അദ്ധ്യായം 3
അനേക ഭാഷകളിൽ വിവിധ ബൈബിൾ വിവൎത്തനങ്ങൾ ഇന്നു് നമ്മുടെ വിരൽതുമ്പിൽ ലഭ്യമാണു്. എന്നിട്ടും ഒരു വിവൎത്തനം മാത്രമേ ദൈവവചനമായി പല മലയാളികളും ഉപയോഗിക്കാറുള്ളൂ. പരിഭാഷയിൽ അനേക തെറ്റുകളുള്ള ആ വിവൎത്തനം വായിക്കുമ്പോൾ ഗുണത്തെക്കാൾ ദോഷമാണു് ഭവിക്കുന്നതു്.
ദൈവവചനത്തില്‍ തെറ്റുകൾ ഇല്ലെന്നു് നമ്മുടെ വിശ്വാസ പ്രമാണങ്ങൾ പറയുന്നു. അതു് നമ്മുടെ മലയാളം ബൈബിളിനെ കുറിച്ചല്ല. മൂലഭാഷകളില്‍ ഗ്രന്ഥകൎത്താക്കള്‍ സ്വന്തം കൈപ്പടയില്‍ രചിച്ച പ്രതികളെകുറിച്ചാണു് അപ്രകാരം നാം വിശ്വസിക്കുന്നതു് എന്നു് മനസ്സിലാക്കേണം. ലേഖകന്റെ കൈപ്പടയിലുള്ള പ്രതികള്‍ ഒന്നു് പോലും എങ്ങും ശേഷിപ്പില്ലാത്തതുകൊണ്ടു് ഉള്ളതില്‍ ഏറ്റവും പുരാതന രേഖകളെ ആധാരമാക്കിയ വിവൎത്തനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. അവയിൽ ഏറ്റവും നല്ല വിവൎത്തനങ്ങള്‍ നാം വായിക്കേണം. ദൈവ വചനത്തോടു് കൂട്ടുവാനും കുറയ്‌ക്കുവാനും ആര്‍ക്കും അവകാശം ഇല്ലെന്നു് വാസ്‍തവമായി നാം വിശ്വസിക്കുന്നു എങ്കില്‍ വചനം ശരിയായി വായിക്കുവാനും ഗ്രഹിക്കുവാനും ഏതു വിലയും നാം കൊടുക്കും.
പുതിയ നിയമത്തിലും ഏബ്രായ തിരുവെഴുത്തുകളിലും ഗവേഷണ ബിരുദമുള്ള മലയാളികള്‍ ഉണ്ടെങ്കിലും ആധുനീക പഠനങ്ങളെ ആധാരമാക്കിയ ഒരു മലയാളം ബൈബിള്‍ വിവൎത്തനം ഇപ്പോഴും വേർപ്പെട്ട ദൈവജനത്തിനിടയിൽ പ്രചാരത്തിൽ ഇല്ലാത്തതു് ഖേദകരമാണു്. മലയാളത്തിൽ നല്ല വിവൎത്തനങ്ങളുണ്ടു്. പക്ഷെ അവയെ ആരാധനയിലും ശുശ്രൂഷയിലും പഠനത്തിനും ഉപയോഗിക്കുവാൻ സന്മനസ്സുള്ള എത്ര പേരുണ്ടു് ?
പാത്രീയാൎക്കീസ് വിഭാഗക്കാർ 1994ൽ പുരാതന സുറിയാനി പെഷീത്ത വേദപുസ്‍തകത്തിൽ നിന്നു മലയാളത്തിലേക്കു് തൎജ്ജുമ ചെയ്തു പ്രസിദ്ധീകരിച്ച ‘വിശുദ്ധഗ്രന്ഥം’ വായിച്ചിട്ടുണ്ടോ? നല്ല പരിഭാഷയാണു്. പീ.ഓ.സീ ബൈബിളും പ്രസിദ്ധമാണു്. പക്ഷേ പ്രൊട്ടസ്‍റ്റന്റുകാരുടെ ഇടയിൽ അതു് അംഗീകരിക്കപ്പെടുന്നില്ലല്ലോ! അങ്ങനെ ഒന്നു് അംഗീകരിക്കപ്പെടുന്നതു വരെ മറ്റു് ഭാഷകളിലെ നല്ല വിവൎത്തനങ്ങളുടെ സഹായം തേടേണ്ടിവരും.
ബൈബിള്‍ സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിക്കുന്ന സത്യ വേദപുസ്‍തകം എന്ന വേദപുസ്‍തക വിവൎത്തനമാണു് മലയാളി പ്രൊട്ടസ്‍റ്റന്റുകാർ ദീൎഘ കാലമായി ഉപയോഗിച്ചു് വരുന്നതു്. അതിലെ വാക്യങ്ങള്‍ വള്ളി-പുള്ളി വ്യത്യാസം വരാതെ അവർ മനഃപാഠമാക്കുന്നു. അല്പം വ്യത്യാസങ്ങള്‍ വരുത്തി ആരെങ്കിലും വാക്യങ്ങള്‍ ഉദ്ധരിച്ചാല്‍ അവർ അവരെ തിരുത്തും. കാരണം, ദൈവവചനത്തോടു് കൂട്ടുവാനും കുറയ്‌ക്കുവാനും ആൎക്കും അവകാശം ഇല്ല എന്നു് നാം വിശ്വസിക്കുന്നു. എന്നാല്‍ അവർ ഉപയോഗിച്ചു വരുന്ന ഈ വിവൎത്തനത്തിലുള്ള സാരമായ പിശകുകളെ കുറിച്ചു് അറിയുവാനോ മാറ്റങ്ങള്‍ വരുത്തുവാനോ അവരില്‍ പലൎക്കും താത്പര്യമില്ല!
മദ്ധ്യ കേരളത്തിലെ ഒരു സഭയിൽ ബൈബിൾ ക്ലാസ്സെടുക്കുവാൻ പോയപ്പോൾ എഫേസ്യ ലേഖനം ഞാൻ മലയാളത്തിലേക്കു് തൎജ്ജുമ ചെയ്‍തു പ്രിന്റെടുത്തു് കൊണ്ടുപോയി. വളരെ സമയം ചിലവഴിച്ചു് പല ഭാഷകളിലെ വിവൎത്തനങ്ങൾ താരതമ്യം ചെയ്താണു് ഞാൻ ആ പരിഭാഷ തയ്യാറാക്കിയതു്. മൂന്നു് ദിസത്തെ പഠനപരമ്പര പുരോഗമിക്കുമ്പോൾ സഭാ ശുശ്രൂഷകൻ ആ പരിഭാഷയെ ഒരിക്കൽപോലും ദൈവവചനമായിട്ടു് അംഗീകരിച്ചില്ല എന്നതു് ഓൎക്കുന്നു. അതിനെകുറിച്ചു് സംസാരിക്കുമ്പോൾ ‘ദൈവദാസന്റെ നോട്ട്സു് ’ എന്നാണു് അദ്ദേഹം പറഞ്ഞതു്. പ്രസംഗത്തിനോ പഠനത്തിനോ തയ്യാറെടുക്കുമ്പോൾ സ്വയമായി തിരുവചന ഭാഗങ്ങൾ തൎജ്ജുമ ചെയ്യന്നതു് ലോകമെമ്പാടുമുള്ള പ്രസംഗകരുടെ ഒരു നല്ല ശീലമാണെന്നു് പലൎക്കും അറിയില്ല.
ബൈബിൾ സൊസൈറ്റി അച്ചടിച്ചതു മാത്രമേ അംഗീകരിക്കൂ എന്ന പിടിവാശി മലയാളി പ്രൊട്ടസ്റ്റൻറുകാരുടെ ഒരു ബലഹീനതയാണു്. മൂലഭാഷയിലെ തിരുവെഴുത്തുകളോടു് വിശ്വസ്‍തത പുലൎത്തണമെന്നോ വചനത്തിന്റെ അൎത്ഥം ശരിയായി എല്ലാവൎക്കും മനസ്സിലാകണമെന്നോ ആഗ്രമില്ലെന്നു് തോന്നുന്നു.
