മ്ശിഹയുടെ സ്വൎഗ്ഗരാജ്യവും ഇസ്രയേലിന്റെ പുനരുദ്ധാനവും
പെന്തക്കോസ്‍തു് നാളിലെ വിസ്‍മയകരമായ പ്രവചന നിവൃത്തികൾ
ഫിലിപ്പ് ഈപ്പൻ
സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു് യേശു പ്രസംഗിച്ചു. പെന്തക്കൊസ്‍തു നാളിൽ ആ രാജാവിനെയും തന്റെ സ്വൎഗ്ഗീയ രാജ്യത്തെയും മാനുഷിക പ്രതീക്ഷകൾക്കു് അതീതമായി ദൈവം പരിശുദ്ധാത്മ പകൎച്ചയിലൂടെ വെളിപ്പെടുത്തി.
പെന്തക്കൊസ്‍തു നാളിൽ എന്താണു് സംഭവിച്ചതു് എന്നു് വേണ്ട രീതിയിൽ ക്രിസ്‍ത്യാനികൾ പലരും മനസ്സിലാക്കിയിട്ടില്ല. മിക്കവരും അപ്പൊസ്‍തല പ്രവൃത്തികളുടെ രണ്ടാം അദ്ധ്യായം മുഴുവനും ശരിയായി വായിക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല. ഒരോരുത്തരും അവരുടെ പ്രിയപ്പെട്ട വിഷയങ്ങൾ തേടി അവിടെ എത്തുന്നു. ചിലൎക്കു പരിശുദ്ധാത്മ സ്‍നാനവും അന്യഭാഷാ ഭാഷണവും മതി. മറ്റു ചിലർ അവിടെ കാണുന്ന അനേക അപ്പൊസ്‍തൊലിക ശീലങ്ങളിൽ നിന്നു് അവൎക്കു ബോധിച്ചതു് എടുത്തു് ‘അടിസ്ഥാന ഉപദേശങ്ങൾ’ എന്ന പട്ടിക ഉണ്ടാക്കുന്നു. പരിശുദ്ധാത്മ സ്‍നാനത്തിന്റെ പ്രാരംഭവും പ്രത്യക്ഷവുമായ തെളിവു് എന്താണു് എന്നു് തെളിയിക്കാൻ പെന്തക്കോസ്തുകാർ ബദ്ധപ്പെട്ടു. പത്രോസിന്റെ പ്രഭാഷണവും അദ്ദേഹത്തിന്റെ ശക്തമായ പ്രഖ്യാപനങ്ങളും പലരും ശ്രദ്ധിക്കാറില്ല.
യേശു ക്രിസ്തുവിന്റെ ഉയിൎപ്പിനു ശേഷം വന്ന പെന്തെക്കൊസ്തു് അഥവാ അമ്പതാം ദിനത്തിന്റെ പ്രാധാന്യം എന്താണ് ? ദൈവം വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ പ്രാൎത്ഥനയോടെ കാത്തിരുന്ന നൂറ്റിയിരുപതു് ശിഷ്യന്മാരുടെ മേൽ കൎത്താവായ യേശു തന്റെ ആത്മാവിനെ പകൎന്ന ദിവസമായിരുന്നു അതു്. അവർ ആത്മാവിൽ സ്നാനമേറ്റു (പ്രവൃത്തികൾ 1: 5). അതുവരെ പഠിച്ചിട്ടില്ലായിരുന്ന വിദേശ ഭാഷകൾ അവർ സംസാരിച്ചു. എന്നാൽ അതിലേറെയാണു് ആ ദിവസത്തിന്റെ പ്രാധാന്യം. അപ്പൊസ്തല പ്രവൃത്തികളുടെ രണ്ടാം അദ്ധ്യായത്തിൽ പരിശുദ്ധാത്മ സ്‍നാനത്തിന്റെ അതേ പ്രാധാന്യം അഥവാ അതിൽ അധികം പ്രാധാന്യം അർഹിക്കുന്ന മറ്റു കാര്യങ്ങളുണ്ടു്.
പത്രോസിന്റെ പ്രഭാഷണവും ശ്രോതാക്കളിൽ നിന്നു് ലഭിച്ച അത്ഭുതകരമായ പ്രതികരണത്തെക്കുറിച്ചും നാം അവിടെ വായിക്കുന്നുണ്ടു്. മൂവായിരം യഹൂദന്മാർ പാപത്തെകുറിച്ചു് അനുതപിക്കുകയും യേശു ക്രിസ്തുവിന്റെ സുവിശേഷത്തെ അനുസരിക്കുന്നതിന്റെ ഭാഗമായി ജലസ്നാനം സ്വീകരിക്കുകയും ചെയ്തു. അവർ യേശുവിന്റെ സഭയോടു് ചേൎന്നു. അവരും പരിശുദ്ധാത്മാവെന്ന ദൈവീക ദാനം പ്രാപിക്കുവാൻ ആഗ്രഹിച്ചു! ആ ദിവസം സഭയുടെ ചരിത്രത്തിലെ തികച്ചും ഒരു സുവൎണ്ണ ദിനമായിരുന്നു. അന്നു് ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിച്ചതിനെ പത്രോസ് യോവേൽ പ്രവചനം ഉദ്ധരിച്ചു് ന്യായീകരിച്ചു. അവർ വീഞ്ഞു കുടിച്ചു് ലഹരിയിൽ കോലാഹലം ഉണ്ടാക്കിയതല്ല, മറിച്ചു് യോവേൽ പ്രവചിച്ചതുപോലെ പരിശുദ്ധാത്മ നിറവിൽ ദൈവീക മൎമ്മങ്ങളെ സംസാരിക്കുകയായിരുന്നു.
ആ ദിവസത്തിനു് വേറെയും ചില പ്രത്യകതകൾ ഉണ്ടു്. ഒരു മ്ശിഹയിൽ യഹൂദന്മാർ കാണുവാൻ പ്രതീക്ഷിച്ച തരത്തിലുള്ള നിവൎത്തീകരണം യേശുവിൽ കാണ്ടില്ല എന്നതിനാൽ ചില യഹൂദന്മാരെങ്കിലും നിരാശരായിരുന്നു. യേശു രാജാവായില്ല. അവൻ യിസ്രായേലിന്റെ ശത്രുക്കളെ തോൽപ്പിച്ചില്ല. ദാവീദിന്റെ രാജ്യം പുനഃസ്ഥാപിച്ചുമില്ല. യേശുവിന്റെ ശിഷ്യന്മാർ പോലും ചോദിച്ചു: “കൎത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതു് ?”
ഇതു് പോലുള്ള ആശങ്കകളെ ദൂരീകരിക്കുന്നതിൽ പത്രോസ് തന്റെ പ്രസംഗത്തിൽ വിജയം കൈവരിച്ചു. പരിശുദ്ധാത്മാവിന്റെ നിറവിൽ അപ്പൊസ്തലനായ പത്രോസ് ചില പ്രഖ്യാപനങ്ങൾ നടത്തി—യഹൂദന്മാർ തങ്ങളുടെ മ്ശിഹയിൽ നിറവേറി കാണുവാൻ ആഗ്രഹിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള മിശിഹൈക പ്രവചനങ്ങൾ യേശുവിൽ നിറവേറിയതായി പത്രോസ് പ്രഖ്യാപിച്ചു.
യഹൂദന്മാർ തങ്ങളുടെ മ്ശിഹയിൽ നിറവേറി കാണുവാൻ ആഗ്രഹിച്ച മിശിഹൈക പ്രവചനങ്ങൾ യേശുവിൽ നിറവേറിയതായി പത്രോസ് പ്രഖ്യാപിച്ചു. അവയിൽ യെഹെസ്‍കേൽ 37-ാം അദ്ധ്യായത്തിലെ മൂന്നു് പ്രധാന പ്രവചനങ്ങളും ഉൾപ്പെടുന്നു.
ആ പ്രധാന പ്രവചനങ്ങൾ യെഹെസ്‍കേൽ മുപ്പത്തിയേഴാം അദ്ധ്യായത്തിൽ നാം കാണുന്നു. ആ അദ്ധ്യായത്തിൽ മൂന്നു് പ്രധാന പ്രവചനങ്ങളും യേശുവിൽ നിറവേറിയതായി പത്രോസ് ശ്ലീഹാ പ്രഖ്യാപിച്ചു. അവ ഓരോന്നായി പരിശോധിക്കാം.
“എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും അവൎക്കു് എല്ലാവര്‍ക്കും ഒരേ ഇടയന്‍ ആകും. അവര്‍ എന്റെ കല്പനകളില്‍ നടന്ന് എന്റെ നിയമങ്ങള്‍ പ്രമാണിച്ചനുഷ്ഠിക്കും. … എന്റെ ദാസനായ ദാവീദ് എന്നേക്കും അവൎക്ക് രാജാവായിരിക്കും.” യെഹെസ്കേൽ 37: 24-25 (വിശുദ്ധ ഗ്രന്ധം)
ദാവീദ് മരിച്ചിട്ടു് നൂറ്റാണ്ടുകൾ കഴിഞ്ഞാണു് യെഹെസ്കേൽ ഇതു് എഴുതിയതു്. ദാവീദിന്റെ ഒരു സന്തതി എന്നേക്കും ഇസ്രായേൽ രാജ്യത്തെ ഭരിക്കും എന്നു് ദൈവം വാഗ്ദത്തം ചെയ്തിരുന്നു. അപ്രകാരം ഒരു മ്ശിഹയ്‍ക്കു വേണ്ടി (അഭിഷിക്തനായ രാജാവിനു വേണ്ടി) ഇസ്രായേൽ കാത്തിരുന്നു. “എന്റെ ദാസനായ ദാവീദ് എന്നേക്കും അവൎക്ക് രാജാവായിരിക്കും” എന്നു് യെഹെസ്കേൽ മുപ്പത്തി ഏഴാം അദ്ധ്യായത്തിൽ ദൈവം പറയുന്നതു് ദാവീദിനെ കുറിച്ചല്ല, ദാവീദിന്റെ സന്തതിയായ മ്ശിഹയെ കുറിച്ചാണു്.
