അദ്ധ്യായം 7
ഓരോ പുസ്‍തകത്തിനും അതിന്റേതായ പശ്ചാത്തലം ഉണ്ടു്. നിരീക്ഷണത്തിന്റെ ഭാഗമായി പുസ്‍തകത്തിന്റെ പശ്ചാത്തലം അഥവാ സന്ദർഭം നാം മനസ്സിലാക്കേണം. എന്തുകൊണ്ടെന്നാൽ ഓരോ പുസ്‍തകത്തിന്റെയും ഓരൊ വേദഭാഗത്തിന്റെയും സന്ദേശം മനസ്സിലാക്കുവാൻ അതിന്റെ സന്ദർഭം നമ്മെ സഹായിക്കും.
സന്ദർഭം തിരിച്ചറിയുവാൻ ചില ചോദ്യങ്ങൾ നാം നമ്മോടു തന്നെ ചോദിക്കേണം. അവയ്‍ക്കു് ഉത്തരം കഴിയുമെങ്കിൽ ആ പുസ്‍തകത്തിൽനിന്നു തന്നെ കണ്ടുപിടിക്കേണം.
ഇതുപോലുള്ള ചോദ്യങ്ങൾ നാം ചോദിച്ചു് അവയ്‍ക്കു് ഉത്തരം കണ്ടുപിടിക്കേണം. പലയാവൎത്തി ശ്രദ്ധയോടെ പുസ്‍തകം വായിച്ചാല്‍ ഇവ മനസ്സിലാക്കാം. പശ്ചാത്തലങ്ങൾ തന്നെ പല തരത്തിലുണ്ടു് — ചരിത്ര പശ്ചാത്തലം, സാഹിത്യ പശ്ചാത്തലം, മത-സാമൂഹീക സാംസ്‍കാരീക പശ്ചാത്തലം. ചില ഉദാഹരണങ്ങൾ സഹിതം ഇവയുടെ പ്രാധാന്യം ശ്രദ്ധിക്കാം.
മനുഷ്യ ചരിത്രത്തിൽ കാലാകാലങ്ങളായി ദൈവം ഇടപ്പെട്ടതിന്റെ തെളിവാണു് വിശുദ്ധ ബൈബിൾ. കെട്ടുകഥകളുടെ ഒരു സമാഹരണം അല്ല ബൈബിൾ. അതുകൊണ്ടു് ബൈബിളിൾ യഥാർത്ഥ സ്ഥലങ്ങളെ കുറിച്ചും ജീവിച്ചിരുന്ന വ്യക്തികളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും കാലങ്ങളെ കുറിച്ചും നാം വായിക്കുന്നു.
ചില വേദഭാഗങ്ങളിൽ ഭൂമിശാസ്‍ത്രപരമായ വിശദാംശങ്ങൾ നാം കാണുന്നു. ഭരണകൂടങ്ങളെ കുറിച്ചും പ്രകൃതി ദുരന്തങ്ങളെ കുറിച്ചും പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളെ കുറിച്ചും നാം വായിക്കുന്നു. ഈ വിവരങ്ങൾ വേദപുസ്‍തകത്തിന്റെ വിശ്വാസ്യത വൎദ്ധിപ്പിക്കുന്നതിനോടൊപ്പം അന്നു നടന്ന സംഭവങ്ങളെയും അന്നു ജീവിച്ചിരുന്ന വ്യക്തികളെയും കൂടുതൽ വ്യക്തതോടെ ഗ്രഹിക്കുവാൻ നമ്മെ സഹായിക്കുന്നു. അതുകൊണ്ടു് ബൈബിളിലെ ഒരു പുസ്‍തകം വായിക്കുമ്പോൾ അതിന്റെ ചരിത്ര പശ്ചാത്തലം അറിയുവാൻ നാം പരിശ്രമിക്കേണം. ഇതര മതസ്‍ഥർ അവരുടെ മതഗ്രന്ഥങ്ങൾ വായിക്കുമ്പോൾ ചരിത്രപശ്ചാത്തലം അന്വേഷിക്കാറില്ല. അവൎക്കു് അതിന്റെ ആവശ്യവുമില്ല. അവർ അവരുടെ ഗ്രന്ഥങ്ങൾ വായിക്കുന്നതുപോലെ നാം ബൈബിൾ വായിക്കരുതു്.നാം വായിക്കുന്ന പുസ്‍തകം എപ്പോൾ ഏതു് സാഹചര്യത്തിൽ എഴുതപ്പെട്ടു? പലപ്പോഴും പുസ്‍തകത്തിന്റെ ഉള്ളടക്കത്തിൽ നിന്നു തന്നെ ഇതുപോലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും. നാം വചനം വായിക്കുമ്പോൾ ചരിത്ര പശ്ചാത്തലം വെളിപ്പെടുത്തുന്ന ഏതെങ്കിലും കാൎയ്യങ്ങൾ വേദഭാഗത്തു് പറഞ്ഞിട്ടുണ്ടോ എന്നു ശ്രദ്ധിക്കേണം.
കൂടാതെ താഴെ കൊടുത്തിരിക്കുന്ന കാൎയ്യങ്ങൾ വചനത്തിൽ കണ്ടാൽ, അവയിൽ നിന്നും അന്നത്തെ കാലത്തെ കുറിച്ചും ചരിത്ര പശ്ചാത്തലത്തെ കുറിച്ചും കൂടുതൽ മനസ്സിലാക്കാം …
എന്നിത്യാദി സംഗതികൾ ശ്രദ്ധിക്കേണം. ഒരു ഗ്രന്ഥത്തിന്റെ അഥവാ വേദഭാഗത്തിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കുവാൻ ഇവ നമ്മെ സഹായിക്കും.
ഒരു പുസ്‍തകം എപ്പോൾ എഴുതപ്പെട്ടു എന്നറിയേണ്ട ആവശ്യമെന്തു് ? ഉദാഹരണത്തിനു് സുവിശേഷങ്ങൾ എപ്പോൾ രചിക്കപ്പെട്ടു? അവ ഒന്നാം നൂറ്റാണ്ടിൽ തന്നെ രചിക്കപ്പെട്ടിരുന്നു എങ്കിൽ അവയുടെ വിശ്വാസ്യത വൎദ്ധിക്കും എന്നതിൽ സംശയമില്ല. ദൃക്‍സാക്ഷികൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അവ എഴുതപ്പെട്ടിരിന്നു എങ്കിൽ യേശുവിനെ കുറിച്ചു് കൃത്യമായ വിവരങ്ങൾ സത്യസന്ധതയോടെ സുവിശേഷകന്മാർ രേഖപ്പെടുത്തി എന്നു് നമുക്ക് ചിന്തിക്കാം.
സുവിശേഷങ്ങൾ വളരെ താമസിച്ചാണു് എഴുതപ്പെട്ടതു് എന്നു വാദിക്കുന്ന വേദശാസ്‍ത്ര പണ്ഡിതന്മാരുമുണ്ടു്. ഒന്നോ രണ്ടോ തലമുറകൾ യേശുവിനെ കുറിച്ചുള്ള കഥകൾ വാമൊഴിയായി കൈമാറ്റപ്പെട്ടതിനു ശേഷം ആരോ അവ ക്രോടീകരിച്ചു് രേഖയാക്കി എന്നവർ അവകാശപ്പെടുന്നു. സുവിശേഷത്തിന്റെ വിശ്വാസ്യതയാണു് അവർ ചോദ്യം ചെയ്യുന്നതു്. യേശുവിനു ജന്മം നൽകുമ്പോൾ മറിയ വാസ്‍തവത്തിൽ ഒരു കന്യകയായിരുന്നോ? യേശു യഥാൎത്ഥത്തിൽ അത്ഭുതങ്ങൾ ചെയ്‍തോ? യേശു വാസ്‍തവത്തിൽ ഉയിർത്തെഴുന്നേറ്റോ? ‘ഇതെല്ലാം പിന്നീടു് വന്നവർ കഥയിൽ കൂട്ടിച്ചേൎത്തതല്ലേ?’ എന്നവർ ചോദിക്കുന്നു. സുവിശേഷങ്ങൾ എല്ലാം യേശുവിന്റെ സ്വൎഗ്ഗാരോഹണത്തിനു ശേഷം മുപ്പതു് അല്ലെങ്കിൽ മുപ്പത്തയഞ്ചു് വൎഷങ്ങൾക്കുള്ളിൽ എഴുതപ്പെട്ടവ ആണെങ്കിൽ ഇതുപോലുള്ള സംശയങ്ങൾക്കു് പ്രസക്തിയില്ല. യേശുവിന്റെ അമ്മയും ശിഷ്യരും ജീവിച്ചിരിക്കുമ്പോൾ അവരെ പറ്റി കെട്ടുകഥകൾ പ്രസിദ്ധീകരിക്കുവാൻ ആരും തുനിയുമായിരുന്നില്ല. അവരും പൊതുജനങ്ങളും അതിനോടു് പ്രതികരിക്കുമായിരുന്നു.
നാലു് സുവിശേഷകന്മാരും വിശ്വസ്‍തരായിരുന്നുവോ എന്നു മാത്രമല്ല, യേശുവിന്റെ വിശ്വാസ്യതയും പ്രധാനപ്പെട്ടതാണു്. യെറുശലേം ദേവാലയത്തിന്റെ തകൎച്ച യേശു പ്രവചിച്ചു എന്നു സുവിശേഷങ്ങളിൽ പറയുന്നു.1 അതിനോടൊപ്പം കഷ്ടതകളും പീഡനങ്ങളും വരും എന്നും യേശു തന്റെ ശിഷ്യന്മാൎക്കു മുന്നറിയിപ്പു് നൽകിയിരുന്നു. യെറുശലേം ദേവാലയം തകൎക്കപ്പെട്ടു കഴിഞ്ഞിട്ടു് സുവിശേഷകന്മാർ തന്ത്രപൂൎവ്വം മെനഞ്ഞെടുത്ത കഥകളായിരുന്നോ ആ പ്രവചനങ്ങൾ? അതോ അവ സംഭവിക്കുന്നതിനു മുമ്പ് തന്നെ ആ പ്രവചനങ്ങൾ അവർ രേഖപ്പെടുത്തിയിരുന്നോ?
യെറുശലേമിനെ കുറിച്ചുള്ള യേശുവിന്റെ പ്രവചനങ്ങൾ ക്രി. 67ാം ആണ്ടു മുതൽ നിറവേറി തുടങ്ങി. യുദ്ധ ശ്രുതികൾ കേട്ടു തുടങ്ങി. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിൎത്തു തുടങ്ങി. അവയെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമായിരുന്നു. റോമാ സൈന്യം യെറുശലേമിനെ വളയുന്നതു് കാണുമ്പോൾ യെറുശലേം വിട്ടു് യഹൂദ്യയിലെ മലകളിലേക്കു് ഓടി പോകണം എന്നു് യേശു തന്റെ ശിഷ്യരോടു് പറഞ്ഞിരുന്നു.2 അവർ അതു് അക്ഷരം പ്രതി അനുസരിച്ചു.
ക്രി. 70ൽ യെറുശലേം നഗരവും ദേവാലയവും തകൎക്കപ്പെട്ടപ്പോൾ നടന്ന കൂട്ടകുരുതിക്കു മുമ്പേ ക്രിസ്‍ത്യാനികൾ അവിടെ നിന്നു രക്ഷപ്പെട്ടിരുന്നു. യുസീബിയസ് രചിച്ച ചരിത്രം അതിനു സാക്ഷ്യം വഹിക്കുന്നു.3 സലാമീസിലെ എപിഫേനിയസും ക്രൈസ്‍തവരുടെ ഈ പുറപ്പാടിനെകുറിച്ചു പറയുന്നു.4 ക്രി. 67നു് മുമ്പു് ഈ സുവിശേഷങ്ങൾ രചിക്കപ്പെട്ടിട്ടില്ലായിരുന്നു എങ്കിൽ യേശുവിന്റെ മുന്നറിയിപ്പുകൾകൊണ്ടു് ആൎക്കു് എന്തു് പ്രയോജനം ഉണ്ടാകുമായിരുന്നു?
ഇത്ര വലിയ ഒരു സംഭവ പരമ്പര യഹൂദ്യയിൽ നടന്നിട്ടും പുതിയ നിയമത്തിന്റെ ഗ്രന്ഥകൎത്താക്കൾ അവയെ കുറിച്ചു് ഒന്നും എഴുതിയില്ല. എന്തുകൊണ്ടു് ? അവർ അതറിഞ്ഞിട്ടും എഴുതാതിരുന്നതല്ല. പുതിയ നിയമത്തിലെ എല്ലാ പുസ്‍തകങ്ങളും – വെളിപ്പാടു് പുസ്‍തകം ഉൾപ്പടെ – ക്രി. 67നു മുമ്പ് എഴുതപ്പെട്ടിരിന്നു. അതുകൊണ്ടു മാത്രമാണു് യെറുശലേമിന്റെ നാശത്തെ കുറിച്ചു് പുതിയ നിയമ പുസ്‍തകങ്ങൾ നിശബ്‍ദത പാലിക്കുന്നതു്.
പുതിയ നിയമത്തിലെ എല്ലാ പുസ്‍തകങ്ങളും – വെളിപ്പാടു് പുസ്‍തകം ഉൾപ്പടെ – ക്രി. 67നു മുമ്പ് എഴുതപ്പെട്ടിരിന്നു.
യഹൂദ രാഷ്‍ട്രം എന്ന “വൃക്ഷത്തിന്റെ ചുവട്ടിൽ” വച്ച കോടാലിയെ കുറിച്ചു മത്തായി എഴുതി.5 അതെഴുതിയതിന്നു ശേഷമാണു് ദൈവം ആ കോടാലി ഉപയോഗിച്ചതു്. ആ ന്യായവിധി നടന്നതായി മത്തായി എഴുതിയിട്ടുമില്ല. ഇതിൽനിന്നു് നാം എന്തു് മനസ്സിലാക്കേണം? ക്രി. 70നു മുമ്പു് മത്തായി സുവിശേഷം എഴുതപ്പെട്ടു. (“തലമുറ തലമുറയായി വാമൊഴിയായി കൈമാറ്റം ചെയ്‍ത കഥകൾ രണ്ടാം നൂറ്റാണ്ടിൽ ആരോ എഴുതിയപ്പോൾ രൂപപ്പെട്ടതാണു് സുവിശേഷങ്ങൾ” എന്നു പഠിപ്പിക്കുന്ന മഹാന്മാർ ഈ കാലത്തും ഉണ്ടു്. ക്രി. 63ൽ രചിക്കപ്പെട്ട മത്തായി സുവിശേഷത്തിന്റെ ഒരു തുണ്ട് ഓക്‍സഫോൎടു് സൎവ്വകലാശാലയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന വിവരം അവർ അറിഞ്ഞിട്ടുണ്ടാവില്ല.)
“വേഗത്തിൽ സംഭവിപ്പാനിരിക്കുന്ന കാൎയ്യങ്ങളെ” കുറിച്ചു് വെളിപ്പാടു് പുസ്‍തകത്തിൽ യോഹന്നാൻ എഴുതിയതു് വെറുതെയല്ല. ക്രി. 67 മുതൽ 70 വരെ മ്ശിഹായെ ത്യജിച്ച യഹൂദന്റെ മേൽ വരാനിരുന്ന കൊടിയ ന്യായവിധിയെ കുറിച്ചു ദൈവം തന്നെ കാണിച്ചു. ക്രി. 96ൽ വെളിപ്പാടു പുസ്‍തകം രചിക്കപ്പെട്ടു എന്നു ചിന്തിക്കുന്നവർ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു. “വേഗത്തിൽ സംഭവിപ്പാനിരുന്ന” സംഭവങ്ങൾക്കായി രണ്ടായിരം വൎഷങ്ങൾക്കു ശേഷവും അവർ കാത്തിരിക്കുന്നു.
യോഹന്നാന്റെ സുവിശേഷവും ക്രി. 70നു മുമ്പ് എഴുതപ്പെട്ടതാണു്. യെറുശലേമിന്റെ നാശത്തിനു ശേഷം രചിക്കപ്പെട്ട ഒരു പുസ്‍തകത്തിൽ “യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു്; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു് ” എന്നു് ആരെങ്കിലും എഴുതുമായിരുന്നുവോ? ഒരു കുളവും മണ്ഡപവും “ഉണ്ടായിരുന്നു” എന്നല്ല “ഉണ്ടു് ” എന്നാണു് യോഹന്നാൻ എഴുതിയതു്. ക്രി. 67നു മുമ്പ് യോഹന്നാന്റെ സുവിശേഷവും എഴുതപ്പെട്ടിരിന്നു എന്നു ഉറപ്പിക്കാം.
ബൈബിളിലെ പുസ്‍തകങ്ങൾ അവ എഴുതപ്പെട്ട സമയത്തിന്റെ ക്രമത്തിലല്ല ക്രമീകരിച്ചിരിക്കുന്നതു്. പുതിയ നിയമത്തിലും അങ്ങനെ തന്നെ — ആദ്യം എഴുതപ്പെട്ട പുസ്‍തകം ആദ്യം എന്ന ക്രമത്തിലല്ല നാം കാണുന്നതു്. പൗലൊസിന്റെ ലേഖനങ്ങൾ അവയുടെ വലുപ്പം അനുസരിച്ചാണു് ക്രമീകരിക്കപ്പെട്ടിരിക്കുന്നതു് ! ഏറ്റവും ദൈൎഘ്യമുള്ള റോമാ ലേഖനം ആദ്യം. ഏറ്റവും ചെറിയ ഫിലമോന്റെ ലേഖനം ഏറ്റവും അവസാനം.