ദൈവവചനം പഠിക്കുവാനും പഠിപ്പിക്കുവാനും ഇത്രയും കിഴിഞ്ഞു ചിന്തിക്കേണ്ട ആവശ്യമുണ്ടോ എന്നു് ചോദിക്കുന്നവരും കാണും. മലയാളം ബൈബിളിലുള്ള പിശകുകള്‍ സാരമുള്ളതല്ല എന്നു് ചിലരെങ്കിലും ചിന്തിക്കും. എന്നാല്‍ ഇതു് ഗൗരവമുള്ള കാൎയ്യമാണെന്നും നിസ്സാരം എന്നു ചിന്തിച്ചു് നാം കാൎയ്യമാക്കാത്ത പിശകുകള്‍ നമ്മുടെ ഉപദേശത്തെയും ജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ടെന്നും കാണിക്കുവാൻ ചില ഉദാഹരണങ്ങള്‍ നിരത്താം.
എന്തിനു വേണ്ടിയാണു് ദൈവം ചിലരെ സഭയിൽ അപ്പൊസ്‍തലന്മാരായും പ്രവാചകന്മാരായും സുവിശേഷകന്മാരായും ഉപദേഷ്ഠാക്കന്മാരായും ഇടയന്മാരായും നിയമിച്ചിരിക്കുന്നതു് ? വി. പൗലൊസ് എഫേസ്യര്‍ 4:13ല്‍ പറയുന്നു് : “… വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും …” വേണ്ടിയാണു് ദൈവം ചിലർക്കു് വിശേഷപ്പെട്ട കൃപാവരങ്ങൾ നൽകിയതു് എന്നു്. ഈ വാക്യശകലം പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല!
ഇതില്‍ നിന്നു നാം എന്തു് മനസ്സിലാക്കുന്നു? നമ്മിൽ പലരും ഇപ്രകാരം പറഞ്ഞേക്കാം: “കൃപാവരമുള്ളവര്‍ ശുശ്രൂഷിക്കുമ്പോള്‍ വിശുദ്ധന്മാര്‍ യഥാസ്ഥാനപ്പെടും. യഥാസ്ഥാനത്തിന്റെ വേല ചെയ്യുവാൻ ദൈവം ചിലർക്കു് കൃപാവരങ്ങള്‍ നല്‍കുന്നു.” ഈ രീതിയില്‍ ഈ വാക്യത്തെ മനസ്സിലാക്കിയതു കൊണ്ടാണു് ഒട്ടുമിക്ക സഭകളിലും കുറച്ചു് പേര്‍ ശ്രശ്രൂഷിക്കുന്നതും ഭൂരിപക്ഷം നിഷ്‌ക്രിയരായി ശ്രശ്രൂഷ ഏറ്റ് വാങ്ങുന്നതും. ദൈവം തന്റെ സഭയെ കുറിച്ചു് ഉദ്ദേശിച്ചതിന്റെ നേർ വിപരീതമാണിതു്.
യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണു് ഈ വാക്യം വിവൎത്തനം ചെയ്യപ്പെണ്ടേതു് — “ശുശ്രൂഷയുടെ വിവിധ പ്രവൃത്തനങ്ങള്‍ക്കായി വിശുദ്ധന്മാരെ സജ്ജരാക്കേണ്ടതിനും …” കൃപാവരങ്ങൾ നൽകപ്പെട്ടു. അതായതു് കുറച്ചു് പേര്‍ ശുശ്രൂഷ കൈയ്യടക്കുവാനല്ല മറിച്ചു് വരങ്ങള്‍ ലഭിച്ചവര്‍ സഭയിലുള്ള എല്ലാ വിശുദ്ധരെയും – അവര്‍ക്കു് ദൈവം കൊടുത്ത പ്രത്യേക ശുശ്രൂഷകള്‍ ചെയ്യുവാൻ – പരിശീലിപ്പിക്കേണം. ദൈവം ഇതിനു് വേണ്ടിയാണു് കൃപാവരങ്ങള്‍ നല്‍കിയതു്.
സഭയിലുള്ള എല്ലാവരെയും ശുശ്രൂഷ ചെയ്യുവാൻ അനുവദിക്കുമ്പോള്‍ നേതൃത്വനിരയിലുള്ളവര്‍ പരിശീലകരെപ്പോലെ കളിക്കളത്തിന്നു് വെളിയില്‍ നിന്നു നിരീക്ഷിക്കേണ്ടിവരും. എത്ര പാസ്റ്റര്‍മാരും പ്രവാചകന്മാരും അപ്പൊസ്‍തലന്മാരും അതിനു് തയ്യാറാകും? ഈ വാക്യം ശരിയായി വിവൎത്തനം ചെയ്യപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! ശരിയായി അതു് പഠിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ സഭയുടെ രൂപം എത്ര വ്യത്യസ്‌ഥമാകുമായിരുന്നു!
സത്യം മനസ്സിലാക്കുന്നതിൽ അൽപ്പം വീഴ്‍ച സംഭവിച്ചാൽ അസത്യങ്ങളുടെ ഊരാക്കുടുക്കൾ നാം സൃഷ്ടിക്കും. തലമുറകളോളം അതിന്റെ ഭവിഷത്തു് അവുഭവിക്കേണ്ടി വരും. ഇതുപോലെ അനേക ഉദാഹരണങ്ങളുണ്ടു്.
വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു “എല്ലാ നന്മയിലും ഓഹരി കൊടുക്കേണം” എന്നു് കാണുന്നു. സ്വത്തു് വീതം വയ്‌ക്കുന്ന കാൎയ്യമായിരിക്കും പലരുടെയും മനസ്സില്‍ വരിക! വചനം പഠിക്കുന്ന എല്ലാവരുടെയും വീടുകളില്‍ നിന്നും വേദാധ്യാപകന്നു കിട്ടേണ്ട ഓഹരി എത്രമാത്രമായിരിക്കും? അങ്ങനെ ദിവാസ്വപ്നങ്ങള്‍ക്കു് വഴങ്ങുന്നതിനു് പകരം ആ വാക്യത്തിന്റെ യഥാൎത്ഥ രൂപം ഒന്നു് കാണാം.
വചനം പഠിക്കുന്നവര്‍ തങ്ങള്‍ക്കുള്ള എല്ലാ അനുഗ്രഹങ്ങളും (സൗകര്യങ്ങളും) വേദാധ്യാപകനുമായി പങ്കുവയ്‍ക്കേണം എന്നാണു് വാക്യം. ‘ഷെയർ’ കൊടുക്കേണം എന്നല്ല ‘ഷെയർ’ ചെയ്യണം എന്നാണൎത്ഥം. വേദാധ്യാപകന്റെ പേരില്‍ വാഹനം എഴുതി കൊടുത്തില്ലെങ്കിലും വല്ലപ്പോഴും ഒന്നു് ഓടിക്കുവാൻ കൊടുക്കേണം അല്ലെങ്കിൽ സ്വയം ഓടിച്ചു് വേദാധ്യാപകനെ പലേടത്തും കൊണ്ടു പോകേണം. അതുപോലെ എല്ലാ കാൎയ്യങ്ങളിലും ആവശ്യാനുസരണം സഹായിക്കേണം. അങ്ങനെയാണെങ്കില്‍ വേദാധ്യാപകൻ (അഥവാ പാവപ്പെട്ട ഒരു വിശ്വാസി) എല്ലാ സാധനങ്ങളും പണം കൊടുത്തു വാങ്ങേണ്ട ആവശ്യമില്ലല്ലോ.
മറ്റൊരു ഉദാഹരണം. “മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരേ കൎത്താവില്‍ അനുസരിക്കുവീൻ … എന്നു് എഴുതിയിരിക്കുന്നതുകൊണ്ടു് വിവാഹം കഴിഞ്ഞാലും മാതാപിതാക്കളെ അനുസരിച്ചു് വേണം മക്കള്‍ കഴിയുവാൻ.” ഒരു വിവാഹ ശുശ്രൂഷയില്‍ കേട്ടതാണിതു്. അപ്പനെയും അമ്മയെയും വിട്ടിട്ടു് ഒരുവൻ തന്റെ ഭാൎയ്യയോടു് പറ്റിച്ചേരും എന്ന വാക്യവും എഫേസ്യര്‍ 6:1ഉം തമ്മില്‍ വൈരുദ്ധ്യമുണ്ടോ?