“യേശു ഇപ്പോൾ രാജാവാണോ?” എന്നു് ക്രൈസ്‍തവരോടു് ചോദിച്ചാൽ പലരും പല ഉത്തരങ്ങൾ നൽകും. സുവിശേഷ വിഹിതർ എന്നു് അവകാശപ്പെടുന്നവർ പറയും, “യേശു ഇപ്പോൾ രാജാവല്ല; അവൻ രാജാവാകുന്ന ഒരു ദിവസം വരും. അന്നു് അവൻ യെറുശലേമിൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു വാഴും.” പെന്തക്കൊസ്‍തു നാളിൽ പത്രോസ് അപ്പൊസ്‍തലൻ ഇതിനെ കുറിച്ചു് എന്താണു് പ്രസംഗിച്ചതു് എന്നു ചോദിച്ചാൽ—“അതിനു് പത്രോസ് അതിനെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ” എന്നു് പറയും.
യേശു മരിച്ചവരിൽ നിന്നു് ഉയിൎത്തെഴുന്നേറ്റിട്ടു് “കൎത്താവായും” മ്ശിഹയായും (രാജാവായും) സ്ഥാനമേറ്റു എന്നും അതിനാൽ ദാവീദിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറ്റപ്പെട്ടു എന്നും പത്രോസ് ശ്ലീഹാ പെന്തക്കൊസ്‍തു നാളിൽ അവകാശപ്പെട്ടു!
സഹോദരങ്ങളേ, പൂൎവ്വപിതാവായ ദാവീദിനെക്കുറിച്ച്, അദ്ദേഹം മരിച്ചുവെന്നും അടക്കപ്പെട്ടുവെന്നും എനിക്ക് നിങ്ങളോടു് ഉറപ്പായി പറയാൻ കഴിയും; അദ്ദേഹത്തിന്റെ കല്ലറ ഇന്നുവരെ നമ്മുടെ മധ്യേ ഇവിടെ ഉണ്ടല്ലോ.
ദാവീദ് ഒരു പ്രവാചകൻ ആയിരുന്നു: തന്റെ സിംഹാസനത്തിൽ അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരുവനെ ഇരുത്തുമെന്ന് ദൈവം അദ്ദേഹത്തോടു് ആണയിട്ടു് ശപഥംചെയ്ത കാര്യം ദാവീദിന് അറിയാമായിരുന്നു. ‘അദ്ദേഹത്തെ പാതാളത്തിൽ വിട്ടു കളഞ്ഞില്ല; അദ്ദേഹത്തിന്റെ ശരീരം ജീർണത കണ്ടതുമില്ല’ എന്നു ദാവീദ് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ടു് പ്രവചിച്ചു. — പ്രവൃത്തികൾ 2: 29-30
അതായതു് രാജാവും പ്രവാചകനുമായ ദാവീദ് തന്റെ പിൻഗാമിയായ ഒരു രാജാവു് മരിച്ചിട്ടു് ഉയിൎത്തെഴുന്നേൽക്കും എന്നു് പ്രവചിച്ചു! ആ രാജാവു് എന്നേക്കും വാഴുവാനുള്ള അഭിഷിക്തനായ മ്ശിഹ (അഥവാ ക്രിസ്‍തു) ആണു്. ഉയിൎത്തെഴുന്നേറ്റ ആ വ്യക്തി സിംഹസനത്തിലേക്ക് ഉയൎത്തപ്പെടുമ്പോളാണു് “മ്ശിഹ” ആകുന്നതു്. അതുകൊണ്ടാണു് അപ്പൊസ്തലന്മാർ യേശുവിന്റെ ഉയിൎപ്പിനെക്കാളും അവന്റെ സ്വൎഗ്ഗാരോഹണത്തിനാണു് പ്രാധാന്യം കൽപ്പിച്ചതു്. ഈ സുപ്രധാന വസ്തുത താഴെ ഉദ്ധരിക്കപ്പെട്ടിട്ടുള്ള വേദഭാഗത്തു് കാണാം. യേശു ക്രിസ്തുവിന്റെ കിരീട ധാരണം അഥവാ സിംഹാസനാരോഹണം പത്രോസ് അവതരിപ്പിക്കുന്നതു് ശ്രദ്ധിക്കുക.
ഈ യേശുവിനെ ദൈവം ഉയിർപ്പിച്ചു; … അദ്ദേഹം ദൈവത്തിന്റെ വലതു ഭാഗത്തേക്ക് ഉയർത്തപ്പെട്ടിട്ട്, പരിശുദ്ധാത്മാവ് എന്ന വാഗ്ദാനം പിതാവിൽനിന്നു് സ്വീകരിച്ച്, സമൃദ്ധമായി നൽകിയതാണു് നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നതു്. — പ്രവൃത്തികൾ 2: 31b, 33
ശ്രദ്ധിക്കുക: അന്നു നടന്ന പരിശുദ്ധാത്മ പകൎച്ച യഥാൎത്ഥിൽ യേശു രാജാവായി എന്നതിന്റെ പ്രത്യക്ഷമായ തെളിവായിരുന്നു! യേശു മ്ശിഹ സ്ഥാനത്തേക്കു് ഉയൎത്തപ്പെട്ടതു മൂലം മാനവരാശിക്കു് ലഭിക്കുന്ന ശ്രേഷ്ഠ അനുഗ്രഹമാണു് അതു്. നാം ഈ അനുഗ്രഹത്തെ മറ്റെന്തെല്ലാമായി വ്യാഖ്യാനിച്ചു! പത്രോസിന്റെ വാക്കുകൾ തുടൎന്നും ശ്രദ്ധിക്കാം.
ദാവീദ് സ്വൎഗ്ഗാരോഹണം ചെയ്തില്ലല്ലോ! എങ്കിലും അദ്ദേഹം പറയുന്നതിങ്ങനെയാണ്: ‘കർത്താവ് എന്റെ കർത്താവിനോടു് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കും വരെ, നീ എന്റെ വലതുഭാഗത്തു് ഉപവിഷ്ടനാകുക.”’ — പ്രവൃത്തികൾ 2: 34-35
അതായതു്, ദാവീദിനു് ഈ കാൎയ്യം ഉറപ്പായി അറിയമായിരുന്നു — തന്റെ പിൻഗാമികളിൽ ഒരാളെ ദൈവം എന്നന്നേക്കും രാജാവാക്കും. വരുവാനുള്ള ആ രാജാവു് (മ്ശിഹാ) തന്റെ പിൻഗാമികളിൽ ഒരുവൻ തന്നെ എന്നറഞ്ഞിട്ടും ദാവീദ് അവനെ കുറിച്ചു് “എന്റെ കർത്താവ്”എന്നാണ് പറയുന്നതു്. ആ രാജാവിനെ (മ്ശിഹായെ) ദൈവം യെറുശലേമിൽ രാജാവാക്കും എന്നല്ല ദാവിദു് പ്രവചിച്ചതു്. മറിച്ചു് ആ മ്ശിഹായെ ദൈവം സ്വൎഗ്ഗത്തിൽ ദൈവ സിംഹാസനത്തിന്റെ വലതു ഭാഗത്തു് ഉപവിഷ്ടനാക്കും എന്നാണ് ദാവീദ് പ്രവചിച്ചതു്.
ആ മ്ശിഹ യേശുവാണ് എന്നു് പത്രോസ് പ്രസംഗിച്ചു. യേശുവിന്റെ ഉയിൎപ്പിനു ശേഷം ദൈവം അവനെ തന്റെ സിംഹാസനത്തിന്റെ വലതു ഭാഗത്തു് രാജാവായി വാഴിച്ചു. വേറൊരു രീതിയിൽ പറഞ്ഞാൽ, ദൈവം യേശുവിനെ കൎത്താവും ക്രിസ്തുവും (മ്ശിഹായും) ആക്കി. അതായിരുന്നു പത്രോസ് പ്രസംഗിച്ച സുവിശേഷം.
“അതുകൊണ്ട്, നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കൎത്താവും ക്രിസ്തുവും ആക്കിവെച്ചിരിക്കുന്നു എന്നു് ഇസ്രായേൽജനം മുഴുവനും നിസ്സന്ദേഹം അറിഞ്ഞുകൊള്ളട്ടെ.” — പ്രവൃത്തികൾ 2:36 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ)
ഇതേ വസ്‍തുതയാണു് പൗലുസ് ശ്ലീഹാ സുവ്യക്തമായ ഭാഷയിൽ അന്ത്യോക്കയിലെ ഒരു ജൂതപള്ളിയിൽ പ്രസംഗിച്ചതു്.
