നാം ഇന്നു പ്രസംഗിക്കുന്നതു് അപ്പൊസ്‍തലന്മാർ പ്രസംഗിച്ച ദൈവരാജ്യത്തിന്റെ സുവിശേഷമോ?

ഒരു തുറന്ന കത്തു്

ഫിലിപ്പ് ഈപ്പൻ

പെന്തക്കൊസ്‍തു നാളിൽ പത്രോസ് പ്രസംഗിച്ച പ്രസംഗത്തിന്റെ ആദ്യ ഭാഗവും അവസാന ഭാഗവും മാത്രമേ പെന്തക്കൊസ്തുകാർ വായിക്കാറുള്ളൂ. അതു മൂലം നമ്മുക്കുണ്ടായിരിക്കുന്ന നഷ്ടം ചെറുതല്ല. അപ്പൊസ്തൊലിക സുവിശേഷത്തിന്റെ കാതലാണ് നാം നഷ്ടപ്പെടുത്തിയതു്.


ബഹുമാനപ്പെട്ട പാസ്റ്റർ അറിയുന്നതിനു, കൎത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ വന്ദനം!

മനോരമയിലെ (ഞായർ 20/2/2022) പരസ്യം വായിച്ചു. യേശു ക്രിസ്തുവിന്റെ സുവിശേഷം മലയാളികളെ അറിയിക്കുവാനുള്ള പാസ്റ്ററുടെ സന്മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു.

ഈ പരസ്യം കണ്ടപ്പോൾ ഞാൻ ഒരേ സമയത്തു് സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്തു. ‘സുവിശേഷം അറിയിക്കുന്നില്ലെങ്കിൽ എനിക്കയ്യോ കഷ്ടം’ എന്നു പറഞ്ഞ പൗലുസിനെ പോലെ അങ്ങു് ദൈവ സ്നേഹത്താൽ നിർബന്ധിക്കപ്പെട്ടതിൽ ഞാൻ സന്തോഷിക്കുന്നു. എങ്കിലും പത്രപരസ്യത്തിലൂടെയുള്ള സുവിശേഷ ഘോഷണം എത്രത്തോളം ഫലവത്താണ് എന്നു് ചിന്തിക്കാതെ വയ്യ.

ദൃശ്യമാധ്യമങ്ങളുടെ ഈ യുഗത്തിൽ എത്ര പേർ ഈ പരസ്യം വായിച്ചുകാണും എന്നു പറയുവാൻ ബുദ്ധിമുട്ടാണ്. പരസ്യം അച്ചടിക്കായി തയ്യാറാക്കിയവരുടെ ഭാഗത്തു് ചില വീഴ്ചകൾ വന്നിട്ടുണ്ട് എന്നു് തിരിച്ചറിവാൻ പ്രയാസമില്ല. അര പേജിൽ ആയിരത്തി അഞ്ഞൂറിൽ പരം വാക്കുകൾ! അതും വീതി കുറഞ്ഞ, കനം കുറഞ്ഞ ചെറിയ അക്ഷര കൂട്ട് ഉപയോഗിച്ചുള്ള പരസ്യം. വാൎത്ത അച്ചടിക്കുവാൻ പോലും പത്രങ്ങൾ ഇതുപോലുള്ള അക്ഷരങ്ങൾ ഇന്നു് ഉപയോഗിക്കാറില്ല.

വിശ്വാസികൾ അല്ലാത്ത പലരും ഒറ്റ നോട്ടത്തിൽ തന്നെ ഈ പരസ്യത്തെ അവഗണിച്ചു താളുകൾ മറിച്ചു കാണും. കൗതുകം കൊണ്ടു് അതു് ശ്രദ്ധിച്ചവർ പരസ്യം മുഴുവൻ വായിച്ചു കാണുമോ? ആദ്യത്തെ രണ്ടു ഖണ്ഡികകൾ പൊതുജനത്തിനു മനസ്സിലാകുന്ന ഭാഷയിലായതു കൊണ്ടു് പലരും വായിച്ചു കാണും. അക്രൈസ്തവരായ പലരും അതിനപ്പുറത്തേക്കു് വായിച്ചു കാണില്ല കാരണം അങ്ങു് ഉപയോഗിച്ചിരിക്കുന്ന വേദശാസ്ത്രപരമായ വാക്കുകളുടെ അൎത്ഥം സാധാരണ ക്രിസ്ത്യാനികൾ പോലും തിരിച്ചറിയാൻ സാധ്യതയില്ല. മാത്രമല്ല, പഴയ മലയാളം ബൈബിളിലെ വാക്യങ്ങളുടെ അനേക ശ്രിംഘലകൾ ഈ ലോഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ബൈബിൾ ഒരിക്കൽ പോലും വായിക്കാത്തവർ അവ ഗ്രഹിക്കാൻ സാധ്യതയില്ല. വിശ്വാസികൾക്കു മാത്രം മനസ്സിലാകുന്ന ഭാഷ ഉപയോഗിച്ചു പത്ര പരസ്യം കൊടുത്തിട്ടു് പ്രയോജനമില്ല.

