ്ങളും കൂട്ടിയിണക്കിയപ്പോൾ ഷാഫ്‍റ്റ്സ്ബെറി പ്രഭുവുനു ഒരു കാൎയ്യം മനസ്സിലായി: നപ്പോളിയന്റെ വളരുന്ന സാമ്രാജ്യത്തിന്നു ഒരു തടയിടുവാനും ക്രിസ്‍തുവിന്റെ രണ്ടാം വരവിനു വഴിയൊരുക്കുവാനും പലസ്‍തീനിൽ യഹൂദർക്കൊരു രാജ്യം സ്ഥാപിക്കേണം. യഹൂദനു ഒരു സ്വന്തനാടു് എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചതു് ഷാഫ്‍റ്റ്സ്ബെറി പ്രഭുവായിരുന്നു.62
1891ൽ അമേരിക്കയിലെ മെഥടിസ്റ്റ് സഭയിലെ വിശ്വാസിയായ വില്യം ബ്ലാക്ക്‍സ്‍റ്റോണ്‍ ഇതിനു സമാനമായ ആവശ്യം അമേരിക്കൻ പ്രസിഡിന്റെ മുന്നിൽ അവതരിപ്പിച്ചു.63 ആധുനിക ഇസ്രായേൽ രാഷ്‍ട്രത്തിന്റെ പിതാവു് എന്നറിയപ്പെടുന്ന തിയൊഡോർ ഹെർസൽ രംഗത്തു് വരുന്നതിനു മുമ്പേ ക്രൈസ്‍തവർ ഈ നീക്കങ്ങൾ ആരംഭിച്ചിരുന്നു. എന്തുകൊണ്ടു് ? ബൈബിൾ പ്രവചനങ്ങൾ ഒരു പ്രത്യേക രീതിയിൽ അവർ മനസ്സിലാക്കിയതുകൊണ്ടു്.
ഒടുവിൽ 1948ൽ ഇസ്രായേൽ എന്ന ആധുനിക രാജ്യം യാഥാൎത്ഥ്യമായപ്പോൾ അതു ബൈബിൾ പ്രവചന നിവൎത്തിയാണു് എന്നു് സുവിശേഷ വിഹിത സഭകൾ പഠിപ്പിച്ചു. കണ്‍വൻഷനുകളിൽ സുവിശേഷം പ്രസംഗിക്കുന്നതിനു പകരം “ഇസ്രായേലും പ്രവചന നിവൃത്തിയും” എന്ന തീപ്പൊരി പ്രസംഗങ്ങൾ അരങ്ങേറി. ചോദ്യങ്ങൾക്കോ സംശയങ്ങൾക്കോ ഒരു സ്ഥാനവുമില്ലായിരുന്നു.
അതിനു ശേഷം യഹൂദർ പല യുദ്ധങ്ങൾ നടത്തി. കൂടുതൽ പലസ്‍തീൻ ഭൂമി കയ്യേറി. അയൽവാസികളായ പലസ്‍തീനി കുടുംബങ്ങളുടെ വീടും തോട്ടങ്ങളും പിടിച്ചെടുത്തു് അവരെ വഴിയാധാരമാക്കി. അന്താരാഷ്‍ട്ര നിയമങ്ങൾ യഹൂദർ ലംഘിച്ചു. പലസ്‍തീൻ നിവാസികൾക്കു കൊടുത്ത ഭൂമിയിൽ പോലും അതിക്രമിച്ചു കയറി പട്ടാള ഭരണം ഏൎപ്പെടുത്തി. കൂടുതൽ യഹൂദരെ കൊണ്ടുവന്നു അവിടെ പാൎപ്പിച്ചു. ഒരു ദാക്ഷണ്യമില്ലാതെ മനുഷ്യകുരുതി നടത്തി. ക്രൈസ്‍തവർ അതിനെല്ലാം ‘ജയ് ’ വിളിച്ചു യഹൂദരുടെ കൂടെ നിന്നു. കോടിക്കണക്കിനു ഡോളൾ വാരിയെറിഞ്ഞു. നിയമ വിരുദ്ധമായി പണികഴിപ്പിച്ച പട്ടണങ്ങളിൽ സൗകര്യങ്ങൾ ഒരുക്കികൊടുക്കുവാൻ ക്രിസ്‍തീയ വിശ്വാസികൾ ഇസ്രായേലിലേക്കു് “മിഷൻ ട്രിപ്പുകൾ” നടത്തി. ഇതെല്ലാം നിമിത്തം ദശലക്ഷങ്ങൾ ക്രൈസ്‍തവരെയും സുവിശേഷത്തെയും ഇന്നും വെറുക്കുന്നു.
ഈ സംഭവിച്ചതൊന്നും ദൈവീകമല്ലായിരുന്നു എന്നു വിശ്വസിക്കുന്ന യഹൂദരുണ്ടു്. അവർ ആധുനിക ഇസ്രായേൽ രാജ്യത്തെ അംഗീകരിക്കുന്നില്ല. അതാണു് അതിശയം. “തോറാ” (ന്യായപ്രമാണം പാലിക്കുന്ന) യഹൂദർക്കുള്ള വെളിച്ചം വിശ്വാസികൾക്കു് ഇല്ലാതെ പോയല്ലോ! ക്രിസ്‍ത്യാനികൾ എന്തുകൊണ്ടു് വചനവെളിച്ചത്തിൽ ഒരു പുഃനർവിചിന്തനം നടത്തുന്നില്ല?
സ്‍കോഫീൽഡ് എന്നയാൾ തയ്യാറാക്കിയ പഠന ബൈബിളിന്റെ പുതിയ പതിപ്പുകളിൽ യാഗങ്ങളെ കുറിച്ചു് ഒരു വിശദീകരണം ഉൾപ്പെടുത്തിയിട്ടുണ്ടു്. യെഹസ്‍കേൽ 43:19-17 വരെയുള്ള വേദഭാഗത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാമതൊരു യഹൂദ ദേവാലയം പണിയപ്പെടും എന്നു വ്യാഖ്യാനത്തിൽ അദ്ദേഹം പറയുന്നു. പക്ഷേ യേശുവിന്റെ പരമയാഗം നടന്ന സ്ഥിതിക്കു് മൃഗബലിയെ എങ്ങനെ സാധൂകരിക്കും എന്ന പ്രശ്നം അവിടെ ഉയൎന്നുവരുന്നു. പ്രശ്നപരിഹാരത്തിനു രണ്ടു് പോംവഴികളാണു് അദ്ദേഹം നിരത്തുന്നതു്.64
ഒന്നാമത്തെ പോംവഴി. ‘മൃഗബലി യഹൂദർ നടത്തിയാലും അതു് പാപ പരിഹാരത്തിനു
വേണ്ടിയല്ല, യേശുവിന്റെ പരമയാഗത്തിന്റെ ഓൎമ്മയ്ക്കുവേണ്ടി ആയിരിക്കും! ’65
ഇതിനെക്കുറിച്ചു രണ്ടു്
കാൎയ്യങ്ങൾ എനിക്കു് എടുത്തു പറയേണം.
