ഏബ്രായ ബൈബിളിന്റെ ഏകദേശം പകുതിയോളം
ആഖ്യാനമാണു്. ഉത്പത്തി, പുറപ്പാടു്, യോശുവ, രൂത്തു്, ശമുവേൽ, രാജാക്കന്മാർ,
ദിനവൃത്താന്തങ്ങൾ, യോനാ, എസ്രാ, നെഹമ്യാവു്, എന്നിത്യദി പുസ്‍തകങ്ങൾ ആഖ്യാനത്തിന്റെ
ഉദാഹരണങ്ങളാണു്. പുതിയ നിയമത്തിൽ സുവിശേഷങ്ങളിലും അപ്പൊസ്‍തല പ്രവൃത്തികളിലും ആഖ്യാനം
കാണാം. യഥാൎത്ഥ സംഭവങ്ങളുടെ ആഖ്യനമാണു് പൊതുവേ നാം ബൈബിളിൽ വായിക്കുന്നതു്.
ഉപമകൾ എന്നു് നാം വിശേഷിപ്പിക്കുന്ന സാങ്കൽപിക കഥകളും ബൈബിളിലുണ്ടു്.
ഒരാൾ പറയുകയും മറ്റൊരാൾ കേൾക്കുകയും ചെയ്യുന്ന ആശയവിനിമയ പ്രക്രിയയാണു് ആഖ്യാനം.
അതിൽ കഥാപാത്രങ്ങളും സംഭവങ്ങളും ഉൾപ്പെടുന്ന ഒരു കഥാവിവരണം ഉണ്ടാകും. സംഭവങ്ങളെ
സംഭവക്രമത്തിൽ കോൎത്തിണക്കിയാലേ അതിനെ യഥാർത്ഥമായ ആഖ്യാനമായി കണക്കാക്കാൻ
കഴിയൂ. ശ്രോതാക്കളും വായനക്കാരും വൎത്തമാനകാലത്തിൽ നിന്നു് ഭൂതകാലത്തിലേക്കും അവിടെ
നിന്നു് വീണ്ടും ഭാവിയിലേക്കും നയിക്കപ്പെടാം. കഥയിലെ സംഭവങ്ങളുടെ ഒഴുക്കനുസരിച്ചു്
കാലത്തിലൂടെ വായനക്കാരും ശ്രോതാക്കളും സഞ്ചരിക്കും. സംഭവശ്രേണിയിലെ വിവിധ സംഭവങ്ങൾ
തമ്മിൽ പരസ്പര ബന്ധമുണ്ടു്. അതായതു്, ഓരോ സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടു തുടർച്ചയായ
ഒരു കഥയായി രൂപപ്പെടുന്നു.
വായിച്ചുകേൾപ്പിക്കാൻ വേണ്ടി എഴുതപ്പെട്ട ആഖ്യാനങ്ങളാണു് ബൈബിളിൾ ഉള്ളതു്.
വായനക്കാർ അന്നു കുറവായിരുന്നു.
10.1 ആഖ്യാനത്തിന്റെ തലങ്ങൾ
ബൈബിളിലെ ആഖ്യാനങ്ങൾ വിവിധ തലങ്ങളിൽ മനസ്സിലാക്കാം. ഉദാഹരണത്തിനു്
വേദാദ്ധ്യാപകരായ ഡഗ്ലസ് സ്‍റ്റ്യൂവൎട്ടും ഗോൎഡണ്‍ ഫീയും മൂന്നു് തലങ്ങളിൽ ബൈബിളിലെ
ആഖ്യാനത്തെ കാണുന്നു.1
പ്രാഥമിക തലം
ദ്വിതീയ തലം
ത്രിതീയതലം
10.1.1 പ്രാഥമിക തലം
ഒന്നാമത്തെ ഈ തലത്തിൽ ബൈബിളിലെ ഓരോ ചെറിയ സംഭവ കഥകളും ഉൾപ്പെടും. അബ്രഹാം
ഇസ്സഹാക്കിനെ ബലിയൎപ്പിച്ച കഥ, മോശ്ശെയിലൂടെ ദൈവം ചെയ്‍ത അത്ഭുതങ്ങൾ ഓരോന്നും,
നയമാന്റെ കുഷ്‍ഠം ദൈവം സൗഖ്യമാക്കിയതു്, യേശു അത്ഭുതകരമായി വെള്ളം വീഞ്ഞാക്കിയതു്
എന്നിത്യാദി സംഭവങ്ങൾ. ഇതുപോലുള്ള കഥകളാണു് നാം കുട്ടികളെ പഠിപ്പിക്കാറുള്ളതു്. ഇതേ
കഥകൾ നാം കേൾക്കുന്ന പ്രസംഗങ്ങളുടെ ആധാരമാകാറുണ്ടു്. ഈ സംഭവങ്ങൾ നാം
വായിച്ചറിയുമ്പോൾ അവയിലെ വിശദാംശങ്ങൾ നാം ശ്രദ്ധിക്കുന്നു.
ഈ വേദഭാഗങ്ങൾ വായിക്കുകയോ ശ്രവിക്കുകയോ ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട അനേക
സംഗതികളുണ്ടു്.
ഓരോ കഥയുടെ പിന്നിലും ഒരു കാഥികനും ഇതിവൃത്തവുമുണ്ടു്; കഥാപാത്രങ്ങളും വിവിധ രംഗങ്ങളും
ഉണ്ടു്.
കാഥികൻ ശ്രോതാക്കളെ ധരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഒന്നോ അതിലധികമോ സന്ദേശങ്ങൾ ഓരോ
കഥയിലും ഉൾപ്പെടുത്തിയിരിക്കുന്നു. നാം നമ്മുടെ സന്ദേശങ്ങൾ വേദഭാഗത്തിന്മേൽ
അടിച്ചേൽപ്പിക്കുന്നതിനു പകരം ലേഖകന്റെ സന്ദേശം ഗ്രഹിക്കുവാൻ ശ്രമിക്കേണം.
“എന്തുകൊണ്ടു് ഈ സംഭവം ഇവിടെ ഉൾപ്പെടുത്തി” എന്നു് നാം ചോദിക്കേണം. കുഷ്‍ഠരോഗിയായ
നയമാന്റെ കഥയുടെ ഉദ്ദേശമെന്തു് ?2 മറ്റു വംശക്കാരെ
വെറുക്കരുതു്, സംശയിക്കരുതു്, അവരെ ബഹൂമാനിക്കേണം എന്നൊക്കെ നാം ആ കഥയിൽ നിന്നു
പഠിച്ചേക്കാം. പക്ഷേ ലേഖകന്റെ ഉദ്ദേശം എന്തായിരുന്നു?
ഓരോ ചെറിയ ആഖ്യാനത്തെയും അതിന്റെ ചരിത്ര പശ്ചാത്തലവും സാഹിത്യ പശ്ചാത്തലവും
കണക്കിലെടുത്തു വേണം വ്യാഖ്യാനിക്കുവാൻ. അതായതു് ലേഖകൻ രേഖപ്പെടുത്തിയ ഒരു
സംഭവത്തിന്റെ സന്ദേശം ശരിയായി തിരിച്ചറിയുവാൻ ആ പുസ്‍തകത്തിന്റെ ആകമാന സന്ദേശം നാം
അറിഞ്ഞിരിക്കേണം. പുസ്‍തകം മുഴുവൻ വായിച്ചിട്ടു വേണം അതിലെ ഓരോ ഭാഗത്തെയും
വ്യാഖ്യാനിക്കുവാൻ.
മാനുഷീക എഴുത്തുകാർ തിരുവെഴുത്തുകൾ എഴുതുന്നതിൽ പ്രാധാനപ്പെട്ട പങ്ക് വഹിച്ചു. എന്നാൽ
അവൎക്കതീതമായി വേദപുസ്‍തകത്തിൽ ദൈവത്തിന്റെ അദൃശ്യ കരങ്ങൾ കാണുവാൻ സാധിക്കും.
ദൈവമാണു് യഥാൎത്ഥ ഗ്രന്ഥകാരൻ. വേദപുസ്‍തകത്തിൽ ദൈവത്തിനു നമ്മോടു് സംസാരിക്കുവാൻ
അനേക സന്ദേശങ്ങളുണ്ടു്. മാനുഷീക എഴുത്തുകാരുടെ പരിമിതികളെ അതിജീവിച്ചു് ആ സന്ദശങ്ങൾ
ദൈവം നമ്മിലേക്കു് എത്തിക്കുന്നു. ഉദാഹരണത്തിനു നയമാന്റെ കഥ എന്തുകൊണ്ടു് ഏബ്രായ
വേദപുസ്‍തകത്തിൽ ദൈവം ഉൾപ്പെടുത്തി? കേവലം ഇസ്രായേൽ വംശജരെ മാത്രമല്ല, ഭൂമിയിലെ
എല്ലാ വംശക്കാരെയും ദൈവം ഒരുപോലെ സ്‍നേഹിക്കുന്നു എന്നു് അബ്രഹാമ്യ സന്തതി
തിരിച്ചറിയുവാനാണു്. എന്നിട്ടും അവൎക്കു സംഗതി മനസ്സിലായില്ല എന്നതാണു് സത്യം. യേശു
ഈ വസ്‍തുത നസറേത്തിലെ ദേവാലയത്തിൽ വച്ചു് യഹൂദൎക്കു ചൂണ്ടികാണിച്ചു കൊടുത്തപ്പോൾ അവർ
ക്ഷുഭിതരായി. യേശുവിനെ കൊല്ലുവാൻ വരെ അവർ ഭാവിച്ചു.3
ആധുനിക എഴുത്തുകാരിൽനിന്നും വിഭിന്നമായി ബൈബിളിലെ ഏബ്രായ എഴുത്തുകാർ അവരുടെ
കഥാപാത്രങ്ങളെ കുറിച്ചു് അധികം വൎണ്ണന നടത്തിയിട്ടില്ല. അതിസുന്ദരികളായിരുന്നു
സാറായും എസ്ഥേറും എന്നു നാം വായിക്കുന്നു. ഏഹൂദ് ഇടങ്കൈയ്യൻ ആയിരുന്നു എന്നു് പ്രത്യേകം
രേഖപ്പെടുത്തിയിട്ടുണ്ടു്. യേശു “ആഗ്രഹിക്കതക്ക സൗന്ദൎയ്യം ഇല്ലാത്തവനായിരുന്നു” എന്നു്
യെശയ്യാ എഴുതിയെങ്കിലും യേശുവിനെ നേരിൽ കണ്ടവർ പോലും അവന്റെ രൂപത്തെകുറിച്ചോ
ഉയരത്തെകുറിച്ചോ ഒന്നും രേഖപ്പെടുത്തിയില്ല. കഥാപാത്രങ്ങളുടെ ബാഹ്യരൂപത്തേക്കാൾ
സ്വഭാവത്തിനാണു് കൂടുതൽ പ്രാധാന്യം കൽപ്പിച്ചിരിക്കുന്നതു്. സംഭാഷണങ്ങളിലൂടെയും
പ്രവൃത്തികളിലൂടെയുമാണു് കഥാപാത്രങ്ങളുടെ സ്വഭാവം ആഖ്യാനങ്ങളിൽ
വെളിപ്പെടുത്തിയിരിക്കുന്നതു്.