മലയാളം ബൈബിളിൽ കാണുന്ന “മക്കളേ!” എന്ന വിളി പ്രായവ്യത്യാസം കൂടാതെ ആരും കേള്‍ക്കും. പക്ഷേ യവനഭാഷയിൽ എഫേസ്യര്‍ 6:1ല്‍ “കുഞ്ഞുങ്ങളേ!” എന്ന പദമാണു് ഉപയോഗിച്ചിരിക്കുന്നതു്. പ്രായപൂര്‍ത്തി ആകാത്ത കുട്ടികൾക്കുള്ളതാണു് ഈ കല്‍പ്പന. ഇംഗ്ളീഷിലും ഇതേ രീതിയിലാണു് (children) കൊടുത്തിരിക്കുന്നതു്. അപ്പോള്‍ പ്രായപൂര്‍ത്തിയായവര്‍ മാതാപിതാക്കളെ തിരിഞ്ഞു നോക്കേണ്ട എന്നാണോ പറയുന്നതു് ? അല്ല. അതിനാണു് എഫേസ്യര്‍ 6:2 ഉള്ളതു്. അപ്പനെയും അമ്മയെയും ബഹുമാനിക്കുക എന്ന കല്‍പ്പന ഏതു് പ്രായത്തിലുള്ള മക്കൾക്കും ബാധകമാണു്.
മാതാപിതാക്കളുടെ അധികാര പരിധി വിട്ടിട്ടാണു് ഒരു പുരുഷൻ തന്റെ കുടുംബം കെട്ടിപ്പടുക്കുവാൻ ഒരുമ്പടേണ്ടതു്. ലോകത്തില്‍ മിക്കയിടത്തും അങ്ങനെ ആണെങ്കില്‍ മലയാളിക്കതു് മനസ്സിലാകാത്തതു് എന്തുകൊണ്ട്‍ ? വിവാഹിതരായ മക്കളെയും മരുമക്കളെയും ഭരിക്കുവാൻ മാതാപിതാക്കള്‍ ശ്രമിക്കുന്നതു കൊണ്ടല്ലേ പലപ്പോഴും ഭാരതീയ കുടുംബങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു് ?
മലയാളിക്കു് സന്തോഷിക്കുവാനും വകയുണ്ടു്. 1 തെസ്സലോനിക്യര്‍ 4:17ന്റെ കാൎയ്യത്തില്‍ മലയാളം ബൈബിള്‍ തന്നെ മെച്ചം. എങ്കിലും ഇംഗ്ളീഷ്‍കാരുടെ സ്വാധീനം മൂലം ആ ഗുണം മുതലെടുക്കുവാൻ നമുക്കു് കഴിഞ്ഞിട്ടില്ല. ഇംഗ്ളീഷ് ബൈബിളില്‍: “നാം … കൎത്താവിനെ കണ്ടുമുട്ടുവാൻ (to meet) മേഘങ്ങളില്‍ എടുക്കപ്പെടും …” എന്നൎത്ഥം വരുന്ന രീതിയിലാണു് എഴുതിയിരിക്കുന്നതു്. അതുകൊണ്ടു് സഭ മേഘങ്ങളില്‍ കൎത്താവിനെ കണ്ടുമുട്ടിയിട്ടു് കൎത്താവിനോടു കൂടെ സ്വൎഗ്ഗത്തിലേക്കു് പോകും എന്നു് സായിപ്പു് പഠിപ്പിച്ചു. നാം അതു് വിശ്വസിച്ചു.
മലയാളം ബൈബിളില്‍: “നാം … കൎത്താവിനെ എതിരേല്‍ക്കുവാൻ മേഘങ്ങളില്‍ എടുക്കപ്പെടും …” എന്നു് കൊടുത്തിരിക്കുന്നു. ‘എതിരേല്‍ക്കുക’ എന്നാല്‍ എന്തു് ? സ്വീകരിച്ചാനയിക്കുക എന്നൎത്ഥം.
എതിരേല്‍ക്കുക എന്നതിനു് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്‍ വാക്കു് പുതിയ നിയമത്തില്‍ മൂന്നു് വേദഭാഗങ്ങളിലായി നാലു് പ്രാവശ്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. മത്തായി 25:6ല്‍ മണവാളനെ എതിരേല്‍പ്പാൻ ആര്‍പ്പുവിളി ഉണ്ടായതായി വായിക്കുന്നു. മണവാളന്റെ കൂടെ ദൂരെ പോകുന്ന കാൎയ്യമല്ല, മണവാളനെ സ്വീകരിക്കുന്ന കാൎയ്യമാണു് അവിടെ പറയുന്നതു്. അതുപോലെ അപ്പൊസ്‍തല പ്രവൃത്തികൾ 28:15ല്‍ പൗലൊസിനെ റോമിലേക്കു് സ്വീകരിച്ചാനയിക്കുവാൻ റോമിൽനിന്നു ചില സഹോദരന്മാര്‍ എത്തിയതായി നാം വായിക്കുന്നു. ഈ മൂന്നിടത്തും അൎത്ഥം ഒന്നു് തന്നെ.
അപ്പോള്‍ യേശു ക്രിസ്‍തുവിന്റെ രണ്ടാം വരവിനെകുറിച്ചുള്ള നമ്മുടെ ധാരണ മാറ്റേണ്ടി വരുമോ? സത്യത്തോടു് യോജിക്കുവാൻ എത്ര പ്രാവശ്യം വേണമെങ്കിലും ധാരണകൾ മാറ്റുവാൻ നാം തയ്യാറാകേണം. അതാണു് സത്യസന്ധമായ നടപടി.
ദാനിയേല്‍ പ്രവാചകൻ രാത്രിയില്‍ കണ്ട ഒരു ദര്‍ശനത്തെകുറിച്ചു് 7:13ല്‍ പറയുന്നതു് ശ്രദ്ധിച്ചാലും. “മനുഷ്യപുത്രന്നു് സദൃശനായവൻ ആകാശത്തിലെ മേഘങ്ങളില്‍ വയോധികന്റെ അടുക്കല്‍ ചെന്നു” എന്നു് നാം വായിക്കുന്നു. ആരാണീ വയോധികൻ? പ്രായം ചെന്ന ആരെയോ കുറിച്ചാണു് ദാനിയേല്‍ പറയുന്നതു് എന്നു് സാധാരണ വായനക്കാരൻ ചിന്തിച്ചാല്‍ അതിശയിക്കേണ്ടല്ലോ. വാസ്‍തവത്തില്‍ നിത്യമായ ഭൂതകാലം മുതലുള്ളവനായ പിതാവായ ദൈവത്തെ കുറിച്ചാണു് ആ പരാമര്‍ശം. വയോധികൻ എന്നതിനു് പകരം ‘Ancient of Days’ എന്ന പ്രയോഗത്തിന്നു് ‘അനാദിയായവൻ’ എന്ന പരിഭാഷയാണു് ഉത്തമം.
മരണത്തെ ജയിച്ചു് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്‍തു പിതാവിന്റെ അടുക്കല്‍ നിന്നു സകലത്തിന്മേലും അധികാരം എറ്റു വാങ്ങുവാൻ സ്വൎഗ്ഗത്തിലേക്കു് കയറി ചെല്ലുന്ന കാഴ്‍ചയാണു് ദാനിയേല്‍ കണ്ടതു്. ഭൂമിയിലേക്കല്ല, സ്വൎഗ്ഗത്തിലേക്കായിരുന്നു ആ യാത്ര. “മേഘങ്ങളില്‍” ഉള്ള മനുഷ്യപുത്രന്റെ യാത്ര സ്വൎഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്കുള്ളതാണു് എന്നു് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. മനുഷ്യപുത്രൻ “മേഘങ്ങളില്‍” വരും എന്നു് യേശു പറഞ്ഞപ്പോൾ ദാനിയേലിന്റെ ഈ ദർശനത്തെ ആധാരമാക്കിയാണു് സംസാരിച്ചതു്.
