👈🏾 ഉള്ളടക്കം

അദ്ധ്യായം 8

സാഹിത്യ ഘടന

ദ്യത്തിനും ഗദ്യത്തിനും വ്യക്തമായ ഘടനയുണ്ടു്.  നാം വായിക്കുന്ന വേദഭാഗത്തിന്റെ സാഹിത്യ പശ്ചാത്തലത്തിന്റെ ഭാഗമാണു്  പുസ്‍തകത്തിന്റെ അഥവാ പദ്യത്തിന്റെ ഘടന.  വേദഭാഗത്തിന്റെ ഘടനയും അൎത്ഥവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടു്.

ഓരോ പുസ്‍തകവും അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നതുകൊണ്ടു്  അവയുടെ ഘടന മനസ്സിലാക്കുവാൻ വളരെ എളുപ്പമാണു്  എന്നു്  ഒരുപക്ഷേ നാം ചിന്തിച്ചേക്കാം.  പക്ഷേ, പലപ്പോഴും അദ്ധ്യായങ്ങളും ഘടനയും തമ്മിൽ ഒരു ബന്ധവും ഇല്ല.  ആരുടെയോ സൗകര്യത്തിനുവേണ്ടി പുസ്‍തകങ്ങളെ അദ്ധ്യായങ്ങളായി തിരിച്ചു.  ഇപ്പോഴുള്ള അദ്ധ്യായങ്ങളെ അവഗണിച്ചുകൊണ്ടു്  നാം വചനം വായിക്കേണം.

അനേക പാസ്‍റ്റർമാരും വേദവിദ്യാൎത്ഥികളും ബൈബിളിലെ പുസ്‍തകങ്ങളുടെ ഘടനയെ കുറിച്ചു്  അറിയുവാൻ കുറുക്കുവഴികൾ തേടാറുണ്ടു്.  വ്യാഖ്യാന ഗ്രന്ഥങ്ങളോ വെബ്സൈറ്റുകളോ സന്ദർശിച്ചാൽ മറ്റുള്ളവർ എഴുതിയിരിക്കുന്നതു്  വായിക്കാം.  പക്ഷേ നാം തന്നെ വചനം വായിച്ചു്  ഈ കാൎയ്യങ്ങൾ മനസ്സിലാക്കുന്നതാണു്  ഉത്തമം.  സങ്കീൎത്തനത്തിൽ നിന്നു ശുശ്രൂഷിക്കുവാനും പരസഹായം തേടിയിട്ടു്  “ഈ സങ്കീൎത്തനത്തെ നമുക്കു്  നാലായിട്ടു്  മടക്കാം, എട്ടായിട്ടു്  ഒടിക്കാം” എന്നൊക്കെ പറയുന്നവരുണ്ടു്.  സ്വന്തമായി വായിച്ചു്  ബോധ്യപ്പെട്ടിട്ടു്  ഇങ്ങനെയോക്കെ പറഞ്ഞാൽ അതിലൊരു ആത്മാൎത്ഥതയുണ്ടു്.

8.1 പ്രാധാന ചിന്താധാര

നാം വചനം വായിക്കുമ്പോൾ ഇടയ്‍ക്കിടെ വായന നിറുത്തി നമ്മോടു തന്നെ ഈ ചോദ്യങ്ങൾ ചോദിക്കേണം. അവയുടെ ഉത്തരം നമ്മോടു്  തന്നെ പറയേണം.

വീണ്ടും പുറകിലേക്കു്  പോയി പുസ്‍തകത്തിന്റെ ആദിമുതൽ കൂട്ടി ചേൎത്തു്  വായിക്കേണം.  ഇടയ്‍ക്കിടെ ഈ ചോദ്യങ്ങൾ ചോദിക്കേണം.

അങ്ങനെ വായിച്ചു്  വരുമ്പോൾ ലേഖകന്റെ മുഖ്യ ചിന്താധാര തിരിച്ചറിയുവാൻ നമുക്കു്  സാധിക്കും.  താൻ പറഞ്ഞു വരുന്ന പ്രധാനപ്പെട്ട കാൎയ്യത്തിൽ നിന്നു അല്പം വ്യതിചലിച്ചു്  വേറെയൊരു കാൎയ്യം പറഞ്ഞാൽ അതും വായനക്കാർ തിരിച്ചറിയും.  വീണ്ടും പ്രധാന ചിന്താ ധാരയിലേക്കു്  ലേഖകൻ മടങ്ങിയെത്തും.  അങ്ങനെ നാം ഒരു പുസ്‍തകത്തിന്റെ ഘടന മനസ്സിൽ കുറിക്കും. 

പ്രാധാന ചിന്താധാരയുടെ രത്നചുരുക്കമായിരിക്കും പുസ്‍‍തകത്തിന്റെ സാരാംശം.  ഇടയ്‍ക്കിക്കിടെ വേറെ എന്തെല്ലാം ലേഖകൻ പറഞ്ഞു എന്നിരുന്നാലും അവ പ്രധാന ചിന്തയ്‍ക്കു്  അധീനമായിരിക്കും.

ഒരു പുസ്‍തകത്തിന്റെ പ്രധാന ചിന്താധാര എന്തെന്നു്  തിരിച്ചറിയുവാൻ നമുക്ക്  കഴിയണമെങ്കിൽ ആ പുസ്‍തകം ഒറ്റയിരിപ്പിൽ വായിക്കേണം.  നാം അതു്  ചെയ്യാത്തതു കൊണ്ടാണു്  പ്രധാന ചിന്തകൾ തിരിച്ചറിയാതെ പുസ്‍തകത്തിന്റെ ഓരോ അറ്റത്തുനിന്നും മൂലയിൽനിന്നും കിട്ടുന്ന ആശയങ്ങളിൽ കടിച്ചു്  തൂങ്ങുന്നതു്.  ഒരു പുസ്തകത്തിന്റെ ഘടന മനസ്സിലാക്കാതെ പോയാൽ ലേഖകന്റെ ദൃഷ്ടിയിൽ പ്രധാനമായിരുന്ന കാൎയ്യങ്ങളെ നാം കാണാതെ പോകും.  അതേ സമയം ലേഖകൻ ഒരു വശത്തുകൂടെ പരാമൎശിച്ചുപോയ താരതമ്യേന അപ്രധാനമായ കാൎയ്യങ്ങളെ നാം പെരുപ്പിച്ചു്  കാണുകയും ചെയ്യും.

 

ഏബ്രായർക്കു്  എഴുതപ്പെട്ട ലേഖനത്തിന്റെ പ്രധാന സന്ദേശം എന്താണെന്നു ബൈബിൾ വായിക്കുന്ന ഏതൊരു ക്രൈസ്‍തവ വിശ്വാസിയോടോ പാസ്റ്ററോടോ ചോദിച്ചു നോക്കൂ.  “പഴയ നിയമം നീക്കപ്പെട്ടു.  അതിന്റെ സ്ഥാനത്തു്  പുതിയ നിയമം വന്നു” അല്ലെങ്കിൽ “യേശുവാണു്  ശ്രേഷ്ഠ മഹാപുരോഹിതൻ” എന്നൊക്കെ അവർ പറയും.  ഇതിനെ കുറിച്ചെല്ലാം ഏബ്രായ ലേഖനം ധാരാളം കാൎയ്യങ്ങൾ പറയുന്നുണ്ടു്.  പക്ഷേ ആ ലേഖനത്തിന്റെ മുഖ്യ സന്ദേശം അവയൊന്നും അല്ല.