“ദൈവം നമ്മുടെ പൂർവികൎക്കു നൽകിയിരുന്ന വാഗ്ദാനം അവിടന്ന് യേശുവിനെ ഉയിർപ്പിച്ചതിലൂടെ അവരുടെ മക്കളായ നമുക്കുവേണ്ടി പൂർത്തീകരിച്ചിരിക്കുന്നു. ഈ സദ്വർത്തമാനം ഞങ്ങൾ നിങ്ങളോടറിയിക്കുന്നു.” — പ്രവൃത്തികൾ 13: 32-33
യേശുവിൽ യാഥാൎത്ഥ്യമായ ദൈവ രാജ്യമാണു് അപ്പൊസ്‍തലന്മാർ പ്രസംഗിച്ച സുവിശേഷം. യഹൂദർക്ക് മ്ശിഹ രാജ്യത്തേക്കാൾ വലിയ സദ്വർത്തമാനം ഇല്ല.
യേശുവിൽ യാഥാൎത്ഥ്യമായ ദൈവ രാജ്യമാണു് അപ്പൊസ്‍തലന്മാർ പ്രസംഗിച്ച സുവിശേഷം. യഹൂദർക്ക് മ്ശിഹ രാജ്യത്തേക്കാൾ വലിയ സദ്വർത്തമാനം ഇല്ല.
“ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്‍തുവിനെ പ്രസംഗിക്കുന്നു” എന്നു പൗലുസ് അപ്പൊസ്‍തലൻ പറഞ്ഞു. പക്ഷേ നമ്മിൽ മിക്കവരും “ക്രൂശിക്കപ്പെട്ട” എന്ന വാക്കു് മാത്രമേ കേൾക്കുന്നുള്ളൂ. ക്രിസ്‍തു എന്നാൽ രാജാവു് എന്നു് നാം ഗ്രഹിക്കുന്നില്ല. അതുകൊണ്ടു് സുവിശേഷം പ്രസംഗിക്കുമ്പോൾ ക്രൂശിനപ്പുറം പോകാറില്ല.
മറ്റു ചിലർ ഒഴിഞ്ഞ കല്ലറക്കപ്പുറം പോകാറില്ല. ഉയിൎപ്പാണു് അവൎക്കു വലിയ കാൎയ്യം. പക്ഷേ യേശുവിൽ യാഥാൎത്ഥ്യമായ ദൈവ രാജ്യമാണു് അപ്പൊസ്‍തലന്മാർ പ്രസംഗിച്ച സുവിശേഷം. അതാണു് പൂൎണ്ണ സുവിശേഷം.
അപ്പൊസ്തല പ്രവൃത്തികളുടെ അവസാന വാക്യത്തിലും ദൈവ രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു കൊണ്ടിരുന്ന പൗലുസിനെയാണു് നാം കാണുന്നതു്. റോമിൽ പൗലുസ് “പൂൎണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നം കൂടാതെ ദൈവ രാജ്യം പ്രസംഗിച്ചും കൎത്താവായ യേശു ക്രിസ്തുവിനെ കുറിച്ചു ഉപദേശിച്ചും പോന്നു.” (പ്രവൃത്തികൾ 28:30)
ചുരുക്കി പറഞ്ഞാൽ ദൈവം ദാവീദിനു് കൊടുത്ത വാഗ്ദത്തം നിവൎത്തിക്കപ്പെട്ടു. എപ്രകാരം? ഉയൎത്തെഴുന്നേറ്റ യേശുവിനെ ദൈവം രാജാവാക്കി. സ്വൎഗ്ഗത്തിൽ ദൈവത്തിന്റെ വലത്തു ഭാഗത്തു് യേശു സിംഹാസനസ്ഥനായി.
ദാനിയേൽ കണ്ട ദൎശനത്തിലെ പോലെ (ദാനിയേൽ 7.13-14) “മനുഷ്യപുത്രനോടു് സദൃശനായ ഒരുത്തന്‍ ആകാശ മേഘങ്ങളിന്മേല്‍” സ്വൎഗ്ഗത്തിലേക്ക് കരേറി പിതാവായ ദൈവത്തിന്റെ സന്നിധിയിലേക്ക് ആനയിക്കപ്പെട്ടു. മനുഷ്യപുത്രന്നു് സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും നൽകപ്പെട്ടു. അങ്ങനെ യേശു “മ്ശിഹ” ആയി. അവൻ രാജാധി രാജാവും കൎത്താധി കൎത്താവുമായി. ഇതു് ദാവീദിനു് കൊടുത്ത വാഗ്ദത്ത നിവൎത്തീകരണം ആയതു കൊണ്ടു് ദാവീദിന്റെ നിത്യ സിംഹാസനം ഭുമിയിലല്ല, സ്വൎഗ്ഗത്തിലാണു് എന്നു് ഇതിനാൽ നാം മനസ്സിലാക്കുന്നു.
ഈ സ്വൎഗ്ഗാരോഹണത്തെ കുറിച്ചാണു് യേശു മഹാപുരോഹിതനോടു് പറഞ്ഞതു്:
“മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു [മ്ശിഹ] തന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു് ആണയിട്ടു് ചോദിക്കുന്നു എന്നു പറഞ്ഞു.
യേശു അവനോട് : ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവശക്തന്റെ വലത്തു ഭാഗത്തു് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു.” — (മത്തായി 26:63-64)
മഹാപുരോഹിതന്റെ ചോദ്യം ശ്രദ്ധിച്ചോ? “യഹൂദർ കാത്തിരിക്കുന്ന അവരുടെ രാജാവാണോ നീ ?” എന്നാണു് അതിന്റെ അൎത്ഥം. മ്ശിഹയെ കുറിച്ചുള്ള യഹൂദന്റെ ഇടുങ്ങിയ ചിന്താഗതി ആ ചോദ്യത്തിലുണ്ടു്.
ഭരിക്കുവാൻ ദൈവത്തിൽ നിന്നു് അധികാരം കിട്ടി എന്നു കാണിക്കുവാൻ പുരാതന കാലത്തെ രാജാക്കന്മാർ എല്ലാവരും തങ്ങളെ തന്നെ “ദൈവപുത്രൻ” എന്നു് വിശേഷിപ്പിച്ചിരുന്നു. യേശുവിന്റെ ഉത്തരം അതിഗംഭീരം ആയിരുന്നു. അതു് ഞാൻ ഇങ്ങനെ വിശദീകരിക്കാം:
“നിങ്ങൾ പ്രതീക്ഷിക്കുന്നതു പോലുള്ള ഒരു മ്ശിഹ അല്ല ഞാൻ. ഭൂമിയിൽ ഒരു കൊച്ചു് സിംഹാസനത്തിൽ ഇരുന്നു ഒരു കൊച്ചു് രാജ്യത്തെ ഭരിക്കേണ്ട മശ്ശിഹാ അല്ല ഞാൻ. മറിച്ചു് ദാനിയേൽ പ്രവാചകൻ വിവരിച്ച മനുഷ്യപുത്രനു സദൃശനായവനാണു് ഞാൻ. സർവ്വശക്തന്റെ വലത്തു ഭാഗത്താണു് എനിക്ക് ഒരിക്കിയിരിക്കുന്ന സിംഹാസനം. ദാനിയേൽ കണ്ടതു പോലെ ആകാശ മേഘങ്ങളെ വാഹനമാക്കി ഞാൻ സ്വൎഗ്ഗത്തിലേക്ക് കരേറും. സകല ഭൂവാസികളെയും ഞാൻ ഭരിക്കും. എന്റെ അധികാരത്തിന്റെ തെളിവു് നിങ്ങൾ കാണും.”
മഹാപുരോഹിതനു് അതിന്റെ സത്യം ബോധ്യപ്പെട്ടില്ല. പക്ഷെ പെന്തക്കൊസ്‍തു പെരുനാളിനു് തടിച്ചു കൂടിയവർ പരിശുദ്ധാത്മാവിന്റെ ദൃശ്യവും ശ്രവ്യവുമായ അടയാളങ്ങൾ കണ്ടു, കേട്ടു. അവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു.
അതെ, മ്ശിഹയെ കുറിച്ചുള്ള അവരുടെ ധാരണയിൽ ഒരു വിപ്ലവകരമായ മാറ്റം സംഭവിച്ചു. “മ്ശിഹ” എന്നു വച്ചാൽ യഹൂദ്യയെന്ന ഒരു ചെറിയ രാജ്യത്തെ ഭരിക്കുന്ന ഒരു രാജാവായിരിക്കും എന്നാണു് അവർ ചിന്തിച്ചിരുന്നതു്. അവരുടെ ഇടുങ്ങിയ വ്യാഖ്യാനം ഉപേക്ഷിച്ചിട്ടു് പത്രോസ് പ്രസംഗിച്ചതു പോലുള്ള ആഗോള അധികാരിയായ സ്വൎഗ്ഗീയ മ്ശിഹയെ ഉൾക്കൊള്ളാൻ അവർ തയ്യാറായി!
