അദ്ധ്യായം 11
ഉപമകൾ കഥകളാണു് —സാദൃശകഥകൾ. ഏതെങ്കിലും ഒരു പ്രത്യേക സത്യം വെളിപ്പെടുത്തുന്നതിനു വേണ്ടി അഥവാ പാഠം പഠിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ചെറുകഥകൾ.
സത്യം വേണമെങ്കിൽ നേരിട്ടു് പറയാം. പക്ഷേ, സത്യത്തോടു് സമാന്തരമായി ചേൎന്നുകിടക്കുന്ന ഒരു കഥ കേൾക്കുമ്പോൾ കേൾവിക്കാർ ആ സത്യം ഉൾക്കൊള്ളുവാൻ ഇടയായിതീരും. “സമാന്തരമായി എറിയുക” അഥവാ ഇട്ടുകൊടുക്കുക എന്നൎത്ഥം വരുന്ന ഒരു യവന വാക്കിൽ നിന്നാണു് parable എന്ന ഇംഗ്ലീഷ് വാക്കു് ഉരുവായതു്.
യേശു പറഞ്ഞ ചില സാദൃശകഥകൾ പലൎക്കും മനസ്സിലായില്ല. അതിനെക്കുറിച്ചു് തന്റെ ശിഷ്യന്മാർ ചോദിച്ചപ്പോൾ യേശു ഇപ്രകാരം മറുപടി നൽകി.
ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; പുറത്തുള്ളവരോട് എല്ലാം സാദൃശ്യകഥകളിലൂടെ പറയുന്നു.
[യെശയ്യാ പ്രവാചകൻ പറഞ്ഞതുപോലെ], “അവർ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല. അവർ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; അല്ലായിരുന്നെങ്കിൽ അവർ മാനസാന്തരപ്പെടുകയും അവരുടെ പാപങ്ങൾ ദൈവം അവരോടു ക്ഷമിക്കുകയും ചെയ്യുമായിരുന്നു.”1.
മത്സരികളായ ചിലരിൽ നിന്നു ദൈവീക സത്യങ്ങളെ മറച്ചു് വയ്‍ക്കുവാന്നായും യേശു ഉപമകൾ പറഞ്ഞു എന്നു് ഇതിനാൽ നാം മനസ്സിലാക്കുന്നു.
പുതിയ നിയമത്തിൽ സുവിശേഷങ്ങളിലാണു് നാം ഉപമകൾ സാധാരണയായി കാണാറുള്ളതു്. യേശുവിന്റെ ചില പ്രാധനപ്പെട്ട ഉപമകൾ ഇവയാണു്:
ഒരു ഉപമയ്‍ക്കു് പിന്നിൽ സാധാരണയായി ഒരു സന്ദേശം മാത്രമേയുള്ളൂ. ഉപമ പറയാനിടയാക്കിയ സാഹചൎയ്യം നാം ശ്രദ്ധിച്ചാൽ അതിന്റെ അൎത്ഥവും ഗ്രഹിക്കാൻ സാധിക്കും. ഉദാഹരണത്തിന്നു് നല്ല ശമൎയ്യാക്കാരന്റെ ഉപമയുടെ അൎത്ഥമെന്താണു് ? ആ ഉപമ പറയാനുള്ള സാഹചൎയ്യം എന്തെന്നു നോക്കാം.
“നിന്റെ അയൽക്കാരനെ നിന്നെ പോലെ തന്നെ സ്‍നേഹിക്കുക” എന്നു യേശു പഠിപ്പിച്ചപ്പോൾ “ആരാണു് എന്റെ അയൽക്കാരൻ?” എന്നൊരു യഹൂദൻ യേശുവിനോടു് ചോദിച്ചു.2 അതിനു് നേരിട്ടൊരു ഉത്തരം കൊടുക്കന്നതിനു പകരം യേശു ഒരു സാദൃശകഥ പറഞ്ഞു. നല്ല ശമൎയ്യാക്കാരന്റെ ഉപമ.3
ഉപമ പറഞ്ഞിട്ടു് യേശു ചോദിച്ചു, “ആകയാൽ കൊള്ളക്കാരുടെ കൈയ്യിൽ അകപ്പെട്ടുപോയ ആ മനുഷ്യനു് അയൽക്കാരനായി തീൎന്നതു് ഈ മൂവരിൽ ആരാണന്നാണു് നിനക്കു് തോന്നുന്നതു് ?”4
“ആ ശമൎയ്യാക്കാരനാണു് നല്ല അയൽക്കാരനായി തീൎന്നതു് ” എന്നു് ഉത്തരം പറയുവാൻ പറ്റാത്തവിധം യഹുദർ ശമൎയ്യരെ വെറുത്തിരുന്നു. അതുകൊണ്ട്, ആ യഹൂദൻ ഇപ്രകാരം ഉത്തരം പറഞ്ഞു, “അവനോടു് കരുണ ചെയ്തവൻ തന്നെ.”5
ആരാണു് എന്റെ അയൽക്കാരൻ എന്നു് ചോദിക്കുന്നതിനു് പകരം നമുക്കു് ചുറ്റും ആവശ്യത്തിലിരിക്കുന്ന ഏതൊരു വ്യക്തിയ്‍ക്കും – നമ്മെ വെറുക്കുന്നവൎക്കു് പോലും – നാം അയൽക്കാരായി തീരേണം. അവരെ നാം നമ്മെ പോലെ തന്നെ സ്‍നേഹിക്കേണം. ഈ ഒരു പാഠം മാത്രം പഠിപ്പിക്കുവാനാണു് യേശു ആ ഉപമ പറഞ്ഞതു്.
