ചെവിയുള്ളവർ കേൾക്കട്ടെ!

ഫിലിപ്പ്  പി. ഈപ്പൻ

English | Deutsch | Español

തിരുവെഴുത്തുകൾ വായിക്കപ്പെടുവാൻ മാത്രമല്ല, അവ പ്രാഥമികമായി വായിച്ചു കേൾപ്പിക്കപ്പെടുവാനാണു്  എഴുതപ്പെട്ടതു്. ലോകത്തിന്റെ ശബ്ദ കോലാഹലങ്ങളിൽ നിന്നു അകന്നു്  അൽപ്പ നേരം വേറിട്ടിരുന്നു്  ദൈവ വചനം ശ്രവിക്കുക.

രണ്ടു മണിക്കൂറും പത്തു മിനിറ്റും. ലേവ്യ പുസ്‍തകം എന്ന ദുർഘടമേടുകളിലൂടെ സഞ്ചരിച്ചു വിജയകരമായി പുറത്തുവരുവാൻ എനിക്കു്  അത്ര സമയമേ വേണ്ടി വന്നുള്ളൂ. പുതുവൎഷത്തിൽ വേദപുസ്‍കം വായിക്കുവാൻ പുതിയ തീരുമാനങ്ങളോടെ മുന്നോട്ടു കുതിക്കുന്ന അനേക ക്രൈസ്‍തവ ഭടന്മാരും ഉത്പത്തിയും പുറപ്പാടും വിജയകരമായി പിന്നിടും. പക്ഷേ ലേവ്യ പുസ്‍തകം വായിച്ചു തുടങ്ങുമ്പോൾ പലരുടെയും വായനയുടെ താളം തെറ്റി പോകാറുണ്ടു്. എന്റെ വിജയത്തിന്റെ രഹസ്യം എന്തായിരുന്നു? ഞാൻ ആ പുസ്‍തകം വായിച്ചില്ല, അതിന്റെ ശബ്ദലേഖനം ശ്രവിച്ചതേയുള്ളൂ.

ബൈബിൾ ആപ്ലിക്കേഷനിൽ നിന്നുള്ള ശബ്ദലേഖനം ശ്രദ്ധയോടെ കേൾക്കാൻ ഞാൻ എന്റെ ഹെഡ്  ഫോണുകൾ ഘടിപ്പിച്ചു. ശ്രവിച്ചുകൊണ്ടിരുന്ന വാചകങ്ങളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ വേദഭാഗത്തിലെ വിവിധ രംഗങ്ങൾ – യാഗങ്ങളും യഹൂദ ആരാധന ക്രമങ്ങളും – എന്റെ മനസ്സിലൂടെ കടന്നു പോയ്‍ക്കൊണ്ടിരുന്നു. പുസ്തകത്തിന്റെ ഒരു രൂപരേഖ എന്റെ മനസ്സിൽ ഞാൻ കുറിച്ചു കൊണ്ടിരുന്നു.

കേൾക്കുന്നതിനോടൊപ്പം അച്ചടിച്ച താളുകളിലെ വാക്കുകൾ ഞാൻ നോക്കാതിരുന്നത്  നന്നായി എന്നു പിന്നീടു് തോന്നി. വേദപുസ്തകം ഞാൻ തുറന്നു വച്ചിരുന്നെങ്കിൽ ഏതെങ്കിലും പ്രത്യേക വാക്കുകളിൽ കണ്ണുകൾ ഉടക്കി അവിടേക്കു്  എന്റെ ശ്രദ്ധ വ്യതിചലിക്കുവാനുള്ള സാധ്യത ഉണ്ടാകുമായിരുന്നു. എന്നിരുന്നാലും, ഒരു പേനയും കടലാസും കൈവശം വയ്‍ക്കുന്നതു്  സഹായകരമാണെന്നു്  ഞാൻ കരുതുന്നു. ശ്രവിക്കുന്ന വേദഭാഗത്തിന്റെ രൂപരേഖ കുറിച്ചിടുവാൻ അതു്  ഉപകരിക്കും.

ലേവ്യ പുസ്തകത്തിലൂടെയുള്ള എന്റെ യാത്ര മുന്നോട്ടു പോകുന്തോറും ആ പുസ്തകം മുഴുവനും യാഗങ്ങളെ കുറിച്ചല്ലെന്നു്  ഞാൻ ശ്രദ്ധിച്ചു. യാഗങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വിവരണങ്ങളിൽ പോലും ഒരു നിശ്ചിത താളവും ക്രമവും ഉണ്ടായിരുന്നു. ആ വിവരണങ്ങളിൽ നിന്നു്  പുസ്തകം പൗരോഹിത്യത്തെ സംബന്ധിച്ച നിയമങ്ങളിലേക്കു  കടന്നു. ഭക്ഷണം, ശുചിത്വം, ആരോഗ്യം എന്നിവയെ കുറിച്ചു്  കൂടുതൽ നിയമങ്ങൾ. തന്റെ ജനം വിശുദ്ധരായിരിക്കണം എന്ന ദൈവ തിരുഹിതമാണു്  ലേവ്യ പുസ്തകത്തിന്റെ കാതൽ. സ്‍ത്രീ-പുരുഷ ബന്ധങ്ങൾ, ധാർമ്മികത, പ്രായശ്ചിത്തം, വിശുദ്ധ ദിനങ്ങൾ, ആചരണങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾ. ഇവയെല്ലാം വാസ്‍തവത്തിൽ ദൈവത്തിന്റെ ജനം ദൈവത്തിന്റെ വിശുദ്ധിയിൽ പങ്കു ചേരുന്നതിന്നു വേണ്ടിയായിരുന്നു.