Hebrews
© Philip P Eapen

പാപം ചെയ്തു പിൻമാറ്റത്തിൽ കഴിയുന്ന ഒരു പഴയ സഭയെ മാനസാന്തരത്തിലേക്കും വിശ്വാസത്തിന്റെ സ്ഥിരമായ അവസ്ഥയിലേക്കും മടക്കി വരുത്തുവാൻ എഴുതപ്പെട്ടതാണു്  ഈ ലേഖനം.  ആ സഭയ്‍ക്കുള്ള മുന്നറിയിപ്പുകളും ആശ്വാസ വാക്കുകളും പ്രോത്സാഹനങ്ങളും ലേഖനത്തിൽ ഉടനീളം കാണാം.  ഒരു വശത്തു്  യേശുവിന്റെയും അവന്റെ പുതിയ നിയമത്തിന്റെയും ശ്രേഷ്ഠതയെ ലേഖകൻ വൎണ്ണിച്ചുകൊണ്ടു്  സഭയെ പ്രോത്സാഹിപ്പിക്കുന്നു.  വിശ്വാസ വീരന്മാരുടെ കഥകൾ വിവരിക്കുന്നു.  മറുവശത്തു്  വീണുപോയവരുടെ ഉദാഹരണങ്ങൾ നിരത്തി സഭയ്‍ക്കു മുന്നറിയിപ്പുകൾ നൽകുന്നു.

8.2 താക്കോൽ വാക്കുകൾ:
ആവൎത്തിക്കപ്പെടുന്ന ആശയങ്ങളും വാക്കുകളും

നാം പഠിക്കുന്ന പുസ്‍തകത്തിന്റെ ഘടനയും ചിന്താധാരയും നിരീക്ഷിക്കുന്നതിനോടൊപ്പം ആവൎത്തിക്കപ്പെടുന്ന ആശയങ്ങളും വാക്കുകളും നാം നിരീക്ഷിക്കേണം.  ഒരു വിഷയം പ്രധാനപെട്ടതാണെന്നു്  കേൾവിക്കാൎക്കു മനസ്സിലാക്കുവാനാണു്  ആവൎത്തനം എന്ന ഉപാധി ലേഖകർ പണ്ടു്  ഉപയോഗിച്ചു വന്നതു്.  ആവൎത്തനത്തിലൂടെ ലേഖകർ ഊന്നൽ നൽകിയ സംഗതികളെ നാം ശ്രദ്ധിക്കേണം. 

ഏറ്റവും കൂടുതൽ ആവൎത്തിക്കപ്പെടുന്ന വാക്കുകൾ (ആശയങ്ങൾ) കണ്ടുപിടിച്ചാൽ പുസ്‍തകത്തിന്റെ പ്രാധാന സന്ദേശം ആ വാക്കുകളിൽ നിന്നു തന്നെ നാം കണ്ടെത്തും.

ഉദാഹരണത്തിന്നു, പൗലൊസു്  ഫിലിപ്പ്യർക്കെഴുതിയ ലേഖനത്തിന്റെ രത്നച്ചുരുക്കം എന്താണു് ?  ആ ലേഖനത്തിൽ ഏറ്റവും കൂടുതൽ തവണ കാണുന്ന വാക്കുകൾ എതെല്ലാം എന്നു കണ്ടുപിടിക്കേണം. ആവൎത്തിക്കപ്പെടുന്ന വാക്കുകൾ അടയാളപ്പെടുത്തൂ.

വേദപുസ്‍തകത്തിൽ അടിവരയിട്ടു്  താളുകൾ വികൃതമാക്കരുതു്.  ലേഖനത്തിന്റെ ഒരു പകൎപ്പു്  പ്രിന്റു ചെയ്തു ഉപയോഗിക്കുക. അല്ലെങ്കിൽ കമ്പ്യൂട്ടറിൽ തന്നെ അടിവരയിട്ടോ നിറങ്ങൾ ഉപയോഗിച്ചോ ആവൎത്തിക്കപ്പെടുന്ന വാക്കുകളെ അടയാളപ്പെടുത്തുക. ഒരു ലേഖനമായ സ്ഥിതിക്കു്  ലേഖനകൎത്താവിനെയും സ്വീകൎത്താവിനെയും കുറിക്കുന്ന വാക്കുകൾ നിശ്ചയമായും അടയാളപ്പെടുത്തേണം. പിതാവായ ദൈവത്തെയും, പുത്രനെയും, പരിശുദ്ധാത്മാവിനെയും കുറിക്കുന്ന വാക്കുകളും അടയാളപ്പെടുത്തുക.

ഇതു്  ശരിയായി ചെയ്‍താൽ ഏറ്റവും കൂടുതൽ തവണ ആവൎത്തിക്കപ്പെടുന്ന രണ്ടു്  വാക്കുകളുണ്ടെന്നു്  നാം കാണും—(1) യേശു (ക്രിസ്‍തു, കൎത്താവു്  എന്നിവയും ഉൾപ്പെടുത്തി);  (2) സന്തോഷിക്കുക (ആനന്ദിക്കുക).  ഇതിൽനിന്നു പുസ്‍തകത്തിന്റെ സന്ദേശം അറിയുവാൻ എത്രയോ എളുപ്പം. “കൎത്താവിൽ സന്തോഷിപ്പിൻ”!  “സന്തോഷിപ്പിൻ” എന്നല്ല സന്ദേശം.  അങ്ങനെയായിരുന്നെങ്കിൽ ഏതെല്ലാം രീതിയിൽ സന്തോഷിക്കാമായിരുന്നു.  ഏതെല്ലാം കാൎയ്യങ്ങളെ ഓൎത്തു് സന്തോഷിക്കാമായിരുന്നു.  “കൎത്താവിൽ സന്തോഷിപ്പിൻ”!  വേറെ ഏതെല്ലാം നേട്ടങ്ങളിൽ സന്തോഷിക്കുവാൻ വകയുണ്ടെങ്കിലും ഒരു ക്രിസ്‍ത്യാനി യേശുവിൽ ആനന്ദിക്കേണം.  യേശുവിനെ ഓൎത്തു് ആനന്ദിക്കേണം.  ഇനി അഥവാ ലോകപ്രകാരം സന്തോഷിക്കുവാൻ ഒരു വകയില്ലെങ്കിലും, പൗലൊസിനെ പോലെ കാരാഗ്രഹത്തിൽ ഇരിക്കേണ്ടിവന്നാലും നമുക്കു്  കൎത്താവിൽ സന്തോഷിക്കുവാൻ വകയുണ്ടു്.  റോമൻ കാരാഗ്രഹത്തിൽ ഇരുന്നാണു്  അപ്പൊസ്‍തലൻ ആ ലേഖനം എഴുതിയതു്.