ആരാണു് എന്റെ അയൽക്കാരൻ എന്നു് ചോദിക്കുന്നതിനു് പകരം നമുക്കു് ചുറ്റും ആവശ്യത്തിലിരിക്കുന്ന ഏതൊരു വ്യക്തിയ്‍ക്കും നാം അയൽക്കാരായി തീരണം.
ഉപമകൾക്കു് ഒരു അൎത്ഥം മാത്രമേ സാധാരണയായി ഉള്ളൂ എന്നു് എടുത്തു പറയുവാൻ കാരണമെന്തു് ? ഉപമകളുടെ വ്യാഖ്യാനത്തിൽ വന്നു ഭവിച്ച വിപത്തുകൾ കാലാകാലങ്ങളായി നാം കാണുന്നു.
ഉപമയുടെ പാഠം ഉൾക്കൊള്ളുന്നതിനു് പകരം നാം പലപ്പോഴും നല്ല ശമൎയ്യാക്കാരന്റെ ഉപമയെ ഒരു രൂപകകഥയായി (allegory) കണക്കാക്കി അതിലെ ഒരോ ഘടകത്തിനും ഒരോ അൎത്ഥം കൽപ്പിക്കാറില്ലേ? സഭാ പിതാക്കന്മാരിൽ അഗ്രഗണ്യനായ ഹിപ്പോയിലെ ബിഷപ്പു് ഓഗസ്റ്റിന്റെ വ്യഖ്യാനം പ്രസദ്ധിമാണു്. അദ്ദേഹം ആ ഉപമയിലെ ഓരോ ഘടകത്തിനും രൂപകകഥയിൽ എന്ന പോലെ ഓരോ അൎത്ഥം കൽപ്പിച്ചു.
അബദ്ധങ്ങളുടെ ഒരു ഘോഷയാത്രയാണിതു്. രണ്ടു് വെള്ളിക്കാശ് കൊടുത്തിട്ടു് ശമൎയ്യാക്കാരൻ സത്രക്കാരനോടു് പറഞ്ഞു: “അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം.”6 ആദ്യം കൊടുത്ത രണ്ടു് വെള്ളിക്കാശ് “ഇഹലോക ജീവിതവും പരലോകവാസവും” ആണെങ്കിൽ “മടങ്ങിവരുമ്പോൾ തന്നു കൊള്ളാം” എന്നു പറഞ്ഞതു് ഏതിനെ കുറിച്ചാണു് ?
കത്തോലിക്ക സഭയുടെ വ്യാഖ്യാനത്തെ നിശിതമായി വിമൎശ്ശിക്കുന്ന സുവിശേഷവിഹിതർ പോലും ഇപ്രകാരം വ്യാഖ്യാനങ്ങൾ നടത്താറില്ലേ?
നല്ല ശമൎയ്യാക്കാരന്റെ കഥ ഒരു ഉപമയാണു് (parable); അതൊരു രൂപകകഥ / രൂപകം (allegory) അല്ല. അതേ സമയം വിതക്കാരന്റെ കഥ ഒരു രൂപകകഥയാണു്.