ഓരോ പുസ്‍തകവും മുഴുവനുമായി ശ്രവിക്കേണം

വായിക്കുവാനല്ല മറിച്ചു്  വായിച്ചു കേൾപ്പിക്കപ്പെടുവാനാണു്  തിരുവെഴുത്തുകൾ എഴുതപ്പെട്ടതു്  എന്നു പറയുന്നതിൽ തെറ്റില്ല. ഇന്നു്  സൎവ്വസാധാരണമായ മൊബൈൽ ഫോണും അതിന്റെ ശബ്ദതരംഗങ്ങൾ നേരിട്ടു്  ചെവിക്കുള്ളിലേക്കു്  പകൎന്നു തരുന്ന വിവിധ തരത്തിലുള്ള സാമഗ്രികളും നമ്മുടെയെല്ലാം കൈവശമുണ്ടു്. അതിലൂടെ നൈമിഷീക സുഖം തരുന്ന തമാശകളും പാട്ടുകളും മാത്രമല്ല തിരുവെഴുത്തുകളും ശ്രവിക്കുവാൻ സാധിക്കും. അപ്രകാരം അന്തരാത്മാവിനെ പോഷിപ്പിക്കുവാൻ നാം മനസ്സുവച്ചാൽ നമ്മിൽ ഒരു വലിയ വിപ്ലവം നാം സൃഷ്‍ടിക്കും.

ദൈവവചനം ശ്രവിക്കുന്നതു വഴി വേദപുസ്‍തകത്തിലെ ഒരു പുസ്‍തകം മുഴുവൻ ഒറ്റയിരുപ്പിൽ അകത്താക്കാൻ അനായാസം സാധിക്കും. അതാണതിന്റെ ഏറ്റവും വലിയ നേട്ടം. തനിച്ചിരുന്നു ശ്രവിക്കാം. അതല്ലെങ്കിൽ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ വായിക്കുകയും ശ്രവിക്കുകയും ചെയ്യാം.

ഒരു പുസ്‍തകം മുഴുവനും ഒറ്റയടിക്കു്  വായിച്ചു കേൾക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ വളരെയാണു്. വചനം നന്നായി മനസ്സിലാക്കുവാനുള്ള ആദ്യ പടിയാണിതു്. ഉദാഹരണത്തിനു തിമഥെയോസിന്റെ ഒന്നാം ലേഖനം ഓരോ അദ്ധ്യായം വച്ചു്  ആറു ദിവസം എടുത്തു്  വായിക്കുന്നതിനു പകരം ആറു അദ്ധ്യായങ്ങൾ ഒരുമിച്ചു്  വായിക്കൂ. അപ്രകാരം ആറു ദിവസം വായിച്ചു നോക്കൂ. ഒരു ചെറിയ കത്തു്  തവണകളായി വായിക്കേണ്ട ആവശ്യമുണ്ടോ?

ഒരു പ്രാവശ്യം വായിച്ചു കേട്ടാൽ പലതും ഓൎത്തിരിക്കുവാനോ ഗ്രഹിക്കുവാനോ സാധിച്ചില്ലെങ്കിൽ ഒരു കുഴപ്പവും ഇല്ല. വീണ്ടും ഒരു പ്രാവശ്യം കൂടി വായിച്ചാൽ പോരെ? ഒരു വലിയ പുസ്തകമാണെങ്കിൽ വായിക്കുവാൻ രണ്ടോ മൂന്നോ മണിക്കൂറെടുക്കും. നിങ്ങളുടെ സുഹൃത്തു്  ഒരു പുസ്‍തകം ദിവസവും ഓരോ അദ്ധ്യായം വച്ചു്  വായിച്ചു്  ഒരു മാസം കൊണ്ടു്  അതു്  വായിച്ചു തീൎക്കുമ്പോഴേക്കും നിങ്ങൾക്കു്  എത്രയോ തവണ ആ പുസ്‍തകം ശ്രവിക്കുവാൻ സാധിക്കും!

ഓരോ തവണ പുസ്‍തകം മുഴുവൻ ശ്രദ്ധയോടെ ശ്രവിക്കുന്നതിലൂടെ ലഭിക്കുന്ന പ്രയോജനം ചില്ലറയല്ല. ദൈവവചനം ബൈബിളിന്റെ താളുകളില്ലല്ല മറിച്ചു്  നമ്മിലും വസിക്കും. ദൈനംദിന ജോലികളിൽ നാം ഏൎപ്പെടുമ്പോൾ വചനം നമ്മുടെ അന്തരംഗത്തിൽ തിളച്ചുകൊണ്ടിരിക്കും. ഒരൽപ്പ സമയം നമ്മുക്കു്  ലഭിച്ചാൽ നമ്മുടെ ചിന്തകൾ വചനത്തിലേക്കു്  തിരിയും. വചനം നമ്മുടെ ധ്യാനമാകും. നമ്മുടെ ധ്യാനത്തിൽ നിന്നു സ്‍തുതിയും ആരാധനയും പ്രാൎത്ഥനകളും ഉയരും. മറ്റുള്ളവരുമായി ലൌകീക സംഭാഷണങ്ങള്‍ നടത്തുന്നതിലുപരി വചനം പങ്ക് വയ്‍ക്കുവാൻ നാം താത്പര്യപ്പെടും

ദൈവവചനം ശ്രവിക്കുന്നതു മൂലം മറ്റു പ്രധാന നേട്ടങ്ങളും ഉണ്ടു്. നമ്മൾ ഒരു വേദഭാഗം ശ്രവിക്കുമ്പോൾ ഒരു നിമിഷം കേൾക്കുന്ന വചനങ്ങളും തൊട്ടടുത്ത നിമിഷം കേൾക്കുന്ന വചനങ്ങളും തമ്മിൽ കോൎത്തിണക്കുവാനും അവ തമ്മിലുള്ള ബന്ധം കണ്ടു പിടിക്കുവാനും നാം നിർബന്ധിതരാകുന്നു. വിവിധ ഭാഗങ്ങൾ തമ്മിലുള്ള ബന്ധം തിരിച്ചറിയാൻ നമ്മുടെ മനസ്സ്  ശ്രമിക്കുന്നു. ഈ പ്രക്രിയ തുടരുന്നുതു കൊണ്ടാണു്  നാം കേൾക്കുന്ന വിവിധ ആശയങ്ങൾ തമ്മിൽ കൂട്ടി യോജിപ്പിക്കുവാൻ നമ്മുക്കു്  സാധിക്കുന്നതു്. അപ്രകാരം ആശയങ്ങളുടെ ഒരു വലിയ ശൃംഘല നമ്മുടെ മനസ്സിൽ രൂപം കൊള്ളും. തൽഫലമായി, ഗ്രന്ഥകൎത്താവിന്റെ പ്രാധാന ചിന്താധാര നമ്മുടെ മനസ്സിൽ പതിയും.

