👈🏾 ഉള്ളടക്കം

അദ്ധ്യായം 12

ലേഖനങ്ങൾ

പുതിയ നിയമത്തിലെ ഭൂരിഭാഗം പുസ്‍തകങ്ങളും ലേഖനങ്ങളാണു്.  അവ കഴിവതും ഒറ്റ ഇരിപ്പിൽ വായിക്കേണം.  വ്യക്തിപരമായി വായിച്ചാലും കുടുംബ പ്രാൎത്ഥനയ്‍ക്കു വായിച്ചാലും ഒരു ലേഖനം മൊത്തത്തിൽ വായിക്കുന്നതാണു്  ഉത്തമം.  ഉദാഹരണത്തിനു തെസ്സലോനിക്യൎക്കു്  പൗലൊസ്  എഴുതിയ ലേഖനം അഞ്ചു ദിവസം എടുത്തു വായിക്കുന്നതുകൊണ്ടു്  ഒരു പ്രയോജനവും ഇല്ല.  ചില നിമിഷങ്ങൾ മതി ആ ലേഖനം മൊത്തം വായിക്കുവാൻ.  അങ്ങനെ അഞ്ചു ദിവസങ്ങൾകൊണ്ടു്  ആ ലേഖനം അഞ്ചു പ്രാവശ്യം വായിച്ചാൽ എത്രയോ നന്നായി അതു്  മനസ്സിലാക്കാം!

ഫോണ്‍ സംഭാഷണങ്ങൾ പോലെ

ലേഖനകൎത്താക്കളും സ്വീകൎത്താക്കളും തമ്മിലുള്ള സംഭാഷണങ്ങളായിരുന്നു ലേഖനങ്ങൾ എന്നു്  നാം ഓൎത്തിരിക്കേണം.  ലേഖനങ്ങൾ വായിക്കുമ്പോൾ നാം ലേഖനകൎത്താവു്  പറയുന്നതു്  മാത്രമേ കേൾക്കുന്നുള്ളൂ.  ഒരാൾ ഫോണിലൂടെ സംസാരിക്കുന്നതു്  നാം ശ്രദ്ധിച്ചാലും അയാൾ പറയുന്നതേ കേൾക്കാൻ സാധിക്കൂ.  നമ്മുടെ സമീപത്തു്  നിൽക്കുന്ന ആൾ പറയുന്നതു്  നാം ശ്രദ്ധിച്ചു്  കേട്ടാൽ ദൂരെ ഇരിക്കുന്നയാൾ എന്താണു്  പറയുന്നതു്  എന്നു്  ഒരു പക്ഷേ ഊഹിച്ചെടുക്കാം.

കൊരിന്തിലെ സഭ പൗലൊസ്  അപ്പൊസ്‍തലനോടു്  ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു.  അവയ്‍ക്കുള്ള മറുപടികൾ അദ്ദേഹം കൊരിന്ത്യൎക്കെഴുതിയ ലേഖനത്തിൽ ഉൾപ്പെടുത്തി.  ഉദാഹരണത്തിനു്,  “നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ …”1 എന്നാരംഭിക്കുന്ന ഭാഗത്തു്  ഇതു്  സ്പഷ്ടമാണു്.  അപ്പൊസ്‍തലന്റെ മറുപടികൾ ശ്രദ്ധിച്ചാൽ കൊരിന്ത്യർ എന്താണു്  ചോദിച്ചതു്  എന്നു്  നമുക്കു്  ഊഹിക്കാൻ സാധിക്കും.

ചിലപ്പോഴെല്ലാം പൗലൊസ്  തന്റെ ലേഖനത്തിൽ കൊരിന്ത്യരുടെ ചോദ്യങ്ങൾ ആവൎത്തിച്ചതുകൊണ്ടു്  അവരുടെ ചോദ്യങ്ങൾ അഥവാ അഭിപ്രായങ്ങൾ ഏതായിരുന്നു എന്നു്  കൃത്യമായി അറിയാൻ നമുക്കു്  സാധിക്കുന്നു.  ഉദാഹരണത്തിനു്,  പൗലൊസ്  കൊരിന്ത്യരോടു്  ചോദിച്ചു, “ക്രിസ്‍തു മരിച്ചിട്ടു്  ഉയിൎത്തെഴുന്നേറ്റു എന്നു്  പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?”2

കൊരിന്തിലുള്ള വിശ്വാസികൾ പൗലൊസിനെ കുറിച്ചു്  രഹസ്യമായി ഉന്നയിച്ച ആക്ഷേപങ്ങൾ പോലും പൗലൊസിന്റെ ചെവിയിൽ എത്തിയിരുന്നു.  അവയ്‍ക്കുള്ള മറുപടികളും പൗലൊസ്  തന്റെ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.

