ഫിലിപ്പ് പി. ഈപ്പൻ
യേശു ക്രിസ്‍തു തന്റെ സഭയ്‍ക്കു രണ്ടു് കൂദാശകൾ – സ്‍നാനവും കൎത്തൃമേശയും — നൽകി എന്നു് സുവിശേഷ വിഹിത സഭകൾ പഠിപ്പിക്കുന്നു. കൎത്തൃമേശയെകുറിച്ചാണു് ഈ ലേഖനം. “എന്റെ ഓൎമ്മയ്‍ക്കായി ഇതു ചെയ്‌വിൻ” എന്നു് യേശു കൽപ്പിച്ചപ്പോൾ എന്താണു് അൎത്ഥമാക്കിയതു് ?
അതിലേക്കു് കടക്കും മുമ്പ് ഒരു വിശദീകരണം ആവശ്യമാണു്. ചിലർ കൎത്തൃമേശയെ തിരുവത്താഴം എന്നും ‘അപ്പം നുറുക്കൽ’ എന്നും വിളിക്കുന്നു. തിരുബലി അഥവാ കുൎബാന (യാഗം, അൎപ്പണം) എന്നും മറ്റുചിലർ പറയുന്നു. ആദിമ സഭ ആചരിച്ചതു് ഒരു ബലിയൎപ്പണം അല്ലായിരുന്നു. യേശു ക്രൂശിൽ തന്നേതാൻ പരമയാഗമായി അൎപ്പിച്ചു. അതിന്റെ ഓൎമ്മയ്‍ക്കായി നാം ഇന്നു് വീണ്ടും ബലിയൎപ്പിക്കേണ്ട ആവശ്യമില്ല. നാം നമ്മേ തന്നെ ദൈവത്തിനു അൎപ്പിക്കുകയാണു് ഉചിതം.
‘അപ്പം നുറുക്കൽ’ എന്ന പദപ്രയോഗവും ശരിയല്ല. യഹൂദൻ “അപ്പം നുറുക്കി” എന്നു് പറഞ്ഞാൽ ദൈവത്തോടു് നന്ദി പറഞ്ഞു ഭക്ഷണം കഴിച്ചു എന്നാണൎത്ഥം—മലയാളികൾ പലരും പ്രാതലിനെ കുറിച്ചു് പറയുമ്പോൾ “കാപ്പി കുടിച്ചു” എന്നു് പറയുന്നതു് പോലെ. കാപ്പിക്കു് പകരം കട്ടൻചായ ആയിരിക്കും കുടിച്ചതു്. കൂടെ പുട്ടും കടലയും. എന്നാലും മൊത്തത്തിൽ “കാപ്പി കുടിച്ചു” എന്നേ പറയാറുള്ളൂ. ഇതുപോലെയാണ് “അപ്പം നുറുക്കും.”
ഏതു സമയത്തും ഭക്ഷണം കഴിക്കുന്നതിനു മുമ്പ് യഹൂദന്മാരുടെ ഇടയിൽ കുടുംബനാഥൻ ഒരു അപ്പം എടുത്തു് ഇപ്രകാരം ദൈവത്തെ സ്‍തുതിക്കുന്നു, “അഖിലാണ്ടതിന്റെ രാജാവും ഞങ്ങളുടെ ദൈവവുമായ യഹോവേ, ഭൂമിയിൽ നിന്നു് അപ്പം ഉളവാക്കിയ അങ്ങ് വാഴ്‍ത്തപ്പെട്ടവൻ.” അതിനു ശേഷം അപ്പം നുറുക്കുന്നു. ഇപ്രകാരം ഭക്ഷണം കൈകളിൽ എടുത്തു് ദൈവത്തെ വാഴ്‍ത്തുന്നതിനെയാണു് “അപ്പം നുറുക്കുക” എന്നതുകൊണ്ടു് അർത്ഥമാക്കുന്നതു്. എല്ലാ യഹൂദന്മാരും അതു് അനുഷ്ടിച്ചിരുന്നു. അതുപോലെ തന്നെ എപ്പോൾ വീഞ്ഞു കുടിച്ചാലും ദൈവത്തെ ഉചിതമായി അവർ വാഴ്‍ത്തും. അപ്പം മുറിച്ചുകൊണ്ടാണു് യഹൂദർ കഴിപ്പു് തുടങ്ങുന്നതു്. “അപ്പം നുറിക്കുമ്പോൾ” അപ്പം അല്ലാതെ മറ്റൊന്നും അവർ കഴിച്ചിരുന്നില്ല എന്നു് ചിന്തിക്കരുതു്. വീഞ്ഞും മാംസവും മീനും പഴങ്ങളും മറ്റനവധി വിഭവങ്ങൾ മേശമേൽ കാണും. അല്ലാതെ ഒരു മുറി അപ്പവും അര ഗ്ലാസ്സ് മുന്തിരിചാറും മാത്രമല്ല. നമ്മുടെ നാട്ടിൽ ചോറും മോരും ഇല്ലാത്ത ഊണു് ഇല്ലാത്തതു പോലെ അവരുടെ ഇടയിൽ അപ്പവും യഥാർഥ വീഞ്ഞും സർവ്വ സാധാരണമായിരുന്നു.
ആദിമ സഭയിലെ വിശ്വാസികളുടെ നിത്യേനയുള്ള തീറ്റിയും കുടിയും “കർത്തൃമേശ” എന്ന കൂദാശയായിരുന്നു എന്നു് ചിലർ തെറ്റിദ്ധരിച്ചു. “ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാൎത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും … ചെയ്‍തു.”1 ഇവിടെ പറഞ്ഞിരിക്കുന്നതു് “കർത്തൃമേശ” എന്ന കൂദാശയെ കുറിച്ചായിരുന്നെങ്കിൽ ദേവാലയത്തിൽ കൂടി വന്നപ്പോൾ അവർക്കു് അതു് അവിടെ വച്ചു് നടത്താമായിരുന്നില്ലേ? എന്തുകൊണ്ടു് “വീട്ടിൽ അപ്പം നുറുക്കി”? അവർ അക്കാലത്തു് ദേവാലയത്തിലാണ് പ്രാൎത്ഥനയ്‍ക്കായി കൂടി വന്നു കൊണ്ടിരുന്നത്. ഭക്ഷണം കഴിക്കുവാൻ അവർ വീടുകളിലേക്ക് മടങ്ങി പോകുമായിരുന്നു. അതുകൊണ്ടാണ് “വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയ പരമാൎത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും … ചെയ്‍തു” എന്നു് എഴുതിയിരിക്കുന്നതു്. എന്നിട്ടും ആദിമ സഭയിലെ വിശ്വാസികളുടെ ദൈനംദിനമുള്ള തീറ്റിയും കുടിയും (“അപ്പം നുറുക്കൽ”) ചിലരുടെ “അടിസ്ഥാന” ഉപദേശങ്ങളുടെ പട്ടികയിൽ ഇടം നേടി! “ഉല്ലാസവും ഹൃദയപരമാൎത്ഥതയും” വിട്ടു കളഞ്ഞു!
ഇനി കൎത്തൃമേശയുടെ അൎത്ഥം എന്തെന്ന് പരിശോധിക്കാം. കൎത്തൃമേശയിൽ പങ്കെടുക്കുമ്പോൾ നാം കേൾക്കാറുള്ള ഒരു വേദഭാഗമാണിതു് :
കൎത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി: ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓൎമ്മയ്‍ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയ നിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓൎമ്മയ്‍ക്കായി ചെയ്‌വിൻ എന്നു പറഞ്ഞു.2
“എന്റെ ഓൎമ്മയ്‍ക്കായി ഇതു ചെയ്‌വിൻ” എന്നു് കൎത്താവായ യേശുക്രിസ്‍തു തെളിച്ചു പറഞ്ഞിരിക്കുന്നു. അതു കൊണ്ടു് ഇവിടെ ഭിന്നാഭിപ്രായങ്ങൾക്കു് യാതൊരു സ്ഥാനവും ഇല്ല എന്ന നാം ചിന്തിച്ചേക്കാം. നാം എന്താണു് യേശുവിന്റെ ഓൎമ്മയ്‍ക്കായി ചെയ്യേണ്ടതു് ? ആ ചോദ്യത്തിനുത്തരമായി നാം സാധാരണ കേൾക്കാറുള്ളതു് ഇതാണു്, “യേശു ചെയ്‍തതു പോലെ ഒരു അപ്പവും അൽപ്പം വീഞ്ഞും എടുത്തു് വാഴ്‍ത്തി കൂടെയുള്ള ക്രിസ്‍തു ശിഷ്യൎക്കു നൽകണം. യേശുവിനെ – പ്രത്യേകിച്ചും തന്റെ കഷ്‍ടാനുഭവങ്ങളെ – ധ്യാനിച്ചുകൊണ്ടു് യോഗ്യമായ രീതിയിൽ അപ്പവും മുന്തിരിച്ചാറും ഭക്ഷിക്കേണം. യേശുവിനെ ഓൎക്കുവാൻ സഹായിക്കുന്ന വേദഭാഗങ്ങൾ വായിക്കുകയും പാട്ടുകൾ പാടുകയും ചെയ്‍താൽ ഉത്തമം.”
എന്നാൽ യഥാൎത്ഥത്തിൽ കാൎയ്യങ്ങൾ അത്ര എളുപ്പമല്ല. “എന്റെ ഓൎമ്മയ്‍ക്കായി ഇതു ചെയ്‌വിൻ” എന്നു് യേശു കൽപ്പിച്ചു. കൽപ്പനയുടെ അൎത്ഥം മനസ്സിലാക്കാതെ അനുസരിക്കുവാൻ ശ്രമിക്കുന്നതു് കൎത്താവിനോടുള്ള അനാദരവാണു്. അതുകൊണ്ടു് നാം നമ്മോടു തന്നെ ചോദിക്കേണം, കൽപ്പനയിലെ “ഇതു് ” എന്ന വാക്കു് എന്തിനെ സൂചിപ്പിക്കുന്നു? യേശു പറഞ്ഞോ “ഒരു കഷണം ബ്രെഡു് (അഥവാ ചപ്പാത്തി) ഭക്ഷിച്ചും കുറച്ചു് മുന്തിരിച്ചാറു കുടിച്ചും എന്നെ ഓൎക്കേണം” എന്നു് ? ഇല്ല. പിന്നെ ആ “ഇതു് ” എന്നതു് കൊണ്ടു് യേശു ഒരു ഹൃസ്വമായ ചടങ്ങിനെ കുറിച്ചാണു് പറഞ്ഞതെന്നു് നാം ഉദ്ദേശിച്ചെടുത്തതിന്റെ കാരണമെന്തു് ? നാം ആ വേദഭാഗങ്ങളിൽ ഒരു അപ്പവും ഒരു പാനപാത്രവും അല്ലാതെ മറ്റൊന്നും കാണുന്നില്ല. ഇവിടെയാണു് സാഹിത്യപരമായ സന്ദൎഭവും മതപരമായ സന്ദൎഭവും കണക്കിലെടുക്കേണ്ടതു്.
യേശുവും തന്റെ ശിഷ്യന്മാരും യഥാൎത്ഥത്തിൽ ആ രാത്രിയിൽ എന്താണു് ചെയ്‍തതു് ? യഹൂദർ അന്നു വരെ കണ്ടിട്ടില്ലാത്ത ഒരു ക്രിസ്‍തീയ കൂദാശക്കു് യേശു തുടക്കം ഇടുകയായിരുന്നോ? അല്ല. ദൈവത്തിന്റെ കൽപ്പന പ്രകാരം യേശുവും ശിഷ്യന്മാരും പെസഹ വിരുന്നാണു് ആചരിച്ചതു് എന്നു് സുവിശേഷങ്ങൾ വ്യക്തമാക്കുന്നു.
പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.3
അവൻ (യേശു) പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.4
പല ക്രൈസ്‍തവ നേതാക്കളും ഉപദേഷ്‍ഠാക്കന്മാരും പറയുന്നതു്, “പെസഹ ആചരിക്കുവാനാണു് യേശുവും ശിഷ്യന്മാരും കൂടിവന്നതു് എന്നു് എല്ലാവൎക്കും അറിയാം. പെസഹയുടെ ആചാരപ്രകാരം യേശുവും ശിഷ്യന്മാരും പ്രാരംഭത്തിൽ എല്ലാം ചെയ്‍തു. പക്ഷേ പാതിവഴിക്കു് യേശു ആ ആചാരങ്ങളോടു് വിട പറഞ്ഞിട്ടു് ഒരു പുതിയ ക്രിസ്‍തീയ കൂദാശ സ്ഥാപിച്ചു.” യഹൂദന്മാരുടെ പെസഹ സദ്യയെ കുറിച്ചു് വേണ്ടത്ര അറിവില്ലാത്തതു് കൊണ്ടാണു് അവർ അപ്രകാരം പഠിപ്പിക്കുന്നതു്. പെസഹ വിരുന്നിന്റെ വിശദാംശങ്ങളിലേക്ക് താമസിയാതെ കടക്കാം. അതിനുമുമ്പു് ഒരു കാൎയ്യം എടുത്തു പറയേണ്ടിയിരിക്കുന്നു.
യേശുവും ശിഷ്യന്മാരും പെസഹ വിരുന്നല്ല കഴിച്ചതു് എന്നു വരുത്തിതീൎക്കാൻ ശ്രമിക്കുന്നവരുമുണ്ടു്. അവർ യോഹന്നാൻ 18:28 എടുത്തു് കാണിക്കും. യഹൂദ നേതാക്കൾ പീലാത്തോസിന്റെ ആസ്ഥാനത്തു് പ്രവേശിക്കാതിരുന്നതിന്റെ കാരണം അവിടെ പറയുന്നു.
“പുലൎച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.”
യേശു മരിച്ചതിനു ശേഷം ആയിരുന്നു പെസഹ വിരുന്നെന്നും, ആ വിരുന്നു് കഴിക്കുവാൻ തങ്ങളെ തന്നെ ശുദ്ധിയോടെ സൂക്ഷിക്കുവാനാണു് യഹൂദ നേതാക്കൾ ഗവൎണറുടെ ആസ്ഥാനത്തിനു വെളിയിൽ നിന്നതു് എന്നുമാണു് അവരുടെ വാദം. ഈ വാദം അനുസരിച്ചു് ദൈവത്തിന്റെ കുഞ്ഞാടായ യേശു ക്രൂശിൽ ജീവൻ വെടിയുന്ന സമയത്താണു് യഹൂദർ പെസഹ കുഞ്ഞാടിനെ അറുത്തതു്. അതിനു ശേഷം അവർ പെസഹ വിരുന്നിൽ പങ്കെടുത്തു. കേൾക്കുന്നവൎക്കു് ഇതു് ആകൎഷകരമായ ഒരു വാദമായി തോന്നാം. പക്ഷേ ഇവരുടെ വാദം ശരിയാണെങ്കിൽ യേശുവും ശിഷ്യന്മാരും ഭക്ഷിച്ചതു് പെസഹ വിരുന്നല്ല എന്നു പറയേണ്ടി വരും. യേശുവിന്റെ ജീവിതത്തെ കുറിച്ചു് വളരെ ഗവേഷണം നടത്തിയ ലൂക്കോസിനു തെറ്റു പറ്റിയെന്നും സമ്മതിക്കേണ്ടിവരും. “നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ” എന്നല്ലേ യേശുവിനെ ഉദ്ധരിച്ചു കൊണ്ടു് ലൂക്കോസ് എഴുതിയതു് ?
മൎക്കോസ് എഴുതിയതു് അതിലും ഗംഭീരമല്ലേ? അതിനെ അവർ എങ്ങനെ മറികടക്കും? യേശു മരിക്കുന്ന ദിവസമല്ല പെസഹ കുഞ്ഞാടിനെ അറുത്തതു്; അതിനു് തലേ ദിവസം യേശുവും ശിഷ്യന്മാരും പെസഹ വിരുന്നു് ആചരിച്ച അതേ ദിവസമാണു് പെസഹ കുഞ്ഞാട് അറുക്കപ്പെട്ടതു് എന്നു് മൎക്കോസ് സാക്ഷ്യപ്പെടുത്തുന്നു. ചരിത്രപരമായ സന്ദൎഭം വചനത്തിൽ വ്യക്തമാണു്.
“പെസഹ കുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത
അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ
എവിടെ ഒരുക്കേണം എന്നു ചോദിച്ചു.
അവൻ ശിഷ്യന്മാരിൽ രണ്ടു പേരെ അയച്ചു;
നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങളെ
എതിർപെടും. അവന്റെ പിന്നാലെ ചെന്നു അവൻ കടക്കുന്നേടത്തു ആ വിട്ടുടയവനോടു: ഞാൻ എന്റെ
ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ
എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ.”5
ഇന്നത്തെ വേദപണ്ഢിതന്മാർക്കു് തെറ്റ് പറ്റും.6 പക്ഷേ മൎക്കോസിനും ലൂക്കോസിനും തെറ്റു പറ്റിയില്ല.
അന്നത്തെ മതപരമായ സന്ദൎഭം പരിശോധിക്കാം. യഹൂദരുടെ സമയക്രമം അനുസരിച്ചു് ആണ്ടിലെ ആദ്യത്തെ മാസത്തിന്റെ പതിനാലാം തീയതി ഉച്ചകഴിഞ്ഞാണു് പെസഹ കുഞ്ഞാടിനെ അറുക്കേണ്ടതു്. അതിനു മുമ്പു് അവർ വീടു് ശുദ്ധീകരിക്കും. വീട്ടിലുള്ള പുളിച്ച മാവും പുളിപ്പും (yeast) അവർ നശിപ്പിക്കും. ആടിനെ അറുക്കുന്ന രാത്രിയിൽ – അതായതു് പതിനഞ്ചാം തീയതിയുടെ ആരംഭ മണിക്കൂറുകളിൽ – അവർ പെസഹ വിരുന്നു് ആചരിക്കേണം. (യഹൂദന്മാരുടെ ദിവസം ആരംഭിക്കുന്നതു് സൂൎയ്യൻ അസ്‍തമിക്കുമ്പോളാണു്. 7)
പെസഹ വിരുന്നു് കഴിഞ്ഞാലും ഏഴു ദിവസങ്ങൾ കൂടി അവർ പുളിപ്പില്ലാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ. ആ ഏഴു ദിവസങ്ങൾ “പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ” ആണു്. അതു കൊണ്ടു് പെസഹ വിരുന്നിന്റെ സമയം മുതൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ തീരും വരെ യഹൂദർ വീട്ടിൽ പുളിപ്പു് അടുപ്പിക്കയില്ലായിരുന്നു. പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളും ഒരുമിച്ചു വരുന്നതു് കൊണ്ടു് ഇവ രണ്ടിനേയും ഒന്നായിട്ടാണു് യഹൂദർ കരുതിയിരുന്നതു്. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിനേയും പെസഹ എന്നാണു് അവർ വിളിച്ചിരുന്നതു്. അതു കൊണ്ടാണു് ലൂക്കോസ് ഇപ്രകാരം എഴുതിയതു് :
“പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.”8
ആയിനാൽ, യോഹന്നാൻ 18:28ൽ കാണുന്ന “പെസഹ” എന്നതു് പതിനാറാം തീയതി മുതലുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ വിരുന്നിനെ കുറിച്ചാണു്. (പതിനഞ്ചാം തീയതി യേശുവിനെ അടക്കി. അതിനു ശേഷം സൂൎയ്യൻ അസ്‍തമിച്ച സമയം മുതൽ പതിനാറാം തീയതി ആരംഭിച്ചു.) യേശുവും ശിഷ്യന്മാരും പതിനഞ്ചാം തീയതി നടക്കേണ്ട യഥാൎത്ഥ പെസഹ വിരുന്നാണ് കഴിച്ചതു്.
പെസഹ വിരുന്നിന്റെ ആ രാത്രിയിൽ യഹൂദർ യേശുവിനെ പിടി കൂടി വിസ്‍തരിച്ചു. പിറ്റേന്നു് അതികാലത്തു തന്നെ പീലാത്തോസിന്റെ അരമനയിലേക്കു കൊണ്ടു പോയി. പക്ഷേ ആ ദിവസത്തേക്കും അതിനു ശേഷമുള്ള ഏഴു ദിവസങ്ങളിലും തങ്ങളെ തന്നെ ആചാരപരമായ ശുദ്ധിയിൽ കാത്തു സൂക്ഷിക്കേണ്ടതിന്നു അവർ കരുതലോടെ ഇരുന്നു.
ആ ഏഴു ദിവസങ്ങളിൽ “ഒന്നാം ദിവസം വിശുദ്ധ സഭായോഗം കൂടേണം” എന്നു ദൈവം കൽപ്പിച്ചിരുന്നു. “അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു.”9 യേശുവിന്റെ മരണത്തിനു ശേഷമുള്ള ദിവസമാണു് ഈ പ്രത്യേക ശബത്തു് (വിശ്രമ) ദിവസം. വേല ചെയ്യാതെ വിശ്രമിക്കേണം എങ്കിൽ തലേദിവസം ആ ശബത്തിന്നായി ഒരുങ്ങേണം. യേശുവിനെ ക്രൂശിച്ച ആ ദിവസം ഒരുക്കത്തിനായുള്ള ദിവസമായിരുന്നു.10
പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്ന ഏഴു ദിവസങ്ങളിലും പ്രത്യേക യാഗങ്ങൾ ആലയത്തിൽ അൎപ്പിക്കേണ്ടിയിരുന്നു.11 അതുകൊണ്ടു് യേശുവിനെ പീലാത്തോസിന്റെ അടുക്കൽ കൊണ്ടുപോയ ആ അതിരാവിലെ സമയം യഹൂദ നേതാക്കന്മാരുടെ മനസ്സിൽ – പ്രത്യേകിച്ചും മഹാപുരോഹിതന്റെ മനസ്സിൽ – പല കാൎയ്യപരിപാടികൾ ഉണ്ടായിരുന്നു. യേശുവിനെ ക്രൂശിക്കുവാനുള്ള ഉത്തരവു് തരപ്പെടുത്തേണം, ആലയത്തിൽ നടക്കുന്ന രാവിലത്തെ ഹോമയാഗം നടത്തേണം, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആഘോഷിക്കേണം, അടുത്ത ദിവസം രാവിലെ (പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിന്റെ ആദ്യ ദിവസം) നടക്കേണ്ട വിശുദ്ധ സഭായോഗത്തിന്റെ ഒരുക്കങ്ങൾ പൂൎത്തിയാക്കേണം, എന്നിത്യാദി കാൎയ്യങ്ങൾ. ഇതിനിടയിൽ നേതാക്കന്മാൎക്കു് ആചാരപരമായി അശുദ്ധരാകാൻ സാധിക്കുമോ? ദൈവ പുത്രനെ ക്രൂശിക്കുക എന്ന മഹാപാപം ചെയ്‍താലും ആചാരപരമായി അശുദ്ധരാകാൻ പാടില്ല! ആ വിരോധാഭാസം ആണു് യോഹന്നാൻ തന്റെ സുവിശേഷത്തിൽ എടുത്തു കാണിക്കുന്നതു്. 12 യോഹന്നാന്റെ സുവിശേഷവും ലൂക്കോസിന്റെ സുവിശേഷവും തമ്മിൽ ഈ കാൎയ്യത്തിൽ പൊരുത്തക്കേടില്ല.13
യേശുവിനെ അടക്കിയ സമയം മുതൽ ഇരുപത്തിനാലു മണിക്കൂർ നേരത്തേക്കു് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിന്റെ ആദ്യ ദിവസമായ ശബത്തായിരുന്നു. ശബത്തിൽ വിശ്രമിക്കേണം എന്നൊന്നും മഹാപുരോഹിൻ കൂട്ടാക്കിയില്ല. “ഒരുക്കനാളിന്റെ പിറ്റെ ദിവസം” – വിശുദ്ധ സഭായോഗം കൂടേണ്ട ദിവസം – മഹാപുരോഹിതൻ പീലാത്തോസിനെ കണ്ടിട്ടു് കല്ലറക്കു് കാവൽ ഏൎപ്പെടുത്തി.14
യേശുവിന്റെ ശിഷ്യ ഗണത്തിലെ സ്‍ത്രീകൾക്കു് ആണ്ടിൽ ഒരിക്കൽ വരുന്ന ആ വിശേഷ ശബത്ത് ദിനത്തിൽ സുഗന്ധ ദ്രവ്യം വാങ്ങാൻ സാധിച്ചില്ല. ശബത്തു കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടി. പിറ്റേന്നു് അവർ സുഗന്ധ സാമഗ്രകൾ വാങ്ങി തയ്യാറാക്കി. അന്നു ആഴ്‍ചവട്ടത്തിന്റെ ഒന്നാം നാൾ അല്ലായിരുന്നു എന്നു പ്രത്യേകം ശ്രദ്ധിക്കുക. “ശബ്ബത്ത് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവൎഗ്ഗം വാങ്ങി.”15 ആ ദിവസം അവസാനിച്ചപ്പോഴേക്കും യേശുവിനെ അടക്കിയിട്ട് 48 മണിക്കൂർ കഴിഞ്ഞു.
