അദ്ധ്യായം 4
ബൈബിളിലെ ഓരോ വേദഭാഗത്തിനും ശരിയായ ഒരൎത്ഥമുണ്ടോ? അതോ, വിവിധ അൎത്ഥങ്ങളും അൎത്ഥങ്ങളുടെ തലങ്ങളുമുണ്ടോ? പുതിയ അൎത്ഥങ്ങൾ നാം തേടേണമോ? ശരിയായ അൎത്ഥം എങ്ങനെ മനസ്സിലാക്കാം?
വായിക്കുന്ന വേദഭാഗത്തിന്റെ അൎത്ഥം മനസ്സിലാകുന്നുണ്ടോ എന്നു് ചോദിക്കേണ്ട ആവശ്യമുണ്ടോ? നമ്മുടെ ഭാഷയില്‍ ലഭിച്ച ബൈബിള്‍ പത്രം വായിച്ചു് മനസ്സിലാക്കുന്നതു പോലെ വായിച്ചു് മനസ്സിലാക്കാവുന്നതേയുള്ളൂ എന്നു് ചിന്തിക്കുന്നവരുണ്ടു്. പക്ഷേ പലരും വായിച്ചിട്ടു് തങ്ങള്‍ക്കു് ബോധിച്ച അൎത്ഥമാണു് ഓരോ വേദഭാഗത്തിനും കല്‍പ്പിക്കുന്നതു്. “ഒരോ തവണയും ഞാൻ വേദപുസ്‍തകം വായിക്കുമ്പോൾ പുതിയ പുതിയ അൎത്ഥങ്ങളാണു് എനിക്കു് ദൈവം കാണിച്ചു തരുന്നതു് ” എന്നു് പറയുന്ന വിശ്വാസികൾ ധാരാളം.
അൎത്ഥം പറഞ്ഞുകൊടുക്കേണ്ട ഉത്തരവാദിത്തം ഇടയന്മാൎക്കും ഉപദേഷ്‍ഠാക്കന്മാൎക്കുമാണല്ലോ. പല ഇടയന്മാരും ആ കൎത്തവ്യം നിവൃൎത്തിക്കാറില്ല. ഉച്ചത്തിൽ ഒരേ വാക്യം പലയാവൎത്തി വിളിച്ചു് പറഞ്ഞാൽ ജനങ്ങൾക്കു് അതു് ഏക്കും എന്ന ചിന്തയാണു് പ്രസംഗകരിൽ ചിലർക്കു്. അവർ മനസ്സിൽ കാണുന്ന അൎത്ഥം ശബ്‍ദബാഹുല്യം നിമിത്തം ജനം ഒപ്പിയെടുക്കും എന്നു് ചിന്തിച്ചായിരിക്കും അങ്ങനെ ചെയ്യുന്നതു്.
നമ്മില്‍ പലരും ഇപ്പോഴും വേദപുസ്‍തകത്തെ ഒരു കടങ്കഥയായി കാണുന്നു. എന്തു് വായിച്ചാലും അതിന്റെ ആത്മീക അൎത്ഥവും മറ്റു പല അൎത്ഥങ്ങളും നാം അന്വേഷിക്കുന്നു. മനസ്സില്‍ തോന്നുന്നതെല്ലാം പരിശുദ്ധാത്മാവു് തന്നതാണെന്നു് അവകാശപ്പെടുന്നു. “എണ്ണ” എന്ന വാക്കു് എവിടെ കണ്ടാലും അതു് ആത്മാവിനെ കുറിക്കുന്നതായും, “വെള്ളം” എന്ന വാക്കു് വചനമായും നാം വ്യാഖ്യാനിക്കുന്നു. മറഞ്ഞിരിക്കുന്ന അൎത്ഥങ്ങള്‍ തേടി നാം വലയുന്നു. ഇതുവരെയും ആരുടെയും മനസ്സില്‍ തോന്നാത്ത വ്യാഖ്യാനങ്ങള്‍ പ്രസംഗിക്കുകയോ എഴുതുകയോ ചെയ്യുന്ന ആളുകളെ നാം മിടുക്കന്മാരായി കാണുന്നു. അതുകൊണ്ടു് നാമും മിടുക്കന്മാർ ആകുവാനായി പുതിയ അൎത്ഥങ്ങള്‍ അഥവാ വ്യാഖ്യാനങ്ങള്‍ തേടുന്നു! അങ്ങനെ നമ്മുടെ മനസ്സില്‍ വരുന്നതെല്ലാം വചന വെളിപ്പാടാണു് എന്നു് അവകാശപ്പെടുന്നു! ഇരുപതു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആരുടെയും മനസ്സില്‍ തോന്നാത്ത വ്യാഖ്യാനങ്ങള്‍ ദുരുപദേശം ആകാൻ സാധ്യതയുണ്ടെന്നു് നാം ചിന്തിക്കുന്നില്ല.
പല ഉപമകള്‍ക്കും വേദഭാഗങ്ങള്‍ക്കും പലരും ആത്മീക അൎത്ഥങ്ങള്‍ കൊടുക്കുവാൻ ശ്രമിക്കുന്നതു് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടു്. ഉദാഹരണത്തിന്നു് നല്ല ശമൎയ്യക്കാരന്റെ ഉപമയില്‍ ഒരുവന്റെ യെറുശലേമില്‍ നിന്നു യെരീഹോവിലേക്കുള്ള യാത്ര ദൈവ സന്നിധിയില്‍ നിന്നുള്ള പിന്മാറ്റമായി ചിലര്‍ വ്യാഖ്യാനിക്കാറുണ്ടു്. എലിമലേക്കും നവോമിയും മോവാബിലേക്കു് പോയതിനെ കുറിച്ചുള്ള “ആത്മീക അൎത്ഥങ്ങളും” സുലഭമാണു്.