 

ഈ രീതിയിലുള്ള പഠനം നിമിത്തം സഭയ്‍ക്കു്  ഉണ്ടാകേണ്ട ഒരു വലിയ നേട്ടം ഇതാണു് —വചനത്തിലെ ഏറ്റവും പ്രധാന വിഷയങ്ങളെ നാം കണ്ടുതുടങ്ങും.  വേദപുസ്‍തകം ഏതു്  കാൎയ്യങ്ങൾക്കു്  ഊന്നൽ നൽകുന്നുവോ അവയ്‍ക്കു്  നാമും ഊന്നൽ നൽകും.  വേദപുസ്‍തകം ഏതെല്ലാം കാൎയ്യങ്ങളെ പാൎശ്വവത്ക്കരിക്കുന്നുവോ അവയെ നാമും അപ്രകാരം കാണും.  താരതമ്യേന പ്രാധാന്യം കുറവുള്ള വിഷയങ്ങൾ ചർച്ച ചെയ്യുവാനും അവയെ ചൊല്ലി തല്ലിപിരിയാനും നാം മുതിരുകയില്ല.

വേദപുസ്‍തകം ഊന്നിപറയുന്ന കാൎയ്യങ്ങൾക്കു്  നാം പ്രാധാന്യം നൽകേണം. വേദപുസ്‍തകം അപ്രധാനമെന്നു കരുതുന്ന കാൎയ്യങ്ങളെ നാം ഊതി വീൎപ്പിക്കരുതു്.

മത്തായി എഴുതിയ സുവിശേഷത്തിൽ യേശു സൗഖ്യമാക്കിയവരുടെ വിശ്വാസത്തെ കുറിച്ചു്  ആവൎത്തിച്ചു പറഞ്ഞിരിക്കുന്നു. 

ഇനിയും വളരെ കാൎയ്യങ്ങൾ വിശ്വാസത്തെ കുറിച്ചു്  മത്തായി രേഖപ്പെടുത്തിയിട്ടുണ്ടു്.  ഇതിൽ നിന്നു്  നാം എന്തു മനസ്സാലാക്കേണം? യേശു നമ്മുടെ വിശ്വാസത്തെ വിലമതിക്കുന്നു. യേശുവിൽ വിശ്വസിക്കാതെ അവനിൽനിന്നു് ഒരു നന്മയും നാം പ്രാപിക്കില്ല. തന്റെ വായനക്കാരുടെ ഹൃദയത്തിൽ ഈ കാൎയ്യം നന്നായി പതിയേണം എന്നു്  മത്തായി ആഗ്രഹിച്ചു.

ഒരു പുസ്‍തകത്തിന്റെ അറ്റവും മൂലയും വായിച്ചാൽ ഇതുവല്ലതും മനസ്സിലാകുമോ? പുസ്‍തകം മുഴുവനായി പല തവണ വായിക്കേണം, പഠിക്കേണം.

8.3 ഘടന വെളിപ്പെടുത്തുന്ന ചിത്രം:
വാചകങ്ങളും വാക്യകങ്ങളും

ഏതൊരു പുസ്‍തകത്തിന്റെയും പ്രധാന ചിന്താധാര തിരിച്ചറിയുവാൻ അതിലെ വാചകങ്ങളെ പ്രധാന വാക്യകങ്ങളായും ആശ്രിത വാക്യകങ്ങളായി തിരിച്ചു്  എഴുതാം.  ഇപ്രകാരം ചെയ്യുവാൻ നല്ല പരിഭാഷ അനിവാൎയ്യമാണു്.  ഉദാഹരണത്തിന്നു്,  എഫേസ്യര്‍ക്കു്  പൗലൊസ്  എഴുതിയ ലേഖനത്തിന്റെ ഒന്നാം അദ്ധായം ശ്രദ്ധയോടെ വായിക്കുക.

ദൈവേഷ്ടത്താൽ ക്രിസ്‍തു യേശുവിന്റെ അപ്പൊസ്‍തലനായ പൌലൊസ്  [എഫെസോസിൽ ഉള്ള] വിശുദ്ധന്മാരും ക്രിസ്‍തു യേശുവിൽ വിശ്വാസികളുമായവൎക്കു എഴുതുന്നതു: 2നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കൎത്താവായ യേശു ക്രിസ്‍തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.  3സ്വൎഗ്ഗത്തിലെ സകല ആത്മീകാനുഗ്രഹത്താലും നമ്മെ ക്രിസ്‍തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കൎത്താവായ യേശു ക്രിസ്‍തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.  4നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോക സ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും 5തിരുഹിതത്തിന്റെ പ്രസാദ പ്രകാരം യേശു ക്രിസ്‍തു മുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു 6അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാ മഹത്വത്തിന്റെ പുകഴ്ചെക്കായി സ്‍നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.  7അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.  8അതു്  അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധന പ്രകാരം സകല ജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു.  9അവനിൽ താൻ മുന്നിൎണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മൎമ്മം അവൻ നമ്മോടു അറിയിച്ചു.  10അതു്  സ്വൎഗ്ഗത്തിലും ഭൂമിയിലും ഉള്ളതു എല്ലാം പിന്നെയും ക്രിസ്‍തുവിൽ ഒന്നായിച്ചേൎക്ക എന്നിങ്ങനെ കാല സമ്പൂൎണ്ണതയിലെ വ്യവസ്ഥെക്കായി കൊണ്ടു തന്നേ.  11അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചന പോലെ സകലവും പ്രവൎത്തിക്കുന്നവന്റെ 12നിൎണ്ണയ പ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽ കൂട്ടി ക്രിസ്‍തുവിൽ ആശ വെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.  13അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെ കുറിച്ചുള്ള സുവിശേഷം എന്ന സത്യ വചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, 14തന്റെ സ്വന്ത ജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്ര ഇട്ടിരിക്കുന്നു.  15അതു നിമിത്തം ഞാനും നിങ്ങൾക്കു കൎത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടും ഉള്ള സ്‍നേഹത്തെയും കുറിച്ചു കേട്ടിട്ടു, 16നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്‍തോത്രം ചെയ്തു എന്റെ പ്രാൎത്ഥനയിൽ നിങ്ങളെ ഓൎത്തും കൊണ്ടു 17നമ്മുടെ കൎത്താവായ യേശു ക്രിസ്‍തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെ കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയ ദൃഷ്ടി പ്രകാശിപ്പിച്ചിട്ടു 18അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും 19അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കു വേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാൎത്ഥിക്കുന്നു.  20അങ്ങനെ അവൻ ക്രിസ്‍തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎപ്പിക്കയും സ്വൎഗ്ഗത്തിൽ തന്റെ വലത്തു ഭാഗത്തു 21എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കൎത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും 22സൎവ്വവും അവന്റെ കാൽക്കീഴാക്കി വെച്ചു അവനെ സൎവ്വത്തിന്നും മീതെ തലയാക്കി 23എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.