വെള്ളിയാഴ്‍ച സന്ധ്യ മുതൽ ശനിയാഴ്‍ച സന്ധ്യവരെ ആഴ്‍ചതോറും വരുന്ന ശബത്താണു്. ആ ശബത്തിലും അവർ വിശ്രമിച്ചു. ശബത്തു് കഴിഞ്ഞപ്പോൾ ശനിയാഴ്‍ച രാത്രിയായി. യേശുവിനെ അടക്കിയിട്ട് 72 മണിക്കൂർ കഴിഞ്ഞു. ശനിയാഴ്‍ച രാത്രിയിൽ വിശ്രമിച്ചതിനു ശേഷം “അവർ ഒരുക്കിയ സുഗന്ധവൎഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി.”16
അതായതു്, വെള്ളിയാഴ്‍ച മരിച്ചിട്ടു് ഞായറാഴ്‍ച രാവിലെ യേശു ഉയിർത്തെഴുന്നേറ്റു എന്ന് പറയുന്നതു് അബദ്ധമാണു്. മതപരവും ചരിത്രപരവുമായ സന്ദൎഭം പരിശേധിച്ചാൽ യേശു മരിച്ചതു് ബുധനാഴ്‍ചയായിരുന്നു. രണ്ടു് ശബത്തും അവയ്‍ക്കിടയിൽ ഒരു പ്രവൃത്തിദിനവും. ഇത്രയും കഴിഞ്ഞിട്ടാണു് യേശു ഉയിൎത്തെഴുന്നേറ്റതു്. 72 മണിക്കൂർ – മൂന്നു രാവും മൂന്നു പകലും – യേശുവിന്റെ ശരീരം കല്ലറയിൽ വിശ്രമിച്ചു. ആഴ്‍ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ശിഷ്യന്മാർ ഒഴിഞ്ഞ കല്ലറ കണ്ടു. ഞായറാഴ്‍ച രാവിലെയാണു് യേശു ഉയിൎത്തെഴുന്നേറ്റതു് എന്ന് ബൈബിൾ പറയുന്നില്ല. ശിഷ്യന്മാർ കല്ലറക്കൽ എത്തിയതു് ആ നേരത്താണു്.
“സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു. അവൻ അവരോടു: ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു.”17
യേശുവും ശിഷ്യന്മാരും പെസഹ വിരുന്നാണു് ഭക്ഷിച്ചതു് എന്നു് ഉറപ്പു് വരുത്തിയ സ്ഥിതിക്കു് ഇനി ആ വിരുന്നിന്റെ വിശദാംശങ്ങിളിലേക്കു് കടക്കാം. യേശു ആദ്യം അപ്പമാണോ എടുത്തു വാഴ്‍ത്തിയതു് ? ലൂക്കോസ് പറയുന്നതു് ശ്രദ്ധിക്കുക.
“അവൻ അവരോടു: ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ
വാഞ്ഛയോടെ ആഗ്രഹിച്ചു. അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല
എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
“പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടു
കൊൾവിൻ. ദൈവരാജ്യം വരുവോളം ഞാൻ മുന്തിരി വള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല
എന്നു ഞാൻ നിങ്ങളോടു പറയുന്നു.
“പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവൎക്കു കൊടുത്തു: ഇതു
നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓൎമ്മയ്‍ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
“അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞ ശേഷം
അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം
നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.”18
ഒന്നിലധികം പാനപാത്രങ്ങൾ! അത്താഴം! അതിനിടയിൽ യേശു അപ്പം വാഴ്‍ത്തി നുറുക്കി കൊടുത്തു. പലരും ചിന്തിക്കുന്നതു് പോലെ കുറച്ചു് ബ്രെഡും മുന്തിരിച്ചാറും കൊണ്ടുള്ള ഒരു പരിപാടിയല്ലായിരുന്നു ആ വിരുന്നു്.
വളരെ അടുക്കും ചിട്ടയോടും – എഴുതപ്പെട്ട ഒരു ക്രമ പ്രകാരം – യഹൂദർ ആചരിക്കുന്ന വിഭവ സമൃദ്ധമായ വിശേഷപ്പെട്ട വിരുന്നാണു് പെസഹ. പെസഹ മേശക്കു് ചുറ്റും കുടംബത്തിലെ എല്ലാവരും വന്നു ചെരും. ദൈവം ഒരുക്കിയ രക്ഷയുടെ ചരിത്രം അയവിറിക്കി കൊണ്ടാണു് അവർ ഈ വിരുന്നു കഴിക്കുന്നതു്. ഈ “കഥ പറച്ചിൽ” ഹഗാഥ എന്നു് അറിയപ്പെടുന്നു.
ഈ വിരുന്നിന്റെ കേന്ദ്ര സ്ഥാനത്തു് ഇരിക്കുന്നതു് “സേയ്ഡർ” (ക്രമം) എന്ന പാത്രമാണു്. പാത്രത്തിലെ വിവിധ കുഴികളിൽ വിവിധ സാധനങ്ങൾ കാണും. കൈപ്പുള്ള വിവിധ തരം ഇലകൾ, പുഴുങ്ങിയ കോഴിമുട്ട, ആടിന്റെ എല്ല്, മധുരമുള്ള പഴങ്ങളുടെയും വീഞ്ഞിന്റെയും മിശ്രിതം, ഉപ്പു നീര്, എന്നിത്യദി വസ്‍തുക്കൾ. അതിനെല്ലാം പ്രത്യേക അൎത്ഥങ്ങൾ ഉണ്ടു്. ഹഗാഥയിലെ ക്രമ പ്രകാരം ഓരോന്നും ഉപയോഗിക്കും.
ഈ വിരുന്നിൽ വിവിധ സമയങ്ങളിലായി നാലു പ്രാവശ്യം പാനപാത്രത്തിൽ വീഞ്ഞു് നിറച്ചിട്ടു് അതിന്നായി ദൈവത്തെ വാഴ്‍ത്തും. പുറപ്പാടു് 6:6-7ൽ19 ദൈവം വാഗ്‍ദത്തം ചെയ്‍ത നാലു കാൎയ്യങ്ങളെ സ്‍മരിക്കുവാനാണു് അപ്രകാരം ചെയ്യുന്നതു്.
1. കിദ്ദുഷ് - വിശുദ്ധീകരണത്തിന്റെ പാനപാത്രം (Kiddush: The Cup of Sanctification).
ആദ്യത്തെ പാനപാത്രം കുടുംബനാഥൻ ഉയൎത്തി “ബാറൂഖ് ആധാ അദോണായ് ഏലോഹേയ്‍നു മെലെക്ക് ഹാഓലാം ഓറൈ പെരീ ഹാഗാഫെൻ” എന്നു് ചൊല്ലി ദൈവത്തെ വാഴ്‍ത്തി പെസഹ വിരുന്നു ആരംഭിക്കുന്നു. അതിന്റെ അൎത്ഥം “അഖിലാണ്ടതിന്റെ രാജാവും ഞങ്ങളുടെ ദൈവവുമായ യഹോവേ, മുന്തിരിവള്ളിയുടെ ഫലം സൃഷ്‍ടിച്ച അങ്ങ് വാഴ്‍ത്തപ്പെട്ടവൻ.” അതോടെ അതിനു ശേഷമുള്ള വിരുന്നു് വിശുദ്ധീകരിക്കപ്പെടുന്നു (അതായതു് ദൈവത്തിന്നായി വേർതിരിക്കപ്പെടുന്നു).
അടുത്തതായി അൽപ്പം കാർപ്പസ്സ് (വേവിക്കാത്ത സീമ മല്ലി ഇലകൾ parsley) ഉപ്പുനീരിൽ മുക്കി ഭക്ഷിക്കും. അടിമ നുകത്തിനു കീഴിൽ യഹൂദർ നേരിട്ട കൈപ്പേറിയ അനുഭവങ്ങളെയും അവർ ഒഴുക്കിയ കണ്ണുനീരിനേയും ഓൎമ്മിപ്പിക്കുന്നു.
അതിനു ശേഷം യാഹത്‍സ. അതായതു് രണ്ടാമത്തെ മാത്‍സാ അപ്പം മുറിക്കപ്പെടുന്നു (Yachatz: Breaking of the Middle Matzah)
കോതമ്പ് പൊടി വെള്ളം ഉപയോഗിച്ചു് നനച്ചു് നിമിഷങ്ങൾക്കകം (പുളിക്കുവാൻ അവസരം കൊടുക്കാതെ) പരന്ന ചതൂരാകൃതിയിൽ ചുട്ടെടുക്കുന്ന അപ്പമാണു് മാത്‍സാ. തീയുടെ മീതെ ലോഹ വലയുടെ മുകളിൽ വെച്ചു വേവിക്കുമ്പോൾ ശരിയായി വേകുവാൻ ഒരു കമ്പി ഉപയോഗിച്ചു് കുത്തി കിഴുത്തകൾ ഇടും. അതിന്റെ പുറം ഉഴുതതു് പോലെയാകും.
ഇതു പോലുള്ള മുന്നു അപ്പങ്ങൾ അടുക്കി വെച്ചതിൽ നിന്നു നടുവിലുള്ള അപ്പം എടുത്തു് കുടുംബനാഥൻ രണ്ടായി മുറിക്കും. അതിൽ ഒരു ഭാഗം യഥാസ്ഥാനത്തു് വയ്‍ക്കും. മറ്റേ ഭാഗം ഒരു ശീലയിൽ പൊതിഞ്ഞു് മാറ്റി വയ‍്ക്കും. ചിലർ അതു് എവിടെയെങ്കിലും ഒളിച്ചു വയ്‍ക്കും. എല്ലാ വൎഷവും ഒരേ സ്ഥാനത്തു് തന്നെ വയ്‍ക്കുന്നതാണു് പതിവു്. അപ്രകാരം മറവു ചെയ്യപ്പെടുന്ന അപ്പ കഷണത്തിന്റെ പേരാണു് “അഫിക്കോമെൻ” (‘പീന്നീടു് എടുക്കുവാനുള്ളതു് ’ എന്നൎത്ഥം). വിരുന്നിന്റെ അവസാനം വീട്ടിലെ കുട്ടികൾ അതു് കണ്ടു പിടിച്ചു് കൊണ്ടുവരും.