രണ്ടാമത്തെ പോംവഴി. ‘മൃഗബലിയെ കുറിച്ചുള്ള വാക്യങ്ങൾ അക്ഷരീകമായി
വ്യാഖ്യാനിക്കേണ്ടതില്ല! ’
ഡാർബിയുടെയും തന്റെ ആശയങ്ങൾ പിൻപറ്റുന്ന സുവിശേഷവിഹിത സഭകളുടെയും പ്രവചന വ്യാഖ്യാനത്തിലുള്ള പരാജയം വായനക്കാർ മനസ്സിലാക്കിക്കാണും എന്നു് പ്രതീക്ഷിക്കുന്നു. മൂന്നാമതൊരു യഹൂദ ദേവാലയം നിൎമ്മിക്കപ്പെടും എന്നു ബൈബിൾ പറയുന്നില്ല.
യേശു യെറുശലേമിന്റെ നാശം പ്രവചിച്ചതിനു ശേഷം ആ പട്ടണത്തിന്റെയോ ആലയത്തിന്റെയോ പുനർനിൎമ്മാണത്തെ കുറിച്ചു ഒരു ചെറിയ അരുളപ്പാടുപോലും ആൎക്കും ലഭിച്ചിട്ടില്ല. അപ്പോൾ യോഹന്നാൻ കണ്ട വെളിപ്പാടിൽ ഒരു ആലയം അളക്കപ്പെടുന്നുണ്ടല്ലോ? ഉവ്വു്. യോഹന്നാൻ വെളിപ്പാടു് പുസ്‍തകം എഴുതുമ്പോൾ രണ്ടാമത്തെ ദേവാലയം നിലനിന്നിരുന്നു. ക്രി. 70നു മുമ്പു് വെളിപ്പാടു് പുസ്‍തകം എഴുതപ്പെട്ടു.66 അതു് ക്രി. 96ൽ എഴുതപ്പെട്ടു എന്നു ചിന്തിക്കുന്നതു കൊണ്ടാണു് നാം തെറ്റിപ്പോകുന്നതു്. ക്രി. 96ലാണു് വെളിപ്പാടു് പുസ്‍തകം എഴുതപ്പെട്ടിരുന്നതെങ്കിൽ ക്രി. 70ൽ നടന്ന യെറുശലേമിന്റെ നാശത്തെ കുറിച്ചു് ഒരു വാക്കെങ്കിലും അതിൽ കാണുമായിരുന്നു. വെളിപ്പാടു് പുസ്‍തകം മാത്രമല്ല, പുതിയ നിയമത്തിലെ എല്ലാ പുസ്‍തകങ്ങളും ക്രി. 67നു മുമ്പ് എഴുതപ്പെടാനാണു് സാധ്യത. ആ ആണ്ടിലാണു് യെറുശലേമിൽ കലാപങ്ങളും പീഢനങ്ങളും ആരംഭിച്ചതു്.
ഒരു ബലൂണ്‍ പൊട്ടിക്കുവാൻ ഒരു സൂചി ഉപയോഗിച്ചു് ഒരിക്കൽ അതിനെ കുത്തിയാൽ മതി. പക്ഷേ ഡാർബിയുടെ ബലൂണ്‍ – അതായതു് യുഗങ്ങളും അതിനെ ആസ്‍പദമാക്കി താൻ നടത്തിയ പ്രവചന വ്യാഖ്യാനങ്ങളും – പൊട്ടിക്കഴിഞ്ഞിട്ടും ഡാർബിയെ ന്യായീകരിക്കുവാൻ വരുന്നവരാണു് ഭൂരിഭാഗം വിശ്വാസികളും. അവരുടെ കണ്ണുകളെ ദൈവം പ്രകാശിപ്പിക്കട്ടേ എന്നു് മാത്രം ഞാൻ പ്രാൎത്ഥിക്കുന്നു.
“ആലയം പണിയപ്പെടില്ലെങ്കിൽ യേശുവിന്റെ രണ്ടാം വരവിന്റെ കാൎയ്യം എന്തായിത്തീരും?” എന്നു് താങ്കൾ ചിന്തിച്ചേക്കാം. സൈന്യത്തിന്റെയും പണത്തിന്റെയും ബലത്തിൽ ആൎക്കും ഏതു് ദേവാലയവും ഇന്നു പണിയാം. പക്ഷേ “യഹൂദർ മൂന്നാമതൊരു ആലയം പണിതാലും അതിനെ പൊളിക്കുവാൻ യേശു വീണ്ടും വരുമോ?” എന്നാണു് നാം ചോദിക്കേണ്ടതു്.67 അതിന്റെ ഉത്തരം ഈ അദ്ധ്യായത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.
നാം ഇന്നു് അന്ത്യകാലത്തിലാണോ ജീവിക്കുന്നതു് ? ബൈബിൾ “അന്ത്യകാലം” എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതെന്താണു് ? എവിടെനിന്നാണു് നമുക്കു് ഈ കാലക്കണക്കു് കിട്ടിയതു് ?
പ്രവാസത്തിലുള്ള തന്റെ ജനത്തിന്റെ വിടുതലിന്നായി ഉപവസിച്ചു പ്രാൎത്ഥിച്ച ദാനിയേൽ പ്രവാചകനോടു് അതിപ്രധാനമായ സംഗതികൾ ദൈവം വെളിപ്പെടുത്തി കൊടുത്തു. ഒൻപതാം അദ്ധ്യായത്തിൽ നാം അതു് കാണുന്നു. ദാനിയേൽ കണ്ട വിചിത്രമായ ദൎശനങ്ങളെ അപേക്ഷിച്ചു് മനസ്സിലാക്കുവാൻ എളുപ്പമുള്ള ഒരു വേദഭാഗമാണിതു്. എങ്കിലും ആ ദൎശനത്തിന്റെ സന്ദർഭം അറിഞ്ഞിരിക്കേണം.