വിതക്കാരന്റെ കഥയിലെ ഓരോ ചെറിയ ഭാഗത്തിനും ഓരോ അൎത്ഥമുണ്ടു്. വിത്ത്, വിതക്കാരൻ, പക്ഷികൾ, മുൾചെടികൾ, സൂൎയ്യപ്രകാശം, പാറമേലുള്ള മണ്ണ്, നല്ല നിലം—ഇതിനോരോന്നിന്റെയും പിന്നിലെ അൎത്ഥങ്ങള്‍ യേശു ക്രിസ്‍തു തന്നെ തന്റെ ശിഷ്യൎക്കു് പറഞ്ഞു കൊടുത്തു.7
ആ വിതക്കാരൻ വിതച്ചതു് വചനം. വഴിയരികില്‍ വിതയ്‍ക്കപ്പെട്ടവ, അവരില്‍ വചനം വിതയ്‍ക്കപ്പെട്ടവരാകുന്നു. അവര്‍ കേട്ടയുടനെ സാത്താൻ വന്നു് അവരുടെ ഹൃദയത്തില്‍ വിതയ്ക്കപ്പെട്ട വചനം എടുത്തു കളയുന്നു. പാറമേല്‍ വിതയ്‍ക്കപ്പെട്ടവയോ, വചനം കേട്ടപ്പോള്‍ സന്തോഷത്തോടെ ഉടനെ അതു് സ്വീകരിക്കുന്നവരാകുന്നു. അവരില്‍ വേരില്ല. പിന്നെയോ താല്‍ക്കാലികം മാത്രം. വചനം നിമിത്തം ഞെരുക്കമോ പീഡയോ ഉണ്ടാകുമ്പോള്‍ പെട്ടെന്നു് അവര്‍ ഇടറിപ്പോകുന്നു. മുള്ളുകളുടെ ഇടയില്‍ വിതക്കപ്പെട്ടവ, വചനം കേട്ടവര്‍ തന്നെ. എന്നാല്‍ ഈ ലോകത്തിൻറെ ചിന്തയും ധനത്തിൻറെ വഞ്ചനയും മറ്റു് മോഹങ്ങളാദിയായവയും പ്രവേശിച്ചു് വചനത്തെ ഞെക്കി ഞെരുക്കുന്നു. അതു് ഫലശൂന്യമായും തീരുന്നു. നല്ല നിലത്തു വിതക്കപ്പെട്ടവയോ: വചനം കേള്‍ക്കുകയും സ്വീകരിക്കുകയും, മുപ്പതും അറുപതും നൂറും ആയി ഫലം നല്‍കുകയും ചെയ്യുന്നവരാകുന്നു.8
കൎത്താവു് ആ രൂപകകഥയുടെ പൊരുൾ തിരിച്ചു് തന്നില്ലായിരുന്നെങ്കിൽ എന്തെല്ലാം വ്യാഖ്യാനങ്ങൾ കേൾക്കേണ്ടി വരുമായിരുന്നു!
മുടിയനായ പുത്രന്റെ ഉപമ ഉപയോഗിച്ചു് എന്തെല്ലാം നാം ചെയ്യുന്നു! എന്തിനുവേണ്ടിയാണു് യേശു ആ കഥ പറഞ്ഞതു് ? അതു് മനസ്സിലാക്കിയാൽ ഉപമയുടെ ശരിയായ അൎത്ഥവും നാം ഗ്രഹിക്കും.
“ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു. ഇവൻ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു് എന്നു് പരീശന്മാരും ശാസ്‍ത്രിമാരും പറഞ്ഞു പിറുപിറുത്തു. അവരോടു അവൻ ഈ ഉപമ പറഞ്ഞു: …”9
പരീശന്മാരെയും ശാസ്‍ത്രിമാരെയും ഉദ്ദേശിച്ചാണു് ലൂക്കോസ് പതിനഞ്ചാം അധ്യായത്തിലെ മൂന്നു് ഉപമകൾ യേശു പറഞ്ഞതു്. അതിൽ മൂന്നാമത്തെതാണല്ലോ മുടിയനായ പുത്രനെകുറിച്ചുള്ള ഉപമ. ഒരേയൊരു സന്ദേശമാണു് യേശു അവർക്കു് നൽകുവാൻ ഉദ്ദേശിച്ചതു്: പാപികളുടെ മാനസാന്തരത്തിൽ സ്വൎഗ്ഗം സന്തോഷിക്കുന്നു—ഭൂമിയിലുള്ള ചിലൎക്കു് അതു് ഉൾക്കൊള്ളുവാൻ സാധിക്കുന്നില്ലെങ്കിൽ കൂടി!