ഈ അപ്പം എന്തു കൊണ്ടു് ഇപ്രകാരം ഉണ്ടാക്കുന്നു? ഇതു് എന്തിന്റെ പ്രതീകമാണ് ? എന്തുകൊണ്ടു് മൂന്നു് അപ്പം മേശമേൽ വയ്‍ക്കുന്നു? എന്തു കൊണ്ടു് അതിൽ രണ്ടാമത്തേതു് എടുത്തു് മുറിക്കുന്നു? അതിൽ ഒരു കഷണം എന്തു കൊണ്ടു് മറച്ചു വയ‍്ക്കുന്നു? ഇതൊന്നും യഹൂദൎക്കറിയില്ല എങ്കിലും ഇതു് വായിക്കുന്ന ക്രിസ്‍ത്യാനി സത്യം തിരിച്ചറിഞ്ഞേക്കാം.
ഇതിനു ശേഷം പെസഹായുടെ കഥ യഹൂദർ അയവിറക്കും. അതിനെ മാഗ്ഗീദ് എന്നു് പറയും. പുറപ്പാടു് 12:1–15 വരെ വായിക്കും. വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ഗൃഹനാഥനോടു് നാലു് പ്രധാന ചോദ്യങ്ങൾ ചോദിക്കും. അതിനു ഉത്തരമായാണു് പുറപ്പാടിന്റെ കഥ അവർ സ്വന്ത കഥപോലെ ഏറ്റു ചൊല്ലുന്നതു്.
2. മാക്കോത്ത് – ബാധകളുടെ പാനപാത്രം (Makkot: The Cup of Plagues)
മിസ്രയീമ്യരുടെ മേൽ ദൈവം വരുത്തിയ പത്തു ന്യായവിധികളെയും അവർ സ്‍മരിക്കും. അതിൽ സന്തോഷിക്കുന്നതിനു പകരം അവർ മിസ്രയീമ്യരുടെ ദുഃഖത്തിൽ പങ്കു ചേരും.
ഓരോ ന്യായവിധിയുടെ പേരു അവർ ഉരുവിടുമ്പോഴും വീഞ്ഞിൽ വിരൽ മുക്കി ഒരു തുള്ളി വേറൊരു പ്ലേറ്റിലേക്കു കുടഞ്ഞുകളയും. അങ്ങനെ പത്തു തുള്ളി മാറ്റിയതിനു ശേഷം (അത്രേയും സന്തോഷം കുറച്ചിട്ടു് ) അവർ ആ പാനപാത്രത്തിൽ നിന്നു കുടിക്കും. വിരുന്നിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും അവരവരുടെ പാനപാത്രം ഉണ്ടു്.
“സേയ്ഡർ” എന്ന പെസഹ-ക്രമത്തിന്റെ പ്ലേറ്റിലുള്ള ഒരു പ്രധാന സാധനമാണു് ആടിന്റെ കാലിലെ ഒരു അസ്ഥി. ഏബ്രായ ഭാഷയിൽ അതിനെ സെറോവാ (Zeroah - The Lamb Shankbone) എന്നു പറയും. മിസ്രയീമിൽ വച്ചു് അറുക്കപ്പെട്ട പെസഹ കുഞ്ഞാടിന്റെ ഓൎമ്മയ്‍ക്കായിട്ടാണു് ഒരു അസ്ഥി ഉൾപ്പെടുത്തിയിരുക്കുന്നതു്. യെറുശലേമിലെ ആലയത്തിന്റെയും അവിടെ നടത്തിവന്ന യാഗങ്ങളെയും ഓൎക്കുവാനാണു് പുഴുങ്ങിയ ഒരു മുട്ട യഹൂദർ ഇതോടൊപ്പം വയ്‍ക്കുന്നതു്.
പെസഹ വിരുന്നിന്റെ ആദ്യ ഭാഗത്തിന്റെ അവസാനം “സേയ്ഡർ” പ്ലേറ്റിലുള്ള മറ്റു ഭക്ഷണ പദാൎദ്ധങ്ങൾ അവർ ക്രമമായി ഭക്ഷിക്കും. ബാക്കിയുള്ള മാത്‍സാ അപ്പം ദൈവത്തെ വാഴ്‍ത്തിയതിനു ശേഷം ഭക്ഷിക്കും. കൈപ്പുള്ള ഇലകൾ കൂട്ടിയാണു് ആദ്യം ഒരു കഷണം കഴിക്കുന്നതു്. (ഇതിന്റെ ഒരു പങ്കാണു് യേശു യൂദാസിനു നൽകിയതു്.) അതിനു ശേഷം മധുരമുള്ള ആപ്പിളും തേനും മറ്റും ചേൎത്തു് ഒരു അപ്പ കഷണം കഴിക്കും. ഇതെല്ലാം ഇസ്രായേൽ മക്കളുടെ അടിമവേലയെ സ്‍മരിക്കുന്നതിനാണു്.
ഇത്രയും ചടങ്ങുകൾ കഴിഞ്ഞാൽ പ്രധാന വിരുന്നിലേക്കു് പ്രവേശിക്കും.
അപ്രകാരം ഒരു വലിയ വിരുന്ന ഒരുക്കുവാനാണു് യേശു ശിഷ്യന്മാരെ ചുമതലപ്പെടുത്തിയതു്. ഒരുക്കപ്പെടുന്ന ഒരു ആഹാരത്തിലും പുളിപ്പു് ഉണ്ടാകയില്ല.
അത്താഴത്തിനു ശേഷം മറച്ചുവച്ച “അഫിക്കോമൻ” (തുണിയിൽ പൊതിഞ്ഞു് സൂക്ഷിച്ച രണ്ടാം മാത്‍സാ അപ്പത്തിന്റെ കഷണം) കൊണ്ടു വരും (Tzafun: Finding and Eating the Afikoman). “അഫിക്കോമൻ” മുറിച്ചു് എല്ലാവരും അതിൽ നിന്നു ഭക്ഷിക്കും.
യേശു അഫിക്കോമെൻ എടുത്തിട്ടു് “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓൎമ്മയ്‍ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.” ശിഷ്യന്മാർ അതു് കേട്ടു് അത്ഭുതപ്പെട്ടു കാണും. അതു വരെ ആരും അപ്രകാരം ചെയ്‍തിട്ടില്ലല്ലോ. നൂറ്റാണ്ടുകളായി യഹൂദർ പെസഹ വിരുന്നിൽ അൎത്ഥം മനസ്സിലാക്കാതെ ആചാരങ്ങൾ പാലിച്ചു വന്നു. ഇപ്പോഴും അതു് തന്നെ യഹൂദർ ചെയ്‍തു വരുന്നു: രണ്ടാമത്തെ അപ്പം എടുത്തു രണ്ടായി മുറിച്ചു ഒരു ഭാഗം “അടക്കി” യിട്ടു് കുറച്ചു നേരം കഴിഞ്ഞു് അതിനെ “ഉയിൎപ്പിച്ചു് ” കൊണ്ടു വരുന്നു. അവർ ആചരിക്കുന്ന പെസഹ വിരുന്നിൽ തൃത്ത്വത്തിൽ രണ്ടാമനായ യേശുവിന്റെ മരണവും അടക്കവും പുനരുദ്ധാനവും ഉൾപ്പെട്ടിരിന്നു. യഹൂദരുടെ ഈ മതാചാരങ്ങൾ പുറപ്പാടു് പുസ്‍തകത്തിൽ എഴുതിയിട്ടില്ലാത്തതു കൊണ്ടു് ക്രൈസ്‍തവരിൽ പലൎക്കും ഇതിനെ കുറിച്ചു് അറിവില്ല. ഇവിടെയാണു് മതപരവും സാമൂഹീകവുമായ സന്ദൎഭത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നതു്.
യേശു നുറുക്കിയ അപ്പത്തിന്റെ സന്ദൎഭം ഇതാണു്. ഒരു വലിയ “സദ്യക്കു” ശേഷമാണു് നേരത്തെ മുറിച്ചു മാറ്റി വച്ചിരുന്ന അപ്പം എടുത്തു് ശിഷ്യന്മാൎക്കു മുറിച്ചു നൽകിയതു്. ഈ സന്ദൎഭത്തിൽ നിന്നു ചിലതു് അടൎത്തി മാറ്റിയിട്ടു് ഒരു കഷണം പുളിപ്പുള്ള അപ്പം ഉപയോഗിച്ചു് തോന്നുമ്പോഴെല്ലാം ക്രൈസ്‍തവർ നടത്തുന്ന ചടങ്ങ് യഥാൎത്ഥ കൎത്തൃമേശയല്ല. യേശു ചെയ്‍തതു പോലെ തന്നെ എല്ലാം ചെയ്യേണം എന്നു ശഠിക്കുന്നവർ കൎത്തൃമേശയുടെ കാൎയ്യം വരുമ്പോൾ എന്തുകൊണ്ടു് ആ പ്രമാണം വിസ്‍മരിക്കുന്നു?
3. ഹാഗെയൂല – രക്ഷയുടെ പാനപാത്രം (HaGeulah: The Cup of Redemption)
അത്താഴം കഴിഞ്ഞു് എല്ലാവരും മൂന്നാമതു് അവരവരുടെ പാനപാത്രങ്ങൾ നിറയ്‍ക്കും.
“… ബലമുള്ള കൈയാലും ഉന്നത ഭുജത്താലും വലിയ ന്യായവിധിയോടെയും ഞാന്‍ നിങ്ങളെ രക്ഷിക്കുകയും ചെയ്യും” എന്നു് ദൈവം മോശെയിലൂടെ ഇസ്രയേൽ മക്കളോടു് വാഗ്‍ദത്തം ചെയ്‍തിരുന്നു. ആ രക്ഷയെ അഥവാ വീണ്ടെടുപ്പിനെ സ്‍മരിക്കുന്ന രക്ഷയുടെ പാനപാത്രമാണിതു്. ദൈവത്തെ വാഴ്‍ത്തിയിട്ട് എല്ലാവരും മൂന്നാമത്തെ പാനപാത്രത്തിൽ നിന്നു കുടിക്കും.
“ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു” എന്നു ഈ പാനപാത്രം കൈയ്യിൽ എടുത്തിട്ടാണു് യേശു പറഞ്ഞതു്.20
“പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവൎക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകൎക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കും നാൾ വരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.”21
4. ഹല്ലേൽ – സ്‍തുതിയുടെ പാനപാത്രം (Hallel: The Cup of Praise)
നാലാമതു് പാനപാത്രത്തിൽ വീഞ്ഞു പകൎന്നു കുടിക്കുന്നതിനു മുമ്പു് ദൈവത്തെ സ്‍തുതിക്കുവാൻ ചില നിമിഷങ്ങൾ യഹൂദർ വേർതിരിക്കും. നൂറ്റിപതിമുന്നു മുതൽ നൂറ്റിപതിനെട്ടാം സങ്കീർത്തനം വരെ അവർ പാടും.