ഈ ദർശനം പ്രാപിക്കുമ്പോൾ ദാനിയേൽ ഉൾപ്പടെയുള്ള യഹൂദ്യ രാജ്യനിവാസികളും ബാബിലോണിൽ സാമ്രാജ്യത്തിൽ പ്രാവാസികളാണു്. അവരുടെ സ്വന്ത നാടും അതിന്റെ തലസ്ഥാനമായ യെറുശലേമും തകൎന്നിട്ടു് ഏകദേശം എഴുപതു് വൎഷം കഴിഞ്ഞു. ശലോമോൻ രാജാവു് പണിത ദേവലയവും നശിപ്പിക്കപ്പെട്ടു. പ്രവാസത്തിൽ നിന്നു മടങ്ങി സ്വന്ത നാട്ടിലേക്കു പോകുവാൻ സഹായത്തിന്നായി ദൈവത്തോടു് പ്രാൎത്ഥിച്ച ദാനിയേലിനു മറുപടി ലഭിച്ചു. ആരംഭത്തിൽ തന്നെ അവസാനവും കാണുന്ന ദൈവം തന്റെ ജനത്തെ കുറിച്ചുള്ള ദൈവീക കാൎയ്യപരിപാടിയാണു് ദാനിയേലിനു വെളിപ്പെടുത്തി കൊടുത്തതു്.
“ദാനീയേലേ, നിനക്ക് ഉൾക്കാഴ്ചയും വിവേകവും പകർന്നുതരാൻ ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.
23നീ ഏറ്റവും പ്രിയപ്പെട്ടവനാകുകയാൽ നിന്റെ പ്രാർഥനയുടെ ആരംഭത്തിൽതന്നെ
എനിക്കു കൽപ്പന ലഭിച്ചു; നിന്നോടു സംസാരിക്കാൻ ഞാൻ വന്നിരിക്കുന്നു. അതിനാൽ ഈ
സന്ദേശം കേട്ടു ദർശനത്തിന്റെ അർഥം ഗ്രഹിച്ചുകൊൾക.
24“അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പാപത്തിനു വിരാമംകുറിക്കുന്നതിനും
അനീതിക്കു പ്രായശ്ചിത്തം ചെയ്യുന്നതിനും അനന്തമായ നീതി സ്ഥാപിക്കുന്നതിനും ദർശനവും
പ്രവചനവും മുദ്രയിടുന്നതിനും അതിവിശുദ്ധസ്ഥലത്തെ അഭിഷേകം ചെയ്യുന്നതിനും നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ‘ഏഴുകൾ’ നിയമിച്ചിരിക്കുന്നു.
25“അതുകൊണ്ട് ഇത് അറിയുകയും മനസ്സിലാക്കുകയുംചെയ്യുക:
ജെറുശലേമിനെ പുനരുദ്ധരിച്ചു പുനർനിർമിക്കാൻ കൽപ്പന പുറപ്പെടുന്നതു
മുതൽ അഭിഷിക്തനായ ഭരണാധിപന്റെ വരവുവരെ ഏഴ് ‘ഏഴുകളും’ അറുപത്തിരണ്ട്
‘ഏഴുകളും’ ഉണ്ടായിരിക്കും. അതു കഷ്ടതയുടെ കാലത്തുതന്നെ തെരുവീഥികളും കിടങ്ങുകളുമായി
പുനർനിർമിക്കപ്പെടും. 26അറുപത്തിരണ്ട് ‘ഏഴുകൾ’ ക്കുശേഷം അഭിഷിക്തൻ
വധിക്കപ്പെടും; തനിക്കുവേണ്ടി അല്ലതാനും. വരാനിരിക്കുന്ന ഭരണാധിപന്റെ ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും. അതിന്റെ
അവസാനം ഒരു പ്രളയംപോലെ കടന്നുവരും: അന്ത്യംവരെയും യുദ്ധങ്ങൾ തുടരും. വിനാശം
പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
27ഒരു ‘ഏഴു’ കാലത്തേക്ക്
അദ്ദേഹം പലരോടും ഉടമ്പടി ചെയ്യും. ‘ഏഴിന്റെ’ മധ്യത്തിൽ അദ്ദേഹം ദഹനയാഗവും
ഭോജനയാഗവും നിർത്തലാക്കും. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അന്ത്യം അദ്ദേഹത്തിന്റെമേൽ
വർഷിക്കുന്നതുവരെ എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത ദൈവാലയത്തിൽ അദ്ദേഹം
സ്ഥാപിക്കും.”68
യഹൂദ ജാതിക്കുവേണ്ടിയും അവരുടെ വിശുദ്ധ നഗരമായ യെറുശലേമിനു വേണ്ടിയും ദൈവം ഒരു കാലം — എഴുപത് ആഴ്ചവട്ടം — നിശ്ചയിച്ചിരിക്കുന്നു എന്നതാണു് ഈ ദർശനത്തിന്റെ പ്രധാന സന്ദേശം. ലോകത്തിലുള്ള എല്ലാ ജാതികൾക്കും രാഷ്‍ട്രങ്ങൾക്കും അല്ല ഇതു് നിൎണ്ണയിക്കപ്പെട്ടിരിക്കുന്നതു് എന്നു തിരിച്ചറിഞ്ഞാൽ തന്നെ നാം തെറ്റിപ്പോകയില്ല. ഈ വേദഭാഗത്തെ വ്യാഖ്യാനിക്കുന്നതിൽ പലൎക്കും സംഭവിച്ച ഏറ്റവും വലിയ വീഴ്‍ചയും ഇവിടെയാണു്.
അടുത്തതായി ഈ “എഴുപത് ആഴ്ചവട്ടം” എപ്പോൾ ആരംഭിക്കുന്നു എന്നും എപ്പോൾ അവസാനിക്കും എന്നും നാം തിരിച്ചറിയേണം. ഇതു് വളരെ വ്യക്തമായി ദർശനത്തിൽ വിവരിച്ചിരിക്കുന്നു.
ജെറുശലേമിനെ പുനരുദ്ധരിച്ചു പുനർനിർമിക്കാൻ കൽപ്പന പുറപ്പെടുന്നതു മുതൽ ആണു് ഈ കാലഘട്ടത്തിന്റെ ആരംഭം. ആ കൽപ്പന പുറപ്പെടുവിച്ചതു് സൈറസ് അഥവാ കോരേശ് എന്ന പേർഷ്യൻ ചക്രവൎത്തിയായിരുന്നു.69 ക്രിസ്‍തുവിന്റെ ജനനത്തിനു 539 വൎഷങ്ങൾക്കു മുമ്പാണു് സൈറസ് ചക്രവൎത്തി “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന” പുറപ്പെടുവിച്ചതു്.
ഒരു ഭരണാധിപന്റെ ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും. അതിനോടനുബന്ധിച്ചു് യുദ്ധങ്ങളും നാശനഷ്‍ടങ്ങളും സംഭവിക്കും.