മത്തായി 24:32ലെ അത്തിവൃക്ഷത്തിന്നു് നാം എന്തെല്ലാം അൎത്ഥങ്ങളാണു് കൊടുക്കുന്നതു് ? അത്തി യഹൂദ രാഷ്‌ട്രത്തെ കുറിക്കുന്നു എന്നും, യഹൂദ രാഷ്‌ട്രം രൂപപ്പെട്ടു് ശക്‌തിപ്പെടുമ്പോള്‍ അന്ത്യം വരും എന്നും പഠിപ്പിച്ചു് കേള്‍ക്കുന്നു. അത്തിയെ കുറിച്ചൊരു ഉപമയാണു് യേശു ക്രിസ്‍തു പറഞ്ഞതു്. അത്തി തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു് പലസ്‍തീൻ നിവാസികള്‍ പറയുമായിരുന്നു. അതുപോലെ, മത്തായി ഇരുപത്തിനാലാം അദ്ധ്യായത്തില്‍ ക്രിസ്‍തു പറഞ്ഞ സംഭവങ്ങള്‍ നിറവേറുമ്പോള്‍ അവസാനം അടുത്തു എന്നു് തന്റെ ശിഷ്യന്മാര്‍ മനസിലാക്കേണ്ടതിനാണു് താൻ അപ്രകാരം പറഞ്ഞതു്. അത്തിയുടെ തളിൎപ്പു് യേശുവിന്റെ രണ്ടാം വരവിന്റെ അടയളമല്ല! അത്തിയുടെ തളിൎപ്പു് വേനലിന്റെ അടയാളം മാത്രമാണു്. ഉപമകളെ കൈകാൎയ്യം ചെയ്യുവാനുള്ള സാമാന്യ ബുദ്ധിയെങ്കിലും നമുക്കുണ്ടാകണം. അല്ലാതെ അത്തിവൃക്ഷം ഇസ്രായേലാണെന്നും അതിന്റെ തളിൎപ്പു് ഇസ്രായേൽ രാഷ്ട്രത്തിന്റെ വളൎച്ചയെ കാണിക്കുന്നു എന്നും പഠിപ്പിക്കരുതു്. കൎത്താവു് അങ്ങനെ പഠിപ്പിച്ചില്ല.
നൂറ്റാണ്ടുകളായി റോമൻ കത്തോലിക്ക സഭയില്‍ ഒരു ചിന്തയുണ്ടായിരുന്നു—ഓരോ വേദഭാഗത്തിനും അൎത്ഥങ്ങളുടെ പല തലങ്ങളുണ്ടെന്നു്. അതായത്, ഔരോ വാക്കിനും പല അൎത്ഥങ്ങൾ ഉണ്ടെന്നു് —അക്ഷരീക അൎത്ഥം (literal meaning), പ്രതീകം അഥവാ ഉപമയുടെ അൎത്ഥം (allegorical meaning), ഗുണപാഠത്തിനായുള്ള അൎത്ഥം (moralis quid agas – tropological meaning), സ്വൎഗ്ഗീയമായ ആത്മീക അൎത്ഥം (anagogical sense). ഉദാഹരത്തിനു്, യെറുശലേമിന്നു അവര്‍ കൊടുത്തിരുന്ന വിവിധ അൎത്ഥങ്ങള്‍ ഇവയാണു്.1
അക്ഷരീക അൎത്ഥം: |
---|
യെറുശലേം പട്ടണം |
എന്തിന്റെ പ്രതീകം ആണു് ? |
ക്രിസ്‍തുവിന്റെ സഭയുടെ പ്രതീകം |
ഗുണപാഠത്തിനായുള്ള അൎത്ഥം: |
മനുഷ്യരുടെ ആത്മാക്കളെ കുറിക്കുന്നു |
ആത്മീക അൎത്ഥം: |
സ്വൎഗ്ഗീയ യെറുശലേമിന്റെ നിഴൽ |
തന്റെ മാനസാന്തരത്തിന്നു് ശേഷം മാർട്ടിൻ ലൂഥര്‍ ഇപ്രകാരം പറഞ്ഞു — “എന്റെ ചെറുപ്പത്തില്‍, … ഞാൻ അക്ഷരീക അൎത്ഥം, ഉപമാടിസ്ഥാനത്തിലുള്ള അൎത്ഥം, ആത്മീക അൎത്ഥം, ഗുണ പാഠത്തിനുള്ള അൎത്ഥം ഇവയെല്ലാംകൊണ്ടു് കുറച്ചേറെ വിദ്യകള്‍ അല്ലാതെ എന്താണു് കാട്ടികൂട്ടിയതു് ? … ഇപ്പോള്‍ ഞാൻ അവയെല്ലാം ഉപേക്ഷിച്ചു. അക്ഷരീക അൎത്ഥം ഒഴിച്ചാല്‍ മറ്റെല്ലാം വിഢിത്തമാണു്.”