അവസാനത്തെ ഖണ്ഡിക ആരംഭിക്കുന്നതു് ഈ ചോദ്യത്തോടെയാണ് : “എന്തുകൊണ്ട് യേശുവിനെ ദൈവമായി വിശ്വസിക്കേണം?” ഒരു പക്ഷേ ഈ പരസ്യത്തിന്റെ തലക്കെട്ടായി വരേണ്ടിയിരുന്നതു് ഈ ചോദ്യമായിരുന്നു. ആ ചോദ്യത്തിനു നല്ല ഒരു മറുപടി ഈ പരസ്യത്തിലൂടെ അങ്ങു് കൊടുത്തിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചുപോയി. യേശുവിന്റെ പ്രത്യേകതകളെ കുറിച്ചു് സുവ്യക്തമായി പ്രതിപാദിക്കുന്ന ഏതു് ലേഖനവും ഏതൊരു നിരീശ്വരവാദിയും സുവിശേഷ വിരോധിയും വായിച്ചുപോകും. പക്ഷേ ആ സുപ്രധാന കാൎയ്യത്തിൽ ഈ പരസ്യം പരാജയപ്പെട്ടു. ഒരു കാൎയ്യം നന്നായി ചെയ്യുന്നതിനു പകരം ഒരുപാടു് വിഷയങ്ങൽ അപൂൎണ്ണമായും അവ്യക്തമായും അവതരിപ്പിച്ചു.

എങ്ങനെ സുവിശേഷം അറിയക്കരുത് എന്നതിനു് ഈ പരസ്യം ഒരു ഉദാഹരണമായി തീൎന്നു എന്നു ചിന്തിക്കുമ്പോൾ എനിക്കു ദുഃഖമുണ്ടു്. പക്ഷേ, ജനം അതു് വായിച്ചാലും ഇല്ലെങ്കിലും, വായിച്ചതു് അവർ മനസ്സിലാക്കിയാലും ഇല്ലെങ്കിലും യേശുവിനെ കുറിച്ചൊരു ചെറിയ വിവരണം മിക്ക വീടുകളിലും എത്തി എന്നതിൽ ഞാൻ സന്തോഷിക്കുന്നു.

ഇനി അങ്ങു് എഴുതിയ ചില സുപ്രധാന വിഷയങ്ങൾ വിലയിരുത്തുവാൻ ഞാൻ തുനിയട്ടെ. സുവിശേഷത്തിന്റെ കാതലിനെ ബാധിക്കുന്ന വിഷയങ്ങൾ ആയതു കൊണ്ടാണ് ഞാൻ ഇതിനു മുതിരുന്നതു്.

യേശുവിന്റെ ജനനം, ശുശ്രൂഷ, മരണം, പുനരുദ്ധാനം, സ്വൎഗ്ഗാരോഹണം, ന്യായവിധി എന്നിങ്ങനെ അനേക സംഭവങ്ങളെ കുറിച്ചു പ്രവചനങ്ങൾ ഏബ്രായ തിരുവെഴുത്തുകളിൽ കാണുവാൻ സാധിക്കും. യേശുവിനെ കുറിച്ചുള്ള രണ്ടു പ്രവചനങ്ങൾ നിവൃൎത്തിയായില്ല എന്നു അങ്ങു് പറയുന്നു. അവ ഈ രണ്ടു പ്രവചനങ്ങളാണെന്നു അങ്ങയുടെ കൃതിയിൽ നിന്നു മനസ്സിലാക്കാം.

  1. യേശുവിന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും എന്നുള്ള ദൈവീക വാഗ്ദത്തം
  2. യേശു ഇസ്രായേലിനു രാജാവായിരിക്കും എന്നുള്ള പ്രവചനം

എന്നാൽ ഈ രണ്ടു പ്രവചനങ്ങളും നിവൃൎത്തിയായി എന്നു അപ്പൊസ്തലനായ പത്രോസ് പെന്തക്കൊസ്തു നാളിൽ പ്രസംