കോർപ്പസ് ക്രിസ്റ്റിയെ കുറിച്ചു് …
English
ഉള്ളടക്കം
‘കോർപ്പസ് ക്രിസ്റ്റി’ എന്നാൽ ലത്തീൻ ഭാഷയിൽ ക്രിസ്തുവിന്റെ ശരീരം എന്നൎത്ഥം.
ഞങ്ങൾ വിശ്വസിക്കുന്നു …
- അറുപത്തിയാറ് പുസ്തകങ്ങൾ അടങ്ങിയ വിശുദ്ധ ബൈബിളിന്റെ മൂലഭാഷയിലുള്ള പ്രതികൾ ദൈവത്തിന്റെ ആത്മാവിന്റെ പ്രചോദനത്താൽ എഴുതപ്പെട്ട തിരുവെഴുത്തകളാണു്. അവ പുതിയ നിയമ ക്രിസ്തു സഭയുടെ വിശ്വാസത്തെയും ജീവിതത്തെയും അളക്കുവാൻ ഉപയോഗിക്കേണ്ട അളവുകോലാണു്.
- വിശുദ്ധ ബൈബിളിൽ തന്നെതാൻ വെളുപ്പെടുത്തിയ ഏക സത്യ ദൈവമായ ഒരു ദൈവം മാത്രമേയുള്ളൂ. ഒരു മാനവരാശിയിൽ അനേക വ്യക്തികൾ ഉള്ളതു പോലെ ആ ഏക ദൈവത്തിൽ മൂന്നു വ്യക്തികൾ അടങ്ങിയിരിക്കുന്നു — പിതാവായ ദൈവം, പുത്രനായ യേശു ക്രിസ്തു, ദൈവത്തിന്റെ ആത്മാവു്. അവർ മൂന്നു ദൈവങ്ങൾ അല്ല. ഏക സത്യ ദൈവമാണു്.
- കൎത്താവും രാജാവുമായ യേശു ക്രിസ്തു നിത്യനായ ദൈവ പുത്രനാണു്; കന്യകയായ മറിയാമിലൂടെ മനുഷ്യ ശരീരം അണിഞ്ഞ താൻ പാപം ചെയ്യാത്ത വിശുദ്ധ രക്ഷകനായി. പാപം ചെയ്തു നിത്യ നാശത്തിനു യോഗ്യരായ മാനവ കുടുംബത്തെ രക്ഷിക്കുവാൻ യേശു തന്റെ ജീവൻ മറുവിലയായി നൽകി. അവൻ മരിച്ചും. അടക്കപെട്ടു. ഉയിൎത്തെഴുന്നേറ്റു. തേജസ്കരിക്കപ്പെട്ടു. എല്ലാ നാമത്തിലും മേലായ നാമം ധരിച്ചു രാജാധി രാജാവായി സവൎഗ്ഗത്തിൽ അവൻ വാഴുന്നു. അവന്റെ വാഴ്ചക്കു അന്തമില്ല. മനുഷ്യരെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാൻ യേശു അല്ലാതെ വേറെ ആരുമില്ല.
- പാപക്ഷമ ലഭിക്കുവാനും ന്യായവിധിയിൽ നിന്നു നിത്യമായ രക്ഷ അഥവാ മുക്തി ലഭിക്കുവാനും യേശുവിൽ ആശ്രയിക്കുന്ന ഏവരെയും ദൈവം സൗജന്യമായി രക്ഷിക്കും. നാം അൎഹിക്കാത്ത ഈ ദാനം ദൈവം തരുന്നു. പാപക്ഷമ ലഭിക്കുവാൻ നാം നമ്മുടെ പാപങ്ങളെ ഓൎത്തു പശ്ചാതപിച്ചു് ദൈവത്തോടു് ഏറ്റുപറയണം. നമ്മുടെ പാപത്തിന്റെ ശിക്ഷ ഏറ്റുവാങ്ങി യേശു നമ്മുടെ സ്ഥാനത്തു് ക്രൂശു് മരണം അനുഭവിച്ചും എന്നു വിശ്വസിക്കണം. അനുതപിക്കുന്ന ഒരു വിശ്വാസിയുടെ പാപങ്ങൾ ദൈവം ക്ഷമിക്കും. പാപത്തിന്റെ അടിമത്തത്തിൽ നിന്നും സ്വതന്ത്രനാക്കും. ദൈവ കുടുംബത്തിലും പുതിയ നിയമ ഇസ്രയേലിലും അംഗത്വം നൽകും.
- പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അനുതപിക്കുന്ന വിശ്വാസിക്കു് ജലത്തിൽ മുഴുകൽ സ്നാനം നൽകണം. അതിലൂടെ യേശുവിന്റെ മരണവും പുനുരുദ്ധാനവും ആ വിശ്വസിയുടേതായി തീരും. സ്നാനത്താൽ വിശ്വാസിക്കു ആത്മാവിലും ജലത്താലുമുള്ള പുതുജനനം ദൈവം നൽകും. മരണത്തിൽ നിന്നു ജീവനിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു യേശുവിന്റെ രാജ്യത്തിലേക്കും അവൻ പ്രവേശിക്കും.
- പാപം ക്ഷമിക്കപെട്ടു്, പുതു ജനനം പ്രാപിച്ചു്, യേശു ക്രിസ്തുവിലൂടെ ദൈവത്തോടുള്ള കൂട്ടായ്മയിൽ ജീവിക്കുന്നവരുടെ ആഗോള കൂട്ടായ്മയാണ് ക്രിസ്തു സഭ. പ്രാദേശിക തലത്തിൽ അവർ ഒത്തു ചേൎന്നു ആരാധനയിലും കൂട്ടായ്മയിലും ശുഷ്രൂഷയിലും പങ്കുചേരുന്നു, ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ അന്യോന്യം ഭാരങ്ങളെ ചുമക്കുന്നു.
- ദൈവം തന്റെ ദൗത്യം പുതിയനിയമ സഭയെ ഭരമേൽപ്പിച്ചിരിക്കുന്നു.
- സ്തുതിയിലൂടെയും ആരാധനയിലൂടെയും ദൈവീക ഭരണിത്തിനു കീഴിൽ ജീവിക്കുന്നതു വഴിയും ദൈവത്തെ മഹത്വപ്പെടുത്തുക എന്നതാണു് സഭയുടെ പ്രാധമീക ദൗത്യം.
- പരിശുദ്ധാത്മാവു് നൽകുന്ന ദൈവീക അനുഗ്രഹ വരങ്ങൾ ഉപയോഗിച്ചു് സഭയിലെ അംഗങ്ങൾ തമ്മിൽ തമ്മിൽ ആത്മീക വൎദ്ധന വരുത്തണം. തമ്മിൽ തമ്മിൽ ദൈവീക സത്യം സംസാരിച്ചും ജീവിച്ചും എല്ലാവരും ആത്മീക പക്വതയിലേക്കു് വളരണം.
- പാപത്തിൽ നിന്നും അതിന്റെ ദുരനുഭവങ്ങളിൽ നിന്നും ദൈവം ലോകത്തെ രക്ഷിക്കുവാൻ ആഗ്രഹിക്കുമ്പോൾ സുവിശേഷ ഘോഷണത്തിലൂടെയും സേവനത്തിലൂടെയും സഭ ആ ദൗത്യത്തിൽ പങ്കാളികൾ ആകണം. ആരും നശിച്ചു പോകണം എന്നു ദൈവം ആഗ്രഹിക്കുന്നില്ല. ദൈവീക ദൗത്യം നിറവേറ്റുവാൻ വിശ്വാസികൾക്കു് പരിശുദ്ധാത്മ സ്നാനം ദൈവം നൽകുന്നു.
- യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ താൻ ശിഷ്യന്മാരോടൊപ്പം പെസഹാ വിരുന്നു് ഭക്ഷിച്ചു. ഉടൻ സംഭവിക്കേണ്ട തന്റെ മരണത്തിലേക്കാണ് പെസഹ ചൂണ്ടുന്നതു് എന്നു യേശു പഠിപ്പിച്ചു. “എന്റെ ഓൎമ്മക്കായി ഇതു് ചെയ്യുവീൻ” എന്നു കൽപ്പിച്ചു. യേശു ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെയും മരണത്തെയും അതു മൂലം സാധ്യമായ പുറപ്പാടിനെയും സ്മരിക്കുവാൻ സഭ ക്രിസ്തു കേന്ദ്രീകൃത പെസഹാ വിരുന്നു ആചരിക്കേണം. അതാണു് കത്തൃമേശ അഥവാ തിരു അത്താഴം. ആണ്ടുതോറുമുള്ള ആ വിരുന്നിൽ പുളിപ്പില്ലാത്ത അപ്പവും വീഞ്ഞും ഉപയോഗിക്കണം. സഭയുടെ ഐക്യം വിളിച്ചറിയിക്കുവാൻ അപ്പം ഒന്നായിരിക്കേണം. പാനപാത്രവും അപ്രകാരം ഒന്നായിരിക്കേണം (1 കൊരി 10:17); പാപം വിട്ടൊഴിഞ്ഞ് വിശുദ്ധ ജീവിതം സഭ നയിക്കെണം എന്നു് ഓൎക്കുവാൻ അപ്പം പുളിപ്പ് ഇല്ലാത്തതായിരിക്കണം. (1 കൊരി 5:6-8).
- തന്റെ അപ്പൊസ്തലന്മാരുടെ അടുക്കൽ മടങ്ങി വരുമെന്നു യേശു അവൎക്കു വാക്കു കൊടുത്തു (യോഹ 14:3). പീഡനം വരുമ്പോൾ അഭയം പ്രാപിക്കുവാൻ അവർ യഹൂദ്യയിലുള്ള എല്ലാ പട്ടണങ്ങൾ തോറും കയറിയിറങ്ങി തീരും മുമ്പേ യേശു വരും എന്നു് അവൻ അവൎക്കു വാക്കു കൊടുത്തു (മത്തായി 10:23). അതു് കൊണ്ടു് തങ്ങളുടെ ജീവിത കാലത്തു് തന്നെ യേശു യെരുശലേമിന്റെ മേൽ ന്യായവിധി നടപ്പാക്കുവാൻ വരും എന്നു അപ്പൊസ്തലർ വിശ്വസിച്ചു (മത്തായി 16:27,28; 24:34; യോഹ 21: 22-23).
- അമൃത്യമായ ആത്മീക പുനരുദ്ധാന ശരീരത്തിൽ യേശു ക്രിസ്തുവിന്റെ മഹത്വത്തിൽ പങ്കാളികളായി അവന്റെ നിത്യമായ സ്വൎഗ്ഗരാജ്യത്തിൽ അവനോടൊത്തു് വാഴാം എന്നതാണു് ഭാഗ്യകരമായ ക്രിസ്തീയ പ്രത്യാശ.
- എല്ലാ മനുഷ്യരേയും ദൈവം ന്യായം വിധിക്കും.
ഞങ്ങളുടെ മൂല്യങ്ങൾ …
ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ ജീവിതത്തിലെ തിരുമാനങ്ങൾ എടുക്കുവാൻ ഞങ്ങൾ താത്പൎയ്യപ്പെടുന്നു. ഈ മൂല്യങ്ങൾ മറ്റുള്ളവരിലേക്കും എത്തിക്കുവാൻ ഞങ്ങൾ ശ്രമിക്കും.
1. ദൈവത്തിന്റെ മഹത്വം
- എല്ലാറ്റിലും ഉപരി ദൈവത്തിന്റെ നാമം മഹത്വപ്പെടണം;
- അതേ കാരണത്താൽ ദൈവ സഭയുടെ സൽപ്പേരിനു കളങ്കം ഉണ്ടാകരുതു്. സഭക്കുള്ളിലെ തൎക്കങ്ങളും വിശ്വാസികൾ തമ്മിലുള്ള ഭിന്നതകളും അന്യായങ്ങളും സഭയുടെ നേതൃ നിരയുള്ളവരാൽ പരിഹരിക്കപ്പെടണം.
- ദൈവ നാമം മഹത്വത്തിന്നായി ക്രിസ്തിയ വിശ്വാസികൾ എല്ലാ കാൎയ്യങ്ങളിലും – സന്മാൎഗ്ഗീകവും നിയമപരവും സാമ്പത്തീകവുമായ കാൎയ്യങ്ങളിൽ ഉൾപ്പടെ – കുറ്റമറ്റവരായിരിക്കണം.
2. മാനവ കുടുംബത്തിന്റെ ഐക്യം
- എല്ലാ മനുഷ്യരും ആദമിന്റെയും ഹവ്വയുടെയും മക്കളാകയാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ നാം ഒരു കുടുംബത്തിൽ പെട്ടവരാണു്.
- ആ കാരണത്താൽ വിവിധ വംശക്കാരായ മനുഷ്യർ വ്യത്യസ്ഥ സ്രോതസ്സുകളിൽ നിന്നു ഉദ്ഭവിച്ചു എന്നു പഠിപ്പിക്കുന്ന പരിണാമവാദത്തെയോ മറ്റു മതചിന്തകളെയോ അംഗീകരിക്കുക സാധ്യമല്ല.
- നിറം, ശരീരാകൃതി, തൊഴിൽ, രാജ്യം, ജീവിതരീതികൾ എന്നീ അടസ്ഥാനത്തിൽ മനുഷ്യരെ വിവിധ ജാതികളായോ തരക്കാരായോ തിരിക്കുന്നതു് ദൈവത്തോടു് മനുഷ്യരോടും ചെയ്യുന്ന പാപമാണു്. മനുഷ്യരുടെ ഇടയിൽ ഒരു ജാതിയെ ഉള്ളൂ. അതു് മനുഷ്യ ജാതിയാണു്.
3. ലിംഗ ഭേദം
- ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചും. ഈ ലിംഗ ഭേദം അടിസ്ഥാനപരമായ ഒരും വേർതിരിവാണു്. അതു് മനുഷ്യ ജീവിതത്തിനും മാനവ സംസ്കാരത്തിനും ഉഴിച്ചുകൂടാനാകാത്തതാണു്. ഈ ലിംഗ ഭേദം ആല്ലാതെ മനുഷ്യർ തമ്മിൽ ഒരു വേർതിരിവോ വിവേചനമോ പാടില്ല.
- ചില അവയവങ്ങളിൽ ഒതുങ്ങുതല്ല സ്ത്രീ-പുരുഷ ലിംഗ ഭേദം. എല്ലാ കോശങ്ങളിലും ലിംഗ ഭേദം കാണാം. അതിനാൽ സ്ത്രീയെ പുരുഷൻ ആക്കുവാനോ പുരുഷനെ സ്ത്രീ ആക്കുവാനോ സാധ്യമല്ല.
- ഈ ലിംഗ ഭേദം അഥവാ വേർതിരിവു് ദൈവം സ്ഥാപിച്ച കുടുംബത്തിൽ വ്യക്തമാണു്. അതു് അനിവാൎയ്യമാണു്. അടിസ്ഥാനപരമായി സ്ത്രീയും പുരുഷനും വ്യത്യസ്ഥരാണെങ്കിലും അവർ ഒത്തു വരുമ്പോൾ അവരുടെ വ്യത്യാസങ്ങൾ പൊരുത്തകേട് സൃഷ്ടിക്കുന്നില്ല. മറിച്ചു് അവരിലെ ഭേദങ്ങൾ ഒരുമിച്ചു് തമ്മിൽ പൂരിപ്പിക്കുന്നവയായി തീരുന്നു. ദൈവം പുരുഷനെയും സ്ത്രീയെയും ഏൽപ്പിച്ച കൎത്തവ്യങ്ങൾ അവർ നിൎവഹിക്കുമ്പോൾ അവർ ഒന്നായി തീരും.
- സ്വവർഗരതി എന്ന കൃതൃമത്തിനു് ദൈവത്തിന്റെ സൃഷ്ടിയിൽ ഒരു സ്ഥാനവും ഇല്ല. ദൈവത്തെ അംഗീകരിക്കുവാനോ ആരാധിക്കുവാനോ കൂട്ടാക്കാത്ത ആളുകളുടെ മേലുള്ള ദൈവത്തിന്റെ ന്യായവിധിയുടെ അടയാളമാണ് അവരുടെ സ്വവർഗരതി. ദൈവത്തെ തിരിച്ചറിയാത്തവൎക്കു ലിംഗ ഭേദം എന്ന തിരിച്ചറിവു് പോലു് ഇല്ലാതാകുന്നു. എന്നിരുന്നാലും, സ്വവർഗാനുരാഗികൾ ആണെന്ന് അവകാശപ്പെടുന്നവർ സ്നേഹത്തിനും പരിചരണത്തിനും അർഹരാണ്.
4. ഏകഭാൎയ്യ-ഏകഭൎത്താവു് അടിസ്ഥാനത്തിൽ ഭിന്നലിംഗ വിവാഹത്തിന്റെ സ്ഥിരതയും വിശുദ്ധിയും
- ഒരു ഭൎത്താവിനു് ഒരു ഭാൎയ്യ. ഒരു ഭാൎയ്യക്കു് ഒരു ഭൎത്താവു്. സൃഷ്ടിയിൽ ദൈവം വെളിപ്പെടുത്തിയ വിവാഹത്തിന്റെ മാതൃക അതാണു്. ദൈവവും മനുഷ്യനും തമ്മിലുള്ള വിശ്വസ്തമായ ബന്ധത്തെ കാണിക്കുന്നതാണ് അത്തരത്തിലുള്ള കുടുംബങ്ങൾ. അസാന്മാൎഗ്ഗീക രീതികൾ മനുഷ്യന്റെ പാപ സ്വഭാവത്തിൽ നിന്നു് ഉടലെടുക്കുന്നു.
- ലൈഗീകത എന്ന ദൈവീക ദാനം അനുഭവിക്കുവാൻ കുടുംബം എന്ന ഏക സുരക്ഷിത വേദി മാത്രമേ ദൈവം മനുഷ്യനു അംഗീകരിച്ചു നൽകിയിട്ടുള്ളൂ.
- തിരുവെഴുത്തുകൾ അനുവദിക്കുന്ന ചില കാരണങ്ങൾ ഒഴികെ മറ്റൊരു കാരണവശാലും വിവാഹമോചനമോ പുനൎവിവാഹമോ തിരഞ്ഞെടുക്കാവൂ.
5. ബൈബിളിൽ അധിഷ്ഠിതമായ പുരുഷ നേതൃത്തം
- ദൈവം നമ്മുടെ സ്വൎഗ്ഗീയ പിതാവാണു്, മാതാവല്ല. ദൈവത്തെ പിതാവേ എന്നു അഭിസംബോധന ചെയ്യുവാൻ യേശു നമ്മെ പഠിപ്പിച്ചു. ആ പിതാവിൽ നിന്നാണു് എല്ലാ കുടുംബങ്ങളുടെയും ഉറവിടം. ബൈബിൾ അനുശാസിക്കുന്ന പുരുഷ നേതൃത്തം – സ്വേച്ഛാധിപത്യമല്ല, നേതൃത്തം – ദൈവത്തിന്റെ പിതൃസ്ഥാനത്തിൽ അധിഷ്ഠിതമായിരിക്കുന്നു.
- പ്രാരംഭത്തിൽ ദൈവം ആദാമിനെ തന്റെ സ്വരൂപത്തിലും സാദൃശത്തിലും സ്രഷ്ഠിച്ചു. അതായതു്, ഭൂമിയിൽ ദൈവത്തിന്റെ ഭരണം നടത്തുന്ന രാജാവായി അവനെ നിയോഗിച്ചു. അതിനു ശേഷം സ്ത്രീയെ അവനു തക്ക തുണയായി നിൎമ്മിച്ചു. രണ്ടു് രാജാക്കന്മാരെ അല്ല, ഒരു രാജാവിനെയും അവന്റെ രാജ്ഞിയെയും ആണു് ദൈവം സ്രഷ്ഠിച്ചതു്. “പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ … [മറിച്ചു്] സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.”
- ദൈവം ഉണ്ടാക്കിയ രണ്ടു് പ്രസ്ഥാനങ്ങളാണു് കുടുംബവും ക്രിസ്തീയ സഭയും. ഇവ രണ്ടിലും ജ്ഞാനത്തോടും സ്നേഹത്തോടും ഭരണം നടത്തേണ്ടതു് പുരുഷന്റെ കടമാണു് എന്നു – സമൂഹമല്ല – ദൈവം നിശ്ഛയിച്ചിരുക്കുന്നു. പുരുഷന്റെ മേൽ കൎത്തൃത്തം നടത്തുവാൻ ദൈവം സ്ത്രീയെ അനുവദിച്ചിട്ടില്ല.
- കുടുംബത്തിലും സഭയിലുമുള്ള പുരുഷ നേതൃത്തം ക്രിസ്തുവിനു സഭയുടെ മേലുള്ള കൎത്തൃത്തത്തിന്റെ നിഴലാണു്.