അതുകൊണ്ട് ഇനി ബൈബിൾ വായിക്കുമ്പോൾ അക്ഷരീക അൎത്ഥം മാത്രമേ സ്വീകരിക്കയുള്ളൂ എന്നു് തിരക്കിട്ടു് തീരുമാനിക്കരുതു്. ചില ആലങ്കാരിക പ്രയോഗങ്ങളും ബൈബിളിലുണ്ടു്. അവയുടെ അക്ഷരാൎത്ഥം എടുത്താല്‍ നാം തെറ്റിപോകും. ഉദാഹരത്തിനു്, സങ്കീൎത്തനം 91:4 അക്ഷരീകമായെടുത്താല്‍ ദൈവത്തിന്നു് ചിറകുകളും തൂവലുകളുമുണ്ടെന്നു് നാം വിശ്വസിക്കേണ്ടിവരും!
“അൎത്ഥങ്ങളുടെ പല തലങ്ങൾ” എന്ന കാഴ്‍ചപ്പാടിൽ നിന്നു ലൂഥർ സ്വാതന്ത്ര്യം നേടിയിട്ടു് വൎഷം അഞ്ഞൂറു് കഴിഞ്ഞു. എന്നാൽ ഇന്നും മലയാളികളായ മിക്ക ക്രൈസ്‍തവൎക്കും ആ സ്വാതന്ത്ര്യം അന്യമാണു്. “ഏതു് ലൂഥർ? അയൾക്കെന്താ ഇവിടെ കാൎയ്യം?” എന്നു് ചോദിക്കുന്നവരും വിരളമല്ല. അപ്പൊസ്‍ലന്മാരുടെ പിൻഗാമികൾ എന്നവകാശപ്പെടുന്ന മലയാളക്കരയിലെ വേർപ്പെട്ട ക്രൈസ്‍തവർ സഭാചരിത്രം പഠിക്കാറില്ലല്ലോ. അവരുടെ കലണ്ടറിൽ ഒന്നാം നൂറ്റാണ്ടിനു ശേഷം വരുന്നതു് ഇരുപതാം നൂറ്റാണ്ടാണു്. ആ രണ്ടു് കാലഘട്ടങ്ങൾക്കിടയിൽ യാതൊന്നും ഇല്ല. ഒന്നും സംഭവിച്ചിട്ടുമില്ല. ചരിത്രം പഠിക്കുവാൻ വിസമ്മതിക്കുന്നവർ മറ്റുള്ളവരുടെ തെറ്റുകൾ ആവൎത്തിക്കുവാൻ വിധിക്കപ്പെട്ടവരാണു് എന്ന് നാം എന്നു തിരിച്ചറിയും?
ഹബക്കുക്കിന്റെ പ്രവചനം സാധാരണയായി വായിക്കുമ്പോള്‍ ഒന്നാം അദ്ധ്യായത്തില്‍ നിന്നു യാതൊന്നും തന്നെ മിക്കവൎക്കും മനസ്സിലാകാറില്ല. മനസ്സിലാകാത്ത ഭാഗങ്ങള്‍ അവഗണിച്ചു് വായന തുടര്‍ന്നാല്‍ എവിടെയെങ്കിലും വച്ചു് എന്തെങ്കിലും പിടിക്കിട്ടും എന്നാണു് പലരുടെയും ചിന്ത. ഈ രീതിയില്‍ പാഠ പുസ്‍തകങ്ങള്‍ വായിച്ചിരുന്നെങ്കില്‍ നാം ആരും ഒരു കാലത്തും സ്‍കൂൾ വിദ്യാഭാസം പോലും പൂൎത്തീകരിക്കില്ലായിരുന്നു!
രണ്ടാം അദ്ധ്യായത്തിലേക്കു് പ്രവേശിക്കുമ്പോള്‍ അല്‍പ്പം മനസ്സിലായി തുടങ്ങും. കൊത്തളത്തില്‍ ഹബക്കുക്‍ കാത്തിരിക്കുന്നു് … ദൈവശബ്‌ദം കേള്‍ക്കുന്നു് … ദൎശനത്തിന്നു് ഒരു അവധി വച്ചിരിക്കുന്നു… താമസിച്ചാലും അതിന്നായി കാത്തിരിക്കേണം … എന്റെ നീതിമാൻ വിശ്വാസത്താല്‍ ജീവിക്കും.
അതു് വായിക്കുമ്പോള്‍ നമ്മോടുള്ള സന്ദേശമായി നാം അവയെ സ്വീകരിക്കുന്നു. ഹബക്കുക്‍ കണ്ട ദര്‍ശനം ഏതോ അനുഗ്രഹത്തെ കുറിച്ചാണു് എന്നും ദൈവം നമ്മോടു് വാഗ്ദത്തം ചെയ്‍ത ഏതോ കാൎയ്യം താമസം കൂടാതെ നിവൎത്തിക്കും എന്നും ചിന്തിച്ചു് നാം ആശ്വസിക്കും. വായനക്കാരന്റെ മനസ്സില്‍ എന്തു് അൎത്ഥം തോന്നുന്നുവോ, ആ അൎത്ഥമാണു് ശരിയെന്നും അതു തന്നെയാണു് ആ വചനത്തിന്റെ സന്ദേശം എന്നും നാം കരുതുന്നു. എന്നാല്‍ ഹബക്കുക്‍ എഴുതിയ ദൂതു് അക്കാലത്തു് വരുവാനിരുന്ന ന്യായവിധിയെ കുറിച്ചായിരുന്നു് എന്നതാണു് സത്യം! ആ പുസ്‍തകത്തിന്റെ സന്ദര്‍ഭം കണക്കിൽ എടുക്കുമ്പോള്‍ അതു് മനസ്സിലാകും. ആ ചെറു ഗ്രന്ഥം എഴുതിയ പ്രവാചകൻ എന്തു് ഉദ്ദേശിച്ചുവോ ആ അൎത്ഥത്തിൽ അല്ല പലരും അതിനെ മനസ്സിലാക്കുന്നതു് എന്നു മാത്രം!