ആ കഥയിലെ അപ്പനും മുടിയനായ പുത്രനും ജ്യേഷ്ഠനും പ്രധാന കഥാപാത്രങ്ങളാണു്. കഥ കേട്ടുകൊണ്ടിരുന്ന പാപികൾ ഒരു പക്ഷേ ചിന്തിച്ചു കാണും, ‘മുടിയനായ പുത്രനെ പോലെയാണല്ലോ ഞങ്ങൾ പെരുമാറിയതു്. ’ അതുപോലെ ജ്യേഷ്ഠന്റെ കാൎയ്യം യേശു പറഞ്ഞപ്പോൾ പരീശന്മാൎക്കും ശാസ്‍ത്രിമാൎക്കും മനസ്സിൽ കുത്തുകൊണ്ടു കാണും. പക്ഷേ അതിനപ്പുറമായി എല്ലാ കാൎയ്യങ്ങളിലും സൂക്ഷ്‍മമായി നാം താരതമ്യം ചെയ്യരുതു്. കഥയിലെ ജ്യേഷ്ഠൻ തന്റെ അപ്പനെ സേവിച്ചതു പോലെ പരീശന്മാരും ശാസ്‍ത്രിമാരും വിശ്വസ്തതയോടെ ദൈവത്തെ സേവിച്ചോ? ഇല്ല. അനാവശ്യ ചോദ്യങ്ങളും ചോദിക്കേണ്ടതില്ല. കഥയിലെ വേലക്കാർ ആരായിരുന്നു് എന്നോ മുടിയനായ പുത്രന്റെ കൂട്ടുകാർ ആരായിരുന്നു എന്നോ പന്നികൾ എന്തിനെ കാണിക്കുന്നു് എന്നോ ചിന്തിച്ചു് വ്യാകുലപ്പെടേണ്ടതില്ല.
യേശു ആ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ പരീശന്മാൎക്കും ശാസ്‍ത്രിമാൎക്കും ഒരു കാൎയ്യം മനസ്സിലായിക്കാണും. പിതൃതുല്യ സ്‍നേഹത്തോടെ യേശു പാപികളെ സ്വീകരിച്ചു. പക്ഷേ അവരെ സന്തോഷത്തോടെ സ്വീകരിക്കുവാൻ മതനേതാക്കൾക്കു് കഴിഞ്ഞില്ല.
താലന്തുകളുടെ ഉപമയെകുറിച്ചു് ധാരാളം കേട്ടിട്ടുണ്ടാവും. കാരണം, ആ ഉപമയുപയോഗിച്ചു് വചനം പ്രസംഗിക്കുന്നവര്‍ എന്തെല്ലാം നല്ല കാൎയ്യങ്ങളാണു് പഠിപ്പിക്കുന്നതു് ! ഈ ഉപമ നിമിത്തം ഒരോരുത്തൎക്കും ദൈവം കൊടുത്തിരിക്കുന്ന കഴിവുകളെ ഇന്നു് ലോകം “താലന്തു് ” (talent) എന്നാണു് വിളിക്കുന്നതു്.
ദൈവം തന്ന കഴിവുകളെ എങ്ങനെ വിനിയോഗിക്കേണം എന്നു് നമ്മെ പഠിപ്പിക്കുവാനാണോ വാസ്‍തവത്തിൽ യേശു ഈ ഉപമ പറഞ്ഞതു് ? ചിലർ ഈ ഉപമയുപയോഗിച്ചു് ധനവിനിയോഗത്തെകുറിച്ചും പഠിപ്പിക്കുന്നു. പണം വീട്ടിൽ വയ്‍ക്കുന്നതിനേക്കാളും ബാങ്കിലിടുന്നതാണു് മെച്ചം! അതിനെക്കാൾ മെച്ചം കച്ചവടമാണു് പോലും! ധനശാസ്‍ത്രവും ഉപമയിൽ യേശു ഉൾക്കൊള്ളിച്ചു് എന്നു് അവർ പഠിപ്പിക്കുന്നു.
യേശു ക്രിസ്‍തു എന്തു് ഉദ്ദേശത്തോടെയാണു് ഈ ഉപമ പറഞ്ഞതെന്നു് അറിയാൻ ലൂക്കോസ് 19:11-12 വായിച്ചാൽ മതി.