പ്രവാസം എന്ന ദൈവീക ശിക്ഷാവിധിയിൽനിന്നും രക്ഷപെടുന്നതിനു മുമ്പു് തന്നെ യഹൂദ്യയുടെമേൽ വരാൻ പോകുന്ന അടുത്ത ന്യായവിധികൂടി ദൈവം വെളുപ്പെടുത്തി! രണ്ടാമത്തെ ആലയം പണിയപ്പെടുന്നതിനു മുമ്പു് തന്നെ ഭാവിയിൽ വരാൻ പോകുന്ന അതിന്റെ നാശവും ദൈവം മുൻകൂട്ടി ദാനിയേലിനെ അറിയിച്ചു.
എന്തുകൊണ്ടു് ദൈവം അവരെ വീണ്ടും ന്യായംവിധിക്കും?
എഴുപത് ആഴ്ചവട്ടങ്ങൾ തീരുന്നതിനു മുമ്പു് ദൈവം തന്റെ മ്ശിഹായെ (അഭിഷിക്തനെ) അയയ്ക്കും എന്നുള്ള സൂചനയും ദർശനത്തിൽ ഉണ്ടു്. “അറുപത്തിരണ്ട് ‘ഏഴുകൾ’ ക്കുശേഷം അഭിഷിക്തൻ (മ്ശിഹാ) വധിക്കപ്പെടും; തനിക്കുവേണ്ടി അല്ലതാനും.” യഹൂദ ജനം മ്ശിഹായ തള്ളിപ്പറഞ്ഞു് അവനെ കൊലയ്‍ക്കു കൊടുക്കും എന്നാണു് ദൈവം പറയാനുദ്ദേശിച്ചതു് എന്നു ഇന്നു നമുക്കറിയാം. ആ മരണത്തിലൂടെ ദൈവം അനീതിക്കു പ്രായശ്ചിത്തം വരുത്തി. പക്ഷേ മ്ശിഹായെ തള്ളിക്കളയുന്ന യഹൂദരുടെമേൽ ദൈവീക ശിക്ഷാവിധി വരേണ്ടതാണു്.
ക്രിസ്‍തുവിന്റെ ഐഹിക ശുശ്രൂഷ പൂൎത്തിയായിട്ടു് നാൽപ്പതു വൎഷം കഴിഞ്ഞപ്പോൾ — അതായതു് ക്രി. 70ൽ — യെറുശലേമും രണ്ടാമതു് പണി കഴിപ്പിച്ച ആലയവും നശിപ്പിക്കപ്പെട്ടു. നഗരവും ആലയവും നശിച്ചപ്പോൾ യഹൂദ്യയുടെ യുഗം അവസാനിച്ചു. പഴയ നിയമത്തിൽ അധിഷ്‍ഠിതമായ യഹൂദ മതത്തിന്റെയും യുഗവും അവസാനിച്ചു. ദേവാലയം ഇല്ലാതെ എന്തു് യഹൂദ മതം?
“എഴുപത് ആഴ്ചവട്ടം” എന്നതു് പുതുക്കിപ്പണിയപ്പെട്ട യെറുശലേമിന്റെയും അതിലെ രണ്ടാമത്തെ ദേവാലയത്തിന്റെയും ആയുസ്സാണു്. ക്രി.മു. 539 മുതൽ ക്രി. 70 വരെയായിരുന്നു ആ കാലഘട്ടം
യഹൂദന്റെ രണ്ടാമത്തെ ആലയത്തിന്റെ നാശത്തോടു് അടുത്ത കാലത്തെയാണു് വിശുദ്ധ ബൈബിൾ “അന്ത്യകാലം” എന്നു വിളിക്കുന്നതു്. അന്ത്യകാലത്താണു് യേശു ജനിച്ചതും ശുശ്രൂഷിച്ചതും. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. പക്ഷേ വചനം വിശ്വസിക്കുന്നവർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോട് അരുളിച്ചെയ്‍തിട്ട് ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോട് അരുളിച്ചെയ്‍തിരിക്കുന്നു.70
അന്ത്യകാലത്താണു് ദൈവം തന്റെ സഭയുടെമേൽ പരിശുദ്ധാത്മാവിനെ പകൎന്നതു് എന്നു് പത്രോസ് അപ്പൊസ്‍തലൻ സ്ഥിതീകരിച്ചു.
ഇതു യോവേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്‍തതത്രേ; അതെന്തെന്നാൽ: “അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും …”71
അതുകൊണ്ടാണു് പത്രോസ് തന്റെ ലേഖനത്തിൽ എഴുതിയതു്, “എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു.”72
യേശു സ്വൎഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പു് തന്റെ പതിനൊന്നു ശിഷ്യന്മാർക്കു കൊടുത്ത വാഗ‍്ദത്തം നമ്മിൽ പലരും തെറ്റിച്ചാണു് വായിക്കുന്നതു്. പഴയ വിവൎത്തനങ്ങളിൽ “ലോകാവസാനം” എന്നു തെറ്റിച്ചു കൊടുത്തിരിക്കുന്നു. സമകാലിക വിവൎത്തനത്തിൽ അതു് യുഗാന്ത്യം എന്നു് ശരിയായി തൎജ്ജുമ ചെയ്‍തിരിക്കുന്നു.
“ഞാൻ യുഗാന്ത്യംവരെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും, നിശ്ചയം.”73
കൊരിന്തില്ലുള്ള സഭയ്‍ക്കു മുന്നറിയിപ്പു നൽകിയപ്പോൾ പൗലൊസ് പറഞ്ഞതു് ശ്രദ്ധിക്കുക. അവർ അന്നു് ഒരു യുഗത്തിന്റെ അവസാനത്തോടു് അടുത്തിരിന്നു എന്നു താൻ വിശ്വസിച്ചു.
ഈ കാര്യങ്ങൾ അവർക്ക് (ഇസ്രായേൽ മക്കൾക്കു് ) ഉദാഹരണങ്ങളായി സംഭവിച്ചു; യുഗസമാപ്‍തിയോടടുത്തു ജീവിക്കുന്ന നമുക്കു മുന്നറിയിപ്പായി എഴുതപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നയാൾ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ.”74
ഈ വാക്യങ്ങൾ ഒറ്റപ്പെട്ട വാക്യങ്ങൾ അല്ല. പുതിയ നിയമം എഴുതപ്പെട്ട കാലത്തു് ജീവിച്ചിരുന്ന അപ്പൊസ്‍തലന്മാരും വിശ്വാസികളും അവർ അന്ത്യകാലത്തിലാണു് ജീവിക്കുന്നതു് എന്നു് വിശ്വസിച്ചിരുന്നു.
എഴുപതു് ആഴ്ചവട്ടങ്ങളിലെ അവസാന “ആഴ്ച” ഇതുവരെയും നിറവേറിയില്ല എന്നു് പഠിപ്പിക്കുന്നവരുണ്ടു്. എന്തുകൊണ്ടു് ?
