👈🏾 ഉള്ളടക്കം

അദ്ധ്യായം 1

വേദപുസ്‍തകം പഠിക്കേണ്ട ആവശ്യം ഉണ്ടോ?

“വേദപുസ്‍തകം പഠിക്കേണ്ട ആവശ്യമുണ്ടോ?  ആൎക്കും മനസിലാക്കാവുന്ന ഭാഷയില്‍ തെളിവായി വചനം എഴുതപെട്ടിരിക്കുന്നു.  പോരായെങ്കില്‍ ദൈവം തന്റെ ആത്മാവിനെ നമ്മില്‍ തന്നിട്ടുണ്ടു് …” എന്നു്  ചിന്തിക്കുന്നവരുടെ എണ്ണം കുറവല്ല.

വേദപുസ്‍തകത്തിൽ വിശ്വസിക്കുന്ന ഏവരും ഓര്‍ത്തിരിക്കേണ്ട ഒരു സുപ്രധാന സംഗതി ഇതാണു്  - വിശുദ്ധ ബൈബിള്‍ ഇരു സ്വഭാവമുള്ള പുസ്‍തകമാണു്.  ബൈബിള്‍ ദൈവത്തിന്റെ വചനമാണ്; അതേ സമയം, അതു്  ഒരു മാനുഷീക പുസ്‍തകവുമാണു്.  ദൈവത്തിന്റെ ആത്മാവിന്റെ പ്രചോദനത്താല്‍ എഴുതപ്പെട്ടതുകൊണ്ടു്  വചനം ദൈവത്തിൽ നിന്നുള്ളതെന്നു്  നാം വിശ്വസിക്കുന്നു.  ദൈവവചനം ആയതുകൊണ്ടു്  അതു്  സത്യമാണു്.  മാത്രമല്ല, അതിന്റെ സന്ദേശത്തിന്നു്  എന്നും പ്രസക്തിയുണ്ടു്.  ദൈവവചനത്തിന്നു്  കീഴ്‌പ്പെട്ടു നാം ജീവിക്കേണം.

എന്നാല്‍ മറുവശത്തു്  ബൈബിള്‍ ഒരു മാനുഷീക പുസ്‍തകവുമാണു്.  കാരണം, ദൈവം മനുഷ്യ ചരിത്രത്തിലെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അനുയോജ്യമായ സംദേശങ്ങള്‍ നല്‍കി.  ദൈവം ആരോടൊക്കെ സംസാരിച്ചിട്ടുണ്ടോ, അവൎക്കെല്ലാം അവരുടേതായ ചരിത്ര പശ്ചാത്തലങ്ങളുണ്ടു്.  ഓരോ ദൈവീക സന്ദേശത്തിനും അതിന്റേതായ ചരിത്ര പശ്ചാത്തലമുണ്ടു്.

ദൈവം മനുഷ്യരെ ഉപയോഗിച്ചു്  മാനുഷീക ഭാഷയില്‍ ദൈവീക വെളിപ്പാടുകൾ എഴുതി.  മാനുഷീക ഭാഷകള്‍ക്കു്  വ്യാകരണമുണ്ട്,  ശൈലികളുണ്ടു്.  മാത്രമല്ല, ഓരോ ഭാഷയിലും മാനുഷീക സംസ്‌കാരവും അടങ്ങിയിരിക്കുന്നു.  കുറഞ്ഞ പക്ഷം ഭാഷയും അതിന്റെ അൎത്ഥവും വ്യാകരണവും പ്രയോഗങ്ങളും അറിയാതെ നാം എങ്ങനെ ബൈബിൾ വായിച്ചു്  മനസ്സിലാക്കും?

നൂറു വര്‍ഷങ്ങള്‍ക്കു്  മുമ്പു്  പ്രസിദ്ധീകരിച്ച ഒരു മലയാളം പുസ്‍തകം ഇന്നു്  നാം വായിച്ചാല്‍ അതിലെ പല കാൎയ്യങ്ങളും നമുക്കു്  മനസ്സിലാകില്ല.  ഉദാഹരണത്തിന്നു്,  ഈ കൃതി വായിച്ചു്  നോക്കൂ.

