👈🏾 ഉള്ളടക്കം

അദ്ധ്യായം 2

ക്രിസ്‍ത്യാനിയുടെ ബൈബിള്‍ ഏത്‍ ?

പുതിയ നിയമം എന്നു്  നാം വിളിക്കുന്ന ബൈബിളിലെ ഇരുപത്തിയേഴു്  പുസ്‍തകങ്ങള്‍ മാത്രമാണു്  ക്രിസ്‍ത്യാനികള്‍ക്കുള്ള തിരുവെഴുത്തുകള്‍ എന്നു്  പഠിപ്പിക്കുന്ന ധാരാളം ഉപദേഷ്ഠാക്കന്മാർ ഉണ്ടു്.  അതുകൊണ്ടാണു്  ക്രിസ്‍ത്യാനിയുടെ ബൈബിള്‍ ഏതു്  എന്ന ചോദ്യം ഉയരുന്നതു്.

ഴയ നിയമ പുസ്‍തകങ്ങള്‍ മുപ്പത്തിയൊൻപതും യഹൂദര്‍ക്കു്  വേണ്ടിയുള്ളതാണു്  എന്നും അതിലെ കഥകളും പാഠങ്ങളും പറഞ്ഞു സമയം കളയരുതെന്നും ചിലര്‍ ഉപദേശിക്കുന്നു.  ഇവരുടെ ഇടയിലും ചിലര്‍ വ്യത്യസ്‍തർ ആകുവാൻ ആഗ്രഹിക്കുന്നു.  പുതിയ നിയമത്തിലെ എല്ലാ പുസ്‍തകങ്ങള്‍ക്കും അവര്‍ തുല്യ പദവി നല്‍കുന്നില്ല.  സുവിശേഷങ്ങളെക്കാളും ലേഖനങ്ങള്‍ക്കു്  അവര്‍ ഊന്നല്‍ നല്‍കുന്നു.  സുവിശേഷങ്ങള്‍ കുട്ടികള്‍ക്കുള്ള കഥകളാണെന്നും ലേഖനങ്ങള്‍ മുതിര്‍ന്നവര്‍ക്കുള്ള കട്ടിയായ ആഹാരമാണു്  എന്നും അവര്‍ വാദിക്കുന്നു.  ഇവര്‍ സഭാരാധനകളില്‍ ഒരു സങ്കീൎത്തനം വായിക്കുവാൻ കൂട്ടാകുകയില്ല.  അതിനു്  പകരം ലേഖനങ്ങളില്‍ നിന്നു്  ഒരദ്ധ്യായം വാക്യ പ്രതിവാക്യമായി വായിക്കും!

ചരിത്രം പഠിക്കാത്തവര്‍ അതിലെ തെറ്‌റുകള്‍ ആവര്‍ത്തിക്കുവാൻ തങ്ങളെ തന്നെ ഏൽപ്പിച്ചു കൊടുത്തിരിക്കുന്നവരാണു്  രണ്ടാം നൂറ്റാണ്ടിലെ മാര്‍സിയോണ്‍ (Marcion) ഏബ്രായ തിരുവെഴുത്തുകളെ തള്ളിപറഞ്ഞു.  “പഴയ നിയമത്തിലെ” സൃഷ്ടാവു്  വെറും അധമനായ ഒരു കുട്ടിദൈവം ആണെന്നും, അവൻ പുതിയ നിയമത്തിലെ യേശു ക്രിസ്‍തുവിന്റെ പിതാവായ സൎവ്വശക്തനായ ദൈവമല്ലെന്നും താൻ പഠിപ്പിച്ചു.  അതുനിമിത്തം ഏബ്രായ തിരുവെഴുത്തുകളും പുതിയ നിയമത്തിലെ പുസ്‍തകങ്ങളും തമ്മിൽ വൈരുദ്ധ്യം ഉണ്ടെന്നും പഠിപ്പിച്ചു.  മാത്രമല്ല, പുതിയ നിയമത്തിലുള്ള എല്ലാ ഏബ്രായ തിരുവെഴുത്തു്  ഉദ്ധരണികളും താൻ നീക്കം ചെയ്‍തു.  അന്നത്തെ ആഗോള സഭ മാര്‍സിയോണിനെ പുറത്താക്കി.  എന്നാൽ ഇന്നു്  മാര്‍സിയോണിന്റെ ആധുനിക അനുയായികള്‍ സഭകളില്‍ സ്വൈര വിഹാരം നടത്തുന്നു എന്നു്  തോന്നുന്നു.