പുസ്‍തകങ്ങൾ എഴുതപ്പെട്ട സമയവും ക്രമവും അറിഞ്ഞു് ആ ക്രമത്തിൽ നാം അവ വായിച്ചാൽ വളരെ പ്രയോജനമുണ്ടു്. ഉദാഹരണത്തിനു, യോഹന്നാൻ തന്റെ സുവിശേഷം രചിച്ച സമയത്തു് മറ്റു മുന്നു സുവിശേഷങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. അവയിൽ ഉൾപ്പെടുത്താത്ത അനേക വ്യത്യസ്ത സംഭവങ്ങളാണു് യോഹന്നാൻ തന്റെ സുവിശേഷത്തിൽ ഉൾപ്പെടുത്തിയതു്. കാനായിലെ കല്യാണം, നിക്കോദിമോസുമായുള്ള സംഭാഷണം, പിന്നീടു് ശമൎയ്യക്കാരി സ്‍ത്രീയുമായുള്ള യേശുവിന്റെ സംഭാഷണം, പിറവിയിലെ കുരുടനായവന്നു കാഴ്ച കൊടുത്തതു്, ലാസറിന്റെ ഉയിൎപ്പു്, ബെഥാന്യയിൽ വച്ചു് മറിയ നടത്തിയ തൈലാഭിഷേകം, യേശുവിന്റെ മദ്ധ്യസ്ഥ പ്രാൎത്ഥന എന്നിത്യാദി അനേക സംഭവങ്ങൾ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ നാം കാണുന്നുള്ളൂ.
മറ്റു മുന്നു സുവിശേഷങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന ചില കാൎയ്യങ്ങൾ യോഹന്നാൻ വിട്ടു കളഞ്ഞു. യേശുവും ശിഷ്യന്മാരും അവസാനമായി ആചരിച്ച പെസഹ വിരുന്നിന്റെ വിശദാംശങ്ങൾ യോഹന്നാൻ തന്റെ സുവിശേഷത്തിൽ ഉൾക്കൊള്ളിച്ചില്ല. പക്ഷേ യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയ സംഭവം യോഹന്നാനല്ലാതെ വേറെ ആരും എഴുതിയില്ല. എന്നാൽ യേശു എന്ന ജീവനുള്ള അപ്പത്തെ കുറിച്ചു യോഹന്നാൻ ആറാം അദ്ധ്യായത്തിൽ വളരെ വാക്കുകൾ ഉപയോഗിച്ചു വിവരിച്ചു. മത്തായി, മൎക്കൊസ്, ലൂക്കോസ് എന്നീ മുന്നു സുവിശേഷങ്ങളെ കുറിച്ചും യോഹന്നാനു് അറിവുണ്ടായിരുന്നു എന്നു ഇതിനാൽ ചിന്തിക്കാം. ഇതു പോലുള്ള കാൎയ്യങ്ങൾ ഒരോ പുസ്‍തകത്തെ കുറിച്ചും മനസ്സിലാക്കുവാൻ അവ എഴുതപ്പെട്ട സമയം നാം അറിഞ്ഞിരിക്കേണം.
വചനത്തിൽ ഒരു സംഭാഷണത്തിന്റെ ഒരു ഭാഗം വായിച്ചാൽ ചില ചോദ്യങ്ങൾ നാം ചോദിക്കേണം. ആരു് ആരോടു് പറഞ്ഞു? എപ്പോൾ പറഞ്ഞു? ആരെ കുറിച്ചു പറഞ്ഞു? എന്തുകൊണ്ടു് പറഞ്ഞു? യഹൂദർ സമയത്തെയും ദിവസങ്ങളെയും എപ്രകാരം കണക്കാക്കി എന്നു് അറിയേണ്ടതും അനിവാര്യമാണു്. ഒരു ദിവസം എപ്പോൾ ആരംഭിക്കുന്നു? എപ്പോൾ അവസാനിക്കുന്നു?
ചില ദൈവദാസന്മാർ ഇപ്രകാരം പഠിപ്പിക്കുന്നതു് കേട്ടിട്ടില്ലേ?
“ആദിമ സഭ കൂടി വന്നപ്പോഴൊക്കെയും അവർ കൎത്തൃമേശ ആചരിച്ചിരുന്നു. അവർ ആഴ്‍ചവട്ടത്തിന്റെ ഒന്നാം ദിവസമാണ്, അതായതു് ഞായറാഴ്‍ചയാണു്, ആരാധനയ്‍ക്കായി കൂടി വന്നിരുന്നതു്. അവരുടെ ആരാധന യോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം കൎത്തൃമേശ ആയിരുന്നു. അതുകൊണ്ടാണു് അവർ ‘അപ്പം നുറുക്കുവാൻ കൂടി വന്നു’ എന്ന് അപ്പൊസ്‍തല പ്രവൃൎത്തികൾ 20:7ൽ പറഞ്ഞിരിക്കുന്നതു്.”
സുവിശേഷ വിഹിത സഭകളിൽ ഇപ്രകാരം ഒരു പ്രസംഗം കേൾക്കാത്തവർ കാണില്ല. അവരുടെ ഈ ഉപദേശത്തിൽ പല കാൎയ്യങ്ങൾ പ്രതിപാദിക്കപ്പെടുന്നുണ്ടു്.
വചനം വായിക്കുമ്പോൾ ശ്രദ്ധയോടെ നിരീക്ഷിച്ചാൽ ഈ ഉപദേശം ശരിയാണോ എന്ന് തിരിച്ചറിയാം.
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൌലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി. ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കു ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൌവനക്കാരൻ കിളിവാതിൽക്കൽ ഇരുന്നു ഗാഢനിദ്ര പിടിച്ചു, പൌലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു. പൌലൊസ് ഇറങ്ങിച്ചെന്നു അവന്റെമേൽ വീണു തഴുകി: ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു എന്നു പറഞ്ഞു. പിന്നെ അവൻ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി. അവർ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു. — പ്രവൃൎത്തികൾ 20:7-12
ഈ വേദഭാഗത്തിന്റെ മുഖ്യവിഷയം അപ്പം നുറക്കലോ പൗലൊസിന്റെ പ്രസംഗമോ അല്ല. കെട്ടിടത്തിന്റെ മൂന്നാം തട്ടിൽ നിന്നു താഴെ വീണു മരിച്ച ഒരാളെ പൗലൊസ് ഉയിൎത്തെഴുനേൽപ്പിച്ചു. അതാണു് പ്രാധാന വിഷയം. ഈ അത്ഭുതം എപ്പോൾ സംഭവിച്ചു? “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ …” സമയത്തെ കുറിക്കുക എന്ന കൎത്തവ്യമാണു് ഈ വാക്യശകലം നിൎവഹിക്കുന്നതു്.
ഏതാണു് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം? യഹൂദന്റെ ദിവസം ആരംഭിക്കുന്നതു് സൂൎയ്യാസ്‍തമനത്തിലാണു്. ശനിയാഴ്‍ച സന്ധ്യ മുതൽ ഞായർ സന്ധ്യ വരെയാണു് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം. ആ സമയത്തിനുള്ളിൽ എപ്പോഴാണു് അവർ കൂടി വന്നതു് ? ശനിയാഴ്‍ച സന്ധ്യയ്‍ക്കു്. ശനിയാഴ്‍ച സന്ധ്യ മുതൽ ഞായർ സന്ധ്യ വരെയുള്ള സമയത്തുനുള്ളിൽ ഒരു രാത്രി മാത്രമേയുള്ളൂ. അതു് ശനിയാഴ്‍ച രാത്രിയാണു്.
ശനിയാഴ്‍ച സന്ധ്യയ്‍ക്കു് അവർ കൂടി വന്നു എന്നു് കാണിക്കുന്ന മറ്റൊരു കാൎയ്യം കൂടിയുണ്ടു്. “ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കു ഉണ്ടായിരുന്നു.” പൗലൊസിന്റെ പ്രസംഗം നീണ്ടു പോയതുകൊണ്ടു് ഒരു യൌവനക്കാരൻ ജനലിലൂടെ ഉറങ്ങി താഴെ വീണു മരിച്ചു. ആ സഹോദരനെ ഉയിൎപ്പിച്ചിട്ടു് അവർ വീട്ടിൽ കയറി ചെന്നു “അപ്പം നുറുക്കി തിന്നു.” ഞായറാഴ്‍ചയാണു് ക്രിസ്‍ത്യാനികൾ ആരാധനയ്‍ക്കു് കൂടി വേരേണ്ടതു് എന്നോ ഞായറാഴ്‍ചയാണു് കൎത്തൃദിവസം എന്നോ ബൈബിളിൽ എങ്ങും എഴുതിയിട്ടില്ല.
യഹൂദൻ “അപ്പം നുറുക്കി” എന്നു് പറഞ്ഞാൽ ദൈവത്തോടു് നന്ദി പറഞ്ഞു ഭക്ഷണം കഴിച്ചു എന്നാണൎത്ഥം—മലയാളികൾ പലരും പ്രാതലിനെ കുറിച്ചു് പറയുമ്പോൾ “കാപ്പി കുടിച്ചു” എന്നു് പറയുന്നതു് പോലെ. കാപ്പിക്കു് പകരം കട്ടൻചായ ആയിരിക്കും കുടിച്ചതു്. കൂടെ പുട്ടും കടലയും. എന്നാലും മൊത്തത്തിൽ “കാപ്പി കുടിച്ചു” എന്നേ പറയാറുള്ളൂ. ഇതുപോലെയാണു് “അപ്പം നുറുക്കും.”
ഏതു സമയത്തും ഭക്ഷണം കഴിക്കുന്നതിനു മുമ്പ് യഹൂദന്മാരുടെ ഇടയിൽ കുടുംബനാഥൻ ഒരു അപ്പം എടുത്തു് ഇപ്രകാരം ദൈവത്തെ സ്‍തുതിക്കുന്നു, “അഖിലാണ്ഡതിന്റെ രാജാവും ഞങ്ങളുടെ ദൈവവുമായ യഹോവേ, ഭൂമിയിൽ നിന്നു് അപ്പം ഉളവാക്കിയ അങ്ങ് വാഴ്‍ത്തപ്പെട്ടവൻ.” അതിനു ശേഷം അപ്പം നുറുക്കുന്നു. ഇപ്രകാരം ഭക്ഷണം കൈകളിൽ എടുത്തു് ദൈവത്തെ വാഴ്‍ത്തുന്നതിനെയാണു് “അപ്പം നുറുക്കുക” എന്നതുകൊണ്ടു് അൎത്ഥമാക്കുന്നതു്. എല്ലാ യഹൂദന്മാരും അതു് അനുഷ്ഠിച്ചിരുന്നു. അതുപോലെ തന്നെ എപ്പോൾ വീഞ്ഞു കുടിച്ചാലും ദൈവത്തെ ഉചിതമായി അവർ വാഴ്‍ത്തും. അപ്പം മുറിച്ചുകൊണ്ടാണു് യഹൂദർ കഴിപ്പു് തുടങ്ങുന്നതു്. “അപ്പം നുറുക്കുമ്പോൾ” അപ്പം അല്ലാതെ മറ്റൊന്നും അവർ കഴിച്ചിരുന്നില്ല എന്നു് ചിന്തിക്കരുതു്. വീഞ്ഞും മാംസവും മീനും പഴങ്ങളും മറ്റനവധി വിഭവങ്ങൾ മേശമേൽ കാണും. അല്ലാതെ ഒരു മുറി അപ്പവും അര ഗ്ലാസ്സ് മുന്തിരിചാറും മാത്രമല്ല. നമ്മുടെ നാട്ടിൽ ചോറും മോരും ഇല്ലാത്ത ഊണു് ഇല്ലാത്തതു പോലെ അവരുടെ ഇടയിൽ അപ്പവും യഥാർഥ വീഞ്ഞും സർവ്വ സാധാരണമായിരുന്നു.
നിത്യേനയുള്ള തീറ്റിയും കുടിയും “കൎത്തൃ മേശ” എന്ന കൂദാശയായിരുന്നു എന്നു് ചിലർ തെറ്റിദ്ധരിച്ചു. “ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാൎത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും … ചെയ്‍തു.” അവിടെ പറഞ്ഞിരിക്കുന്നതു് “കൎത്തൃമേശ” എന്ന കൂദാശയെ കുറിച്ചായിരുന്നെങ്കിൽ ദേവാലയത്തിൽ കൂടി വന്നപ്പോൾ അവർക്കു് അതു് അവിടെ വച്ചു് നടത്താമായിരുന്നില്ലേ? എന്തുകൊണ്ടു് “വീട്ടിൽ അപ്പം നുറുക്കി”? അവർ അക്കാലത്തു് ദേവാലയത്തിലാണു് പ്രാൎത്ഥനയ്‍ക്കായി കൂടി വന്നു കൊണ്ടിരുന്നത്. ഭക്ഷണം കഴിക്കുവാൻ അവർ വീടുകളിലേക്ക് മടങ്ങി പോകുമായിരുന്നു. അതുകൊണ്ടാണു് “വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയ പരമാൎത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും … ചെയ്‍തു” എന്നു് എഴുതിയിരിക്കുന്നതു്. എന്നിട്ടും ആദിമ സഭയിലെ വിശ്വാസികളുടെ ദൈനംദിനമുള്ള തീറ്റിയും കുടിയും (“അപ്പം നുറുക്കൽ”) ചിലരുടെ “അടിസ്ഥാന” ഉപദേശങ്ങളുടെ പട്ടികയിൽ ഇടം നേടി! “ഉല്ലാസവും ഹൃദയപരമാൎത്ഥതയും” വിട്ടു കളഞ്ഞു!
സന്ദർഭത്തിൽ നിന്നു അടൎത്തിയെടുത്ത വാക്യശകലങ്ങൾ ഉപയോഗിച്ചു് എത്രയോ ഭയാനകമായ രീതിയിലാണു് വചനം ദുഃൎവ്യാഖ്യാനം ചെയ്യപ്പെടുന്നതു് ! അപ്രകാരം കെട്ടിപടുത്ത ഉപദേശങ്ങളും പ്രസംഗങ്ങളും മലയാളി സഭകളിൽ സൎവ്വസാധാരണമാണു്. ഇതുപോലുള്ള വാക്യങ്ങളുടെ പരമ്പരയാണു് പലരും അവരുടെ ഉപദേശങ്ങളുടെ ‘തെളിവുകൾ’ ആയി നിരത്തുന്നതു്. വേദവിദ്യാലയങ്ങളിൽ ദൈവശാസ്‍ത്രം അഭ്യസിച്ചു എന്നവകാശപ്പെടുന്നവരുടെ കാൎയ്യം ഇങ്ങനെ ആണെങ്ങിൽ അല്ലാത്തവരുടെ കാൎയ്യം പറയേണ്ടതില്ലല്ലോ.
ഓരോ പുസ്‍തകത്തിനും അതിന്റെതായ സാമൂഹീക-രാഷ്ട്രീയ-ചരിത്ര പശ്ചാത്തലങ്ങൾ ഉള്ളതു് പോലെ ഓരോ വാക്യത്തിനും വേദഭാഗത്തിനും അവയുടേതായ സാഹിത്യ സന്ദർഭം അഥവാ സാഹിത്യ പശ്ചാത്തലം ഉണ്ടു്.
ഒരു വേദഭാഗത്തു് പറഞ്ഞിരിക്കുന്ന കാൎയ്യം മനസ്സിലാകണമെങ്കിൽ
ഉദാഹരണത്തിന്നു് യെശ്ശയ്യാവു് 34:16 ശ്രദ്ധിക്കുക —
യഹോവയുടെ പുസ്‍തകത്തിൽ അന്വേഷിച്ചു് വായിച്ചു് നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.
ഈ വാക്യത്തിന്റെ സാഹിത്യ പശ്ചാത്തലം മനസ്സിലാക്കാത്തതു് കൊണ്ടാണു് ചിലർ ഇങ്ങനെ പഠിപ്പിക്കുന്നത് :
“വേദപുസ്‍തകത്തിൽ ഇല്ലാത്ത ഒരു കാൎയ്യവും ഇല്ല. ഓരോ വാക്യത്തിനും ഇണയായ ഒരു ഒത്തു വാക്യം കാണും. വാക്യങ്ങളെയെല്ലാം ദൈവാത്മാവു് കൂട്ടി വരുത്തിയതായതുകൊണ്ടു് എല്ലാം കൃത്യമായിരിക്കും.”
അതിനു് മുമ്പുള്ള വാക്യങ്ങൾ വായിച്ചാല്‍ നമുക്കു് അൎത്ഥം മനസ്സിലാകും. അവിടെ പറഞ്ഞിരിക്കുന്നതു് വാക്യങ്ങളെ കുറിച്ചല്ല. മൃഗങ്ങളെ കുറിച്ചാണു് ! മുമ്പും പിമ്പും നോക്കാതെ എത്രയോ വാക്യങ്ങൾ നാം ദുർവ്യാഖ്യാനം ചെയ്യുന്നു!