ഇവിടെ നാം നമ്മോടു തന്നെ ചോദിക്കേണ്ടതു് ഇതാണു് — ഒരു വേദഭാഗത്തിന്റെ ശരിയായ അൎത്ഥം ഏതാണു് ? വായനക്കാരന്റെ മനസ്സില്‍ തോന്നുന്ന അൎത്ഥമാണോ ശരിയര്‍ത്ഥം? അങ്ങനെയായാല്‍ വായനക്കാരുടെ എണ്ണം അനുസരിച്ചു് അൎത്ഥങ്ങളും പെരുകും! പുതിയ അൎത്ഥങ്ങളും, “വചന വെളിപ്പാടുകളും” തേടി ജനം പായുകയാണു്. ഇതിനൊരറുതി വരണ്ടേ?
നാം എഴുതുന്ന കത്തുകള്‍ വായിക്കുന്നവര്‍ അവൎക്കു് തോന്നുന്ന അൎത്ഥം അവയ്‍ക്കു കല്‍പ്പിച്ചാല്‍ നമുക്കു് അതു് സ്വീകാൎയ്യമാകുമോ? ലേഖകൻ ഏതൎത്ഥം ഉദ്ദേശിച്ചുവോ, അതാണു് ശരിയൎത്ഥം. നാം ഏതു് വേദഭാഗം വായിച്ചാലും ലേഖകന്റെ മനസ്സറിയുവാൻ ശ്രമിക്കേണം.
ലേഖകൻ മനസ്സില്‍ കാണാതിരുന്ന അൎത്ഥം തന്റെ വാക്കുകള്‍ക്കു് പിറകില്‍ മറഞ്ഞിരിക്കുന്നുണ്ടെങ്കിലോ? അങ്ങനെയുള്ള മറഞ്ഞിരിക്കുന്ന അൎത്ഥങ്ങള്‍ കണ്ടു പിടിക്കേണ്ട ചുമതല നമുക്കില്ലേ എന്നു് ചിലരെങ്കിലും ചോദിച്ചേക്കാം. മറഞ്ഞിരിക്കുന്ന അൎത്ഥങ്ങള്‍ തേടി പോകേണ്ട എന്നേ ഞാൻ പറയുകയുള്ളൂ.
എങ്കില്‍ പിന്നെ അപ്പൊസ്‍തലന്മാര്‍ എന്തുകൊണ്ടു് ഏബ്രായ തിരുവെഴുത്തുകളുടെ അൎത്ഥങ്ങള്‍ ഈ രീതിയില്‍ ആരാഞ്ഞു? ഹോശേയ 11:1ല്‍ ലേഖകനായ പ്രവാചകൻ ഒരിക്കല്‍ പോലും ചിന്തിക്കുവാൻ സാധ്യതയില്ലാത്ത അൎത്ഥമല്ലേ മത്തായി കണ്ടുപിടിച്ചതു് ?2 ഹോശേയ ആ വാക്യത്തില്‍ ഇസ്രായേല്‍ രാഷ്‌ട്രത്തെയാണു് ഉദ്ദേശിച്ചതെന്ന കാൎയ്യത്തില്‍ തൎക്കമില്ല. എന്നാല്‍ മത്തായി പരിശുദ്ധാത്മാവില്‍ അതു് വ്യാഖ്യാനിച്ചപ്പോള്‍ യേശുവിനെ കുറിച്ചാണു് ആ വാക്യം എന്നു് താൻ അവകാശപ്പെട്ടു. ഇസ്രായേൽ എന്ന ജനതയിൽ ദൈവം പ്രതീക്ഷിച്ച എല്ലാ ഗുണങ്ങളും ഉൾക്കൊണ്ട ഒരേ ഒരു വ്യക്തി യേശുവായിരുന്നു. അതുകൊണ്ടു് ഇസ്രായേലിനെ കുറിച്ചു് പ്രവാചകൻ പറഞ്ഞതു് യേശു എന്ന ഇസ്രായേല്യനിൽ നിറവേറിയതായി മത്തായി കണ്ടു. അങ്ങനെയെങ്കില്‍ ഇന്നത്തെ വായനകാൎക്കും അപ്രകാരം പുതിയ അൎത്ഥങ്ങള്‍ കണ്ടു പിടിച്ചുകൂടേ?