“അവർ ഇതു് കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിനു് സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു് അവൎക്കു് തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ: കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു് മടങ്ങിവരേണം എന്നുവെച്ചു് ദൂരദേശത്തേക്കു് യാത്രപോയി. …”
സംഗതി വളരെ വ്യക്തമല്ലേ? ഉടനടി യേശു രാജാവായി ഭരണം ഏറ്റെടുക്കുവാൻ യെറുശലേം പിടിച്ചെടക്കും എന്നു് ആളുകൾ ചിന്തിച്ചു. പോരായെങ്കിൽ യേശു യെറുശലേം നഗരത്തെ ലക്ഷ്യമിട്ടു് മുന്നോട്ടു് നീങ്ങി കൊണ്ടിരിക്കുകയായിരുന്നു. ദൈവരാജ്യത്തിന്റെ വെളിപ്പെടലിന്നായി ഒരൽപ്പം കാലതാമസമുണ്ടു് എന്നു് ആ ജനത്തോടു പറയുവാനുള്ള ഏറ്റവും നല്ല മാൎഗ്ഗം എന്തു് ? അവരോടൊരു കഥ പറയുക. അവൎക്കു് പരിചയമുള്ള ഏതെങ്കിലും സംഭവത്തെ ആധാരമാക്കിയ കഥയാണെങ്കിൽ അത്രയും നല്ലതു്. അതാണു് യേശു ചെയ്‍തതു്.
ദുഷ്‍ടനായ ഹെരോദാ രാജാവു് മരിച്ചതിനു് ശേഷം തന്റെ മകൻ ആൎക്കേലസ് രാജാവാകുവാൻ തുനിഞ്ഞു. പക്ഷെ ജനങ്ങൾക്കു് ആശ്വാസകരമായ ഒരു ഭരണം വാഗ്ദാനം ചെയ്യുന്നതിനു് പകരം യെറുശലേമിലെ ആലയത്തിൽവച്ചു് മൂവായിരം യഹൂദരെ താൻ കൊന്നു. അയാൾ റോമൻ ചക്രവൎത്തിയുടെ പക്കൽ നിന്നു രാജത്വം പ്രാപിക്കുവാനായി റോമിലേക്കു് പുറപ്പെട്ടു. ആൎക്കേലസിനെതിരെ ചക്രവൎത്തിയോടു് സംസാരിക്കുവാൻ അമ്പതു് ജനപ്രതിനിധികളും റോമിലേക്കു് പോയി. അവരുടെ പരാതികൾ കേട്ടതിനുശേഷം ചക്രവൎത്തി ആൎക്കേലസിനെ രാജാവാക്കുവാൻ വിസമ്മതിച്ചു. പകരം രാജ്യത്തിന്റെ പകുതി ഭാഗത്തിന്റെ മാത്രം ചുമതല നൽകി. ഈ ചരിത്രം ആ നാട്ടിലെ ജനങ്ങൾക്കു് അറിയാമായിരുന്നു.
ആ ചരിത്രത്തെ യേശു തന്റെ കഥയിൽ അല്പം തിരുത്തി. അധികാരം പ്രാപിക്കുവാൻ ദൂരദേശത്തേക്കു് പോയ ഒരു കുലീനനായൊരു മനുഷ്യനെ കുറിച്ചാണു് യേശു പറഞ്ഞതു്. താൻ രാജത്വം പ്രാപിക്കുന്നതിനോടു് ചിലൎക്കു് എതിൎപ്പുണ്ടായിട്ടും താൻ രാജാവായി മടങ്ങിവന്നു. മാത്രമല്ല, താൻ ഇപ്രകാരം കൽപ്പിച്ചു, “ഞാൻ തങ്ങൾക്കു് രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു് എന്റെ മുമ്പിൽവെച്ചു് കൊന്നുകളവിൻ” (19:27).