ഈ വിഷയത്തോടുള്ള ബന്ധത്തില്‍ നാം ഓര്‍ത്തിരിക്കേണ്ട കാൎയ്യങ്ങള്‍ എന്തെല്ലാം?

1. ക്രൈസ്‍തവ സഭ അറുപത്തിയാറു്  പുസ്‍തകങ്ങള്‍ അടങ്ങുന്ന വിശുദ്ധ ബൈബിള്‍ തിരുവെഴുത്തുകളായി അംഗീകരിച്ചിട്ടു്  നൂറ്റാണ്ടുകളായി.  അറുപത്തിയാറു്  പുസ്‍തകങ്ങള്‍ക്കും തുല്യ സ്ഥാനമാണു്  ആഗോള സഭ നല്‍കുന്നതു്.

2. ബൈബിളിലെ എല്ലാ പുസ്‍തകങ്ങളും തിരുവെഴുത്തുകളാണു്.  അവയെ തിരുവെഴുത്തുകളായി കാണുന്നതിനു്  പകരം പഴയതും പുതിയതുമായ രണ്ടു്  നിയമങ്ങളായി വേർതിരിച്ചു കാണേണ്ട ആവശ്യമില്ല.

3. “പുതിയ നിയമം” എന്നാല്‍ ഒരു കൂട്ടം പുസ്‍തകങ്ങളുടെ പേരല്ല.  യേശു ക്രിസ്‍തുവിന്റെ മദ്ധ്യസ്ഥതയില്‍ ദൈവത്തിനും മനുഷ്യൎക്കും ഇടയിൽ നിലവിൽ വന്ന നിയമമാണു്  പുതിയ നിയമം.  ആ നിയമം നിലവില്‍ വന്ന കാലയളവില്‍ എഴുതപ്പെട്ട ഇരുപത്തേഴു്  പുസ്‍തകങ്ങളെ “പുതിയ നിയമം” എന്നു്  വിളിക്കേണ്ട ആവശ്യമില്ല.  അതുപോലെ യേശു ക്രിസ്‍തുവിന്റെ ജനനത്തിന്നു്  മുമ്പു്  ദൈവം മനുഷ്യരുമായി പല ഉടമ്പടികൾ ചെയ്‍തിട്ടുണ്ടു്.  ഏബ്രായ തിരുവെഴുത്തുകൾ എഴുതപ്പെട്ടതു്  ആ പഴയ നിയമങ്ങുളുടെ കാലയളവില്‍ ആയതുകൊണ്ടു്  അവയെ “പഴയ നിയമം” എന്നു്  വിളിക്കുന്നതു്  അന്യായമാണു്.

4. യഹൂദര്‍ ഏബ്രായ തിരുവെഴുത്തുകളെ മനസ്സിലാക്കുന്നതു്  പോലെയല്ല നാം അവയെ കാണേണ്ടതു്.  മറിച്ചു്  ക്രിസ്‍തുവിലൂടെയാണു്  നാം ഏബ്രായ തിരുവെഴുത്തുകളെ വ്യാഖ്യാനിക്കേണ്ടതു്.  മോശെയെയും (അഥവാ, ന്യായപ്രമാണത്തെയും) പ്രവാചകന്മാരെയും നീക്കുവാനല്ല യേശു ക്രിസ്‍തു വന്നതു്.  അവയ്‍ക്കു ശരിയായ അൎത്ഥം കല്‍പ്പിക്കുവാനും അവയെ അവയുടെ ലക്ഷ്യ സ്ഥാനത്തു്  എത്തിക്കുവാനും (അഥവാ, നിവൎത്തിക്കുവാനും) ആണു്  താൻ വന്നതു്  എന്നു്  കൎത്താവു്  പറഞ്ഞു.6

ദൈവം അന്നു വരെ ചെയ്‍ത കാൎയ്യങ്ങളുടെ തുടര്‍ച്ചയായിട്ടാണു്  യേശുവിലൂടെയും പ്രവര്‍ത്തിച്ചതു്.  അന്നു വരെ ദൈവം ചെയ്‍തതു്  നാം മനസ്സിലാക്കിയില്ലെങ്കില്‍ യേശുവിലൂടെ ദൈവം ചെയ്‍തതും ഇപ്പോള്‍ ചെയ്‍തു കൊണ്ടിരിക്കുന്നതും നാം മനസ്സിലാക്കുകയില്ല.  അതുകൊണ്ടു്  തിരുവെഴുത്തുകളെ മുഴുവനും ശ്രദ്ധയോടെ നാം പഠിക്കേണം.