“അടുത്തായിരിക്കുമ്പോള്‍ വിനീതനും അകന്നിരിക്കുമ്പോള്‍ തന്റേടിയും” എന്ന്  നിങ്ങള്‍ കരുതുന്ന പൗലോസായ ഞാൻ ക്രിസ്‍തുവിന്റെ സൗമ്യതയുടെയും ശാന്തതയുടെയും പേരില്‍ നിങ്ങളോട്  അഭ്യര്‍ഥിക്കുന്നു.  ഞങ്ങളെ ജഡികൻമാരായി കരുതുന്ന ചിലരുണ്ട്.  അവരെ ധീരമായി നേരിടാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.  എന്നാല്‍, നിങ്ങളുടെ അടുത്തുവരുമ്പോള്‍ എന്റെ ധൈര്യം പ്രകടിപ്പിക്കാൻ ഇടവരുത്തരുതേ എന്ന്  അഭ്യര്‍ഥിക്കുന്നു.3

ലേഖനത്തിലൂടെ നിങ്ങളെ ഭയപ്പെടുത്തുന്നവനായി എന്നെ നിങ്ങള്‍ കണക്കാക്കരുത്.  എന്തെന്നാല്‍, ചിലര്‍ പറയുന്നു: അവന്റെ ലേഖനങ്ങള്‍ ഈടുറ്റതും ശക്തവുമാണു്.  എന്നാല്‍, അവന്റെ ശാരീരികസാന്നിധ്യം അശക്തവും ഭാഷണം മനസ്സിലേശാത്തതുമാണ്.4

ഈ അപ്പസ്‍തോലപ്രമാണികളെക്കാള്‍ ഒട്ടും കുറഞ്ഞവനല്ല ഞാൻ എന്നാണു്  എന്റെ വിശ്വാസം.5

എന്നെ ഭോഷനായി ആരും കരുതരുതെന്ന്  ഞാൻ ആവര്‍ത്തിച്ചു പറയുന്നു.  അഥവാ, നിങ്ങള്‍ കരുതുകയാണെങ്കില്‍ എനിക്കും അല്‍പം ആത്മപ്രശംസ ചെയ്യേണ്ടതിന്  എന്നെ ഭോഷനായിത്തന്നെ സ്വീകരിക്കുവിൻ.  … പലരും ലൗകികകാര്യങ്ങളെപ്പറ്റി പ്രശംസിക്കാറുള്ളതുപോലെ ഞാനും പ്രശംസിക്കും.  ബുദ്ധിമാൻമാരായ നിങ്ങള്‍ വിഡ്ഢികളോടു സന്തോഷപൂർവ്വം സഹിഷ്ണുത കാണിക്കാറുണ്ടല്ലോ!6

കൊരിന്തിലുണ്ടായിരുന്ന അന്നത്തെ ചില വിശ്വാസികൾ പൗലൊസിനെ വളരെ വേദനിപ്പിച്ചു എന്നു്  ഈ മറുപടികളിൽനിന്നു്  മനസ്സിലാക്കാം.  തന്നിൽനിന്നു അകന്നു പോയ ആത്മീയ മക്കളെ വീണ്ടും തന്നിലേക്കടുപ്പിക്കുവാൻ സ്‍നേഹത്തോടെ ഒരു പിതാവിനെ പോലെ കൊരിന്ത്യരെ സമീക്കുന്ന ഒരു പൗലൊസിനെയാണു്  നാം ഈ ലേഖനത്തിൽ കാണുന്നതു്.  ആ പശ്ചാത്തലം കണക്കിലെടുത്തു വേണം ആ ലേഖനത്തിലെ ഏതു്  ഭാഗവും വ്യാഖ്യാനിക്കുവാൻ.  ഏതു്  ലേഖനം വായിച്ചാലും ലേഖനകൎത്താവിന്റെ വാക്കുകളിലൂടെ സ്വീകൎത്താക്കളുടെ വാക്കുകളെയും കേൾക്കുവാൻ നാം ശ്രമിക്കേണം.