പ്രാധമിക തലത്തിലെ ചെറിയ ആഖ്യാനങ്ങളിൽ വൈരുദ്ധ്യാത്മക സ്വഭാവസവിശേഷതകളുള്ള
കഥാപാത്രങ്ങളെ കാണുവാൻ സാധിക്കും. ഉദാഹരണത്തിനു ദാവീദ് രാജാവിന്റെ വീഴ്‍ചയെ
വിവരിക്കുന്ന വേദഭാഗത്തു് ദാവീദും ഊരിയാവും വ്യത്യസ്‍ത സ്വഭാവക്കാരായി
ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തിനു പോകാൻ മടിയുള്ള രാജാവു് അയൽക്കാരന്റെ
ഭാൎയ്യയുമൊത്തു് ശയിക്കുന്നു. മറുവശത്തു് കൎമ്മനിരതനായ ഊരിയാവു് രാജാവു് അവധി
കൊടുത്തപ്പോൾ പോലും വീട്ടിൽ പോയി സ്വന്ത ഭാൎയ്യയെ പരിഗ്രഹിക്കാതെ വഴിയിൽ
കിടന്നുറങ്ങി. ദാവീദ് ദൈവത്തിന്റെ സ്വന്ത ജനത്തിന്റെ രാജാവായിരുന്നു. അയാൾ ജീവനുള്ള
ദൈവത്തെ സ്‍നേഹിക്കുന്നു എന്നു് അവകാശപ്പെട്ടു. മറ്റെയാളോ, ജീവനുള്ള ദൈവത്തെ അറിയാത്ത
ഹിത്ത്യ വംശജൻ. ഈ രണ്ടു് കഥാപാത്രങ്ങൾ തമ്മിലുള്ള സുപ്രധാന താരതമ്യം നാം കാണാതെ
പോകരുതു്. ദൈവത്തിന്റ പ്രവാചകനായ നാഥാനെ അലട്ടിയ പ്രശ്‍നവും ഇതിനോടു്
ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹം ദാവീദിനോടു് പറഞ്ഞതു്, “നിന്റെ ഈ പ്രവൃത്തി
കര്‍ത്താവിന്റെ ശത്രുക്കള്‍ക്കു ദൂഷണം പറയുവാൻ കാരണമാക്കി ….” ദൈവത്തെ അറിയുന്നു എന്ന
അവകാശപ്പെട്ട ദാവീദ് മുഖേന ദൈവനാമം മറ്റു വംശക്കാരുടെ ഇടയിൽ ദുഷിക്കപ്പെടുവാൻ
ഇടവന്നു.
ഇവിടെ കണ്ടതു പോലെ വ്യത്യസ്‍ത സ്വഭാവക്കാരെ മറ്റു കഥകളിലും
നമുക്കു് കാണുവാൻ സാധിക്കും. ഉദാഹരണത്തിനു കയ്യീനും ഹാബേലും, അബ്രഹാമും ലോത്തും,
യാക്കോബും ഏശാവും, യോസേഫും തന്റെ സഹോദരന്മാരും, ദാവീദും യോനാഥാനും, മാൎത്തയും
മറിയയും, ബൎന്നബാസും പൗലൊസും …. ആഖ്യാനത്തിന്റെ ഉയൎന്ന തലങ്ങളിൽ സമാന സ്വഭാവ
വിശേഷതകൾ ഉള്ള കഥാപാത്രങ്ങളെ കാണുവാൻ സാധിക്കും — ഹന്നയും മറിയയും, ഏലിയാവും
സ്‍നാപക യോഹന്നാനും, ഇസഹാക്കും യേശുവും, എന്നിത്യാദി.
ആധുനിക കഥകളെ അപേക്ഷിച്ചു് വളരെ വേഗത്തിൽ പുരോഗമിക്കുന്ന ആഖ്യാനങ്ങളാണു്
വേദപുസ്‍തകത്തിൽ നാം കാണുന്നതു്. എങ്കിലും കഥയുടെ വേഗത പലപ്പോഴും കാഥികൻ പെട്ടന്നു
തന്നെ കുറയ്‍ക്കാറുണ്ടു്. ചില പ്രധാന സംഗതികളിലേക്കു് വായനക്കാരുടെ ശ്രദ്ധയെ
ആകൎഷിക്കുവാനാണു് അപ്രകാരം ചെയ്‍തിരിക്കുന്നതു്.
കഥയുടെ വേഗത കുറയ്‍ക്കുന്ന ഒരു സംഗതിയാണു് കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം. അവ
സശ്രദ്ധം വായിക്കേണം.
കഥയുടെ വേഗത കുറയ്‍ക്കുന്ന മറ്റൊരു സംഗതിയാണു് ആവൎത്തനം. സംഭവങ്ങളുടെ വിവരണം
സംഭാഷണത്തിലൂടെയോ അല്ലാതെയോ ആവൎത്തിക്കപ്പെട്ടാൽ ആ സംഭവത്തിന്റെ വർദ്ധിച്ച
പ്രാധാന്യം നാം ഗ്രഹിക്കേണം. അപ്പൊസ്‍തല പ്രവൃത്തി പത്താം അദ്ധ്യായത്തിൽ
കൊൎന്നല്ല്യോസിന്റെ ഭവനത്തിൽ പത്രോസിനുണ്ടായ അനുഭവം ലൂക്കോസ് വിവരിക്കുന്നു.
പതിന്നൊന്നാം അദ്ധ്യായത്തിലും അതേ അനുഭവങ്ങൾ പത്രോസ് യെറുശലേമിലുള്ള മൂപ്പന്മാരെ
കേൾപ്പിക്കുന്നു. ആവൎത്തനത്തിലൂടെ ആ സംഭവത്തിന്റെ പ്രാധാന്യമാണു് ലൂക്കൊസ് അടിവരയിട്ടു്
ശ്രോതാക്കളെ കേൾപ്പിക്കുവാൻ ഉദ്ദേശിച്ചതു്.
ഇതു വെറും ആവൎത്തനമാണല്ലോ
എന്നു് ചിന്തിച്ചു് വായിക്കുമ്പോൾ ഓടിച്ചു വിടരുതു്. അതുപോലെ തന്നെ പൗലൊസ് യേശുവിനെ
കണ്ടുമുട്ടുവാൻ ഇടയായ സംഭവം മൂന്നു പ്രാവശ്യം ലൂക്കോസ് ആവൎത്തിച്ചിട്ടുണ്ടു്. ആദ്യം ആ
സംഭവത്തിന്റെ വിവരണമായി ഒൻപതാം അദ്ധ്യായത്തിൽ നാം കാണുന്നു. പീന്നീടു് പൗലൊസിന്റെ
സാക്ഷ്യം എന്ന രൂപത്തിൽ വേറെ രണ്ടിടങ്ങളിലും നാം അതേ വിവരണം വായിക്കുന്നു.4
ഏബ്രായ തിരുവെഴുത്തുകളിലെ ആഖ്യാനങ്ങളെ കടങ്കഥളായി അഥവാ ദൃഷ്‍ടാന്തങ്ങളായി കാണാനുള്ള
പ്രവണത ശരിയല്ല. ഓരോ കഥയിലും മറഞ്ഞിരിക്കുന്ന അൎത്ഥങ്ങളെ തേടി പോകുന്നതു്
അബദ്ധമാണു്. ദൈവം പോലും കാണാത്ത ആത്മീക അൎത്ഥങ്ങൾ നമ്മുടെ ഉപദേശിമാർ
കണ്ടുപിടിക്കാറുണ്ടു്.
എലീമെലേക്കും കുടുംബവും ക്ഷാമത്തെ അതിജീവിക്കുവാൻ
മോവാബിലേക്കു് താമസം മാറ്റി. ആ പാലായനത്തെ ആത്മീക പിന്മാറ്റത്തോടു് ഉപമിക്കുന്ന
ധാരാളം പ്രസംഗങ്ങൾ നാം കേട്ടിട്ടുണ്ടു്. എഴുതാപ്പുറം വായിക്കേണ്ട
ആവശ്യമില്ല.
രൂത്തിന്റെ പുസ്‍തകത്തിലൂടെ ഗ്രന്ഥകൎത്താവു് ഉദ്ദേശിച്ചതെന്തെന്നു
നാം മനസ്സിലാക്കേണം. ലോകത്തിലെ എല്ലാ വംശക്കാരെയും ദൈവം ഒരുപോലെ സ്‍നേഹിക്കുന്നു.
ശപിക്കപ്പെട്ട മോവാബ്യ ജനതയിൽനിന്നു് ഒരു ദരിദ്ര വിധവയെ ദൈവം ദാവീദിന്റെ
വലിയമ്മച്ചി ആക്കി. (അതിലും വലിയ ഒരു കാൎയ്യം ദൈവം അതിനാൽ നിവൎത്തിച്ചു എന്നു നാം
ഇന്നു് തിരിച്ചറിയുന്നു. രൂത്തിനെ ദൈവം യേശുവിന്റെ വലിയമ്മച്ചി ആക്കി എന്നു്
സുവിശേഷങ്ങളിലൂടെ നാം മനസ്സിലാക്കുന്നു.)
കൂടാതെ, ദൈവം ഇസ്രായേലിനു
കൊടുത്ത ന്യായപ്രമാണത്തിൽ ദാരിദ്യത്തിൽ നിന്നുള്ള വീണ്ടെടുപ്പിനുള്ള സാധ്യതകൾ
ഉൾപ്പെടുത്തിയിരുന്നു. അടുത്ത ചാൎച്ചക്കാരനിലൂടെ സാധ്യമായ വീണ്ടെടുപ്പിലൂടെ കാലാ
പെറുക്കുവാൻ വന്ന സാധു സ്‍ത്രീ അതേ നിലത്തിന്റെ ഉടമസ്ഥയായി. ഇവയാണു് രൂത്തിന്റെ
പുസ്‍തകത്തിന്റെ സന്ദേശങ്ങൾ.
നൂറ്റാണ്ടുകൾക്കു മുമ്പു് കത്തോലിക സഭയിലെ
പുരോഹിതർ വചനത്തിലെ ഏതു് ഭാഗവും ദൃഷ്‍ടാന്തങ്ങളായി കണ്ടു് അവയ്‍ക്കു “ആത്മീക അൎത്ഥങ്ങൾ”
കൽപ്പിക്കുമായിരുന്നു. ആധുനീക കാലത്തും വായനക്കാർ അവരുടെ മനസ്സിൽ ആലോചിച്ചെടുക്കുന്ന
അൎത്ഥങ്ങളെ ശരിവയ്‍ക്കുന്ന പ്രവണതകൾ കണ്ടുവരുന്നു. നൂറു വായനക്കാർ തങ്ങൾക്കു തോന്നും വിധം
നൂറു രീതിയിൽ വ്യാഖ്യാനിച്ചാൽ ആ വ്യാഖ്യാനങ്ങൾ എല്ലാം ശരിയാകുന്നതെങ്ങനെ? എഴുത്തുകാരൻ
ആശവിനിമയം നടത്താനാണു് എഴുതിയതു്. ആ ആശയങ്ങൾ എന്താണു് എന്നാണു് വായനക്കാർ
കണ്ടുപിടിക്കേണ്ടതു്.
ഏതു് കഥ വായിച്ചാലും അതിലെ വരികൾ “എനിക്കുവേണ്ടി എഴുതപ്പെട്ടതാണു് ” അല്ലെങ്കിൽ
വായിക്കുന്ന കഥകളെ കുറിച്ചു് “ഇതു് എന്റെ/ഞങ്ങളുടെ കഥയാണു് ” എന്നു് ചിന്തിക്കരുതു്. പുതിയ
വായനക്കാരും പക്വത ഇല്ലാത്തവരും അങ്ങനെ ചെയ്യുവാൻ സാധ്യതയുണ്ടു്. പക്ഷേ പക്വത
പ്രാപിക്കുന്ന വിശ്വാസികൾ വചനത്തിന്റെ പശ്ഛാത്തലം പരിഗണിച്ചു് വ്യാഖ്യാനിക്കേണം.