യേശുവും ശിഷ്യന്മാരും ദൈവത്തെ സ്‍തുതിച്ചതായി നാം വായിക്കുന്നു. “പിന്നെ അവർ സ്തോത്രം പാടിയ ശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.”22
യഥാൎത്ഥ പെസഹ എന്നു വച്ചാൽ എന്താണെന്നു് ക്രൈസ്‍തവരിൽ ഭൂരിഭാഗം ആളുകളും കേട്ടിട്ടു പോലും ഇല്ല എന്നതാണ് വാസ്‍തവം. അറിവില്ലായ്‍മ നിമിത്തമോ യഹൂദരുടെ പെസഹ വിരുന്നിനോടുള്ള വിരോധം നിമിത്തമോ ആ വിരുന്നിലെ ഒരു ചെറിയ അംശം മാത്രം ക്രൈസ്‍തവർ അടൎത്തിയെടുത്തിട്ടു് “ഇതാണു് യേശു ഞങ്ങളോടു് ചെയ്യാൻ ആഞ്ഞാപിച്ചതു് ” എന്നു് അവകാശപ്പെടുന്നതു് യേശുവിനോടും ദൈവ വചനത്തോടും കാണിക്കുന്ന കടുത്ത അനാദരവല്ലേ?
യേശു പെസഹ വിരുന്നാണ് ആചരിച്ചതെങ്കിൽ യേശുവിനെ കേന്ദ്രീകരിച്ചുള്ള പെസഹ നാം തന്റെ ഓൎമ്മയ്‍ക്കായി ആണ്ടിൽ ഒരിക്കൽ ആചരിക്കേണം എന്നാണു് യേശുവിന്റെ കൽപ്പനയുടെ സാരം. യേശു ഒരുക്കലായി ബലിയായതു കൊണ്ടു് നാം ഇനി ആടുകളെ അറുക്കേണ്ട ആവശ്യമില്ല. മൃഗബലി ഇനിമേൽ ആചരിക്കേണ്ട ആവശ്യമില്ലാത്തതു കൊണ്ടു് ഇനി മുതൽ പെസഹ വിരുന്നും വേണ്ട എന്നല്ല യേശു പറഞ്ഞതു്. “ഇതു് എന്റെ ഓൎമ്മയ്‍ക്കായി ചെയ്‍വിൻ.” യേശുവിനെ ചിത്രീകരിക്കുന്ന അഫിക്കോമെൻ പെസഹ വിരുന്നിൽ തന്നെയുണ്ട്. അതു കൊണ്ടു് യേശു പ്രത്യേകം വാഴ്‍ത്തി നുറുക്കി നൽകിയ അഫിക്കോമെൻ എന്ന അപ്പത്തിന്റെ അൎത്ഥം മനസ്സിലാക്കി ക്രിസ്‍തുവിൽ കേന്ദ്രീകൃതമായ പെസഹ വിരന്നു് അഥവാ “കൎത്തൃമേശ” നാം ആചരിക്കണം.
പെസഹ വിരുന്നു് ഓൎമ്മയുടെ വിരുന്നായിരുന്നു.
ഈ ദിവസം നിങ്ങൾക്കു ഓൎമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവെക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം.23
ക്രിസ്‍തീയ പെസഹയും ഓൎമ്മയുടെ വിരുന്നാണു്.
ഞാൻ കൎത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കൎത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി: ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓൎമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയ നിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓൎമ്മെക്കായി ചെയ്‌വിൻ എന്നു പറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കൎത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.24
യേശുവിന്റെ ക്രൂശു മരണത്തിനു മുമ്പു് ദൈവത്തിന്റെ ഇസ്രായേൽ സഭ മിസ്രയീമിൽ നിന്നുള്ള പുറപ്പാടിനെ സ്‍മരിച്ചു കൊണ്ടു് പെസഹ ആചരിച്ചു. യേശുവിന്റെ ക്രൂശുമരണത്തിനു ശേഷം മ്ശിഹയിൽ വിശ്വസിക്കുന്ന ഇസ്രായേൽ സഭ (ക്രൈസ്‍തവ സഭ) യേശുവിലൂടെ സാധ്യമായ പുറപ്പാടിനെ അനുസ്‍മരിച്ചുകൊണ്ടു് ക്രിസ്‍തുവിൽ കേന്ദ്രീകൃതമായ പെസഹ ആചരിക്കേണം. യഹൂദ മതത്തിൽ നിന്നു ക്രൈസ്‍തവ മാൎഗ്ഗം സ്വീകരിച്ചവർ ആ രീതിയിലാണു് പെസഹ ആചരിക്കുന്നതു്. അപ്പോൾ ഉപയോഗിക്കുന്ന പെസഹ ക്രമം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം..
ക്രിസ്‍തുവിൽ കേന്ദ്രീകൃതമായ പെസഹ ആചരിക്കുന്നതിനു പകരം കൎത്താവിന്റെ കൽപ്പന അനുസരിക്കുന്നു എന്നു വരുത്തിതീൎക്കാൻ നാം തീരെ ചെറിയ ഒരു കഷണം (പുളിച്ചമാവുകൊണ്ടുള്ള) ബ്രെഡും കുറച്ചു് മുന്തിരിച്ചാറും ഉപയോഗിച്ചു് “തിരുവത്താഴം” കഴിക്കുന്നു. “അപ്പം ഒന്നാക കൊണ്ടു് പലരായ നാം ഒരു ശരീരം ആകുന്നു” എന്നു് പാസ്‍റ്റർമാർ പറയുന്നതു് കേട്ടിട്ടുണ്ടു്. പക്ഷേ ബേക്കറിയിൽ നിന്നും വാങ്ങിയ പുളിപ്പുള്ള ബ്രെഡും കയ്യിൽ എടുത്തു് “ഈ അപ്പത്തിനു പുളിപ്പില്ലാത്തതു് പോലെ നമ്മുടെ ജീവിതത്തിൽ പാപത്തിന്റെ അംശം പോലും കാണരുതു് ” എന്നു് പറയുന്ന ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. പെസഹയുമായി ഒരു സാദൃശം പോലുമില്ലാത്ത രീതിയിൽ പുളിച്ച മാവുകൊണ്ടുള്ള ബ്രെഡ‍് ഉപയോഗിച്ചു് നടത്തുന്ന “കൎത്തൃമേശ” ആചരിക്കുന്നവർ വിശുദ്ധ ജീവിതത്തിന്റെ അതിമനോഹരമായ ഒരു ചിത്രത്തെ പാഴാക്കുകയാണു്.
പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുന്ന ക്രൈസ്‍തവ വിഭാഗങ്ങൾ കാണും. പക്ഷേ പുളിപ്പില്ലാത്ത അപ്പം പെസഹായ‍്‍ക്കു മാത്രമേ യഹൂദർ ഉപയോഗിക്കാറുള്ളൂ. ആണ്ടിലൊരിക്കൽ. നമ്മുക്കു് സൗകര്യമുള്ളപ്പോളെല്ലാം ആചരിക്കേണ്ട ഒന്നല്ല ക്രിസ്തീയ പെസഹ. പെസഹയുടെ സന്ദൎഭത്തിൽ നിന്നു ഒരു അപ്പവും കുറച്ചു വീഞ്ഞും അടൎത്തിയെടുത്താൽ ആ അപ്പത്തിനും വീഞ്ഞിനും കൎത്താവു് ഉദ്ദേശിച്ച അൎത്ഥം കിട്ടുകയില്ല. അതു് യഥാൎത്ഥ കൎത്തൃമേശയുടെ ഒരു വികൃതമായ നിഴൽ മാത്രം.
പെസഹ ദിനത്തിനു ശേഷമുള്ള ഏഴു ദിവസത്തെ “പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ” നാം ആചരിക്കണോ? തീൎച്ചയായും. ക്രിസ്‍തുവിൽ വിശ്വസിച്ചതിനു ശേഷമുള്ള നമ്മുടെ ജീവിതം “പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ” ആണു്. ക്രിസ്‍തീയ ജീവിതം തന്നെ പുളിപ്പില്ലാത്ത അപ്പത്തന്റെ ഉത്സവം ആണെന്നാണു് പൗലുസ് ശ്ലീഹാ പറയുന്നതു്.
നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു: ക്രിസ്തു തന്നേ. ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്‍മ കൊണ്ടുതന്നേ ഉത്സവം ആചരിക്ക.25
സ്നേഹ വിരുന്നുകൾ എത്ര വേണെമെങ്കിലും എപ്പോൾ വേണമെങ്കിലും ആകാം. അവയിൽ ഏതു തരം ഭക്ഷണവും കഴിക്കാം. കൎത്തൃമേശയിൽ പുളിപ്പ് പാടില്ല. നമ്മുടെ ജീവിതത്തിലും പുളിപ്പു് പാടില്ല. സ്നേഹ വിരുന്നുകളിൽ ആൎക്കു വേണമെങ്കിലും പങ്കെടുക്കാം. കൎത്തൃമേശയെന്ന ക്രിസ്‍തീയ പെസഹയിൽ ദൈവജനം മാത്രമേ പങ്കെടുക്കുവാൻ പാടുള്ളൂ.26 അതായതു് സുവിശേഷം കേട്ടു് മാനസാന്തരപ്പെട്ടു് ക്രിസ്‍തുവിനോടു് ചേരുവാൻ സ്‍നാനപ്പെട്ടവർ മാത്രം. അല്ലാത്തവൎക്കു് ക്രിസ്‍തുവിന്റെ മേശയിൽ എന്തു കാൎയ്യം?
യഹൂദർ പെസഹ വിരുന്നു് വീടുകളിൽ ആചരിച്ചു വരുന്നതു പോലെ ക്രിസ്‍തീയ പെസഹ എന്ന കൎത്തൃമേശയും വീടുകളിൽ ആചരിക്കേണം. അതിനു കാൎമ്മികത്വം വഹിക്കുവാൻ കുടുംബനാഥനല്ലാതെ വേറെ പ്രത്യേക പുരോഹിതന്മാരുടെ ആവശ്യമില്ല. ക്രിസ്‍ത്യാനികൾ പെസഹ ആചരിക്കുമ്പോൾ യഹൂദർ ആചരിക്കുന്നതിൽ നിന്നു അൽപ്പം വ്യത്യസ്ഥമായി യേശു ക്രിസ്‍തുവിൽ പൂൎത്തിയായ വീണ്ടെടുപ്പിന്റെ ആഘോഷമായും വീണ്ടെടുപ്പുകാരനായ യേശുവിന്റെ ഓൎമ്മയ്‍ക്കായും ആചരിക്കേണം.
യഹൂദർ പെസഹ വീടുകളിൽ ആചരിച്ചു വരുന്നതു പോലെ ക്രിസ്‍തീയ പെസഹയും വീടുകളിൽ ആചരിക്കേണം. അതിനു കാൎമ്മികത്വം വഹിക്കുവാൻ കുടുംബനാഥനല്ലാതെ വേറെ പ്രത്യേക പുരോഹിതന്മാരുടെ ആവശ്യമില്ല.
കൎത്തൃമേശയുടെ ശരിയായ അൎത്ഥം മനസ്സിലാക്കുവാൻ യഹൂദരുടെ ഇടയിൽ നിലനിന്നിരുന്ന മതപരമായ പശ്ചാത്തലം അറിയേണ്ടത് അനിവാൎയ്യമായിരുന്നതു പോലെ “വീണ്ടും ജനനം” എന്ന യേശുവിന്റെ ഉപദേശം ഗ്രഹിക്കുവാനും നാം അതിന്റെ പിന്നിലെ യഹുദ വേരുകൾ തേടി പോകേണ്ടി വരും. (വീണ്ടും ജനനത്തിന്റെ അൎത്ഥം അറിയുവാൻ ഈ സന്ദേശം ശ്രവിക്കുക).