എന്നാൽ മലയിൽ നിന്നു താനെറങ്ങിയപ്പൊൾ എറിയ കൂട്ടങ്ങൾ തനിക്ക ചെൎപ്പെട്ടവർ അവരായി.
ഇതല്ലോ ഒരു വ്യാദിക്കാരൻ അവൻ വന്നു്  തന്നെയവൻ കുംപിട്ട തന്നൊടവൻ ഉണൎത്തിച്ചു്  എന്റെ കൎത്താവെ നീ തിരുമനസാകുന്നുയെംകിൽ എന്നെ വെടിപ്പാക്കുവാൻ നീ വശമാകുന്നു.  യീശൊതംപുരാൻ തന്റെ തൃകൈതാൻ നീട്ടി അവനെത്താൻ തൊട്ടതാൻ അരുളിച്ചെയ്‍തു ഞാൻ മനസാകുന്നു്  നീ വെടിപ്പാകപ്പെടുകാ ആ നാഴികയിൽ അവന്റെ വ്യാദിയതു വെടിപ്പാകപ്പൊട്ടു.  യീശൊതംപുരാൻ അവനോടു താനരുളിച്ചെയ്‍തു നീ സൂക്ഷിക്കാ പക്ഷെ ആരാനൊടും നീ ചൊല്ലുന്നൊ പിന്നയൊ നീ പൊയി പട്ടക്കാൎക്ക നിന്നത്തന്നെ നീ കാട്ടുകാ അവരുടെ സാക്ഷിക്ക മൂശപ്രമാണിച്ചു്  എന്ന പൊലെ കാഴ്‍ച്ച നീ അണെക്കാ.  എന്നാൽ ക്‍പൎന്നഹൊമിനു്  യീശൊതംപുരാൻതാൻ പുക്കപ്പൊൾ ഒരു മാടംപി തനിക്കവൻ അണഞ്ഞു തന്നിൽ നിന്നു അവൻ അപെക്ഷിക്കുന്നുവായി അവൻ ഉണൎത്തിക്കുന്നു.  എന്റെ കൎത്താവെ എന്റെ പയ്‍തൽ തകുനപ്പെട്ട വീട്ടിൽ കെടക്കപ്പെട്ടനാകുന്നു്  തിമ്മയാലെ അവൻ ദുഷ്കൎമ്മപ്പെടുന്നു.

ഇരുനൂർ വൎഷം മുമ്പു്  ഫിലിപ്പോസ്  റമ്പാൻ സുറിയാനിയിൽ നിന്നു തൎജ്ജുമ ചെയ്‍ത മലയാളത്തിലെ ആദ്യ സുവിശേഷങ്ങളിൽ നിന്നെടുത്ത വാക്യങ്ങളാണു്  മുകളിൽ ഉദ്ധരിച്ചിരിക്കുന്നതു്  (മത്തായി 8:1-6).  അന്നത്തെ ലിപി, വ്യാകരണം, ഭാഷാ പ്രയോഗങ്ങൾ, ഉച്ചാരണം എന്നിവ ഇന്നത്തെ മലയാളത്തിൽ നിന്നു എത്രയോ വ്യത്യസ്തമാണു്.  നന്നാ പരിശ്രമിച്ചാണു്  ഞാനിതു്  വായിച്ചെടുത്തതു്.  ഈ വേദഭാഗം നേരത്തെ അറിയാമായിരുന്നതുകൊണ്ടു്  കുറച്ചു്  കൂടെ എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധിച്ചു.

അങ്ങനെയെങ്കില്‍ ഇരുപതു്  നൂറ്റാണ്ടുകള്‍ക്കപ്പുറം മറ്റു്  ഭാഷകള്‍ സംസാരിച്ച, അന്യ സംസ്‌കാരങ്ങളും ആചാരങ്ങളും അനുഷ്ടിച്ചു്  ജീവിച്ച ഒരു ജനതയുടെ ഗ്രന്ഥങ്ങൾ എത്രയോ കരുതലോടെയാണു്  നാം വായിക്കേണ്ടതു്  ഏബ്രായ ഭാഷയിലും യവന ഭാഷയിലുമാണു്  ബൈബിൾ എഴുതപ്പെട്ടതു്.  മൂല ഭാഷകളില്‍ തിരുവെഴുത്തുകൾ വായിക്കുവാൻ സാധിച്ചാൽ ഏറ്റവും ഉത്തമം.  ആ ഭാഷകൾക്കു്  ചുറ്റും അവയുടേതായ വൈവിധ്യമാൎന്ന ലോകങ്ങളുണ്ടു്.  ആ ഭാഷകൾ പഠിച്ചു്  ആ ലോകത്തിലേക്കു്  പ്രവേശിക്കുന്നവർ അനുഭവിച്ചറിയുന്ന ശ്രേഷ്ഠമേറിയ അനുഭവങ്ങൾ ആ ഭാഷകൾ അറിയാത്തവൎക്കു്  മനസ്സിലാക്കുവാൻ ബുദ്ധിമുട്ടാണു്.