ഈ കഥയിൽ സംഭവിച്ചതു പോലെ താൻ നിശ്ചയമായും രാജത്വം പ്രാപിക്കും എന്നു് യേശു തന്നെ അനുഗമിച്ചവർക്കു് ഉറപ്പു് നൽകുകയായിരുന്നു. എന്നാൽ തന്റെ മരണ-പുനരുദ്ധാനത്തിന്നു് ശേഷം മാത്രമേ താൻ രാജത്വം പ്രാപിച്ചു് സ്വൎഗ്ഗത്തിൽ സിംഹാസനസ്ഥൻ ആകുകയുള്ളൂ എന്നു് തനിക്കറിയാമായിരുന്നു. മാത്രമല്ല, തന്റെ രാജത്വം നിരസ്സിച്ച യെറുശലേമിന്റെ മേൽ ശിക്ഷ നടപ്പാക്കുവാൻ ഇനിയും നാൽപ്പതുവർഷം ശേഷിപ്പുണ്ടായിരുന്നു. യഹൂദന്റെമേലുള്ള ആ ശിക്ഷയിലൂടെയാണു് യേശു തന്റെ രാജത്വത്തെ പരസ്യമായി വെളിപ്പെടുത്തുവാൻ ഉദ്ദേശിച്ചതു്.10 താൻ രാജകീയ പ്രൗഢിയോടെ ആ ദൈവീക ശിക്ഷ നടപ്പാക്കുന്നതു് തന്നെ വിസ്‍തരിച്ച മഹാപുരോഹിതൻ ഉൾപ്പടെ ആ തലമുറയിലുള്ളവർ കാണും എന്നു് കൎത്താവു് പ്രവചിച്ചിരുന്നു്.11 അതെല്ലാം സംഭവിക്കുന്നതിനു് മുമ്പു് ഒരു ചെറിയ ഇടവേളയുണ്ടു് എന്നു് ശിഷ്യന്മാർ അറിയുവാനാണു് കൎത്താവു് താലന്തുകളുടെ ഉപമ പറഞ്ഞതു്.
ഉപമകളിലെ സാദൃശ്യം ഏതു് രണ്ടു് കാൎയ്യങ്ങൾ തമ്മിലാണു് എന്നു് നാം കണ്ടുപിടിക്കേണം. ഏതിനു് സാദൃശ്യം കല്പിക്കുന്നുവോ അതു് ഉപമേയം. ഏതിനോടു് സാദൃശ്യം കല്പ്പിക്കുന്നുവോ അതു് ഉപമാനം. “സ്വൎഗ്ഗരാജ്യം കടുകുമണിയോടു സദൃശം” എന്നു പറഞ്ഞാൽ സ്വൎഗ്ഗരാജ്യമാണു് ഉപമേയം. കടുകുമണിയാണു് ഉപമാനം. ഉപമേയം ഉപമാനത്തോടു് എല്ലാ കാൎയ്യത്തിലും സദൃശമല്ല എന്നു് നാം തിരിച്ചറിയേണം.
ഉദാഹരണത്തിന്നു് ഈ ഉപമകൾ ശ്രദ്ധിക്കുക.
മറ്റൊരു ഉപമ അവൻ അവൎക്കു് പറഞ്ഞുകൊടുത്തു: സ്വൎഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു് ഒരു
മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു. അതു് എല്ലാവിത്തിലും ചെറിയതെങ്കിലും വളൎന്നു്
സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു് അതിന്റെ കൊമ്പുകളിൽ വസിപ്പാൻ
തക്കവണ്ണം വൃക്ഷമായി തീരുന്നു.
അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വൎഗ്ഗരാജ്യം
പുളിച്ച മാവിനോടു സദൃശം; അതു് ഒരു സ്‍ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം
അടക്കിവെച്ചു. – മത്തായി 13:31-33
കടുകുമണിയുടെ ഉപമയിൽ യേശു സ്വൎഗ്ഗരാജ്യത്തിന്റെ ഏതു് ഗുണത്തെയാണു് വൎണ്ണിക്കുവാൻ ഉദ്ദേശിച്ചതു് ?
ഇവിടെ ഒരേയൊരു കാൎയ്യത്തിലാണു് നാം സാദൃശ്യം കാണുന്നതു്. “അതു് … വളൎന്നു് … വലിയതായി.” കടുകിന്റെ ചെടി എത്രമാത്രം വളരും എന്നു് യേശുവിന്റെ കേൾവിക്കാൎക്കു് അറിയാമായിരുന്നു. അതൊരിക്കലും ഒരു വൃക്ഷമാകില്ല. എങ്കിലും യേശു ആ കഥ ഭാവനയിലൂടെ ആ ദിശയിലേക്കു് കൊണ്ടുപോയി. സ്വൎഗ്ഗരാജ്യത്തിന്റെ വളൎച്ച അതുപോലെയായിരിക്കും. എല്ലാവരുടെയും പ്രതീക്ഷകൾക്കപ്പുറത്ത്, എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതുപോലെ.
മാവിന്നുള്ളിൽ വയ്‍ക്കുന്ന ചെറിയ പുളിപ്പിന്റെ അംശം അതിന്റെ ഉള്ളിലൂടെ ശാന്തമായി എല്ലായിടത്തേക്കും വ്യാപിക്കുന്നതുപോലെയാണു് സ്വൎഗ്ഗരാജ്യത്തിന്റെ വളൎച്ച. സ്വൎഗ്ഗരാജ്യത്തിന്റെ വളൎച്ചയെയും അതിന്റെ വ്യാപ്തിയെയും ആണു് ഈ രണ്ടു് ഉപമകളിൽ ഉപമിച്ചിരിക്കുന്നതു്.