ആ പ്രധാന ചിന്താധാരയിൽ നിന്നു രചയിതാവു്  വ്യതിചലിച്ചാൽ നാം അതു്  ഉടൻ തിരിച്ചറിയും. വേറെ ഏതെല്ലാം ചെറു വഴികളിലൂടെ ആ ഗ്രന്ഥകൎത്താവു്  നമ്മേ കൂട്ടിക്കൊണ്ടു പോയാലും നാം അതു വഴിയെല്ലാം അദ്ദേഹത്തോടൊപ്പം സഞ്ചരിക്കും. പക്ഷേ പ്രധാന ചിന്താധാരയിലേക്കു്  എഴുത്തുകാരൻ തിരിച്ചെത്തുമ്പോൾ നാം അതും തിരിച്ചറിയും.

പുസ്തകം മുഴുവൻ ഒരേ ഇരുപ്പിൽ ഇരുന്നു വായിക്കുവാനോ ശ്രവിക്കുവാനോ ശ്രമിച്ചാലേ ഇതെല്ലാം സാധ്യമാകൂ. ഇതിനെല്ലാം ഒരൽപ്പം ക്ഷമയും പരിശീലനവും ആവശ്യമാണു്. അതിനു്  നാം മുതിൎന്നില്ലെങ്കിൽ മിക്ക ക്രൈസ്‍തവരും ചെയ്യുന്നതു പോലെ ഏതെങ്കിലും അറ്റവും മൂലയും എടുത്തു്  പെരുപ്പിച്ചു കാണിച്ചു ഗ്രന്ഥത്തോടും ഗ്രന്ഥകൎത്താവിനോടും നീതിപുലൎത്താതെ “ശുശ്രൂഷ” നടത്തും.

ഒരു പക്ഷേ വേദപുസ്തകം ശ്രവിക്കുന്നതിന്റെ ഏറ്റവും മികച്ച പ്രയോജനം ഇതാണ്: നമ്മുടെ മനസ്സു്  ഒരു അരിപ്പ പോലെ പ്രവർത്തിക്കുന്നു. കേൾക്കുന്നതിന്റെ ഭൂരിഭാഗവും അതിൽ തങ്ങാതെ ഒഴുകി പോകും. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട സംഗതികൾ ഈ അരിപ്പയിൽ തങ്ങും. എന്തു കൊണ്ടു് ? ആവർത്തിക്കപ്പെടുന്ന ആശയങ്ങളും വാക്കുകളും പ്രധാനപ്പെട്ടവയാണു്  എന്നു്  നമ്മുടെ മനസ്സു്  തിരിച്ചറിയും. അവയെ നാം മുറുകെ പിടിക്കുകയും ചെയ്യും.

ബൈബിൾ രചിച്ചവൎക്കു്  ഈ യാഥാൎത്ഥ്യം അറിയാമായിരുന്നു. തങ്ങളുടെ രചനകൾ ഭൂരിഭാഗം ജനങ്ങളും നേരിട്ടു്  വായിക്കുന്നതിനു പകരം അവ ശ്രവിക്കപ്പെടും എന്നു അറിഞ്ഞുകൊണ്ടു്  പ്രധാനപ്പെട്ട ആശയങ്ങൾ കേൾവിക്കാരുടെ മനസ്സിൽ തങ്ങാൻ നിരവധി ഉപാധികൾ അവർ പ്രയോഗിച്ചു. ആശയങ്ങളുടെയും വാക്കുകളുടെയും ആവൎത്തനം അവയിൽ ഒന്നാണു്. വചനം നന്നായി ശ്രവിക്കുന്നവർ ആവൎത്തിക്കപ്പെടുന്ന പ്രധാന ചിന്തകൾ തിരിച്ചറിയും.

ദിവസവും ഒരു അദ്ധ്യായത്തിൽ കൂടുതൽ വായിച്ചാൽ ദഹനക്കേടു്  അനുഭവിക്കുന്നവർ ഈ ആവൎത്തനങ്ങൾ ഒന്നും കണ്ടെന്നു വരില്ല. ഉദാഹരണത്തിനു, “സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം,” “സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം,” എന്നിങ്ങനെ അടുപ്പിച്ചടുപ്പിച്ചു വരുന്ന ആവൎത്തനങ്ങൾ ആരായാലും ശ്രദ്ധിക്കും. എന്നാൽ ഉത്പത്തിയിലെ ആവൎത്തിക്കപ്പെടുന്ന മറ്റു സംഗതികൾ അവർ ശ്രദ്ധിക്കില്ല.

മലയാള സാഹിത്യം മറ്റു ഭാഷകളിലേക്കു്  മൊഴിമാറ്റം ചെയ്യപ്പെടുമ്പോൾ നഷ്‍ടമാകുന്ന പലതുമുണ്ടു്. ഗദ്യത്തിലും പദ്യത്തിലും അടങ്ങിയിരിക്കുന്ന പ്രാസങ്ങളും ശബ്ദമാധുര്യവും മറ്റു ഭാഷകളിൽ പുനഃസൃഷ്ടിക്കുക സാധ്യമാണോ? മൂലഭാഷകളിൽ ദൈവവചനം ശ്രവിക്കുന്നിന്റെ മാഹാത്മ്യം ഇവിടെയാണു്  നാം കാണുന്നതു്. ആ ഭാഷകളിൽ ആവൎത്തിക്കപ്പെടുന്ന ശബ്‍ദങ്ങളും പ്രാസങ്ങളും മലയാളത്തിൽ നമ്മുക്കു്  കേൾക്കുവാൻ സാധ്യമല്ല. നൂറ്റിപ്പത്തൊൻപതാം സങ്കീൎത്തനത്തിന്റെ ഓരോ ചരണത്തിലും അടങ്ങിയിട്ടുള്ള വരികൾ ഒരേ ഏബ്രായ അക്ഷരത്തിലാണു്  ആരംഭിക്കുന്നതു്.

ഇതു പോലെ അനേക ഉദാഹരണങ്ങളുണ്ടു്. “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു നാം ഇന്നു വായിക്കുമ്പോൾ അഥവാ ശ്രവിക്കുമ്പോൾ അതിലെന്തെങ്കിലും അസ്വഭാവികത ആരും കാണുന്നില്ല, കേൾക്കുന്നില്ല. പക്ഷേ അതേ അദ്ധ്യായത്തിൽ നാം ഇപ്രകാരം കാണുന്നു.