പുതിയ ഭാഷകൾ പഠിക്കുവാൻ സാധിച്ചില്ലെങ്കിലും, തിരുവെഴുത്തുകൾ എഴുതിയ വിശുദ്ധന്മാരും നാമും തമ്മിൽ നിലനിൽക്കുന്ന സ്ഥല-കാല-സാംസ്‌കാരീക അന്തരം നാം അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം.  ആ അന്തരം നിമിത്തമെങ്കിലും എളിമയോടെ വേണം വേദപുസ്‍തകത്തെ സമീപിക്കുവാൻ.  ആദ്യമായി ബൈബിൾ തുറന്നു്  വായിക്കുമ്പോൾ പ്രത്യക്ഷത്തിലുള്ള അതിന്റെ ലാളിത്യം കണ്ടിട്ടു്  “ഇതാരു വായിച്ചാലും മനസ്സിലാകും” എന്നു്  ചിന്തിക്കരുതു്.  ഒന്നും മനസ്സിലാക്കാതെ ആദ്യമായി വായിക്കുന്നവരോടു്  ദൈവം ചില വാക്കുകളിലൂടെ സംസാരിച്ചു്  എന്നു്  വരാം.  പക്ഷേ ദൈവം എന്നും അവരോടു്  അങ്ങനെ സംസാരിക്കുകയില്ല.  അതുകൊണ്ടു്  വചനം പഠിക്കുവാൻ വിസമ്മതിക്കരുതു്.  വചനത്തിൽ അത്യദ്ധ്വാനം ചെയ്യുന്നവരെ പുച്ഛിച്ചു്  തള്ളുകയുമരുതു്.

തിരുവെഴുത്തുകൾ നമ്മുടെ ഭാഷയില്‍ ഇന്നു്  ലഭ്യമാണു്  എന്നതുകൊണ്ടു്  ദിനപത്രം വായിക്കുന്ന ലാഘവത്തോടെ അവ വായിക്കുന്നതു്  എത്രയോ അപകടമാണു്.  ദിനപത്രം പോലും എല്ലാ ദിവസവും മുടങ്ങാതെ വായിച്ചില്ലെങ്കിൽ പല വാൎത്തകളുടെയും പിന്നിലുള്ള കഥകൾ നാം അറിയുകയില്ല.  അതുപോലെ, ഓരോ വേദഭാഗത്തിന്റെയും പിന്നിൽ ഒരു കഥയുണ്ടു്.  ആരു്  ആരോടു്  സംസാരിച്ചു?  എന്തിനെപറ്റി സംസാരിച്ചു?  ആരെ കുറിച്ചു് ?  എപ്പോൾ?  എവിടെ വച്ചു് ?  എങ്ങനെ?  എന്തുകൊണ്ടു് ?  ഏതു ശൈലിയിൽ?  ഇപ്രകാരം അനേക ചോദ്യങ്ങൾ ചോദിക്കേണ്ടിവരും.  ഇല്ലെങ്കിൽ കഥയറിയാതെ ആട്ടം കാണുന്നവരെ പോലെ നാം ആയിത്തീരും.

വളരെ വൎഷങ്ങൾക്കു്  മുമ്പു്  ഒരു കണ്‍വൻഷന്റെ പരസ്യത്തിനായി കുറച്ചു്  പേരുടെ കൂടെ ഞാനും ഒരു ജീപ്പിൽ യാത്ര ചെയ്തു്  ഉച്ചഭാഷിണിയിലൂടെ, “കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെട്ടു്  സുവിശേഷത്തിൽ വിശ്വസിപ്പീൻ” എന്നു്  വിളിച്ചു്  പറ‍ഞ്ഞതോൎക്കുന്നു.  അതു്  കേട്ട നാട്ടുകാൎക്കു്  ഒന്നും മനസ്സിലായി കാണുകയില്ല.  സ്‍നാപക യോഹന്നാൻ അതാദ്യം വിളിച്ചു്  പറഞ്ഞപ്പോൾ തന്നെ ശ്രവിച്ചവൎക്കു്  താൻ എന്താണു്  വിളിച്ചു്  പറഞ്ഞതു്  എന്നു്  നന്നായി മനസ്സിലായി.  എന്നാൽ ഇന്നതു വിളിച്ചു്  പറയുന്നവൎക്കും അതു്  കേൾക്കുന്നവൎക്കും അതിന്റെ പിന്നിലെ കാൎയ്യങ്ങൾ അറിയില്ല.

