ഭാഗം രണ്ടു്: നിരീക്ഷണം:
കണ്‍മുന്നിൽ ഉള്ളതു് കാണുവാനുള്ള യത്നം
അദ്ധ്യായം 5
ദൈവവചന പഠനത്തിന്റെ ആദ്യ പടിയാണു് നിരീക്ഷണം. വചനം എന്തു് പറയുന്നു? ആ ചോദ്യം ചോദിക്കുവാൻ നാം ഒരിക്കലും മടിക്കരുതു്. നാം പഠിക്കുന്ന ഗ്രന്ഥത്തിൽ വാസ്‍തവത്തിൽ എന്താണു് എഴുതിയിരിക്കുന്നതു് എന്നു് നിരീക്ഷിക്കേണം. നന്നായി നിരീക്ഷിച്ചാൽ നന്നായി വ്യാഖ്യാനിക്കാം. കേട്ടുകേൾവിയിൽ ആശ്രയിച്ചു് പഠനം മുന്നോട്ടു് കൊണ്ടു പോകുക സാധ്യമല്ല.
തെറ്റുകൾ ആൎക്കും സംഭവിക്കാം എന്നു് സാരം. തെറ്റു കൂടാതെ വചനം ഉദ്ധരിച്ചതുകൊണ്ടു് എല്ലാം നന്നായി നിരീക്ഷിച്ചു് എന്നല്ല പറയുന്നതു്. നിരീക്ഷണത്തിന്നു് ബഹുമുഖങ്ങളുണ്ടു്.
നന്നായി നിരീക്ഷിക്കുവാൻ വേദഭാഗം നന്നായി വായിക്കേണം.
എല്ലാ ദിവസവും വേദപുസ്‍തകം വായിക്കുന്ന ക്രൈസ്‍തവർ ഉണ്ടു്. പക്ഷേ മിക്കവരും ഒരു ദിവസം ഒന്നോ രണ്ടോ അധ്യായങ്ങൾ മാത്രമേ വായിക്കാറുള്ളൂ. മുപ്പതു് അദ്ധ്യായങ്ങളുള്ള ഒരു പുസ്‍തകം ഒരു മാസംകൊണ്ടു് വായിക്കുന്നതു കൊണ്ടാണു് നമുക്കു് വേണ്ട വിധത്തിൽ കാൎയ്യങ്ങൾ മനസ്സിലാകാതെ പോകുന്നതു്. ഏതു് പുസ്‍തകം എടുത്താലും അതിനെ കുറിച്ചു് ശിഥിലമായ കാഴ്‍ച്ചപ്പാടു് മാത്രമേ പലൎക്കുമുള്ളൂ.
ഉദാഹരണത്തിനു, ലൂക്കോസിന്റെ സുവിശേഷത്തിലെ കഥകൾ എല്ലാം നമുക്കു് സുപരിചിതമായിരിക്കും. പക്ഷേ ലൂക്കോസിന്റെ സന്ദേശം എന്താണെന്നു് നമുക്കറിയില്ല. മറ്റു സുവിശേഷങ്ങളെ അപേക്ഷിച്ചു് ലൂക്കോസിന്റെ സുവിശേഷത്തിനുള്ള പ്രത്യേകതകൾ എന്തെന്നും നമുക്കറിയില്ല. അവിയലിലെ തേങ്ങയുടെയും ചേനയുടെയും മുരിങ്ങയ്‍ക്കയുടെയും തൈരിന്റെയും രുചയറിയാം. പക്ഷേ ഇതെല്ലാം ഉൾക്കൊള്ളുന്ന അവിയലിന്റെ രുചിയറിയില്ലെങ്കിൽ അവിയൽ കഴിച്ചു എന്നു് പറഞ്ഞിട്ടെന്തു കാൎയ്യം?