യേശുവിന്നു സകലജാതികളുടെ മേലും അധികാരം ദൈവം നൽകി കഴിഞ്ഞു. സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും തനിക്കു നൽകപ്പെട്ടിരിക്കുന്നു എന്നു യേശു തന്റെ ശിഷ്യരോടു് പറഞ്ഞു.1 അതുകൊണ്ടാണു് നാം അവനെ ക്രിസ്‍തു (അഭിഷിക്തനായ രാജാവു് ) എന്നും കർത്താവു് എന്നും വിളിക്കുന്നതു്. എന്നാൽ അൎത്ഥമറിയാതെ ‘ക്രിസ്‍തു’ അഥവാ ‘കൎത്താവു് ’ എന്ന വാക്കുകൾ മലയാളികൾ ഉപയോഗിച്ചതു മൂലം ആ വാക്കുകൾ തേഞ്ഞു പോയി. അൎത്ഥം വീണ്ടെടുക്കുവാൻ “യേശു ക്രിസ്‍തു” എന്നതിന്നു പകരം ചലപ്പോഴെങ്കിലും “മഹാരാജാവായ യേശു” എന്നു പറയുന്നതായിരിക്കും ഉചിതം.
ക്രിസ്‍തുവിന്റെ രണ്ടാം വരവിലാണു് തനിക്കു് കൎത്തൃത്വം ലഭിക്കുക എന്നു് നാം ചിന്തിച്ചാല്‍ യേശു ഇതുവരെ ക്രിസ്‍തു (മ്ശിഹാ) അഥവാ രാജാവായിട്ടില്ല എന്നു് പറയേണ്ടി വരും. അങ്ങനെ പറഞ്ഞാല്‍ ഒരുവന്നു ക്രിസ്‍ത്യാനി ആയിരിപ്പാൻ സാധിക്കുകയില്ല. ക്രിസ്‍തീയ മാൎഗ്ഗത്തിന്റെ അടിസ്ഥാന വിശ്വാസ പ്രമാണം – ‘യേശു കൎത്താവാണു് ’ – എന്ന ഏറ്റുപറച്ചിലാണു്. 2
ഇത്രയും ഗൗരവമുളളതല്ല എന്നു് തോന്നിപ്പിക്കുന്ന മറ്റൊരു സംഗതി 2 തിമൊഥെയൊസ് 4:3ല്‍ കാണുന്നു. സത്യമായ ഉപദേശം കേള്‍ക്കുമ്പോള്‍ സഹികെടുന്ന ചിലരെ കുറിച്ചാണു് ഇവിടെ നാം വായിക്കുന്നതു്. അവര്‍ “കൎണ്ണരസം ആകുമാറു് സ്വന്ത മോഹങ്ങള്‍ക്കു് ഒത്തവണ്ണം ഉപദേഷ്ടാക്കന്മാരെ തങ്ങള്‍ക്കു് ചുറ്റും ശേഖരിക്കുന്നു് ” എന്നു് വി. പൗലൊസ് എഴുതിയിരിക്കുന്നു. “കൎണ്ണരസം” എന്ന വാക്കിനെ ചുറ്റിപറ്റി ഒരുപാടു് കാൎയ്യങ്ങള്‍ നാം കേള്‍ക്കാറുണ്ടു്. പ്രസംഗത്തിന്റെ ഇടയില്‍ ഫലിതങ്ങള്‍ പറയരുത്, കേള്‍ക്കുവാൻ സുഖമുള്ള രീതിയില്‍ പ്രസംഗിച്ചുകൂടാ എന്നൊക്കെ എത്രയോ വിലക്കുകള്‍ ഇതിനകം നാം കേട്ടു കഴിഞ്ഞു! ദുരുപദേശങ്ങള്‍ കേള്‍ക്കുവാൻ ആഗ്രഹിക്കുന്നവൎക്കു് കൎണ്ണരസമുള്ളതു് എന്താണു് ? ഫലിതമോ തമാശയോ അല്ല, കൂടുതല്‍ ദുരുപദേശമാണു് അവൎക്കു് വേണ്ടതു്. അതുകൊണ്ടു് ഈ വാക്യം ഉപയോഗിച്ചു് ഏതായാലും പ്രസംഗത്തിലെ ഫലിതങ്ങളെ എതിൎക്കുന്നതു് അബദ്ധമാണു്.
ക്രിസ്‍തീയ ശുശ്രൂഷക വൃന്ദത്തെ വളരെ ദോഷമായി ബാധിച്ച ഒരു പിശകു് കൂടി നമുക്കു് പരിശോധിക്കാം. 1 തിമൊഥെയൊസ് 3:1ല്‍ അധ്യക്ഷ സ്ഥാനം ആഗ്രഹിക്കുന്ന ഏവരെയും പൗലൊസ് ശ്ലാഹിക്കുന്നതായി നാം കാണുന്നു.
“ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ല വേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.” - ബൈബിൾ സൊസൈറ്റി 1910.
“മെത്രാൻസ്ഥാനം ആഗ്രഹിക്കുന്നവൻ ഉല്‍കൃഷ്ടമായ ഒരു ജോലിയാണു് ആഗ്രഹിക്കുന്നത് എന്നതു സത്യമാണു് ” - POC
“ഇത് വിശ്വാസയോഗ്യമായ പ്രസ്‍താവനയാണു് : അധ്യക്ഷപദം ആഗ്രഹിക്കുന്നയാൾ ഉത്തമശുശ്രൂഷ അഭിലഷിക്കുന്നു.” - സമകാലിക മലയാളം ബൈബിൾ
ആരാണു് അധ്യക്ഷൻ? മലയാളത്തിലെ സ്വാഭാവിക അൎത്ഥം എടുത്താല്‍ ഒരു യോഗം കൂടുന്ന ഇടത്താണു് അധ്യക്ഷന്റെ ആവശ്യം. അധ്യക്ഷൻ യോഗത്തില്‍ മുൻവശത്തു് പ്രധാന സ്ഥലത്തിരിക്കും. കാൎയ്യപരിപാടി അനുസരിച്ചു് യോഗം നടത്തുക, പ്രധാന സന്ദേശം നല്‍കുക, അന്തിമ തീരുമാനങ്ങള്‍ എടുക്കുക, തൎക്കങ്ങള്‍ക്കു് അറുതി വരുത്തുക, എന്നിങ്ങനെ നിരവധി ചുമതലകളാണു് അധ്യക്ഷനുള്ളതു്. പാസ്റ്റര്‍ അധ്യക്ഷൻ ആണെന്നും അതുകൊണ്ടു് പാസ്റ്റര്‍ അധ്യക്ഷന്റെ ചുമതലകള്‍ നിര്‍വഹിക്കേണം എന്നും നാം കരുതി. ഇന്നു് ഏതു് സഭയിലും ഏതു് യോഗത്തിലും പാസ്റ്റര്‍മാരുടെ പ്രധാന ചുമതല യോഗം നടത്തലാണു്. പാസ്റ്റര്‍ എന്നുവച്ചാല്‍ യോഗം നടത്തുന്നയാള്‍ എന്നു് ജനം ചിന്തിക്കുന്നതു് വെറുതെയല്ല. എന്നാല്‍ വാസ്‍തവത്തില്‍ വി. പൗലൊസ് എന്താണു് പറഞ്ഞതു് ?
“എപ്പിസ്‍ക്കോപ്പ” എന്ന ഗ്രീക്‍ വാക്കാണു് “അധ്യക്ഷൻ” എന്നു് മലയാളത്തിലേക്കു് തൎജ്ജുമ ചെയ്‍തിരിക്കുന്നതു്. (ഞങ്ങള്‍ എപ്പിസ്‍ക്കോപ്പല്‍ സഭക്കാരല്ല എന്നു് അഭിമാനിക്കുന്ന പെന്തക്കൊസ്‍തുകാരും വേര്‍പാടുകാരും ഇതു് മനസ്സിലാക്കിയിരുന്നു എങ്കില്‍ നന്നായിരുന്നു.) “എപ്പിസ്‍ക്കോപ്പ” എന്നാല്‍ മേല്‍നോട്ടം വഹിക്കുന്നവൻ എന്നൎത്ഥം; അല്ലാതെ യോഗം നടത്തുവൻ എന്നോ അധ്യക്ഷൻ എന്നോ അല്ല. മേൽനോട്ടം വഹിക്കുക എന്നുവച്ചാൽ ലൗകീകമായ രീതിയിൽ ഭരണം നടത്തുക എന്നല്ല അൎത്ഥം. ആട്ടിടയൻ ആടുകൾക്കു് മീതെ വഹിക്കുന്ന മേൽനോട്ടമാണതു്. ആപത്തുകൾ വരുന്നുണ്ടോ, ആടുകളെല്ലാം കൂടെയുണ്ടോ, അടുത്ത മേച്ചിൽപ്പുറം എവിടെയാണു് എന്നൊക്കെ നോക്കി കാണുന്ന മേൽനോട്ടം.