ഒന്നാമതായി നാം ഈ കാൎയ്യത്തില്‍ മനസ്സിലാക്കേണ്ടത്, തിരുവെഴുത്തുകള്‍ എഴുതുവാൻ ദൈവം ഉപയോഗിച്ച അപ്പൊസ്‍തലന്മാരും നാമും തമ്മിലുള്ള വ്യത്യാസമാണു്. ചരിത്രത്തില്‍ നമുക്കാൎക്കും ലഭിക്കാത്ത ഒരു പദവിയാണു് അവൎക്കു് ദൈവം കൊടുത്തതു് — യേശുവിനെ ശരീരത്തില്‍ കാണുവാനും അറിയുവാനുമുള്ള ഭാഗ്യം. അവരുടെ സാക്ഷ്യത്തിലൂടെയാണു് ലോകം യേശുവിനെ അറിയുന്നതു്. അവരിലൂടെയാണു് സുവിശേഷം സഭയ്‌ക്കും ലോകത്തിനും “ഒരിക്കലായി” ഭരമേല്‍പ്പിക്കപ്പെട്ടതു്.3 അവരില്‍ നിന്നു ഈ വിലയേറിയ വിശ്വാസം ഏറ്റുവാങ്ങാനല്ലാതെ അതിനോടു കൂട്ടി ചേൎക്കുവാനോ എടുത്തു മാറ്റുവാനോ സഭയ്ക്കു് അവകാശമില്ല. അവര്‍ ഏതെല്ലാം രീതിയില്‍ ഏബ്രായ തിരുവെഴുത്തുകളെ വ്യാഖ്യാനിച്ചിട്ടുണ്ടോ, അവയെ നാം സ്വീകരിക്കേണം. അവര്‍ ചെയ്തതു പോലെ ഏബ്രായ തിരുവെഴുത്തുകള്‍ക്കു് പുതിയ അൎത്ഥങ്ങള്‍ തേടി നാം പോയാല്‍ ഉളവാകുവാൻ പോകുന്ന പുതിയ വ്യാഖ്യാനങ്ങള്‍ക്കു് ഒരറുതിയും ഉണ്ടാവുകയില്ല. മാത്രമല്ല, പുതിയ വ്യാഖ്യാനങ്ങളെ അളക്കുവാൻ ഒരു മാനദണ്ഢവും നമ്മുടെ പക്കല്‍ കാണുകയില്ല. ബൈബിളില്‍ എടുത്തു പറഞ്ഞിട്ടില്ലാത്ത നിഴല്‍-പൊരുള്‍ ബന്ധങ്ങള്‍ കണ്ടുപിടിക്കുവാൻ തത്രപ്പെടുന്നവരും ഈ കാൎയ്യം ഓര്‍ത്തിരുന്നാല്‍ നന്നു്.
ചിലപ്പോള്‍ നാം വചനം വായിക്കുമ്പോള്‍ ദൈവം നേരിട്ടു് നമ്മോടു് സംസാരിക്കുന്നതായി അനുഭവപ്പെടാറുണ്ടു്. ആ വചനം എഴുതിയ ലേഖകൻ ഉദ്ദേശിച്ച അൎത്ഥം ഒന്നു്. എന്നാല്‍ അതിനെ മറികടന്നു് ദൈവം ചിലപ്പോള്‍ വായനക്കാരന്റെ സാഹചര്യത്തിനൊത്ത അൎത്ഥം അതിനു് നല്‍കും വിധം സംസാരിക്കാറുണ്ടു്. ഉദാഹരണത്തിന്നു്, ദൈവം തന്നെ കൈവിട്ടോ എന്നു് ചിന്തിച്ചു് നിരാശപ്പെട്ടിരുന്ന ഒരു പുതിയ വിശ്വാസി വെറുതെ ബൈബിള്‍ തുറന്നപ്പോള്‍ തനിക്കു് ‘കിട്ടിയ’ വാക്യം റോമര്‍ 11:1 ആണു് — “എന്നാല്‍ ദൈവം സ്വജനത്തെ തള്ളികളഞ്ഞുവോ … ഒരു നാളും ഇല്ല.” അതു് വായിച്ചപ്പോള്‍ നിരാശയില്‍ നിന്നു തനിക്കു് മോചനം ലഭിച്ചു. ദൈവം തന്നോടു് അതിലൂടെ സംസാരിച്ചു് എന്നതിനു് തൎക്കമില്ല.
എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ചില കാൎയ്യങ്ങളുണ്ടു്.
ഒന്ന്, ഒരു മനുഷ്യനെ മാനസീക തകൎച്ചയില്‍ നിന്നു രക്ഷിക്കുവാൻ ദൈവം ആ വാക്യം ഉപയോഗിച്ചതുകൊണ്ടു് ഇനിമേല്‍ ആ വാക്യത്തിന്റെ ശരിയായ അൎത്ഥവും ഉപയോഗവും അതാണു് എന്ന നാം ചിന്തിക്കരുതു്.
രണ്ട്, ദൈവത്തിന്നു് ഒരാളോടു് സംസാരിക്കുവാൻ പല മാൎഗ്ഗങ്ങളുണ്ടു് എന്നു് ബൈബിള്‍ വ്യക്തമാക്കുന്നു് — കഴുതയിലൂടെ, കോഴി കൂകുന്നതിലൂടെ, പുഴുവിലൂടെ, ഉറുമ്പിലൂടെ, കുശവന്റെ പണിയിലൂടെ, സ്വപ്നത്തിലൂടെ, നേരിട്ടു് സംസാരിക്കുന്നതിലൂടെ, എന്നിത്യാദി. ആ കൂട്ടത്തില്‍ ദൈവം ബൈബിളിലെ ചില വാക്കുകളെ അപൂൎവ്വ രീതിയില്‍ ഉപയോഗിച്ചെന്നു വരാം. ദൈവം ചിലരോടു് ഈ രീതിയില്‍ സംസാരിച്ചതുകൊണ്ടു് ദൈവ ശബ്ദം കേള്‍ക്കുവാനുള്ള ശരിയായ വഴി ഇതാണു് എന്നു് നാം ചിന്തിക്കരുതു്. ദൈവശബ്ദം കേള്‍ക്കുവാൻ പലരും എല്ലാ ദിവസവും ബൈബിള്‍ വെറുതെ തുറന്നു് നോക്കാറുണ്ടു്. ഇങ്ങനെയുള്ളവര്‍ക്കു് ‘കിട്ടുന്ന’ വാക്യങ്ങള്‍ വളരെ രസകരമാണു് എന്നു് എടുത്തു പറയേണ്ടതില്ലല്ലോ.