നല്ല വേദ വിദ്യാൎത്ഥികൾ ഒറ്റയിരിപ്പിൽ ഒരു ബൈബിൾ ഗ്രന്ഥം അല്ലെങ്കിൽ ലേഖനം മുഴുവനും വായിക്കും. വായിക്കാൻ ബുദ്ധിമുട്ടള്ളവർക്കു് ഓരോ പുസ്‍തകവും ഇഷ്ടാനുസരണം ശ്രവിക്കുവാനുള്ള സജ്ജീകരണങ്ങൾ ഇന്നു് ലഭ്യമാണു്. നന്നായി പഠിക്കുന്നവർ ബൈബിളിലെ ഓരോ പുസ്‍തകവും ഒരിക്കൽ മാത്രമല്ല, അനേക തവണ ആവൎത്തിച്ചു് വായിക്കും (അല്ലെങ്കിൽ ശ്രവിക്കും). എത്ര തവണ വായിക്കേണം? ഒരു പുസ്‍തകത്തിന്റെ ഘടനയും ഗ്രന്ഥകൎത്താവിന്റെ മുഖ്യ ചിന്താധാരയും നമുക്കു് മനസ്സിലാകുന്നതു വരെ വായിക്കേണം. അതിനോടൊപ്പം പുസ്‍തകത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളും വ്യക്തികളും സ്ഥലങ്ങളും മറ്റു വിശദാംശങ്ങളും നമുക്കു് സുപരിചിതമാകും.
നന്നായി നിരീക്ഷിക്കുവാൻ വേദഭാഗങ്ങൾ മുഴുവനും നന്നായി വായിക്കേണം. ചിലപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാൽ നാം വേദപുസ്‍തകത്തിന്റെ ചില ഭാഗങ്ങളെ അവഗണിക്കാറുണ്ട്. ചില ഭാഗങ്ങൾ വായിക്കുവാൻ നാം താത്പര്യം കാണിക്കാറില്ല. അല്ലെങ്കിൽ ചില ഭാഗങ്ങള്‍ ഒറ്റ വായനയിൽ മനസ്സിലാകാത്തതു് കൊണ്ട് നാം പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്തതാകാം. ചിലപ്പോള്‍ നാം ഉൾപ്പെട്ടു് നിൽക്കുന്ന സമൂദായത്തിന്റെ അന്ധത നമ്മെയും ബാധിക്കാറുണ്ടു്. ഇന്നത്തെ യഹൂദന്മാർ യെശയ്യാവു് അമ്പത്തിരണ്ടാം അദ്ധ്യായം വായിച്ചിട്ടു് നേരെ അമ്പത്തിനാലാം അദ്ധ്യായത്തിലേക്കാണു് പോകാറുള്ളതു് എന്നു് ഒരു യഹൂദൻ പറഞ്ഞു് കേട്ടിട്ടുണ്ടു്. അമ്പത്തിമൂന്നാം അദ്ധ്യായം വായിക്കുമ്പോൾ രണ്ടായിരം വര്‍ഷങ്ങള്‍ക്കു് മുമ്പു് ക്രൂശിതനായ ഒരാളെ അവൎക്കു് ഓൎമ്മവരുമത്രെ!
എന്റെ ചെറു പ്രായത്തിൽ ഞങ്ങൾ മാർത്തോമാ സമുദായത്തിൽ ആയിരുന്നു. ക്രിസ്‍തീയ സ്‍നാനത്തെ കുറിച്ചുള്ള എല്ലാ വാക്യങ്ങളും വിദഗ്ദമായി ഒഴിവാക്കിക്കൊണ്ടു് ഞാൻ കുടുംബ പ്രാൎത്ഥനയിൽ ബൈബിൾ വായിക്കുമായിരുന്നു. ഉദാഹരണത്തിന്നു് യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായം വായിക്കുമ്പോൾ മൂന്നാം വാക്യം വായിച്ചിട്ടു് നേരെ ആറാം വാക്യത്തിലേക്ക് ചാടുമായിരുന്നു. പുതിയ നിയമത്തിൽ എവിടെല്ലാം ഇതുപോലെയുള്ള ‘കുഴപ്പം പിടിച്ച വാക്യങ്ങൾ’ ഉണ്ടെന്ന് എനിക്ക് നല്ല നിശ്ചയമായിരുന്നു!