- സ്ത്രീകൾ “വിവാഹംകഴിച്ച് അമ്മമാരായി ഗൃഹഭരണം നടത്തി” (1തിമൊ 5.14) “തങ്ങളുടെ ഭർത്താക്കന്മാർക്കു വിധേയപ്പെടുന്നവരും” (തീത്തോസ് 2.5) ആയി ജീവിക്കുന്നതു് സുവിശേഷത്തിന്റെ സൽപ്പേരിനു അനിവാര്യമാണു് എന്നു വചനം പഠിപ്പിക്കുമ്പോൾ അതിനു വിപരീതമായ ജീവിക്കുന്നവർ സുവിശേഷത്തിനു അപകീർത്തി വരുത്തുകയും (തീത്തോസ് 2.4) പിശാചിനു ഇടം കൊടുക്കുകയും ചെയ്യുന്നു (1തിമൊ 5.15).
6. ജീവൻ പരിപാവനമായ ദാനമാണു്
- ദൈവം മാത്രമാണു് ജീവദാതാവു്. ജീവൻ തിരിച്ചെടുക്കാൻ അധികാരമുള്ളവനും ദൈവം മാത്രം.
- ഒരു മനുഷ്യന്റെ ജീവനെടുക്കുന്നതു് ദൈവത്തോടുള്ള വെല്ലുവിളിയും പാപവുമാണു്. മനുഷ്യ ജീവൻ അപഹരിക്കുന്ന ഏതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ ജീവൻ എടുക്കുവാൻ ദൈവം മനുഷ്യനു അധികാരം നൽകിയിട്ടുണ്ട്. മനുഷ്യർ ആ അധികാരം അവരുടെ ഭരണസംവിധാനങ്ങളെ ഏൽപ്പിച്ചിട്ടുണ്ടു്.
- മനുഷ്യവൎഗ്ഗത്തിന്റെ ഏറ്റവും വിലപ്പെട്ടതും ഏറ്റവും ബലഹീനവുമായ കണ്ണി ഗൎഭസ്ഥ ശിശുക്കളാണു്. ഗൎഭസ്ഥ ശിശുവിന്റെ ജീവനെടുക്കുന്നതു് ദൈവത്തോടു് ചെയ്യുന്ന പാപമാണു്.
7. മനുഷ്യന്റെ മൂല്യം
- ഓരോ വ്യക്തിയും ദൈവസന്നിധിയിൽ വിലപ്പെട്ടവരാണ്.
- ഓരോ വ്യക്തിക്കും തനതായ മൂല്യമുണ്ട്, അത് മുഴുവൻ ലോകത്തിന്റെയും മൂല്യത്തേക്കാൾ വലുതാണ്.
- ഓരോ വ്യക്തിക്കും അവന്റെ ഭാഷയിൽ യേശു ക്രിസ്തുവിന്റെ സുവിശേഷം കേൾക്കാനും മനസ്സിലാക്കാനും അർഹതയുണ്ട്.
- ഏതു് സമൂഹത്തിലെയും ഓരോ അംഗവും വിലപ്പെട്ടവരാണു്. ഓരോ അംഗത്തിനും സമൂഹത്തിന്റെ മൂല്യത്തിനത്രയും മൂല്യമുണ്ടു്. ആൾ ബലം നോക്കി മനുഷ്യനു വിലയിടരുതു്. ഒരോ അംഗത്തിനും വിലയില്ലെങ്കിൽ സമൂഹത്തിനും വിലയില്ലാതാകും. സമൂഹത്തിന്റെ താത്പൎയ്യങ്ങൾക്കു വേണ്ടി വ്യക്തികളുടെ താത്പൎയ്യങ്ങളെ ബലി കൊടുക്കരുതു്.
- ഒരു മനുഷ്യനെയും വിൽപന ചരക്കാക്കരുതു്. ചൂഷണം ചെയ്യരുതു്. അടിമപ്പെടുത്തരുതു്. ഒരു മനുഷ്യനോടും ബലാൽക്കാരം നടത്തുകയോ പീഡിപ്പിക്കുകയോ മനുഷ്യത്വരഹിതമായ രീതിയിൽ പെരുമാറുകയോ ചെയ്യരുത്.
- ഓരോ പുരുഷനും സ്ത്രീക്കും തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ദൈവം അനിഷേധ്യമായ അവകാശങ്ങളായി നൽകിയിട്ടുണ്ട്.