യഹൂദ മതത്തിൽ നിന്നു യേശുവിനെ പിൻപറ്റുന്ന ചിലർക്കെങ്കിലും ക്രിസ്‍ത്യാനികളുടെ ആഴ്‍ചതോറുമുള്ള “തിരുവത്താഴ” ചടങ്ങിൽ പങ്കെടുക്കുന്നതിൽ വളരെ ബുദ്ധിമുട്ടുണ്ടു്. 27 അതിന്റെ ഒരു കാരണം ഇതാണു് – ഇന്നു ക്രൈസ്‍തവർ അൽപ്പം പുളിച്ചമാവുകൊണ്ടുള്ള അപ്പവും വീഞ്ഞും ഉപയോഗിച്ചു നടത്തുന്ന കൂദാശ ഏതു് പേരിൽ അറിയപ്പെട്ടാലും അതിന്നു ഏബ്രായ തിരുവെഴുത്തിൽ യാതൊരു അടിസ്ഥാനവും ഇല്ല.28
അതു മാത്രമല്ല. ഏബ്രായ തിരുവെഴുത്തുകളിൽ അടിസ്ഥാനമില്ലാത്ത പുതു പുത്തൻ ആചാരങ്ങളോ ഉപദേശങ്ങളോ യേശുവോ അപ്പൊസ്‍തലന്മാരോ ക്രിസ്‍തീയ സഭയിൽ അവതരിപ്പിച്ചില്ല. പ്രത്യേകിച്ചും ഒരു യാഗത്തിൽ പങ്കെടുത്തു് അവിടെ അൎപ്പിക്കപ്പെട്ട യാഗമൃഗത്തിന്റെ മാംസവും രക്തവും ഭക്ഷിക്കുക വഴി ദൈവവുമായി “വിശുദ്ധ സംസൎഗ്ഗം” നേടാം എന്നൊരു ആശയം ഏബ്രായ തിരുവെഴുത്തുകളിൽ അശേഷം ഇല്ല.
ഒരു യാഗത്തിൽ പങ്കെടുത്തു് അവിടെ അൎപ്പിക്കപ്പെട്ട യാഗമൃഗത്തിന്റെ മാംസവും രക്തവും ഭക്ഷിക്കുക വഴി ദൈവവുമായി “വിശുദ്ധ സംസൎഗ്ഗം” നേടാം എന്നൊരു ആശയം ഏബ്രായ തിരുവെഴുത്തുകളിൽ അശേഷം ഇല്ല.
ഉടനെ താങ്കൾ ചോദിച്ചേക്കാം – “പിന്നെ എന്തുകൊണ്ടു് യേശു തന്റെ മാംസം ഭക്ഷിക്കുന്നതിനെകുറിച്ചും രക്തം കുടിക്കുന്നതിനെ കുറിച്ചും പറഞ്ഞു? അവ ഏബ്രായ തിരുവെഴുത്തുകളിൽ ഇല്ലാത്ത പുതിയ ആശങ്ങൾ അല്ലേ? പുതിയ ആശങ്ങൾ ആയതുകൊണ്ടല്ലേ അതു് കേട്ട യഹൂദർ ഞെട്ടിപോയതു് ?”
നല്ല ചോദ്യമാണു്. യോഹന്നാന്റെ സുവിശേഷത്തിൽ ആറാം അദ്ധ്യായത്തിൽ കാണുന്ന ആ വാചകങ്ങൾ സന്ദൎഭോചിതമായി വ്യാഖ്യാനിക്കുകയും അവയുടെ ഉറവിടം നാം കണ്ടുപിടിക്കുകയും ചെയ്‍താൽ ഇന്നു ക്രൈസ്‍തവ സഭകളിൽ തിരുബലി, കുൎബാന, “വിശുദ്ധ സംസൎഗ്ഗം,” കൎത്തൃമേശ എന്ന പേരുകളിൽ നടത്തപ്പെടുന്ന ആചാരം ദൈവവചന വിരുദ്ധമാണെന്നു തിരുച്ചറിയും.
യേശു ഗലീലയിൽ അയ്യായിരും പുരുഷന്മാരെയും അവരോടൊപ്പം ഉള്ളവരേയും അത്ഭുകരമായി പോഷിപ്പിച്ചതുനു ശേഷം പിറ്റേനാൾ ജനം യേശുവിനേ തേടി വന്നു. അവരോടാണു് യേശു ചില “പുതിയ” കാൎയ്യങ്ങൾ പറഞ്ഞതു്. അതു് കേട്ടിട്ട് അവർ യേശുവിനെ അനുഗമിക്കുന്നതു് മതിയാക്കി മടങ്ങി പോയി.
“സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കാതെയും അവന്റെ രക്തം പാനം ചെയ്യാതെയുമിരുന്നാൽ നിങ്ങളിൽ ജീവനില്ല. എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവർക്ക് നിത്യജീവനുണ്ട്. ഞാൻ അന്ത്യനാളിൽ അവരെ ഉയിർപ്പിക്കും.”29
“എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു. എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവർ എന്നിലും ഞാൻ അവരിലും വസിക്കും.”30
“ഇതു കേട്ട് തന്റെ ശിഷ്യന്മാരിൽ പലരും, “ഇത് കഠിനമായ ഉപദേശം; ഇത് അംഗീകരിക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു.”31
അപ്പോൾ മുതൽ ശിഷ്യന്മാരിൽ പലരും അദ്ദേഹത്തെ വിട്ടുപോയി. അവർ പിന്നെ ഒരിക്കലും അദ്ദേഹത്തെ അനുഗമിച്ചില്ല.32
ഇവിടെ യേശു “പുതിയ” കാൎയ്യങ്ങളല്ല പറഞ്ഞതു്. യഹൂദന്മാരുടെ ഇടയിൽ അന്ന് സുപരിചിതവും സുലഭവുമായിരുന്ന ആദ്ധ്യാത്മ ചിന്തകൾ (കബാല സാഹിത്യം33) കടമെടുത്താണു് യേശു സംസാരിച്ചതു്. “താന്യ” എന്ന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന കാൎയ്യങ്ങൾ അനുസ്‍മരിപ്പിക്കും വിധമാണു് യേശു പഠിപ്പിച്ചതു്. ആ ഗ്രന്ഥത്തിലെ തോറയെ (അതായത്, ന്യായപ്രമാണത്തെ) കുറിച്ചുള്ള ചില വരികൾ ശ്രദ്ധിക്കുക. (മോശയുടെ പഞ്ചഗ്രന്ഥങ്ങളെയാണു് യഹൂദർ തോറാ എന്നു വിളിക്കുന്നതു്.)
തോറാ ആത്മാവിന്റെ അപ്പവും ഭക്ഷണവുമാണു് കാരണം ഒരുവൻ തോറാ വായിച്ചു് ഗ്രഹിക്കുമ്പോൾ
അതു് അവന്റെ ബുദ്ധിയിലും ആത്മാവിലും പ്രവേശിച്ച് അവയാൽ ആവരണം ചെയ്യപ്പെടുന്നു,
അകമേയുള്ള മനുഷ്യനിൽ അലിഞ്ഞു ചേരുന്നു. അപ്പം ഭക്ഷിക്കുമ്പോൾ അതു് ശരീരത്തിൽ
അലിഞ്ഞുചേൎന്നു്, ഒരുവന്റെ മാംസത്തിൽ മാംസവും രക്തവും ആയിത്തിൎന്നിട്ട് ശരീരത്തെ
പോഷിപ്പിക്കുന്നതു് പോലെ, അതിനാൽ അവൻ ജീവിക്കുന്നതു പോലെ—ബുദ്ധിയുപയോഗിച്ചു് തോറാ
സസൂക്ഷ്‍മം പഠിക്കുന്നവൻ തന്റെ അകമേയുള്ള മനുഷ്യനിൽ അതു് ഗ്രഹിക്കുന്നതിലുടെയും
അറിയിന്നതിലൂടെയും തോറാ തന്റെ ബുദ്ധിയിൽ അലിഞ്ഞു ചേൎന്നു അവനിൽ ഒന്നായി തീരുന്നു. ഇതു്
അവന്റെ ആത്മാവിന്റെ പോഷണമായി തീരുന്നു. തോറായുടെ ജ്ഞാനത്താൽ ആവരണം ചെയ്യപ്പെട്ട
ജീവദാതാവായ വാഴ്‍ത്തപ്പെട്ട എൻ-സോഫിൽനിന്നുള്ള (ദൈവത്തിൽനിന്നുള്ള) ആത്മീയ ജീവൻ
അവന്റെ അകമേയുള്ള മനുഷ്യനിൽ അലിഞ്ഞു ചേരുന്നു.
‘അതേ, നിന്റെ തോറാ എന്റെ ഉള്ളിലും
അന്തരംഗത്തിലും വസിക്കുന്നു’ എന്നു് എഴുതിയിരുക്കുന്നതിന്റെ അൎത്ഥം ഇതാണു്.
“ബുദ്ധിയുടെ പ്രമാണം” എന്നു കേൾക്കുന്നതു് തന്നെ ചിലരിൽ അലൎജി ഉളവാക്കും. അങ്ങനെയുള്ളവൎക്കു് യഹൂദന്റെ ഈ ആത്മീയ ചിന്ത ഉൾക്കൊള്ളാൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും! പക്ഷേ മുകളിൽ ഉദ്ധരിക്കപ്പെട്ട വരികളുടെ സാരം എന്താണു്? ദൈവം വചനം മനുഷ്യന്റെ സാക്ഷാൽ ഭക്ഷണമാണു്. വചനം ശരിയായി ഉൾക്കൊണ്ടാൽ അതു് അന്തരാത്മാവിൽ അലിഞ്ഞുചേൎന്നിട്ട് അവനെ പോഷിപ്പിക്കും.
യേശു ആരാണു് ? സാക്ഷാൽ ദൈവവചനം ധരണിയിൽ ജഡമെടുത്തു ജനിച്ചവൻ. “ഞാൻ സ്വൎഗ്ഗത്തിൽനിന്നു വന്ന ജീവന്റെ അപ്പം ആണു് ” എന്നാണു് യേശു അവകാശപ്പെട്ടതു്. അതു് പറഞ്ഞു കഴിഞ്ഞ ഉടനെയാണു് “എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു” എന്നു് കൂട്ടിചേൎത്തതു്. വചനാമാകുന്ന തന്നിൽ യഹൂദർ വിശ്വസിച്ചു് ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണു് യേശു സംസാരിച്ചതു്. അല്ലാതെ മനുഷ്യ മാംസവും രക്തവും അകത്താക്കുന്ന കാൎയ്യമല്ല. മനുഷ്യ ശരീരം ഭക്ഷിക്കുന്നതും രക്തം കുടിക്കുന്നതും നിഷിദ്ധമാണെന്നു് അറിയാത്ത യഹൂദനുണ്ടോ? എന്നിട്ടും യേശു പറഞ്ഞതു് അക്ഷരീകമായി എടുക്കേണ്ടതല്ലെന്നു് ജനത്തിനു മനസ്സിലായില്ല. അവർ ഇടഞ്ഞു. അപ്പോൾ യേശു അവരോടു് കുറച്ചുകൂടി ലളിതമായി സംസാരിച്ചു.
“ഇതു നിങ്ങൾക്ക് ഇടർച്ചയുണ്ടാക്കുന്നോ? മനുഷ്യപുത്രൻ മുമ്പ് ആയിരുന്നേടത്തേക്കു കയറിപ്പോകുന്നത് നിങ്ങൾക്കു കാണാൻ കഴിഞ്ഞെങ്കിലോ? ജീവിപ്പിക്കുന്നത് ആത്മാവാകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല. ഞാൻ സംസാരിച്ചിട്ടുള്ള വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.”34
എന്നിട്ടും ആ ജനാവലി യേശുവിനെ വിട്ടു പോയി. പന്ത്രണ്ടു് ശിഷ്യന്മാരെ തിരിഞ്ഞു നോക്കിയിട്ടു് യേശു ചോദിച്ചു,
“നിങ്ങളും വിട്ടുപോകാൻ ആഗ്രഹിക്കുന്നോ?”