പെന്തക്കൊസ്‍തുകാർക്കു് അവരുടേതായ കുരുട്ടു കണ്ണുകളുണ്ടു്. അപ്പൊസ്‍തലരുടെ പ്രവൃത്തികൾ രണ്ടാം അദ്ധ്യായം വായിക്കുമ്പോൾ അവൎക്കിഷ്ടപ്പെട്ടതു മാത്രമെ അവർ ശ്രദ്ധിക്കാറുള്ളൂ. ആദ്യത്തെ അഞ്ചോ ആറോ വാക്യങ്ങളിൽ കാണുന്ന പരിശുദ്ധാത്മ സ്‍നാനത്തെ കുറിച്ചു് അവർ നന്നായി വായിക്കും. അവിടെ നിന്നു് വിട്ടാൽ ലിമിറ്റട് സ്റ്റോപ്പ് ബസ്സു് പോലെയാണു്. അടുത്ത സ്റ്റോപ്പു് മുപ്പത്തിയേഴാം വാക്യത്തിലാണു്. പത്രോസിന്റെ പ്രസംഗത്തിലൊന്നും ആൎക്കും വലിയ താത്പര്യമില്ല. അഥവാ താത്പര്യം ഉണ്ടെങ്കിൽ തന്നെ യോവേൽ പ്രാവാചകനെ ഉദ്ധരിച്ച ഭാഗം മാത്രം ശ്രദ്ധിക്കും. മുപ്പത്തിയേഴു് മുതലുള്ള എല്ലാ വാക്യങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നു എന്നു ചിന്തിക്കേണ്ട. ഇഷ്ടപ്പെട്ട ചില കാൎയ്യങ്ങളെ “അടിസ്ഥാന ഉപദേശം” എന്ന ഓമന പേരു് നൽകി ഒരു പ്രത്യേക തലത്തിലേക്കു് അവർ ഉയൎത്തി. അത്രയ്‍ക്ക് സുഖിക്കാത്ത ചില കാൎയ്യങ്ങളെ അവർ അവഗണിച്ചു.
“വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു സകലവും പൊതു വക എന്നു എണ്ണുകയും ജന്മഭൂമികളും വസ്‍തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവൎക്കും പങ്കിടുകയും” ചെയ്‍തു എന്നതു് “അടിസ്ഥാന ഉപദേശങ്ങൾ” എന്ന പട്ടികയിൽ ഉൾപ്പെടുത്തിയില്ല. അതു് ഉൾപ്പെടുത്തിയാൽ ചിലൎക്കെങ്കിലും ബുദ്ധിമുട്ടാകും എന്നു് ആരെങ്കിലും ഭയപ്പെട്ടു് കാണും. ആദിമ സഭയുടെ അനുകരണ യോഗ്യമല്ലാത്ത ഏതോ ഒരു വൈകല്യം മാത്രമായി നാം പിന്നീടതിനെ കണ്ടു. ഇങ്ങനെ ബൈബിളിലെ ചില കാൎയ്യങ്ങൾ കാണുകയും ചിലതു് കണ്ടില്ല എന്നു് നടിക്കുകയും ചെയ്‍താൽ ഒരിക്കലും നല്ല രീതിയൽ വചനം പഠിക്കുവാൻ സാധിക്കില്ല.
ഒരു വേദഭാഗം വായിച്ചാൽ അതിൽ പറയുന്ന കാൎയ്യങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെടുവാൻ പ്രാരംഭമായി ചില ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു.
മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ പട്ടിക പൂൎണ്ണമല്ല. നാം വായിക്കുന്ന പുസ്‍തകം അഥവാ വേദഭാഗത്തിന്റെ സ്വഭാവം അനുസരിച്ചു് പ്രസക്തമായ ചോദ്യങ്ങൾ നാം ചോദിക്കേണം.