എപ്പിസ്‍ക്കോപ്പയുടെ മേൽനോട്ടത്തില്‍ ആൎക്കു് വേണമെങ്കിലും യോഗങ്ങള്‍ നയിച്ചുകൂടേ? തീർച്ചായായും. എല്ലാ ശുശ്രൂഷകളും കൈയ്യടക്കി വാഴേണ്ടവനല്ല എപ്പിസ്‍ക്കോപ്പ. മറിച്ചു് സഭാ ജനങ്ങളെകൊണ്ടു് ശുശ്രൂഷകള്‍ ചെയ്യിക്കുകയും എല്ലാ വിശ്വാസികളും നന്നായി ജീവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നുണ്ടെന്നു് ഉറപ്പു് വരുത്തുകയുമാണു് എപ്പിസ്‍ക്കോപ്പയുടെ ജോലി. അതിനു് പകരം ഇന്നു നാം കാണുന്നതോ? യോഗങ്ങളുടെ നടത്തിപ്പാണു് പാസ്റ്റര്‍മാരുടെ പ്രധാന ഉത്തരവാദിത്തം.
സഭയിൽ മേൽനോട്ടം വഹിക്കുന്നവരെ “മൂപ്പന്മാർ” (presbuteros) എന്നും അറിയപ്പെട്ടിരുന്നു. എല്ലാ സ്ഥലം-സഭകളിലും മൂപ്പന്മാർ ഉണ്ടായിരിക്കേണം എന്നാണു് വി. പൗലൊസ് ആഗ്രഹിച്ചതു്.3 തിത്തൊസ് 1:5ൽ മേൽനോട്ടം വഹിക്കുന്നവരെ മൂപ്പന്മാര്‍ (presbuteros) എന്നു് വിശേഷിപ്പിച്ചിട്ട് ഏഴാം വാക്യത്തിൽ പൗലൊസ് അവരെ “എപ്പിസ്‍ക്കോപ്പമാര്‍” (episkopos) എന്ന് വിളിച്ചിരിക്കുന്നു. അതുകൊണ്ടു് ഒരു ഇടവകയിലെ ഇടയനെ “എപ്പിസ്‍ക്കോപ്പ” (bishop) എന്നോ “പ്രസ്‍ബിറ്റർ” (elder) എന്നോ “ഇടയൻ” (pastor) എന്നോ വിളിക്കാം.
ഓരോ സ്ഥലം സഭയിലും എപ്പിസ്‍ക്കോപ്പമാര്‍ അഥവാ മൂപ്പന്മാര്‍ ഉണ്ടായിരിക്കേണം. അതിനു് പകരം ഇന്നു് അനേക സഭകളുടെ മേല്‍നോട്ടം വഹിക്കുവാനായി ചിലരെ എപ്പിസ്‍ക്കോപ്പമാരായി നിയമിക്കുന്നു. ആ എപ്പിസ്‍ക്കോപ്പമാർ വിവിധ പേരിൽ അറിയപ്പെടുന്നു—ബിഷപ്പു്, മെത്രാൻ, ഓവര്‍സീയർ അഥവാ സൂപ്രണ്ട് (superintendent).
എന്തുകൊണ്ടാണു് എപ്പിസ്‍ക്കോപ്പമാർക്കു് പല സഭകളുടെ മേൽനോട്ടം നൽകുന്നതു് ? ഒരു തെറ്റിദ്ധാരണ മൂലമാണു്. 1 തിമൊഥെയൊസ് 3:8ല്‍ ഒരു കൂട്ടരെ “ശുശ്രൂഷകന്മാര്‍” (deacons) എന്നു് വിളിച്ചിരിക്കുന്നതായി നാം കാണുന്നു.4 വിവിധ തരത്തിലുള്ള ആത്മീകവും ഭൗതീകവുമായ സേവനങ്ങൾ ചെയ്യുന്നവരാണു് “ശുശ്രൂഷകന്മാര്‍.” ഈ “ശുശ്രൂഷകന്മാര്‍” സ്ഥലം-സഭകളിലെ പാസ്റ്റര്‍മാരാണു് എന്നു് ചിലർ തെറ്റിദ്ധരിക്കുന്നു. അതുകൊണ്ടാണു് “ശുശ്രൂഷകന്മാര്‍ൎക്കു” മീതെയുള്ള “എപ്പിസ്‍ക്കോപ്പമാരെ” അനേക സഭകളുടെ മേല്‍നോട്ടം വഹിക്കുന്ന ബിഷപ്പുമാരായി (അല്ലെങ്കിൽ ഓവര്‍സീയറോ സൂപ്രണ്ടോ ആയി) ചിലർ വാഴിക്കുന്നതു്.
1 തിമൊഥെയൊസ് 3:8ലെ “ശുശ്രൂഷകന്മാര്‍” ഇടയന്മാരല്ല. എപ്പിസ്‍ക്കോപ്പമാര്‍ അഥവാ മൂപ്പന്മാരാണു് യഥാര്‍ത്ഥത്തില്‍ ഇടയന്മാർ (പാസ്റ്റര്‍മാര്‍). ഒരു സഭയില്‍ ഒന്നിലധികം മൂപ്പന്മാര്‍ വേണ്ടി വന്നേക്കാം.5 അവരോടൊപ്പം ശുശ്രൂഷയില്‍ സഹായിക്കുന്ന ചില സഹോദരീ-സഹോദരന്മാരെയാണു് deacons അഥവാ വേലക്കാര്‍ അഥവാ ശുശ്രൂഷക്കാര്‍. അവരെയാണു് വി. പൗലൊസ് “ശുശ്രൂഷകന്മാര്‍” എന്നു് വിളിച്ചതു്. അങ്ങനെ ശുശ്രൂഷകളില്‍ ഭാഗഭാക്കുകളാകുന്ന സഭാ ജനങ്ങള്‍ക്കും ചില യോഗ്യതകള്‍ ഉണ്ടായിരിക്കേണം. ആ യോഗ്യതകളെ കുറിച്ചാണു് 1 തിമൊഥെയൊസ് 3:8 മുതലുള്ള വാക്യങ്ങളില്‍ കാണുന്നതു്.6 ഈ കാൎയ്യങ്ങള്‍ മനസ്സിലാക്കാതെ ശുശ്രൂഷകൾ എല്ലാം ഒന്നോ രണ്ടോ വ്യക്തികളിൽ കേന്ദ്രീകരിപ്പിച്ചു് സഭാജനങ്ങളെ വെറും നിഷ്‍ക്രിയന്മാർ ആക്കുകയല്ലേ നാം?
ഒരു ഭാഷയില്‍ തന്നെ വിവിധ ബൈബിള്‍ വിവൎത്തനങ്ങള്‍ ഉണ്ടെങ്കില്‍ അവയെല്ലാം നാം താരതമ്യം ചെയ്യുന്നതു് നല്ലൊരു ശീലമാണു്. ഒരു വിവൎത്തനം മാത്രം ഉപയോഗിക്കുന്ന വേദ വിദ്യാൎത്ഥികള്‍ ആ വിവൎത്തനത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ക്കു് അടിമകൾ ആകുവാൻ സാധ്യതയുണ്ടു്. വാക്കുകളില്‍ അൎത്ഥം അടങ്ങിയിരിക്കുന്നു. അൎത്ഥത്തിന്നു് നാം വാക്കിനേക്കാള്‍ പ്രാധാന്യം കല്‍പ്പിക്കേണം. വാക്കുകളിലെ അൎത്ഥത്തേക്കാള്‍ വാക്കുകള്‍ക്കു് നാം വില കല്‍പ്പിച്ചാല്‍ സമാനാര്‍ത്ഥമുള്ള മറ്റു വാക്കുകള്‍ നാം നിരസിക്കും. അതു് അപകടമാണു്.