യെഹൂദന്മാർ അവനോടു:
നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.
യേശു അവരോടു:
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു എന്നു പറഞ്ഞു.
അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു …

ഇതു്  കേട്ടിട്ടു്  യേശുവിനെ എറിഞ്ഞു കൊല്ലുവാൻ യഹൂദർ എന്തുകൊണ്ടു ഭാവിച്ചു? “അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ” എന്ന പൂർത്തിയാക്കപ്പെടാത്ത (non-predicated) ഒരു വാചകമാണു്  യേശു പറഞ്ഞതു്. “ഞാനാകുന്നവൻ ഞാനാകുന്നു” എന്ന ദൈവ നാമമാണു്  യഹൂദർ അവിടെ കേട്ടതു്. ആ “ദൈവദൂഷണ”ത്തിനാണു്  അവർ യേശുവിനെ വധിക്കാൻ ഒരുങ്ങിയതു്.

മൂല ഭാഷകൾ അറിഞ്ഞില്ലെങ്കിലും മലയാളം ബൈബിളെങ്കിലും നാം നന്നായി ഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു. കുറെ കഥകളും ഒത്തുവാക്യങ്ങളും “തെളിവു വാക്യങ്ങളും” അറിഞ്ഞാൽ പിന്നെ അതിനപ്പുറം ഒന്നുമില്ല എന്നു നാം ചിന്തിക്കരുതു്. ഭാഗീകമായല്ലേ നാം ഓരോ പുസ്‍തകവും വായിക്കുന്നതും ഗ്രഹിക്കുന്നതും? കൂടാതെ നല്ല ബൈബിൾ പരിഭാഷകൾ വായിക്കുവാൻ നമ്മിൽ പലർക്കും  താത്പര്യമില്ല. ഈ അവസ്ഥയ്‍ക്കു്  ഒരു മാറ്റം വരേണം.

“ഞാൻ ബൈബിൾ ഇത്ര തവണ വായിച്ചു” എന്നു്  പ്രശംസിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ടു്. എത്ര തവണ ബൈബിളിലെ ഒരു പുസ്‍തകം നാം വായിച്ചു അഥവാ ശ്രവിച്ചു എന്നതല്ല പ്രധാനം. ഓരോ പുസ്‍തകവും നമ്മിലൂടെ കടന്നു പോയോ? അവ നമ്മുടെ ഓൎമ്മയിലുണ്ടോ? പുസ്‍തകത്തിന്റെ ഘടനയും പ്രധാന സന്ദേശവും ചിന്താധാരയും നാം മനസ്സിലാക്കിയോ? അതിന്റെ സാരാംശം മറ്റൊരാൾക്കു്  പറഞ്ഞു കൊടുക്കുവാൻ നമ്മുക്കു്  സാധിക്കുമോ?

ജ‍ഡീകമായ പ്രശംസയല്ല ആവശ്യം. ദൈവവചനം ഐശ്വൎയ്യമായി സകല ജ്ഞാനത്തോടും കൂടെ നമ്മിൽ വസിക്കേണം. അൽപ്പ‍‍ജ്ഞാനം അപകടമാണു്.  ദൈവവചനം നാം അനുസരിക്കേണം. അതിന്നായി മറ്റെല്ലാ കാൎയ്യങ്ങളും ലോകത്തിന്റെ ശബ്ദ കോലാഹലങ്ങളും അകറ്റിയിട്ടു്  വചനത്തിന്റെ ശബ്ദധാരയിലേക്കു്  നമ്മുക്കിറങ്ങാം.

തിരുവെഴുത്തുകൾ ഉറക്കെ വായിക്കപ്പെടേണം

അച്ചടിയന്ത്രവും പുസ്‍തകങ്ങളും സൎവ്വസാധാരണമായതോടെ ദൈവവചനവുമായി നാം ഇടപഴുകുന്ന രീതിയും മാറി. എല്ലാ ദിവസവും വ്യക്തിപരമായി ബൈബിൾ വായിക്കുന്നതു്  യഥാൎത്ഥ ക്രിസ്തു ശിഷ്യന്റെ ഒരു ലക്ഷണമായി ഇന്നു്  കണക്കാക്കപ്പെടുന്നു. തനിച്ചിരുന്നു ബൈബിൾ വായിച്ചു്  ധ്യാനിച്ചാൽ മതി എന്നു്  പലരും പഠിപ്പിക്കുന്നു. ആ വായനയ്‍ക്കു സഹായകരമായ വേദവായന പദ്ധതികളും കാൎഡുകളും നിൎമ്മിക്കപ്പെടുന്നു. വൎഷത്തിൽ ഒരു തവണ മുതൽ നാലു തവണ വരെ ബൈബിൾ വായിക്കുവാൻ നമ്മെ സഹായിക്കുന്ന വേദവായന പദ്ധതികൾ ഇന്നു്  ലഭ്യമാണു്.

ദിവസേന ഒന്നോ രണ്ടോ അദ്ധ്യായത്തിൽ കൂടുതൽ ക്രൈസ്‍തവർ മിക്കവരും വായിക്കാറില്ല. അതു തന്നെ വലിയ കാൎയ്യമായാണു്  കണക്കാക്കപ്പെടുന്നതു്. ചിലർ പഴയ നിയമത്തിൽ നിന്നും പുതിയ നിയമത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വേദഭാഗങ്ങൾ ദൈനംദിനം വായിക്കുന്നു. അവയോടൊപ്പം ഒരു സങ്കീൎത്തനവും സദൃശ്യവാക്യത്തിലെ ഒരദ്ധ്യായവും കൂട്ടിയാൽ “സമീകൃത ആഹരം” ആയി എന്ന മിഥ്യാധാരണയും നിലവിലുണ്ടു്. നേരേ മറിച്ചു്  വേദ പണ്ഢിതന്മാർ നമ്മേ ഉപദേശിക്കുന്നതു്  ഇപ്രകാരമാണു്: അദ്ധ്യായങ്ങൾ അല്ല പുസ്‍തകങ്ങളാണു്  വായിക്കേണ്ടതു്.1