ഒരു പുസ്‍തകം നാം പഠിക്കുമ്പോൾ അതിൽ പറഞ്ഞിരിക്കുന്ന ഓരോ പ്രധാനപ്പെട്ട വിവരങ്ങളും നാം ശേഖരിക്കേണം. പഠനത്തിന്നു നാം ഉപയോഗിക്കുന്ന പുസ്‍തകത്തിലോ കമ്പ്യൂട്ടറിലോ ഉചിതവും ക്രമീകൃതവുമായ രീതിയിൽ വിവരങ്ങൾ കുറിച്ചിടേണം.
ദൈവ വചനത്തിലൂടെ ദൈവത്തെയാണു് നാം ഏറ്റവും അധികം അറിയേണ്ടതു്. അതുകൊണ്ടു് ദൈവത്തെ കുറിച്ചു പറഞ്ഞിരിക്കുന്ന കാൎയ്യങ്ങളും ദൈവം പറഞ്ഞിരിക്കുന്ന വാക്കുകൾക്കും അധികം ശ്രദ്ധ നൽകണം. ആവൎത്തിക്കപ്പെടുന്ന വാക്കുകളും ആശയങ്ങളും ശ്രദ്ധിക്കുക. ആവൎത്തനം പ്രാധാന്യത്തെ കുറിക്കുന്നു.
ഒരു ലേഖനത്തിൽ ലേഖനകൎത്താവും സ്വീകൎത്താക്കളും അതിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന എല്ലാവരും പ്രധാനപ്പെട്ടവരാണു്. ഉദാഹരണത്തിനു യൂദയെ കുറിച്ചു് തന്റെ ലേഖനത്തിൽ നിന്നു മനസ്സിലാക്കാവുന്ന കാൎയ്യങ്ങൾ ഇവയാണു്.
യൂദ |
---|
വാക്യം 1. യൂദയാണു് ലേഖന കൎത്താവു്. |
വാക്യം 1. യൂദ യേശു ക്രിസ്‍തുവിന്റെ ദാസനാണു്. |
വാക്യം 1. യൂദ യാക്കോബിന്റെ സഹോദരനാണു്. |
വാക്യം 2. തന്റെ വായനക്കാൎക്കു് കരുണയും സമാധാനവും സ്‍നേഹവും വൎദ്ധിക്കുമാറാകട്ടെ എന്നു് യൂദ ആഗ്രഹിച്ചു, പ്രാൎത്ഥിച്ചു. |
വാക്യം 3-4. പൊതുവായ രക്ഷയെ കുറിച്ചു് എഴുതുവാൻ യൂദ ഒരുങ്ങിയപ്പോൾ ചില അഭക്തർ സ്വീകൎത്താക്കളുടെ കണ്ണു വെട്ടിച്ചു് സഭക്കുള്ളിൽ കടന്നു കൂടിയെന്നു യൂദായ്‍ക്കു അറിവു് കിട്ടി. അതുകൊണ്ടു് വിശ്വാസത്തിനു വേണ്ടി പോരാടണം എന്നു് സ്വീകൎത്താക്കളോടു് അപേക്ഷിക്കുന്നതു് അത്യാവശ്യം എന്നു് യൂദ നിൎണ്ണയിച്ചു. |
വാക്യം 6. തന്റെ വായനക്കാരെ ദൈവത്തിന്റെ ന്യായവിധികളെ കുറിച്ചു് ഓൎമ്മിപ്പിക്കുവാൻ യൂദ ഇച്ഛിച്ചു. |
വാക്യം 17-19. അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു യേശുക്രിസ്‍തുവിന്റെ അപ്പൊസ്‍തലന്മാർ മുൻപറഞ്ഞ വാക്കുകളെ തന്റെ വായനക്കാർ ഓൎക്കേണം എന്നു് യൂദ പ്രബോധിപ്പിച്ചു. |
വാക്യം 24-25. ദൈവത്തിനു മഹത്വവും പ്രതാപവും ആധിപത്യവും അധികാരവും നേൎന്നുകൊണ്ടു് യൂദ ദൈവത്തെ ആരാധിച്ചു് ലേഖനം ഉപസംഹരിപ്പിച്ചു. |
ഇപ്രകാരം കുറിപ്പുകളും പട്ടികകളും തയ്യാറാക്കുമ്പോൾ നാം സാധാരണ ശ്രദ്ധിക്കാത്ത വിവരങ്ങളും നമ്മുടെ ശ്രദ്ധയിൽ പെടും. വചനം എന്തു പറയുന്നു എന്നു് നന്നായി നിരീക്ഷിക്കുവാൻ ഇതു് അത്യന്താപേക്ഷിതമാണു്.