പക്ഷേ മ്ശിഹ സിംഹാസനസ്ഥനാകുന്നതിനു മുമ്പ് യഹൂദ്യയും ഇസ്രായേലും ഒന്നിച്ച് ഒരു രാഷ്ട്രം രൂപീകരിക്കുമെന്ന് യെഹെസ്കേൽ പ്രവചിച്ചില്ലേ? ആ പ്രവചനത്തെക്കുറിച്ച് പത്രോസ് എന്തെങ്കിലും പറഞ്ഞോ? ഇസ്രായേലെന്ന രാജ്യം പുനഃസ്ഥാപിക്കാതെ മ്ശിഹയുടെ വാഴ്‍ചക്ക് എന്തു പ്രസക്തി ?
യെഹസ്‍കേലിലെ രണ്ടാമത്തെ സുപ്രധാനമായ പ്രവചനം ഇതായിരുന്നു:
“പിന്നെ നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലു പുറത്തു നിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും. … ഒരേ രാജാവ് അവർക്കെല്ലാവർക്കും രാജാവായിരിക്കും, അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരിയുകയുമില്ല.” — യെഹെസ്കേൽ 37: 21-22
യേശുവിനെ ആദ്യമായി മ്ശിഹയായി പ്രഖ്യാപിച്ച പെന്തെക്കൊസ്തു് നാളിൽ ഈ പ്രവചനവും നിറവേറി. പരിശുദ്ധാത്മ പുൎണ്ണനായ പത്രോസ് പെന്തക്കോസ്തു് ദിനത്തിൽ യെറുശലേമിൽ ഒത്തു കൂടിയ ആയിരക്കണക്കിനു് യഹൂദന്മാരെ “മുഴുവൻ ഇസ്രായേലും” എന്നു് അഭിസംബോധന ചെയ്തു കൊണ്ടു് തന്റെ പ്രഭാഷണത്തിന്റെ ഏറ്റവും പ്രധാനപെട്ട സന്ദേശം വിളിച്ചു പറഞ്ഞു:
“അതിനാൽ മുഴുവൻ ഇസ്രായേല്‍ ഗൃഹത്തിനും നിസ്സംശയം ഒരു കാര്യം ഉറപ്പിക്കാം — നിങ്ങള്‍ ക്രൂശിച്ചവനായ യേശുവിനെ ദൈവം കര്‍ത്താവും മ്ശിഹായും ആക്കിയിരിക്കുന്നു.” (2:36)
പത്രോസിനു തെറ്റു പറ്റിയതല്ല. പത്രോസിനെ ആരും തെറ്റിദ്ധരിപ്പിച്ചതുമല്ല. പരിശുദ്ധാത്മാവ് അദ്ദേഹത്തെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചു.
മാനുഷികമായി പറഞ്ഞാൽ, “എല്ലാ ഇസ്രായേലും” അവിടെ ഒത്തു കൂടിയിരുന്നില്ല. ഇസ്രായേൽ രണ്ടായി വിഭജിക്കപ്പെട്ടതിനു ശേഷം വടക്കെ രാജ്യത്തിനാണു് ഇസ്രായേൽ എന്ന പേര് കിട്ടിയതു്. ആ ഇസ്രായേൽ രാജ്യം (പത്തു് ഗോത്രങ്ങൾ) പരാജിതരായി പ്രവാസത്തിലേക്കു് പോയി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നു് എല്ലാവൎക്കും അറിയാമായിരുന്നു. എന്നിരുന്നാലും, യെരൂശലേമിൽ “അന്ന് ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും” യെഹൂദന്മാരായ “ഭക്തിയുള്ള പുരുഷന്മാർ” ഉണ്ടായിരുന്നു. (2.5)
“അന്ന് ആകാശത്തിൻ കീഴുള്ള സകല ജാതികളിൽനിന്നും യെരൂശലേമിൽ വന്നു പാൎക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.
“ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു് കേട്ടു് അമ്പരന്നുപോയി. എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു:
“ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ? പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു് എങ്ങനെ? പൎത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്കു ചേൎന്ന ലിബ്യാപ്രദേശങ്ങളിലും പാൎക്കുന്നവരും റോമയിൽനിന്നു വന്നു പാൎക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.” — പ്രവൃത്തികൾ 2: 5-11
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണു് പത്രോസ് പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂടെ എഴുന്നേറ്റ് ജനക്കൂട്ടത്തിന്നു് നൽകിയതു്. യേശുവിനെ ദൈവം അവരുടെ മ്ശിഹയായി ഉയൎത്തി എന്നു് പത്രോസ് അവരെ ബോധ്യപ്പെടുത്തി. പത്രോസിന്റെ വാക്കുകൾ അവരുടെ ഹൃദയത്തെ സ്‍പൎശിച്ചു. അവൎക്ക് കൂടുതൽ എതിൎപ്പുകളൊന്നുമില്ലായിരുന്നു.
“ഇതു കേട്ടിട്ടു് അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. “പത്രൊസ് അവരോട്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.” (2:37-38)
അങ്ങനെ, മൂവായിരം യഹൂദന്മാർ മാനസാന്തരപ്പെട്ടു് യേശുവിൽ വിശ്വസിച്ചു. അവർ സ്നാനം ഏറ്റു. അവർക്കും ആത്മാവിന്റെ ദാനം ലഭിച്ചിരിക്കണം. അതിനു വേണ്ടിയാണു് ക്രിസ്തുവിനു മുന്നിൽ കീഴടങ്ങാൻ പത്രോസ് അവരെ ക്ഷണിച്ചതു്.
മൂവായിരം യഹൂദന്മാർ അന്നു് ക്രിസ്‍തു വിശ്വാസികളാകണമെങ്കിൽ യെരുശലേമിൽ ഉണ്ടായിരുന്ന യഹൂദരുടെ സംഖ്യ എത്രയായിരുന്നു എന്നു ഊഹിക്കാവുന്നതേയുള്ളൂ. അന്നത്തെ ലോകത്തിന്റെ എല്ലാ ഭാഗത്തു് നിന്നും അവിടെ കൂടിയ ആ വലിയ ഗണത്തെ പത്രോസ് വിളിച്ചതു് “മുഴവൻ ഇസ്രായേല്‍ ഗൃഹം” എന്നായിരുന്നു. ആത്മപൂൎണ്ണനായ പത്രോസിനെ കൊണ്ടു് ദൈവം അതു് പറയിപ്പിച്ചതാണു്.
ഇസ്രായേൽ എന്ന രാജ്യം ഇല്ലാതായിട്ടു് അന്നത്തേക്ക് ഏകദേശം എഴുനൂറ് വൎഷം കഴിഞ്ഞിരുന്നു. യഹൂദ, ബെന്യാമീൻ, ലേവി എന്നീ വെറും മൂന്നു് ഗോത്രങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. വടക്കെ രാജ്യമായ ഇസ്രായേൽ – അതായതു് പത്തു് ഗോത്രങ്ങൾ – തിരിച്ചറിയാൻ സാധിക്കാത്ത വിധം മറ്റു ജാതികളുമായി ഇടകലൎന്നു് ഇല്ലാതായി പോയി. യെഹെസ്‍കേൽ പ്രവചനത്തിൽ പറഞ്ഞിരിക്കുന്നതു പോലുള്ള ഇസ്രായേൽ-യഹൂദാ രാജ്യങ്ങളുടെ അക്ഷരീകമായ സംയോജിപ്പിനു ഒരു സാധ്യതയും ഇല്ലായിരുന്നു. എന്നിട്ടും പത്രോസ് പെന്തക്കൊസ്‍തു നാളിൽ കൂടിവന്ന യഹൂദരെ “മുഴവൻ ഇസ്രായേല്‍ ഗൃഹം” എന്നാണു് സംബോധന ചെയ്‍തതു്.
യെഹെസ്‍കേലിന്റെ പ്രവചനത്തിന്നു് ദൈവത്താൽ ഒരുക്കപ്പെട്ട ഒരു നിറവേറൽ ആയിരുന്നു അതു്. അക്ഷരീകമായ നിറവേറൽ മാത്രമല്ല പ്രവചനത്തിനുള്ളതു്. ഉദാഹരണത്തിനു്,
എന്നതു് പോലെ, ഇല്ലാത്ത ഒരു ഇസ്രായേൽ രാജ്യത്തെ ഉളവാക്കിയിട്ടല്ല യെഹെസ്‍കേലിന്റെ പ്രവചനം ദൈവം നിറവേറ്റിയതു്. മറിച്ചു് അന്നു് ലോകത്തിലുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യഹൂദന്മാരെ യെറുശലേമിൽ കൊണ്ടുവന്നു. അക്ഷരീക നിറവേറലിനെക്കാൾ ഉന്നതവും ആത്മീകവുമായ നിറവേറലിനാണു് കൂടുതൽ പ്രാധാന്യം ദൈവം കൽപ്പിക്കുന്നതു് എന്നു് കാണുവാൻ സാധിക്കും.