ഒരു ഖണ്ഡികയായി മുകളിൽ കൊടുത്തിരിക്കുന്ന വേദഭാഗം പലവട്ടം വായിച്ചാലും മിക്ക വിശ്വാസികൾക്കും ഒരെത്തും പിടിയും കിട്ടില്ല.  വളരെ നീളം കൂടിയ വാചകങ്ങളാണു്.  ഒരു വാചകം വായിച്ചു്  തീരുമുമ്പേ ആ വാചകത്തിന്റെ പ്രാരംഭത്തിൽ എന്താണു്  പറഞ്ഞിരിക്കുന്നതു്  എന്നു്  നാം മറന്നു പോകും.  പ്രസംഗിക്കുന്നവരും തങ്ങൾക്കു്  ഇഷ്ടപ്പെട്ട വാക്യശകലം എടുത്തു്  വിശദീകരിക്കാറുണ്ടു്.  പക്ഷേ ലേഖകൻ ഇവിടെ എന്താണു്  യഥാൎത്ഥത്തിൽ പറയുന്നതു്  എന്നു്  ആൎക്കും മനസ്സിലാകുന്നില്ല എന്നതാണു്  സത്യം.  ചിലർ പറയും, ഇതു്  ദൈവം നൽകുന്ന രക്ഷയെകുറിച്ചും അനുഗ്രഹങ്ങളെ കുറിച്ചുമുള്ള അദ്ധ്യായമാണു്  എന്നു്.  മറ്റു ചിലൎക്കു്  ഇതു്  ദൈവത്തിന്റെ മുൻനിൎണ്ണയത്തെ കുറിച്ചുള്ള വേദഭാഗമാണു്.  മുൻനിയമിക്കപ്പെട്ടവരെ ദൈവം വിളിച്ചു, ആ വിളിക്കപ്പെട്ടവരെ ദൈവം രക്ഷിച്ചു, എന്നിത്യാദി.

ഇതേ അദ്ധ്യായം കുറച്ചുകൂടി ഭേദപ്പെട്ട രീതിയിൽ തൎജ്ജുമ ചെയ്തു്  ഓരോ വാക്യങ്ങളെയും അതിന്റെ വാക്യകങ്ങളായി തിരിച്ചെഴുതിയാൽ ഈ അദ്ധ്യായത്തിന്റെ ഘടനയും അൎതഥവും വളരെ എളുപ്പം മനസ്സിലാക്കാം.  ഏറ്റവും പ്രധാനപ്പെട്ട വാക്യകങ്ങൾ ഇടതു വശത്തും അവയുടെ ആശ്രിത വാക്യകങ്ങൾ വലത്തോട്ടു്  മാറ്റിയും കൊടുക്കാം.  ഏറ്റവും പ്രധാനപ്പെട്ട സന്ദേശം ഒറ്റ നോട്ടത്തിൽ മനസ്സിലാക്കുവാൻ, ഇടതു വശത്തു്  വലിയ അക്ഷരത്തിൽ കൊടുത്തിരിക്കുന്ന വാക്കുകൾ ശ്രദ്ധിക്കുക.

ഈ ചിത്രം വലുതായി കാണുവാൻ ഫോണ്‍ ചെരിച്ചു്  പിടിക്കുക.  എന്നിട്ടു്,  ചിത്രത്തിന്മേൽ തൊടുക.  ഒരു വലിയ സ്‍ക്രീനിൽ ഇതു്  വീക്ഷിക്കുന്നതാണു്  ഏറ്റവും ഉത്തമം.

sentence diagram
ഈ ചിത്രം പ്രിന്റു ചെയ്യുവാൻ ഡൗണ്‍ലോഡ‍് ചെയ്യുക

 

ഉദാഹരണത്തിന്നു്  ഒന്നും രണ്ടും വാക്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാൎയ്യങ്ങൾ ഇവയാണു്  —

ഇവിടെ ഏറ്റവും പ്രധാനപ്പെട്ട വിവരം പൗലൊസ്  അപ്പൊസ്‍തലനാണെന്നോ അദ്ദേഹം ദൈവേഷ്ടത്താൽ അപ്പൊസ്‍തലനായി എന്നതോ അല്ല.  പൗലൊസാണു്  ലേഖന കൎത്താവു്.  അദ്ദേഹം എഫെസോസിൽ ഉള്ള വിശുദ്ധന്മാൎക്കു്  ഒരു കത്തെഴുതി.  അതാണു്  ഇവിടെ പ്രധാനപ്പെട്ട വിവരം.  എഫെസോസിൽ ഉള്ളവരെ വന്ദനം ചൊല്ലിയപ്പോൾ യഹൂദ രീതിയിൽ “ശാലോം” (സമാധാനം) എന്നു്  വന്ദനം ചെയ്‍തു.  പക്ഷേ ആ വന്ദനത്തെ ക്രൈസ്‍തവവൽക്കരിച്ചു്  സമാധാനത്തോടൊപ്പം കൃപയും കൂട്ടി ചേൎത്തു.  ആ കൃപയും സമാധാനവും ക്രൈസ്‍തവമാകാൻ കാരണമെന്തു് ?  അവ പിതാവായ ദൈവത്തിൽ നിന്നും മ്ശിഹാ ആയ യേശു കൎത്താവിൽ നിന്നുമുള്ളവയാണു്.  ഒരു യഹൂദനും അപ്രകാരമൊരു വന്ദനം ചൊല്ലുകയില്ല.  ഒരു യഹൂദ റബ്ബിയായിരുന്ന പൗലൊസ്  തന്നിൽ വന്ന അടിസ്ഥാനപരമായ മാറ്റത്തെ ഏറ്റവും ചെറിയ കാൎയ്യങ്ങളിലൂടെയും പരസ്യമായി വെളിപ്പെടുത്തുവാൻ ശ്രദ്ധ കാട്ടി എന്നു്  നാം മനസ്സിലാക്കേണം.  കൂടാതെ, ഈ ചെറിയ വന്ദനത്തിൽ മുന്നു്  പ്രാവശ്യം യേശുവാണു്  മ്ശിഹാ എന്നു്  പൗലൊസ്  പറഞ്ഞിരിക്കുന്നു! സുവിശേഷത്തിന്റെ കേന്ദ്രമായ ആ ഉപദേശം ഉച്ഛൈസ്ഥരം ഘോഷിക്കുവാനുള്ള പൗലൊസിന്റെ സമൎപ്പണമാണു്  നാം ഇവിടെ കാണുന്നതു്.

ഈ ആമുഖുത്തിനു ശേഷം മൂന്നാം വാക്യത്തിൽ പൗലൊസിന്റെ തൂലികയിൽ നിന്നു ആരാധന പൊട്ടി പുറപ്പെടുകയാണു്.  മൂന്നു്  മുതൽ പന്ത്രണ്ടുവരെയുള്ള വാക്യങ്ങളിൽ താൻ എന്തുകൊണ്ടു്  ദൈവത്തെ ആരാധിക്കുന്നു എന്നു്  പൗലൊസ്  വ്യക്തമാക്കുന്നു.  പിന്നീടു്  പതിനഞ്ച്  മുതൽ പതിനേഴു്  വരെയുള്ള വാക്യങ്ങളിൽ പൗലൊസ്  എഫേസ്യരെ ഓൎത്തു്  ദൈവത്തെ സ്‍തുതിക്കുന്നു.  അതിനുള്ള കാരണങ്ങളും അവിടെ കൊടുത്തിട്ടുണ്ടു്.  പതിനെട്ടു്  മുതൽ ഇരുപത്തിയൊന്നു്  വരെയുള്ള വാക്യങ്ങളിൽ പൗലൊസ്  അവൎക്കു വേണ്ടി പ്രാൎത്ഥിക്കുന്നു.  ഈ അദ്ധ്യായത്തിൽ പൗലൊസിന്റെ പ്രാരംഭ വന്ദനത്തിനു ശേഷം ആരാധന, സ്‍തുതി, പ്രാൎതഥന എന്നിവയാണു്  നാം കാണുന്നതു്.  പൗലൊസിന്റെ ശുശ്രൂഷയുടെ വിജയവും ഇവ തന്നെ.  ഈ അദ്ധ്യായം കൂടുതൽ ഞാൻ ഇവിടെ വിവരിക്കുവാൻ ഉദ്ദേശിക്കുന്നില്ല.  ഇതുപോലുള്ള വാക്യ-വാക്യകങ്ങളുടെ ചിത്രം തയ്യാറാക്കിയാൽ വേദഭാഗങ്ങളുടെ ഘടനയും അൎത്ഥവും താനെ വെളിവായി വരുന്നതു്  കാണുവാൻ സാധിക്കും.

8.4 ഘടനയും അൎത്ഥവും

നാം പഠിക്കുന്ന പുസ്‍തകത്തിന്റെ ഘടനയും ചിന്താധാരയും നിരീക്ഷിക്കേണം എന്നു്  നാം പഠിച്ചു.  വചനത്തിന്റെ ഘടനയിൽ നിന്നു്  വേദഭാഗത്തിന്റെ അൎത്ഥം മനസ്സിലാക്കുവാനും സാധിക്കും.

സങ്കീൎത്തനങ്ങളിലും മറ്റു്  പുസ്‍തകങ്ങളിലും ഒരിക്കൽ പറ‍ഞ്ഞ കാൎയ്യം ആവൎത്തിച്ചു്  പറയുന്നതായി കാണാം.  അപ്രകാരം ആവൎത്തിക്കപ്പെടുന്ന കാൎയ്യങ്ങൾ വളരെ പ്രധാനപ്പെട്ടവയാണു്.  ഉദാഹരണത്തിന്നു്  എഴുപത്തിമൂന്നാം സങ്കീൎത്തനത്തിന്റെ ഒന്നാം വാക്യം ശ്രദ്ധിക്കുക.

ദൈവം യിസ്രായേലിന്നു,
നിൎമ്മല ഹൃദയമുള്ളവർക്കു്  തന്നേ,
നല്ലവൻ ആകുന്നു്  നിശ്ചയം.

ഒരേ കാൎയ്യം രണ്ടു്  പ്രാവശ്യം പറയുക എന്നതു്  ഏബ്രായ കവിതകളുടെ ഒരു പ്രത്യേകതയാണു്.  ഇതൊരു സമാന്തരതയായി (parallelism) കണക്കാക്കാം. 

ആദ്യം പറഞ്ഞതു്  അതേ പടി ആവര്‍ത്തിക്കുന്നതിനു്  പകരം അല്പം കൂടി വിവരങ്ങൾ നൽകിയായിരിക്കും രണ്ടാമതു്  ആവര്‍ത്തിക്കുക.  രണ്ടു്  വ്യത്യസ്ത കാൎയ്യങ്ങളാണോ കവി പറയുന്നതു്  എന്നു്  ഒരു പക്ഷേ നമുക്കു്  തോന്നാം.  പക്ഷേ ഒരേ കാൎയ്യമാണു്  പ്രതിപാതിക്കപ്പെടുന്നതു്.  ഈ വസ്‍തുത മനസ്സിലാക്കാതെയാണു്  പലരും ഇപ്രകാരം പ്രസംഗിക്കുന്നതു്  — “ദൈവം യിസ്രായേലിന്നു്  നല്ലവൻ ആകുന്നു.  പക്ഷേ യിസ്രായേലിലെ എല്ലാവൎക്കും അവൻ നല്ലവനല്ല.  യിസ്രായേലിൽ നിൎമ്മല ഹൃദയമുള്ളവൎക്കാണു്  ദൈവം നല്ലവൻ.  സഭയ്‍ക്കകത്തു്  ദൈവജനത്തിനിടയിൽ ദൈവത്തിനൊരു ശേഷിപ്പുണ്ടു്.” എന്നാൽ ആസാഫ്  അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല ഇതു്  എഴുതിയതു്.  യിസ്രായേലും നിൎമ്മല ഹൃദയമുള്ളവരും രണ്ടു്  വ്യത്യസ്ത കൂട്ടങ്ങളല്ല.  ദൈവത്തിന്റെ യിസ്രായേലിൽ എല്ലാവരും നിൎമ്മല ഹൃദയമുള്ളവരാണു്  എന്നാണു്  നാം മനസ്സിലാക്കേണ്ടതു്.

ഏബ്രായ പദ്യങ്ങളിൽ പ്രാസം (ശബ്ദത്തിന്റെ ആവൎത്തനം) അല്ല പ്രധാനം; ആശയങ്ങളുടെ ആവൎത്തനമാണു്  പ്രധാനം.  സങ്കീൎത്തനം 31:20 സമാന്തരതയുടെ മറ്റൊരു ഉദാഹരണമാണു്.  ഒരേ കാൎയ്യം രണ്ടു്  തവണ പറഞ്ഞിരിക്കുന്നു.

നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടിൽനിന്നു വിടുവിച്ചു
നിന്റെ സാന്നിധ്യത്തിന്റെ മറവിൽ മറെക്കും.

നീ അവരെ നാവുകളുടെ വക്കാണത്തിൽനിന്നു രക്ഷിച്ചു
ഒരു കൂടാരത്തിന്നകത്തു ഒളിപ്പിക്കും.

മനുഷ്യരുടെ കൂട്ടുകെട്ടിൽ നിന്നും ദൈവം തന്റെ ഭക്തരെ രക്ഷിക്കും.  മനുഷ്യരുടെ കൂട്ടുകെട്ട്  എന്തു്  ഉപദ്രവമാണു്  വരുത്തുന്നതു് ?  അടുത്ത വരിയിൽ അതേ ആശയം ആവൎത്തിക്കപ്പെടുമ്പോൾ അതിനുള്ള ഉത്തരം കാണാം.  മനുഷ്യർ കൂട്ടുകൂടി ഭക്തൎക്കെതിരെ തങ്ങളുടെ നാവുകൊണ്ടു്  ദുഷ്‍പ്രചരണം നടത്തും.  അതിൽ നിന്നാണു്  ദൈവം ഭക്തരെ വിടുവിച്ചു്  തന്റെ കൂടാരത്തിനകത്തു്  ദൈവ സാന്നിധ്യത്തിൽ ഒളിപ്പിക്കുന്നതു്.

 

വിവിധ തരത്തിലുള്ള സമാന്തരതകൾ ഉണ്ടു്.  ഉദാഹരണത്തിനായി മത്തായി 7:6 വായിക്കുക.

വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു;

നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു;

അവ കാൽകൊണ്ടു അവയെ ചവിട്ടുകയും

തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയാൻ ഇടവരരുതു.