നാം വായിക്കുന്ന ബൈബിളിന്റെ താളുകളിൽ അടിവരയിട്ടും കുറിപ്പുകൾ എഴുതിയും പുസ്‍തകത്തെ വികൃതമാക്കേണ്ട ആവശ്യമില്ല. ബൈബിൾ പഠനത്തിന്നായി നോട്ട് പുസ്‍തകങ്ങൾ വേർതിരിക്കേണം. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവൎക്കു യഥേഷ്ഠം കുറിപ്പുകൾ അതിൽ സൂക്ഷിക്കാം.
കമ്പ്യൂട്ടറിൽ തന്നെ അക്ഷരകൂട്ടും അവയുടെ നിറവും വലുപ്പവും മാറ്റാം. വിവിധ രീതിയിലുള്ള അടയാളങ്ങളും ചിഹ്നങ്ങളും വരച്ചുണ്ടാക്കാം. അപ്രകാരം തയ്യാറാക്കിയ ഈ ചിത്രം വലുതായി കാണുവാൻ ഫോണ്‍ ചെരിച്ചു് പിടിക്കുക. എന്നിട്ടു്, ചിത്രത്തിന്മേൽ തൊടുക. ഒരു വലിയ സ്‍ക്രീനിൽ ഇതു് വീക്ഷിക്കുന്നതാണു് ഏറ്റവും ഉത്തമം.
മത്തായി 8:14-17 വായിച്ചിട്ടു് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കു വചനത്തിൽ നിന്നു തന്നെ ഉത്തരം കണ്ടെത്തുക.
“വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്‍തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാൎക്കും സൌഖ്യം വരുത്തി. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാ പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.”
പ്രാരംഭമായ ഈ നിരീക്ഷണത്തിലൂടെ അനേക കാൎയങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു എന്നു കരുതുന്നു.
നാം വായിക്കുന്ന അഥവാ ശ്രവിക്കുന്ന ഏതു് കൃതിയുടെയും അൎത്ഥം നിശ്ചയിക്കുന്ന പല ഘടകങ്ങളും വിശേഷതകളുമുണ്ടു്. അവയെല്ലാം നാം നിരീക്ഷിക്കേണം. അവയിൽ പ്രാധാനപ്പെട്ടവ ഇവയാണു്.
നാം വചനം വായിച്ചു് പ്രാരംഭ നിരീക്ഷണങ്ങൾ നടത്തുമ്പോൾ വേദഭാഗത്തിന്റെ സാഹിത്യ രൂപം, പശ്ചാത്തലം, ഘടന എന്നിവ പഠിക്കേണ്ടിയതു് അനിവാര്യം. ഇവ ഓരോന്നായി നാം പരിശേധിക്കേണ്ടിയിരിക്കുന്നു.
വില: രൂ 999. തുടൎന്നു് വായിക്കും മുമ്പു് … ഈ പുസ്തകത്തിന്റെ വില പൂൎണ്ണമായോ ഭാഗീകമായോ – താങ്കളുടെ പ്രാപ്തിയനുസരിച്ചു് – അയച്ചു കൊടുക്കുക (PayPal or UPI). പണം അയയ്‍ക്കുവാൻ താഴെ കാണുന്ന QR കോഡിന്മേൽ തൊടുക. പുസ്‍തകം വായിച്ചിട്ടു് ഈ വെബ് സൈറ്റിലേക്കുള്ള ലിങ്ക് ദയവായി മറ്റുള്ളവരുമായി പങ്കുവയ്‍ക്കുക.
BACK |
TOP |
INDEX |
HOME
ABOUT |
CONTACT |
SUPPORT |
SITE MAP |