എന്നാൽ പലസ്തീൻ ദേശത്തേക്ക് എല്ലാ യഹൂദന്മാരുടെയും ഒത്തുചേരൽ കാണാൻ ഇപ്പോഴും കാത്തിരിക്കുകയാണു് ചില ക്രിസ്ത്യാനികൾ! ഭാവിയിൽ എപ്പോഴോ യേശു യഹൂദരുടെ രാജാവായി ഭൂമിയിൽ സിംഹാസനം സ്ഥാപിച്ചു് വാഴും എന്നവർ കരുതുന്നു. പത്രോസ് അപ്പൊസ്‍തലന്റെ സന്ദേശം അവർ തിരിച്ചറിയുന്നില്ല. ഇതു് എത്രയോ ദുഃഖകരമാണു്. യേശു മ്ശിഹ ആണു് എന്നു് അവർ പറയു്ന്നു. പക്ഷേ, തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്നതു പോലെ ഇസ്രായേലിനെ ഇതുവരെ യേശു പുനഃസ്ഥാപിച്ചിട്ടില്ല എന്നും പറയും. അങ്ങനെയെങ്കിൽ യേശു എങ്ങനെ മ്ശിഹ ആയായിത്തീൎന്നു? രാജ്യം പുനഃസ്ഥാപിക്കാത്ത ഒരു മുടന്തൻ മ്ശിഹയെ ആൎക്കു വേണം? ഭാഗീകമായ ഒരു സുവിശേഷം പ്രസംഗിക്കുന്നതു കൊണ്ടല്ലേ നാം ഇന്നു പ്രസംഗിക്കുന്ന മ്ശിഹയെ യഹൂദന്മാൎക്കു് വേണ്ടാത്തതു് ?
രാജ്യം പുനഃസ്ഥാപിക്കാത്ത ഒരു മുടന്തൻ മ്ശിഹയെ ആൎക്കു വേണം? ഭാഗീകമായ ഒരു സുവിശേഷം പ്രസംഗിക്കുന്നതു കൊണ്ടല്ലേ നാം ഇന്നു പ്രസംഗിക്കുന്ന മ്ശിഹയെ യഹൂദന്മാൎക്കു് വേണ്ടാത്തതു് ?
നമ്മുടെ ഇടയിലുള്ള വേദപണ്ഢിതന്മാരോടു് ചോദിച്ചാൽ അവർ ഇപ്രകാരം പറയും,
“യേശുവിന്റെ ഭൂമിയിലെ ദൗത്യം ഇതുവരെയും പൂൎത്തിയായിട്ടില്ല. ഇനിയുള്ളതു് താൻ മടങ്ങി വന്നിട്ടു് പൂൎത്തിയാക്കും. ഇസ്രായേലിനെ കൂട്ടി ചേൎക്കും. ദാവീദിന്റെ വീണുകിടക്കുന്ന കൂടാരം (രാജ്യം) അവൻ പുനഃസ്ഥാപിക്കും. ഇതൊരു ‘ബ്രാക്കറ്റ് കാലമാണ് ’. ഇതു് സഭയുടെ കാലമാണ്, കൃപായുഗമാണു്.”
പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച ജോണ്‍ ഡാർബിയാണു് ചരിത്രത്തെ മുഴുവൻ ചില യുഗങ്ങളായി വിഭജിച്ചു് അതിന്റെ ചട്ടകൂട്ടിൽ നിന്നു കൊണ്ടു് വേദപുസ്‍തകത്തെ മുഴുവൻ വ്യാഖ്യാനിക്കുന്നുളള സമ്പ്രദായം സൃഷ്‍ടിച്ചതു്. അതിനു മുമ്പ് അങ്ങനൊരു ചിന്താഗതി ഇല്ലായിരുന്നു. പരിശുദ്ധാത്മാവു് സ്വൎഗ്ഗത്തിൽനിന്നു നേരിട്ട തന്ന ഉപദേശമായിട്ടാണു് പല ക്രൈസ്‍തവരും യുഗങ്ങളെ കാണുന്നതു്. അതുകൊണ്ടാണു് “യുഗങ്ങളെ തൊട്ടുള്ള കളി വേണ്ട” എന്നു് അവർ ആക്രോശിക്കുന്നതു്.
ഈ ചട്ടകൂടിനു ധാരാളം പിഴവുകളുണ്ടു്. അതിൽ ഒന്നാണു് മുകളിൽ ചൂണ്ടി കാട്ടിയതു്. യേശു ഇതു വരെ രാജാവായിട്ടില്ല എന്നും യേശുവിന്റെ ഭൂമിയിലെ ദൗത്യം ഇതു വരെയും പൂൎത്തിയായിട്ടില്ല എന്നും ഡാർബിയും കൂട്ടരുമാണു് പഠിപ്പിച്ചതു്. യേശു ഇതു വരെ രാജാവായിട്ടില്ലെങ്കിൽ “യേശു കൎത്താവു് ” എന്നു് എങ്ങനെ വായ് കൊണ്ടു് ഏറ്റു പറയാൻ സാധിക്കും? അങ്ങനെ ഏറ്റു പറയാത്തവർ എങ്ങനെ ക്രിസ്‍ത്യാനികൾ ആകും? “നിങ്ങള്‍ ക്രൂശിച്ചവനായ യേശുവിനെ ദൈവം കൎത്താവും മ്ശിഹായും ആക്കിയിരിക്കുന്നു” എന്നാണു് പത്രോസ് പ്രഖ്യാപിച്ചതു്. യേശു രാജാവു് അഥവാ മ്ശിഹ അല്ലെങ്കിൽ അവൻ കൎത്താവുമല്ല!
ഈ കൂട്ടരുടെ മറ്റൊരു ദുരുപദേശമാണു് “യേശുവിന്റെ ഭൂമിയിലെ ദൗത്യം ഇതുവരെയും പൂൎത്തിയായിട്ടില്ല” എന്നതു്. ഈ വലിയ ദൗത്യം എന്താണ് ? അവരുടെ അഭിപ്രായം അനുസരിച്ചു് ജഡപ്രകാരമുള്ള അബ്രഹാമിന്റെ സന്തതികളോടാണു് ദൈവത്തിന്റെ ഏറ്റവും കൂടുതൽ സ്നേഹം. അബ്രഹാമുമായി ചെയ്‍ത ഉടമ്പടിയാണു് ഏറ്റവും ശ്രേഷ്‍ഠം. അതു ദൈവം ഇതുവരെ പൂൎത്തിയാക്കിയിട്ടില്ല പോലും.
തൽക്കാലത്തേക്ക് ജഡപ്രകാരമുള്ള ഇസ്രയേലുമായുള്ള കാര്യപരിപാടി നിർത്തി വച്ചിട്ടു് ദൈവം ഈ ബ്രാക്കറ്റ് കാലയളവിൽ ഒരു ‘സൈഡ് ബിസിനസ്സ് ’ തുടങ്ങി. അതിനെയാണു് അവർ “പുതിയ നിയമ സഭ” എന്നു വിളിക്കുന്നതു്. പക്ഷെ അവരുടെ ഉപദേശം അനുസരിച്ചു് ഈ സഭയ്‍ക്ക് അത്ര വലിയ പ്രാധാന്യം ഒന്നും ഇല്ല. കുറച്ചു കാലം കഴിഞ്ഞിട്ടു് സഭയെ ഭൂമിയിൽ നിന്നു മാറ്റിയിട്ടു് മുഖ്യ കാൎയ്യ പരിപാടിയിലേക്ക് ദൈവം കടക്കും പോലും. ഇതാണു് അവർ പറയുന്നതു. നിർഭാഗ്യവശാൽ ഞാനും ഒരു കാലത്തു് ഇതു വിശ്വസിച്ചിരുന്നു.
ക്രിസ്തുവിന്റെ സഭ എന്നതു് ഏതോ ‘ബ്രാക്കറ്റ് കാലത്ത് ’ ദൈവം തുടങ്ങി വച്ച ഇടവിള കൃഷിയല്ല. സഭയാണു് മുഖ്യം. സഭയാണു് ദൈവത്തിന്റെ കെട്ടിടവും കൃഷിയും.
പുതിയ നിയമ പുസ്‍തകങ്ങളെ ശരിയായി മനസ്സിലാക്കിയ ഒരു വ്യക്തി ഈ ദുരുപദേശത്തിന്റെ വിഷം ദൂരത്തു് നിന്നു തിരിച്ചറിയും. ക്രിസ്തുവിന്റെ സഭ എന്നതു് ഏതോ ‘ബ്രാക്കറ്റ് കാലത്ത് ’ ദൈവം തുടങ്ങി വച്ച ഇടവിള കൃഷിയല്ല. സഭയാണു് മുഖ്യം. സഭയാണു് ദൈവത്തിന്റെ കെട്ടിടവും കൃഷിയും.
ജഡപ്രകാരമുള്ള ഇസ്രയേൽ പുതിയ നിയമ സഭയുടെ ഒരു നിഴൽ മാത്രമായിരുന്നു. അവൎക്കു ദൈവം പണ്ടു് കൊടുത്ത ഒരൂ തൂണ്ടുഭൂമി സ്വൎഗ്ഗീയ കനാനിന്റെ ഒരു നിഴൽ മാത്രം. ജഡപ്രകാരമുള്ള ഇസ്രയേൽ നിഴലായ മുന്തിരി വള്ളിയായിരുന്നു. യേശുവാണു് സാക്ഷാൽ മുന്തിരിവള്ളി.
“സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദി കാലം മുതൽ മറഞ്ഞുകിടന്ന മർമ്മം” ആണു് പുതിയനിയമ സഭ. (എഫെ 3:9) ദൈവത്തിനു ഏതോ ഒരു വീണ്ടുവിചാരം വന്നപ്പോൾ തുടങ്ങിയതല്ല പുതിയനിയമ സഭ. ദൈവം “നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൽ നിവർത്തിച്ച അനാദി നിർണയ പ്രകാരം” തീരുമാനിച്ചു് ഉറപ്പിച്ചതാണു് പുതിയ നിയമ ദൈവസഭ (എഫെ 3:11). “ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം … സഭ മുഖാന്തരം അറിയായ്‍വരുന്നു.” (എഫെ 3:10-11)
ഡാർബിയുടെ “യുഗങ്ങളുടെ” കണ്ണട ഉപേക്ഷിക്കൂ! തിരുവെഴുത്തുകളെ പുനഃപരിശോധിക്കൂ. ഡാർബിയുടെ കണ്ണട വച്ചു കൊണ്ടു് യഹൂദനോടു് സുവിശേഷം പറയുക അസാധ്യമാണു്. യേശു അവൎക്കുവേണ്ടി ഭാവിയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ചല്ല യഹൂദർ കേൾക്കാൻ ആഗ്രഹിക്കുന്നതു്. യേശു അവൎക്കുവേണ്ടി എന്തു ചെയ്‍തു എന്നാണു് അവർക്കു് കേൾക്കേണ്ടതു്. ആ സുവിശേഷമാണു് അപ്പൊസ്‍തലർ യഹൂദരോടു് പ്രസംഗിച്ചതു്.
തിരുവെഴുത്തിൽ യഹൂദനെ സംബധിച്ച് ദൈവം വാഗ്ദത്തം ചെയ്‍തതൊന്നും പൂൎത്തിയാക്കാതെ ബാക്കി വച്ചിട്ടില്ല. യേശുവിൽ ദൈവം എല്ലാം നിറവേറ്റി.
തിരുവെഴുത്തിൽ യഹൂദനെ സംബധിച്ച് ദൈവം വാഗ്ദത്തം ചെയ്‍തതൊന്നും പൂൎത്തിയാക്കാതെ ബാക്കി വച്ചിട്ടില്ല. യേശുവിൽ ദൈവം എല്ലാം നിറവേറ്റി. ആ ബോധ്യം ഉള്ളതു കൊണ്ടാണു് പത്രോസ് ധൈര്യമായി യഹൂദന്മാരോടു് യേശുവിനെ പ്രസംഗിച്ചതു്. മാത്രമല്ല, ശിഷ്യന്മാരുടെ കണ്ണു് തുറക്കപ്പെട്ടപ്പോൾ അവർ പഴയ നിയമത്തിലെ ഇസ്രായേൽ രാജ്യം എന്ന ചെറിയ സ്വപ്‍നം ഉപേക്ഷിച്ചിട്ടു് യേശുവിന്റെ സ്വൎഗ്ഗ രാജ്യത്തിന്റെ സന്ദേശവുമായി തലസ്ഥാന നഗരമാകേണ്ട യെറുശലേം വിട്ടിട്ടു് ലോകത്തിന്റെ അറ്റത്തോളം പോകുവാൻ തൈയ്യാറായി. യേശു തന്നെ മ്ശിഹ എന്നു പൂൎണ്ണ ബോധ്യം ലഭിച്ചതു കൊണ്ടാണു് അന്നു് മൂവായിരം പേര് യേശുവിൽ വിശ്വസിച്ചതു്.
ദാവീദിന്റെ വീണു കിടന്ന കൂടാരം യേശു സ്വൎഗ്ഗത്തോളം ഉയൎത്തി. ഭൂമിയിൽ ഏതു് കൈസർ ഭരിച്ചാലെന്ത് ? സ്വൎഗ്ഗത്തിൽ യേശു എന്ന മ്ശിഹ ദൈവത്തിന്റെ വലതു ഭാഗത്തു് വാഴുമ്പോൾ “യേശു കൎത്താവു്” എന്നു് ഏറ്റു പറയുവാൻ ഒരു പ്രയാസവും ഇല്ല. പലസ്‍തീൻ നാടു് റോമാക്കാരോ മറ്റാരു് ഭരിച്ചാലെന്തു് ?
“എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും”
എന്നു് മ്ശിഹയോടു് ദൈവം പറഞ്ഞില്ലേ? ഭൂമിയിലുള്ള എല്ലാവരും യേശുവിന്റെ ഭരണത്തിനു കീഴിലാണു്. ഇനി അഥവാ നാം മരിച്ചാലോ? “ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങൾ ഉള്ളതുമായ നഗരത്തിനായി” അബ്രഹാം പിതാവു് കാത്തിരുന്നില്ലേ? ഭൂമിയിലെ ഒരു ചെറു രാജ്യം ആൎക്കു വേണം?
ബൈബിളിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനികൾ തങ്ങളുടെ സമയവും പണവും മറ്റ് വിഭവങ്ങളും ‘ആലിയ’ (പലസ്തീൻ ദേശത്തേക്കുള്ള ജൂതരുടെ കുടിയേറ്റം) എന്ന വഴിവിട്ട പദ്ധതിക്കായി ചെലവഴിക്കുന്നതു് എത്രയോ നിൎഭാഗ്യകരമാണു്. സയണിസവും ആലിയയും നിമിത്തം നിരപരാധികളുടെ രക്തത്താൽ ആ നാടു് അശുദ്ധമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതു് എത്രയോ ദൈവ വിരുദ്ധവും ശാപ യോഗ്യവുമാണു്.
ആധുനിക ഇസ്രയേൽ എന്ന രാജ്യം കാട്ടികൂട്ടുന്ന കുറ്റകൃത്യങ്ങൾ ക്രിസ്‍ത്യാനികൾ കാണുന്നില്ലേ? മാനവ വംശത്തിന്നു് എതിരായ കുറ്റകൃത്യങ്ങൾ, വൎണ്ണ വിവേചനം, പീഡനം, വംശീയ ഉന്മൂല നാശം, അധിനിവേശ പ്രദേശത്തെ നിയമ വിരുദ്ധമായ കുടിയേറ്റങ്ങൾ എന്നിവ പ്രവചനത്തിന്റെ നിവൃത്തിയിലേക്ക് നയിക്കുന്ന പ്രവൎത്തനങ്ങളായി ന്യായീകരിക്കപ്പെടുന്നു!
പെന്തക്കോസ്തു് ദിനത്തിൽ പത്രോസ് എന്താണു് കണ്ടതെന്ന് കാണാൻ കൎത്താവു് ക്രിസ്ത്യാനികളുടെ കണ്ണുകൾ തുറക്കട്ടെ. ദാവിദ് പുത്രനായ യേശു സ്വൎഗത്തിൽനിന്നു് ഒരു ഏകീകൃത ഇസ്രായേലിനെ ഭരിക്കുന്ന കാഴ്‍ചയാണു് പെന്തെക്കൊസ്തു് ദിനത്തിൽ ആ മൂവ്വായിരം യഹൂദന്മാർ കണ്ടതു്. അതു് കാണുവാൻ ദൈവം ഇന്നത്തെ യഹൂദന്മാരുടെ കണ്ണുകൾ തുറക്കട്ടെ.
യെഹെസ്‌കേൽ മുപ്പത്തിയേഴിലെ രണ്ടു് സുപ്രധാന പ്രവചനങ്ങൾ നിറവേറ്റപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടതിനാൽ, ആ അദ്ധ്യായത്തിലെ മൂന്നാമത്തെ പ്രവചനത്തിലേക്കു് നമ്മുടെ ശ്രദ്ധയെ തിരിക്കാം.
“യഹോവയുടെ കൈ എന്റെമേൽ വന്നു യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവിൽ നിറുത്തി; അതു് അസ്ഥികൾ കൊണ്ടു നിറഞ്ഞിരുന്നു. അവൻ എന്നെ അവയുടെ ഇടയിൽക്കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്വരയുടെ പരപ്പിൽ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു. അവൻ എന്നോട്: മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ എന്നു ചോദിച്ചു …
“… ഞാൻ പ്രവചിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു. പിന്നെ ഞാൻ നോക്കി: അവയുടെ മേൽ ഞരമ്പും മാംസവും വന്നതും അവയുടെ മേൽ ത്വക്കു പൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു.
“… മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽ നിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരുടെ മേൽ ഊതുക. അവൻ എന്നോടു കല്പിച്ചതു പോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവിർന്നു നിന്നു. — യെഹെസ്കേൽ 37: 1-10
പെന്തക്കോസ്തു ദിനത്തിൽ ആത്മാവു് പകൎന്നതു് യോവേൽ പ്രവചനത്തിന്റെ നിവൃത്തിയാണെന്നു് പത്രോസ് തന്റെ പ്രസംഗത്തിൽ പ്രസ്താവിച്ചു. എന്നാൽ ആത്മാവിന്റെ ദാനത്തെ കുറിച്ചു് യോവേൽ മാത്രമല്ല പ്രവചിച്ചതു്.