സാധാരണ സമാന്തരതയാണു്  ഈ വാക്യത്തിൽ നാം കാണുന്നതെങ്കിൽ ആശയ കുഴപ്പം ഉളവാകാൻ സാധ്യതയുണ്ടു്.  ആദ്യം നായ്‍ക്കളുടെ കാൎയ്യം പറഞ്ഞിരിക്കുന്നു.  പിന്നീടു്  പന്നികളെ കുറിച്ചും നാം വായിക്കുന്നു.  നായ്‍ക്കൾ വിശുദ്ധമായതിനെ കാൽകൊണ്ടു്  ചവിട്ടി കളയുമോ?  പന്നികൾ മുത്തുകളെ അവഗണിച്ചിട്ടു്  നമ്മുടെ നേരെ വന്നു്  നമ്മെ ചിന്തിക്കളയുമോ?  പന്നിക്കു തേറ്റയുണ്ടെങ്കിൽ ചിന്തിക്കളയുവാൻ ശ്രമിക്കുമായിരിക്കും.  പക്ഷേ നായ്‍ക്കൾ ഒരിക്കലും കാൽകൊണ്ടു്  ഒന്നും ചവിട്ടി കളയാറില്ല.  ഈ വാക്യത്തെ വേറൊരു രീതിയിൽ കാണാം.

A വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു;

B നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു;
B’ അവ കാൽകൊണ്ടു അവയെ ചവിട്ടുകയും

A’ തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയാൻ ഇടവരരുതു.

ഇപ്പോൾ ഈ വാക്യത്തിന്റെ അൎത്ഥം വ്യക്തമാണു്.  പന്നികൾ കാൽകൊണ്ട്  മുത്തുകളെ ചവിട്ടി കളയും.  നായ്‍ക്കൾ തിരിഞ്ഞു നമ്മെ ചീന്തിക്കളയാൻ സാധ്യതയുണ്ടു്.  ഇതുപോലുള്ള സമാന്തരതയെ A B B’ A’ എന്നു വിളിക്കാം.

അതുപോലെ വേറെയും സമാന്തരതകളുണ്ടു്.

    A 
        B 
            C 
    A' 
        B' 
            C'
    
    A 
        B 
            C 
            C' 
        B' 
    A'
    

എന്നിങ്ങനെ പല തരത്തിലുള്ള സമാന്തരതകളുണ്ടു്.  സൂക്ഷമമായ നിരീക്ഷണത്തിലൂടെ അവയെ തിരിച്ചറിയുവാൻ സാധിക്കും.

സങ്കീൎത്തനം 15:1-3 ശ്രദ്ധിച്ചാലും. A A’ B B’ C C’ സമാന്തരത കാണാം.

    A 
    A' 

    B 
    B' 

    C 
    C'

യഹോവേ,
A നിന്റെ കൂടാരത്തിൽ ആർ പാൎക്കും?
A’ നിന്റെ വിശുദ്ധപൎവ്വതത്തിൽ ആർ വസിക്കും?

B നിഷ്കളങ്കനായി നടക്കുന്നവൻ
B’ നീതി പ്രവൎത്തിക്കുന്നവൻ

C ഹൃദയപൂൎവ്വം സത്യം സംസാരിക്കുന്നവൻ
C’ നാവുകൊണ്ടു കുരള പറയാത്തവൻ

D കൂട്ടുകാരനോടു ദോഷം ചെയ്യാത്തവൻ
D’ കൂട്ടുകാരന്നു അപമാനം വരുത്താത്തവൻ

 

ഗദ്യം വായിക്കുമ്പോഴും ആവൎത്തിക്കപ്പെടുന്ന വാക്കുകളും ആശയങ്ങളും നാം ശ്രദ്ധിക്കേണം.  ബൈബിൾ എഴുതപ്പെട്ട കാലയളവിൽ കൂടുതൽ ആളുകളും വചനം കേട്ടാണു്  മനസ്സിലാക്കിയിരുന്നതു്.  ഓരോരുത്തൎക്കും വീട്ടിൽ കൊണ്ടുപോയി വായിക്കുവാൻ സ്വന്ത പ്രതികൾ ഇല്ലായിരുന്നു.  മറ്റൊരാൾ വായിക്കുമ്പോൾ ശ്രദ്ധയോടെ കേട്ടിരുന്നവ‍‍ർ കഥയുടെ ഒഴുക്കനുസരിച്ചു്  പുസ്‍തകത്തിന്റെ ഘടന മനസ്സിലാക്കി.  ചിലപ്പോള്‍, പുസ്‍തകത്തിന്റെ ഘടനയുടെ സഹായത്തോടെയാണു്  അവർ ഒരു ഭാഗം അവസാനിച്ചു എന്നും മറ്റൊരു ഭാഗം തുടങ്ങിയെന്നും മനസ്സിലാക്കിയിരുന്നതു്.

ഉദാഹരണത്തിന്നു്  മത്തായി 4:23 ശ്രദ്ധിക്കുക.

പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചു കൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകല ദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.

മത്തായി 9:35ൽ അതു്  ആവര്‍ത്തിച്ചിരിക്കുന്നു!

യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു്  അവരുടെ പള്ളികളിൽ ഉപദേശിച്ചു്  രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധ ദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു.

ഒരോ ദിവസവും ഒരദ്ധ്യായം വച്ചു്  വായിക്കുന്നവർ ഇതൊന്നും കാണുകയില്ല.  പക്ഷേ, ഒരേ ഇരുപ്പിലിരുന്നു്  വചനം കേൾക്കുന്നവരും വായിക്കുന്നവരും ഈ കാൎയ്യങ്ങൾ മനസ്സിലാക്കാൻ സാധ്യതകളേറെ.  ഒരുപോലിരിക്കുന്ന ഈ രണ്ടു്  വാക്യങ്ങൾ ഒരു ഭാഗത്തിന്റെ രണ്ടു്  അതിരുകളാണു്.  ഈ അതിരുകൾക്കുള്ളിൽ ഉള്ള വേദഭാഗത്തു്  നാം എന്തു്  കാണുന്നു്  എന്നാണു്  ഈ വാക്യങ്ങൾ വെളിപ്പെടുത്തുന്നതു്.  ഒന്ന്,  യേശു പഠിപ്പിച്ചു.  രണ്ട്,  യേശു സൗഖ്യമാക്കി.  മത്തായി അഞ്ച്,  ആറ്,  ഏഴു്  അദ്ധ്യായങ്ങളിൽ യേശുവിന്റെ മഹത്തായ ഗിരിപ്രഭാഷണം നാം കാണുന്നു.  മത്തായി എട്ട്,  ഒമ്പതു്  അദ്ധ്യായങ്ങളിൽ യേശു രോഗികളെ സൗഖ്യമാക്കിയതിനെ കുറിച്ചും നാം വായിക്കുന്നു.  ഈ വേദഭാഗത്തിന്റെ അതിരുകൾ അടയാളപ്പെടുത്തുവാനും അതിന്റെ രത്ന ചുരുക്കം നമുക്കു്  പറഞ്ഞു തരുവാനുമായി മത്തായി 4:23ഉം മത്തായി 9:35ഉം നിലകൊള്ളുന്നു.  ഇതുപോലെ അഞ്ചു്  ഭാഗങ്ങൾ മത്തായി സുവിശേഷത്തിലുണ്ടു്.  എത്ര അടുക്കും ചിട്ടയുമായിട്ടാണു്  മത്തായി തന്റെ സുവിശേഷം രചിചതു്.  ഇങ്ങനെയാണു്  നാം ഓരോ പുസ്‍തകത്തിന്റെയും ഘടനയും അതിന്റെ പിന്നിലുള്ള ലേഖകന്റെ ഉദ്ദേശങ്ങളെയും തിരിച്ചറിയുന്നതു്.