ഈ തത്വങ്ങള്‍ മനസ്സിലാക്കാതെ ‘ദൈവം എന്നോടു് സംസാരിച്ചു’ എന്നു് വാദിക്കുന്ന ഒരുപാടു് ആള്‍ക്കാരുണ്ടു്. പത്രോസിനോടു് വെള്ളത്തിന്മേല്‍ നടക്കുവാൻ യേശു കല്‍പിച്ചു. അതു് വായിച്ചിട്ടു് വെള്ളത്തിന്മീതെ നടക്കുവാൻ സുബോധമുള്ള ആരെങ്കിലും തുനിയുമോ? കൊറിയയിലെ രണ്ടു് യുവതികള്‍ അതു് ശ്രമിച്ചു് നോക്കിയതിന്റെ ഫലമായി മരണമടഞ്ഞു എന്നു് വായിച്ചിട്ടുണ്ട് !
ഒരു കൃതിയുടെ യഥാൎത്ഥ അൎത്ഥം ഗ്രന്ഥകൎത്താവു് ഉദ്ദേശിച്ച അൎത്ഥമാണു് എന്നു് നാം കണ്ടു. ആ അൎത്ഥം കണ്ടുപിടിക്കുന്നതിനെയാണു് യഥാൎത്ഥത്തിൽ വ്യാഖ്യാനം എന്നു് പറയുന്നതു്.
തിരുവെഴുത്തുകളിലെ പുസ്‍തകങ്ങൾ ആൎക്കു വേണ്ടി എഴുതപ്പെട്ടുവോ അവർ അവ ആദ്യം വായിച്ചപ്പോള്‍ അല്ലെങ്കിൽ ശ്രവിച്ചപ്പോൾ ഗ്രന്ഥകൎത്താക്കള്‍ ഉദ്ദേശിച്ച അതേ അൎത്ഥം അവരും മനസ്സിലാക്കി എന്നു് വേണം അനുമാനിക്കാൻ. കാരണം അവർ ഒരേ ഭാഷക്കാരും ദേശക്കാരുമായിരുന്നു. അവർ ഒരേ കാലയളവില്‍ ജീവിച്ചവരായിരുന്നു. ആ കാലങ്ങളിൽ നിലവിലുണ്ടായിരുന്ന സാമൂഹീക രാഷ്ട്രീയ പശ്ചാത്തലങ്ങളും ആ ശ്രോതാക്കൾക്കു് സുപരിചിതമായിരുന്നു.
മൃഗങ്ങളുടെ തുകൽകൊണ്ടുള്ള ചുരുളുകളിൽ എഴുതപ്പെട്ട ആ ഗ്രന്ഥങ്ങൾ ജനങ്ങളുടെ കൈവശമില്ലായിരുന്നു. അന്നുണ്ടായിരുന്ന കൈയെഴുത്തു പ്രതികൾ ദേവാലയങ്ങളിലും രാജകൊട്ടാരങ്ങളിലും പൊതു സ്ഥലങ്ങളിലും വായിക്കപ്പെട്ടു. ജനം പൊതുവെ ശ്രദ്ധയോടെ അവയ്‍ക്കു് കാതുകൊടുത്തു. ആ ജനകൂട്ടത്തിന്റെ ഇടയിൽ നാമും ചെന്നു നിന്നു ആ വചനങ്ങൾ കേൾക്കുവാൻ സാധിച്ചിരുന്നെങ്കിൽ! അവരുടെ ദേശത്തെ കുറിച്ചു്, സമൂഹത്തെ കുറിച്ചു്, അന്നത്തെ സംഭവങ്ങളെ കുറിച്ചു് അവൎക്കുണ്ടായിരുന്ന അറിവുകള്‍ നമുക്കുണ്ടായിരുന്നെങ്കിൽ! അവർ അനുഭവിച്ച സന്തോഷങ്ങൾ, ദുഃഖങ്ങൾ, ക്ലേശങ്ങൾ, രുചികൾ, ഗന്ധങ്ങൾ, ആഘോഷങ്ങൾ, യുദ്ധങ്ങൾ, ക്ഷാമങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയെ കുറിച്ചുള്ള അറിവു് നമുക്കു് ഉണ്ടായിരുന്നെങ്കിൽ!
എഴുതപ്പെട്ട വചനം മറ്റൊന്നിനോടും ബന്ധമില്ലാതെ ശൂന്യാകാശത്തല്ല നിലകൊണ്ടതു്. ഗ്രന്ഥകൎത്താവിന്റെയും തന്റെ അന്നത്തെ ശ്രോതാക്കളുടെയും സമഗ്ര പശ്ചാത്തലങ്ങളുടെ ഒത്ത നടുവിലാണു് ഓരോ രചനയും സ്ഥിതി ചെയ്തതു്. ഓരോ ഗ്രന്ഥവും ഇന്നു് നാം ശരിയായി വ്യാഖ്യാനിക്കേണമെങ്കിൽ (അതായതു് അതിന്റെ അൎത്ഥം ശരിയായി മനസ്സിലാക്കേണമെങ്കിൽ) നാം ഭൂതകാലത്തിലേക്കു് സഞ്ചരിക്കേണം. ആ ഗ്രന്ഥം എഴുതപ്പെട്ട കാലഘട്ടത്തിലേക്ക്, അതു് ആദ്യ ശ്രവിച്ച ജനത്തിന്റെ ഇടയിലേക്കു് !