യേശുവിന്റെ ഉപമകളോടു് നമ്മുക്കു് എങ്ങനെ നീതി പുലൎത്താൻ സാധിക്കും? ഉപമകൾ വായിച്ചിട്ടു് അവയെ കുറിച്ചു് ഗംഭീര പ്രസംഗം നടത്തിയാലോ ചൎച്ച ചെയ്‍താലോ ശരിയാകുമോ? ഒരു ഉപമയുടെ അൎത്ഥം സംക്ഷിപ്‍തമായി രേഖപ്പെടുത്തിയാൽ ആ ഉപമ ശരിയായി മനസ്സിലാക്കി എന്നു് പറയാൻ സാധിക്കുമോ?
ഒരു ഫലിതം കേൾക്കുമ്പോൾ നാം പൊട്ടിച്ചിരിക്കുന്നതു് എന്തുകൊണ്ടാണു് ? നമ്മുടെ പ്രതീക്ഷയ്‍ക്കു വിപരീതമായി വളരെ രസകരമായ ഒരു സംഗതി നാം കേട്ടാൽ നാം പൊട്ടിച്ചിരിക്കും. ഫലിതം പിടികിട്ടാത്തവരോടു് എന്തു് പറയും? ഫലിതം വ്യാഖ്യാനിച്ചു് കൊടുക്കാം. പക്ഷേ വ്യാഖ്യാനം കേട്ടു് ചിരിക്കുന്നതും സ്വതവെ ഫലിതം മനസ്സിലാക്കി ചിരിക്കുന്നതിലും തമ്മിൽ വളരെ വ്യത്യാസമുണ്ടു്.
യേശു പറഞ്ഞ ചില ഉപമകൾ ഫലിതങ്ങൾ പോലെയാണു്. തമാശയുടെ കാൎയ്യത്തിലല്ല ആ സാമ്യം എന്നു മാത്രം. ചില കഥകളുടെ അവസാനം ശ്രോതാക്കൾ പ്രതീക്ഷിച്ച രീതിയിൽ അല്ലായിരുന്നു. അപ്രതീക്ഷിത ‘ട്വിസ്റ്റ് ’ കേട്ടപ്പോൾ അതിലടങ്ങിയ സത്യം ജനഹൃദയങ്ങളെ ഉലച്ചുകാണും. അതാണു് യേശുവിന്റെ ഉപമകളുടെ ശക്തി. അതു് അനുഭവിച്ചു തന്നെ അറിയേണം.
നൂറ്റാണ്ടുകളായി ഈ ഉപമകൾ നമ്മുടെ ഇടയിൽ പ്രചാരത്തിലുണ്ടു്. അനേക ദശകങ്ങളായി നാം ഈ ഉപമകൾ കേൾക്കുന്നു. പക്ഷേ ആദ്യത്തെ ശ്രോതാക്കൾ കേട്ടതുപോലെയല്ല നാം അവയെ കേൾക്കുന്നതു്. അന്നത്തെ സന്ദൎഭമോ സാഹചൎയ്യമോ നാം അറിയുന്നില്ല. അവർ ഗ്രഹിച്ച അൎത്ഥം നാം ഗ്രഹിക്കുന്നില്ല. അവർ ആ കഥകൾ കേട്ടപ്പോൾ അനുഭവിച്ചതു് നാമും അനുഭവിക്കേണമെങ്കിൽ ആ കഥകൾക്കു രൂപമാറ്റം വരുത്തേണം.
ഒരു കഥ പറയാം.
ഒരു വിശ്വാസി കുമ്പനാട്ടുനിന്നു് ആലപ്പുഴയിലേക്കു് ബൈക്കിൽ പോവുകയായിരുന്നു. രാത്രി പതിന്നൊന്നു മണി കഴിഞ്ഞു. ഒരു ടിപ്പർ ലോറി അവനെ ഇടിച്ചു തെറിപ്പിച്ചിട്ടു് നിറുത്താതെ പോയി. വിജനമായ ചങ്ങനാശ്ശേരി – ആലപ്പുഴ റോഡരികിൽ അവൻ അബോധാവസ്ഥയിൽ രക്തം വാൎന്നു കിടന്നു.