ഉദാഹരണത്തിന്നു് ഒരു വാക്കിനെ ആസ്പദമാക്കിയുള്ള പ്രസംഗങ്ങള്‍ സാധാരണയായി നാം കേള്‍ക്കാറുണ്ടു്. ഇങ്ങനെ പ്രസംഗിക്കുന്നവര്‍ ആ പ്രത്യേക വാക്കുള്ള മറ്റു് “ഒത്തു വാക്യങ്ങള്‍” കണ്ടുപിടിച്ചു്, ആ വാക്യങ്ങളെ കോർത്തിണക്കി ഒരു പ്രസംഗം തട്ടിക്കൂട്ടും. ഇവിടെ മറഞ്ഞിരിക്കുന്ന അപകടം എന്താണു് ? മലയാളത്തിലെ ഒരു വിവൎത്തനത്തില്‍ ഒരേ വാക്കു് പല വാക്യങ്ങളില്‍ കണ്ടെന്നു് വന്നേക്കാം. മലയാളം ബൈബിളിന്റെ വേറൊരു വിവൎത്തനത്തില്‍ ആ വാക്കിനു് പകരം വേറൊരു വാക്കായിരിക്കും ഉപയോഗിച്ചിരിക്കുന്നതു്. മാത്രമല്ല, പ്രസംഗകൻ തിരഞ്ഞെടുത്ത ഒത്തു വാക്യങ്ങൾ കേൾവിക്കാർ വായിക്കുമ്പോൾ അവർ ഉപയോഗിക്കുന്ന വിവൎത്തനത്തില്‍ ആ പ്രത്യേക വാക്കു് അവർ കണ്ടെത്തുകയുമില്ല! ഒരു വിവൎത്തനത്തില്‍ നിന്നു വേറൊന്നിലേക്കു് മാറുമ്പോള്‍ തന്നെ പ്രസംഗത്തിന്നു് നിലനില്‍പ്പില്ലാതെ പോകും. അപ്പോള്‍ വേറൊരു ഭാഷയിലേക്കു് ആ പ്രസംഗം പരിഭാഷ ചെയ്യേണ്ടി വന്നാലുള്ള സ്ഥിതി ഒന്നാലോചിച്ചു് നോക്കൂ! ഒരു വിവൎത്തനത്തില്‍ നിന്നു മറ്റൊന്നിലേക്കു് മാറുമ്പോള്‍ തകര്‍ന്നു് വീഴുന്ന പ്രസംഗം എന്തിനു് കൊള്ളാം?
“അതിനിപ്പോള്‍ ഞങ്ങളുടെ സഭയിലുള്ളവര്‍ പല വിവൎത്തനങ്ങള്‍ ഉപയോഗിക്കാറില്ലല്ലോ! അതുകൊണ്ടു് ഞങ്ങളുടെ ഒത്തു വാക്യ പ്രസംഗങ്ങള്‍ ഒരു പ്രശ്നങ്ങളും സൃഷ്‍ടിക്കാറില്ല” എന്നു് ചിലര്‍ പറയും. പലരുടെയും പ്രസംഗങ്ങള്‍ വചന സത്യത്തില്‍ അധിഷ്ഠിതം അല്ലാത്തതുകൊണ്ടു് മറ്റൊരു വിവൎത്തനം വായിക്കുവാൻ അവർക്കു് ഭയമാണു്. മാത്രമല്ല, സഭാ ജനങ്ങള്‍ വേറൊരു വിവൎത്തനം ഉപയോഗിക്കുവാൻ അവര്‍ സമ്മതിക്കുകയുമില്ല. മറ്റു പരിഭാഷകൾ ഉപയോഗിക്കുന്നതിൽ നിന്നു് ജനങ്ങളെ വിലക്കിയിട്ടു് അതിൽ പ്രശംസിക്കുന്നതിൽ അൎത്ഥമില്ല.
ഇവിടെയാണു് സത്യത്തോടുള്ള നമ്മുടെ പ്രതിബദ്ധത പരീക്ഷിക്കപ്പെടുന്നതു്. സത്യത്തിന്നു് നിറമാറ്റമില്ല. ദൈവവചനം സത്യമാണു്. വചന സത്യങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണു്. അതു് കൈകാര്യം ചെയ്യുന്നവര്‍ ഭാഷാ വ്യത്യാസങ്ങള്‍ക്കും വിവൎത്തന വ്യത്യാസങ്ങള്‍ക്കും അതീതമായി ചിന്തിക്കേണം.
സത്യത്തിന്നു് നിറമാറ്റമില്ല. ഏതു് ഭാഷ ഉപയോഗിച്ചാലും, ഏതു് വിവൎത്തനം ഉപയോഗിച്ചാലും, നമ്മുടെ വ്യാഖ്യാനത്തിനോ, പ്രസംഗത്തിനോ വ്യതിയാനം വരാൻ പാടില്ല.
ഏതു് ഭാഷ ഉപയോഗിച്ചാലും, ഏതു് വിവൎത്തനം ഉപയോഗിച്ചാലും, നമ്മുടെ വ്യാഖ്യാനത്തിനോ, പ്രസംഗത്തിനോ വ്യതിയാനം വരാൻ പാടില്ല. അതുകൊണ്ടു് “എന്റെ ബൈബിളില്‍ ഇങ്ങനെയാണു് കൊടുത്തിരിക്കുന്നത്, മറ്റൊന്നും എനിക്കു് ചിന്തിക്കേണ്ട ആവശ്യമില്ല” എന്ന മനോഭാവം നാം ഉപേക്ഷക്കേണം.
ബൈബിള്‍ സൊസൈറ്റിയുടെ മലയാള വേദപുസ്‍തകത്തില്‍ 1 തെസ്സ. 4:3ല്‍ ഇങ്ങനെ കാണുന്നു് — “ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ.” സ്വാഭാവികമായി നമ്മുടെ ഉപദേശിമാര്‍ “ശുദ്ധീകരണം” എന്ന വാക്കുള്ള മറ്റു് വാക്യങ്ങള്‍ കണ്ടു പിടിക്കും. അവയെ ഈ വാക്യത്തോടു കോൎത്തിണക്കി പഠിപ്പിക്കും. ഇവിടെയാണു് അപകടം പതിയിരിക്കുന്നതു്.
ഒന്നാമതു്, ഈ വാക്യത്തില്‍ “ശുദ്ധീകരണം” എന്ന വാക്കല്ല വരേണ്ടതു്. വെറും അഴുക്കു് കളയുന്ന അഥവാ വൃത്തിയാക്കുന്ന ഒരു പ്രക്രിയയെ കുറിച്ചല്ല വി. പൗലൊസ് ഇവിടെ പറയുന്നതു്. ഒരു വിശ്വാസി ക്രമേണ വിശുദ്ധിയിലും ദൈവീക സ്വഭാവത്തിലും വൎദ്ധിച്ചു് വരുന്ന പ്രക്രിയയെയാണു് “ഹാഗിയാസ്മോസ് ” എന്ന ഗ്രീക്‍ പദം കൊണ്ടുദ്ദേശിക്കുന്നതു്. വിശുദ്ധിയിലുള്ള വളര്‍ച്ച അല്ലെങ്കിൽ രൂപാന്തരം എന്നൊക്കെ അതിനെ മനസ്സിലാക്കാം.
ദൈവാനുരൂപമായ ആത്മീക വളര്‍ച്ച എന്ന ഈ അൎത്ഥം കൂടാതെ മറ്റൊരു അൎത്ഥം കൂടി ഈ വാക്കിനുണ്ടു്. എല്ലാ മാലിന്യങ്ങളില്‍ നിന്നും അകലം പാലിച്ച്, ദൈവത്തിന്റെ ഉപയോഗത്തിനു വേണ്ടി തന്നെ താൻ വേർതിരിച്ചിരിക്കുന്ന അവസ്ഥയ്‍ക്കും “ഹാഗിയാസ്മോസ് ” എന്ന പദം ഉപയോഗിച്ചിട്ടുണ്ടു്. അങ്ങനെ ദൈവീക ഉപയോഗത്തിനു വേണ്ടി വേര്‍തിരിക്കപ്പെട്ട വ്യക്തി വിശുദ്ധനാണു്.