ഇങ്ങനെയൊരു യാത്ര വെറുതെ ഒരു ദിവാസ്വപ്‍നം കാണുന്നതു് പോലെയല്ല. ഒരു ഗ്രന്ഥം എഴുതപ്പെട്ട കാലത്തെകുറിച്ചു് നല്ലവണ്ണം പഠിക്കേണം. വചനത്തിൽ എഴുതിയരിക്കുന്ന കാൎയ്യങ്ങൾ നല്ലവണ്ണം നിരീക്ഷിക്കേണം. അത് എഴുതപ്പെട്ട മൂല ഭാഷ പരിശോധിക്കേണം. അതിന്റെ വിവിധ പശ്ചാത്തലങ്ങൾ (അക്കാലത്തെ ചരിത്രവും സാമൂഹീക സ്ഥിതിയും രാഷ്ട്രീയ പശ്ചാത്തലവും മതപരമായ സാഹചര്യങ്ങളും) പഠിക്കേണം. എല്ലാവൎക്കും അപ്രകാരം ഗവേഷണം നടത്തിയിട്ടു് മനസ്സുകൊണ്ടു് യാത്ര നടത്തുക സാധ്യമല്ല. അതുകൊണ്ടു് വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ എങ്കിലും ആ യാത്രയ്‍ക്കു് തുനിയണം. എന്നിട്ടു് അവർ പഠിപ്പിക്കുമ്പോൾ ശ്രോതാക്കളെ അവരോടൊപ്പം ആ പുരാതന ഭ്രമണ പഥത്തിലേക്കു് എത്തിക്കേണം. എങ്കിൽ മാത്രമേ ഇന്നത്തെ കേൾവിക്കാൎക്കും വേദ വിദ്യാൎത്ഥികൾക്കും വചനത്തിന്റെ ശരിയായ അൎത്ഥം എന്തായിരുന്നു എന്നു് മനസ്സിലാകുകയുള്ളൂ.
ഓരോ വേദഗ്രന്ഥവും എഴുതപ്പെട്ടപ്പോൾ അന്നുണ്ടായിരുന്ന അതിന്റെ അൎത്ഥം മനസ്സിലാക്കുവാനുള്ള ശ്രമത്തെയാണു് വേദ പണ്ഡിതന്മാർ എക്സിജെസിസ് (exegisis) എന്ന് വിളിക്കുന്നതു്. ആ അൎത്ഥം മനസ്സിലാക്കിയതിനു ശേഷം മാത്രമേ ഇന്നു് ആ വചനങ്ങൾക്കുള്ള പ്രസക്തിയെകുറിച്ചു് ചിന്തിക്കാവൂ. അതായതു് “ഇന്നു് ഈ വചനത്തിന്റെ അൎത്ഥം എന്തു് ?” എന്നു് ചോദിക്കുന്നതിനു് മുമ്പു് “ഈ വചനത്തിന്റെ അൎത്ഥം അന്നു് എന്തായിരുന്നു?” എന്നു് അന്വേഷിക്കേണം. ദൈവം അന്നു് അവരോടു് ആ സാഹചര്യത്തിൽ അപ്രകാരം സംസാരിച്ചെങ്കിൽ ഇന്നു് അതേ സാഹചര്യത്തിലൂടെ പോകുന്ന ആളുകളോടും ദൈവം അതു് തന്നെ പറയുമോയെന്നു് ആരായണം. ഓരോ വചനത്തിന്റെയും യഥാൎത്ഥ അൎത്ഥം മനസ്സിലാക്കാതെ നേരിട്ടു് അവ നമ്മുടെ ജീവിതത്തിലേക്കു് ദൂതായി സ്വീകരിക്കുന്നതു് അപകടമാണു്.
“ഇന്നു് ഈ വചനത്തിന്റെ അൎത്ഥം എന്തു് ?” എന്നു് ചോദിക്കുന്നതിനു് മുമ്പു് “ഈ വചനത്തിന്റെ അൎത്ഥം അന്നു് എന്തായിരുന്നു?” എന്നു് അന്വേഷിക്കേണം.
ഉദാഹരണത്തിന്നു് ഒരു മലയാളിയായ പട്ടാളക്കാരൻ തന്റെ ജീവിതത്തിൽ ആദ്യമായി വേദപുസ്‍തകം തുറന്നു് നോക്കിയപ്പോൾ കണ്ട വാക്യം ഇതായിരുന്നു:
“ഞാൻ നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങൾ ജനിച്ചതല്ലാത്ത അന്യദേശത്തിലേക്കു് തള്ളി കളയും; അവിടെവച്ചു് നിങ്ങൾ മരിക്കും.” (യിരമ്യാവു് 22.26)
ബൈബിൾ ദൈവ വചനം ആണെന്നും ദൈവം അതിലൂടെ മനുഷ്യരോടു് സംസാരിക്കും എന്നും ആരോ ആ പട്ടാളക്കാരനോടു് പറഞ്ഞുകൊടുത്തു കാണും. ജീവിതം വഴി മുട്ടിയപ്പോൾ ഒരു ബൈബിൾ തുറന്നു നോക്കി. അപ്പോൾ ‘കിട്ടിയ’ വാക്യം ഇതും! താൻ കുപിതനായി, “ദൈവത്തിന്നു് എന്നോടു് ഇതോണോ പറയുവാനുള്ളതു് ?” എന്നാക്രോശിച്ചുകൊണ്ടു് പുസ്‍തകം വലിച്ചെറിഞ്ഞു.