പശ്ചാത്തലമാണു്  പ്രധാനം

പുതിയ നിയമത്തിലെ ലേഖനങ്ങൾ വായിക്കുമ്പോൾ അപ്പൊസ്‍തലന്മാർ നേരിട്ടു്  നമ്മുടെ സഭയ്‍ക്കു്  എഴുതിയ കത്തുകളായി നാം അവയെ വായിക്കരുതു്.  ഓരോ ലേഖനവും ഒരു പ്രത്യേക കാലഘട്ടത്തിൽ ഒരു പ്രത്യേക സ്ഥലത്തു്  ജീവിച്ചിരുന്ന ഒരു കൂട്ടം വിശ്വാസികൾക്കു്  എഴുതപ്പെട്ടതാണു്.  ആ സഭകൾ നേരിട്ട പ്രത്യേക പ്രശ്നങ്ങൾക്കു്  പ്രതിവിധിയും ചോദ്യങ്ങൾക്കു ഉത്തരവും നൽകാനായി ലേഖനങ്ങൾ എഴുതപ്പെട്ടു. 

ലേഖനകൎത്താക്കൾക്കും അവരുടേതായ പ്രത്യേക സന്ദൎഭങ്ങളും സാഹചര്യങ്ങളും ഉണ്ടായിരുന്നു.  അതുകൊണ്ടു്  നാം വായിക്കുന്ന ലേഖനത്തിന്റെ അൎത്ഥം ഗ്രഹിക്കുവാൻ ശ്രമിക്കുമ്പോൾ ആദ്യ നൂറ്റാണ്ടിലെ ലേഖനകൎത്താവും സ്വീകൎത്താക്കളും അതിനെ എങ്ങനെ ഗ്രഹിച്ചു എന്നു്  അറിയുവാൻ ആദ്യം ശ്രമിക്കേണം.  അതിന്നു ശേഷം ആ ദൂതു്  ഇന്നു്  നമുക്കു്  എങ്ങനെ ബാധകം ആകും എന്നു്  ചിന്തിച്ചാൽ മതി.

ലേഖനങ്ങളുടെ പ്രത്യക സ്വഭാവം മനസ്സിലാക്കി വാക്യങ്ങളുടെ സന്ദൎഭം കണക്കിലെടുത്തു്  വ്യാഖ്യാനിച്ചില്ലെങ്കിൽ നാം ആ വാക്യങ്ങളെ സന്ദൎഭത്തിൽ നിന്നു്  അടൎത്തിയെടുത്തു്  ദുരുപയോഗം ചെയ്യുവാൻ സാധ്യതയുണ്ടു്.

പലപ്പോഴും വിവിധ പുസ്‍തകങ്ങളിൽ നിന്നു്  തമ്മിൽ ബന്ധമില്ലാത്ത കുറെ “ഒത്തു വാക്യങ്ങൾ” നാം കണ്ടുപിടിക്കുന്നു.  ഈ ദുഷ്‍പ്രവണതയെ പോറ്റി വളൎത്തുന്ന കുറെ “പഠന” ബൈബിളുകൾ ഉണ്ടു്.  ഒത്തു വാക്യങ്ങളുടെ കലവറയാണവ.  ഓരോ “ഒത്തു വാക്യവും” അതിന്റെ സന്ദൎഭത്തിലാണു്  വ്യാഖ്യാനിക്കപ്പെടേണ്ടതു്.  ആര്  ആൎക്കെഴുതി, എന്തിനെഴുതി, എന്തു്  അൎത്ഥമാക്കി എഴുതി എന്നൊന്നും ചിന്തിക്കാതെ നാം അവയെ ശ്ലോകങ്ങൾ കോൎത്തിണക്കുന്നതു്  പോലെ കോൎത്തിണക്കി പ്രസംഗങ്ങൾ തയ്യാറാക്കുന്നു.  ഒത്തു വാക്യങ്ങളുടെ ഘോഷയാത്രയാണു്  പല പ്രസംഗങ്ങളും.  അതു്  വചന പാണ്ഡിത്യത്തിന്റെ ലക്ഷണമാണെന്നു്  അനേകരും തെറ്റിദ്ധരിക്കുന്നു.  ആ രീതിയിലുള്ള പ്രസംഗങ്ങൾക്കു്  ജയ്  വിളിക്കുന്നവരാണു്  ഭൂരിഭാഗം ക്രിസ്‍ത്യാനികളും!