അല്ലെങ്കിൽ മറ്റുള്ളവരോടു് ദൈവം പറഞ്ഞ സന്ദേശങ്ങളും നമ്മോടുള്ള സന്ദേശങ്ങളാണെന്നു്
ചിന്തിച്ചിട്ടു് നാം അബദ്ധങ്ങളിൽ പെടുവാൻ സാധ്യതയുണ്ടു്.
“നീ എഴുന്നേറ്റു
ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു
പറയുംവരെ അവിടെ പാൎക്കുക”5 എന്നു് വായിച്ചിട്ടു് അക്ഷരീകമായി അതു്
അനുസരിക്കുവാൻ ഭാവിക്കുന്ന ഒരു പിതാവിന്റെ അവസ്ഥ ചിന്തിച്ചു നോക്കൂ! മിക്ക
ക്രിസ്‍ത്യാനികളും അങ്ങനെ പ്രവൎത്തിക്കാൻ സാധ്യതയില്ല.
പക്ഷേ ശലോമോനോടു്
ദൈവം പറഞ്ഞ കാൎയ്യം തങ്ങളോടും തങ്ങളുടെ ദേശത്തോടുമുള്ള ദൈവീക അരുളപ്പാടായി
തെറ്റിദ്ധരിക്കുന്നവരല്ലേ ഭൂരിഭാഗം ക്രൈസ്‍തവരും? “എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന
എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാൎത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ
ദുൎമ്മാൎഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വൎഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം
ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.”6
സന്ദൎഭത്തിൽനിന്നു് അടൎത്തിയെടുക്കപ്പെടുന്ന വാക്യങ്ങളിൽ അഗ്രഗണ്യനാണിവൻ! എളിമയും
അനുതാപവും മാനസാന്തരവും പ്രാൎത്ഥനയും എല്ലാവൎക്കും യോജിച്ചതാണു്. സംശയമില്ല. പക്ഷേ ഈ
വാക്യം ശലോമോനു ദൈവം കൊടുത്ത വാഗ്ദത്തമാണു് എന്നതു് വിസ്‍മരിച്ചുകൂടാ. ദേശത്തിന്നു
വരുത്തുന്ന സൌഖ്യമെന്താണു് ? ആത്മീക സൗഖ്യമോ ഉണൎവ്വോ അല്ല ഇതുകൊണ്ട് ദൈവം
ഉദ്ദേശിച്ചതു്. മോശെയുടെ ന്യായപ്രമാണം അനുസരിക്കാതിരുന്നാൽ വന്നു ചേരാവുന്ന ശാപങ്ങൾ –
വരൾച്ച, വെട്ടുക്കിളി, മഹാമാരി എന്നിവ – കനാൻ ദേശത്തെ ബാധിച്ചാൽ അനുതപിക്കുന്ന
ഇസ്രായേല്യൎക്കു അവയിൽനിന്നു മോചനം ദൈവം കൊടുക്കും എന്നാണു് വാഗ്ദത്തം.
മറഞ്ഞിരിക്കുന്ന അൎത്ഥങ്ങളെ തേടി പോകുന്നതിനു പകരം കാണാമറയത്തു് ഇരിക്കുന്ന വസ്‍തുതകളെ
നാം കാണണം. ഉദാഹരണത്തിനു്, എസ്ഥേറിന്റെ പുസ്‍തകത്തിൽ “ദൈവം” എന്നൊരു വാക്കു്
ഇല്ലെങ്കിലും യഹൂദരെ ഹാമാന്റെ കുതന്ത്രങ്ങളിൽ നിന്നു രക്ഷിച്ചതു് ദൈവത്തിന്റെ കരമായിരുന്നു
എന്നതു് വായനക്കാർ ഗ്രഹിക്കേണം. പക്ഷേ ഗ്രന്ഥകൎത്താവു് ഉദ്ദേശിക്കാത്തതും തന്റെ
കൃതിയുടെ സന്ദേശത്തിനു വിപരീതമായ ആശയങ്ങളും നാം കഥയിൽ തിരുകി കയറ്റാൻ
ശ്രമിക്കരുതു്.
തന്റെ ഉറ്റ സുഹൃത്തായ യോനാഥാൻ യുദ്ധഭൂമിയിൽ പട്ടുപോയപ്പോൾ
ദാവീദ് വിലപിച്ചു, “യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ
എനിക്കു അതിവത്സലൻ ആയിരുന്നു; നിൻപ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയതു.” ഇതു
വായിച്ചിട്ടു് ദാവീദും യോനാഥാനും സ്വവൎഗ്ഗരതിക്കാരായിരുന്നു എന്നു വരെ ചിലർ
പഠിപ്പിക്കുന്നു. എഴുതാപ്പുറം വായിക്കരുതു്. രണ്ടു പുരുഷന്മാർ തമ്മിലുള്ള ശുദ്ധമായ സുഹൃദ്ബന്ധം
സ്‍ത്രീകളുമായുള്ള പ്രേമത്തേക്കാൾ വിസ്‍മയമേറിയതാകാം എന്നു് ദാവീദിന്റെ വിലാപത്തിൽ
നിന്നു നാം മനസ്സിലാക്കുന്നു.
നാം ജീവതത്തിൽ അനുകരിച്ചുകൂടാത്ത സംഭവങ്ങളും ബൈബിളിൽ വിവരിച്ചിട്ടുണ്ടു്.
ഉദാഹരണത്തിനു്, ദാവീദിന്റെ മകൻ അമ്‍നോൻ തന്റെ സഹോദരിയായ താമാറിനെ ബലാൽസംഗം
ചെയ‍്ത കഥ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. അതു് വായിക്കുന്ന അന്യമതസ്‍ഥർ പലപ്പോഴും
ചോദിക്കാറുണ്ടു്, “ബൈബിൽ ഇത്രയും മോശം ഗ്രന്ഥമാണെന്നു ഞങ്ങൾ അറിഞ്ഞില്ല.” ചിലർ
പരിഹസിക്കാറുണ്ടു്. ബൈബിളിൽ ചില സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതു് അവ എല്ലാവൎക്കും
മാതൃകയായതു് കൊണ്ടല്ല. ചില സത്യങ്ങൾ വായനക്കാർ അറിഞ്ഞിരിക്കേണ്ടതുണ്ടു്. ഊരിയാവിന്റെ
കുടുംബം ദാവീദ് തകൎത്തു. ദൈവീക ന്യായവിധി നിമിത്തം ദാവീദിന്റെ കുടുംബവും
തകൎച്ചയിലേക്കു് നീങ്ങുന്നതാണു് നാം അവിടെ കാണുന്നതു്.
ഏബ്രായ തിരുവെഴുത്തുകളിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ വായിച്ചിട്ടു് ബോധിച്ച രീതിയിൽ
സദാചാര നിയമങ്ങളോ ഗുണപാഠങ്ങളോ നിയമങ്ങളോ സൃഷ്‍ടിക്കുവാൻ തുനിയരുതു്. ചില ഉദാഹരണങ്ങൾ
ചുവടെ ചേൎക്കുന്നു.
“എന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഞാൻ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും
അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന ഏവരെയും സന്ദൎശിക്കും”7
എന്ന വാക്യം വായിച്ചിട്ടു് “നാം നമ്മുടെ ദേശക്കാരുടെ വസ്ത്രമേ ധരിക്കാവൂ; വിദേശികളുടെ
വസ്ത്രം ധരിക്കരുതു് ” എന്നു് പഠിപ്പിക്കുന്നവരുണ്ടു് !
എസ്രായുടെ പുസ്‍തകം വായിച്ചിട്ടു് വിദേശ സ്ത്രീകളെയോ പുരുഷന്മാരെയോ വിവാഹം കഴിക്കുന്നതു്
തെറ്റാണെന്നു പറയുന്നവരുമുണ്ടു്. നാം വിവാഹം കഴിക്കുന്നവർ ഏതു് വംശത്തിൽ പെട്ടവരായാലും
സാരമില്ല. അവർ ക്രിസ്തു വിശ്വാസികളായിരിക്കേണം എന്നു മാത്രം.
“ഏതു പുരുഷനും തന്റെ വീട്ടില്‍ അധികാരം നടത്തുകയും സ്വന്ത ഭാഷ സംസാരിക്കുകയും വേണം” എന്ന
അഹശ്വേരോശ് രാജാവിന്റെ കൽപ്പന വായിച്ചിട്ടു് “മാതൃഭാഷ മാത്രമേ വീട്ടിൽ
സംസാരിക്കാവൂ” എന്നു് പഠിപ്പിച്ച ഒരാളെ ഓൎത്തുപോയി.
മക്കൾക്കു വേണ്ടി ഏതു രീതിയിൽ കല്ലാണം ആലോചിച്ചു് നടത്തേണം എന്നല്ല ഉത്പത്തി
ഇരുപത്തിനാലാം അദ്ധ്യായം നമ്മെ പഠിപ്പിക്കുന്നതു്. യാക്കോബു് അമ്മാവന്റെ വീട്ടിൽ പോയി
മുറപ്പെണ്ണിനെയും അബദ്ധത്തിൽ അവളുടെ സഹോദരിയെയും വിവഹം ചെയ്തതു. അതുപോലെ എല്ലാവരും
മുറപ്പെണ്ണിനെയും കഴിയുമെങ്കിൽ അവളുടെ സഹോദരിയെയും വിവഹം കഴിക്കേണം എന്നു ഉത്പത്തി
ഇരുപത്തി ഒൻപതാം അദ്ധ്യായം ആധാരമാക്കി പ്രസംഗിക്കരുതു് !
“ചെറുപത്തിൽ തന്നെ വിധവയായാലും അവൾ നല്ല മരുമകൾ ആണെങ്കിൽ അമ്മാവിയമ്മയുടെ കൂടെ
കൂടും” എന്നു ചിന്തിക്കുന്ന മലയാളികൾ കാണും. രൂത്തിന്റെ പുസ്തകത്തിൽനിന്നു അപ്രകാരം ഒരു
ഉപദേശം നാം ഉൾക്കൊള്ളരുതു്.
കാണാതെ പോയ കഴുതകളെ കുറിച്ചു് ദൈവാലോചന ചോദിക്കാൻ ശൗലു് ശമുവേൽ പ്രവാചകന്റെ
അടുക്കൽ പോയ കഥ വായിച്ചിട്ടു് “പ്രവാചനെ കാണാൻ പോകുമ്പോൾ വെറുംകൈയ്യോടെ പോകരുതു് ”
എന്നു് പഠിപ്പിക്കുന്ന വിരുതന്മാരും ഉണ്ടു്. ദൈവം തരുന്ന കൃപാവരങ്ങൾ ധനസമ്പാദനത്തിനുള്ള
വഴികളല്ല. സുവിശേഷം പ്രസംഗിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കൎത്താവു
കൽപ്പിച്ചിട്ടുണ്ടു്. കൃപാവരങ്ങളെ കുറിച്ചു് അങ്ങനെ പറഞ്ഞിട്ടില്ല. ദൈവം സഭയിൽ
എല്ലാവൎക്കും വിവിധ കൃപാ ദാനങ്ങൾ നൽകിയിട്ടുണ്ടു്. കൃപാവരങ്ങൾ ഉപയോഗിച്ചു് അന്യോന്യം
നാം ശുശ്രൂഷിക്കേണം. എല്ലാവരും തമ്മിൽ തമ്മിൽ സുവൎണ്ണ ഹസ്തദാനം നൽകിക്കൊണ്ടിരുന്നാൽ
സഭയുടെ അവസ്ഥ എന്താകും?