പഴയ നിയമ പുസ്‍തകങ്ങൾ എഴുതപ്പെട്ട കാലയളവിൽ യഹൂദർ തിരുവെഴുത്തുകൾ ശ്രവിക്കുമായിരുന്നു. വളരെ കുറച്ചു പേർ മാത്രമേ തിരുവെഴുത്തുകൾ സ്വയം വായിച്ചിരുന്നുള്ളൂ. എല്ലാവൎക്കും അക്ഷരാഭ്യാസം ഇല്ലായിരുന്നു. ശാസ്‍ത്രിമാർ തിരുവെഴുത്തുകളുടെ കൈയെഴുത്തു പ്രതികൾ നിൎമ്മിച്ചിരുന്നു. ജനങ്ങളെ ദൈവീക കാൎയ്യങ്ങളിൽ പ്രബൂദ്ധരാക്കുക എന്ന ഉത്തരവാദിത്തം പുരോഹിതന്മാരും ശാസ്‍ത്രിമാരും നിറവേറ്റിയിരുന്നു.

പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയ യഹൂദരുടെ ആത്മീക ഉണൎവ്വിന്റെ സമയത്തു്  എസ്രാ ശാസ്‍ത്രി ന്യായപ്രമാണം ജനത്തെ വായിച്ചു കേൾപ്പിച്ചു. പ്രത്യേകം നിൎമ്മിക്കപ്പെട്ട ഒരു പീഠത്തിൽ നിന്നു കൊണ്ടു്  അതിരാവിലെ മുതൽ ഉച്ചവരെ എസ്രാ വായിച്ചു. അതിനു ശേഷം അതിന്റെ അൎത്ഥം പറഞ്ഞു കൊടുത്തു. “അവർ ദൈവത്തിന്റെ ന്യായപ്രമാണ ഗ്രന്ഥത്തിൽ നിന്നു വായിച്ച്  ജനങ്ങൾക്കതു മനസ്സിലാകേണ്ടതിന്  വ്യാഖ്യാനിക്കുകയും അതിന്റെ അർഥം വിശദീകരിക്കുകയും ചെയ്തു.”2

ആദിമ സഭയിലെ എല്ലാ ക്രൈസ്‍തവരുടെയും പക്കൽ ഏബ്രായ തിരുവെഴുത്തു്  പ്രതികളോ അവയുടെ യവന ഭാഷയിലുള്ള തൎജ്ജുമയോ (Septuagint) ഇല്ലായിരുന്നു. സുവിശേഷങ്ങളുടെയും ലേഖനങ്ങളുടെയും കൈയെഴുത്തു്  പ്രതികൾ വിരളമായിരുന്നു. അവരുടെ യോഗങ്ങളിൽ ഇവ പരസ്യമായി വായിക്കപ്പെടുമായിരുന്നു. അതുകൊണ്ടാണു്  പരസ്യമായ തിരുവചന പാരായണത്തിലും പ്രബോധനത്തിലും ഉപദേശത്തിലും ശ്രദ്ധ ചെലുത്തേണം എന്നു്  പൗലുസ്  അപ്പൊസ്‍തലൻ തിമൊഥെയോസിനോടു്  ആജ്ഞാപിച്ചതു്.3 പല പള്ളികളിലും ആ പതിവു്  ഇന്നും തുടരുന്നു.

സുവിശേഷ വിഹിതരുടെ ഇടയിൽ പരസ്യമായ തിരുവചന പാരായണം കാണുന്നില്ല. എല്ലാവരും വീട്ടിലിരുന്നു്  തിരുവെഴുത്തുകൾ വായിക്കുന്നുണ്ടാവും എന്നു്  അവർ കരുതുന്നു. വചനം വായിച്ചു കേൾക്കുന്നതു്  ഒരു അനുഗ്രഹമാണു്.  എന്റെ അഭിപ്രായത്തിൽ ആ സൗഭാഗ്യം ആൎക്കും നാം നിഷേധിക്കരുതു്.  വായിക്കേണ്ടതു പോലെ ശ്രദ്ധയോടെ വചനം വായിച്ചു കേൾപ്പിച്ചാൽ അതു്  കേൾവിക്കാൎക്കു സൗഖ്യവും പ്രത്യാശയും ആശ്വാസവും പ്രോത്സാഹനവും ആകും.4 പ്രസംഗങ്ങളും പ്രഭാഷണങ്ങളും ആവശ്യമാണു്.  പക്ഷേ അവയിലും എത്രയോ വിലപ്പെട്ടതാണു്  പരസ്യമായ വചന പാരായണം!

ആരാധനാ യോഗങ്ങളുടെ ഒരു ചെറിയ ഭാഗം പരസ്യമായ വചന പാരായണത്തിന്നായി മാറ്റി വയ്‍ക്കുന്നതിനോടൊപ്പം ചില കൂടിവരവുകൾ വചന പാരായണത്തിന്നായി വേർതിരിക്കുന്നതു്  അത്യുത്തമമാണു്.  പരസ്യമായ പാരായണത്തിൽ ചിലൎക്കു പരിശീലനം നൽകിയാൽ വചനത്തിൽ നിന്നു ലഭിക്കേണ്ട പൂൎണ്ണ പ്രയോജനം സഭയ്‍ക്കു ലഭ്യമാകും.5 ചൈനയിലെ ബെയ്‍ജിങ്ങിലുള്ള ചോങ്വെൻമെൻ സഭ (Chongwenmen Church) നമ്മുക്കേവൎക്കും ഒരു മാതൃകയാണു്.