മറ്റൊരു ഉദാഹരണം. യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം ആരംഭിക്കുന്നത് ഇപ്രകാരമാണു് :
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിൽ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവൻ കള്ളനും കവൎച്ചക്കാരനും ആകുന്നു. വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു. അവന്നു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും. ഈ സാദൃശ്യം യേശു അവരോടു പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞതു ഇന്നതു എന്നു അവർ ഗ്രഹിച്ചില്ല. — 10:1-6
ഒരു പുതിയ അദ്ധ്യായമായതുകൊണ്ടു് യേശു ഏതോ പുതിയ കാൎയ്യം പറഞ്ഞു തുടങ്ങി എന്നാണു് പലരും ചിന്തിക്കുന്നതു്. അതനുസരിച്ചു് പഠിപ്പിക്കുന്നവരും പ്രസംഗിക്കുന്നവരും ഉണ്ടു്. പക്ഷേ, യോഹന്നാൻ അവിടെ “പത്താം അദ്ധ്യായം” എന്നൊന്നും അക്കമിട്ടു് അദ്ധ്യായ വിഭജനം നടത്തിയില്ലല്ലോ. അതുകൊണ്ടു് പത്താം അദ്ധ്യായം മനസ്സിലാകണമെങ്കിൽ ഒൻപതാം അദ്ധ്യായം വായിച്ചു് അതിലെ “ഇടയന്മാരെ” ശ്രദ്ധിക്കേണം. സാഹിത്യ പശ്ചാത്തലമാണതു്.
ഇടയൻ എന്ന വാക്കുകൊണ്ടു് യഹൂദർ എന്തു് മനസ്സിലാക്കി എന്നറിയണമെങ്കിൽ അവരുടെ ഭാഷ, ചരിത്രം, എന്നീ സന്ദൎഭങ്ങളും നാം അറിയണം. വേദപുസ്‍തകത്തിൽ വേറെ എവിടെയെല്ലാം “ഇടയൻ” എന്ന വാക്കു് ഉപയോഗിച്ചിട്ടുണ്ടു് എന്നും പഠിക്കേണം.
സമൂഹത്തിലെ അധികാരികളെയാണു് യഹൂദന്മാർ ഇടയന്മാരായി കണ്ടിരുന്നതു്. രാജാക്കന്മാർ, മത നേതാക്കൾ, എന്നിങ്ങനെയുള്ള ഇടയന്മാൎക്കു് സംഭവിച്ച വീഴ്‍ചകളെ കുറിച്ചു് യെഹസ്‍ക്കേൽ പ്രവാചകൻ മുപ്പത്തിനാലാം അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ടു്. അതുപോലുള്ള ചില വീഴ്‍ചകൾ യോഹന്നാന്റെ സുവിശേഷം ഒൻപതാം അദ്ധ്യായത്തില്‍ കാണാം. അതിന്റെ വെളിച്ചത്തിൽ വേണം “ഞാൻ നല്ല ഇടയനാകുന്നു” എന്ന യേശുവിന്റെ വാക്കുകളെ വിലയിരുത്തുവാൻ.
ജനനം മുതൽ അന്ധനായിരുന്ന ഒരു വ്യക്തിക്കു് യേശു കാഴ്ച കൊടുത്തപ്പോൾ യഹൂദ സമുഹത്തിലെ മത നേതാക്കന്മാരായ ഇടയന്മാർ അവനെ വിസ്‍തരിച്ചു. യേശുവിനെ നേരിൽ കണ്ടിട്ടില്ലാത്ത ആ നല്ല മനുഷ്യൻ തനിക്കു് സൗഖ്യം തന്നയാൾ ഒരു പ്രവാചകനാണു് എന്ന സാക്ഷ്യത്തിൽ ഉറച്ചു നിന്നു. അതുകൊണ്ടു് ആ ദുഷ്‍ടന്മാരായ ഇടയന്മാർ അദ്ദേഹത്തെ അവരുടെ പള്ളിയിൽനിന്നു പുറത്താക്കി വിലക്കു കൽപ്പിച്ചു. ഉടനെ യേശു ആ “ആടിനെ” തേടി അവിടെ എത്തി തന്നെതാൻ ആ മനുഷ്യനു വെളിപ്പെടുത്തികൊടുത്തു. ആ സംഭവത്തെ തുടൎന്നാണു് യേശു താനാണു് “നല്ല ഇടയാൻ” എന്നു് അവകാശപ്പെട്ടതു്.
സാഹിത്യ പശ്ചാത്തലത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന മറ്റൊരു ഉദാഹരണം.
“സ്‍നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്‍തു എന്നെ അയച്ചതു …”6
ഈ വാക്യം വായിച്ചിട്ടു് പലരും ഇപ്രകാരം പഠിപ്പിക്കുന്നതു് ശ്രദ്ധയിൽ പെട്ടിട്ടുണ്ടു് :
സന്ദൎഭത്തിൽനിന്നു അടൎത്തിയെടുത്ത ഒരു വാക്യം വായിച്ചിട്ടു് നിലപാടുകൾ സ്വീകരിക്കുന്നതിനു പകരം വാക്യത്തിന്റെ സാഹിത്യ പശ്ചാത്തലം നാം പരിശോധിക്കേണം. അതിനു മുമ്പും അതിനും ശേഷവും ലേഖന കൎത്താവായ പൗലൊസ് എന്താണു് പറഞ്ഞിരിക്കുന്നതു് ?
“നിങ്ങളിൽ ഓരോരുത്തൻ: ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്‍തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നുപോൽ. ക്രിസ്‍തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്‍നാനം ഏറ്റുവോ?
“എന്റെ നാമത്തിൽ ഞാൻ സ്‍നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്‍നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്‍തോത്രം ചെയ്യുന്നു. സ്‍തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്‍നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്‍നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓൎക്കുന്നില്ല.” – 1 കൊരിന്ത്യർ 1:12-16
കൊരിന്തിലെ സഭ വിഭജിക്കപ്പെട്ടിരുന്നു. അവൎക്കു് ഇഷ്ടമുള്ള നേതാക്കളുടെ പേരിൽ ഓരോരുത്തരും പുകഴ്‍ന്നു. അവർ കക്ഷി തിരിഞ്ഞു തമ്മിൽ തമ്മിൽ പോർ വിളിച്ചു. ഐക്യതയില്ലാത്ത ഒരു സഭയെ ഒരുമിപ്പിക്കുവാൻ ക്രിസ്‍തുവിനു മാത്രമേ സാധിക്കൂ. ക്രിസ്‍തുവാണു് എല്ലാവൎക്കും വേണ്ടി മരിച്ചതു്. ആ മരണത്തോടു് ഏകീഭവിക്കുവാൻ ക്രിസ്‍തുവിന്റെ നാമത്തിലാണു് അവർ എല്ലാവരും സ്‍നാനപ്പെട്ടതു്. ക്രിസ്‍തുവിലുള്ള വിശ്വാസവും സ്‍നാനവും സഭയുടെ ഐക്യത്തിന്റെ മൂലകല്ലുകളാണു്. അതുകൊണ്ടു് പൗലൊസ് അവരെ അവരുടെ സ്‍നാനത്തെ കുറിച്ചു് ഓൎമ്മിപ്പിച്ചു.
അവരിൽ ചിലർ “ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ” എന്നു പറഞ്ഞു. അപ്രകാരം ഒരു കക്ഷി രൂപീകരിക്കുന്നതിൽ തനിക്കു പങ്കില്ലായിരുന്നു എന്നു തെളിയിക്കുവാൻ പൗലൊസ് ആഗ്രഹിച്ചു. അതുകൊണ്ടു് പൗലൊസ് അവരോടു് ചോദിച്ചു, “പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്‍നാനം ഏറ്റുവോ?” ഉത്തരം പ്രതീക്ഷിച്ചുകൊണ്ടുള്ള ചോദ്യങ്ങളല്ല ഇവ. അവരിൽ ആരും “അതെ, പൗലൊസ് തന്റെ സ്വന്ത നാമത്തിലാണു് എന്നെ സ്‍നാനപ്പെടുത്തിയതു് ” എന്നു് പറയേണ്ട സാഹചര്യമില്ല. അവർ എല്ലാവരും യേശുവിന്റെ നാമത്തിലാണു് സ്‍നാനപ്പെട്ടതു് എന്നതു് എല്ലാവൎക്കും അറിയാം.
അഥവാ ആരെങ്കിലും ഭോഷ്‍ക പറഞ്ഞാലോ? മറിച്ചു് അവരിൽ ആൎക്കെങ്കിലും സ്‍നാനപ്പെടുത്തിയ അപ്പൊസ്‍തലനോടു് പ്രത്യേക കൂറു് തോന്നിയിരുന്നെങ്കിലോ? അപ്രകാരം അവൎക്കു തോന്നാൻ പൗലൊസ് അവരിൽ ആരെ എങ്കിലും സ്‍നാനപ്പെടുത്തിയിരുന്നോ? ഉവ്വു്, വിരലിൽ എണ്ണാവുന്ന ചിലരെ മാത്രം — ക്രിസ്പൊസിനെയും ഗായൊസിനെയും സ്‍തെഫാനോസിന്റെ കുടുംബത്തെയും പൗലൊസ് ആണു് സ്‍നാനപ്പെടുത്തിയതു്. രാഷ്ട്രീയത്തിലെ ഗ്രൂപ്പുകൾ പോലെ ഭിന്നിച്ചിരിക്കുന്ന ഒരു സഭയിൽ കൂടുതൽ ആരെയും അദ്ദേഹം സ്‍നാനപ്പെടുത്താതിരുന്നതും നന്നായി എന്നു പൗലൊസ് ചിന്തിച്ചു കാണും. ചുരുക്കം ചിലരെ “ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്‍നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്‍തോത്രം ചെയ്യുന്നു” എന്നു പൗലൊസ് പറയാനുള്ള സാഹചൎയ്യം അതായിരുന്നു.
സ്‍നാനം അപ്രധാനമാണു് എന്നല്ല പൗലൊസ് പറയുന്നതു്. ആരു് സ്‍നാനപ്പെടുത്തി എന്നുള്ളതു് അപ്രധാനമാണു്. സുവിശേഷം അറിയിക്കുക എന്നതായിരിക്കേണം നമ്മുടെ ദൗത്യം. വിശ്വാസത്തിൽ വരുന്നവരെ സഭയിലുള്ള ഏതൊരു വിശ്വാസിക്കും സ്‍നാനപ്പെടുത്താം. അവർ യേശുവിന്റെ മരണത്തോടു് ഏകീഭവിക്കുവാൻ സ്‍നാനപ്പെട്ടു എന്നതാണു് പ്രധാനം. ആരുടെ കൈക്കീഴിൽ സ്‍നാനപ്പെട്ടു എന്നതിന്നു് ഒരു മഹത്വവുമില്ല.7 അതാണു് ഈ വേദഭാഗത്തിലൂടെ അപ്പൊസ്‍തലനായ പൗലൊസ് കൊരിന്ത്യൎക്കു നൽകുവാൻ ഉദ്ദേശിച്ച സന്ദശം. ഇതേ ആശയത്തെ അരക്കിട്ടുറപ്പിക്കുന്ന മറ്റു ചില വാചകങ്ങൾ കൂടി അപ്പൊസ്‍തലൻ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്.
“അപ്പൊല്ലോസ് ആർ? പൌലൊസ് ആർ? തങ്ങൾക്കു കൎത്താവു നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീൎന്ന ശുശ്രൂഷക്കാരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല. നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും.” – 1 കൊരിന്ത്യർ 3:5-8
“ആകയാൽ ആരും മനുഷ്യരിൽ പ്രശംസിക്കരുതു; സകലവും നിങ്ങൾക്കുള്ളതല്ലോ. പൌലൊസോ, അപ്പൊല്ലൊസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളതു. നിങ്ങളോ ക്രിസ്‍തുവിന്നുള്ളവർ; ക്രിസ്‍തു ദൈവത്തിന്നുള്ളവൻ.” – 1 കൊരിന്ത്യർ 3:21-23
“ഞാൻ ഇത്രപേരെ സ്‍നാനപ്പെടുത്തി” എന്നു് വീമ്പിളക്കുന്ന ശുശ്രൂഷകരും “എന്നെ ഇന്നാരാണു് സ്‍നാനപ്പെടുത്തിയതു് ” എന്നു് പുകഴുന്ന വിശ്വാസികളും കൊരിന്ത്യ ലേഖനത്തിലെ ഈ സന്ദേശം ഉൾക്കൊണ്ടിരുന്നെങ്കിൽ! സ്‍നാനപ്പെടുത്തിയതുകൊണ്ടു് അവകാശം പറഞ്ഞു വരുന്നവരല്ലേ പല പാസ്റ്റർമാരും അവരുടെ സംഘടനകളും? “ഞാനാണു് നിങ്ങളെ സ്‍നാനപ്പെടുത്തിയതു്. അതുകൊണ്ടു് നിങ്ങൾ എനിക്കുള്ളവരാണു്. നിങ്ങൾ എന്റെ സഭയിലെ അംഗങ്ങൾ ആണു്. നിങ്ങളുടെ സംഭാവനകളും ദശാംശവും മറ്റെങ്ങും കൊടുക്കരുതു്. ” (“നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ … തിരു നാമവും ധരിച്ചു ചെയ്യും വിക്രയകൾ!”)
“കഴിയുന്നത്ര പേരെ സ്‍നാനപ്പെടുത്തുവാനല്ല, സുവിശേഷ ഘോഷണത്തിലൂടെ കഴിയുന്നത്ര പേരെ സ്‍നാനത്തിലേക്കു് നയിക്കുവാനാണു് ” ക്രിസ്‍തു എന്നെ വിളിച്ചതു് എന്നാണു് അപ്പൊസ്‍തലനായ പൗലൊസ് പറഞ്ഞതിന്റെ സാരം. ആരു സ്‍നാനപ്പെടുത്തി എന്നല്ല പ്രധാനം. ആരു സ്‍നാനപ്പെടുത്തിയാലും നാം ഓരോരുത്തരും ക്രിസ്‍തുവിനുള്ളവരാണു്. മാനുഷീക മുഖാന്തരങ്ങളെ ആരാധിക്കരുതു്.
ഒരു പുസ്‍തകത്തിന്നു മൊത്തത്തിൽ ഒരു സാഹിത്യ പശ്ചാത്തലം കാണും. ഒരു പുസ്‍തകത്തിന്റെ ഗ്രന്ഥകൎത്താവു് രചിച്ച മറ്റു പുസ്‍തകങ്ങൾ ബൈബിളിൽ ഉണ്ടെങ്കിൽ അവയുടെ പശ്ചാത്തലത്തിൽ വേണം നാം ആ പുസ്‍തകം വായിക്കുവാൻ. ഒരേ കാലഘട്ടത്തിൽ രചിക്കപ്പെട്ട പുസ്‍തകങ്ങളും സാഹിത്യ പശ്ചാത്തലമായി കണക്കാക്കപ്പെടാം.
പുതിയ നിയമത്തിലെ ഒരോ പുസ്‍തകത്തിന്റെ സാഹിത്യ പശ്ചാത്തലമായി ഏബ്രായ തിരുവെഴുത്തുകൾ നിലകൊള്ളുന്നു. ആ തിരുവെഴുത്തുകളെ തിരിച്ചറിയാത്തവൎക്കു് പുതിയ നിയമ ഗ്രന്ഥങ്ങൾ പൂൎണ്ണ ആളവിൽ ഗ്രഹിക്കുവാൻ സാധ്യമല്ല. ഉദാഹരണത്തിനു, ഏബ്രായ തിരുവെഴുത്തുകൾ തീരെ അറിയാത്ത ഒരു വായനക്കാരന്നു യോഹന്നാന്റെ സുവിശേഷത്തിലെ ഒട്ടുമിക്ക കാൎയ്യങ്ങളും മനസ്സിലാകില്ല.
യോഹന്നാന്റെ സുവിശേഷത്തിലെ ഒന്നാം അദ്ധ്യായത്തിലെ ഈ വാക്യങ്ങൾ ശ്രദ്ധിച്ചാലും. അവ ഒരോന്നിനും ഏബ്രായ തിരുവെഴുത്തുകളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുണ്ടു്. യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നതു തന്നെ “ആദിയിൽ വചനം ഉണ്ടായിരുന്നു” എന്നു പ്രഖ്യാപിച്ചു കൊണ്ടാണു്. അതു് വായിക്കുന്ന യഹൂദനു് ഉത്പത്തി 1:1ലെ “ആദിയിൽ ദൈവം …” എന്ന വാക്യത്തിന്റെ ധ്വനി കേൾക്കാതിരിക്കാൻ സാധിക്കുമോ? അതുപോലെ അനേക വാക്യങ്ങളും വാക്കുകളും ആ സുവിശേഷത്തിൽ നമുക്കു് കാണാം.
“ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നു കൊണ്ടിരുന്നു.” 1:9
“അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.” 1:11
“ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു …” 1:17a
“പിന്നെ എന്തു? നീ ഏലീയാവോ … നീ ആ പ്രവാചകനോ? …” 1:20
“യെശയ്യാ പ്രവാചകൻ പറഞ്ഞതുപോലെ … മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു …” 1:23
“ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു.” 1:29
“ഫിലിപ്പൊസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു …” 1:45
“നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു …” 1:49
“ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വൎഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും …” 1:49
ഏബ്രായ തിരുവെഴുത്തുകൾ നന്നായി അറിയാതെ ഒന്നാം അദ്ധ്യായം പോലും മനസ്സിലാക്കുവാൻ ബുദ്ധിമുട്ടാണു് എന്നു് സ്പഷ്ടം. യോഹന്നാന്റെ സുവിശേഷം ഗ്രീക്കുകാൎക്കു വേണ്ടിയാണു് എഴുതപ്പെട്ടതു് എന്നു് ഏതെങ്കിലും “പണ്ഡിതൻ” പറഞ്ഞാൽ അതു് വിശ്വസിക്കരുതു്. ഈ ഗ്രന്ഥം പ്രാഥമികമായി പലസ്‍തീൻ നാട്ടിനു വെളിയിൽ പാൎത്തിരുന്ന യഹൂദന്മാരെ ലക്ഷ്യമിട്ടു് എഴുതപ്പെട്ടതാണ്.
രണ്ടാം അദ്ധ്യായത്തിലേക്കു കടന്നാൽ യേശു തന്റെ അടയാളങ്ങളുടെ ആരംഭമായി വെള്ളം വീഞ്ഞാക്കിയ സംഭവത്തെ കുറിച്ചു നാം വായിക്കുന്നു. ഏബ്രായ തിരുവെഴുത്തുകളുടെ പ്രതിധ്വനി പുതിയ നിയമത്തിൽ കേട്ടു ശീലമില്ലാത്തവൎക്കു അതു് വെറും ഒരു അത്ഭുത സംഭവം മാത്രം. യേശു വെള്ളം വീഞ്ഞാക്കി. പ്രാൎത്ഥന കേൾക്കുന്ന യേശു. പോരായ്മകളെ നികത്തുന്ന യേശു. അതിനപ്പുറത്തേക്കു് അവർ ചിന്തിക്കില്ല. എന്നാൽ തിരുവെഴുത്തുകൾ അറിയാവുന്ന യഹൂദർ അതു് വായിച്ചാൽ മിസ്രയീമിൽ ന്യായവിധിയുടെ ആരംഭമായി വെള്ളത്തെ രക്തമാക്കിയ ചരിത്രം അവർ ഓൎക്കും. ന്യായവിധിക്കു പകരം ദൈവാനുഗ്രഹത്തിന്റെ നാളുകൾ വിളമ്പരം ചെയ്യുവാൻ യേശു തന്റെ അടയാളങ്ങളുടെ ആരംഭമായി വെള്ളത്തെ വീഞ്ഞാക്കി എന്നു് അവർ തിരിച്ചറിയും.
വേദപുസ്‍തകത്തിലെ ഓരോ അദ്ധ്യായത്തിനും മറ്റു് അദ്ധ്യായങ്ങളുമായി ബന്ധമുണ്ടു്. ഒരിടത്തു് പറഞ്ഞിരിക്കുന്ന കാൎയ്യം മറ്റൊരിടത്തു് ആവൎത്തിക്കപ്പെട്ടിരിക്കാം. ഒരു പ്രവചനത്തിന്റെ നിവൃൎത്തീകരണത്തെ കുറിച്ചു് മറ്റൊരിടത്തു് വിവരിച്ചിട്ടുണ്ടാവാം. അതുപോലുള്ള അറുപതിനായിരത്തിൽ പരം ബന്ധങ്ങളുടെ ഒരു ചിത്രീകരണമാണു് താഴെ കൊടുത്തിരിക്കുന്നതു്. നാം പഠിക്കുന്ന ഓരോ പുസ്‍തകത്തിന്റെയും വേദഭാഗത്തിന്റെയും തിരുവെഴുത്തുകളിലെ സാഹിത്യ പശ്ചാത്തലം മനസ്സിലാക്കി പഠിച്ചാൽ എത്രയോ നന്നായിരിക്കും!
ക്രി. 1517 ഒക്ടോബർ പതിനേഴിനു് മാർട്ടിൻ ലൂഥർ റോമൻ കത്തോലിക്കാ സഭയുടെ തെറ്റായ ഉപദേശങ്ങൾക്കും രീതികൾക്കും വിരുദ്ധമായി തന്റെ പോരാട്ടം ആരംഭിച്ചു. ആ പോരാട്ടം പ്രൊട്ടസ്റ്റന്റ് നവീകരണമായി പരിണമിച്ചു. ലൂഥർ ജർമ്മനിയിൽ തുടക്കമിട്ട ആത്മീക വിപ്ലവം മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. സ്വിറ്റ്സർലൻഡിൽ നവീകരണത്തിന്റെ ചുക്കാൻ പിടിച്ചതു് ജോണ്‍ കാൽവിൻ ആയിരുന്നു. ക്രി. 1530ലാണു് കാൽവിൻ റോമൻ കത്തോലിക്കാ സഭ വിട്ടതു്.
രക്ഷയെ കുറിച്ചുള്ള കാൽവിന്റെ ഉപദേശത്തെ കാൽവിനിസം എന്നു് അറിയപ്പെടുന്നു. കാൽവിനിസം ദൈവത്തിന്റെ സൎവ്വാധിപത്യത്തിന്നു അമിതമായി ഊന്നൽ നൽകുന്നു. ദൈവം സൎവ്വാധിപനായതു് കൊണ്ട് ഈ അഖിലാണ്ഡത്തിൽ സംഭവിക്കുന്ന നല്ലതും തീയതുമായ എല്ലാ കാൎയ്യങ്ങളും ദൈവത്തിന്റെ മുൻനിൎണ്ണയപ്രകാരമാണു് സംഭവിക്കുന്നതു്. ഒരു സൃഷ്ടിക്കു പോലും ദൈവനിൎണ്ണയത്തിൽ നിന്നു വ്യതിചലിക്കുവാൻ നിൎവ്വാഹമില്ല എന്നു് അവർ പഠിപ്പിക്കുന്നു. പ്രധാനമായും അഞ്ചു് കാൎയ്യങ്ങാളാണു് കാൽവിനിസ്റ്റുകാർ പഠിപ്പിക്കുന്നതു്.
കാൽവിനസത്തിന്റെ വാക്താക്കൾ അനേകരാണു്. ഏകദേശം എട്ടു് കോടി ക്രൈസ്‍തവർ ഇതിൽ വിശ്വസിക്കുന്നു. പാശ്‍ചാത്യ രാജ്യങ്ങളിലും മറ്റനേക ഇടങ്ങളിലും വിവിധ മാധ്യമങ്ങൾ വഴി ഇതു് പ്രചരിക്കുന്നു. ആർ.സി. സ്പ്രൗൾ, ജോണ്‍ പൈപ്പർ തുടങ്ങിയ പ്രശസ്‍തരായ ക്രൈസ്‍തവ നേതാക്കൾ ഇതിന്റെ വാക്താക്കളാണു്. ഇൻഡ്യയിലും പല സഭാവിഭാഗങ്ങൾ കാൽവിനസം പഠിപ്പിക്കുന്നു. അവരോട് വിശദീകരണം ആവശ്യപ്പെട്ടാൽ സാഹിത്യ പശ്ചാത്തലമോ സന്ദൎഭമോ പരിഗണിക്കാതെ പലയിടങ്ങളിൽ നിന്നു് അടൎത്തിയെടുത്ത വാക്യങ്ങൾ അവർ ഉദ്ധരിക്കും. മുകളിൽ കൊടുത്തിരിക്കുന്ന ഒന്നു രണ്ടു് കാൎയ്യങ്ങൾ മാത്രം ഇപ്പോൾ ചുരുക്കമായി ചൎച്ച ചെയ്യാം. കൂടുതൽ അറിയേണ്ടവർ റോജർ ഓൽസന്റെ പുസ്‍തകം വായിക്കുക.
യേശുക്രിസ്‍തു ചിലൎക്കുവേണ്ടി മാത്രം മരിച്ചു എന്നു് എന്തുകൊണ്ടു് അവർ പഠിപ്പിക്കുന്നു? അവരുടെ ‘തെളിവുകൾ’ ചിലതു് ഇവിടെ നിരത്താം.
1. “അനേകർ” എല്ലാവരുമല്ല പോലും!
“മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകൎക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.”8
“ഇതു അനേകൎക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം.”9
ഇതു് വായിച്ചിട്ടു് യേശു ലോകത്തിന്റെ പാപത്തെ ചുമന്നൊഴിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടല്ല എന്നു് ചലർ അവകാശപ്പെട്ടാൽ അവരോടു് എന്താണു് പറയേണ്ടതു് ? പാപം ചെയ്‍ത എല്ലാവരും മരിച്ചില്ല എന്നു് അവർ സമ്മതിക്കേണ്ടി വരുമല്ലോ. “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു”10 എന്നല്ലേ എഴുതപ്പെട്ടിരിക്കുന്നതു്—എല്ലാവരും മരിച്ചു എന്നല്ലല്ലോ!
“ഞാനോ ഭൂമിയിൽനിന്നു ഉയൎത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകൎഷിക്കും”11 എന്ന വാക്യം അവർ വായിച്ചിട്ടില്ലേ? എല്ലാവരും അടുത്തു വരുമ്പോൾ “വെറുതെ വിളിച്ചു വരുത്തിയതാ. എല്ലാവൎക്കും തരാനില്ല” എന്നു യേശു പറയുമോ? ദൈവം “സകലമനുഷ്യരുടെയും പ്രത്യേകിച്ചു വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവം” അല്ലേ?12
2. എല്ലാവരും യേശുവിന്റെ “ചെമ്മരിയാടുകൾ” അല്ല പോലും!
“[ചെമ്മരി] ആടുകളുടെ (sheep) വാതിൽ ഞാൻ ആകുന്നു. … അവൎക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.”13
ബാക്കിയുള്ളവർ കോലാടുകളാണോ? യേശു അങ്ങനെ ഉദ്ദേശിച്ചാണോ സംസാരിച്ചതു് ? തന്നിൽ വിശ്വസിച്ച യഹൂദരെ കുറിച്ചും ഭാവിയിൽ തന്നിൽ വിശ്വിസിക്കേണ്ടവരായ മറ്റു വംശക്കാരെ കുറിച്ചും sheep എന്നു തന്നെയാണു് യേശു പറഞ്ഞതു്. തന്നിൽ വിശ്വസിക്കാതിരുന്ന യഹൂദർ യേശുവിന്റെ ആട്ടിൻകൂട്ടത്തിൽ പെട്ടവരല്ല എന്നതു് സത്യം. പക്ഷേ അവൎക്കുവേണ്ടി കൂടെയാണു് യേശു മരിച്ചതു്. അതുകൊണ്ടാണു് യോഹന്നാൻ തന്റെ ലേഖനത്തിൽ ഇപ്രാകാരം കുറിച്ചതു്, “അവൻ (യേശു) നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സൎവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.”14
3. “യേശു എല്ലാവരുടേയും പാപങ്ങളുടെ പരിഹാരത്തിനു വേണ്ടിയാണു് മരിച്ചതെങ്കിൽ ആരും നരകത്തിൽ പോകരുതല്ലോ!”
സ്‍നേഹവാനായ ദൈവത്തെ കുറിച്ചോ ദൈവം രക്ഷക്കായി നിയമിച്ചിരിക്കുന്ന വ്യവസ്ഥകളെ കുറിച്ചോ അറിവില്ലാത്തവർ മാത്രമേ ഇതുപോലൊരും വാദം ഉന്നയിക്കൂ.
“തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്‍നേഹിച്ചു.”15
ലോകത്തിലെ സകല മാനവൎക്കും വേണ്ടി യേശുവിനെ ദൈവം ബലി നൽകിയെങ്കിലും വിശ്വസിക്കുന്നവർ മാത്രമേ നശിച്ചു പോകാതെ നിത്യ ജീവൻ പ്രാപിക്കൂ! ഒന്നുകിൽ കാൽവിനസം വിശ്വസിക്കാം. അല്ലെങ്കിൽ യോഹന്നാൻ 3:16 വിശ്വസിക്കാം. രണ്ടും ഒരേ സമയത്തു് അംഗീകരിക്കുക അസാധ്യം.
ഇതുപോലുള്ള ബാലിശമായ വാദങ്ങളുടെ പുറത്താണു് കാൽവിനിസം നിൽക്കുന്നതു്. അവരുടെ കാതലായ മൂന്നാമത്തെ ഉപദേശം ഇപ്രകാരം തള്ളിക്കളയാനാകും എങ്കിൽ ഇതിനെ ആശ്രയിച്ചു നിൽക്കുന്ന മറ്റേ നാലും ഉപദേശങ്ങളും നിലനിൽക്കില്ല. കൂടുതൽ അറിയുവാൻ താത്പര്യമുള്ളവർ ദയവായി റോജർ ഓൽസൻ എഴുതിയ “കാൽവിനിസത്തിന്റെ എതിരെ” എന്ന ഇംഗ്ലീഷ് പുസ്‍തകം വായിക്കുക.
ബൈബിളിൽ വിവരിച്ചിരിക്കുന്ന ഓരോ രാജ്യങ്ങളിലും ഓരോ കാലഘട്ടത്തിലും വ്യത്യസ്‍ത മത-സാമൂഹീക പശ്ചാത്തലം നിലനിന്നിരുന്നു. സാമൂഹീക പശ്ചാത്തലം എന്നതുകൊണ്ടു് നാം എന്താണു് അൎത്ഥമാക്കുന്നതു് ?
ഇവയുടെ എല്ലാം പിന്നിൽ മതപരമായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടു്. നാം പഠിക്കുന്ന പുസ്‍തകം അഥവാ വേദഭാഗം അതിന്റെ മത-സാമൂഹീക പശ്ചാത്തലത്തിൽ വേണം വ്യാഖ്യാനിക്കപ്പെടുവാൻ. ആകയാൽ മത-സാമൂഹീക പശ്ചാത്തലത്തെ വെളിപ്പെടുത്തുന്ന വിവരണങ്ങൾ നാം നിരീക്ഷിക്കേണം.
യേശുവിന്റെ ഐഹീക ജിവിത കാലത്തു് യഹൂദരും ശമൎയ്യരും തമ്മിൽ ഒരു അകലം പാലിച്ചിരുന്നു. ആ സാമൂഹീക നിയമത്തെ അവഗണിച്ചുകൊണ്ടു് യേശു ശമൎയ്യാക്കാരിയായ ഒരു സ്‍ത്രീയോടു് അൽപ്പം വെള്ളം ചോദിച്ചു. ദാഹിച്ചു വലഞ്ഞിരിക്കുന്ന ഒരു സഞ്ചാരിക്കു് വെള്ളം കൊടുക്കുന്നതിനു പകരം അവരുടെ സാമൂഹീക രീതികൾക്കു വിപരീതമായി എന്തോ സംഭവിച്ചു എന്നാണു് ആ സ്‍ത്രീ പരിഭവപ്പെട്ടതു്. “നീ യെഹൂദൻ ആയിരിക്കെ ശമൎയ്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ,” എന്നവൾ ചോദിച്ചു.16
പുരുഷന്മാരും സ്‍ത്രീകളും തമ്മിലുള്ള സാമൂഹീക ബന്ധങ്ങൾക്കും പല നിയമങ്ങൾ അന്നു് നിലവിലുണ്ടായിരുന്നു. വിജനമായ ഒരിടത്തു് തങ്ങളുടെ ഗുരു തനിച്ചു് ഒരു ശമൎയ്യക്കാരത്തിയായ സ്‍ത്രീയോടു് സംസാരിക്കുന്നതു് കണ്ടപ്പോൾ യേശുവിന്റെ ശിഷ്യന്മാർക്കു് സാരമായ ബുദ്ധിമുട്ടു് അനുഭവപ്പെട്ടു. “ഇതിന്നിടയിൽ അവന്റെ ശിഷ്യന്മാർ വന്നു. അവൻ സ്‍ത്രീയോടു സംസാരിക്കയാൽ ആശ്ചൎയ്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.”17
ലാസറിനെ ഉയിൎപ്പച്ചതിനു ശേഷം വന്ന പെസ്സഹാ പെരുനാളിന്നു ആറു ദിവസങ്ങൾക്കു മുമ്പു് യേശുവിനും ശിഷ്യന്മാൎക്കും മാൎത്തയും മറിയയും ഒരു പന്തിഭോജനം ഒരുക്കി.
“മറിയാം വളരെ വിലകൂടിയ മേല്‍ത്തരം നറുദീൻ സുഗന്ധ തൈലത്തിന്റെ ഒരു കുപ്പി എടുത്ത് യേശുവിന്റെ പാദങ്ങളില്‍ പൂശി അവളുടെ തലമുടികൊണ്ട് തുടച്ചു. സുഗന്ധ തൈലത്തിന്റെ പരിമളം കൊണ്ട് ആ വീടു നിറഞ്ഞു.”18
യൂദാ ഈസ്‍കൎയ്യോത്താവിനു അതു് കണ്ടിട്ടു കണ്ണുകടിയുണ്ടായതു് എന്തുകൊണ്ടു് ? മറിയ യേശുവിന്റെമേൽ വിലപിടിപ്പുള്ള സുഗന്ധം പാഴാക്കില്ലോ എന്നു് യൂദ. കൊടുക്കുന്നതു് നല്ല സ്വഭാവമാണെന്നു് യൂദായ്‍ക്കറിയാം. പക്ഷേ കൊടുക്കുകയാണെങ്കിൽ ദാനം അൎഹിക്കുന്ന ദരിദ്രൎക്കു കൊടുക്കേണം പോലും! യോഹന്നാൻ പറയുന്നതു്, “ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതു കൊണ്ടും അത്രേ പറഞ്ഞതു.”