ദാനിയേൽ പ്രവചനത്തിലെ എഴുപതു് ആഴ്ചവട്ടവും വെളിപ്പാടു് പുസ്‍തകത്തിലെ കാലക്കണക്കും തമ്മിൽ ബന്ധമുണ്ടു് എന്നു് അവർ മനസ്സിലാക്കുന്നു. നല്ല കാൎയ്യം. പക്ഷേ വെളിപ്പാടു് പുസ്‍തകം ക്രി.96ൽ എഴുതപ്പെട്ടു എന്നു് അവർ ചിന്തിക്കുന്നു. അവരുടെ കണക്കനുസരിച്ചു് വെളിപ്പാടു് പുസ്‍തകം എഴുതപ്പെട്ടപ്പോൾ യെറുശലേമിൽ ഒരു യഹൂദ ദേവാലയം ഇല്ല. അതുകൊണ്ടു് പ്രവചനത്തിൽ പറയുന്നതുപോലെ ഒരുവൻ യാഗങ്ങൾ നിൎത്തലാക്കേണമെങ്കിൽ വീണ്ടും ഒരു ആലയം പണിയപ്പെടേണം. അതുകൊണ്ടാണു് 2000 വൎഷങ്ങൾ കഴിഞ്ഞിട്ടും അവർ ഒരു യഹൂദ ദേവാലയം പണിയപ്പെടുന്നതു് കാണുവാൻ കാംക്ഷിക്കുന്നതു് !
വെളിപ്പാടു് പുസ്‍തകം ഉൾപ്പെടെ പുതിയ നിയമത്തിലെ എല്ലാ പുസ്‍തകങ്ങളും ക്രി. 70നു മുമ്പു് എഴുതപ്പെട്ടിരിക്കേണം എന്നു് നാം നേരത്തെ നിരീക്ഷച്ചതാണു്. ക്രി. 70നു മുമ്പു് ദേവാലയം ഉണ്ടായിരുന്നു. അതുകൊണ്ടു് ദാനിയേൽ പ്രവചനത്തിലെ എഴുപതു് ആഴ്ചവട്ടങ്ങൾ ക്രി. 70ൽ പൂൎത്തിയായി എന്നു പറയാൻ ഒരു തടസ്സവുമില്ല.
അന്ത്യകാല സംഭവങ്ങളെ കുറിച്ചു് പഠിക്കുമ്പോൾ മനസ്സിലാക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പുസ്‍തകങ്ങൾ ആദ്യമേ തിരഞ്ഞെടുക്കരുതു്. ദാനിയേൽ പ്രവചനവും വെളിപ്പാടു് പുസ്‍തകവും പഠിക്കുന്നതിനു മുമ്പു് കൎത്താവായ യേശു ക്രിസ്‍തു ഈ വിഷയത്തെപറ്റി പറഞ്ഞ കാൎയ്യങ്ങൾ പഠിക്കേണം. യേശു ഒലിവുമലയിൽവച്ചു് നടത്തിയ പ്രഭാഷണമാണു് ഇതിനുത്തമം. മത്തായി 24, മർക്കൊസ് 13, ലൂക്കൊസ് 17, 21 എന്നീ അദ്ധ്യായങ്ങളിൽ ഈ പ്രഭാഷണം നാം വായിക്കുന്നു.
ഇതിനുശേഷം യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എപ്പോഴാണ് ഇതു സംഭവിക്കുക? അങ്ങയുടെ പുനരാഗമനത്തിന്റെയും യുഗാവസാനത്തിന്റെയും ലക്ഷണം എന്തായിരിക്കും?” എന്നു ചോദിച്ചു.75
യെറുശലേം ദേവാലയത്തിന്റെ നാശം യേശു പ്രവചിച്ചു. “ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും.” അതു കേട്ടതിനു ശേഷം ശിഷ്യന്മാർ യേശുവിനോടു് ചോദിച്ച ചോദ്യങ്ങളാണു് മുകളിൽ ഉദ്ധരിച്ചതു്. എല്ലാ ശിഷ്യന്മാരും കൂടി ചോദിച്ചതല്ല. “പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി” ചോദിച്ചു എന്നു് മർക്കൊസ് എടുത്തു പറയുന്നു.76 ആ നാലു് പേർക്കാണു് യേശു ഉത്തരം കൊടുത്തതു്. അല്ലാതെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നവരോടല്ല യേശു സംസാരിച്ചതു്.
“സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ. അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടു പോകട്ടെ; നാട്ടുമ്പുറങ്ങളിലുള്ളവർ അതിൽ കടക്കരുത്.”77
ഇന്നു കേരളത്തിലുള്ളവരെടല്ല യേശു സംസാരിച്ചതു് എന്നു് അറിയുവാൻ വേറെ ഏതെങ്കിലും വാക്യം ചൂണ്ടിക്കാണിക്കേണ്ട ആവശ്യമുണ്ടോ? “കോട്ടയത്തുള്ളവർ വാഗമണ്ണിലേക്കു് ഓടട്ടെ” എന്നല്ല യേശു ആ നാലു് ശിഷ്യന്മാരോടു് പറഞ്ഞതു്. “യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.”
നാം എഴുതാപ്പുറം വായിക്കരുതു്. ഈ പ്രഭാഷണത്തിൽ പറഞ്ഞിരിക്കുന്ന എല്ലാം സംഗതികളും അന്നു് യേശുവിന്റെ കൂടെയുള്ളവർക്കു് മനസ്സിലാകുന്ന ഭാഷയിലാണു് യേശു സംസാരിച്ചതു്. ഇന്നത്തെ പത്രവാൎത്തകളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കപ്പെടേണ്ട പ്രവചനങ്ങളല്ല ഇവയൊന്നും.
രണ്ടു സംഗതികളാണു് ശിഷ്യന്മാർക്കു് അറിയേണ്ടിയിരുന്നുതു് — സമയവും ലക്ഷണങ്ങളും. ഈ പ്രഭാഷണത്തിൽ യേശു അവർക്കു് രണ്ടും പറഞ്ഞുകൊടുത്തു. നാളും നാഴികയും പറഞ്ഞുകൊടുത്തില്ല. പക്ഷേ ആലയത്തിന്റെ നാശം എപ്പോൾ സംഭവിക്കും എന്നതിനെ കുറിച്ചും വ്യക്തമായ ഒരു ധാരണ യേശു അവർക്കു നൽകി.
മൂന്നു വ്യത്യസ്‍തമായ കാൎയ്യങ്ങളാണു് ശിഷ്യന്മാർ ചോദിച്ചതു് എന്നാണു് നമ്മുടെ ഇടയിൽ പലരും പഠിപ്പിക്കുന്നത്.