“അറിവു ചീൎപ്പിക്കുന്നു …”

സന്ദൎഭത്തിൽ നിന്നടൎത്തിയെടുത്തു്  ദുരുപയോഗം ചെയ്യപ്പെടുന്ന അനേക വാക്യങ്ങൾ ഉണ്ടു്.  ആ പട്ടികയിൽ പ്രമുഖ സ്ഥാനത്തു്  നിൽക്കുന്ന ഒരു വാക്യം ഇതാണു്.

“അറിവു ചീൎപ്പിക്കുന്നു; സ്‍നേഹമോ ആത്മീക വൎദ്ധന വരുത്തുന്നു”7

വിദ്യാഭ്യാസം ഉള്ളവരുടെ മുന്നിൽ ഉത്തരം മുട്ടുമ്പോൾ ചെറുത്തു നിൽക്കുവാനായി സുവിശേഷ വിഹിതരിൽ പലരും സാധാരണയായി ഉദ്ധരിക്കുന്ന ഒരു വാക്യശകലമാണിതു്.  ഉന്നത വിദ്യാഭ്യാസം, വായനാശീലം, ഗഹനമായ പഠനം എന്നിവയെ എതിൎക്കുവാനും ചിലർ ഈ വാക്യത്തെ ദുരുപയോഗിക്കുന്നു.

“അറിവു” (knowledge) ഒരു വില്ലനാണു്  എന്നു്  ചിന്തിക്കുന്നവർ “ദൈവഭക്തിയാണു്  അറിവിന്റെ ഉറവിടം”8 എന്നു ബൈബിളിൾ എഴുതിയിരിക്കുന്നതു്  വായിച്ചു കാണില്ല.  അതേ വാക്യം മറ്റൊരു രൂപത്തിൽ – “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു”9 – എന്നു വായിച്ചവർ എന്തുകൊണ്ടോ ജ്ഞാനവും അറിവും രണ്ടു വ്യത്യസ്ത സംഗതികളാണെന്നു തെറ്റിദ്ധരിച്ചു.  “അറിവു” (knowledge) നല്ലതല്ല, “ജ്ഞാനം” (wisdom) ആണു്  നാം കാംക്ഷിക്കേണ്ടതു്  എന്നവർ പറയുന്നു.  അവരുടെ അറിവില്ലായ്‍മ അല്ലാതെന്തു് ?  ഈ രണ്ടു്  പദങ്ങളും തിരുവെഴുത്തിലെ ഗ്രന്ഥകൎത്താക്കൾ പരസ്പരം മാറ്റി ഉപയോഗിച്ചിട്ടുണ്ടു്.

“പരിജ്ഞാനമില്ലായ്‍കയാൽ എന്റെ ജനം നശിച്ചുപോകുന്നു”10 എന്നു വായിക്കുമ്പോൾ “പരിജ്ഞാനം” ഏതോ വിശേഷപ്പെട്ട ജ്ഞാനമാണെന്നു പലരും ചിന്തിക്കുന്നു.  ഇംഗ്ലീഷ ബൈബിളിൽ knowledge എന്ന വാക്കാണു്  അവിടെയും ഉപയോഗിച്ചിരിക്കുന്നതു്. 

“അറിവില്ലായ്‍മ നിമിത്തം എന്റെ ജനം നശിച്ചുപോകുന്നു; നീ അറിവു്  തിരസ്‍കരിച്ചതുകൊണ്ടു്  എന്റെ പുരോഹിതൻ ആയിരിക്കുന്നതിൽ നിന്നു നിന്നെ ഞാൻ തിരസ്‍കരിക്കുന്നു”11

എന്നു്  ആ വാക്യം വിവൎത്തനം ചെയ്യപ്പെട്ടിരുന്നെങ്കിൽ മലയാളികളായ ക്രിസ്‍ത്യാനികളിൽ പലരും അറിവിന്റെയും പഠിപ്പിന്റെയും ശത്രുക്കൾ ആകില്ലായിരുന്നു.  സാധാരണ വിദ്യാഭ്യാസത്തോടു്  എതിൎപ്പില്ലാത്ത മലയാളി ക്രിസ്‍ത്യാനികൾ പോലും ദൈവശാസ്‍ത്രപരമായ ഉപരിപഠനത്തെ സംശയ ദൃഷ്‍ടിയോടെ വീക്ഷിക്കുന്നു.