പണത്തിന്റെ ദുരുപയോഗം എന്ന ഒറ്റ കാരണത്താലാണോ യൂദ വിലയേറിയ ഒരു ദാനം കൈപ്പറ്റാനുള്ള യേശുവിന്റെ യോഗ്യതയെ ചോദ്യം ചെയ്‍തതു് ?
വിവാഹിതരായ യഹൂദ വനിതകൾ എപ്പോഴും അവരുടെ തലയിൽ മൂടുപടം ധരിക്കുമായിരുന്നു. അവരുടെ സൗന്ദര്യത്തിന്റെ ഒരു പ്രധാന ഘടകമായ തലമുടി എല്ലാവരെയും കാണിക്കുവാനുള്ളതല്ല എന്നു അവർ വിശ്വസിച്ചിരുന്നു. ഭൎത്താവിനു മുമ്പിൽ മാത്രമേ യഹൂദ സ്‍ത്രീകൾ അവരുടെ തലമുടി വെളിപ്പെടുത്തുകയുള്ളൂ.
ഇന്നത്തെ അത്യാധുനീക ലോകത്തും യഹൂദ സ്‍ത്രീകൾ ആ ആചാരം തുടരുന്നു. ഒരു മൂടുപടത്തിനു പകരം ചിലർ പൊയ്‍മുടി ഉപയോഗിച്ചു് സ്വന്തം മുടി മറയ്‍ക്കുന്നു.
മറിയ യേശുവിന്റെ പാദങ്ങളില്‍ തൈലം പൂശിയെന്നു മാത്രമല്ല അവളുടെ തലമുടി കൊണ്ട് അവന്റെ പാദങ്ങൾ തുടച്ചു. ഒരു സ്‍ത്രീ എന്ന നിലയ്‍ക്കു് യേശുവിനോടുള്ള അവളുടെ നന്ദിയും ആരാധനയും വെളിപ്പെടുത്തുവാൻ അവൾക്കു് ഏറ്റവും വിലപ്പെട്ടതു് അവൾ അവന്റെ മുന്നിൽ സമൎപ്പിച്ചു. അവളുടെ ആ ആരാധനയ്‍ക്കു അതിരു കവിഞ്ഞ അടുപ്പത്തിന്റെ നിറം കൊടുക്കുവാൻ ചിലർക്കു തോന്നിയേക്കാം. മറിയ അതൊന്നും കാൎയ്യമാക്കിയില്ല.
രൂത്തിനു ഒരു ഭൎത്താവിനെ തരപ്പെടുത്തി കൊടുക്കുവാൻ അമ്മാവിയമ്മയായ നവോമി അവൾക്കു പറഞ്ഞു കൊടുത്തതു് എന്തു് ? ശാരീരിക ബന്ധത്തിലേക്കു് ബോവസിനെ പ്രലോഭിപ്പിച്ചു് അതു വഴി ചടങ്ങുകൾ കൂടാതെ നേരിട്ടു് രൂത്തിനെ അവന്റെ ഭാൎയ്യ ആക്കുവാനുള്ള നവോമിയുടെ തന്ത്രം!
അവൻ ഇന്നു രാത്രി കളത്തിൽ യവം പാറ്റുന്നു. ആകയാൽ നീ കുളിച്ചു തൈലം പൂശി വസ്‍ത്രം
ധരിച്ചു കളത്തിൽ ചെല്ലുക; ആയാൾ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുതു. ഉറങ്ങുവാൻ
പോകുമ്പോൾ അവൻ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി
അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്നു അവൻ നിനക്കു പറഞ്ഞുതരും.
…
അൎദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്ക്കൽ ഒരു സ്‍ത്രീ
കിടക്കുന്നതു കണ്ടു. നീ ആർ എന്നു അവൻ ചോദിച്ചു. ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ
പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു.
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, “നീ കുളിച്ചു സുഗന്ധം പൂശി വസ്‍ത്രം ധരിച്ചു ബോവസിനെ കാണുവാൻ പോകൂ. അവൻ ഭക്ഷണം കഴിച്ചു മദ്യപിച്ചു കിടന്നുറങ്ങുമ്പോൾ അവന്റെ മുണ്ടു് ഉയൎത്തി മാറ്റി അവന്റെ കൂടെ കിടക്കുക. പിന്നെ അവൻ പറയുന്നതു പോലെ ചെയ്യുക.” രൂത്തു് അതുപോലെ ചെയ്തു. ബോവസ് ഉണൎന്നപ്പോൾ അവൾ അവനോടു്, “ഞാൻ നിന്റെ ദാസി. ഇപ്പോൾ തന്നെ അങ്ങയുടെ പുതപ്പിന്റെ കീഴിൽ എന്നെ കിടത്തി അങ്ങയുടെ ഭാൎയ്യയായി എന്നെ സ്വീകരിച്ചു് എന്നെ രക്ഷിച്ചാലും” എന്നു പറഞ്ഞു.
അന്നു് നവോമി രൂത്തിനെ കൊണ്ടു ചെയ്യിച്ചതു് അധാൎമ്മികമോ പാപമോ അല്ല. ഇസ്രയേലിൽ ഒരു പുരുഷൻ ഒരു സ്‍ത്രീയെ ഭാൎയ്യയായി സ്വീകരിക്കുവാൻ മൂന്നു വഴികൾ ഉണ്ടായിരുന്നു. ഇപ്പോഴും ആ രീതികൾ നിലവിലുണ്ടു്.
ഈ മൂന്നിൽ ഏതെങ്കിലും ഒന്നു മതി വിവാഹിതരാകാൻ. എങ്കിലും യഹൂദർ ഈ മൂന്നു കാൎയ്യങ്ങളും ചെയ്തു വന്നിരുന്നു. മൂന്നാമത്തെ വഴി സ്വീകരിക്കുവാനാണു് നവോമി രൂത്തിനോടു് ആവശ്യപ്പെട്ടതു്.
ബൈബിൾ ശരിയായി മനസ്സിലാക്കുവാൻ വേദഭാഗങ്ങൾ എഴുതപ്പെട്ട ആ കാലത്തെ മത-സാമൂഹീക-സാംസ്‍കാരീക പശ്ചാത്തലങ്ങൾ നാം അറിഞ്ഞിരുന്നാൽ നന്ന്. അവയെ കുറിച്ചു് അറിവു് നേടുവാൻ ഉചിതമായ മറ്റു പുസ്‍തകങ്ങൾ വായിക്കേണ്ടി വരും.19 ബൈബിൾ മാത്രമേ വായിക്കൂ എന്നു ശഠിക്കുന്നവർ ഈ പുസ്‍തകവും വായിക്കുവാൻ സാധ്യതയില്ല.
ബൈബിൾ വായിക്കുമ്പോൾ നാം അതിൽ കാണുന്ന സാംസ്‍കാരീക വസ്‍തുതകളെ അന്ധമായി പിൻപറ്റേണ്ട ആവശ്യമില്ല. ബൈബിളിലെ നിത്യ സത്യങ്ങളെയാണു് നാം പിൻപറ്റുന്നതു് അല്ലാതെ ആ സമത്തു് ആ നാട്ടുകാർ പാലിച്ചിരുന്ന രീതികളെയല്ല. നെല്ലും പതിരും തമ്മിൽ വേർതിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ കാതലായ വസ്‍തുതകളെ സാംസ്‍കാരീക രീതികളിൽ നിന്നും വേർതിരിച്ചു കാണണം. യേശു വാറുള്ള ചെരുപ്പു് ധരിച്ചതുകൊണ്ടു് തന്നെ അനുഗമിക്കുന്നവരും അതു് പോലുള്ള ചെരുപ്പു് ധരിക്കേണം എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. ഈ ഉദാഹരണത്തിലെ പോലെ എല്ലായ്പ്പോഴും അത്ര എളുപ്പത്തിൽ കാതലായ സത്യങ്ങളെ സാംസ്‍കാരീക രീതികളിൽ നിന്നും വേർതിരിച്ചു കാണുവാൻ സാധിക്കില്ല. വ്യാഖ്യാനത്തെ കുറിച്ചും അനുവൎത്തനത്തെ കുറിച്ചും പഠിക്കുമ്പോൾ ഇതിനെകുറിച്ചു് കൂടുതൽ ചിന്തിക്കാം.
ആദ്യ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട മത-സാമൂഹീക പശ്ചാത്തലം മനസ്സിലാക്കിയാൽ മാത്രമേ പുതിയ നിയമം ശരിയായി ഗ്രഹിക്കുവാൻ സാധിക്കൂ.
യഹൂദർ മറ്റു വംശജരിൽ നിന്നു ഒരു അകലം പാലിച്ചിരുന്നു. യഹൂദ മതത്തിൽ ഭക്ഷണത്തെ നിയന്ത്രിക്കുന്ന ധാരാളം നിയമങ്ങൾ ഉണ്ടായിരുന്നതുകൊണ്ടു് അവർ മറ്റുള്ളവരുടെ വീടുകളിൽ പോകുകയോ അവരോടൊത്തു ഭക്ഷണം കഴിക്കുകയോ ചെയ്യില്ലായിരുന്നു. അതുകൊണ്ടാണു് പത്രോസ് കൊൎന്നല്ല്യോസിനോടു് ഇപ്രകാരം പറഞ്ഞതു്, “അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ.”20
എന്നാൽ യേശു ക്രിസ്‍തുവിന്റെ പുതിയ നിയമ കാലത്തു് ദൈവ മുമ്പാകെ യഹൂദൻ എന്നോ മറ്റു വംശക്കാരെന്നോ വേർതിരിവു് ഇല്ല എന്നു് ദൈവം പത്രോസിനെ ഒരും സ്വപ്നത്തിലൂടെ പഠിപ്പിച്ചു.
“എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.”21
“നമുക്കും അവൎക്കും തമ്മിൽ ഒരു വ്യത്യാസവും [ദൈവം] വെച്ചിട്ടില്ല.”22
ആകയാൽ ഒരാൾ യഹൂദനായതുകൊണ്ടു് ഇന്നു പ്രത്യേകിച്ചു് വിശേഷം ഒന്നും ഇല്ല. യഹൂദർ അല്ലാത്തവരോടു് ദൈവം വിവേചനം കാട്ടുന്നില്ല. അങ്ങനെയുള്ള വിവേചനത്തിന്റെ കാലം കഴിഞ്ഞു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്നു ക്രിസ്‍തു സഭയ്‍ക്കു് അകത്തുള്ളവരും പുറത്തുള്ളവരും—എന്നീ രണ്ടു കൂട്ടരേയുള്ളൂ. ക്രിസ്‍തുവിലാണോ അതോ ക്രിസ്‍തുവിനു വെളിയിലാണോ? ആ ഒരു ചോദ്യത്തിന്നു മാത്രമേ ഇന്നു പ്രസക്തിയുള്ളൂ.
“ഇസ്രായേലും ദൈവസഭയും” എന്നീ രണ്ടു തരം ജനങ്ങൾ ദൈവത്തിനുണ്ടു് എന്നു് ക്രിസ്‍ത്യാനികളിൽ ചിലർ പറഞ്ഞു നടക്കുന്നു. അപ്പൊസ്‍തലരിൽ ശ്രേഷ്ഠനായ പത്രോസ് നേരിട്ടു് വന്നു പറഞ്ഞാലും അവൎക്കു ഈ കാൎയ്യം പിടികിട്ടുകയില്ല. അപ്പൊസ്‍തലനായ പത്രോസിനെക്കാൾ വലിയവരാണോ അവർ?
ഒന്നാം നൂറ്റാണ്ടിലും ഇതുപോലുള്ള ചിലരുണ്ടായിരുന്നു—യഹൂദ മതത്തിൽ നിന്നു യേശുവിനെ അനുഗമിച്ചവർ. മറ്റു വംശക്കാർ യേശുവിലൂടെ രക്ഷ പ്രാപിക്കേണമെങ്കിൽ അവർ ആദ്യം യഹൂദർ ആയിത്തീരേണം എന്നവർ പഠിപ്പിച്ചു. യഹൂദൎക്കു ദൈവസന്നിധിയിൽ ഏതോ വിശേഷ സ്ഥാനമുണ്ടെന്നു അവർ കരുതി. മാത്രമല്ല, മോശെയുടെ ന്യായപ്രമാണം എന്ന നൂൽകമ്പിയിലൂടെ നടക്കാതെ കുറുക്കു വഴിയിലൂടെ ആരും “നീതിമാന്മാർ” ആകേണ്ട എന്നവർ തീരുമാനിച്ചു.
യെറുശലേമിൽ മാത്രമല്ല അവർ കുഴപ്പങ്ങൾ സൃഷ്ടിച്ചതു്. യെറുശലേമിൽ നിന്നു അറുനൂറ്റി അമ്പതു് കിലോമീറ്റർ നടന്നു് അന്ത്യോക്കയിൽ എത്തി അവിടെയും ക്രിസ്‍ത്യാനികളെ “യഹൂദ ക്രിസ്‍ത്യാനികൾ” ആക്കുവാൻ ശ്രമിച്ചു! അതിനെ കുറിച്ചു് പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്നതു് ഇങ്ങനെയാണു് :
“യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.”23
മലയാളികളായ ക്രൈസ്‍തവർ ഇതിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു. കാരണം, ഇതു് വെറും പരിച്ഛേദന എന്ന ഒരു കൎമ്മത്തെ കുറിച്ചുള്ള തൎക്കമാണു് എന്നാണു് മിക്കവരും ധരിച്ചിരിക്കുന്നതു്. ഒരിക്കലും അല്ല. മറ്റു വംശങ്ങളിൽ നിന്നു് യേശുവിനെ അനുഗമിച്ചവരെ യഹൂദരാക്കാനുള്ള ശ്രമമായിരുന്നു അതു്.
ഇവിടെ പല ഗുരുതരമായ പ്രശ്നങ്ങളുണ്ടു്. യഹൂദർ മറ്റുള്ളവരെക്കാൾ വിശേഷതയുള്ളവർ എന്നു വരുത്തി തീൎക്കുവാൻ അവർ ശ്രമിക്കുകയായിരുന്നു. എന്നാൽ യേശുവിന്റെ സുവിശേഷത്തിന്റെ കാതലായ ഒരു പ്രമാണം ഇതായിരുന്നു: യഹൂദരും അല്ലാത്തവരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല.
യേശുവിന്റെ സുവിശേഷത്തിന്റെ കാതലായ ഒരു പ്രമാണം ഇതായിരുന്നു: യഹൂദരും അല്ലാത്തവരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
യേശു ക്രൂശുമരണം അനുഭവിച്ചപ്പോൾ തന്റെ ശരീരത്തിൽ ഇരു കൂട്ടരെയും ഒന്നാക്കി. യഹൂദരും അല്ലാത്തവരും തമ്മിലുണ്ടായിരുന്ന വേർപാടിന്റെ നടുച്ചുവർ അവൻ തകൎത്തു. എഫസോസിലുള്ള ക്രിസ്‍ത്യാനികളോടു് അപ്പൊസ്‍തലനായ പൗലൊസ് എഴുതിയതു് ശ്രദ്ധിച്ചാലും.
“മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്‍തു യേശുവിൽ ക്രിസ്‍തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീൎന്നു. അവൻ നമ്മുടെ സമാധാനം; അവൻ ഇരു പക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേൎപ്പാടിന്റെ നടുച്ചുവർ ഇടിച്ചു കളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരു പക്ഷത്തെയും തന്നിൽ ഒരേ പുതു മനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽ വെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരു പക്ഷത്തെയും ഏക ശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.”24
ക്രൂശിൽ വച്ചു് യേശു നേടിയെടുത്ത മഹത്തായ വിജയം! തന്നിൽ വിശ്വസിച്ച ‘യഹൂദരും’ ‘ജാതികളും’ എന്നിങ്ങനെ ഇരു പക്ഷമായിരുന്നവരെ ഒന്നാക്കി സഭ എന്ന പുതിയ മനുഷ്യനെ സൃഷ്ടിച്ചു. “ഇരു പക്ഷത്തെയും ഒന്നാക്കി” എന്നു് മൂന്നു പ്രാവശ്യം ഈ വേദഭാഗത്തു് പറയുന്നു. സുവിശേഷത്തിന്റെ ഈ അടിസ്ഥാന തത്ത്വത്തെ ആക്രമിക്കുകയായിരുന്നു യെറുശലേമിൽ നിന്നു വന്ന യഹൂദ മത വാദികൾ. സുവിശേഷം എന്ന വടവൃക്ഷത്തിന്റെ ചുവട്ടിൽ കോടാലി വയ്‍ക്കുകയായിരുന്നു അവർ!