“ഗിദയോൻ കമ്പിളി വെളിയിൽ വിരിച്ചു് ദൈവഹിതം തിരിച്ചറിയുവാൻ ശ്രമിച്ചതു് പോലെ
നാമും ദൈവത്തെ പരീക്ഷിച്ചു് ദൈവഹിതം എന്തെന്നു ഉറപ്പു വരുത്തണം” എന്നു പഠിപ്പിക്കരുതു്.
ദൈവം പറയുന്നതു് സംശിയിക്കാതെ അനുസരിക്കുകയാണു് വേണ്ടതു്.
ബൈബിളിലെ കഥകൾ നേരിട്ടു് ശരി-തെറ്റുകളെ കുറിച്ചു് ഗുണപാഠങ്ങൾ പഠിപ്പിക്കുന്നില്ല
എന്നാണു് വേദപണ്ഡിതന്മാർ പലരും ചിന്തിച്ചതു്. എങ്കിലും ഈ കഥകൾ ദൈവത്തിന്റെ നിയമങ്ങൾ
പാലിക്കേണ്ടതിന്റെ പ്രാധാന്യം വരച്ചു കാട്ടിതരുന്ന ഉത്തമ ഉദാഹരണങ്ങളാണു് എന്നു് അവർ
സമ്മതിക്കുന്നു.8 ഉത്പത്തി പുസ്‍തകത്തിൽ നിയമങ്ങളുടെ
പട്ടികകൾ നാം കാണുന്നില്ലെങ്കിലും മോശെയുടെ ന്യായപ്രമാണത്തിലെ പ്രാരംഭ പുസ്‍തകമായി
അതു് നിലകൊള്ളുന്നതിനാൽ അതിലെ കഥകളിൽ നിന്നും ജീവതത്തിനാവശ്യമായ ഗുണപാഠങ്ങൾ
സസൂക്ഷ്‍മം ശേഖരിക്കേണം എന്നും ചിലർ അഭിപ്രായപ്പെടുന്നു.9
ഉദാഹരണത്തിനു, മനുഷ്യൻ
വിതക്കുന്നതു് കൊയ്യും എന്നുള്ളതു് ദൈവത്തിന്റെ നിയമമാണു്. യാക്കോബിന്റെ ജീവിതത്തിലൂടെ ആ
നിയമത്തിന്റെ ശക്തിയെ നാം കാണുന്നു. അന്ധനായ തന്റെ പിതാവിനെ യാക്കോബു്
കബളിപ്പിച്ചു. എന്നാൽ തന്റെ കണ്ണുകൾക്കു് നല്ല കാഴ്‍ചയുള്ളപ്പോഴും യാക്കോബു്
കബളിപ്പിക്കപ്പെട്ടു. നാം ആരെയും കബളിപ്പിക്കരുതു് എന്നൊരു ഗുണപാഠം ആ കഥയിൽനിന്നു
പഠിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ ദൈവത്തിന്റെ നിയമങ്ങൾക്കു നിരക്കാത്ത
ഗുണപാഠങ്ങൾ കഥകളിൽനിന്നു സൃഷ്‍ടിക്കരുതു്. ഉദാഹരണത്തിനു അനുഗ്രഹം ലഭിക്കേണം എന്നു്
ആഗ്രഹമുള്ളവരെല്ലാം കാട്ടിൽനിന്നു വേട്ടയിറച്ചി കൊണ്ടുവന്നു അപ്പന്മാൎക്കു വേവിച്ചു
കൊടുക്കേണം എന്നു പഠിപ്പിക്കരുതെന്നു എന്നു സാരം.
ഉത്പത്തിയിലും
ന്യായാധിപന്മാരുടെ പുസ്‍തകത്തിലും പഴയ നിയമ വിശുദ്ധന്മാരുടെ കഥകൾ നാം വായിക്കുന്നു.
അവർ സേവിച്ച പരിശുദ്ധനായ ദൈവത്തിന്റെ നിലവാരം വച്ചു നോക്കിയാൽ ആ “വിശുദ്ധന്മാരുടെ”
ജീവിതം തികവുള്ളതായിരുന്നില്ല എന്നു നാം മനസ്സിലാക്കുന്നു. സ്വന്തം ഭാൎയ്യയെകുറിച്ചു
സത്യം തുറന്നു പറയാൻ മടിച്ചവരായിരുന്നു അബ്രഹാമും ഇസഹാക്കും. ആരെയും ദ്രോഹിക്കേണം എന്നു
വിചാരിച്ചു നുണ പറഞ്ഞതല്ല. ജീവരക്ഷാൎത്ഥം നുണ പറഞ്ഞതാണു്. ആ സംഭവങ്ങളുടെ
ചുരുളഴിയുമ്പോൾ തന്നെ ദൈവം അവരോടു് കരുണ കാണിച്ചു എന്നു നാം വായിക്കുന്നു. ദൈവത്തിനു
അവരുടെ സ്വഭാവത്തിൽ തൃപ്‍തിയുണ്ടായിട്ടല്ല മറിച്ചു് അവരോടുള്ള വിശ്വസ്‍തതയിൽ
ബലവാന്മാരായിരുന്ന രാജാക്കന്മാരുടെ കൈകളിൽ നിന്നു് ദൈവം അവരെ രക്ഷിച്ചതാണു്.10 പുതിയ നിയമത്തിൽ കരുതികൂട്ടി നുണ പറഞ്ഞ
അനന്യാസിനും സഫീറക്കും ഒരു പരിഗണനയും ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണു്.
വേദപുസ്‍തകത്തിലെ ചെറിയ സംഭവങ്ങൾക്കപ്പുറം ഇവയെ കൂട്ടിയോജിപ്പിക്കുന്ന ആഖ്യാനത്തിന്റെ
ഉയൎന്ന തലങ്ങളുണ്ടു്. അവയെ ഇപ്പോൾ പരിശോധിക്കാം.
10.1.2 ദ്വിതീയ തലം
ചെറിയ സംഭവങ്ങളെ കോൎത്തിണക്കി ദൈവം ഒരു വലിയ കാൎയ്യം ചെയ്യുന്നു. അതിന്റെ
കഥയാണു് പ്രാഥമിക തലത്തിന്റെ മുകളിലുള്ള (metanarrative) ആഖ്യാനം. എന്താണു് ആ കഥ? ദൈവം
തനിക്കായി ഇസ്രായേൽ എന്ന ഒരു ജനതയെ തിരഞ്ഞെടുത്തിട്ടു് അവരിലൂടെ തന്റെ പദ്ധതികൾ
നിറവേറ്റുന്ന കഥയാണിതു് . ആയതിനാൽ ഇസ്രായേലുമായി ബന്ധപ്പെട്ട ചെറിയ സംഭവങ്ങളുടെ
വിവരണങ്ങൾ പോലും ഈ വലിയ കഥയുടെ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കുവാൻ. ദ്വിതീയ
തലത്തിലെ ആ കഥ ഇവിടെ വിവരിക്കാം.
ദൈവം അബ്രഹാമിനോടു ചെയ്‍ത ഉടമ്പടിയുടെ നിവൃത്തിയായി തന്നിലൂടെ ഒരു ജനതയെ
വാൎത്തെടുത്തു. അവരെ മിസ്രയീമിലേക്കു് കൊണ്ടുപോയി പിന്നീടു് അവരെ വിടുവിച്ചെടുത്തു്
വാഗ്‍ദത്ത ദേശത്തു് എത്തിച്ചു. അവർ കാലാകാലങ്ങളിലായി പാപം ചെയ്‍തപ്പോൾ അവരെ
ശിക്ഷിക്കുകയും അവരില്‍ പലരെയും നശിപ്പിക്കുകയും ചെയ്‍തു. അവരുടെ ഒരു ശേഷിപ്പിൽ നിന്നു
അബ്രഹാമിനും ദാവീദിനും നൽകിയ വാഗ്ദത്തങ്ങൾ അനുസരിച്ചു് യേശുവിനെ “വാഗ്ദത്ത
സന്ദതിയായും”11 രാജാവായും (മ്ശിഹാ = രാജാവു് )
എഴുന്നേൽപ്പിച്ചു.12
യേശു എന്ന ഈ വിശുദ്ധ സന്തതിയാണു് ഇസ്രായേലിന്റെ സാക്ഷാൽ ശേഷിപ്പു്.
“നാം എല്ലാവരും ആടുകളെപ്പോലെ
തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; ….”13
ഇസ്രായേൽ പരാജയപ്പെട്ടിടത്തു് യേശു വിജയിച്ചു. ഇസ്രായേൽ എന്ന വംശത്തെകുറിച്ചു്
ദൈവം ഉദ്ദേശിച്ചതു് മുഴുവൻ യേശുവിൽ നിറവേറി. അതാണു് തുടുൎന്നു് പ്രാവാചകൻ
പറയുന്നതു്.
“നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു
തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും
അകൃത്യം അവന്റെ മേൽ ചുമത്തി.”14
യേശുവിലൂടെ മാത്രമേ ഇസ്രായേലിനു ഒരു ഭാവിയുള്ളൂ. “ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ
കടക്കുന്നവൻ രക്ഷപ്പെടും”15 എന്നു് യേശു യഹൂദരോടു് പറഞ്ഞതു്
ഓൎക്കുമല്ലോ. യേശുവിലൂടെ മാത്രമേ യഹൂദനു ഇസ്രായേലിൽ (അഥവാ ദൈവജനത്തിന്റെ സമൂഹത്തിൽ)
തുടരുവാൻ സാധിക്കൂ. വായനക്കാർ ഇതു് നന്നായി ഗ്രഹിക്കുവാൻ ഞാൻ ഈ ചിത്രം
തയ്യാറാക്കി.
ഇസ്രായേൽ ഒന്നടങ്കം പരാജയപ്പെട്ടപ്പോൾ ഇസ്രായേലിന്റെ സാക്ഷാൽ ശേഷിപ്പായി ഒരുവൻ
മാത്രം ഉണ്ടായിരുന്നു—നസ്രയനായ യേശു. അവനിലൂടെ – അവനിൽ വിശ്വസിച്ചവരിലൂടെ –
ഇസ്രായേൽ തുടരുന്നു.
യേശുവിൽ വിശ്വസിക്കാത്ത യഹൂദർ പുറന്തള്ളപ്പെട്ടു. അവർ മാനസാന്തരപ്പെട്ടു് യേശുവിൽ
വിശ്വസിച്ചാൽ അവർ യേശുവിലൂടെ ദൈവജനത്തിന്റെ ഭാഗമായിത്തീരും. അതുകൊണ്ടാണു് യഹൂദരുടെ
മാനസാന്തരത്തിന്നായി പൗലൊസു് മനോവ്യഥയോടെ കാംക്ഷിച്ചതു്.
“എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു
പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു. ജഡപ്രകാരം എന്റെ ചാൎച്ചക്കാരായ എന്റെ
സഹോദരന്മാൎക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ
ആഗ്രഹിക്കാമായിരുന്നു. … സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ
ഹൃദയവാഞ്ഛയും അവൎക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.”16
യേശുവിനെ കൂടാതെ യഹൂദർ നിത്യനാശത്തിലേക്കു് പോകുന്നു. മറ്റാരെ പോലെയും അവർക്കു്
യേശുവിലൂടെയുള്ള രക്ഷ ആവശ്യമാണു്.
യേശുവിന്റെ മരണത്തിലൂടെ യാഥാൎത്ഥ്യമായ പുതിയ ഉടമ്പടിയിലൂടെ പാപികളുടെ
വീണ്ടെടുപ്പ് സാധ്യമായി. യേശു സ്വൎഗ്ഗാരോഹണം ചെയ്തു. തന്റെ നൂറ്റിയിരുപതു് യഹൂദ
ശിഷ്യന്മാർ യെറുശലേമിൽ പ്രാൎത്ഥിച്ചുകൊണ്ടിരുന്നു.
യെഹസ്‍കേൽ പ്രവചിച്ചതു പോലെ ദൈവത്തിന്റെ ആത്മാവു് (കാറ്റ് അഥവാ ഏബ്രായ ഭാഷയിൽ
‘റൂഹ’) ഇസ്രായേൽ എന്ന ഉണങ്ങിയ അസ്ഥികൂമ്പാരത്തിന്മേൽ വന്നു.17
“പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതു പോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ
ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാല പോലെ പിളൎന്നിരിക്കുന്ന നാവുകൾ അവൎക്കു
പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു
നിറഞ്ഞവരായി ….”18
യേശുവിൽ വിശ്വസിച്ച ഇസ്രായേൽ ജീവിച്ചെഴുന്നേറ്റു് ഒരു സൈന്യമായി രൂപപ്പെട്ടു.
ലോകത്തിന്റെ എല്ലാ രാജ്യങ്ങളിൽ നിന്നു ദൈവം കൂട്ടിവരുത്തിയ യഹൂദന്മാർ അന്നു അവിടെ
ഉണ്ടായിരുന്നു എന്നു് ലൂക്കോസ് നമ്മോടു് പറയുന്നു. “അന്നു ആകാശത്തിൻ കീഴുള്ള സകല
ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാൎക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ
ഉണ്ടായിരുന്നു.”19 ഏഴു വാക്യങ്ങളിൽ സവിസ്തരം അതു്
വിവരിച്ചിരിക്കുന്നുതു് നാം അവഗണിച്ചുകൂടാ. ഈ കൂട്ടിച്ചേൎക്കൽ അതിപ്രധാനമായ ഒരു പ്രവചന
നിവൃത്തിയായിരുന്നു. ഇതിന്റെ പ്രാധാന്യം ഗ്രഹിക്കാത്തവരാണു് ആധുനിക കാലത്തു് അതിനുവേണ്ടി
വീണ്ടും കാത്തിരിക്കുന്നതു്.
ആത്മപൂൎണ്ണരായ ശിഷ്യന്മാർ വിവിധ വിദേശ ഭാഷകളിൽ ദൈവത്തിന്റെ വൻകാൎയ്യങ്ങൾ
പ്രസ്താവിക്കുന്നതു് ആ യഹൂദർ കേട്ടപ്പോൾ അവൎക്കു് ആശയക്കുഴപ്പം ഉണ്ടായി. പത്രോസ്
അവരോടു് കാൎയ്യങ്ങൾ വിശദീകരിച്ചു.
ദൈവത്തിന്റെ പരിശുദ്ധാത്മാവാണു് അവരുടെ മേൽ വന്നതു് എന്നു് പത്രോസ് പറഞ്ഞു. ദൈവം
എന്തിനാണു് ആത്മാവിനെ പകൎന്നതു് ? ഒരു കാൎയ്യം തെളിയിക്കാൻ വേണ്ടി. സ്വൎഗ്ഗീയ
സിംഹസനത്തിൽ ദാവീദു പുത്രനായ യേശു മ്ശിഹയായി ഉപവിഷ്ടനായി. (മ്ശിഹാ എന്നാൽ
അഭിഷിക്തനായ രാജാവു് എന്നൎത്ഥം) യേശു
ഇസ്രായേലിന്റെ രാജാവായി സ്വൎഗ്ഗത്തിൽ ദാവീദിന്റെ സിംഹാസനത്തിൽ സ്‍ഥാനമേറ്റു
എന്നതിന്റെ തെളിവായി അവൻ പരിശുദ്ധാത്മാവിനെ തന്റെ ശിഷ്യരുടെ മേൽ അയച്ചു് എന്നു്
അപ്പൊസ്‍തലനായ പത്രോസ് പെന്തക്കൊസ്‍തു നാളിൽ പ്രസംഗിച്ചു.
“അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു [അതായതു്, സിംഹസനത്തിലേക്കു് ] ആരോഹണം ചെയ്തു
പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും
ചെയ്യുന്നത് പകൎന്നുതന്നു.”20
അതു് കേട്ട യഹൂദർ അത്ഭുതസ്‍തംഭരായി. തങ്ങൾ നൂറ്റാണ്ടുകളായി കാത്തിരുന്ന മ്ശിഹാ
ഇസ്രായേലിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ രാജാവായി സ്വൎഗ്ഗത്തിൽ കിരീടധാരിയായി
എന്നോ? മ്ശിഹാ രാജാവായി എങ്കിൽ ഇസ്രായേൽ രാജ്യവും യഥാസ്‍ഥാനത്തായി എന്നല്ലേ
അൎത്ഥം! ദാവിദിനോടു് ദൈവം ചെയ്‍ത വാഗ്ദത്തം നിറവേറിയെന്നോ?21 ഇനി ഭൂമിയിൽ ഏതു് റോമൻ കൈസർ
അവരുടെമേൽ ഭരണം നടത്തിയാലും കൈസരുടെ മീതെ യഹൂദരുടെ സ്വന്തം ദാവീദു പുത്രൻ
സ്വൎഗ്ഗത്തിൽ വാഴുന്നു എന്നോ?
ഈ സദ്വവൎത്തമാനം (സുവിശേഷം) വിശ്വസിക്കുവാൻ ബുദ്ധിമുട്ടാണു്. പക്ഷേ അവരുടെ
കണ്മുന്നിൽ നിറവേറിയ പരിശുദ്ധാത്മ പകൎച്ചയും അന്യഭാഷാ ഭാഷണവും സ്വന്തം ഭാഷയിൽ ദൈവീക
മൎമ്മങ്ങൾ കേട്ടതും വെറും മിഥ്യയായിരുന്നു എന്നു് നടിക്കുവാൻ ആ യഹൂദൎക്കു കഴിഞ്ഞില്ല.
അവരിൽ മൂവായിരം പേര് യേശുവിനെ അവരുടെ മ്ശിഹാ രാജാവായി അംഗീകരിച്ചു. അവർ
മാനസാന്തരപ്പെട്ടിട്ടു് സ്നാനം സ്വീകരിച്ചു നൂറ്റിയിരുപതു് ശിഷ്യരോടു കൂടെ ചേൎന്നു.
ആത്മപൂൎണ്ണരായ ഇസ്രായേൽ സൈന്യത്തിന്റെ എണ്ണം 3120 ആയി. ഒരോ ദിവസവും ആ സംഖ്യ
വൎദ്ധിച്ചു വന്നു.
തന്നിൽ വിശ്വസിച്ച യഹൂദേതര വംശക്കാരെയും യേശു വീണ്ടെടുത്തു് ജീവനുള്ള
ഇസ്രായേലിനോടു് ചേൎത്തൊട്ടിച്ചു. അവർ ഒരുമിച്ചു് ദൈവത്തിന്റെ സ്വന്ത ജനവും വിശുദ്ധ വംശവും രാജകീയ
പുരോഹിതന്മാരുമായി.22 ലോകത്തിന്റെ എല്ലാ
കോണിലേക്കും ഈ ഉയിൎത്തെഴുന്നേറ്റ ഇസ്രായേൽ സഭ വ്യാപിച്ചു. അവർ ദൈവരാജ്യം പ്രസംഗിച്ചു
വരുന്നു.
യേശുവിനെ ത്യജിച്ച യഹൂദരോ? അവർ പേരിൽ മാത്രം ഇസ്രായേൽ. നേരിൽ അവർ വേറെ
ഏതൊരു ജാതിയെയും പോലെ തന്നെ.
അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. [നേരെ മറിച്ചു് ] അവനെ
കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവൎക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം
കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല,
ദൈവത്തിൽ നിന്നത്രേ ജനിച്ചതു.23
യഹൂദർക്കുണ്ടായിരുന്ന പ്രത്യേക പദവിയും സ്ഥാനവുമാണു് യേശുവിൽ “വിശ്വസിച്ച ഏവർക്കും”
ദൈവം നൽകിയതു്.
ആരാണിന്നു് യഥാൎത്ഥ ഇസ്രായേൽ?
യേശു വന്നതോടെ ‘ഇസ്രായേൽ’ എന്ന വാക്കിന്റെ നിൎവ്വചനത്തിനും മാറ്റമുണ്ടായി.
ആരാണിന്നു് യഥാൎത്ഥ ഇസ്രായേൽ?
ഇസ്രായേലിനെ പലപ്പോഴും ഒരു മുന്തിരിവള്ളിയോടു് ദൈവം ഉപമിച്ചിട്ടുണ്ടു്. മിസ്രയീമിൽ
നിന്നു ദൈവം കൊണ്ടുവന്നു കനാനിൽ നട്ട മുന്തിരി വള്ളിയായിരുന്നു ഇസ്രായേൽ. അവർ ദൈവീക
ഉദ്ദേശം പൂൎത്തിയാക്കാതെ പട്ടു പോയി.24 എന്നാൽ യേശു പറഞ്ഞു
താനാണു് സാക്ഷാൽ മുന്തിരി വള്ളി എന്നു്. സാക്ഷാൽ മുന്തിരിവള്ളിയായ തന്നോടു്
ബന്ധമുള്ളവൎക്കു മാത്രമേ ദൈവവുമായി ബന്ധമുള്ളൂ എന്നും യേശു പറഞ്ഞു.
ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു്
തോട്ടക്കാരനും ആകുന്നു. … ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ
എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു
നിങ്ങൾക്കു ഒന്നും ചെയ്‌വാൻ കഴികയില്ല. എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു
കളഞ്ഞിട്ടു അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേൎത്തു തീയിൽ ഇടുന്നു; അതു വെന്തുപോകും.”25
യേശുവും യേശുവിനോടു് ചേൎന്നിരിക്കുന്നവരുമാണു് സാക്ഷാൽ ഇസ്രായേൽ
യേശുവിന്റെ സഹോദരൻ യാക്കോബു് തന്റെ ലേഖനം എഴുതിയപ്പോൾ ദൈവസഭ എന്ന ഇസ്രായേലിനെ
അഭിസംബോധന ചെയ്‍തുകൊണ്ടാണു് എഴുതിയതു്.