അതിനു ശിമോൻ പത്രോസ് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു:
“കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെപക്കൽ ഉണ്ടല്ലോ. അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിക്കുകയും അറിയുകയുംചെയ്യുന്നു.”35
മാംസവും രക്തവും ഭക്ഷിക്കുന്ന കാൎയ്യമല്ല യേശു പറഞ്ഞതെന്നു് അപ്പൊസ്‍തലനായ പത്രോസിനു പിടികിട്ടി. കുട്ടിക്കാലത്തു് ഇങ്ങനെ ചിന്തിച്ചിട്ടുണ്ടു്: “യേശുവിന്റെ ഉപമകൾ പോലും മനസ്സിലാക്കുവാനുള്ള ബുദ്ധിയില്ലാത്തവരെയാണോ യേശുവിന്റെ ശിഷ്യന്മാർ? എടുത്തുചാട്ടകാരൻ പത്രോസിന്റെ കാൎയ്യം പറയുകയേ വേണ്ട! അവസാനം യേശുവിനെ തള്ളിപറഞ്ഞു.” പക്ഷേ ഇന്നു് തങ്ങളെ തന്നെ ബുദ്ധിമാന്മാർ എന്ന കരുതുന്ന ക്രൈസ്‍തവൎക്കു് യേശൂവിന്റെ വാക്കുകളുടെ ശരിയായ അൎത്ഥം മനസ്സിലാകുന്നില്ല.
യേശൂവിന്റെ ശരീരവും രക്തവും വിശ്വാസികൾക്കു് എങ്ങനെ ലഭ്യമാകുന്നു എന്നതിനെ കുറിച്ചു് എന്തെല്ലാം ഉപദേശങ്ങളാണു് നിലവിലുള്ളതു്! അപ്പവും വീഞ്ഞും യേശുവിന്റെ കഷ്ടാനുഭവങ്ങളുടെ ഓൎമ്മക്കുവേണ്ടി മാത്രമാണു് എന്നു് ബാപ്‍റ്റിസ്‍റ്റുകാരും പെന്തക്കോസ്‍തുകാരിൽ അനേകരും പഠിപ്പിക്കുന്നു. യേശുവിന്റെ യഥാൎത്ഥ സാന്നിധ്യം – വെറും പ്രതീകാത്മകമായല്ല യഥാൎത്ഥ സാന്നിധ്യം – അപ്പവീഞ്ഞുകളിൽ ഉണ്ടു് എന്നു് കത്തോലിക്കർ, ഓൎത്തഡോക്‍സുകാർ, ലൂഥറൻ വിശ്വാസികൾ, മെഥഡിസ്‍റ്റുകാർ, ആംഗ്ലിക്കൻ സഭക്കാർ, കാൽവിനിസ്‍റ്റുകൾ എന്നിത്യാദി ക്രൈസ്‍തവർ വിശ്വസിക്കുന്നു. ഏതു് രീതിയിലാണു് ആ സാന്നിധ്യം ഉള്ളതു് എന്നതിനെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങൾ അവരുടെ ഇടയിലുണ്ടു്.
അപ്പവും വീഞ്ഞും വാഴ്‍ത്തിയാൽ അവ യഥാൎത്ഥത്തിൽ യേശുവിന്റെ തിരുശരീരവും രക്തവും ആയി രൂപാന്തരപ്പെടുന്നു (Transubstantiation)36 എന്നു റോമൻ കത്തോലിക്ക സഭ നൂറ്റാണ്ടുകളായി പഠിപ്പിച്ചുവരുന്നു. അവരിൽ നിന്നു വേർപെട്ട ലൂഥറിന്റെ സഭ കത്തോലിക്കരുടെ ഉപദേശത്തിൽനിന്നു അൽപ്പം വ്യതിചലിച്ചു. അപ്പവും വീഞ്ഞും മാംസരക്തങ്ങളായി മാറുന്നില്ലെങ്കിൽ പോലും അപ്പത്തിന്റെയും വീഞ്ഞിന്റെയും കൂട്ടത്തിൽ യേശുവിന്റെ സാക്ഷാൽ മാംസരക്തങ്ങൾ വിശ്വാസികളുടെ ഉള്ളിൽ പ്രവേശിക്കുന്നു (Consubstantiation)37 എന്നു് ലൂഥർ പഠിപ്പിച്ചു.
എന്നാൽ ലൂഥറിന്റെ സമകാലികരായ കാൽവിനും സ്വിംഗ്ലിയും വേറിട്ടു് ചിന്തിച്ചു. അപ്പത്തിന്റെയും വീഞ്ഞിന്റെയും കൂടെ യേശുവിന്റെ യഥാൎത്ഥ മാംസരക്തങ്ങൾ വിശ്വാസി ഭക്ഷിക്കുന്നില്ല; പക്ഷേ യേശുവിന്റെ ആത്മീക സാന്നിധ്യം അപ്പവീഞ്ഞുകളിൽ ഉണ്ടു് എന്നു് അവർ പഠിപ്പിച്ചു. ക്രിസ്‍തു സ്വർഗ്ഗത്തിൽനിന്നു വിശ്വാസികളിലേക്ക് ഇറങ്ങിവരുകയല്ല, മറിച്ചു് വിശ്വാസികൾ സ്വർഗ്ഗത്തിലേക്കു് – യേശുവുമായി ഒരു വിശുദ്ധ സംസൎഗ്ഗത്തിലേക്കു് – ഉയൎത്തപ്പെടുന്നു എന്നും അവർ കരുതി. പെന്തക്കോസ്‍തുകാരുടെ ഇടയിലും കാൽവിനിസ്‍റ്റ് അഥവാ മെഥഡിസ്‍റ്റ ചിന്താഗതിക്കാരെ കാണുവാൻ സാധിക്കും.
എന്നാൽ യോഹന്നാൻ ആറാം അദ്ധ്യായത്തിൽ യേശു ഇതൊന്നുമല്ല അൎത്ഥമാക്കിയതു്. വചനാമാകുന്നവനെ നാം വിശ്വസിച്ചു് ഉൾക്കൊള്ളണം, അനുസരിക്കേണം. “ജീവിപ്പിക്കുന്നത് ആത്മാവാകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല. ഞാൻ സംസാരിച്ചിട്ടുള്ള വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.”
കൎത്തൃമേശ ഒരു യാഗം (അഥവാ ബലി അഥവാ കുൎബാന) ആണെന്നു് പുതിയ നിയമം പഠിപ്പിക്കുന്നില്ല. എങ്കിലും റോമൻ കത്തോലിക്ക സഭയിലും മറ്റു ഇതര സഭകളിലും അതൊരു ബലിയായിട്ടാണു് അൎപ്പിക്കുന്നതു്. യേശു യാഗമായി തീൎന്നു എന്നു് അവർ അംഗീകരിക്കുന്നു. പക്ഷേ സ്വൎഗ്ഗത്തിലിരിക്കുന്ന യേശുവിനെ അവർ വീണ്ടും വീണ്ടും ബലി കഴിക്കുന്നതു് എന്തിനുവേണ്ടി? അവരോടു് ചോദിച്ചാൽ പറയും, “യേശു കാൽവറിയിൽ ബലിയായതിന്റെ പ്രയോജനം നമ്മുക്കു് ഇന്നു് കിട്ടേണം എങ്കിൽ അവനെ തിരുബലിയായി അൎപ്പിച്ചിട്ടു് അവന്റെ മാംസവും ശരീരവും നാം ഭക്ഷിക്കേണം.”38
യോഹന്നാൻ ആറാം അദ്ധ്യായത്തിലെ ചില വാക്യങ്ങളുടെ ദുൎവ്യാഖ്യാനം നിമിത്തമാണു് അവർ അങ്ങനെ ചിന്തിക്കുന്നതു്. എന്നാൽ അതിലും ദുഃഖകരമായ ഒരു സത്യമുണ്ടു്. തിരുബലിയിലൂടെ വീണ്ടും വീണ്ടും യേശുവിനെ അവർ ബലി കഴിക്കുന്നതു് പാപങ്ങളുടെ പ്രായശ്ചിത്തമായിട്ടാണു്.39 അൾത്താരയിലിരിക്കുന്ന അപ്പം “പരിപാവനമായ, ഊനമില്ലാത്ത, പരിശുദ്ധ” ദൈവപുത്രനാണ് എന്നു് അവർ ഹൃദയപൂൎവ്വം വിശ്വസിക്കുന്നു. ആ ദൈവ പുത്രനെയാണു് അവർ കുരുതി കൊടുക്കുന്നുതു്. അവൻ സ്വൎഗ്ഗത്തിൽ ഇരിക്കുന്നതു കൊണ്ടു് അവനു് വേദനയില്ല എന്നു് അവൎക്കറിയും. രക്തം കൂടാതെയുള്ള ഈ “തിരുബലി” അൎപ്പിച്ചിട്ടു് ദൈവ പുത്രനെ അവർ ഭക്ഷിക്കുന്നു, അവന്റെ രക്തം അവർ കുടിക്കുന്നു!
പുതിയ നിയമത്തിലില്ലാത്ത ഈ ആശയങ്ങൾ എവിടെ നിന്നു വന്നു? പുരാതന ഗ്രീക്കുകാരുടെ ഇടയിൽ നിലനിന്നിരുന്ന “ഓമോഫേജിയ” എന്ന ജാതീയ ആചാരത്തിൽനിന്നാണു് ഇതു് ക്രിസ്‍തിയ സഭയിൽ കയറികുൂടിയതു്.40 മനുഷ്യരെ അല്ലെങ്കിൽ മൃഗങ്ങളെ ബലി കഴിച്ചിട്ടു് ദേവന്മാരോടു് സംസൎഗ്ഗം പലൎത്തുവാൻ യവനർ ബലിമൃഗം/മനുഷ്യന്റെ ശരീരം പിച്ചിചീന്തി പച്ചയ‍്‍ക്കു ഭക്ഷിക്കുമായിരുന്നു. അതാണു് “ഓമോഫേജിയ.”
അതു് ക്രിസ്‍ത്യാനികളുടെ ഇടയിലേക്കു് വന്നപ്പോൾ ദൈവത്തെ ഭക്ഷിക്കുന്ന (തിയോഫേജിയ) രീതിയായി. ജാതികൾ ആരാധിച്ചിരുന്ന ദേവന്മാരുമായി അവർ സംസൎഗ്ഗം പുലൎത്തുവാൻ ശ്രമിച്ച രണ്ടു രീതികൾ ഉണ്ടായിരുന്നു—യാഗ മൃഗത്തെ ഭക്ഷിക്കുന്നതിലൂടെയും ദേവദാസിമാരുമായി ലൈംഗീക വേഴ്‍ചയിലൂടെയും. ഇവ രണ്ടും ഇസ്രായേലിന്റെ ദൈവമായ യഹോവ അംഗീകരിച്ചില്ല. അതു കൊണ്ടാണു് യാഗ മൃഗത്തെ ഭക്ഷിച്ചു് “വിശുദ്ധ സംസൎഗ്ഗം” പ്രാപിക്കുക എന്ന ആശയം വേദപുസ്‍തക വിരുദ്ധമാണു് എന്നു് നേരത്തെ സൂചിപ്പിച്ചതു്.