ആദ്യ നൂറ്റാണ്ടിൽ സുവിശേഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു യഹൂദ മത വാദികളുടെ ദുരുപദേശം. അതിനെ നേരിടുവാൻ അപ്പൊസ്‍തലന്മാരായ പത്രോസും പൗലൊസും ഉപയോഗിച്ച ഏറ്റവും വലിയ ആയുധം എന്തായിരുന്നു? എല്ലാ ക്രിസ്‍തു ശിഷ്യരും – യഹൂദ മതത്തിൽ നിന്നു യേശുവിനെ അനുഗമിച്ചവരും മറ്റു മതങ്ങളിൽ നിന്നു വന്നവരും – ദൈവത്തിന്റെ കൃപ മൂലം യേശുവിലുള്ള വിശ്വാസത്താലാണു് നീതീകരിക്കപ്പെട്ടതു് എന്ന യാഥാൎത്ഥ്യം അവർ ഇരുവരും പ്രഘോഷിച്ചു. ദൈവം എല്ലാവരെയും സൗജന്യമായി നീതീകരിച്ചു എന്നതിന്റെ തെളിവോ? യേശുവിലുള്ള വിശ്വാസം മൂലം ഇരു കൂട്ടൎക്കും പരിശുദ്ധാത്മാവു് എന്ന ദാനം ലഭിച്ചു.
അപ്പൊസ്‍തലനായ പത്രോസ് യെറുശലേമിലെ യോഗത്തിൽ ഇപ്രകാരം പറഞ്ഞു:
“വളരെ തൎക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു: …
ഹൃദയങ്ങളെ
അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവൎക്കും
പരിശുദ്ധാത്മാവിനെ കൊടുത്തു … കൎത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ
അവരും വിശ്വസിക്കുന്നു.”25
അപ്പൊസ്‍തലനായ പൗലൊസും ഇതേ രീതിയിലാണു് ഗലാത്യൎക്കും റോമൎക്കും എഴുതിയ ലേഖനങ്ങളിൽ വാദിച്ചതു്.
“ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്‍തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?”26
“ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീൎന്നു, അവന്റെ കൃപയാൽ ക്രിസ്‍തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.”27
ഇത്രയെല്ലാം പഠിപ്പിച്ചിട്ടും മാനസാന്തരപ്പെടാതിരുന്ന യഹൂദവാദികളെ അപ്പൊസ്‍തലനായ പൗലൊസ് വീണ്ടും വീണ്ടും ശപിച്ചു.
“ക്രിസ്‍തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു
സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചൎയ്യപ്പെടുന്നു. …
എന്നാൽ ഞങ്ങൾ
നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വൎഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ
നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുൻപറഞ്ഞതുപോലെ ഞാൻ
ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും
നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.”28
ഒന്നാം നൂറ്റാണ്ടിലെ ഈ മത-സാമൂഹീക പശ്ചാത്തലം മനസ്സിൽ കരുതിയിരുന്നാൽ റോമർക്കും ഗലാത്യർക്കും എഴുതപ്പെട്ട ലേഖനങ്ങൾ മാത്രമല്ല പുതിയ നിയമത്തിലെ എല്ലാ ഗ്രന്ഥങ്ങളും നന്നായി മനസ്സിലാക്കുവാൻ സാധിക്കും.
ഉദാഹരണത്തിനു് ‘അപ്പൊസ്‍തല പ്രവൃത്തികൾ’ എന്ന പുസ്‍തകത്തിൽ ലൂക്കോസ് പരിശുദ്ധാത്മ പകൎച്ചയെ കുറിച്ചു് ആവൎത്തിച്ചു പറഞ്ഞിരിക്കുന്നതു് നാം ചിന്തിക്കുന്നതുപോലെ അന്യഭാഷാഭാഷണത്തെ കുറിച്ചു് നമുക്കു് ‘തെളിവു് ’ ഉണ്ടാക്കി തരാൻ ആയിരുന്നില്ല. വിശ്വസിച്ച യഹുദരുടെ മേലും, ശമൎയ്യരുടെ മേലും, ദൈവഭക്തിയുള്ള ജാതികളുടെ മേലും ദൈവം ഒരു വേർതിരിവും കാണിക്കാതെ ആത്മാവിനെ പകൎന്നു കൊടുത്തു എന്നു യഹൂദ മതവാദികളെ ബോധ്യപ്പെടുത്തുവാനായിരുന്നു.
കൎത്തൃമേശയിൽ പങ്കെടുക്കുമ്പോൾ നാം കേൾക്കാറുള്ള ഒരു വേദഭാഗമാണിതു് :
കൎത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്‍തോത്രം ചൊല്ലി നുറുക്കി: ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓൎമ്മയ്‍ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓൎമ്മയ്‍ക്കായി ചെയ്‌വിൻ എന്നു പറഞ്ഞു.29
“എന്റെ ഓൎമ്മയ്‍ക്കായി ഇതു ചെയ്‌വിൻ” എന്നു് കൎത്താവായ യേശുക്രിസ്‍തു തെളിച്ചു പറഞ്ഞിരിക്കുന്നു. അതുകൊണ്ടു് ഇവിടെ ഭിന്നാഭിപ്രായങ്ങൾക്കു് യാതൊരു സ്ഥാനവും ഇല്ല എന്ന നാം ചിന്തിച്ചേക്കാം. നാം എന്താണു് യേശുവിന്റെ ഓൎമ്മയ്‍ക്കായി ചെയ്യേണ്ടതു് ? ആ ചോദ്യത്തിനുത്തരമായി നാം സാധാരണ കേൾക്കാറുള്ളതു് ഇതാണു്, “യേശു ചെയ്‍തതു പോലെ ഒരു അപ്പവും അൽപ്പം വീഞ്ഞും എടുത്തു് വാഴ്‍ത്തി കുടെയുള്ള ക്രിസ്‍തു ശിഷ്യൎക്കു നൽകണം. യേശുവിനെ – പ്രത്യേകിച്ചും തന്റെ കഷ്‍ടാനുഭവങ്ങളെയും – ധ്യാനിച്ചുകൊണ്ടു് യോഗ്യമായ രീതിയിൽ അപ്പവും മുന്തിരിച്ചാറും ഭക്ഷിക്കേണം. യേശുവിനെ ഓൎക്കുവാൻ സഹായിക്കുന്ന വേദഭാഗങ്ങൾ വായിക്കുകയും പാട്ടുകൾ പാടുകയും ചെയ്‍താൽ ഉത്തമം.”
എന്നാൽ യഥാൎത്ഥത്തിൽ കാൎയ്യങ്ങൾ അത്ര എളുപ്പമല്ല. “എന്റെ ഓൎമ്മയ്‍ക്കായി ഇതു ചെയ്‌വിൻ” എന്നു് യേശു കൽപ്പിച്ചു. കൽപ്പനയുടെ അൎത്ഥം മനസ്സിലാക്കാതെ അനുസരിക്കുവാൻ ശ്രമിക്കുന്നതു് കൎത്താവിനോടുള്ള അനാദരവാണു്. അതുകൊണ്ടു് നാം നമ്മോടു തന്നെ ചോദിക്കേണം, കൽപ്പനയിലെ “ഇതു് ” എന്ന വാക്കു് എന്തിനെ സൂചിപ്പിക്കുന്നു? യേശു പറഞ്ഞോ “ഒരു കഷണം ബ്രെഡു് (അഥവാ ചപ്പാത്തി) ഭക്ഷിച്ചും കുറച്ചു് മുന്തിരിച്ചാറു കുടിച്ചും എന്നെ ഓൎക്കേണം” എന്നു് ? ഇല്ല. പിന്നെ ആ “ഇതു് ” എന്നതുകൊണ്ടു് യേശു ഒരു ഹൃസ്വമായ ചടങ്ങിനെ കുറിച്ചാണു് പറഞ്ഞതെന്നു് നാം ഉദ്ദേശിച്ചെടുത്തതിന്റെ കാരണമെന്തു് ? നാം ആ വേദഭാഗങ്ങളിൽ ഒരു അപ്പവും ഒരു പാനപാത്രവും അല്ലാതെ മറ്റൊന്നും കാണുന്നില്ല. ഇവിടെയാണു് സാഹിത്യപരമായ സന്ദൎഭവും മതപരമായ സന്ദൎഭവും കണക്കിലെടുക്കേണ്ടതു്.
യേശുവും തന്റെ ശിഷ്യന്മാരും യഥാൎത്ഥത്തിൽ ആ രാത്രിയിൽ എന്താണു് ചെയ്‍തതു് ? യഹൂദർ അന്നു വരെ കണ്ടിട്ടില്ലാത്ത ഒരു ക്രിസ്‍തീയ കൂദാശക്കു് യേശു തുടക്കം ഇടുകയായിരുന്നോ? അല്ല. ദൈവത്തിന്റെ കൽപ്പന പ്രകാരം യേശുവും ശിഷ്യന്മാരും പെസഹ വിരുന്നാണു് ആചരിച്ചതു് എന്നു് സുവിശേഷങ്ങൾ വ്യക്തമാക്കുന്നു.
പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.30
അവൻ (യേശു) പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.31
പല ക്രൈസ്‍തവ നേതാക്കളും ഉപദേഷ്‍ഠാക്കന്മാരും പറയുന്നതു്, “പെസഹ ആചരിക്കുവാനാണു് യേശുവും ശിഷ്യന്മാരും കൂടിവന്നതു് എന്നു് എല്ലാവൎക്കും അറിയാം. പെസഹയുടെ ആചാരപ്രകാരം യേശുവും ശിഷ്യന്മാരും പ്രാരംഭത്തിൽ എല്ലാം ചെയ്‍തു. പക്ഷേ പാതിവഴിക്കു് യേശു ആ ആചാരങ്ങളോടു് വിട പറഞ്ഞിട്ടു് ഒരു പുതിയ ക്രിസ്‍തീയ കൂദാശ സ്ഥാപിച്ചു.”
യഹൂദന്മാരുടെ പെസഹ സദ്യയെ കുറിച്ചു് വേണ്ടത്ര അറിവില്ലാത്തതു് കൊണ്ടാണു് അവർ അപ്രകാരം പഠിപ്പിക്കുന്നതു്. പെസഹ വിരുന്നിന്റെ വിശദാംശങ്ങളിലേക്ക് താമസിയാതെ കടക്കാം. അതിനുമുമ്പു് ഒരു കാൎയ്യം എടുത്തു പറയേണ്ടിയിരിക്കുന്നു.
യേശുവും ശിഷ്യന്മാരും പെസഹ വിരുന്നല്ല കഴിച്ചതു് എന്നു വരുത്തിതീൎക്കാൻ ശ്രമിക്കുന്നവരുമുണ്ടു്. അവർ യോഹന്നാൻ 18:28 എടുത്തു് കാണിക്കും. യഹൂദ നേതാക്കൾ പീലാത്തോസിന്റെ ആസ്ഥാനത്തു് പ്രവേശിക്കാതിരുന്നതിന്റെ കാരണം അവിടെ പറയുന്നു.
“പുലൎച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.”
യേശു മരിച്ചതിനു ശേഷമായിരുന്നു പെസഹ വിരുന്നെന്നും, ആ വിരുന്നു് കഴിക്കുവാൻ തങ്ങളെ തന്നെ ശുദ്ധിയോടെ സൂക്ഷിക്കുവാനാണു് യഹൂദ നേതാക്കൾ ഗവൎണറുടെ ആസ്ഥാനത്തിനു വെളിയിൽ നിന്നതു് എന്നുമാണു് അവരുടെ വാദം. ഈ വാദം അനുസരിച്ചു് ദൈവത്തിന്റെ കുഞ്ഞാടായ യേശു ക്രൂശിൽ ജീവൻ വെടിയുന്ന സമയത്താണു് യഹൂദർ പെസഹ കുഞ്ഞാടിനെ അറുത്തതു്. അതിനു ശേഷം അവർ പെസഹ വിരുന്നിൽ പങ്കെടുത്തു. കേൾക്കുന്നവൎക്കു് ഇതു് ആകൎഷകരമായ ഒരു വാദമായി തോന്നാം. പക്ഷേ ഇവരുടെ വാദം ശരിയാണെങ്കിൽ യേശുവും ശിഷ്യന്മാരും ഭക്ഷിച്ചതു് പെസഹ വിരുന്നല്ല എന്നു പറയേണ്ടി വരും. യേശുവിന്റെ ജീവിതത്തെ കുറിച്ചു് വളരെ ഗവേഷണം നടത്തിയ ലൂക്കോസിനു തെറ്റു പറ്റിയെന്നും സമ്മതിക്കേണ്ടിവരും. “നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ” എന്നല്ലേ യേശുവിനെ ഉദ്ധരിച്ചുകൊണ്ടു് ലൂക്കോസ് എഴുതിയതു് ?
മൎക്കോസ് എഴുതിയതു് അതിലും ഗംഭീരമല്ലേ? അതിനെ അവർ എങ്ങനെ മറികടക്കും? യേശു മരിക്കുന്ന ദിവസമല്ല പെസഹ കുഞ്ഞാടിനെ അറുത്തതു്; അതിനു് തലേ ദിവസം യേശുവും ശിഷ്യന്മാരും പെസഹ വിരുന്നു് ആചരിച്ച അതേ ദിവസമാണു് പെസഹ കുഞ്ഞാട് അറുക്കപ്പെട്ടതു് എന്നു് മൎക്കോസ് സാക്ഷ്യപ്പെടുത്തുന്നു. ചരിത്രപരമായ സന്ദൎഭം വചനത്തിൽ വ്യക്തമാണു്.
“പെസഹ കുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത
അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ
എവിടെ ഒരുക്കേണം എന്നു ചോദിച്ചു.
അവൻ ശിഷ്യന്മാരിൽ രണ്ടു പേരെ അയച്ചു;
നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങളെ
എതിർപെടും. അവന്റെ പിന്നാലെ ചെന്നു അവൻ കടക്കുന്നേടത്തു ആ വിട്ടുടയവനോടു: ഞാൻ എന്റെ
ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ
എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ.”32
ഇന്നത്തെ വേദപണ്ഢിതന്മാർക്കു് തെറ്റ് പറ്റും.33 പക്ഷേ മൎക്കോസിനും ലൂക്കോസിനും തെറ്റു പറ്റിയില്ല.
അന്നത്തെ മതപരമായ സന്ദൎഭം പരിശോധിക്കാം. യഹൂദരുടെ സമയക്രമം അനുസരിച്ചു് ആണ്ടിലെ ആദ്യത്തെ മാസത്തിന്റെ പതിനാലാം തീയതി ഉച്ചകഴിഞ്ഞാണു് പെസഹ കുഞ്ഞാടിനെ അറുക്കേണ്ടതു്. അതിനു മുമ്പു് അവർ വീടു് ശുദ്ധീകരിക്കും. വീട്ടിലുള്ള പുളിച്ച മാവും പുളിപ്പും (yeast) അവർ നശിപ്പിക്കും. ആടിനെ അറുക്കുന്ന രാത്രിയിൽ – അതായതു് പതിനഞ്ചാം തീയതിയുടെ ആരംഭ മണിക്കൂറുകളിൽ – അവർ പെസഹ വിരുന്നു് ആചരിക്കേണം. (യഹൂദന്മാരുടെ ദിവസം ആരംഭിക്കുന്നതു് സൂൎയ്യൻ അസ്‍തമിക്കുമ്പോളാണു്.34)
പെസഹ വിരുന്നു് കഴിഞ്ഞാലും ഏഴു ദിവസങ്ങൾ കൂടി അവർ പുളിപ്പില്ലാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ. ആ ഏഴു ദിവസങ്ങൾ “പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ” ആണു്. അതുകൊണ്ടു് പെസഹ വിരുന്നിന്റെ സമയം മുതൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ തീരും വരെ യഹൂദർ വീട്ടിൽ പുളിപ്പു് അടുപ്പിക്കയില്ലായിരുന്നു. പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളും ഒരുമിച്ചു വരുന്നതുകൊണ്ടു് ഇവ രണ്ടിനേയും ഒന്നായിട്ടാണു് യഹൂദർ കരുതിയിരുന്നതു്. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിനേയും പെസഹ എന്നാണു് അവർ വിളിച്ചിരുന്നതു്. അതുകൊണ്ടാണു് ലൂക്കോസ് ഇപ്രകാരം എഴുതിയതു് :
“പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.”35
ആയതിനാൽ, യോഹന്നാൻ 18:28ൽ കാണുന്ന “പെസഹ” എന്നതു് പതിനാറാം തീയതി മുതലുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ വിരുന്നിനെ കുറിച്ചാണു്. (പതിനഞ്ചാം തീയതി യേശുവിനെ അടക്കി. അതിനു ശേഷം സൂൎയ്യൻ അസ്‍തമിച്ച സമയം മുതൽ പതിനാറാം തീയതി ആരംഭിച്ചു.) യേശുവും ശിഷ്യന്മാരും പതിനഞ്ചാം തീയതി നടക്കേണ്ട യഥാൎത്ഥ പെസഹ വിരുന്നാണു് കഴിച്ചതു്.
പെസഹ വിരുന്നിന്റെ ആ രാത്രിയിൽ യഹൂദർ യേശുവിനെ പിടി കൂടി വിസ്‍തരിച്ചു. പിറ്റേന്നു് അതികാലത്തു് തന്നെ പീലാത്തോസിന്റെ അരമനയിലേക്കു കൊണ്ടു പോയി. പക്ഷേ ആ ദിവസത്തേക്കും അതിനു ശേഷമുള്ള ഏഴു ദിവസങ്ങളിലും തങ്ങളെ തന്നെ ആചാരപരമായ ശുദ്ധിയിൽ കാത്തു സൂക്ഷിക്കേണ്ടതിന്നു അവർ കരുതലോടെ ഇരുന്നു.