Public Reading of the Scriptures in Chongwenmen Church in Beijing

2016ൽ അവർ ബൈബിൾ വായിക്കുവാന്നായി മാത്രം ഒരു യോഗം ക്രമീകരിച്ചു. എണ്‍പതു്  മണിക്കൂറു കൊണ്ട്  അവർ ബൈബിൾ മുഴുവനും പരസ്യമായി വായിച്ചു. നൂറ്റിയെണ്‍പതു പേര്  വായിച്ചു സഹായിച്ചു. മുന്നൂറു പേരോളം അതു്  ശ്രവിച്ചു. ഇതു്  ആഗോള സഭയ്‍ക്കു ഒരു പ്രചോദനം ആകട്ടെ.6

ദൈവവചന വായനയിലും അദ്ധ്യയനത്തിലും കൂട്ടായ്‍മയുടെ പ്രാധാന്യം

സ്വതവേ വളൎന്നു പെരുകുന്ന സഭകളും (Organic churches) പേരും പത്രാസും സംഘടനയും ഒന്നുമില്ലാതെ ലളിതമായി നടത്തപ്പെടുന്ന സഭകളും (Simple Churches) ചെയ്യുന്ന ഒരു സംഗതിയുണ്ടു്. ആഴ്‍ചതോറും രണ്ടോ മൂന്നോ പേർ ഉൾപ്പെടുന്ന ചെറു കൂട്ടങ്ങളായി വിവിധ സ്ഥലങ്ങളിൽ വിശ്വാസികൾ കൂടി വരുന്നു. തമ്മിൽ തമ്മിൽ ആത്മീക വൎദ്ധന വരുത്തുക എന്നതാണു്  അവരുടെ പ്രധാന ലക്ഷ്യം. തിരുവെഴുത്തിലെ ഒരു ചെറുപുസ്‍തകമോ ഒരു വലിയ പുസ്‍തകത്തിലെ അനേക അദ്ധ്യായങ്ങളോ അവർ ഒരുമിച്ചു വായിക്കും. അതിന്റെ അൎത്ഥം മനസ്സിലാക്കുവാൻ അവർ ശ്രമിക്കും.

small group reading Bible

വചന പാരായണത്തിലും പഠനത്തിലും ഏൎപ്പെടുന്ന ഓരോ ചെറിയ കൂടിവരവുകളും തമ്മിൽ തമ്മിലുള്ള ആത്‍മീക വൎദ്ധനവിനു കാരണമാകും. ഒരു വിശ്വാസി വചനത്തിൽ കാണാത്തതു്  (അല്ലെങ്കിൽ കാണുവാൻ കൂട്ടാക്കാത്തതു് ) മറ്റൊരാൾ കാണുകയും എല്ലാവാരുടെയും ശ്രദ്ധയിൽ പെടുത്തുകയും ചെയ്യും.

മറ്റു ക്രൈസ്‍തവ സഭകളും ഈ മാതൃക പിൻപറ്റുന്നു. ഏകാന്ത വചന പഠനത്തിൽ നിന്നും കൂട്ടായ്‍മയിൽ അധിഷ്‍ഠതമായ വചന പഠനത്തിലേക്കു നീങ്ങുവാൻ അവരുടെ വിശ്വാസികളെ അവർ ഉത്സാഹിപ്പിക്കുന്നു.7 ഇതു്  ഒരു നല്ല കാൎയ്യമാണു്.  എന്തുകൊണ്ട് ? ഏകാന്തതയിൽ മാത്രം വചനം പഠിക്കുന്നവർ ചില കാരാഗ്രഹങ്ങളിൽ പെട്ടുപോകുന്നു എന്നു്  ജോൽ ബി. ഗ്രീൻ എഴുതിയതു് 8 വായിച്ചപ്പോൾ എനിക്കു തോന്നി. മൂന്നു തരത്തിലുള്ള കാരാഗ്രഹങ്ങളിലാണു്  ക്രൈസ്‍തവർ തങ്ങളെ തന്നെ ബന്ദികളാക്കുന്നതു്.

  1. ആത്മവഞ്ചനയുടെ തടവറ. ദൈവ വചനം വായിക്കുമ്പോൾ അതിൽ പറഞ്ഞിരിക്കുന്ന നല്ല കാൎയ്യങ്ങളെല്ലാം തങ്ങളെ കുറിച്ചാണെന്നും ന്യായവിധിപോലുള്ള കാൎയ്യങ്ങൾ തങ്ങളുടെ വിരോധികളെ കുറിച്ചാണു്  എന്നും മിക്ക ക്രൈസ്‍തവരും ചിന്തിക്കുന്നു. “ദുഷ്ടരുടെ പല്ലുകൾ തകർക്കണമേ” എന്നു വായിക്കുമ്പോൾ വായിക്കുന്നയാൾ തന്നെ ദൂഷ്‍ടൻ ആകാനുള്ള സാധ്യതയുണ്ടെന്നു ആരും ചിന്തിക്കുന്നില്ല. തെറ്റു ചെയ്‍തെന്നു ബോധ്യം ഉണ്ടെങ്കിലും തങ്ങളെ തന്നെ ന്യായീകരിക്കുവാൻ സഹായിക്കുന്ന വേദഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. നമ്മുടെ പാപങ്ങളെ അപലപിക്കുന്ന വാക്യങ്ങൾ നാം തള്ളിക്കളയുന്നു.

    പരിഹാരം: മറ്റു വിശ്വാസികളുടെ കൂടെയിരുന്നു വചനം വായിക്കുകയും പഠിക്കുകയും ചെയ്യുക. നാം അവഗണിക്കുന്ന വേദഭാഗങ്ങൾ അവരും അവഗണിക്കുവാനുള്ള സാധ്യത കുറവാണു്.  കൂടാതെ നമ്മുടെ ആത്മീക അന്ധത നിമിത്തം നാം കാണാതെ പോകുന്ന സംഗതികൾ മറ്റുള്ളവർ കാണുകയും നമ്മുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യും.

  2. അജ്ഞതയുടെയും അഹങ്കാരത്തിന്റെയും തടവറ. നാമെല്ലാവരും സ്വാൎത്ഥരും ദുരഭിമാനികളുമാണു്. ബൈബിൾ വായിച്ചു്  അതിൽനിന്നു എന്തെങ്കിലും നാം മനസ്സിലാക്കിയാൽ ആ സംഗതി ആദ്യം കണ്ടുപിടിച്ചതു്  നമ്മളാണെന്ന്  നമുക്ക്  തോന്നിയേക്കാം. നമുക്ക്  മുമ്പ്  ജീവിച്ചിരുന്ന ക്രിസ്ത്യാനികളെയോ ക്രിസ്തുവിൽ നമുക്ക്  മുന്നിൽ നടക്കുന്ന സഹവിശ്വാസികളെയോ നാം ഓൎക്കാറില്ല.
    പലരും തങ്ങളെ തന്നെ ആദിമ സഭയുമായി നേരിട്ടു്  ബന്ധിപ്പിച്ചിരിക്കുകയാണു്.  അതായതു്,  ആദിമ സഭയ്‍ക്കും തങ്ങൾക്കും ഇടയിൽ വേറെ ഒരു വിശ്വാസിയോ സഭയോ ഇല്ലായിരുന്നു എന്ന രീതിയിലാണു്  അവരുടെ സംസാരവും പെരുമാറ്റവും. “ഞാൻ കൎത്താവിൽനിന്നു പ്രാപിക്കയും നിങ്ങൾക്കേൽപ്പിക്കുകയും ചെയ്‍തതു്  എന്തെന്നാൽ …” എന്നു്  പൗലുസ്  എഴുതിയതു്  അവരുടെ സഭയെ കുറിച്ചാണു്  എന്ന മട്ടിലാണു്  നടപ്പു്.  ആദിമ സഭയിൽ ദൈവം പ്രവൎത്തിച്ചതിനു ശേഷം ഈ നൂറ്റാണ്ടിലോണോ ദൈവം വിണ്ടും പ്രവൎത്തിച്ചു തുടങ്ങിയതു് ?