“ആകാശത്തിൻകീഴുള്ള സകല ജാതികളിൽനിന്നും” യെറുശലേമിൽ കൂടിവന്ന “എല്ലാ ഇസ്രായേലും” ഉണങ്ങിയ അസ്ഥികൾ പോലെയായിരുന്നു — പ്രതീക്ഷയറ്റ അവസ്ഥ. എന്നാൽ പെന്തക്കൊസ്‍തു നാളിൽ യേശുവിൽ വിശ്വസിച്ച് സ്‍നാനം ഏറ്റവർ ക്രിസ്‍തുവിൽ പുനരുത്ഥാനം പ്രാപിക്കുകയും ഒരു പുതിയ സൃഷ്ടിയായി രൂപപ്പെടുകയും ചെയ്തു. യേശു തന്റെ ശിഷ്യന്മാരുടെ മേലും അന്നു് സ്നാനമേറ്റ ആയിരക്കണക്കിന് യഹൂദന്മാരുടെ മേലും പരിശുദ്ധാത്മാവിനെ ചൊരിഞ്ഞു. ആ “ഉണങ്ങിയ അസ്ഥികൾ” ജീവനുള്ള ഒരു സൈന്യമായി മാറ്റപ്പെട്ടു. അപ്രകാരം പെന്തക്കൊസ്‍തു നാളിൽ ദൈവം യെഹെസ്‍കേലിന്റെ ദൎശനം നിറവേറ്റി. അത്രമാത്രം പ്രാധാനപ്പെട്ട ഒരു സംഭവം ഇസ്രായേലിന്റെ ചരിത്രത്തിൽ അന്നേവരെ ആരും കണ്ടിട്ടില്ലായിരുന്നു.
നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വസ്‍തുത ഇതാണു് — ഈ ഉയിർത്തെഴുന്നേറ്റ പുതുക്കപ്പെട്ട “ഇസ്രായേൽ” യേശു എന്ന മ്ശിഹയുടേതാണു്. പരിശുദ്ധാത്മ ചൈതന്യമുള്ള ആ സൈന്യം യേശു ക്രിസ്തുവിന്റെ സഭയാണ്! പിന്നീടു് മറ്റു ജാതികളിൽ നിന്നു യേശുവിൽ വിശ്വസിച്ചവരെ ദൈവം ഈ പുതുക്കപ്പെട്ട ഇസ്രായേലിനോടാണു് കൂട്ടി ചേൎത്തതു്. യേശു ക്രിസ്തുവിന്റെ “ഇസ്രായേലിൽ” അവിശ്വാസികൾ ഉണ്ടായിരുന്നില്ല! അവർ എല്ലാവരും ദൈവത്തിന്റെ മക്കളായിരുന്നു. സാക്ഷാൽ “അബ്രഹാമിന്റെ സന്തതിയായ” യേശു ക്രിസ്തുവിലൂടെ അവർ അബ്രാഹാമിന്നു് ലഭിച്ച വാഗ്ദാനങ്ങളുടെ യഥാൎത്ഥ അവകാശികൾ ആയിത്തീൎന്നു. യേശുവിൽ വിശ്വസിക്കാൻ വിസമ്മതിച്ച യഹൂദന്മാൎക്ക് ഈ ഉയിർത്തെഴുന്നേറ്റ ഇസ്രായേലിൽ യാതൊരു പങ്കും ഇല്ലായിരുന്നു.
സുവിശേഷത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും “എല്ലാ ഇസ്രായേലും രക്ഷിക്കപ്പെടും” എന്നു് ഡാർബിയുടെ അനുയായികൾ പറയുന്നു! “എല്ലാ ഇസ്രായേലും രക്ഷിക്കപ്പെടും” എന്നു് റോമാക്കാൎക്ക് എഴുതിയ ലേഖനത്തിൽ അപ്പൊസ്തലനായ പൗലോസ് എഴുതുന്നതിനു മുമ്പ് “യഹൂദൻ,” “ഇസ്രായേൽ” എന്നീ പദങ്ങൾക്കു് താൻ പുതിയ നിൎവ്വചനവും അൎതഥവും കൽപ്പിച്ചു എന്നു് അവർ വിസ്‍മരിക്കുന്നു. “പുറമേ യെഹൂദനായവൻ യെഹൂദനല്ല; പുറമേ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല” (റോമർ 2:28) ദൈവം ജഡപ്രകാരമുള്ള ഇസ്രായേലിന്റെ മേൽ വളരെയധികം മുതൽ മുടക്കിയതായിരുന്നു. എന്നിട്ടും അവരിൽ മിക്കപേരും ദൈവത്തിന്റെ മ്ശിഹയെ വിശ്വസിച്ചില്ല. അതിൽ ദുഃഖിതനായ പൗലോസ് സ്വയം ആശ്വസിപ്പിച്ചതു് ഇങ്ങനെ ചിന്തിച്ചു കൊണ്ടായിരുന്നു:
“എന്നാൽ ദൈവവചനം വൃഥാവായിപ്പോയിട്ടില്ല. എന്തെന്നാല്‍ [ജഡപ്രകാരമുള്ള] ഇസ്രായേലില്‍ നിന്നുള്ളവര്‍ എല്ലാവരും [സാക്ഷാൽ] ഇസ്രായേല്യര്‍ അല്ല. “അബ്രഹാമിന്‍റെ സന്തതികള്‍ എല്ലാവരും അദ്ദേഹത്തിന്റെ മക്കള്‍ എന്നും വരികയില്ല. എന്തെന്നാല്‍ ഇസഹാക്കില്‍ നിന്നും (ജനിക്കുന്നവര്‍) നിന്റെ സന്തതി എന്നു് വിളിക്കപ്പെടും എന്നു് പറയപ്പെട്ടിട്ടുണ്ടല്ലോ. “അതായത്, ജഡപ്രകാരം ജനിച്ച മക്കളല്ല ദൈവത്തിന്റെ മക്കള്‍. എന്നാലോ വാഗ്ദത്ത പ്രകാരമുള്ള മക്കളത്രേ സന്തതി എന്നു് ഗണിക്കപ്പെടുന്നതു് ” — റോമർ 9: 6-8 (വിശുദ്ധ ഗ്രന്ധം)
അപ്പോൾ ആരാണു് “വാഗ്ദത്ത പ്രകാരമുള്ള മക്കൾ?” അബ്രഹാമിന്റെ “സന്തതി” എന്നു് വിളിക്കപ്പെടുവാൻ യോഗ്യൻ ആരാണ് ? യേശു അല്ലാതെ മറ്റാരുമല്ല! ഗലാത്യ ലേഖനത്തിൽ പൗലോസ് അതു് വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. ക്രിസ്തുവിന് മാത്രമേ “അബ്രഹാമിന്റെ സന്തതി” എന്നു് വിളിക്കപ്പെടാൻ യോഗ്യതയുള്ളുവെങ്കിൽ, ജഡപ്രകാരമുള്ള ഇസ്രായേലിനു് അബ്രഹാമിന്റെ അവകാശമോ വാഗ്ദാനങ്ങളോ അവകാശപ്പെടാനാകില്ല! ക്രിസ്തുവിലൂടെ വരുന്നവൎക്കു് മാത്രമേ യഥാൎത്ഥ അവകാശികളാകാൻ കഴിയൂ. യേശു ക്രിസ്തുവിന്റെ സുവിശേഷം യഹൂദന്മാൎക്കും വിജാതീയൎക്കും ആ പദവി തുറന്നു കൊടുത്തു.
ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ. ക്രിസ്തുവിനുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്ത പ്രകാരം അവകാശികളും ആകുന്നു. — ഗലാത്യർ 3:27-29
ഇപ്പോഴും വീമ്പിളക്കുന്ന [ജഡപ്രകാരമുള്ള] യഹൂദന്മാരോട്, പൗലോസിനു് എന്താണു് പറയാനുള്ളതു് ?
നമ്മൾ [പരിച്ഛേദനയേറ്റ] യഹൂദരോ [അഗ്രചൎമ്മികളായ] വിജാതീയരോ എന്നതു് ഒരു പ്രശ്‍നമേയല്ല. നമ്മൾ ഒരു പുതിയ സൃഷ്ടിയായി രൂപാന്തരപ്പെട്ടിട്ടുണ്ടോ എന്നതാണു് പ്രധാനം. ഈ തത്വം അനുസരിച്ചു ജീവിക്കുന്ന എല്ലാവൎക്കും ദൈവത്തിന്റെ സമാധാനവും കരുണയും ഉണ്ടാകട്ടെ; അവരാണു് ദൈവത്തിന്റെ ഇസ്രായേൽ. — ഗലാ 6:15-16.
നാം വായിച്ചു് പരിചയിച്ച മലയാളം ബൈബിളിൽ ഈ വാക്യം വായിച്ചാൽ ദൈവത്തിന്നു രണ്ടു കൂട്ടം ജനങ്ങൾ ഉണ്ടെന്നു തോന്നി പോകും.
ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവൎക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ. — ഗലാ 6:16.
ഇതു് തെറ്റായ പരിഭാഷയാണു്. ഇതേ പിശകു് പല ഇംഗ്ലീഷ പരിഭാഷകളിലും കാണുവാൻ സാധിക്കും. അതിന്റെ കാരണമെന്തു് ? യവന ഭാഷയിൽ ‘και’ എന്ന പദം ‘and’ എന്നു് തൎജ്ജുമ ചെയ്യുന്നതുകൊണ്ടാണു്. ദൈവത്തിന്നു രണ്ടു കൂട്ടം ജനങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ അതു് തൊട്ടു മുകളിൽ പൗലുസ് പറഞ്ഞ കാൎയ്യത്തിനു് നേർ വിപരീതമാകും. മാത്രമല്ല, അതു് ഗലാത്യ ലേഖനത്തിന്റെ സന്ദേശത്തിനും വിപരീതമാകും. പലപ്പോഴും ‘και’ എന്ന പദം ‘തന്നെ’ എന്ന അൎഥത്തിൽ ഉപയോഗിക്കപ്പെടുന്നു. ഇംഗ്ലീഷിലെ Revised Standard Version, J. B. Phillips പുതിയ നിയമം എന്നീ വിവൎത്തനങ്ങളിൽ ഈ വാക്യം ശരിയായി പരിഭാഷപ്പെടുത്തിയിരിക്കുന്നു. അപ്രകാരം ഈ വാക്യം നാം വായിച്ചാൽ 15-ാം വാക്യവും 16-ാം വാക്യവും തമ്മിൽ ഒരു വൈരുദ്ധ്യവും ഇല്ല.
ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവൎക്കും – ദൈവത്തിന്റെ യിസ്രായേലിന്നു തന്നെ – സമാധാനവും കരുണയും ഉണ്ടാകട്ടെ. — ഗലാ 6:16.
ദൈവത്തിന്റെ യഥാൎത്ഥ ഇസ്രായേലിന്നു് സമാധാനവും കൃപയും ഉണ്ടാകട്ടെ!
പെന്തക്കോസ്തു ദിനത്തിന്റെ പ്രാധാന്യം എന്താണ് ? അന്നു് യേശുവിന്റെ ശിഷ്യന്മാർ പരിശുദ്ധാത്മ സ്‍നാനം പ്രാപിച്ചു എന്നു മാത്രമല്ല. യഹൂദന്മാർ നൂറ്റാണ്ടുകളായി സ്വപ്‍നം കണ്ട മ്ശിഹയുടെ ദൈവരാജ്യം യേശുവിൽ അന്നേ ദിവസം ഉത്ഘാടനം ചെയ്യപ്പെട്ടു. അങ്ങനെ ദൈവം ദാവീദിനു കൊടുത്ത വാഗ്ദാനം നിറവേറ്റി. ദാവീദിന്റെ സന്തതിയായ ഒരു രാജാവു് സ്വൎഗ്ഗത്തിൽ സിംഹാസനസ്ഥനായി. പിതാവിൽ നിന്നു് ആത്മാവിനെ സ്വീകരിക്കുകയും ശിഷ്യന്മാൎക്കു് ദാനമായി നൽകുകയും ചെയ്തതിലൂടെ താൻ കൎത്താവും മ്ശിഹയുമാണെന്നു് യേശു തെളിയിച്ചു. യേശുവിൽ യാഥാൎത്ഥ്യമായ ദൈവ രാജ്യമാണു് അപ്പൊസ്‍തലന്മാർ പ്രസംഗിച്ചതു്. അതാണു് പൂൎണ്ണ സുവിശേഷം. ഇന്നു നാം പ്രസംഗിക്കുന്നതു് യേശുവിനെ രാജാവാക്കുവാനല്ല; മറിച്ചു് സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും അവന്നു് നൽകപ്പെട്ടതു കൊണ്ടാണു്.
രാജാവിനു് രാജ്യം ഇല്ലെങ്കിൽ എന്തു പ്രയോജനം? ഈ മ്ശിഹയുടെ കീഴിൽ എല്ലാ ഇസ്രായേലിനെയും ഒന്നിപ്പിക്കും എന്ന വാഗ്ദാനവും ദൈവം നിറവേറ്റി. എല്ലാ രാജ്യങ്ങളിൽ നിന്നും അവിടെ കൂടി വന്ന യഹൂദരോടു് മ്ശിഹയായ യേശുവിനെകുറിച്ചു് പത്രോസ് വിളമ്പരം ചെയ്‍തപ്പോൾ അവരിൽ മൂവായിരം പേര്‍ യേശുരാജാവിനു കീഴടങ്ങി. അവർ യേശു ക്രിസ്തുവിന്റെ സഭയെന്ന സാക്ഷാല്‍ ഇസ്രായേലിനോടു് ചേര്‍ന്നു. ഉണങ്ങിയ അസ്ഥികൂമ്പാരം പോലെ നിർജ്ജീവമായ അവരെ ദൈവം ക്രിസ്തുവിൽ ജീവിപ്പിച്ചു ദൈവാത്മാവിനാൽ ചൈതന്യം കൊടുത്തു പുതിയനിയമ സഭയെന്ന സൈന്യമായി എഴുന്നേൽപ്പിച്ചു. യേശുവിന്റെ ശിഷ്യന്മാരോടൊപ്പം അവർ പുതുക്കപ്പെട്ട ഇസ്രായേലായി. (പഴയ നിയമ ഭക്തന്മാരും ഇതേ ഗണത്തിൽ പെടുന്നു എന്നു് ഏബ്രായർ 11ൽ കാണുന്നു.) യേശുവിനെ തള്ളിയ യഹൂദന്മാർ ജഡീക സന്തതിയെ പോലെ പുറത്താക്കപ്പെട്ടപ്പോൾ യേശുവിനെ കൈക്കൊണ്ടവർ വാഗ്ദത്ത സന്തതിയും അവകാശികളുമായി.
സ്വൎഗ്ഗത്തിലെ ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ഠനായ ഉയിൎത്തെഴുന്നേറ്റ യേശുവിനെ ഭൂമിയിലെ ഒരു സിംഹാസനത്തിൽ ഒതുക്കാൻ സാധിക്കില്ല. ആ ഇടുങ്ങിയ സയണിസ്റ്റ് സ്വപ്നവുമായി സ്വർഗ്ഗീയനായ യേശു പൊരുത്തപ്പെടില്ല. ആസന്നഭാവിയിൽ വെളിപ്പെടും എന്നു് കരുതി ഏതൊരു സ്വൎഗ്ഗരാജ്യം യഹൂദന്മാർ സ്വപ്നം കണ്ടു കാത്തിരുന്നവോ, ആ ദൈവരാജ്യം യേശു രാജാവായി വാഴിക്കപ്പെട്ടപ്പോൾ യാഥാൎത്ഥ്യമായി എന്നു് അവർ അറിഞ്ഞിരുന്നു എങ്കിൽ കൊള്ളായിരുന്നു!
മ്ശിഹതമ്പുരാനായ യേശുവിനെ കുറിച്ചുള്ള യഹൂദന്മാരുടെ എതിൎപ്പുകൾക്ക് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ധൈര്യത്തോടെ ഉത്തരം നൽകാൻ പത്രോസിനെ പോലെ ഇന്നത്തെ ക്രിസ്ത്യാനികൾക്കും കഴിയണം. സയണിസ്റ്റ്കാർ ഇന്നും കുറെ യഹൂദന്മാരെ തട്ടികൂട്ടി ഭൂമിയില്‍ ഒരു ഡൂപ്ലിക്കേറ്റ് മ്ശിഹാരാജ്യം സ്ഥാപിക്കുന്നതിന്റെ തിരക്കിലാണു്. അതിന്നായി എത്ര യുദ്ധം നടത്താനും എത്ര നിരപരാധികളെ കൊല്ലാനും അവര്‍ക്കു് ഒരു മടിയുമില്ല. അവർക്കു കുട പിടിക്കുവാന്‍ പണച്ചാക്കുകളായ കുറെ ക്രിസ്ത്യാനികളും! അവരുടെ ജഡികവും ഭൗമികവും ക്രൂരവുമായ സയണിസ്റ്റ് വ്യാഖ്യാനങ്ങളെ പരാജയപ്പെടുത്തുവാൻ പരിശുദ്ധാത്മ ശക്തിയുടെ പ്രകടനത്തേക്കാൾ ഫലപ്രദമായ വേറെ ഒന്നും ഇന്നുമില്ല. പെന്തക്കൊസ്തിന്റെ ശരിയായ വെളിച്ചം ഉള്ളിലേക്കു് വീശിയാല്‍ യേശുവിന്റെ സ്വർഗ്ഗാജ്യത്തോടു് പടവെട്ടുന്ന എല്ലാ ഇരുളും നീങ്ങി പോകും.
പരിസ്ഥിതി ശാസ്‍ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫിലിപ്പ് ഈപ്പൻ ഗവേഷണ വിദ്യാൎത്ഥിയായിരിക്കുമ്പോൾ യേശു ക്രിസ്‍തുവിന്റെ സദ്വൎത്തമാനം മറ്റുള്ളവരോടു് പങ്കുവക്കുന്ന ദൗത്യത്തിനായി തന്റെ ജീവിതം സമൎപ്പിച്ചു. മറ്റേതിനാക്കാളും ലോകത്തിനു് യേശു ക്രിസ്‍തുവിനെയാണ് ആവശ്യം എന്ന ബോധ്യം തന്നെ ഭരിച്ചതുകൊണ്ടാണു് അപ്രകാരം ചെയ്‍തതു്. ആ ദൗത്യം നിറവേറ്റുന്നതിനോടൊപ്പം ബൈബിൾ പഠിക്കുവാൻ ക്രിസ്‍തു ശിഷ്യരെ സഹായിച്ചു പോരുന്നു. വായനാക്കാരുടെ സംഭാവനകൾ തന്റെ പ്രവൎത്തനങ്ങൾക്കു് സഹായകരമാണു്. ഡോ. ജെസ്സിമോളാണു് ഭാൎയ്യ. അവൎക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയിമുണ്ടു്.
May 2, 2020
BACK |
TOP |
INDEX |
HOME
ABOUT |
CONTACT |
SUPPORT |
SITE MAP |