ആ ഏഴു ദിവസങ്ങളിൽ “ഒന്നാം ദിവസം വിശുദ്ധ സഭായോഗം കൂടേണം” എന്നു ദൈവം കൽപ്പിച്ചിരുന്നു. “അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു.”36 യേശുവിന്റെ മരണത്തിനു ശേഷമുള്ള ദിവസമാണു് ഈ പ്രത്യേക ശബത്തു് (വിശ്രമ) ദിവസം. വേല ചെയ്യാതെ വിശ്രമിക്കേണം എങ്കിൽ തലേദിവസം ആ ശബത്തിന്നായി ഒരുങ്ങേണം. യേശുവിനെ ക്രൂശിച്ച ആ ദിവസം ഒരുക്കത്തിനായുള്ള ദിവസമായിരുന്നു.37
പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്ന ഏഴു ദിവസങ്ങളിലും പ്രത്യേക യാഗങ്ങൾ ആലയത്തിൽ അൎപ്പിക്കേണ്ടിയിരുന്നു.38 അതുകൊണ്ടു് യേശുവിനെ പീലാത്തോസിന്റെ അടുക്കൽ കൊണ്ടുപോയ ആ അതിരാവിലെ സമയം യഹൂദ നേതാക്കന്മാരുടെ മനസ്സിൽ – പ്രത്യേകിച്ചും മഹാപുരോഹിതന്റെ മനസ്സിൽ – പല കാൎയ്യപരിപാടികൾ ഉണ്ടായിരുന്നു. യേശുവിനെ ക്രൂശിക്കുവാനുള്ള ഉത്തരവു് തരപ്പെടുത്തേണം, ആലയത്തിൽ നടക്കുന്ന രാവിലത്തെ ഹോമയാഗം നടത്തേണം, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആഘോഷിക്കേണം, അടുത്ത ദിവസം രാവിലെ (പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിന്റെ ആദ്യ ദിവസം) നടക്കേണ്ട വിശുദ്ധ സഭായോഗത്തിന്റെ ഒരുക്കങ്ങൾ പൂൎത്തിയാക്കേണം, എന്നിത്യാദി കാൎയ്യങ്ങൾ. ഇതിനിടയിൽ നേതാക്കന്മാൎക്കു് ആചാരപരമായി അശുദ്ധരാകാൻ സാധിക്കുമോ? ദൈവ പുത്രനെ ക്രൂശിക്കുക എന്ന മഹാപാപം ചെയ്‍താലും ആചാരപരമായി അശുദ്ധരാകാൻ പാടില്ല! ആ വിരോധാഭാസം ആണു് യോഹന്നാൻ തന്റെ സുവിശേഷത്തിൽ എടുത്തു കാണിക്കുന്നതു്.39 യോഹന്നാന്റെ സുവിശേഷവും ലൂക്കോസിന്റെ സുവിശേഷവും തമ്മിൽ ഈ കാൎയ്യത്തിൽ പൊരുത്തക്കേടില്ല.40
യേശുവിനെ അടക്കിയ സമയം മുതൽ ഇരുപത്തിനാലു മണിക്കൂർ നേരത്തേക്കു് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിന്റെ ആദ്യ ദിവസമായ ശബത്തായിരുന്നു. ശബത്തിൽ വിശ്രമിക്കേണം എന്നൊന്നും മഹാപുരോഹിൻ കൂട്ടാക്കിയില്ല. “ഒരുക്കനാളിന്റെ പിറ്റെ ദിവസം” – വിശുദ്ധ സഭായോഗം കൂടേണ്ട ദിവസം – മഹാപുരോഹിതൻ പീലാത്തോസിനെ കണ്ടിട്ടു് കല്ലറക്കു് കാവൽ ഏൎപ്പെടുത്തി.41
യേശുവിന്റെ ശിഷ്യ ഗണത്തിലെ സ്‍ത്രീകൾക്കു് ആണ്ടിൽ ഒരിക്കൽ വരുന്ന ആ വിശേഷ ശബത്ത് ദിനത്തിൽ സുഗന്ധ ദ്രവ്യം വാങ്ങാൻ സാധിച്ചില്ല. ശബത്തു കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടി. പിറ്റേന്നു് അവർ സുഗന്ധ സാമഗ്രകൾ വാങ്ങി തയ്യാറാക്കി. അന്നു ആഴ്‍ചവട്ടത്തിന്റെ ഒന്നാം നാൾ അല്ലായിരുന്നു എന്നു പ്രത്യേകം ശ്രദ്ധിക്കുക. “ശബ്ബത്ത് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവൎഗ്ഗം വാങ്ങി.”42 ആ ദിവസം അവസാനിച്ചപ്പോഴേക്കും യേശുവിനെ അടക്കിയിട്ട് 48 മണിക്കൂർ കഴിഞ്ഞു.
വെള്ളിയാഴ്‍ച സന്ധ്യ മുതൽ ശനിയാഴ്‍ച സന്ധ്യവരെ ആഴ്‍ചതോറും വരുന്ന ശബത്താണു്. ആ ശബത്തിലും അവർ വിശ്രമിച്ചു. ശബത്തു് കഴിഞ്ഞപ്പോൾ ശനിയാഴ്‍ച രാത്രിയായി. യേശുവിനെ അടക്കിയിട്ട് 72 മണിക്കൂർ കഴിഞ്ഞു. ശനിയാഴ്‍ച രാത്രിയിൽ വിശ്രമിച്ചതിനു ശേഷം “അവർ ഒരുക്കിയ സുഗന്ധവൎഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി.”43
അതായതു്, വെള്ളിയാഴ്‍ച മരിച്ചിട്ടു് ഞായറാഴ്‍ച രാവിലെ യേശു ഉയിർത്തെഴുന്നേറ്റു എന്ന് പറയുന്നതു് അബദ്ധമാണു്. മതപരവും ചരിത്രപരവുമായ സന്ദൎഭം പരിശേധിച്ചാൽ യേശു മരിച്ചതു് ബുധനാഴ്‍ചയായിരുന്നു. രണ്ടു് ശബത്തും അവയ്‍ക്കിടയിൽ ഒരു പ്രവൃത്തിദിനവും. ഇത്രയും കഴിഞ്ഞിട്ടാണു് യേശു ഉയിൎത്തെഴുന്നേറ്റതു്. 72 മണിക്കൂർ – മൂന്നു രാവും മൂന്നു പകലും – യേശുവിന്റെ ശരീരം കല്ലറയിൽ വിശ്രമിച്ചു. ആഴ്‍ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ശിഷ്യന്മാർ ഒഴിഞ്ഞ കല്ലറ കണ്ടു. ഞായറാഴ്‍ച രാവിലെയാണു് യേശു ഉയിൎത്തെഴുന്നേറ്റതു് എന്ന് ബൈബിൾ പറയുന്നില്ല. ശിഷ്യന്മാർ കല്ലറക്കൽ എത്തിയതു് ആ നേരത്താണു്.
“സമയം ആയപ്പോൾ അവൻ അപ്പൊസ്‍തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു. അവൻ അവരോടു: ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു.”44
യേശുവും ശിഷ്യന്മാരും പെസഹ വിരുന്നാണു് ഭക്ഷിച്ചതു് എന്നു് ഉറപ്പു് വരുത്തിയ സ്ഥിതിക്കു് ഇനി ആ വിരുന്നിന്റെ വിശദാംശങ്ങിളിലേക്കു് കടക്കാം. യേശു ആദ്യം അപ്പമാണോ എടുത്തു വാഴ്‍ത്തിയതു് ? ലൂക്കോസ് പറയുന്നതു് ശ്രദ്ധിക്കുക.
“അവൻ അവരോടു: ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ
വാഞ്ഛയോടെ ആഗ്രഹിച്ചു. അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല
എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
“പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടു
കൊൾവിൻ. ദൈവരാജ്യം വരുവോളം ഞാൻ മുന്തിരി വള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല
എന്നു ഞാൻ നിങ്ങളോടു പറയുന്നു.
“പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവൎക്കു കൊടുത്തു: ഇതു
നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓൎമ്മയ്‍ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
“അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞ ശേഷം
അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം
നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.”
ഒന്നിലധികം പാനപാത്രങ്ങൾ! അത്താഴം! അതിനിടയിൽ യേശു അപ്പം വാഴ്‍ത്തി നുറുക്കി കൊടുത്തു. പലരും ചിന്തിക്കുന്നതു് പോലെ കുറച്ചു് ബ്രെഡും മുന്തിരിച്ചാറും കൊണ്ടുള്ള ഒരു പരിപാടിയല്ലായിരുന്നു ആ വിരുന്നു്.
വളരെ അടുക്കും ചിട്ടയോടും – എഴുതപ്പെട്ട ഒരു ക്രമ പ്രകാരം – യഹൂദർ ആചരിക്കുന്ന വിഭവ സമൃദ്ധമായ വിശേഷപ്പെട്ട വിരുന്നാണു് പെസഹ. പെസഹ മേശക്കു് ചുറ്റും കുടംബത്തിലെ എല്ലാവരും വന്നു ചെരും. ദൈവം ഒരുക്കിയ രക്ഷയുടെ ചരിത്രം അയവിറിക്കി കൊണ്ടാണു് അവർ ഈ വിരുന്നു കഴിക്കുന്നതു്. ഈ “കഥ പറച്ചിൽ” ഹഗാഥ എന്നു് അറിയപ്പെടുന്നു.
ഈ വിരുന്നിന്റെ കേന്ദ്ര സ്ഥാനത്തു് ഇരിക്കുന്നതു് “സേയ്ഡർ” (ക്രമം) എന്ന പാത്രമാണു്. പാത്രത്തിലെ വിവിധ കുഴികളിൽ വിവിധ സാധനങ്ങൾ കാണും. കൈപ്പുള്ള വിവിധ തരം ഇലകൾ, പുഴുങ്ങിയ കോഴിമുട്ട, ആടിന്റെ എല്ല്, മധുരമുള്ള പഴങ്ങളുടെയും വീഞ്ഞിന്റെയും മിശ്രിതം, ഉപ്പു നീര്, എന്നിത്യദി വസ്‍തുക്കൾ. അതിനെല്ലാം പ്രത്യേക അൎത്ഥങ്ങൾ ഉണ്ടു്. ഹഗാഥയിലെ ക്രമ പ്രകാരം ഓരോന്നും ഉപയോഗിക്കും.
ഈ വിരുന്നിൽ വിവിധ സമയങ്ങളിലായി നാലു പ്രാവശ്യം പാനപാത്രത്തിൽ വീഞ്ഞു് നിറച്ചിട്ടു് അതിന്നായി ദൈവത്തെ വാഴ്‍ത്തും. പുറപ്പാടു് 6:6-7ൽ45 ദൈവം വാഗ്‍ദത്തം ചെയ്‍ത നാലു കാൎയ്യങ്ങളെ സ്‍മരിക്കുവാനാണു് അപ്രകാരം ചെയ്യുന്നതു്.
ആദ്യത്തെ പാനപാത്രം കുടുംബനാഥൻ ഉയൎത്തി “ബാറൂഖ് ആധാ അദോണായ് ഏലോഹേയ്‍നു മെലെക്ക് ഹാഓലാം ഓറൈ പെരീ ഹാഗാഫെൻ” എന്നു് ചൊല്ലി ദൈവത്തെ വാഴ്‍ത്തി പെസഹ വിരുന്നു ആരംഭിക്കുന്നു. അതിന്റെ അൎത്ഥം “അഖിലാണ്ഡതിന്റെ രാജാവും ഞങ്ങളുടെ ദൈവവുമായ യഹോവേ, മുന്തിരിവള്ളിയുടെ ഫലം സൃഷ്‍ടിച്ച അങ്ങ് വാഴ്‍ത്തപ്പെട്ടവൻ.” അതോടെ അതിനു ശേഷമുള്ള വിരുന്നു് വിശുദ്ധീകരിക്കപ്പെടുന്നു (അതായതു് ദൈവത്തിന്നായി വേർതിരിക്കപ്പെടുന്നു).
അടുത്തതായി അൽപ്പം കാർപ്പസ്സ് (വേവിക്കാത്ത സീമ മല്ലി ഇലകൾ parsley) ഉപ്പുനീരിൽ മുക്കി ഭക്ഷിക്കും. അടിമ നുകത്തിനു കീഴിൽ യഹൂദർ നേരിട്ട കൈപ്പേറിയ അനുഭവങ്ങളെയും അവർ ഒഴുക്കിയ കണ്ണുനീരിനേയും ഓൎമ്മിപ്പിക്കുന്നു.
അതിനു ശേഷം യാഹത്‍സ. അതായതു് രണ്ടാമത്തെ മാത്‍സാ അപ്പം മുറിക്കപ്പെടുന്നു (Yachatz: Breaking of the Middle Matzah)
കോതമ്പ് പൊടി വെള്ളം ഉപയോഗിച്ചു് നനച്ചു് നിമിഷങ്ങൾക്കകം (പുളിക്കുവാൻ അവസരം കൊടുക്കാതെ) പരന്ന ചതൂരാകൃതിയിൽ ചുട്ടെടുക്കുന്ന അപ്പമാണു് മാത്‍സാ. തീയുടെ മീതെ ലോഹ വലയുടെ മുകളിൽ വെച്ചു വേവിക്കുമ്പോൾ ശരിയായി വേകുവാൻ ഒരു കമ്പി ഉപയോഗിച്ചു് കുത്തി കിഴുത്തകൾ ഇടും. അതിന്റെ പുറം ഉഴുതതു് പോലെയാകും.
ഇതു പോലുള്ള മുന്നു അപ്പങ്ങൾ അടുക്കി വെച്ചതിൽ നിന്നു നടുവിലുള്ള അപ്പം എടുത്തു് കുടുംബനാഥൻ രണ്ടായി മുറിക്കും. അതിൽ ഒരു ഭാഗം യഥാസ്ഥാനത്തു് വയ്‍ക്കും. മറ്റേ ഭാഗം ഒരു ശീലയിൽ പൊതിഞ്ഞു് മാറ്റി വയ‍്ക്കും. ചിലർ അതു് എവിടെയെങ്കിലും ഒളിച്ചു വയ്‍ക്കും. എല്ലാ വൎഷവും ഒരേ സ്ഥാനത്തു് തന്നെ വയ്‍ക്കുന്നതാണു് പതിവു്. അപ്രകാരം മറവു ചെയ്യപ്പെടുന്ന അപ്പ കഷണത്തിന്റെ പേരാണു് “അഫിക്കോമെൻ” (‘പീന്നീടു് എടുക്കുവാനുള്ളതു് ’ എന്നൎത്ഥം). വിരുന്നിന്റെ അവസാനം വീട്ടിലെ കുട്ടികൾ അതു് കണ്ടു പിടിച്ചു് കൊണ്ടുവരും.
ഈ അപ്പം എന്തുകൊണ്ടു് ഇപ്രകാരം ഉണ്ടാക്കുന്നു? ഇതു് എന്തിന്റെ പ്രതീകമാണു് ? എന്തുകൊണ്ടു് മൂന്നു് അപ്പം മേശമേൽ വയ്‍ക്കുന്നു? എന്തുകൊണ്ടു് അതിൽ രണ്ടാമത്തേതു് എടുത്തു് മുറിക്കുന്നു? അതിൽ ഒരു കഷണം എന്തുകൊണ്ടു് മറച്ചു വയ‍്ക്കുന്നു? ഇതൊന്നും യഹൂദൎക്കറിയില്ല എങ്കിലും ഇതു് വായിക്കുന്ന ക്രിസ്‍ത്യാനി സത്യം തിരിച്ചറിഞ്ഞേക്കാം.
ഇതിനു ശേഷം പെസഹായുടെ കഥ യഹൂദർ അയവിറക്കും. അതിനെ മാഗ്ഗീദ് എന്നു് പറയും. പുറപ്പാടു് 12:1–15 വരെ വായിക്കും. വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ഗൃഹനാഥനോടു് നാലു് പ്രധാന ചോദ്യങ്ങൾ ചോദിക്കും. അതിനു ഉത്തരമായാണു് പുറപ്പാടിന്റെ കഥ അവർ സ്വന്ത കഥപോലെ ഏറ്റു ചൊല്ലുന്നതു്.
മിസ്രയീമ്യരുടെ മേൽ ദൈവം വരുത്തിയ പത്തു ന്യായവിധികളെയും അവർ സ്‍മരിക്കും. അതിൽ സന്തോഷിക്കുന്നതിനു പകരം അവർ മിസ്രയീമ്യരുടെ ദുഃഖത്തിൽ പങ്കു ചേരും.
ഓരോ ന്യായവിധിയുടെ പേരു അവർ ഉരുവിടുമ്പോഴും വീഞ്ഞിൽ വിരൽ മുക്കി ഒരു തുള്ളി വേറൊരു പ്ലേറ്റിലേക്കു കുടഞ്ഞുകളയും. അങ്ങനെ പത്തു തുള്ളി മാറ്റിയതിനു ശേഷം (അത്രേയും സന്തോഷം കുറച്ചിട്ടു് ) അവർ ആ പാനപാത്രത്തിൽ നിന്നു കുടിക്കും. വിരുന്നിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും അവരവരുടെ പാനപാത്രം ഉണ്ടു്.