ഒരു പെന്തക്കൊസ്‍തു സഭാവിഭാഗത്തിന്റെ സൂപ്രണ്ടു് കാറിൽ അതിലെ വരുന്നുണ്ടായിരുന്നു. തീരദേശത്തെ കണ്‍വെൻഷനിൽ പ്രസംഗിച്ചതിനു ശേഷം തിടുക്കത്തിൽ മടങ്ങി പോകുകയായിരുന്നു. “വണ്ടി നിറുത്തേണ്ട,” അദ്ദേഹം ഡ്രൈവറോടു് പറഞ്ഞു. “നാളെ കൗണ്‍സിൽ യോഗത്തിനു തിരുവല്ലായിൽ എത്തേണ്ടതാണു്.”
ഒരു ലോക്കൽ സഭയിലെ പാസ്റ്ററും അതു വഴി പോയി. വഴിയരികിൽ കിടക്കുന്നവനെ കണ്ടു. “ഇവനൊക്കെ കുടിച്ചിട്ടു് വീട്ടിൽ കിടന്നുറങ്ങിയാൽ പോരേ?” എന്നു് ചിന്തിച്ചു് അദ്ദേഹം മറുവശത്തുകൂടെ കടന്നുപോയി.
എന്നാല്‍ ഒരു കള്ളുവണ്ടി അവിടെ നിറുത്തി. ബംഗാളിയായ ഡ്രൈവർ ചാടി ഇറങ്ങി മുറിവേറ്റവന്റെ അടുക്കൽ ചെന്നു. മരിച്ചു എന്നു ചിന്തിച്ചു് ഞെട്ടലോടെ അവൻ അറബിയിൽ ഉരുവിട്ടു, “ഇണ്ണാ ലില്ലാഹി വ ഇണ്ണാ ഇലെയ്ഹി രാജിയൂൺ” (നാം എല്ലാവരും ദൈവത്തിന്റെ വകയാണു്. ദൈവത്തിലേക്കു് മടങ്ങേണ്ടവരാണു്.) ജീവന്റെ ചെറിയ തുടിപ്പു് കണ്ടപ്പോൾ അവനു ആശ്വാസമായി. തലയിൽ നിന്നു് ചുവന്ന തോർത്തു എടുത്തു് കാലിലെ മുറിവിൽ കെട്ടി. അവനെ എടുത്തു് വണ്ടിയിൽ കിടത്തി ആലപ്പുഴ മെടിക്കൽ കോളേജിൽ എത്തിച്ചു. പാർട്ടി ആഫീസിൽ വിളിച്ചു് വിവരം പറഞ്ഞു രണ്ടു് സഖാക്കളെ കൂട്ടിന്നിരുത്തി. പണത്തിനു ആവശ്യമുണ്ടെങ്കിൽ തന്നെ അറിക്കേണം എന്നു പറഞ്ഞിട്ടു് താൻ കള്ളു വിതരണത്തിന്നു പോയി.
അപകടത്തില്‍പ്പെട്ട ആ മനുഷ്യന്നു ഈ മൂവരില്‍ ആരാണു് അയല്‍ക്കാരനായി വര്‍ത്തിച്ചതു് ?
ആ ചോദ്യത്തിനു താങ്കൾ എന്തു ഉത്തരം പറയും? “ആ ഡ്രൈവർ” എന്നാവും താങ്കളുടെ മറുപടി.
ആ കള്ളുവണ്ടിയുടെ ഡ്രൈവറായ സഖാവു ചെയ്‍തതു നിങ്ങളും പോയി ചെയ്യുക. ആവശ്യത്തിലിരിക്കുന്ന ഏതൊരുവനും ഒരു നല്ല അയൽക്കാരനാകുക.
വില: രൂ 999. തുടൎന്നു് വായിക്കും മുമ്പു് … ഈ പുസ്തകത്തിന്റെ വില പൂൎണ്ണമായോ ഭാഗീകമായോ – താങ്കളുടെ പ്രാപ്തിയനുസരിച്ചു് – അയച്ചു കൊടുക്കുക (PayPal or UPI). പണം അയയ്‍ക്കുവാൻ താഴെ കാണുന്ന QR കോഡിന്മേൽ തൊടുക. പുസ്‍തകം വായിച്ചിട്ടു് ഈ വെബ് സൈറ്റിലേക്കുള്ള ലിങ്ക് ദയവായി മറ്റുള്ളവരുമായി പങ്കുവയ്‍ക്കുക.
BACK |
TOP |
INDEX |
HOME
ABOUT |
CONTACT |
SUPPORT |
SITE MAP |