ദൈവത്തിന്റെയും നമ്മുടെ കര്‍ത്താവായ യേശുമ്ശീഹായുടെയും ദാസനായ യാക്കോബില്‍(നിന്നും)
വിജാതീയരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ട്
ഗോത്രങ്ങള്‍ക്കും സമാധാനം.26
യാക്കോബു് അതു് എഴുതുമ്പോൾ അബ്രാഹാമിന്റെ ജഡിക സന്തതികളായി വെറും മൂന്നു് ഗോത്രങ്ങൾ
മാത്രമേ ഭൂപ്പരപ്പിലുള്ളൂ എന്നു് നാം ഓൎത്തിരിക്കേണം. യഹൂദയും ബെന്യാമീനും കുറേ ലേവ്യരും
മാത്രമേ അന്നുള്ളൂ. മറ്റെല്ലാ ഗോത്രങ്ങളും ക്രിസ്തുവിനു മുമ്പുള്ള എട്ടാം നൂറ്റാണ്ടിൽ തന്നെ
അപ്രത്യക്ഷമായി. പിന്നെ യാക്കോബിനു ഈ “പന്ത്രണ്ട് ഗോത്രങ്ങള്‍”എന്ന കണക്കു് എവിടെ നിന്നു
കിട്ടി?
യേശുവിൽ നിന്നു കിട്ടി. കൎത്താവായ യേശു കരുതികൂട്ടിയാണു് പന്ത്രണ്ട് അപ്പൊസ്തലന്മാരെ തിരെഞ്ഞെടുത്തതു്. സാക്ഷാൽ
ഇസ്രായേലായ തന്നിലൂടെ രൂപം കൊള്ളാനിരുന്ന പുതിയ നിയമ സഭയെ “ഇസ്രായേലിന്റെ പന്ത്രണ്ട്
ഗോത്രങ്ങൾ” എന്നു് ആദ്യം വിശേഷിപ്പിച്ചതു് യേശുവാണു്.
“യേശു അവരോടു് എന്റെ പിന്നാലെ വന്നിരിക്കുന്ന നിങ്ങളോ, മനുഷ്യപുത്രന്‍ പുതിയ ലോകത്തില്‍
തന്റെ മഹത്വ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍, നിങ്ങളും പന്ത്രണ്ട് സിംഹാസനങ്ങളില്‍ ഇരുന്നു്
ഇസ്രയേലിന്റെ പന്ത്രണ്ടു് ഗോത്രങ്ങളെ വിധിക്കും
എന്നു് സത്യമായി ഞാന്‍ നിങ്ങളോടു് പറയുന്നു.”27
ഇതേ രീതിയിലാണു് പൗലൊസും പഠിപ്പിച്ചതു്. ജഡപ്രകാരം അബ്രഹാമിന്റെ സന്തതികളല്ല
യഥാൎത്ഥ അവകാശികൾ. ക്രിസ്‍തുശിഷ്യരാണു് യഥാൎത്ഥത്തിൽ അബ്രഹാമിന്റെ മക്കൾ. അബ്രഹാം
വിശ്വാസികളുടെ പിതാവാണു്.
“ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ
ധരിച്ചിരിക്കുന്നു. അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും
പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ. ക്രിസ്തുവിനുള്ളവർ
എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്ത
പ്രകാരം അവകാശികളും ആകുന്നു.” — ഗലാത്യർ 3:27-29
ഗലാത്യ ലേഖനത്തിന്റെ അവസാന ഭാഗത്തു് ദൈവത്തിന്റെ ഇസ്രായേൽ ആരെന്നു പൗലൊസു്
തെളിച്ചു പറഞ്ഞിരിക്കുന്നു.
“നമ്മൾ [പരിച്ഛേദനയേറ്റ] യഹൂദരോ [അഗ്രചൎമ്മികളായ] വിജാതീയരോ എന്നതു് ഒരു
പ്രശ്‍നമേയല്ല. നമ്മൾ ഒരു പുതിയ സൃഷ്ടിയായി രൂപാന്തരപ്പെട്ടിട്ടുണ്ടോ എന്നതാണു് പ്രധാനം. ഈ
തത്വം അനുസരിച്ചു ജീവിക്കുന്ന എല്ലാവൎക്കും ദൈവത്തിന്റെ സമാധാനവും കരുണയും ഉണ്ടാകട്ടെ;
അവരാണു് ദൈവത്തിന്റെ ഇസ്രായേൽ.” — ഗലാ
6:15-16.
നാം വായിച്ചു് പരിചയിച്ച മലയാളം ബൈബിളിൽ ഈ വാക്യം വായിച്ചാൽ ദൈവത്തിന്നു രണ്ടു
കൂട്ടം ജനങ്ങൾ ഉണ്ടെന്നു തോന്നി പോകും. വ്യാകരണത്തെ കുറിച്ചും വാക്കുകളുടെ അൎത്ഥത്തെ
കുറിച്ചും പഠിക്കുമ്പോൾ ഈ വാക്യം വിശദമായി പരിശോധിക്കാം.
10.1.3 ത്രിതീയതലം
ദൈവം തനിക്കായി ഒരു ജനതയെ തിരഞ്ഞെടുത്ത കഥ അതിലും വലിയ ഒരു (metanarrative) കഥയുടെ ഭാഗമാണു്. പ്രപഞ്ച സൃഷ്‍ടി,
മനുഷ്യന്റെ സൃഷ്‍ടി, മനുഷ്യനിലൂടെ ഭുമിയിൽ ദൈവത്തിന്റെ ഭരണം, മനുഷ്യന്റെ പാപം മൂലം
കടന്നുവന്ന സാത്താന്റെ ഭരണവും മരണവും ശാപങ്ങളും, മനുഷ്യൻ പറുദീസയ്‍ക്കു പുറത്താകുന്നു,
നഷ്ടപ്പെട്ടതെല്ലാം യേശുവിലൂടെ ദൈവം വീണ്ടെടുക്കുന്നു, ദൈവത്തിലേക്ക് മടങ്ങുന്ന മനുഷ്യൎക്കു
നിത്യജീവനും പറുദീസയും ഒരുക്കുന്നു, അല്ലാത്തവൎക്കു് ന്യായവിധിയിലൂടെ സാത്താനോടു കൂടെ
നിത്യ നാശവും ലഭിക്കുന്നു. ഇതാണു് ആ വലിയ കഥ.
ദൈവത്തിന്റെ പ്രവൃത്തികളെ മനസ്സിലാക്കുവാൻ നല്ല വീക്ഷണം നമുക്കു് അനിവാൎയ്യമാണു്.
അതായതു് ഒരു കലാകാരന്റെ ചിത്രം ആസ്വദിക്കുവാൻ നാം അൽപ്പം പിറകിലേക്കു് മാറി നിന്നു്
ചിത്രത്തെ മുഴുവൻ ഒറ്റ നോട്ടത്തിൽ അവലോകനം ചെയ്യുന്നതു് പോലെ ദൈവം ചരിത്രത്തിൽ
ചെയ്യുന്ന കാൎയ്യങ്ങളെ നാം ഒരു വലിയ ചിത്രമായി കാണണം. കാലത്തിന്റെ ആരംഭം മുതൽ
ദൈവം മനുഷ്യനോടുള്ള ബന്ധത്തിൽ എന്തു ചെയ്‍തു വരുന്നു എന്നും ഏതൊരു ഭാവിയിലേക്കു് നമ്മേ
നയിക്കുന്നു എന്നും നാം അറിഞ്ഞിരിക്കേണം. എങ്കിൽ മാത്രമേ ദൈവം ചെയ്യുന്ന ചെറിയ
കാൎയ്യങ്ങളെ അവ അൎഹിക്കുന്ന പ്രാധാന്യത്തിൽ ഉൾക്കൊള്ളുവാൻ നമുക്കു് സാധിക്കൂ. അല്ലെങ്കിൽ
ആനയെ വിവരിച്ച അന്ധന്മാരെ പോലെ നാമും വിഢികളാകും.
ദൈവത്തിന്റെ കാൻവാസിലേക്കു് നോക്കുമ്പോൾ എല്ലാവരും ഒരുപോലെയല്ല കാണുന്നതു്.
എല്ലാവരുടെയും വീക്ഷണവും അഭിപ്രായവും ശരിയാകണം എന്നില്ല. ചിലർ ഈ വലിയ ചിത്രത്തെ
ദൈവവും മനുഷരും തമ്മിലുള്ള ഉടമ്പടികളുടെ ഒരു ശൃംഖലയായി (covenant theology) കാണുന്നു. വേറെ ചിലര്‍ അടുത്ത കാലത്തു്
ഉരുത്തിരിഞ്ഞ “യുഗങ്ങള്‍” എന്ന ആശയത്തെ വേദവാക്യം പോലെ പിന്തുടരുന്നു. ഭൂതകാലത്തിലെ
നിത്യത മുതല്‍ ഭാവിയിലെ നിത്യത വരെയുള്ള കാലത്തെ അവര്‍ പല യുഗങ്ങളായി (dispensations) തിരിച്ചു പഠിക്കുന്നു.
നാം ധരിക്കുന്ന കണ്ണട പോലെയാണു് ഈ കാഴ്ചപ്പാടുകൾ. കണ്ണടക്കു് ഏതു നിറമോ ആ
നിറത്തില്‍ മാത്രമേ നാം എല്ലാം കാണൂ. ഏതു് വലിയ ചിത്രം മനസ്സില്‍ കണ്ടു കൊണ്ടു
ബൈബിളിനെ വീക്ഷിക്കുന്നുവോ അതനുസരിച്ചു മാത്രമേ അതിലെ സൂക്ഷ്മ കാര്യങ്ങളെയും നാം
കാണൂ.
10.2 വിഭജിച്ചു വിഭജിച്ചു കാലത്തെയും
വിഭജിച്ചവർ
ഇരുനൂറു് വൎഷങ്ങൾക്കു് മുമ്പു് ഒരാൾക്കു് പറ്റിയ അമളിയുടെ ഫലം ഇന്നും ക്രൈസ്‍തവ ലോകം
അനുഭവിച്ചു കൊണ്ടിരിക്കുന്നു. “സത്യവചനത്തെ യഥാൎത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ
സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക”28 എന്നു് മലയാളം ബൈബിളില്‍ നാം
വ്യക്തമായി വായിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് ബൈബിളിലെ ആലങ്കാരിക ഭാഷ ഉൾക്കൊള്ളുവാൻ
കഴിവില്ലാത്ത ഒരാൾക്കു് വഴി തെറ്റിപ്പോയി. ഞാൻ വിശദീകരിക്കാം.
“സത്യവചനത്തെ യഥാൎത്ഥമായി പ്രസംഗിച്ചുകൊണ്ട് ” എന്നതിനു് ഇംഗ്ലീഷില്‍ “സത്യവചനത്തെ
ശരിയായി വിഭജിച്ചുകൊണ്ട് ” (“rightly dividing the word
of truth” – KJV) എന്നാണു് തൎജ്ജുമ
ചെയ്തിരിക്കുന്നതു്. ശരിയായി വ്യാഖ്യാനിച്ചു് പഠിപ്പിക്കുക എന്നാണു് അതിന്റെ അൎത്ഥം.
മലയാളത്തിലേക്കു് തൎജ്ജുമ ചെയ്തവൎക്കു ആ പ്രയോഗം ശരിയായി മനസ്സിലായി. പക്ഷേ വളരെ
ബാലിശമായ രീതിയിൽ ചില വെള്ളക്കാർ “വിഭജിക്കുക” എന്ന അലങ്കാര ഭാഷയെ അക്ഷരീകമായി
വ്യാഖ്യാനിച്ചു. ഉത്പത്തി മുതൽ വെളിപ്പാടുവരെയുള്ള കാലത്തെ അവർ വിവിധ യുഗങ്ങളായി
വിഭജിച്ചു.