യഹൂദന്മാരുടെ ദേവാലയത്തിലെ ഉപയോഗത്തിനു വേണ്ടി വേര്‍തിരിക്കപ്പെട്ട വസ്‍തുക്കള്‍ വിശുദ്ധമായി കണക്കാക്കപ്പെട്ടിരുന്നു. ഇന്നു് ആ ആലയം ഇല്ല. പരിശുദ്ധാത്മാവു് ക്രിസ്‍തുവിന്റെ അനുയായികളിൽ വസിക്കുവാൻ വന്നതോടെ ശിഷ്യരായ നാം പരിശുദ്ധാത്മാവിന്റെ മന്ദിരങ്ങളായി. അങ്ങനെ നാം ദൈവത്തിനു വേണ്ടി അതായതു് വിശുദ്ധിക്കു വേണ്ടി വേര്‍തിരിക്കപ്പെട്ടു. അതിനെ കുറിച്ചാണു് റോമര്‍ 15:15,7 2 തെസ്സ. 2:13,8 1 പത്രോസ് 1:29 എന്നീ വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നതു്. Sanctification എന്നാണു് ഇംഗ്ളീഷില്‍ കൊടുത്തിരിക്കുന്നതു്. “ശുദ്ധീകരണം” എന്ന വാക്കു് ഉപയോഗിക്കുമ്പോള്‍ വി. പൗലൊസ് ഉദ്ദേശിച്ച അൎത്ഥം നമുക്കു് നഷ്ടമാകും. BSI മലയാളം ബൈബിള്‍ വായിച്ചാല്‍ sanctification അഥവാ “വിശുദ്ധിയിലേക്കുള്ള ക്രമാനുഗതമായ രൂപാന്തരം” എന്നൊരു ആശയം അവിടെയുണ്ടെന്നു് ആരും അറിയുക പോലുമില്ല!
രണ്ടാമതായി, “ഹാഗിയാസ്മോസ് ” എന്ന ഗ്രീക്‍ പദം മലയാളത്തില്‍ എല്ലായിടത്തും ഒരുപോലെയല്ല പരിഭാഷപ്പെടുത്തിയിരിക്കുന്നതു്. 1 കൊരി. 1:30,10 1 തെസ്സ. 4:3,11 എബ്രായര്‍ 12:1412 എന്നീ വാക്യങ്ങളില്‍ “ശുദ്ധീകരണം” എന്നും, റോമര്‍ 6:19,22;13 റോമര്‍ 15:15;14 1 തെസ്സ. 4:7;15 2 തെസ്സ.2:1316 എന്നീ വാക്യങ്ങളില്‍ “വിശുദ്ധീകരണം” എന്നും കൊടുത്തിരിക്കുന്നു. കേവലം “ശുദ്ധീകരണം” എന്ന വാക്കിനെ ആസ്പദമാക്കി പ്രസംഗം തയ്യാറാക്കിയാൽ “വിശുദ്ധീകരണം” എന്ന വാക്കു് ഉപയോഗിച്ചിരിക്കുന്ന വാക്യങ്ങൾ ശ്രദ്ധയിൽ പെടുകയില്ല. നേരെ മറിച്ചും സംഭവിക്കാം.
മൂന്നാമതായി, നാം ഉപയോഗിക്കുന്ന ബൈബിളിൽ ഒരേ വാക്കു് പല ഇടത്തു് ഉപയോഗിച്ചിരിക്കുന്നു എന്നതുകൊണ്ടു് അവയ്‍ക്കെല്ലാം ഒരേ അൎത്ഥമാണു് എന്നുവരുകയില്ല. ഉദാഹരണത്തിന്നു് 1 തെസ്സ. 4:3ലെ “ശുദ്ധീകരണ”വും 1 യോഹന്നാൻ 1:9ലുള്ള “ശുദ്ധീകരണ”വും ഒന്നാണെന്നു് മലയാളികള്‍ ചിന്തിക്കുവാൻ സാധ്യതകൾ ഏറെ. അതു് ശരിയല്ല.
“ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ.” – 1 തെസ്സ. 4:3
“നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്‍തനും നീതിമാനും ആകുന്നു.” – 1 യോഹ 1:9
യോഹന്നാന്റെ ലേഖനത്തിലുള്ള “ശുദ്ധീകരണം” മാലിന്യം നീക്കുക എന്ന അൎത്ഥത്തിലാണു് ഉപയോഗിച്ചിരിക്കുന്നതു്. ഒത്തു വാക്യ പ്രസംഗം നടത്തുമ്പോള്‍ ഇതു് പോലുള്ള പ്രധാനപ്പെട്ട കാൎയ്യങ്ങൾ പലരും ശ്രദ്ധിക്കാറില്ല. ഗ്രീക്‍, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലുള്ള വചന ഭാഗങ്ങൾ താരതമ്യം ചെയ്യണം. അതിനു് നമ്മെ സഹായിക്കുന്ന വെബ് സൈറ്റുകൾ (www.blueletterbible.org) ഇന്നു് സുലഭമാണു്.
ഒരു ബൈബിൾ പരിഭാഷ പുത്തനായതുകൊണ്ടു് അതിൽ തെറ്റുകളില്ല എന്നു് ചിന്തിക്കരുതു്. ചിലർ പുതുക്കി ഇറക്കുന്ന പതിപ്പിൽ പഴയതിൽ ഇല്ലാത്ത പുതിയ തെറ്റുകൾ മനഃപ്പൂൎവ്വം ഉൾക്കൊള്ളിക്കും. ഉദാഹരണത്തിനു തീത്തോസ് 3:5 ശ്രദ്ധിക്കുക. ദൈവം നമ്മേ തന്റെ കൃപയാൽ രക്ഷിച്ചു. എങ്ങനെ രക്ഷിച്ചു? പുനൎജ്ജനനസ്‍നാനത്താലും പരിശുദ്ധാത്മാവു് വരുത്തുന്ന നവീകരണത്താലും നമ്മെ രക്ഷിച്ചു എന്നു ബൈബിൾ സൊസൈറ്റിയുടെ പഴയ പതിപ്പിൽ (1910) വ്യക്തമായി പറഞ്ഞിരിക്കുന്നു.
“അവൻ നമ്മെ നാം ചെയ്ത നീതി പ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചത്. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശ പ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിനു പുനൎജ്ജനനസ്‍നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്‍തുമൂലം നമ്മുടെമേൽ ധാരാളമായി പകൎന്ന പരിശുദ്ധാത്മാവിന്റെ നവീകരണം കൊണ്ടും തന്നെ.”
ദൈവത്തിന്റെ ദാനമായ രക്ഷ നമ്മിലേക്കു് എത്തിക്കുവാൻ ദൈവം വെള്ളത്തെയും ആത്മാവിനെയും ഉപയോഗിക്കുന്നു. സ്‍നാനം ഒരു നീതി പ്രവൃത്തിയല്ല എന്നും പുനൎജ്ജനനത്തിനുള്ള വേദിയാണെന്നും ഈ വാക്യത്തിലൂടെ സ്പഷ്‍ടമാണു്. ഈ വാക്യം ചിലരുടെ കണ്ണിലെ കരടായതിൽ അതിശയിക്കാനില്ല. അവർ വിശ്വസിക്കുന്ന കാൎയ്യങ്ങൾക്കു വിപരീതമായി ഒരു വാക്യം കണ്ടാൽ അതിനെ എങ്ങനെയും ഇല്ലാതാക്കുവാൻ അവർ ശ്രമിക്കും. 2016ൽ ബൈബിൽ സൊസൈറ്റി പുതുക്കിയ വിവൎത്തനം പ്രസിദ്ധീകരിച്ചപ്പോൾ ഈ വേദഭാഗത്തെ എപ്രകാരം തിരുത്തിയെഴുതി എന്നു ശ്രദ്ധിക്കുക.