“അറിവു ചീൎപ്പിക്കുന്നു …” എന്നു്  എഴുതിയ അതേ അപ്പൊസ്‍തലൻ തന്നെക്കുറിച്ചു തന്നെ പിന്നീടു്  പറഞ്ഞതു്  ശ്രദ്ധിച്ചാലും — “എനിക്കു പ്രസംഗചാതുര്യം കുറവായിരിക്കാം എങ്കിലും അറിവിൽ ഞാൻ പിന്നോക്കമല്ല.”12 “അറിവു ചീൎപ്പിക്കുന്നു …” എന്നു്  അപ്പൊസ്‍തലൻ എഴുതിയപ്പോൾ എല്ലാ അറിവിനേയും അദ്ദേഹം എതിൎക്കുകയായിരുന്നില്ല എന്നു്  ഇതിനാൽ വ്യക്തമാണു്.

“അറിവു ചീൎപ്പിക്കുന്നു …” എന്നതുകൊണ്ടു്  പൗലൊസ്  അപ്പൊസ്‍തലൻ എന്താണു്  അൎത്ഥമാക്കിയതു് ?  അതറിയുവാൻ നാം എട്ടാം അദ്ധ്യായം മുതൽ പതിനൊന്നാം അദ്ധ്യായത്തിന്റെ ഒന്നാം വാക്യം വരെ വായിക്കേണം.  എങ്കിൽ മാത്രമേ 1 കൊരിന്ത്യർ 8:1ന്റെ പശ്ചാത്തലം മനസ്സിലാകുകയുള്ളൂ.

വിഗ്രഹങ്ങൾക്കു ബലി അൎപ്പിക്കപ്പെട്ട ആഹാരം ഭക്ഷിക്കുന്നതിനെ കുറിച്ചാണു്  1 കൊരിന്ത്യർ 8:1–11:1 വരെയുള്ള വേദഭാഗത്തു്  പൗലൊസ്  എഴുതുന്നതു്.  ഒരു കാലത്തു്  വിഗ്രഹങ്ങളെ ആരാധിച്ചിരുന്നവരായിരുന്നു കൊരിന്തിലെ ക്രിസ്‍ത്യാനികൾ.  ക്രിസ്‍തുവിന്റെ അനുയായികൾ വിഗ്രഹങ്ങളെ ആരാധിക്കുകയോ അവയ്‍ക്കു സമൎപ്പിക്കപ്പെട്ടതു്  ഭക്ഷിക്കുകയോ ചെയ്യരുതു്  എന്നു്  പൗലൊസ്  അപ്പൊസ്‍തലൻ കൊരിന്തിലെ പുതിയ വിശ്വാസികളെ പഠിപ്പിച്ചു എന്നു്  ന്യായമായും അനുമാനിക്കാം.13

പക്ഷേ സാമൂഹീക-രാഷ്ട്രീയ ബന്ധങ്ങൾ നിലനിൎത്തുവാൻ സുഹൃത്തുകളുടെ ക്ഷണം സ്വീകരിച്ചു്  വിവിധ മതാചാരങ്ങളിലും അതിനോടു്  ബന്ധപ്പെട്ട വിരുന്നുകളിലും റോമാ സാമൃാജ്യത്തിലെ ജനങ്ങൾ സാധാരണ പങ്കെടുത്തിരുന്നു.  ക്ഷേത്രത്തിലെ വിരുന്നു്  കഴിക്കുവാൻ എനിക്കു കഴിയില്ല എന്നു്  ആരെങ്കിലും പറഞ്ഞാൽ ആ വ്യക്തിയുടെ സാമൂഹീക ബന്ധങ്ങൾ അതോടെ തകരും.  അതു്  ഉദ്യോഗത്തെയും സ്ഥാനകയറ്റത്തെയും ബാധിക്കുമായിരുന്നു.14 മാത്രമല്ല, മതപരമായ കാരണങ്ങൾ പറഞ്ഞു്  സുഹൃദ്  ബന്ധങ്ങൾ വിച്‍ഛേദിക്കുന്നവരെ സമൂഹം വെറുക്കുമായിരുന്നു.

“വിശ്വാസത്തിന്റെ പേരിൽ ഞങ്ങൾ അവിശ്വസികളുമായുള്ള എല്ലാ കൂട്ടുകെട്ടും ഉപേക്ഷിക്കണോ?” എന്നു് ഒരുപക്ഷേ കൊരിന്തിലെ ചില ക്രിസ്‍ത്യാനികൾ പൗലൊസിനോടു്  ചോദിച്ചിരിക്കാം.  അതിനുള്ള മറുപടിയും പൗലൊസ്  നൽകി.