അതു് തീൎത്തും തെറ്റായ ഒരു സമീപനമാണു്. ദേവാലയം പോലുള്ള ഒരു മഹാ സൗധം തകൎക്കപ്പെടേണമെങ്കിൽ അതു് യേശുവിന്റെ പുനരാഗമനത്തിൽ – അതായതു് യുഗവാസാനത്തിൽ – മാത്രമേ സംഭവിക്കൂ എന്നറിഞ്ഞ ശിഷ്യന്മാർ ഇവയെ പറ്റി ചില ചോദ്യങ്ങൾ ഒരുമിച്ചു ചോദിച്ചു.
ലൂക്കൊസിന്റെ സുവിശേഷത്തിൽ ഒരേയൊരു കാൎയ്യമേ ശിഷ്യന്മാർ ചോദിച്ചതായി പറയുന്നുള്ളൂ. ആലയത്തിന്റെ നാശം എപ്പോൾ സംഭവിക്കും? “ഗുരോ, അത് എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്ത് ? ”78
ആലയത്തിന്റെ നാശവും യേശുവിന്റെ പുനരാഗമനവും യുഗാവസാനവും ഒരേ കാലയളവിൽ സംഭിക്കേണ്ടവയാണു് എന്നൎത്ഥം. യേശുവിന്റെ പുനരാഗമനത്തിന്റെ യുഗാവസാനത്തിന്റെയും പ്രത്യക്ഷമായ അടയാളമായിരുന്നു രണ്ടാമത്തെ ദേവാലയത്തിന്റെ നാശം.
അതുകൊണ്ടാണു് യേശു പറഞ്ഞതു് —
ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.79
ഇതിലും വ്യക്തമായിട്ടു് എങ്ങനെയാണു് സമയം പറഞ്ഞുകൊടുക്കുക? ഒരു തലമുറ എന്നാൽ നാൽപ്പതു് വൎഷമാണു്. യേശു യെറുശലേമിന്റെ നാശം പ്രവചിച്ചിട്ടു് നാൽപ്പതു് വൎഷങ്ങൾ കഴിഞ്ഞപ്പോൾ — ക്രി.70ൽ — യെറുശലേമിലെ ദേവാലയം നശിപ്പിക്കപ്പെട്ടു.
റോമാക്കാരാണു് ആ ദേവാലയം തകൎത്തതു് എന്നു് ചരിത്രം പറയുന്നു. പക്ഷേ യേശുവിന്റെ ന്യായവിധിയാണു് ആ ആലയത്തിന്മേലും ആ ജനതയുടെ മേലും വന്നതു് എന്നു് മലാഖി പ്രവാചകൻ പറയുന്നു.
എനിക്കു മുമ്പായി വഴി നിരത്തേണ്ടതിനു ഞാൻ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും?80
യേശുവിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള പ്രവചനമാണിതു്. ആ “വരവു്” ന്യയവിധിയുടെ വരവാണു്. ആദ്യത്തെ വരവും രണ്ടാമത്തെ വരവും തമ്മിൽ അധിക കാലതാമസമില്ല. സ്വൎഗ്ഗാരോഹണവും രണ്ടാം വരവും തമ്മിൽ വെറും നാൽപ്പതു വൎഷത്തെ വ്യത്യാസം. അതുകൊണ്ടാണു് രണ്ടാം വരവിനു തനിക്കു “മുമ്പായി വഴി നിരത്തേണ്ടതിനു” ഒരു ദൂതനെ അയയ്‍ക്കുന്ന കാൎയ്യം പറഞ്ഞിരിക്കുന്നതു്. ആദ്യത്തെ വരവിനു വഴി ഒരുക്കിയ യോഹന്നാൻ സ്‍നാപകൻ ആദ്യത്തേതിനു മാത്രമല്ല രണ്ടാമത്തെ വരവിനും കൂടിയാണു് വഴി ഒരുക്കിയതു്.
ആദ്യം യേശു വന്നപ്പോൾ യഹൂദ്യ എന്ന വൃക്ഷത്തിനു ചുവട്ടിൽ ന്യായവിധിയുടെ കോടാലി വച്ചിട്ടു പോയി.81 നാൽപ്പതു വൎഷങ്ങൾക്കു ശേഷം അതു ഉപയോഗിച്ചു. ആദ്യം വന്നപ്പോൾ ആലയം ശുദ്ധീകരിക്കുന്നതു് വഴി വരുവാനുള്ള ന്യായവിധിയുടെ മുന്നറിയിപ്പു് നൽകി. രണ്ടാമതു് വന്നപ്പോൾ ആ ആലയം തകൎത്തുകളഞ്ഞു. യേശു പ്രവചിച്ച നാശം യേശു തന്നെ നിവൎത്തിച്ചു. യേശു നശിപ്പിച്ചതു് ആരും വീണ്ടും പണിതുയൎത്തിയ ചരിത്രമില്ല.
കൎത്താവായ യേശുക്രിസ്‍തു തങ്ങളുടെ ആയുഷ്‍കാലത്തിൽ തന്നെ മടങ്ങി വരും എന്നു ആദിമ സഭ വിശ്വസിച്ചിരുന്നു. ഉദാഹരണത്തിന്നായി ധാരാളം വാക്യങ്ങളുണ്ടെങ്കിലും രണ്ടു് വാക്യങ്ങൾ പരിശോധിക്കാം.
നിങ്ങളുടെ സൗമ്യത സകലമനുഷ്യരും അറിയട്ടെ;
കൎത്താവു
വരുവാൻ അടുത്തിരിക്കുന്നു.82
വി. പൗലൊസ് ഫിലിപ്പ്യർക്കു് എഴുതിയതാണിതു്. “കൎത്താവു വരുവാൻ അടുത്തിരിക്കുന്നു” എന്നു പറഞ്ഞാൽ അടുത്തിരിക്കുന്നു എന്നു തന്നെയാണു് അൎത്ഥം. അല്ലാതെ, “ഫിലിപ്പ്യരേ, കൎത്താവു വരുവാൻ അടുത്തിരിക്കുന്നു പക്ഷേ ഇനിയും രണ്ടായിരം വൎഷമെടുക്കും” എന്നല്ല പൗലൊസ് എഴുതിയതു്.
പലപ്പോഴും ഈ വാക്യങ്ങൾ വായിക്കുമ്പോൾ അവ ആര് എപ്പോൾ ആർക്കു് എഴുതി എന്നു് ചിന്തിക്കാതെ ഇന്നത്തെ തപാലിൽ നമുക്കു് വന്ന കത്തുകളായി നാം വായിക്കുന്നു. അപ്പൊസ്‍തലന്മാർ അവ ഇരുപത്തൊന്നാം നൂറ്റാണ്ടിലുള്ളവർക്കല്ല എഴുതിയതു് എന്നു നാം മനസ്സിലാക്കേണം. ഇതുപോലുള്ള വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന സമയത്തെ കുറിക്കുന്ന വാക്കുകൾ അക്ഷരീകമായി തന്നെ വ്യാഖ്യാനിക്കേണം.