എങ്കിലും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്മയും സ്‍നേഹനിർഭരമായ ദയയും പ്രത്യക്ഷമായപ്പോൾ അവിടുന്നു നമ്മെ രക്ഷിച്ചു. അത് നമ്മുടെ പുണ്യപ്രവൃത്തികൾകൊണ്ടല്ല, പിന്നെയോ നമ്മെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മസ്‍നാപനം കൊണ്ടാണ്. നമ്മുടെ രക്ഷകനായ യേശുക്രിസ്‍തുവിൽകൂടി പരിശുദ്ധാത്മാവിനെ ദൈവം നമ്മുടെമേൽ സമൃദ്ധമായി വർഷിക്കുന്നു.
“പുനൎജ്ജനനസ്‍നാനം” എന്നതും “പരിശുദ്ധാത്മാവിന്റെ നവീകരണം” എന്നതും കൂട്ടിയോജിപ്പിച്ചു് “പരിശുദ്ധാത്മസ്‍നാപനം” ആക്കി. എത്ര മലയാളികൾ ഈ കൃതൃമം ശ്രദ്ധിച്ചു എന്നു അറിയില്ല. ജല സ്‍നാനത്തോടു് അത്രയ്‍ക്കു് വെറുപ്പുള്ള ചിലർ ദൈവഭയമില്ലാതെ ദൈവത്തിന്റെ വചനത്തെ കോട്ടി മാറ്റിയതിന്റെ ഉത്തമ ഉദാഹരണമാണിതു്. വെള്ളത്താലും ആത്മാവിനാലും പുതുതായി ജനിക്കേണം എന്ന മ്ശിഹാ തമ്പുരാന്റെ വാക്കുകൾ നിലനിൽക്കെ, പൗലൊസിന്റെ ലേഖനത്തിൽ അതേ കാൎയ്യം ഏറ്റു പറഞ്ഞിരിക്കുന്നതു് തൎജ്ജുമ ചെയ്‍തവൎക്കു സുഖിച്ചില്ല. സ്‍നാനത്തിലൂടെ പുനൎജ്ജനനം സാധ്യമാകുന്നു എന്നു് അവർക്കു് ചിന്തിക്കുവാനേ കഴിയുന്നില്ല.
1997ൽ പ്രസിദ്ധീകരിക്കപ്പെട്ട മലയാള സമകാലിക വിവൎത്തനം അത്രയും ദോഷം ചെയ്യുന്നില്ലെങ്കിൽ പോലും സ്‍നാനം എന്ന വാക്കിനു പകരം “ശുദ്ധീകരണം” എന്നാക്കി.
നാം ചെയ്ത നീതികൎമ്മങ്ങളാലല്ല, മറിച്ച് അവിടത്തെ കരുണയാൽത്തന്നെ, പുതിയ ജന്മം നൽകുന്ന ശുദ്ധീകരണത്താലും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണത്താലും അവിടന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു.17
“ശുദ്ധീകരണം” എന്നാൽ ജലത്തിലുള്ള സ്‍നാനം അഥവാ കഴുകൽ തന്നെയാണെന്നു് ആരെങ്കിലും കൂടെ ചെന്നു വായനക്കാരെ ബോധിപ്പിക്കേണ്ടി വരും. പല ഇംഗ്ലീഷ് വിവൎത്തനങ്ങളിലും “ശുദ്ധീകരണം” അഥവാ “കഴുകൽ” എന്നൎത്ഥമുള്ള washing അഥവാ cleansing എന്ന വാക്കാണു് ഉപയോഗിച്ചിരിക്കുന്നതു്. ന്യൂ അമേരിക്കൻ ബൈബിൾ NAB മാത്രമേ baptism എന്നു് എടുത്തു പറയാനുള്ള സത്യസന്ധത കാട്ടിയുള്ളൂ.
2019ൽ പ്രസിദ്ധീകരിക്കപ്പെട്ട ഇന്ത്യൻ റിവൈസ്ഡ് വേര്‍ഷൻ എന്ന മലയാളം ബൈബിളിൽ ഈ വേദഭാഗത്തിന്റെ തൎജ്ജുമ അൽപ്പം അപകടകരമാണു്. ശുദ്ധീകരണത്തിലൂടെ (സ്‍നാനത്തിലൂടെ) വീണ്ടും ജനനം ലഭിക്കുന്നു എന്നതിനു പകരം വീണ്ടും ജനനം നിമിത്തം ഉണ്ടാകുന്ന ശുദ്ധീകരണം എന്ന അൎത്ഥത്തിലാണു് വിവൎത്തനം ചെയ്യപ്പെട്ടിരിക്കുന്നതു്.
അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കാരുണ്യം കൊണ്ടും വീണ്ടും ജനനത്തിന്റെ ശുദ്ധീകരണം കൊണ്ടും പരിശുദ്ധാത്മാവിനാലുള്ള നവീകരണം കൊണ്ടുമത്രേ രക്ഷിച്ചത്.18
ഇന്ത്യൻ റിവൈസ്ഡ് വേര്‍ഷനിലെ ഈ വാക്യം ഇപ്രകാരം തിരുത്തി വായിക്കപ്പെടേണ്ടതാണു്.
അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കാരുണ്യം കൊണ്ട് സ്‍നാനത്താലുള്ള (കഴുകലിനാലുള്ള) വീണ്ടും ജനനം കൊണ്ടും പരിശുദ്ധാത്മാവിനാലുള്ള നവീകരണം കൊണ്ടുമത്രേ രക്ഷിച്ചത്.
വാൽകഷണം: 1 തെസ്സ 4:3ലെ “ശുദ്ധീകരണം” ഒരു നിമിഷംകൊണ്ടു് നടക്കുന്ന കാൎയ്യമാണോ? അതോ ഒരായുസ്സോളം ദൈൎഘ്യമുള്ള പ്രക്രിയയാണോ? ഒരു വിശ്വാസിക്കു് തന്റെ ആയുസ്സിൽ പൂൎണ്ണ വിശുദ്ധീകരണം സാധ്യമാണോ? അമേരിക്കയിലെ വെള്ളക്കാരായ പെന്തക്കൊസ്‍തുകാര്‍ കറുത്ത വൎഗ്ഗക്കാരുടെ ചര്‍ച്ചു് ഓഫ ഗോഡ് ഉപേക്ഷിച്ചു് അസംബ്ളീസ് ഓഫ ഗോഡ് എന്ന വെള്ളക്കാൎക്കുള്ള സംഘടന രൂപീകരിച്ചതിന്റെ ഒരു പ്രധാന കാരണം “വിശുദ്ധീകരണം” എന്ന ആശയത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസമാണു്. ഉപദേശപരമായ കാരണത്തേക്കാൾ വലുതായിരുന്നു വെള്ളക്കാരുടെ വംശീയവാദവും അവർ മറ്റുള്ളവരേക്കാൾ ശ്രേഷ്‍ഠരാണു് എന്ന ചിന്തയും! “ശുദ്ധീകരണാനന്തരം ലഭിക്കുന്ന പരിശുദ്ധാത്മ സ്‍നാനം” എന്നതു് ചര്‍ച്ചു് ഓഫ ഗോഡ് പോലുള്ള “ഹോളിനസ്സ് പെന്തക്കൊസ്‍തു” സംഘടനകളുടെ ഉപദേശമായിരുന്നു.
വില: രൂ 999. തുടൎന്നു് വായിക്കും മുമ്പു് … ഈ പുസ്തകത്തിന്റെ വില പൂൎണ്ണമായോ ഭാഗീകമായോ – താങ്കളുടെ പ്രാപ്തിയനുസരിച്ചു് – അയച്ചു കൊടുക്കുക (PayPal or UPI). പണം അയയ്‍ക്കുവാൻ താഴെ കാണുന്ന QR കോഡിന്മേൽ തൊടുക. പുസ്‍തകം വായിച്ചിട്ടു് ഈ വെബ് സൈറ്റിലേക്കുള്ള ലിങ്ക് ദയവായി മറ്റുള്ളവരുമായി പങ്കുവയ്‍ക്കുക.
BACK | TOP |
INDEX |
HOME
ABOUT |
CONTACT |
SUPPORT |
SITE MAP |