“ദുൎന്നടപ്പുകാരോടു സംസൎഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ.  അതു ഈ ലോകത്തിലെ ദുൎന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.”15

ഇതിൽ നിന്നു രണ്ടു്  കാൎയ്യങ്ങൾ വ്യക്തമാണു്.  ക്രിസ്‍ത്യാനികൾ മറ്റുള്ള മതസ്ഥരിൽ നിന്നു അകന്നു കഴിയേണ്ട കാൎയ്യമില്ല.  സാമൂഹീക ബന്ധങ്ങൾ നിലനിൎത്താം.  പക്ഷേ വിഗ്രഹാൎപ്പിതം വൎജ്ജിക്കുന്നതു മൂലം അന്യ മതസ്ഥർ ക്രിസ്‍ത്യാനികളിൽ നിന്നു അകന്നു പോയാൽ അതു്  അവരുടെ ഇഷ്ടം.  രണ്ടാമതായി, കൊരിന്ത്യൎക്കെഴുതിയ ഒന്നാം ലേഖനം എന്നു നാം വിളിക്കുന്ന ഈ പുസ്‍തകം വാസ്‍തവത്തിൽ ഒന്നാം ലേഖനമല്ല.  ഈ പുസ്‍തകം എഴുതുന്നതിനു മുമ്പേ വേറെ ഒരു ലേഖനമെങ്കിലും പൗലൊസ്  കൊരിന്ത്യൎക്കു്  എഴുതിയിരുന്നു.  പല വിഷയങ്ങൾ അവർ തമ്മിൽ ചർച്ച ചെയ്‍തിരുന്നു.  വിഗ്രഹാൎപ്പിതം വൎജ്ജിക്കേണം എന്നു്  പൗലൊസ്  അപ്പൊസ്‍തലൻ ഇതിന്നു മുമ്പും അവരോടു്  പറഞ്ഞിരുന്നിരിക്കണം.

സമൂഹത്തിൽ ഒറ്റപ്പെട്ടു പോകാതിരിക്കുവാൻ ഏതു വിധേനയും ക്ഷേത്ര വിരുന്നുകളിൽ പങ്കെടുക്കേണം എന്നു ചിന്തിച്ച കൊരിന്ത്യ സഭ ഒരു പുതിയ വാദം ഉന്നയിച്ചു്  പൗലൊസിനു്  എഴുതി.  അതു്  ഇപ്രകാരം ആയിരുന്നിരിക്കാം: “ദൈവം ഒരുവൻ മാത്രം എന്നു നമുക്കെല്ലാവൎക്കും അറിയാം.  വിഗ്രഹങ്ങൾ വെറും വസ്‍തുക്കൾ മാത്രം.  അവയിൽ ഒരു കഥയുമില്ല.  അവയ്‍ക്കു മുന്നിൽ ഭക്ഷണം കാഴ്‍ച വയ്‍ക്കുന്നതും വയ്‍ക്കാത്തതും ഒരുപോലെയാണു്.  അപ്പോൾ പിന്നെ ക്ഷേത്രങ്ങളിലെ ഊട്ടുപുരകളിൽ വിളമ്പുന്ന ഭക്ഷണം കഴിച്ചാൽ എന്താ കുഴപ്പം?”

ആ വാദത്തിനെതിരെ പൗലൊസ്  കൊടുത്ത മറുപടിയാണു്  1 കൊരിന്ത്യർ 8:1 മുതൽ നാം വായിക്കുന്നതു്.

“വിഗ്രഹാൎപ്പിതങ്ങളുടെ കാൎയ്യം പറഞ്ഞാലോ ‘നമുക്കെല്ലാവൎക്കും അറിവു ഉണ്ടു’ എന്നു നമുക്കു അറിയാം.  അറിവു ചീൎപ്പിക്കുന്നു; സ്‍നേഹമോ ആത്മീകവൎദ്ധന വരുത്തുന്നു.”