ഓരോ യുഗത്തിലും ദൈവം മനുഷ്യരോടു് വ്യത്യസ്ത രീതികളിലാണു് ഇടപെട്ടതു് എന്നവൎക്കു
തോന്നി. ആ തോന്നലിന്റെ അടിസ്ഥാനത്തിലാണു് അവർ കാലത്തെ വിവിധ യുഗങ്ങളായി
തിരിച്ചതു്.
ഈ വീക്ഷണം ആദ്യമായി ജോണ്‍ ഡാർബി എന്ന ബ്രിട്ടീഷുകാരനാണു് 1820കളിൽ വിവരിച്ചതു്.
അതു് തന്റെ സുഹൃത്തായ മൊഫറ്റ് (Moffatt) സ്വന്തം
പേരില്‍ പ്രസിദ്ധീകരിച്ച അദ്ധ്യയന ബൈബിളില്‍ ഉൾപ്പെടുത്തി. ബ്രദറണ്‍ മിഷണറിമാര്‍ അതു്
കേരളത്തിലും എത്തിച്ചു. “Rightly dividing the word of
truth” എന്നതു് മലയാളം ബൈബിളിൽ ശരിയായിട്ടാണു്
പരിഭാഷപ്പെടുത്തിയിരിക്കുന്നതു് — “സത്യവചനത്തെ യഥാൎത്ഥമായി പ്രസംഗിച്ചുകൊണ്ട് ….”
എന്നിട്ടും സായിപ്പിനെ കണ്ടപ്പോൾ കവാത്തു് മറന്നുപോയ മലയാളികൾ “വചനത്തെ വിഭജിക്കേണ്ട
ആവശ്യമെന്തു് ?” എന്നു് സായിപ്പിനോടു് തിരിച്ചു ചോദിച്ചില്ല.
ഡാർബി സമയത്തെ കഷണിച്ചു യുഗങ്ങൾ ഉണ്ടാക്കി. താൻ ആ യുഗങ്ങൾക്കു കൊടുത്ത പേരുകൾ
കേരളത്തിലെ ക്രിസ്‍ത്യാനികൾക്കു് സുപരിചിതമാണു്—അനാദി നിത്യത, ദൂതന്മാരുടെ യുഗം,
നിഷ്പാപ യുഗം, മനസ്സാക്ഷി യുഗം, ന്യായപ്രമാണ യുഗം, സങ്കലന യുഗം, കൃപായുഗം (സഭായുഗം),
ഉപദ്രവ മഹോപദ്രവ കാലഘട്ടം, ആയിരമാണ്ട് വാഴ്ച, അനന്ത നിത്യത. ബൈബിളില്‍ ഈ പദങ്ങള്‍
ഉണ്ടെന്നു് ചില ക്രൈസ്‍തവർ ചിന്തിച്ചാൽ അതില്‍ അതിശയിക്കേണ്ട ആവശ്യമില്ല. വേദസത്യം
പോലെ ഇവ ആധികാരികമാണു് എന്ന മട്ടിലാണു് മലയാളി സഭകള്‍ ഇതു് പഠിപ്പിക്കുന്നതു്. ദൈവ
വചനത്തെയും മാനുഷീക വീക്ഷണങ്ങളെയും തമ്മിൽ വേർതിരിച്ചു കാണുവാനുള്ള കഴിവു പോലും
പലർക്കുമില്ല.
ഡാർബിയുടെ സിദ്ധാന്തം ഒരു കണ്ണട പോലെയാണു്. കണ്ണടയിലൂടെ നാം ലോകത്തെ
വീക്ഷിക്കുന്നു. കണ്ണട കാണുവാൻ സാധിക്കുന്നില്ലാതാനും. കണ്ണട ധരിച്ചിട്ടുണ്ടു് എന്നു് പോലും
നാം പലപ്പോഴും മറന്നുപോകും.
ഡാർബിയുടെ യുഗങ്ങൾ എന്ന ‘കണ്ണട’ ബ്രദറണ്‍ മിഷണറിമാർ ലോകമെങ്ങും വിതരണം
ചെയ്‍തപ്പോൾ അവർ കൊടുത്ത സന്ദേശം എന്തായിരുന്നു? “ഈ കണ്ണട ധരിച്ചാൽ ബൈബിളിന്റെ
ശരിയായ അൎത്ഥം മനസ്സിലാക്കാം. ബൈബിൾ കഥയുടെ (ആഖ്യാനത്തിന്റെ) ദ്വിതീയ തലവും
ത്രിതീയ തലവും തെളിവായി കാണാം. ഉത്പത്തി മുതൽ വെളിപ്പാടുവരെയുള്ള ആ വലിയ കഥ
(metanarrative) ഗ്രഹിക്കാം.”
മലയാളികളായ ക്രൈസ‍്തവർ ബ്രദറണ്‍ മഷണറിമാരിൽ നിന്നു് ഡാർബിയുടെ കണ്ണട
ഏറ്റുവാങ്ങിയപ്പോൾ അവർക്കു് വേറൊന്നും അറിയില്ലായിരുന്നു. മിക്കവരും യാക്കോബായ സഭയിൽ
നിന്നും മാർത്തോമാ സഭയിൽ നിന്നും വിശ്വാസത്തിൽ വന്നവരായിരുന്നു. പിന്നീടു്, അവരിൽ
ചിലർ ബ്രദറണ്‍ പ്രസ്‍ഥാനം വിട്ടിട്ടു് പെന്തക്കൊസ്‍തു പ്രസ്ഥാനത്തിൽ ചേൎന്നു. അപ്പോഴും
ഡാർബിയുടെ കണ്ണട അവർ ഉപേക്ഷിച്ചില്ല. ഈ കണ്ണടയ്‍ക്കു പകരം വേറൊരു കണ്ണട ധരിച്ചാലോ
എന്നു് ഇപ്പോഴും ആരും ചിന്തിക്കുന്നുപോലുമില്ല. കാരണം അവരുടെ മുഖത്തു് ഒരു കണ്ണട ഉണ്ടെന്നു
പോലും അവർ അറിയുന്നില്ല.
അസുഖം ബാധിച്ച കണ്ണുകളിലൂടെ നോക്കിയാൽ ഒരാളെ രണ്ടു് ആളുകളായി കണ്ടേക്കാം. എന്നു
പറഞ്ഞതു പോലെയാണു് ഡാർബിയുടെ വീക്ഷണവും. ബൈബിളിലെ പല സംഗതികളെയും ഡാർബിയുടെ
അനുയായികൾ രണ്ടായി കാണുന്നു. ദൈവത്തിനു ഒരേ സമയം എത്ര ജനമുണ്ടു് ? രണ്ടു് എന്നവർ
അവകാശപ്പെടുന്നു—ഇസ്രായേലും ദൈവസഭയും. യേശുവിന്റെ രണ്ടാം വരവോ? അതിനും രണ്ടു്
ആമുഖങ്ങൾ ഉണ്ടെന്നു അവർ അവകാശപ്പെടുന്നു. എത്ര ന്യായവിധികളുണ്ടു് ? കുറഞ്ഞതു് രണ്ടു്
ന്യായവിധികൾ എന്നവർ പറയും. അതുപോലെ തന്നെ ഉയിൎത്തെഴുന്നേൽപ്പും.
ദുർവ്യാഖ്യാനങ്ങളുടെ ഒരു കടന്നൽകൂടാണു് ഡാർബിയുടെ സിദ്ധാന്തം. അതു് ഡാർബിയുടെ
അനുയായികളെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല. പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഇന്നുവരെ
അനേക യുദ്ധങ്ങൾക്കും ആയിരങ്ങളുടെ മരണത്തിനും വഴിമരുന്നിട്ടു കൊടുത്ത ദുരുപദേശമാണു്
ഡാർബിയുടേതു്. അവയിൽ ഏറ്റവും അപകടകാരിയായ ഉപദേശങ്ങൾ ഇവയാണു്.
ഇസ്രായേലും ദൈവസഭയും എന്ന രണ്ടു കൂട്ടം ജനങ്ങളാണു് ദൈവത്തിനുള്ളതു് എന്നു്
ഡാർബി പഠിപ്പിച്ചു. ആ രണ്ടു് കൂട്ടരിൽ വച്ചു് ഏറെ പ്രധാനപ്പെട്ടതു്
ഇസ്രായേലാണു് പോലും. ഇസ്രായേലുമായുള്ള ദൈവത്തിന്റെ പ്രധാന കാൎയ്യപരിപാടിയുടെ ഇടയിൽ
ഒരു ഇടവേള വന്നപ്പോൾ ദൈവം തിരുകി കയറ്റിയ താത്കാലിക പ്രസ്ഥാനമാണു് പുതിയ നിയമ സഭ
എന്നവർ വിശ്വസിക്കുന്നു! ആ സഭയെ ദൈവം ഭൂമിയിൽ നിന്നു താമസിയാതെ നീക്കികളഞ്ഞിട്ടു്
വീണ്ടും ഇസ്രായേലുമായുള്ള കാൎയ്യപരിപാടി തുടരും. എങ്ങനെയുണ്ടു് ?
ഓർക്കാപ്പുറത്തു വലിഞ്ഞു കയറിവന്ന അതിഥിയല്ല പുതിയ നിയമ സഭ എന്നു് ഡാർബിയുടെ
അനുയായികൾ അറിഞ്ഞിരിക്കേണം. ദൈവത്തിന്റെ അനാദി കാലം മുതലുള്ള നിൎണ്ണയപ്രകാരം
തന്റെ രക്ഷണ്യ പ്രവൃത്തിയുടെ മകുടമായി ക്രിസ്തുവിൽ രൂപീകരിച്ചതാണു് പുതിയ നിയമ സഭ.
ദൈവത്തിന്റെ ഭവനമാണു് സഭ. ക്രിസ്തുവിന്റെ ശരീരം ക്രൂശിൽ തകൎക്കപ്പെട്ടപ്പോൾ യഹൂദനെയും
അല്ലാത്തവരെയും വേർതിരിച്ചു നിറുത്തിയ നടുച്ചുവരും തകൎന്നു. വലിയ വില കൊടുത്താണു് ദൈവം
സഭയെ രൂപീകരിച്ചതു്. സഭയെ മാറ്റി നിറുത്തിയിട്ടു് ജഡപ്രകാരമുള്ള അബ്രഹാമ്യ
സന്തതിയിലേക്കു് ദൈവം തിരിയുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഇതിനെപറ്റി വിശദമായ ചൎച്ച
പിന്നാലെ വരും.
യഹൂദന്റെ രണ്ടാമത്തെ ദേവാലയം ക്രി. 70ൽ യേശുവിന്റെ വാക്കുപ്രകാരം തകൎക്കപ്പെട്ടു.
അതിന്റെ നാശത്തിന്നായി അപ്പൊസ്തലന്മാർ നോക്കി പാൎത്തിരുന്നു. യേശുവിന്റെ പരമയാഗം
നടന്നിട്ടും പഴയ നിയമപ്രകാരമുള്ള ആചാരങ്ങളും യാഗങ്ങളും ആ രണ്ടാം ആലയത്തിൽ മുറയ്ക്കു
നടന്നുകൊണ്ടിരുന്നു. അതുകൊണ്ടാണു് ഏബ്രായ ലേഖന കൎത്താവു് ഇപ്രകാരം എഴുതിയതു്, “പുതിയതു
എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും
ജീൎണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.”29 ക്രി. 70ൽ അവ
നീങ്ങിപ്പോയി.