ഇനി എത്രയും അല്പകാലം
കഴിഞ്ഞിട്ടു്
വരുവാനുള്ളവൻ വരും താമസിക്കയുമില്ല. 83
സമയത്തെ കുറിക്കുന്ന മൂന്നു പ്രയോഗങ്ങളാണു് ഈ വാക്യത്തിലുള്ളതു്.
ഒന്നാം നൂറ്റാണ്ടിൽ അറുപതുകളുടെ ആരംഭ വൎഷങ്ങളിൽ (ക്രി. 63ൽ അല്ലെങ്കിൽ 64ൽ) എബ്രായ ലേഖനം എഴുതപ്പെട്ടു.84 വരുവാനുള്ള കൎത്താവു് “എത്രയും അല്പകാലം കഴിഞ്ഞിട്ടു് ” താമസിക്കാതെ വരും എന്നു പറഞ്ഞാൽ രണ്ടായിരം വൎഷങ്ങൾ കഴിഞ്ഞു വരും എന്നല്ല അൎത്ഥം.
ക്രൈസ്‍തവർ ഈ വാക്യം വ്യാഖ്യാനിക്കുന്നതു് കേട്ടാൽ വാക്കുകൾക്കു് അൎത്ഥമുണ്ടോ എന്നു സാധാരണക്കാർ ചോദിച്ചു പോകും. അത്രയ്‍ക്കു് കാപട്യത്തോടെയാണു് നാം വചനത്തെ വളച്ചൊടിക്കുന്നതു്. എന്നിട്ടു് ഈ ക്രൈസ്‍തവർ — “നിങ്ങൾ വചനത്തിൽ എഴുതിയിരിക്കന്നതു് സ്വീകരിക്കുന്നില്ല” എന്നു പറഞ്ഞു് കത്തോലിക്കരെ കുറ്റം വിധിക്കുന്നു! മുകളിൽ ഉദ്ധരിച്ചിരുക്കുന്ന എബ്രായർ 10:37 അക്ഷരീകമായി നാം വ്യാഖ്യാനിക്കുന്നില്ലെങ്കിൽ വിഗ്രഹങ്ങളെ കുറിച്ചു വചനം പറയുന്നതു് കത്തോലിക്കർ എന്തിനു സ്വീകരിക്കേണം?
വചനത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളെക്കാൾ വലിയതാണു് വചനം. നാം ധരിച്ചുവച്ചിരിക്കുന്നതും വചനത്തിൽ എഴുതപ്പെട്ടതും തമ്മിൽ യോജിപ്പില്ലെങ്കിൽ നമ്മുടെ ധാരണകൾ പുനഃപരിശോധിക്കുവാൻ നാം തയ്യാറാകേണം.
യേശുവിന്റെ പ്രത്യക്ഷത തങ്ങളുടെ ആയുസ്സിൽ തന്നെ സംഭവിക്കും എന്നു് ആദിമ സഭ വിശ്വസിക്കുവാനുള്ള കാരണമെന്തു് ? ആ ചോദ്യത്തിനു ഒരുത്തരം മാത്രം — കൎത്താവായ യേശു തന്റെ അപ്പൊസ്‍തലന്മാരെ അപ്രകാരം പഠിപ്പിച്ചു.
മത്തായിയുടെ സുവിശേഷത്തിൽ പതിനാറാം അദ്ധ്യായം അവസാനിക്കുന്നതു് യേശുവിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള ഒരു പ്രവചനത്തോടെയാണു്. തന്റെ ശിഷ്യന്മാരുടെ ജീവകാലത്തു തന്നെ താൻ വരും എന്നു് യേശു തറപ്പിച്ചു പറഞ്ഞു.
മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്ത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.85
ഇതിലും വ്യക്തമായി യേശുവിന്റെ പ്രത്യക്ഷതയെ കുറിച്ചു് ആർക്കു് പറയാൻ സാധിക്കും?
തൊട്ടടുത്ത പതിനേഴാം അദ്ധ്യായത്തിൽ മറുരൂപ മലയിൽവച്ചു് യേശുവിന്റെ മഹത്വം തന്റെ മൂന്നു് ശിഷ്യന്മാർ കണ്ടു. അതുകൊണ്ടു് “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് ” എന്ന യേശുവിന്റെ പ്രവചനം മറുരൂപ മലയിൽ നിറവേറി എന്നു് പറഞ്ഞു തടിതപ്പുന്നവരാണു് സുവിശേഷ വിഹിതരിൽ ഭൂരിഭാഗവും.
മറുരൂപ മലയിൽ കയറുന്നതിനു മുമ്പ് യേശു സ്വൎഗ്ഗാരോഹണം ചെയ്‍തോ? ഇല്ല. പിന്നെ ആ മലയിൽ നടന്നതു് യേശുവിന്റെ രണ്ടാം വരവു് ആകുന്നതെങ്ങനെ? മറുരൂപ മലയിൽ ആരെങ്കിലും ദൈവത്തിന്റെ ദൂതന്മാരെ കണ്ടോ? ന്യായവിധി നടന്നോ? ആർക്കെങ്കിലും പ്രതിഫലം കിട്ടിയോ? ഇല്ല.
അന്ത്യകാല സംഭവങ്ങളെക്കുറിച്ചു് വേറെ ഏതു് വാക്യം നമുക്കു് മനസ്സിലായില്ലെങ്കിലും മത്തായി 16:27-28 മനസ്സിലാക്കിയാൽ നന്നു്. യേശു പറഞ്ഞതിനു വിപരീതമായി നിൽക്കുന്ന ഏതു് ഉപദേശവും സിദ്ധാന്തവും ഭോഷ്ക്കാണു് എന്നു് പറയാനുള്ള ധൈൎയ്യം നമുക്കുണ്ടാവേണം.
മത്തായി 10:23; 24:34 എന്നീ വേദഭാഗങ്ങൾ കൂടി ഇതിനോടു് ചേൎത്തു വായിക്കേണം. മത്തായി 24ൽ മൂന്ന് കാര്യങ്ങൾ യേശു പ്രവചിച്ചു:
ഇവയെല്ലാം ആ തലമുറയിൽ തന്നെ സംഭവിക്കും എന്നും പറഞ്ഞു.
ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.86
യേശു സത്യം സത്യമായി പറഞ്ഞതു വിശ്വസിക്കാത്തവർ ക്രിസ്‍ത്യാനികൾ എന്ന പേരിനു യോഗ്യരോ? യേശുവിനെ കള്ളനാക്കിയാലും സാരമില്ല, എന്റെ സംഘടന പഠിപ്പിക്കുന്നതാണു് ശരി എന്നു വിശ്വസിക്കുന്നവർ സുവിശേഷവേലയ്‍ക്കു് യോഗ്യരല്ല.