ഏതു്  തരം അറിവാണു്  ഒരുവനെ ചീൎപ്പിക്കുന്നുതു് ?  കൊരിന്ത്യർ തങ്ങൾക്കുണ്ടെന്നു ചിന്തിച്ച അറിവു്  — “ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ല.  അതുകൊണ്ടു്  വിഗ്രഹം വെറും വിഗ്രഹമാണു്  എന്നു്  ഞങ്ങൾക്കു്  അറിയാം.  അതുകൊണ്ടു്  വിഗ്രഹാൎപ്പിതം ഭക്ഷിച്ചാലും സാരമില്ല.” പാപത്തിലേക്കു്  ഒരുവരെനെ നയിക്കുന്ന “അറിവു് ” യഥാൎത്ഥ അറിവല്ല.  അതു്  പാപം ചെയ്യുവാനുള്ള ഒരു ഒഴികഴിവ്  മാത്രം.  അതുകൊണ്ടാണു്  “താൻ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കിൽ അറിയേണ്ടതുപോലെ അവൻ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല” എന്നു്  അപ്പൊസ്‍തലൻ പറഞ്ഞതു്.16 മാത്രമല്ല, ഇതേ വിഷയത്തോടുള്ള ബന്ധത്തിൽ, “താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ” എന്നും പൗലൊസ്  കൊരിന്ത്യൎക്കു മുന്നറിയിപ്പു നൽകി.17

എന്തുകൊണ്ടാണു്  ഈ “അറിവു് ” കൊരിന്ത്യരെ ചീൎപ്പിച്ചതു് ?  ഈ വിഷയത്തെ കുറിച്ചു്  കൊരിന്ത്യൎക്കുണ്ടായിരുന്ന അറിവു്  അപൂൎണ്ണമായിരുന്നു.  അവരുടെ ദൃഷ്ടിക്കു മറഞ്ഞിരിക്കുന്ന സംഗതികൾ ഉണ്ടെന്നു കൊരിന്ത്യർ തിരിച്ചറിഞ്ഞില്ല.  ഒരു തുറന്ന മനസ്സില്ലാത്തതുകൊണ്ടു്  അവർ ഗ്രഹിച്ചതിനപ്പുറം മറ്റൊന്നില്ല എന്നു്  അവർ നിരൂപിച്ചു.  അതു്  നിഗളത്തിൽ കലാശിച്ചു.

കൊരിന്ത്യരിൽ നിന്നു മറിഞ്ഞിരുന്ന സത്യങ്ങൾ ഏതെല്ലാം?

  1. “വിഗ്രഹം വെറും വിഗ്രഹമാണു് ” എന്നു അറിവുള്ള പ്രബുദ്ധരായ കൊരിന്ത്യർ കൂട്ടു സഹോദരങ്ങളെ സ്‍നേഹിക്കുവാൻ മറന്നു പോയി.  വിഗ്രഹങ്ങളെ തങ്ങളുടെ പഴയ ദൈവങ്ങളായി കാണുന്ന ചില ക്രിസ്‍ത്യാനികൾ എങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിലോ?  സഭയിലെ “അറിവുള്ളവർ” ചെയ്യുന്നതു കണ്ടിട്ടു്  മനസാക്ഷിയിൽ ദണ്ഡനം അനുഭവിച്ചു്  അതു്  മുഖാന്തരം ബലഹീനരായവർ വിഗ്രഹാരാധനയിലേക്കു്  മടങ്ങി പോയി നശിച്ചു പോയേക്കാം എന്നു “അറിവുള്ളവർ” ചിന്തിച്ചില്ല.  അങ്ങനെ സംഭവിച്ചാൽ, ആ ബലഹീനരുടെ18 നാശത്തിനു കാരണക്കാരായ “അറിവുള്ളവർ” ക്രിസ്‍തുവിനോടാണു്  പാപം ചെയ്യുന്നതു്.  അതും ആ “അറിവുള്ളവർ” ഗ്രഹിച്ചില്ല.19
  2. “വിഗ്രഹം വെറും വിഗ്രഹമാണു് ” എങ്കിൽപോലും അവയ്‍ക്കു മുന്നിൽ വണങ്ങുന്നവർ വിഗ്രഹാരാധികൾ ആകുകയാണു്.  വിഗ്രഹാരാധനിയിൽ പങ്കുചേൎന്ന ഇസ്രയേല്യർ മരുഭൂമിയിൽ പട്ടു പോയി.  അവർ ദൈവത്താൽ രക്ഷിക്കപ്പെട്ടവരായിരുന്നു.  അവർ മേഘത്തിലും സമുദ്രത്തിലും സ്‍നാനം ഏറ്റു മോശെയോടു്  ചേൎന്നവരായിരുന്നു.  അവർ ക്രിസ്‍തു എന്ന പാറയിൽ നിന്നു കുടിക്കുകയും ആത്മീയ ആഹാരം ഭക്ഷിക്കുകയും ചെയ്തു പോന്നു.  എങ്കിലും ദൈവം അവരിൽ പ്രസാദിച്ചില്ല.  വിഗ്രഹാൎപ്പിതം ഭക്ഷിക്കുന്നതു്  വിഗ്രഹാരാധനയ്‍ക്കു തുല്യമാണു്.  മരുഭൂമിയിൽ പട്ടുപോയ ഇസ്രയേലിയരുടെ ഗതി കൊരിന്ത്യൎക്കു വരാതിരിക്കുവാൻ “വിഗ്രഹാരാധന വിട്ടോടുവിൻ” എന്നു്  പൗലൊസ്  അപ്പൊസ്‍തലൻ അവരെ ഉപദേശിച്ചു.20
  3. “വിഗ്രഹം വെറും വിഗ്രഹമാണു് ” എങ്കിൽപോലും അവയ്‍ക്കു മുന്നിൽ ബലി അൎപ്പിക്കുന്നവർ ഭൂതങ്ങൾക്കാണു്  ബലി അൎപ്പിക്കുന്നതു്.21 ആ ബലിയുടെ ഭാഗമായി ഒരുക്കിയ വിരുന്നിനിരിക്കുന്നവർ അറിഞ്ഞോ അറിയാതയോ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുകയാണു്.  ഭൂതങ്ങളുടെ മേശയിൽ അംശികളായി അവർ ഭുതങ്ങളുടെ പാനപാത്രത്തിൽ നിന്നു കുടിക്കുന്നു.  അതിനു ശേഷം ക്രിസ്‍തീയ ആരാധനയിൽ പങ്കുചേൎന്നു യേശുവിന്റെ മേശയിൽ നിന്നും അവർ ഭക്ഷിച്ചു പാനം ചെയ്യുന്നു.  അപ്രകാരം കൎത്താവായ യേശുവിനെ ആരും പ്രകോപിപ്പിച്ചുകൂടാ.  കൊരിന്ത്യർ ഈ സത്യങ്ങൾ അറിഞ്ഞില്ല.