അറുപത്തിയാറു്  പുസ്‍തകങ്ങൾ അടങ്ങിയ വേദപുസ്‍തകമാണു്  നാം നമ്മുടെ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ആധാരമായി കണക്കാക്കുന്നതു്.  അതുകൊണ്ടാണു്  ഇവയെ കാനോൻ എന്നു്  മലയാളികൾ വിളിക്കുന്നതു്.  ഇംഗ്ളീഷിലെ Canon (ക്യാനൻ) എന്ന വാക്കാണിതു്.  അളവുകോൽ എന്നൎത്ഥം.  ദൈവവചനമെന്ന അളവുകോൽ ഉപയോഗിച്ചു്  നാം നമ്മുടെ ജീവിതത്തെയും ഉപദേശത്തെയും അളക്കേണം.  നമ്മുടെ ഇടയിൽ ആൎക്കെങ്കിലും ഒരും വെളിപ്പാടോ ദൎശനമോ ലഭിച്ചാൽ അതിനെയും വചനമെന്ന അളവുകോൽ ഉപയോഗിച്ചു്  അളക്കേണം.  ബൈബിൾ ഉള്ളതുകൊണ്ടു്  മറ്റൊന്നും വായിക്കരുതു്  അഥവാ ശ്രവിക്കരുതു്  എന്നല്ല അൎത്ഥം.

അപ്പോക്രീഫാ അഥവാ ഇതരകാനോനീക ഗ്രന്ഥങ്ങളെ പ്രൊട്ടസ്റ്റൻറുകാൎക്കു്  പൊതുവെ ഭയമാണു്.  നല്ല പരിഭാഷയാണെങ്കിൽ പോലും കത്തോലിക്കരുടെ ഓശാന ബൈബിളോ പീ.ഒ.സി ബൈബിളോ ഓൎത്തഡോക്‍സുകാരുടെ വിശുദ്ധഗ്രന്ഥമോ പ്രൊട്ടസ്റ്റൻറുകാർ വീട്ടിൽ കയറ്റുകയില്ല.  ഇതരകാനോനീക ഗ്രന്ഥങ്ങളെ കത്തോലിക്കരോ ഓൎത്തഡോക്‍സുകാരോ കാനോനായി കണക്കാക്കുന്നില്ല.  അതായതു്  അവരുടെ ഉപദേശങ്ങൾക്കു്  ആധാരമായി അവയെ അവർ കണക്കാക്കാറില്ല.  പിന്നെ പ്രൊട്ടസ്റ്റൻറുകാർ അവയെ എന്തിനു്  ഭയന്നു്  ബഹിഷ്‍കരിക്കേണം?  നമ്മുടെ പാസ്‍റ്റർമാർ സെമിനാരികളിൽ അപ്പോക്രീഫാ സമേതമുള്ള ബൈബിൾ ഉപയോഗിച്ചാണു്  പഠിച്ചതും പരീക്ഷകൾ എഴുതിയതും.  ചരിത്രപരമായ പല കാൎയ്യങ്ങളും മനസ്സിലാക്കുവാൻ അവയും നാം വായിച്ചിരിക്കേണം.

ഈ പ്രസിദ്ധീകരണം സൗജന്യമല്ല!

വില: രൂ 999. തുടൎന്നു്  വായിക്കും മുമ്പു് … ഈ പുസ്‍തകത്തിന്റെ വില പൂൎണ്ണമായോ ഭാഗീകമായോ – താങ്കളുടെ പ്രാപ്തിയനുസരിച്ചു്  – അയച്ചു കൊടുക്കുക (PayPal or UPI). പണം അയയ്‍ക്കുവാൻ താഴെ കാണുന്ന QR കോഡിന്മേൽ തൊടുക. പുസ്‍തകം വായിച്ചിട്ടു്  ഈ വെബ് സൈറ്റിലേക്കുള്ള ലിങ്ക് ദയവായി മറ്റുള്ളവരുമായി പങ്കുവയ്‍ക്കുക.

🔼

 

 

 

 

Twitter YouTube PayTM PayPal

 

BACK |  TOP |  INDEX |  HOME
ABOUT |  CONTACT |  SUPPORT |  SITE MAP |