യേശുവിന്റെ സഭ തന്റെ വാക്കുകളെ മുഖവിലയ‍്ക്കെടുത്തില്ലെങ്കിൽ നിരീശ്വരവാദിയായ ബേട്ട്രണ്ട് റസ്സൽ പോലുള്ളവരുടെ പരിഹാസങ്ങൾക്കു് എങ്ങനെ മറുപടി കൊടുക്കും?
പരിഹാസിയായ ആ തത്വചിന്തകനു പറയാനുള്ളതു കേൾക്കൂ.
“സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന യേശുവിനെക്കുറിച്ചാണ് എനിക്ക് ആശങ്ക.
സുവിശേഷങ്ങളിൽ എഴുതിയിരിക്കുന്ന ചില കാര്യങ്ങൾ ജ്ഞാനവചനങ്ങളായി കാണുവാൻ
സാധിക്കുന്നില്ല.
“ഒരു കാര്യം നിശ്ചയമാണു്. അക്കാലത്ത് ജീവിച്ചിരുന്ന എല്ലാവരുടെയും
മരണത്തിനു മുമ്പു് തന്റെ രണ്ടാം വരവു് മഹത്വമുള്ള മേഘങ്ങളിൽ സംഭവിക്കുമെന്നു് യേശു
തീർച്ചയായും കരുതി. അതു് തെളിയിക്കുന്ന നിരവധി വാക്യങ്ങളുണ്ടു്. ഉദാഹരണത്തിനു്,
അദ്ദേഹം പറയുന്നു: ‘മനുഷ്യപുത്രൻ വരുവോളം നിങ്ങൾ ഇസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു
തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.’ അതിനു ശേഷം യേശു പറഞ്ഞു:
‘മനുഷ്യപുത്രൻ തൻ്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം. ആസ്വദിക്കാത്തവർ ചിലർ ഈ
നിൽക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.’
“അക്കാലത്തു്
ജീവിച്ചിരുന്ന ആളുകളുടെ ജീവിതകാലത്തു് തൻ്റെ രണ്ടാം വരവു് സംഭവിക്കുമെന്നു് യേശു
വിശ്വസിച്ചിരുന്നതായി വാക്യങ്ങൾ ബൈബിളിൽ ധാരാളമുണ്ടു്. അദ്ദേഹത്തിൻ്റെ മുൻകാല
അനുയായികളുടെ വിശ്വാസവും അതായിരുന്നു. ഈ വിശ്വാസമായിരുന്നു അദ്ദേഹത്തിൻ്റെ ധാർമ്മിക
ഉപദേശളുടെ അടിസ്ഥാനം. ‘നാളേക്കായി വിചാരപ്പെടരുത് ’ എന്നും സമാനമായ മറ്റു കാര്യങ്ങൾ
എന്നും യേശു എന്തുകൊണ്ടു് പറഞ്ഞു? തൻ്റെ രണ്ടാം വരവു് വളരെ വേഗം സംഭവിക്കുമെന്നു് യേശു
കരുതിയതുകൊണ്ടാണു്.
“രണ്ടാം വരവ് എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന്
വിശ്വസിച്ചിരുന്ന ചില ക്രിസ്ത്യാനികളെ എനിക്കറിയാം. രണ്ടാം വരവ് വളരെ
ആസന്നമാണെന്ന് പറഞ്ഞുകൊണ്ട് തന്റെ സഭയെ ഭയപ്പെടുത്തിയ ഒരു പാസ്റ്ററെയും എനിക്കറിയാം.
തന്റെ തോട്ടത്തിൽ അദ്ദേഹം മരങ്ങൾ നടുന്നത് കണ്ടപ്പോൾ ആളുകൾക്ക്
ആശ്വാസമായി!
“ക്രിസ്തുവിന്റെ രണ്ടാം വരവു് ഉടൻ സംഭവിക്കുമെന്നു് ആദിമ
ക്രിസ്ത്യാനികൾ ശരിക്കും വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസം നിമിത്തം അവർ തങ്ങളുടെ
തോട്ടങ്ങളിൽ മരങ്ങൾ നടുന്നതു് പോലുള്ള സാധാരണ പ്രവർത്തനങ്ങളിൽ നിന്നു്
വിട്ടുനിന്നു.
“അതുകൊണ്ടു്, രണ്ടാം വരവിനെ സംബന്ധിച്ചിടത്തോളം യേശു മറ്റു
ചിലരെപ്പോലെ അത്ര ജ്ഞാനിയായിരുന്നില്ല. തീർച്ചയായും അദ്ദേഹം ഒരു അദ്വിതീയ
ജ്ഞാനിയൊന്നുമായിരുന്നില്ല.”87
ഈ പരിഹാസിക്കു ഒരു നല്ല മറുപടി കൊടുക്കുവാൻ ഇന്നത്തെ ക്രിസ്‍ത്യാനികൾക്കു സാധിക്കുമോ?
“യേശു അതു പറഞ്ഞപ്പോൾ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞതു്” എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാം എന്നു് വിചാരിക്കേണ്ട. യേശു എന്തു പറഞ്ഞു എന്നും അതിന്റെ ലളിതമായ അൎത്ഥം എന്താണെന്നും ഏതൊരു വ്യക്തിക്കും ഗ്രഹിക്കാൻ സാധിക്കും. പൊതുജനത്തെ വിഢികളാക്കാൻ നാം ശ്രമിക്കരുതു്. ഒന്നുകിൽ യേശുവിന്റെ വാക്കിൽ വിശ്വാസം ഇല്ലെന്നു സമ്മതിക്കേണം. അല്ലെങ്കിൽ യേശു പറഞ്ഞതുപോലെ തന്നെ സംഭവിച്ചു എന്നു പറയാൻ സാധിക്കേണം.
വില: രൂ 999. തുടൎന്നു് വായിക്കും മുമ്പു് … ഈ പുസ്തകത്തിന്റെ വില പൂൎണ്ണമായോ ഭാഗീകമായോ – താങ്കളുടെ പ്രാപ്തിയനുസരിച്ചു് – അയച്ചു കൊടുക്കുക. പണം അയയ്‍ക്കുവാൻ താഴെ കാണുന്ന QR കോഡിന്മേൽ തൊടുക. പുസ്‍തകം വായിച്ചിട്ടു് ഈ വെബ് സൈറ്റിലേക്കുള്ള ലിങ്ക് ദയവായി മറ്റുള്ളവരുമായി പങ്കുവയ്‍ക്കുക.
BACK |
TOP |
INDEX |
HOME
ABOUT |
CONTACT |
SUPPORT |
SITE MAP |