നാം ബൈബിൾ വലിച്ചെറിയുന്നില്ലായിരിക്കാം. പക്ഷേ നാമും ഇതുപോലെ ചിന്തിക്കാറില്ലേ? വായിക്കുന്ന ഏതു് വചനത്തെ കുറിച്ചും “ദൈവം എന്നോടാണു് ഇതു് പറയുന്നതു് ” എന്നു് പലരും ചിന്തിക്കാറുണ്ടു്.
“നിത്യസ്‍നേഹംകൊണ്ടു ഞാൻ നിന്നെ സ്‍നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു് ദയ ദീൎഘമാക്കിയിരിക്കുന്നു.” യിര. 31.3
“എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്‍തുയേശുവിൽ പൂൎണ്ണമായി തീൎത്തുതരും.” ഫിലി 4.19
“നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു് നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു് ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു് യഹോവയുടെ അരുളപ്പാടു.” യിര. 29.11
“ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു.” യെശയ്യ 49.16
മുകളിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്ന വാക്യങ്ങൾ ഉൾപ്പടെ എത്രയോ വാക്യങ്ങളാണു് നാം ദൈവത്തിൽ നിന്നു നേരിട്ടു് ലഭിച്ച വാട്സാപ്പു് സന്ദേശങ്ങളായി എടുത്തിട്ടുള്ളതു്. ദൈവം അവ ആദ്യം ആരോടു് പറഞ്ഞു എന്നോ, എന്തിനു് പറഞ്ഞു എന്നോ, എന്തു് ഉദ്ദേശിച്ചു് പറഞ്ഞു എന്നോ ആലോചിക്കാതെ കണ്‍മുന്നിൽ വരുന്ന വാക്യങ്ങൾ എല്ലാം നേരിട്ടു് ജീവിതത്തിലേക്കു് ഏറ്റെടുക്കുന്ന നാം നമ്മെ തന്നെ വഞ്ചിക്കുകയാണു്. മറ്റൊരാൾക്കു് ആരോ അയച്ച പ്രേമ ലേഖനം വായിച്ചിട്ടു് അതു് തന്നോടുള്ള സന്ദേശമാണെന്നു് വിശ്വസിക്കുന്ന വിഢിയെ പോലെ നാം ആയിത്തീരരുതു്.
ആദ്യം നിരീക്ഷണം. പിന്നെ വ്യാഖ്യാനം. അതിനു ശേഷം മതി നമ്മുടെ ജീവിതത്തിൽ വചനത്തിന്റെ അനുവൎത്തനം. നിരീക്ഷണം പൂൎത്തീകരിച്ചിട്ടല്ല വ്യാഖ്യാനം തുടങ്ങുന്നതു്. പ്രാരംഭ നിരീക്ഷണങ്ങൾക്കു ശേഷം പ്രാരംഭമായ വ്യാഖ്യാനം നടക്കും. അതിനോടൊപ്പം കൂടുതൽ നിരീക്ഷണങ്ങളും അതേ തുടൎന്നു കൂടുതൽ ആഴത്തിലുള്ള വ്യാഖ്യാനവും.4 ഇതിന്റെയെല്ലാം ലക്ഷ്യം അനുസരണവും അനുവൎത്തനവും ആകേണം.
വില: രൂ 999. തുടൎന്നു് വായിക്കും മുമ്പു് … ഈ പുസ്തകത്തിന്റെ വില പൂൎണ്ണമായോ ഭാഗീകമായോ – താങ്കളുടെ പ്രാപ്തിയനുസരിച്ചു് – അയച്ചു കൊടുക്കുക (PayPal or UPI). പണം അയയ്‍ക്കുവാൻ താഴെ കാണുന്ന QR കോഡിന്മേൽ തൊടുക. പുസ്‍തകം വായിച്ചിട്ടു് ഈ വെബ് സൈറ്റിലേക്കുള്ള ലിങ്ക് ദയവായി മറ്റുള്ളവരുമായി പങ്കുവയ്‍ക്കുക.
പരിസ്ഥിതി ശാസ്‍ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫിലിപ്പ് ഈപ്പൻ ഗവേഷണ വിദ്യാൎത്ഥിയായിരിക്കുമ്പോൾ യേശു ക്രിസ്‍തുവിന്റെ സദ്വൎത്തമാനം മറ്റുള്ളവരോടു് പങ്കുവക്കുന്ന ദൗത്യത്തിനായി തന്റെ ജീവിതം സമൎപ്പിച്ചു. മറ്റേതിനാക്കാളും ലോകത്തിനു് യേശു ക്രിസ്‍തുവിനെയാണ് ആവശ്യം എന്ന ബോധ്യം തന്നെ ഭരിച്ചതുകൊണ്ടാണു് അപ്രകാരം ചെയ്‍തതു്. ആ ദൗത്യം നിറവേറ്റുന്നതിനോടൊപ്പം ബൈബിൾ പഠിക്കുവാൻ ക്രിസ്‍തു ശിഷ്യരെ സഹായിച്ചു പോരുന്നു. വായനാക്കാരുടെ സംഭാവനകൾ തന്റെ പ്രവൎത്തനങ്ങൾക്കു് സഹായകരമാണു്. ഡോ. ജെസ്സിമോളാണു് ഭാൎയ്യ. അവൎക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയിമുണ്ടു്.
Jan 25, 2025
BACK | TOP |
INDEX |
HOME
ABOUT |
CONTACT |
SUPPORT |
SITE MAP |