    പരിഹാരം: ക്രൈസ്‍തവ സഭയുടെ ചരിത്രം (History of Christianity) നാം എല്ലാവരും വായിക്കേണം. അതോടൊപ്പം ഉപദേശങ്ങളുടെ ചരിത്രവും. നാം വിശ്വസിക്കുന്ന ഓരോ ഉപദേശത്തിനും ഒരു ചരിത്രമുണ്ടു്.  നൂറ്റാണ്ടുകളായി അവയ്‍ക്കു വ്യതിയാനം സംഭവിച്ചിട്ടുണ്ടു്.  ഉപദേശങ്ങളുടെ പരിണാമത്തെ കുറിച്ചുള്ള പഠനത്തെയാണു്  Historical Theology എന്നു അറിയപ്പെടുന്നതു്.  അതും വായിക്കേണം. 1900 വൎഷങ്ങളിൽ എഴുതപ്പെട്ട ക്രൈസ്‍തവ പുസ്‍തകങ്ങളെയും വേദവ്യാഖ്യാന ഗ്രന്ഥങ്ങളെയും പരിചയപ്പെടേണം. നമ്മുക്കു്  മുമ്പേ പോയ വിശ്വാസികളുടെ വേദശാസ്‍ത്രപരമായ സംഭാവനകളുടെ വെളിച്ചത്തിൽ നാം വചനം വായിക്കുകയും പഠിക്കുകയും ചെയ്‍താൽ കുറച്ചു്  എളിമ പഠിക്കുവാൻ ഇടയാകും. ഇതും കൂട്ടായ്‍മയിൽ അധിഷ്‍ഠതമായ വചന പഠനമാണു്. മണ്‍മറഞ്ഞുപോയ വിശുദ്ധന്മാരുമായുള്ള കൂട്ടായ്‍മ. നേരിട്ടു്  അവരുമായി കൂട്ടായ്‍മ സാധ്യമല്ല. എങ്കിലും അവരുടെ കൃതികളിലൂടെ നാം അവരെ അറിയുവാൻ ഇടവരുന്നു.

  3. നമ്മുടെ സഭാവിഭാഗത്തിന്റെ തടവറ. നാം ആരുമായാണു്  സമയം ചിലവഴിക്കുവാൻ താത്പര്യപ്പെടുന്നതു് ? നമ്മുടെ ഭാഷ സംസാരിക്കുകയും നമ്മുടെ രീതികൾ (സംസ്‍കാരം) പിന്തുടരുകയും ചെയ്യുന്നവരെ നാം ഇഷ്‍ടപ്പെടുന്നു. വിശ്വാസത്തിന്റെ കാൎയ്യത്തിലും നാം അപ്രകാരം തന്നെ. തങ്ങളുടെ സഭാവിഭാഗത്തിൽ പെട്ടവരും തങ്ങൾ ചിന്തിക്കുന്നതു പോലെ ചിന്തിക്കുന്നവരും ഉൾപ്പെടുന്ന ഒരു ചെറു സമൂഹത്തിനപ്പുറത്തേക്കു്  പോകുവാൻ പലരും ഇഷ്‍ടപ്പൊറില്ല. നമ്മുടെ സഭാവിഭാഗത്തിന്റെ മതിൽകെട്ടിനുള്ളിൽ നമ്മുടെ ശബ്ദം തന്നെ മറ്റുള്ളവരിൽ നിന്നു നാം കേൾക്കുന്നു. നമ്മുടെ അഭിപ്രായം തന്നെ പല തവണ ആ മതിലുകളിൽ പ്രതിഫലിച്ചു്  നമ്മിലേക്കു്  തിരിച്ചു വരുന്നു. നമ്മുടെ ശബ്‍ദം തന്നെ കേട്ടുകൊണ്ടിരിക്കുവാൻ എത്ര സുഖമാണു്. സ്വരചേൎച്ചയല്ലാതെ മറ്റൊന്നും അവിടെ ഇല്ല. പക്ഷേ ആ മതിൽകെട്ടിനകത്തു്  നാം അത്യാവശ്യമായി കേട്ടിരിക്കേണ്ട പലതും കേൾക്കുവാൻ ഒരു സാധ്യതയുമില്ല.

    പരിഹാരം: ഈ തടവറയിൽ നിന്നു പുറത്തു വരേണമെങ്കിൽ മറ്റു സഭകളിലും കൂട്ടായ്‍മകളിലും രാജ്യങ്ങളിലുമുള്ള ക്രൈസ്‍തവരുമായി നാം ബന്ധപ്പെടേണം. നമ്മിൽ നിന്ന്  വ്യത്യസ്‍തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്കു്  നമ്മുടെ ഹൃദയത്തിൽ ആതിഥ്യം അരുളേണം. അവരോടൊത്തു്  വചനം പഠിക്കേണം. അവരുടെ ദൃഷ്‍ടിയിലൂടെയും വചന സത്യങ്ങൾ നോക്കി കാണുവാൻ ശ്രമിക്കേണം. അങ്ങനെ ചെയ്‍താൽ നമ്മുടെ കാഴ്‍ച്ചപാടുകളുടെ അതിരുകൾ വിശാലമാകും.