കത്തോലിക്ക സഭ വിട്ടു വെളിയിൽ വന്ന ലൂഥറും കാൽവിനും സ്വംഗ്ലിയും തിരുബലിയെന്ന കൎമ്മം ഉപേക്ഷിക്കേണ്ടതായിരുന്നു. പക്ഷേ അവർ അതിന്റെ പൊടി തട്ടിയെടുത്തു് അവരുടെ ഇടയിൽ പ്രതിഷ്‍ടിച്ചു. വിശ്വാസിക്കുന്നവരെ മാത്രമേ സ്‍നാനപ്പെടുത്താവൂ എന്നു പറഞ്ഞു ചിലർ ലൂഥറിനെയും കാൽവിനെയും ഉപേക്ഷിച്ചു പോയി. ഇന്നത്തെ ബാപ്‍റ്റിസ്‍റ്റുകാരുടെ മുൻഗാമികളായിരുന്നു അവർ. “വീണ്ടും സ്‍നാനപ്പെടുത്തുന്നവർ” (അനാബാപ്‍റ്റിസ്‍റ്റ്) എന്ന ചീത്തപേരു നൽകി ലൂഥറും കൂട്ടരും അവരെ വർഷങ്ങളോളം വേട്ടയാടി. അവർ ആഴ്‍ചതോറുമുള്ള “തിരുവത്താഴത്തെ” ഓൎമ്മയുടെ ശുഷ്രൂഷയാക്കി രൂപാന്തരപ്പെടുത്തി. അതാണു് ഇന്നു് മിക്ക വേർപ്പെട്ട സഭകളിലും കണ്ടുവരുന്നതു്.
(മറ്റു സമുദായങ്ങളിൽ നിന്നു് ബ്രദറണ്‍ അഥവാ പെന്തക്കോസ്‍തു സഭകളിൽ വരുന്ന ചിലരുടെയെങ്കിലും ഒരു പരാതി ഇതാണു് – “നമ്മുടെ പഴയ സമുദായത്തിലെ കുൎബാന പോലെ ഇവിടെ കൎത്തൃമേശക്കു് വേണ്ടത്ര പ്രാധാന്യവും സമയവും നൽകുന്നില്ല” എന്നാണു്. വേദ പഠനത്തിന്റെ അഭാവം മൂലം അങ്ങനെ ചിന്തിക്കുന്ന ധാരാളം മലയാളികൾ കാണും എന്നാണു് എന്റെ ഒരു ചിന്ത.) എന്നാൽ യേശു തന്റെ ഓൎമ്മക്കായി ചെയ്യാൻ കൽപ്പിച്ചതു് ആഴ്ചതോറും അഥവാ ദിവസവും നടത്തുന്ന ഈ ചടങ്ങുകളല്ല എന്നുള്ള തിരിച്ചറിവു് മിക്കവൎക്കും ഇല്ലാതെ പോയി.
അന്ത്യ അത്താഴത്തിൽ യേശു ചെയ്‍തതു് എന്താണു് എന്നറിയുവാൻ ഗലീലിയിൽ യേശു പഠിപ്പിച്ചതിന്റെ അൎത്ഥം നാം ശരിയായി മനസ്സിലാക്കണം. അഞ്ച് അപ്പം കൊണ്ടു് അയ്യായിരത്തെ പോഷിപ്പിച്ചതു് പെസഹ പെരുന്നാളിനോടു് അടുത്ത സമയത്താണു് എന്നു് യോഹന്നാൻ നമ്മെ ഓൎമ്മിപ്പിക്കുന്നു.41 അവിടെ തന്നെ തേടി വന്നവരോടു് താനാണു് സ്വൎഗ്ഗത്തിൽ നിന്നു വന്ന ജീവന്റെ അപ്പം എന്നു് യേശു പറഞ്ഞു. അതിന്റെ പിറ്റേ വൎഷം യെറുശലേമിലെ അന്ത്യ അത്താഴത്തിനിടയിൽ പെസഹ വിരുന്നിലെ നുറുക്കപ്പെട്ട അഫിക്കോമെൻ തന്റെ മരണത്തെയാണു് പ്രസ്‍താവിക്കുന്നതു് എന്നു് വെളിപ്പെടുത്തി. പെസഹായിലെ മൂന്നാമത്തെ പാനപാത്രം – വീണ്ടെടുപ്പിന്റെ പാനപാത്രം – തന്റെ മരണത്തിലൂടെ സാധുവാകുന്ന പുതിയനിയമത്തെ ഓൎമ്മിപ്പിക്കുന്നു എന്നും യേശു പറഞ്ഞു. പഴയനിയമ കാലം മുതലേ ഓൎമ്മയുടെ ശുശ്രൂഷയായി നിലനിന്ന പെസഹാ ഇനി യേശുവിന്റെ ഓൎമ്മക്കായി നിലനിൎത്തണം എന്നു് യേശു കൽപ്പിച്ചു.
വീണ്ടും യാഗം കഴിക്കുവാനോ ഒരു യാഗവുമായ ബന്ധപ്പെട്ട ഒരു വിരുന്നിൽ പങ്കെടുക്കുക വഴി യാഗമൃഗവുമായി “സംസൎഗ്ഗം” ആഗ്രഹിക്കുവാനോ ആദിമ സഭയിലെ ചിലർ പ്രലോഭിപ്പിക്കപ്പെട്ടോ? ഏബ്രായ ലേഖനകൎത്താവു് നൽകിയ മുന്നറിയിപ്പു് ശ്രദ്ധിക്കുക.
വിവിധതരത്തിലുള്ള വിചിത്രങ്ങളായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചിഴയ്ക്കരുത്. യാതൊരു പ്രയോജനവും ലഭിക്കാത്ത, അനുഷ്ഠാനപരമായ ഭോജ്യങ്ങളിലൂടെയല്ല, കൃപയാൽത്തന്നെയാണ് നിങ്ങളുടെ ഹൃദയങ്ങളെ ശക്തിപ്പെടുത്തേണ്ടത്.42
യാഗങ്ങളുമായി ബന്ധപ്പെട്ട വിരുന്നിനെ കുറിച്ചാണു് “അനുഷ്‍ടാനപരമായ ഭോജ്യങ്ങൾ” എന്നു് ഇവിടെ പറഞ്ഞിരിക്കുന്നതു്. യഹൂദന്മാരുടെ യാഗങ്ങളിൽ പങ്കുചേരുന്നതിനെ കുറിച്ചാണോ ഇവിടെ പറഞ്ഞിരിക്കുന്നതു്? അതോ ആ കാലത്തും ചിലർ യേശുവിന്റെ “ശരീരവും രക്തവും” ഭക്ഷിക്കുവാൻ ഭാവിച്ചോ? അടുത്ത വാക്യം ശ്രദ്ധിച്ചാലും.
നമുക്ക് ഒരു യാഗപീഠമുണ്ട്. സമാഗമന കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്ക് അതിൽ നിന്ന് ഭക്ഷിക്കാൻ അധികാരം ഇല്ല.43
എന്താ കാരണം?
മഹാപുരോഹിതൻ, പാപപരിഹാരാർഥം മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥാനത്തേക്ക് കൊണ്ടു പോകുന്നു. ജഡം മനുഷ്യ വാസസ്ഥാനത്തിനു പുറത്ത് ദഹിപ്പിക്കുന്നു. അങ്ങനെ തന്നെ യേശുവും, സ്വരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗര കവാടത്തിനു പുറത്ത് പീഡനം സഹിച്ചു. ആയതിനാൽ, അവിടന്ന് സഹിച്ച അപമാനം ചുമന്നു കൊണ്ടു, നമുക്ക് പാളയത്തിനു പുറത്ത് തിരുസന്നിധിയിൽ ചെല്ലാം.44
യഹൂദ മഹാപുരോഹിതൻ പാപപരിഹാരത്തിനു് വൎഷത്തിൽ ഒരുക്കൽ ഒരു മൃഗത്തെ അറുത്തിട്ടു് അതിന്റെ രക്തം അതി വിശുദ്ധ സ്ഥലത്തു് തളിക്കുമായിരുന്നു. ആ മൃഗത്തെ ആരും ഭക്ഷിക്കുമായിരുന്നില്ല. പാളയത്തിനു പുറത്തു് ജഡം ദഹിപ്പിക്കുമായിരുന്നു. ആ യാഗം യേശുവിന്റെ പരമ യാഗത്തിന്റെ നിഴലായിരുന്നു എന്നാണു് ഇവിടെ പറഞ്ഞിരിക്കുന്നതു്. അതു് കൊണ്ടു് യേശു എന്ന “യാഗമൃഗത്തെ” – അക്ഷരാൎത്ഥിലോ പ്രതീകാത്മകമായോ – ആരും ഭക്ഷിക്കേണ്ട ആവശ്യവുമില്ല, അനുവാദവുമില്ല.
പിന്നെ എന്തുകൊണ്ടു് യേശു അഫിക്കോമെൻ നുറുക്കിയിട്ടു് ഇങ്ങനെ പറഞ്ഞു, “ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം”?
ശ്രദ്ധിക്കുക.
അന്നു നടക്കാത്ത കാൎയ്യങ്ങൾ ഇന്നു് എങ്ങനെ സംഭവിക്കും?
അങ്ങനെയെങ്കിൽ യേശു പറഞ്ഞതിന്റെ അൎത്ഥം എന്തു്?
അതു പോലെ തന്നെ വീഞ്ഞിന്റെ കാൎയ്യവും.
യഹൂദന്മാരുടെ ഇടയിൽ ഈ കാലത്തും പെസഹ വിരുന്നിനിടയിൽ കുടുംബ നാഥൻ അപ്പം കയ്യിൽ എടുത്തിട്ടു് പറയും, “ഇതു് നമ്മുടെ പിതാക്കന്മാർ മിസ്രയീമിൽവച്ചു് ഭക്ഷിച്ച യാതനകളുടെ അപ്പമാണു്. അതു് കേട്ടിട്ടു് “ഇതേ അപ്പം ആണോ അവർ കഴിച്ചതു്? ഈ അപ്പത്തിനു 3500 വഷൎത്തെ പഴക്കം ഉണ്ടോ? ഇതു് എവിടെ നിന്നു് കിട്ടി?” എന്നു് ഏതെങ്കിലും യഹൂദൻ ചോദിക്കുമോ? ബുദ്ധിശൂന്യമായ ചോദ്യങ്ങൾ നാമും ചോദിക്കരുതു്.
പരിസ്ഥിതി ശാസ്‍ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫിലിപ്പ് ഈപ്പൻ ഗവേഷണ വിദ്യാൎത്ഥിയായിരിക്കുമ്പോൾ യേശു ക്രിസ്‍തുവിന്റെ സദ്വൎത്തമാനം മറ്റുള്ളവരോടു് പങ്കുവക്കുന്ന ദൗത്യത്തിനായി തന്റെ ജീവിതം സമൎപ്പിച്ചു. മറ്റേതിനാക്കാളും ലോകത്തിനു് യേശു ക്രിസ്‍തുവിനെയാണ് ആവശ്യം എന്ന ബോധ്യം തന്നെ ഭരിച്ചതുകൊണ്ടാണു് അപ്രകാരം ചെയ്‍തതു്. ആ ദൗത്യം നിറവേറ്റുന്നതിനോടൊപ്പം ബൈബിൾ പഠിക്കുവാൻ ക്രിസ്‍തു ശിഷ്യരെ സഹായിച്ചു പോരുന്നു. വായനാക്കാരുടെ സംഭാവനകൾ തന്റെ പ്രവൎത്തനങ്ങൾക്കു് സഹായകരമാണു്. ഡോ. ജെസ്സിമോളാണു് ഭാൎയ്യ. അവൎക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയിമുണ്ടു്.
Jan 1, 2023
BACK |
TOP |
INDEX |
HOME
ABOUT |
CONTACT |
SUPPORT |
SITE MAP |