 

ഉത്പത്തി പുസ്‍തകത്തിലെ ഒരു വേദഭാഗത്തിന്റെ ഘടന ശ്രദ്ധിക്കാം.  ഒരു അതിപ്രധാന കാൎയ്യം അവതരിപ്പിക്കുന്നതിനു മുമ്പു്  അതിലേക്കു്  ആശയങ്ങളുടെ പടവുകൾ ഒരുക്കി വായനക്കാരെ കയറ്റികൊണ്ടു പോയിട്ടു്  പിന്നീടു്  അതെ പടവുകൾ വഴി മടക്കി കൊണ്ടു വരുന്ന പ്രതീതി ശ്രഷ്ടിക്കുന്ന ഒരു മഹത്തായ സാഹിത്യ കലാ രീതി കാണുവാൻ സാധിക്കും.  അദ്ധ്യായങ്ങളും ഉപതലക്കെട്ടുകളും ഇല്ലാത്ത ഏബ്രായ തിരുവെഴുത്തുകളുടെ ഘടന മനസ്സിലാക്കുവാൻ കേൾവിക്കാരെ സഹായിച്ചതു്  ഇപ്രാരമുള്ള ആശയങ്ങളുടെ ആവൎത്തനമാണു്.  വിപരീത സമമിതി (Reverse Symmetry) എന്നാണു്  അതിനെ വിശേഷിപ്പിക്കുന്നതു്.  മലയാളത്തിൽ അതിനു്  ഒരു പേരുണ്ടെന്നു തോന്നുന്നില്ല.  ദൈവശാസ്‍ത്രത്തിൽ ഉന്നത പഠനം നടത്തുന്നവർ മലയാളത്തിൽ ഇതൊന്നും പഠിക്കേണ്ടി വരുന്നില്ലല്ലോ.

sentence diagram

ഉത്പത്തി 17:1-25 വരെയുള്ള വേദഭാഗത്തു്  ഏറ്റവും പ്രധാനപ്പെട്ട സംഗതി ഏതെന്നു്  ഈ ചിത്രത്തിൽ നിന്നു്  ഒറ്റ നോട്ടത്തിൽ തന്നെ പറയുവാൻ സാധിക്കും.  (ചിത്രം വലുതായി കാണുവാൻ ഫോണ്‍ തിരിക്കുക.) ദൈവം അബ്രഹാമിനോടു്  ചെയ്ത ഉടമ്പടിയും അതിന്റെ ബാഹ്യമായ അടയാളവുമാണു്  ഏറ്റവും പ്രധാനപ്പെട്ടതു്.  അതിനു മുമ്പും അതിനു ശേഷവും വിവരിച്ചിരിക്കുന്ന കാൎയ്യങ്ങൾ അതിലേക്കുള്ള പടവുകൾ പോലെയാണു്.  ആശയങ്ങളുടെ ആവൎത്തനം നാം അവിടെ കാണുന്നു.  ആ ആശയങ്ങൾ അപ്രധാനമല്ല.  എങ്കിലും അവയെക്കാൾ പ്രധാനപ്പെട്ട ഒരു സംഗതിയിലേക്കു്  അഥവാ സംഭവത്തിലേക്കു്  അവ വിരൽ ചൂണ്ടുന്നു.

ഇംഗ്ലീഷ ബൈബിൾ ഉപയോഗിച്ചു തയ്യാറാക്കിയ ചിത്രമാണു്  മുകളിൽ കൊടുത്തിരിക്കുന്നതു്.  അതുകൊണ്ടു്  മലയാളം വേദപുസ്‍തകം വച്ചു്  താരതമ്യം ചെയ്‍താൽ വാക്യങ്ങളുടെ ക്രമത്തിൽ അൽപ്പം മാറ്റങ്ങൾ കണ്ടേക്കാം.

 

യോഹന്നാന്റെ സുവിശേഷത്തിൽ ആദ്യത്തെ പതിനെട്ടു്  വാക്യങ്ങളിൽ ആ പുസ്‍തകത്തിന്റെ രത്ന ചുരുക്കം അടങ്ങിയിരിക്കുന്നു.  ആ വേദഭാഗം ശരിയായി മനസ്സിലാക്കേണ്ടതു്  അത്യന്താപേക്ഷിതമാണു്.  അതാണു്  ആ സുവിശേഷത്തിന്റെ താക്കോൽ.  ആ വേദഭാഗത്തിന്റെ ഘടന നാം തിരിച്ചറിഞ്ഞാൽ വളരെ എളുപ്പത്തിൽ യോഹന്നാൻ സുവിശേഷത്തിന്റെ മുഖ്യ സന്ദേശം നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെടും.  അതുകൊണ്ടാണു്  വേദപുസ്‍തക പഠനത്തിൽ സാഹിത്യ ഘടന അതിപ്രധാനമായിരിക്കുന്നതു്.

ഉത്പത്തി 17ൽ കണ്ടതുപോലെ യോഹന്നാൻ സുവിശേഷത്തിന്റെ ആമുഖത്തിലും വിപരീത സമമിതി (Reverse Symmetry) നാം കാണുന്നു.  ഈ ചിത്രത്തെ സ്പൎശിച്ചാൽ അതിന്റെ വലിയ ചിത്രം കാണാം.  ഒരു വലിയ സ്‍ക്രീനിൽ കാണുന്നതാണു്  ഉത്തമം.

Chiasmus: Prologue

ഒറ്റ വായനയിൽ ആദ്യത്തെ രണ്ടു വാക്യങ്ങളാണു്  ഏറ്റവും പ്രധാനപ്പെട്ടതു്  എന്നു്  തോന്നാനാണു്  സാധ്യത.  എന്നാൽ വേദഭാഗത്തിന്റെ ഘടന ശ്രദ്ധിച്ചാൽ ഒരു കാൎയ്യം വ്യക്തം.  പടിപടിയായി ഏതോ ഒരു വലിയ ആശയത്തിലേക്കാണു്  ഈ ആമുഖം പുരോഗമിക്കുന്നതു്.  പന്ത്രണ്ടും പതിമൂന്നും വാക്യങ്ങളാണു്  അതിന്റെ ഉച്ചകോടി.  അവിടെ നിന്നു ഒരോരോ പടി ഇറങ്ങി നാം പതിനെട്ടാം വാക്യത്തിൽ എത്തുന്നു.

എന്താണു്  ഈ ആമുഖത്തിന്റെ മുഖ്യ സന്ദേശം?  യേശുക്രിസ്‍തു ആരെന്നു തിരിച്ചറിഞ്ഞു്,  അവന്റെ നാമത്തിൽ വിശ്വസിച്ചു്  അവനെ കൈക്കൊള്ളുന്ന ഒരു കൂട്ടം ജനത്തിന്നു്  ദൈവമക്കൾ ആകുവാൽ യേശു അധികാരം കൊടുത്തു.