“ഏതു്  കാലം തികഞ്ഞു?  അതിന്റെ പ്രാധാന്യം എന്താണു് ?  ദൈവരാജ്യമോ?  ഏതു ദൈവത്തിന്റെ രാജ്യം?  രാമരാജ്യമെന്നു്  മലയാളി കേട്ടിട്ടുണ്ടു്.  പിന്നെ, ഏതോ ഒരു കാലം തികഞ്ഞതുകൊണ്ടു്  മാനസാന്തരപ്പെടേണ്ട കാൎയ്യമെന്തു് ?  അതിനിപ്പോൾ മഹാപാതകം ഒന്നു്  ഞങ്ങളാരും ചെയ്‍തിട്ടില്ലല്ലോ.  സുവിശേഷമോ?  അതെന്താണു് ?”

ഇപ്രകാരം പല ചോദ്യങ്ങൾ കേൾവിക്കാരുടെ മനസ്സിൽ ഉയൎന്നു വന്നിട്ടുണ്ടാവണം.  ക്രിസ്‍ത്യാനികളുടെ ഇടയിൽ തന്നെ എത്ര പേൎക്കു്  ഈ ചോദ്യങ്ങൾക്കു്  ഉത്തരം കൊടുക്കുവാൻ സാധിക്കും?  കഥയറിയാതെ ആടുന്നവരും കഥയറിയാതെ ആ ആട്ടം കാണുന്നവരും!

ഇതെല്ലാം പറഞ്ഞാലും “ധ്യാനപൂൎവ്വം ദൈവത്തിൽ ആശ്രയിച്ചു്  വചനം വായിച്ചാല്‍ എല്ലാം മനസ്സിലാകും” എന്ന ചിന്തയാണു്  മറ്റു ചിലൎക്കു്.  ഈ ചിന്തയിൽ നിന്നു ഒരു മോചനം ആവശ്യമാണു്.  ധ്യാനപൂൎവ്വം വചനം വായിക്കുന്നതിനു്  അതിന്റേതായ ഗുണങ്ങള്‍ കാണുമായിരിക്കും.  പക്ഷേ, അതു്  അതില്‍ തന്നെ അപര്യാപ്‍തം ആണു്.  നാം ചെയ്യേണ്ട കാൎയ്യങ്ങൾ നാം തന്നെ ചെയ്യണം.  അതിന്നായി ദൈവം നമ്മെ സഹായിക്കും.  പഠിക്കുവാൻ മനസ്സില്ലാത്തവർ അല്ലെങ്കിൽ പഠിക്കേണ്ടതു്  എങ്ങനെ എന്നു്  അറിയാത്തവർ ഒന്നും മനസ്സിലായില്ല എങ്കിലും ധ്യാനപൂൎവ്വം വായിച്ചു കൊണ്ടേയിരിക്കും.  അതുകൊണ്ടു്  ആൎക്കെന്തു പ്രയോജനം?  ശരിയായുള്ള പഠനത്തിന്നു്  പകരം വയ്‍ക്കാൻ മറ്റൊന്നില്ല.

ഈ പ്രസിദ്ധീകരണം സൗജന്യമല്ല!

വില: രൂ 999. തുടൎന്നു്  വായിക്കും മുമ്പു് … ഈ പുസ്‍തകത്തിന്റെ വില പൂൎണ്ണമായോ ഭാഗീകമായോ – താങ്കളുടെ പ്രാപ്തിയനുസരിച്ചു്  – അയച്ചു കൊടുക്കുക (PayPal or UPI). പണം അയയ്‍ക്കുവാൻ താഴെ കാണുന്ന QR കോഡിന്മേൽ തൊടുക. പുസ്‍തകം വായിച്ചിട്ടു്  ഈ വെബ് സൈറ്റിലേക്കുള്ള ലിങ്ക് ദയവായി മറ്റുള്ളവരുമായി പങ്കുവയ്‍ക്കുക.

🔼

 

 

 

 

Twitter YouTube PayTM PayPal

 

BACK |  TOP |  INDEX |  HOME
ABOUT |  CONTACT |  SUPPORT |  SITE MAP |