- വ്യക്തികൾക്കാണു് പരമാധികാരമുള്ളതു്. ഒരു രാജ്യത്തിന്റെ പരമാധികാരം അതിലെ വ്യക്തികളുടെ പരമാധികാരത്തിൽ നിന്നു് ഉരുത്തിരിയുന്നതാണു്. ഒരു രാജ്യം രൂപീകരിക്കരിക്കുമ്പോൾ അതിലെ പൗരന്മാർ നൽകുന്ന കൂട്ടായ ഉത്തരവിൽ നിന്നാണ് രാജ്യത്തിനു പരമാധികാരം ലഭിക്കുന്നതു്. വ്യക്തികളുടെ പരമാധികാരത്തെ ചവിട്ടിമെതിക്കുന്ന ഏതു് ഭരണകൂടംവും ദൈവത്തിനും വ്യക്തികൾക്കും എതിരായി പാപം ചെയ്യുന്നു.
8. ഭൗതിക പ്രപഞ്ചം നല്ലതെന്നു ദൈവം പറഞ്ഞു
- ദൈവത്തിന്റെ സൃഷ്ടിയെയും അതിൽ ദൈവം കണ്ട അന്തർലീനമായ നന്മയെയും ഞങ്ങൾ വിലമതിക്കുന്നു.
- മനുഷ്യശരീരത്തെ പരിശുദ്ധാത്മാവിന്റെ ക്ഷേത്രങ്ങളായി കണ്ട് ബഹുമാനിക്കണം. നമ്മുടെ ശരീരത്തിന്റെ പരിപാലനത്തിന് യുക്തിസഹവും മതിയായതുമായ ശ്രദ്ധ നൽകണം. ഒരു സാഹചര്യത്തിലും ശരീരത്തെ തിന്മയ്ക്കും പാപ പ്രവർത്തനങ്ങൾക്കും ലഹരിക്കും ഹിപ്നോട്ടിസത്തിനും സാത്താന്യ ആചാരങ്ങൾക്കും വിധേയമാക്കരുത്.
9. അഹിംസയുടെ പാത
- ദൈവിക ന്യായവിധിക്ക് വഴിയൊരുക്കുന്നതിനായി പരസ്പര ബന്ധങ്ങളിൽ പ്രതികാര മനോഭാവം ഒഴിവാക്കണം. പകരം ക്ഷമിക്കണം.
10. അധ്വാനത്തിന്റെ അന്തസ്സ്
- എല്ലാവരും അദ്ധ്വാനിക്കണം എന്നു് ദൈവം അരുളിയിട്ടുണ്ട്. അതിനാൽ പ്രതിഫലം നൽകുന്ന ജോലികളിൽ ഏർപ്പെടുന്നതു് എല്ലാവൎക്കും മാന്യമാണ് — സഭയിലെ മൂപ്പന്മാൎക്കും ശുഷ്രൂകന്മാൎക്കും സ്വന്തം കൈകൊണ്ടു് അദ്ധ്വാനിച്ചു് ജീവിക്കാം. എല്ലാ ക്രിസ്ത്യാനികളും സത്യസന്ധമായ അധ്വാനത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ ആഗ്രഹിക്കേണം (1 തെസ്സ. 4:10b-12). തന്റെ കുടുംബത്തെ പോറ്റുക എന്നത് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ് (1 തിമൊ. 5:8).
- സഭയുടെ മൂപ്പന്മാരെയോ പാസ്റ്റർമാരെയോ സാമ്പത്തികമായി സഹായിക്കാൻ ബൈബിൾ കൽപ്പിക്കുന്നില്ല. ജോലി ചെയ്യാനും പണം സമ്പാദിക്കാനും തങ്ങളെത്തന്നെ പരിപാലിക്കാനും മറ്റുള്ളവരെ സഹായിക്കാനും മൂപ്പന്മാരോട് പൗലുസ് അപ്പൊസ്തലൻ കൽപ്പിച്ചു (പ്രവൃൎത്തി 20:35). സുവിശേഷം പ്രസംഗിക്കുന്നതിനായി ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടി വരുന്നവർക്ക് മാത്രമേ മറ്റ് പ്രതിഫലം നൽകുന്ന ജോലികളിൽ നിന്ന് വിട്ടുനിൽക്കാൻ അനുവാദമുള്ളൂ. (1 കൊരി. 9:1-14; 1 തിമൊ. 5:17-18; 3 യോഹ. 5-8).