1 കൊരിന്ത്യർ 8:1 എന്ന വാക്യശകലം സന്ദൎഭത്തിൽ നിന്നു അടൎത്തിയെടുക്കാതെ അതിന്റെ സാഹിത്യ പശ്ചാത്തലം മുഴുവനും – അതായതു്  1 കൊരിന്ത്യർ 8:1 മുതൽ 11:1 വരെ – കണക്കിലെടുക്കുമ്പോഴാണു്  അതിന്റെ അൎത്ഥം നമുക്ക്  മനസ്സാലാകുന്നതു്.  കുറച്ചു കൂടെ വിശാലമായ പശ്ചാത്തലം പരിശോധിച്ചാൽ ഇതിനു സമാനമായ മറ്റൊരു വേദഭാഗം നമ്മുടെ ശ്രദ്ധയിൽ പെടും — റോമർ 14:1 മുതൽ 15:7 വരെ.  ആ വേദഭാഗം പക്ഷേ വിഗ്രഹാൎപ്പിത ഭക്ഷണത്തെ കുറിച്ചല്ല എന്നു നാം ശ്രദ്ധിക്കാതെ പോകരുതു്.

ഈ പ്രസിദ്ധീകരണം സൗജന്യമല്ല!

വില: രൂ 999. തുടൎന്നു്  വായിക്കും മുമ്പു് … ഈ പുസ്‍തകത്തിന്റെ വില പൂൎണ്ണമായോ ഭാഗീകമായോ – താങ്കളുടെ പ്രാപ്തിയനുസരിച്ചു്  – അയച്ചു കൊടുക്കുക (PayPal or UPI). പണം അയയ്‍ക്കുവാൻ താഴെ കാണുന്ന QR കോഡിന്മേൽ തൊടുക. പുസ്‍തകം വായിച്ചിട്ടു്  ഈ വെബ് സൈറ്റിലേക്കുള്ള ലിങ്ക് ദയവായി മറ്റുള്ളവരുമായി പങ്കുവയ്‍ക്കുക.

🔼

 

 

Twitter YouTube PayTM PayPal

 

BACK |  TOP |  INDEX |  HOME
ABOUT |  CONTACT |  SUPPORT |  SITE MAP |