ഉപസംഹാരം

ചരിത്രത്തിലെ മറ്റേതൊരു സമയത്തേക്കാളും കൂടുതൽ ഭാഷകളിലും ശൈലികളിലും ബൈബിൾ ഇപ്പോൾ ലഭ്യമാണ്. അനായാസമായി അതിരുകൾ ഭേദിക്കുന്ന ദൈവവചനത്തിന്റെ വ്യാപനം തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല. എന്നിരുന്നാലും, ഓരോ പുതിയ ദിവസവും ഈ പുസ്‍തകം വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. അതു്  വായിക്കുന്നവരുടെ അവസ്ഥയോ? പുസ്തകങ്ങളും ലേഖനങ്ങളും ഒറ്റയിരിപ്പിൽ വായിക്കുന്നതിനു പകരും വളരെ പിശുക്കി അൽപ്പാൽപ്പമായി സേവിക്കുന്നു. പലയിടങ്ങളിൽ നിന്നും അറ്റവും മുറിയും വായിക്കുന്നതുകൊണ്ടു്  നമ്മോടുള്ള ദൈവത്തിന്റെ സന്ദേശത്തെക്കുറിച്ചു വികലമായ ധാരണ മാത്രം നമ്മുക്കു്  ലഭിക്കുന്നും.
ഫോണിലൂടെ ബൈബിൾ ശ്രവിക്കുവാൻ കഴിയുന്നവർ പുസ്‌തകങ്ങൾ ഓരോന്നായി ശ്രവിക്കുവാൻ തങ്ങളെത്തന്നെ സമർപ്പിക്കേണം. തുടക്കത്തിൽ ഒരു ചെറിയ പുസ്തകം മുഴുവനും ഒറ്റയിരിപ്പിൽ ശ്രവിക്കുക. ഇതു കൂടാതെ കുടുംബത്തോടൊപ്പമോ പള്ളിയിലോ അയൽപക്കത്തിലോ ഒരുമിച്ചിരുന്നു ബൈബിൾ വായിക്കാനുള്ള വഴികൾ കണ്ടെത്തേണം. പ്രാർത്ഥനാ യോഗങ്ങൾ ഉള്ളതു പോലെ, ബൈബിൾ ശ്രവിക്കാൻ മാത്രമായി യോഗങ്ങൾ ഉണ്ടാകട്ടെ എന്നു്  ആശിക്കുന്നു. മണിക്കുൂറുകളോളം സാമൂഹിക മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്ന നമ്മുടെ ചെറുപ്പക്കാരും പ്രായമായവരും ദൈവ വചനത്തിൽ ആനന്ദം കണ്ടെത്തുവാൻ ഇടയാകട്ടെ.

 

ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും
പാപികളുടെ പാതയിൽ നിൽക്കാതെയും
പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും
ജീവിക്കുന്നവർ അനുഗൃഹീതർ.

അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു;
അവിടത്തെ ന്യായപ്രമാണം
അവർ രാപകൽ ധ്യാനിക്കുന്നു.
നീർച്ചാലുകൾക്കരികെ നട്ടതും
അതിന്റെ സമയത്തു ഫലം നൽകുന്നതും
ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണവർ—
അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു.9


  1. Gordon D. Fee, Douglas K. Stuart, How to Read the Bible Book by Book: A Guided Tour. Zondervan, 2002.↩︎

  2. എസ്രാ 8:1-8.↩︎

  3. “ഞാൻ വരുന്നതുവരെ പരസ്യമായ തിരുവചനപാരായണത്തിലും പ്രബോധനത്തിലും ഉപദേശത്തിലും ശ്രദ്ധചെലുത്തുക.” — 1 തിമോ. 4:13 സമകാലിക മലയാള വിവർത്തനം.↩︎

  4. Please read these excellent articles:
    a. “Some Best Practices for Public Reading of Scripture” by Erik Raymond, February 4, 2020 on The Gospel Coalition Blog.
    b. Shara Drimalla & BibleProject Team, What Happens When We Read the Bible Together? Experiencing Scripture’s Design for Public Reading .↩︎

  5. Derek Bigg, “Public Bible Reading: A Neglected Gift of Grace”↩︎

  6. “On Oct 10, Chongwenmen Church held the ‘light of life-80-hour bible reading’ event. 180 people led the reading, and 300 followed. … This event was meant for helping believers to deepen their bond with God by reading his words.” Source accessed on March 29, 2023.↩︎

  7. The Institute For Bible Reading offers 5 Tips for Reading the Bible in Community↩︎

  8. Joel B. Green and Micheal Pasquarello III, Narrative Reading Narrative Preaching, Grand Rapids: Baker Academic, 2012.↩︎

  9. സങ്കീൎത്തനം 1, സമകാലിക മലയാള വിവർത്തനം.↩︎

 

 


ലേഖകനെ കുറിച്ച് …

പരിസ്ഥിതി ശാസ്‍ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫിലിപ്പ് ഈപ്പൻ ഗവേഷണ വിദ്യാൎത്ഥിയായിരിക്കുമ്പോൾ യേശു ക്രിസ്‍തുവിന്റെ സദ്വൎത്തമാനം മറ്റുള്ളവരോടു് പങ്കുവക്കുന്ന ദൗത്യത്തിനായി തന്റെ ജീവിതം സമൎപ്പിച്ചു. മറ്റേതിനാക്കാളും ലോകത്തിനു് യേശു ക്രിസ്‍തുവിനെയാണ് ആവശ്യം എന്ന ബോധ്യം തന്നെ ഭരിച്ചതുകൊണ്ടാണു് അപ്രകാരം ചെയ്‍തതു്. ആ ദൗത്യം നിറവേറ്റുന്നതിനോടൊപ്പം ബൈബിൾ പഠിക്കുവാൻ ക്രിസ്‍തു ശിഷ്യരെ സഹായിച്ചു പോരുന്നു. വായനാക്കാരുടെ സംഭാവനകൾ തന്റെ പ്രവൎത്തനങ്ങൾക്കു് സഹായകരമാണു്. ഡോ. ജെസ്സിമോളാണു് ഭാൎയ്യ. അവൎക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയിമുണ്ടു്.

Mar 25, 2023

 

Tweet

 

Twitter YouTube PayTM PayPal

 

BACK |  TOP |  INDEX |  HOME
ABOUT |  CONTACT |  SUPPORT |  SITE MAP |