ഭൂമിയിലേക്കു്  ജഡം എടുത്തു വന്ന ദൈവ വചനമാണു്  യേശു.  ലോകം അവനെ തിരിച്ചറിഞ്ഞില്ല.  അവന്റെ സ്വന്ത ജനം പോലും അവനെ തിരസ്‍കരിച്ചു.  പക്ഷേ അവനിൽ വിശ്വസിച്ച ഒരു ചെറിയ കൂട്ടം ജനം ഉണ്ടായിരുന്നു.  അവൎക്കാണു്  ദൈവമക്കൾ ആകുവാൻ അധികാരം ലഭിച്ചതു്.

ദൈവത്തിന്റെ സ്വന്ത ജനം എന്നു്  അഭിമാനിച്ചവർ ജഡപ്രകാരം അബ്രഹാമിന്റെ സന്തതികളായിരുന്നു.  ആ വംശത്തിൽ പെട്ടവർക്കു മാത്രമേ ദൈവമക്കൾ എന്ന പദവി ലഭിച്ചിരുന്നുള്ളൂ.  പക്ഷേ അവർ യേശുവിനെ തിരസ്‍കരിച്ചപ്പോൾ അവർ അന്നുവരെ അനുഭവിച്ചുവന്ന ആ പദവിയാണു്  യേശുവിൽ വിശ്വസിക്കുന്ന “ഏവൎക്കും” തുറക്കപ്പെട്ടതു്.

ഈ പുതുപുത്തൻ “ദൈവമക്കൾക്കു് ” ആ പദവി ലഭിക്കുവാൻ ഒരു യോഗ്യത മാത്രമേയുള്ളൂ.  അവർ യേശു ആരെന്നു തിരിച്ചറിഞ്ഞു.  അവർ അവനെ കൈക്കൊണ്ടു, അവനിൽ വിശ്വസിച്ചു.  അവർ ദൈവത്തിൽ നിന്നു ജനിക്കുന്ന ദൈവമക്കൾ ആണു്.  അല്ലാതെ യഹൂദരെ പോലെ അബ്രഹാം പിതാവിന്റെ ജ‍ഡപ്രകാരമുള്ള സന്തതികളല്ല.  യേശുവിൽ വിശ്വസിക്കാത്ത ഒരുവനും – യഹൂദനായാലും അല്ലെങ്കിലും – ദൈവമക്കളുടെ കൂട്ടത്തിൽ ഇല്ല.

ഈ ആമുഖത്തിന്റെ ഏറ്റവും മുഖ്യമായ സന്ദശം എന്താണു് ?  അതു്  രണ്ടു്  ചോദ്യങ്ങളായി അവതരിപ്പിക്കാം.

  1. യേശു ആരാണു് ?
  2. ദൈവത്തിന്റെ മക്കൾ അഥവാ ദൈവജനം ആരാണു് ?

ഈ രണ്ടു്  ചോദ്യങ്ങൾക്കു്  ഉത്തരം നൽകുക എന്നതാണു്  യോഹന്നാന്റെ ലക്ഷ്യം.  വായനക്കാർ അതുമുഖാന്തരം യേശുവിൽ വിശ്വസിച്ചു്  നിത്യ ജീവൻ പ്രാപിക്കേണം എന്നു്  യോഹന്നാൻ ആഗ്രഹിച്ചു.1

യേശു ആരാണു് ?  യോഹന്നാന്റെ സുവിശേഷത്തിൽ അതിനുള്ള ഉത്തരമുണ്ടു്  — നിത്യനായ ദൈവ വചനം, സൃഷ്ടാവു്,  സത്യ വെളിച്ചം, ജഡമെടുത്ത വചനം, ഏകജാതനായ ദൈവം, ലോക രക്ഷിതാവു്,  ജീവന്റെ അപ്പം, ദൈവത്തിലേക്കുള്ള ഏക വഴി, സത്യം, നിത്യജീവനിലേക്കുള്ള വാതിൽ, തന്റെ ജനങ്ങൾക്കു വേണ്ടി ജീവൻ വെടിയുന്ന നല്ല ഇടയൻ, പുനരുദ്ധാനവും ജീവനും, ദൈവത്തിന്റെ കുഞ്ഞാടു്,  ന്യായാധിപതി, പ്രവാചകൻ, മഹാപുരോഹിതൻ, പരിശുദ്ധാത്മ ദായകൻ, നിത്യ രാജാവു്,  ദൈവപുത്രൻ.

യോഹന്നാന്റെ സുവിശേഷത്തിൽ “യഹൂദർ” എന്ന വാക്കു്  ഉപയോഗിച്ചിരിക്കുന്നതു്  യേശുവിനെ തിരസ്‍കരിച്ച ഒരു കൂട്ടത്തെ ഉദ്ദശിച്ചാണു്.  യോഹന്നാൻ ഒരു യഹൂദനായിരുന്നു.  എങ്കിലും ഈ സുവിശേഷത്തിൽ യോഹന്നാൻ ഒരിക്കലും യഹൂദരുടെ കൂട്ടത്തിലുള്ള ഒരാളായി തന്നെ താൻ ചിത്രീകരിച്ചിട്ടില്ല.  യേശുവിനോടൊപ്പമുള്ള ചെറിയ കൂട്ടത്തോടു കൂടെയായിരുന്നു യോഹന്നാൻ.  ആ കൂട്ടമാണു്  യഥാൎത്ഥ ദൈവജനം എന്നു്  വരച്ചു കാട്ടുകയാണു്  യോഹന്നാന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നു്.  ആ ചെറിയ കൂട്ടത്തെ യോഹന്നാൻ പല രീതിയിൽ ചിത്രീകരിച്ചു — ദൈവമക്കൾ, പുതുജനനം പ്രാപിച്ചവർ, യേശുവിന്റെ ആട്ടിൻകൂട്ടം, സാക്ഷാൽ മുന്തിരിവള്ളിയും കൊമ്പുകളും, ദൈവത്തിന്റെ കുടുംബം, യേശുവിന്റെ സഹോദരന്മാർ, യേശുവിന്റെ സാക്ഷികൾ, യേശുവിന്റെ കുഞ്ഞാടുകൾ എന്നിത്യാദി.

ഈ പ്രസിദ്ധീകരണം സൗജന്യമല്ല!

വില: രൂ 999. തുടൎന്നു്  വായിക്കും മുമ്പു് … ഈ പുസ്‍തകത്തിന്റെ വില പൂൎണ്ണമായോ ഭാഗീകമായോ – താങ്കളുടെ പ്രാപ്തിയനുസരിച്ചു്  – അയച്ചു കൊടുക്കുക (PayPal or UPI). പണം അയയ്‍ക്കുവാൻ താഴെ കാണുന്ന QR കോഡിന്മേൽ തൊടുക. പുസ്‍തകം വായിച്ചിട്ടു്  ഈ വെബ് സൈറ്റിലേക്കുള്ള ലിങ്ക് ദയവായി മറ്റുള്ളവരുമായി പങ്കുവയ്‍ക്കുക.

🔼

 

 

Twitter YouTube PayTM PayPal

 

BACK |  TOP |  INDEX |  HOME
ABOUT |  CONTACT |  SUPPORT |  SITE MAP |