11. പങ്കുവെക്കലും കൊടുക്കലും
- ക്രിസ്ത്യാനികൾ തങ്ങളുടെ വിഭവങ്ങളും സമയവും ഊർജവും സഹവിശ്വാസികളുമായി പങ്കുവെക്കാൻ വചനം കൽപ്പിക്കുന്നു (പ്രവൃൎത്തി 2:44-45; റോമ 12:13a; ഗലാ. 6:6,10; 1 തിമൊ. 6:17-19; ഏബ്രാ. 13:16). എല്ലാവൎക്കും, പ്രത്യേകിച്ച് സഞ്ചാരികളായ പ്രസംഗകർക്കു്, ആതിഥ്യമര്യാദ അരുളാൻ ദൈവവചനം ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു (റോമ 12:13b; ഏബ്രാ. 13:2; 1 പത്രോസ് 4:9; 3 യോഹ. 5-8)
12. അനിശ്ചിതമായ നാളെയും വിശ്വാസത്തിന്റെ ജീവിതവും
- തന്റെ പരിശുദ്ധാത്മാവിലൂടെ കാര്യങ്ങൾ ദൈവം തന്റെ ദാസന്മാൎക്കു വെളിപ്പെടുത്താറുണ്ടു്യ. അങ്ങനെയുള്ള അപൂൎവ്വ സന്ദൎഭങ്ങൾ ഒഴിച്ചാൽ ഭാവി സംഭവങ്ങൾ ദൈവം തന്റെ ജ്ഞാനത്തിൽ മനുഷ്യരിൽ നിന്ന് മറച്ചിരിക്കുന്നു. ഞങ്ങൾ ദൈവത്തിൽ ആശ്രയിച്ചു് വിശ്വാസത്താൽ ജീവിക്കുന്നു. മന്ത്രവാദത്തിലൂടെയോ ജ്യോതിഷത്തിലൂടെയോ മറ്റ് അനുബന്ധ മാർഗങ്ങളിലൂടെയോ ഭാവി പ്രവചിക്കാനുള്ള മനുഷ്യന്റെ എല്ലാ പ്രവണതകളെയും ഞങ്ങൾ തിരസ്കരിച്ചിരിക്കുന്നു.
രണ്ടു വാക്കു് …
ഫിലിപ്പ് ഈപ്പൻ ഒരു ക്രിസ്തു ശിഷ്യനാണ്. ലോകം കണ്ടതിലേക്കും ഏറ്റവും അതുല്യനായ യേശുവിനെ കുറിച്ചു് എല്ലാ മനുഷ്യരും അറിയണം എന്നും ആ അറിവിന്റെ അടിസ്ഥാനത്തിൽ അവർ ഓരോരുത്തരും യേശുവിനെ കൈക്കൊള്ളുകയോ തള്ളുകയോ ചെയ്യണം എന്നു് താൻ ആഗ്രഹിക്കുന്നു. ആരും അറിയാതെ പോകരുതു്.
പരിസ്ഥിതി ശാസ്ത്രത്തിലും ക്രിസ്തീയ വേദശാസ്ത്രത്തിലും ഉന്നത വിദ്യാഭാസമുള്ള ഫിലിപ്പ് ശാസ്ത്രീയ ഗവേഷകൻ ആയിരിക്കുമ്പോൾ പ്രേഷിത ദൗത്യം തിരഞ്ഞെടുത്തു. വിദ്യസമ്പന്നരായ അനേക ചെറുപ്പക്കാർ തന്നിലൂടെ യേശുവിനെ അറിയുവാൻ ഇടവന്നു. ഇൻഡ്യയിലും ആഫ്രിക്കയിലെ കെനിയയിലും സഭാ ശുഷ്രൂഷ നിൎവ്വഹിച്ചിട്ടുണ്ടു്. വേദ വിദ്യാൎത്ഥികളെയും ശുഷ്രൂഷകരെയും പരിശീലിപ്പിക്കുന്നു.
ഭാൎയ്യ ഡോ. ജെസ്സിമോൾ. അവൎക്കു് മൂന്നു പുത്രന്മാരും ഒരു പുത്രിയുമുണ്ട്.
|
|
|
|
|
|
|