അപ്പൊസ്തലന്മാർ ആ ആലയം നീങ്ങിപ്പോകുവാൻ
കാംക്ഷിച്ച സ്ഥാനത്തു് ഡാർബിയും കൂട്ടരും മൂന്നാമതൊരു യഹൂദ ദേവലയത്തിനു വേണ്ടി
കളമൊരുക്കാൻ തുടങ്ങി. യേശുവിനെ അവഹേളിക്കാതെ ഒരു യഹൂദ ദേവാലയം എങ്ങനെ
പണികഴിച്ചു് അതിൽ മൃഗബലി നടത്തും? അതൊന്നും ഡാർബിക്കൊരു വിഷയമേ അല്ലായിരുന്നു.
ഡാർബിക്കൊരു കാൎയ്യം മനസ്സിലായി. യേശുവിന്റെ രണ്ടാം വരവും യഹൂദന്റെ ആലയവും തമ്മിൽ
അഭേദ്യമായ ഒരു ബന്ധമുണ്ടു്. ആലയം നിൽപ്പുണ്ടെങ്കിലേ രണ്ടാം വരവു് സംഭവിക്കുകയുള്ളൂ.
അതുകൊണ്ടു് മറ്റൊന്നും ചിന്തിക്കാതെ യഹൂദനു ഒരു ദേവാലയം അത്യാവശ്യമാണു് എന്നു
പഠിപ്പിക്കുവാൻ തുടങ്ങി. ഡാർബിയുടെ ഉപദേശത്താൽ സ്വാധീനിക്കപ്പെട്ട ബാൽഫർ പ്രഭു
ഉൾപ്പടെ ഉയൎന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരാണു് പലസ്തീൻ നാടു് യഹൂദർക്കു കൈമാറാൻ മുൻകൈ
എടുത്തതു്.30 യഹൂദനു ഒരു രാജ്യമുണ്ടായാലേ ഒരു ആലയും
പണിയപ്പെടുകയുള്ളൂ. ആലയം പണിയപ്പെട്ടാലേ കൎത്താവിന്റെ രണ്ടാം വരവു് സംഭവിക്കുകയുള്ളൂ. ഈ
ചിന്തയാണു് കഴിഞ്ഞ നൂറ്റാണ്ടിലെ പല വലിയ സംഭവങ്ങൾക്കും
പിന്നിൽ.
മൂന്നാമതൊരു ആലയം പണിയപ്പെടും എന്നു് ബൈബിളിൽ എങ്ങും
രേഖപ്പെടുത്തിയിട്ടില്ല. രണ്ടാമത്തെ ആലയം തകൎക്കപ്പെടും എന്നു യേശു പ്രവചിച്ചതിനു ശേഷം
ഈ വിഷയത്തെ കുറിച്ചു് ദൈവത്തിൽ നിന്നൊരു അരുളപ്പാടു് ഉണ്ടായിട്ടില്ല. യേശുവിന്റെ
രണ്ടാം വരവും യഹൂദന്റെ ആലയവും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ടെങ്കിൽ രണ്ടാമത്തെ ആലയം
നശിപ്പിക്കപ്പെടുന്നതിനു മുമ്പു് രണ്ടാം വരവു് സംഭവിച്ചു കാണുമോ എന്നു പോലും ആരും
എന്തുകൊണ്ടു് ചിന്തിക്കുന്നില്ല? ആ തലമുറയിൽ തന്നെ ഇതെല്ലാം സംഭവിക്കും എന്നു് യേശു
സത്യമായിട്ടും പറഞ്ഞതല്ലേ? 31
യേശുവിലുള്ള ദൈവരാജ്യം ഐഹികമല്ല, അതു് സ്വൎഗ്ഗീയമാണു് എന്നു് യേശു തെളിച്ചു പറഞ്ഞിട്ടും
ഡാർബിക്കും കൂട്ടർക്കും മനസ്സിലാകുന്നില്ല.32യേശു
യെറുശലേമിൽ വന്നു് അക്ഷരീകമായ ഒരു സിംഹാസനത്തിൽ വാഴുവാൻ അവർ നോക്കി
പാൎക്കുന്നു. അപ്രകാരം ഭൂമിയിൽ ഒരു സിംഹാസനത്തിൽ ഇരുന്നു വാണാൽ മാത്രമേ
യേശു ഒരു രാജാവാകൂ എന്നു് അവർ ചിന്തിക്കുന്നു. അതുകൊണ്ടാണു് അവർ ഇപ്പോൾ യേശുവിനെ ഒരു
രാജാവായി അംഗീകരിക്കാത്തതു്. യേശു ഇപ്പോൾ ഒരു മഹാപുരോഹിതന്റെ കൎത്തവ്യം മാത്രമാണു്
സ്വൎഗ്ഗത്തിൽ ചെയ്യുന്നതു് എന്നാണു് അവർ വിചാരിക്കുന്നുതു്.
ദാവീദിനു ദൈവം
നൽകിയ വാഗ്ദത്തപ്രകാരം ദാവീദിന്റെ ഒരു സന്തതി ഇസ്രായേലിന്റെ രാജാവായി എന്നേക്കും
വാഴും. ആ അഭിഷിക്തനായ രാജാവു് (മ്ശിഹാ)
പ്രാഥമികമായി യിസ്രായേലിന്റെ മാത്രം രാജാവായിരിക്കും എന്നാണു് യഹൂദർ
ചിന്തിച്ചിരുന്നതു്. ആ ചിന്തയെ തിരുത്തുവാൻ യേശു പലവട്ടം ശ്രമിച്ചു. മറ്റുള്ളവർ തന്നെ
“ദാവീദു പുത്രൻ” എന്നു വിളിച്ചപ്പോൾ യേശു തന്നെതാൻ “മനുഷ്യപുത്രൻ” എന്നാണു്
വിശേഷിപ്പിച്ചതു്. അതായതു്, “കേവലം ഒരു രാജ്യത്തെ ഭരിക്കുന്ന ദാവീദുപുത്രനല്ല ഞാൻ.
ദാനിയേൽ കണ്ട ദൎശനത്തിൽ ലോകം മുഴുവാൻ ഭരിക്കുവാൻ അധികാരം പ്രാപിച്ച മനുഷ്യപുത്രനാണു്
ഞാൻ” എന്നാണു് യേശു അവകാശപ്പെട്ടതു്.33
ഒടുവിൽ
ദാവീദിന്റെ സങ്കീൎത്തനത്തിൽ ഇതിനെ കുറിച്ചുള്ള പ്രവചനവും യേശു ഉദ്ധരിച്ചു. “യഹോവ
എന്റെ കൎത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം
നീ എന്റെ വലത്തു ഭാഗത്തിരിക്ക.” വലത്തുഭാഗത്തു്
ഇരിക്കുക എന്നതിന്റെ അൎത്ഥം എന്താണു് ? പലരും ചിന്തിക്കുന്നതു പോലെ കാലം
കഴിച്ചുകൂട്ടുവാനുള്ള ഒരു കാത്തിരുപ്പല്ല അതു്. യേശുവിനെ
ദൈവം സൎവ്വാധികാരിയായി വാഴിച്ചതാണു്. അല്ലാതെ ദൈവത്തിനു മനുഷ്യർക്കുള്ളതു
പോലെ ഇടതും വലതുമില്ല. ദൈവവത്തിന്റെ വലത്തു ഭാഗം എന്നാൽ അധികാരസ്ഥാനം
എന്നാണൎത്ഥം.
യേശുവിനെ സ്വൎഗ്ഗിത്തിലാണു്
രാജാവായി വാഴിച്ചതു്—ഭൂമിയിലല്ല! യേശുവിനെ രാജാവാക്കിയതു വഴി ദൈവം
ദാവീദിനോടു് ചെയ്ത ഉടമ്പടി നിറവേറ്റി എന്നാണു് പത്രോസും പൗലൊസും പ്രസംഗിച്ചതു്.34 യേശു സൎവ്വാധിപനാണു്. സ്വൎഗ്ഗത്തിലും
ഭൂമിയിലും സകല അധികാരവും പ്രാപിച്ചവനാണു്.35 ഇതു് ഇന്നത്തെ യാഥാൎത്ഥ്യമാണു്. നാളയെ
കുറിച്ചുള്ള വെറും സ്വപ്നമല്ല. ദാവീദു പുത്രൻ സ്വൎഗ്ഗത്തിൽ ദാവീദിന്റെ സിംഹാസനത്തിൽ
ഇരുന്നുകൊണ്ടു് സൎവ്വലോകത്തെയും ഭരിക്കുന്നു. മുൾകിരീടം അടിച്ചിറക്കിയ തലയിൽ ഇന്നു്
പൊൻകിരീടം ധരിച്ചു് യേശു വാഴുന്നു. ഇതാണു് യഹൂദർ കേൾക്കേണ്ട സുവിശേഷം. ഇതാണു്
അപ്പൊസ്തലന്മാർ പ്രസംഗിച്ച സുവിശേഷം.
യഹൂദരോടു് നാം ഇതു്
പ്രസംഗിക്കാത്തതു് കൊണ്ടാണു് അവർ ഇന്നും ഒരു തുണ്ടു് ഭൂമിയിൽ ദാവീദിന്റെ രാജ്യം
കെട്ടിപ്പടുക്കുവാൻ തത്രപ്പെടുന്നതു്. ദൈവം അബ്രഹാമിനു വാഗ്ദത്തം ചെയ്ത ദേശത്തിന്റെ
വിസ്തൃതിയിൽ “ഭൂമിയുടെ അറ്റത്തോളം” എന്ന ഭേദഗതി ദൈവം വരുത്തിയതു് അവർ
അറിഞ്ഞിട്ടില്ല. ആരും അവരോടു് അതു് പറയുന്നുമില്ല. നാം ക്രൂശിനെ കുറിച്ചും
പുനുരുദ്ധാനത്തെ കുറിച്ചും മാത്രം പ്രസംഗിക്കുന്നു. മ്ശിഹായുടെ സ്വൎഗ്ഗാരോഹണവും
കിരീടധാരണവും വിട്ടു കളയുന്നു. “ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശുവിനെ പ്രസംഗിക്കുന്നു”
എന്നല്ല പൗലൊസു് പറഞ്ഞതു്. ശ്രദ്ധിച്ചു വായിക്കൂ. “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ (രാജാവിനെ) പ്രസംഗിക്കുന്നു.” ഈ
സുവിശേഷം വിശ്വസിക്കാതെ വെറുതെ “യേശു കൎത്താവാണു് ” എന്നു് വെറുതെ വായ് കൊണ്ടു്
ഏറ്റുപറഞ്ഞിട്ടെന്തു കാൎയ്യം?
ഈ പ്രസിദ്ധീകരണം സൗജന്യമല്ല!
വില: രൂ 999. തുടൎന്നു് വായിക്കും മുമ്പു് … ഈ പുസ്തകത്തിന്റെ വില
പൂൎണ്ണമായോ ഭാഗീകമായോ – താങ്കളുടെ പ്രാപ്തിയനുസരിച്ചു് –
അയച്ചു കൊടുക്കുക(PayPal or UPI). പണം അയയ്‍ക്കുവാൻ താഴെ
കാണുന്ന QR കോഡിന്മേൽ തൊടുക. പുസ്‍തകം വായിച്ചിട്ടു്
ഈ വെബ് സൈറ്റിലേക്കുള്ള ലിങ്ക് ദയവായി മറ്റുള്ളവരുമായി പങ്കുവയ്‍ക്കുക.