“സേയ്ഡർ” എന്ന പെസഹ-ക്രമത്തിന്റെ പ്ലേറ്റിലുള്ള ഒരു പ്രധാന സാധനമാണു് ആടിന്റെ കാലിലെ ഒരു അസ്ഥി. ഏബ്രായ ഭാഷയിൽ അതിനെ സെറോവാ (Zeroah - The Lamb Shankbone) എന്നു പറയും. മിസ്രയീമിൽ വച്ചു് അറുക്കപ്പെട്ട പെസഹ കുഞ്ഞാടിന്റെ ഓൎമ്മയ്‍ക്കായിട്ടാണു് ഒരു അസ്ഥി ഉൾപ്പെടുത്തിയിരുക്കുന്നതു്. യെറുശലേമിലെ ആലയത്തിന്റെയും അവിടെ നടത്തിവന്ന യാഗങ്ങളെയും ഓൎക്കുവാനാണു് പുഴുങ്ങിയ ഒരു മുട്ട യഹൂദർ ഇതോടൊപ്പം വയ്‍ക്കുന്നതു്.
പെസഹ വിരുന്നിന്റെ ആദ്യ ഭാഗത്തിന്റെ അവസാനം “സേയ്ഡർ” പ്ലേറ്റിലുള്ള മറ്റു ഭക്ഷണ പദാൎദ്ധങ്ങൾ അവർ ക്രമമായി ഭക്ഷിക്കും. ബാക്കിയുള്ള മാത്‍സാ അപ്പം ദൈവത്തെ വാഴ്‍ത്തിയതിനു ശേഷം ഭക്ഷിക്കും. കൈപ്പുള്ള ഇലകൾ കൂട്ടിയാണു് ആദ്യം ഒരു കഷണം കഴിക്കുന്നതു്. (ഇതിന്റെ ഒരു പങ്കാണു് യേശു യൂദാസിനു നൽകിയതു്.) അതിനു ശേഷം മധുരമുള്ള ആപ്പിളും തേനും മറ്റും ചേൎത്തു് ഒരു അപ്പ കഷണം കഴിക്കും. ഇതെല്ലാം ഇസ്രായേൽ മക്കളുടെ അടിമവേലയെ സ്‍മരിക്കുന്നതിനാണു്.
ഇത്രയും ചടങ്ങുകൾ കഴിഞ്ഞാൽ പ്രധാന വിരുന്നിലേക്കു് പ്രവേശിക്കും.
അപ്രകാരം ഒരു വലിയ വിരുന്ന ഒരുക്കുവാനാണു് യേശു ശിഷ്യന്മാരെ ചുമതലപ്പെടുത്തിയതു്. ഒരുക്കപ്പെടുന്ന ഒരു ആഹാരത്തിലും പുളിപ്പു് ഉണ്ടാകയില്ല.
അത്താഴത്തിനു ശേഷം മറച്ചുവച്ച “അഫിക്കോമൻ” (തുണിയിൽ പൊതിഞ്ഞു് സൂക്ഷിച്ച രണ്ടാം മാത്‍സാ അപ്പത്തിന്റെ കഷണം) കൊണ്ടു വരും (Tzafun: Finding and Eating the Afikoman). “അഫിക്കോമൻ” മുറിച്ചു് എല്ലാവരും അതിൽനിന്നു ഭക്ഷിക്കും.
യേശു അഫിക്കോമെൻ എടുത്തിട്ടു് “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓൎമ്മയ്‍ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.” ശിഷ്യന്മാർ അതു് കേട്ടു് അത്ഭുതപ്പെട്ടു കാണും. അതു വരെ ആരും അപ്രകാരം ചെയ്‍തിട്ടില്ലല്ലോ. നൂറ്റാണ്ടുകളായി യഹൂദർ പെസഹ വിരുന്നിൽ അൎത്ഥം മനസ്സിലാക്കാതെ ആചാരങ്ങൾ പാലിച്ചു വന്നു. ഇപ്പോഴും അതു് തന്നെ യഹൂദർ ചെയ്‍തു വരുന്നു: രണ്ടാമത്തെ അപ്പം എടുത്തു രണ്ടായി മുറിച്ചു ഒരു ഭാഗം “അടക്കി” യിട്ടു് കുറച്ചു നേരം കഴിഞ്ഞു് അതിനെ “ഉയിൎപ്പിച്ചു് ” കൊണ്ടു വരുന്നു. അവർ ആചരിക്കുന്ന പെസഹ വിരുന്നിൽ തൃത്ത്വത്തിൽ രണ്ടാമനായ യേശുവിന്റെ മരണവും അടക്കവും പുനരുദ്ധാനവും ഉൾപ്പെട്ടിരിന്നു. യഹൂദരുടെ ഈ മതാചാരങ്ങൾ പുറപ്പാടു് പുസ്‍തകത്തിൽ എഴുതിയിട്ടില്ലാത്തതുകൊണ്ടു് ക്രൈസ്‍തവരിൽ പലൎക്കും ഇതിനെ കുറിച്ചു് അറിവില്ല. ഇവിടെയാണു് മതപരവും സാമൂഹീകവുമായ സന്ദൎഭത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നതു്.
യേശു നുറുക്കിയ അപ്പത്തിന്റെ സന്ദൎഭം ഇതാണു്. ഒരു വലിയ “സദ്യക്കു” ശേഷമാണു് നേരത്തെ മുറിച്ചു മാറ്റി വച്ചിരുന്ന അപ്പം എടുത്തു് ശിഷ്യന്മാൎക്കു മുറിച്ചു നൽകിയതു്. ഈ സന്ദൎഭത്തിൽ നിന്നു ചിലതു് അടൎത്തി മാറ്റിയിട്ടു് ഒരു കഷണം പുളിപ്പുള്ള അപ്പം ഉപയോഗിച്ചു് തോന്നുമ്പോഴെല്ലാം ക്രൈസ്‍തവർ നടത്തുന്ന ചടങ്ങ് യഥാൎത്ഥ കൎത്തൃമേശയല്ല. യേശു ചെയ്‍തതു പോലെ തന്നെ എല്ലാം ചെയ്യേണം എന്നു ശഠിക്കുന്നവർ കൎത്തൃമേശയുടെ കാൎയ്യം വരുമ്പോൾ എന്തുകൊണ്ടു് ആ പ്രമാണം വിസ്‍മരിക്കുന്നു?
അത്താഴം കഴിഞ്ഞു് എല്ലാവരും മൂന്നാമതു് അവരവരുടെ പാനപാത്രങ്ങൾ നിറയ്‍ക്കും.
“… ബലമുള്ള കൈയാലും ഉന്നത ഭുജത്താലും വലിയ ന്യായവിധിയോടെയും ഞാൻ നിങ്ങളെ രക്ഷിക്കുകയും ചെയ്യും” എന്നു് ദൈവം മോശെയിലൂടെ ഇസ്രയേൽ മക്കളോടു് വാഗ്‍ദത്തം ചെയ്‍തിരുന്നു. ആ രക്ഷയെ അഥവാ വീണ്ടെടുപ്പിനെ സ്‍മരിക്കുന്ന രക്ഷയുടെ പാനപാത്രമാണിതു്. ദൈവത്തെ വാഴ്‍ത്തിയിട്ട് എല്ലാവരും മൂന്നാമത്തെ പാനപാത്രത്തിൽ നിന്നു കുടിക്കും.
“ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു” എന്നു ഈ പാനപാത്രം കൈയ്യിൽ എടുത്തിട്ടാണു് യേശു പറഞ്ഞതു്.46
“പിന്നെ പാനപാത്രം എടുത്തു സ്‍തോത്രം ചൊല്ലി അവൎക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകൎക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കും നാൾ വരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.”47
നാലാമതു് പാനപാത്രത്തിൽ വീഞ്ഞു പകൎന്നു കുടിക്കുന്നതിനു മുമ്പു് ദൈവത്തെ സ്‍തുതിക്കുവാൻ ചില നിമിഷങ്ങൾ യഹൂദർ വേർതിരിക്കും. നൂറ്റിപതിമുന്നു മുതൽ നൂറ്റിപതിനെട്ടാം സങ്കീർത്തനം വരെ അവർ പാടും.
യേശുവും ശിഷ്യന്മാരും ദൈവത്തെ സ്‍തുതിച്ചതായി നാം വായിക്കുന്നു. “പിന്നെ അവർ സ്‍തോത്രം പാടിയ ശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.”48
യഥാൎത്ഥ പെസഹ എന്നു വച്ചാൽ എന്താണെന്നു് ക്രൈസ്‍തവരിൽ ഭൂരിഭാഗം ആളുകളും കേട്ടിട്ടു പോലും ഇല്ല എന്നതാണു് വാസ്‍തവം. അറിവില്ലായ്‍മ നിമിത്തമോ യഹൂദരുടെ പെസഹ വിരുന്നിനോടുള്ള വിരോധം നിമിത്തമോ ആ വിരുന്നിലെ ഒരു ചെറിയ അംശം മാത്രം ക്രൈസ്‍തവർ അടൎത്തിയെടുത്തിട്ടു് “ഇതാണു് യേശു ഞങ്ങളോടു് ചെയ്യാൻ ആഞ്ഞാപിച്ചതു് ” എന്നു് അവകാശപ്പെടുന്നതു് യേശുവിനോടും ദൈവ വചനത്തോടും കാണിക്കുന്ന കടുത്ത അനാദരവല്ലേ?
“ഇതു് എന്റെ ഓൎമ്മയ്‍ക്കായി ചെയ്‍വിൻ.” യേശു പെസഹ വിരുന്നാണു് ആചരിച്ചതെങ്കിൽ യേശുവിനെ കേന്ദ്രീകരിച്ചുള്ള പെസഹ നാം തന്റെ ഓൎമ്മയ്‍ക്കായി ആണ്ടിൽ ഒരിക്കൽ ആചരിക്കേണം എന്നാണു് യേശുവിന്റെ കൽപ്പനയുടെ സാരം. യേശു ഒരുക്കലായി ബലിയായതുകൊണ്ടു് നാം ഇനി ആടുകളെ അറുക്കേണ്ട ആവശ്യമില്ല. മൃഗബലി ഇനിമേൽ ആചരിക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ടു് ഇനി മുതൽ പെസഹ വിരുന്നും വേണ്ട എന്നല്ല യേശു പറഞ്ഞതു്. “ഇതു് എന്റെ ഓൎമ്മയ്‍ക്കായി ചെയ്‍വിൻ.” യേശുവിനെ ചിത്രീകരിക്കുന്ന അഫിക്കോമെൻ പെസഹ വിരുന്നിൽ തന്നെയുണ്ട്. അതുകൊണ്ടു് യേശു പ്രത്യേകം വാഴ്‍ത്തി നുറുക്കി നൽകിയ അഫിക്കോമെൻ എന്ന അപ്പത്തിന്റെ അൎത്ഥം മനസ്സിലാക്കി ക്രിസ്‍തുവിൽ കേന്ദ്രീകൃതമായ പെസഹ വിരന്നു് അഥവാ “കൎത്തൃമേശ” ആചരിക്കേണം.
സ്‍നേഹ വിരുന്നുകൾ എത്ര വേണെമെങ്കിലും എപ്പോൾ വേണമെങ്കിലും ആകാം. അവയിൽ ഏതു തരം ഭക്ഷണവും കഴിക്കാം. കൎത്തൃമേശയിൽ പുളിപ്പ് പാടില്ല. നമ്മുടെ ജീവിതത്തിലും പുളിപ്പു് പാടില്ല. സ്‍നേഹ വിരുന്നുകളിൽ ആൎക്കു വേണമെങ്കിലും പങ്കെടുക്കാം. കൎത്തൃമേശയെന്ന ക്രിസ്‍തീയ പെസഹയിൽ ദൈവജനം മാത്രമേ പങ്കെടുക്കുവാൻ പാടുള്ളൂ.49 അതായതു് സുവിശേഷം കേട്ടു് മാനസാന്തരപ്പെട്ടു് ക്രിസ്‍തുവിനോടു് ചേരുവാൻ സ്‍നാനപ്പെട്ടവർ മാത്രം. അല്ലാത്തവൎക്കു് ക്രിസ്‍തുവിന്റെ മേശയിൽ എന്തു കാൎയ്യം?
നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു: ക്രിസ്‍തു തന്നേ. ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്‍മ കൊണ്ടുതന്നേ ഉത്സവം ആചരിക്ക.50
ക്രിസ്‍തീയ ജീവിതം തന്നെ പുളിപ്പില്ലാത്ത അപ്പത്തന്റെ ഉത്സവം ആണെന്നാണു് പൗലൊസ് ശ്ലീഹാ പറയുന്നതു്.
“അപ്പം ഒന്നാകകൊണ്ടു് പലരായ നാം ഒരു ശരീരം ആകുന്നു” എന്നു് പാസ്‍റ്റർമാർ പറയുന്നതു് കേട്ടിട്ടുണ്ടു്. പക്ഷേ ബേക്കറിയിൽ നിന്നും വാങ്ങിയ പുളിപ്പുള്ള ബ്രെഡും കയ്യിൽ എടുത്തു് “ഈ അപ്പത്തിനു പുളിപ്പില്ലാത്തതു് പോലെ നമ്മുടെ ജീവിതത്തിൽ പാപത്തിന്റെ അംശം പോലും കാണരുതു് ” എന്നു് പറയുന്ന ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. പെസഹയുമായി ഒരു സാദൃശം പോലുമില്ലാത്ത രീതിയിൽ പുളിച്ച മാവുകൊണ്ടുള്ള ബ്രെഡ‍് ഉപയോഗിച്ചു് നടത്തുന്ന “കൎത്തൃമേശ” ആചരിക്കുന്നവർ വിശുദ്ധ ജീവിതത്തിന്റെ അതിമനോഹരമായ ഒരു ചിത്രത്തെ പാഴാക്കുകയാണു്.
പുളിപ്പില്ലാത്ത അപ്പം പെസഹായ‍്‍ക്കു മാത്രമേ ഉപയോഗിക്കാറുള്ളൂ. ആണ്ടിലൊരിക്കൽ. നമുക്കു് സൗകര്യമുള്ളപ്പോളെല്ലാം ആചരിക്കേണ്ട ഒന്നല്ല ക്രിസ്‍തീയ പെസഹ. പെസഹയുടെ സന്ദൎഭത്തിൽ നിന്നു ഒരു അപ്പവും കുറച്ചു വീഞ്ഞും അടൎത്തിയെടുത്താൽ ആ അപ്പത്തിനും വീഞ്ഞിനും കൎത്താവു് ഉദ്ദേശിച്ച അൎത്ഥം കിട്ടുകയില്ല. അതു് യഥാൎത്ഥ കൎത്തൃമേശയുടെ ഒരു വികൃതമായ നിഴൽ മാത്രം.
യഹൂദർ പെസഹ വിരുന്നു് വീടുകളിൽ ആചരിച്ചു വരുന്നതു പോലെ ക്രിസ്‍തീയ പെസഹ എന്ന കൎത്തൃമേശയും വീടുകളിൽ ആചരിക്കേണം. അതിനു കാൎമ്മികത്വം വഹിക്കുവാൻ കുടുംബനാഥനല്ലാതെ വേറെ പ്രത്യേക പുരോഹിതന്മാരുടെ ആവശ്യമില്ല. ക്രിസ്‍ത്യാനികൾ പെസഹ ആചരിക്കുമ്പോൾ യഹൂദർ ആചരിക്കുന്നതിൽ നിന്നു അൽപ്പം വ്യത്യസ്തമായി യേശുക്രിസ്‍തുവിൽ പൂൎത്തിയായ വീണ്ടെടുപ്പിന്റെ ആഘോഷമായും വീണ്ടെടുപ്പുകാരനായ യേശുവിന്റെ ഓൎമ്മക്കായും ആചരിക്കേണം.
കൎത്തൃമേശയുടെ ശരിയായ അൎത്ഥം മനസ്സിലാക്കുവാൻ യഹൂദരുടെ ഇടയിൽ നിലനിന്നിരുന്ന മതപരമായ പശ്ചാത്തലം ആവശ്യമായിരുന്നതു പോലെ “വീണ്ടും ജനനം” എന്ന യേശുവിന്റെ ഉപദേശം ഗ്രഹിക്കുവാനും നാം അതിന്റെ പിന്നിലെ യഹുദ വേരുകൾ തേടി പോകേണ്ടി വരും. (വീണ്ടും ജനനത്തിന്റെ അൎത്ഥം അറിയുവാൻ ഈ സന്ദേശം ശ്രവിക്കുക).
വില: രൂ 999. തുടൎന്നു് വായിക്കും മുമ്പു് … ഈ പുസ്തകത്തിന്റെ വില പൂൎണ്ണമായോ ഭാഗീകമായോ – താങ്കളുടെ പ്രാപ്തിയനുസരിച്ചു് – അയച്ചു കൊടുക്കുക (PayPal or UPI). പണം അയയ്‍ക്കുവാൻ താഴെ കാണുന്ന QR കോഡിന്മേൽ തൊടുക. പുസ്‍തകം വായിച്ചിട്ടു് ഈ വെബ് സൈറ്റിലേക്കുള്ള ലിങ്ക് ദയവായി മറ്റുള്ളവരുമായി പങ്കുവയ്‍ക്കുക.
BACK |
TOP |
INDEX |
HOME
ABOUT |
CONTACT |
SUPPORT |
SITE MAP |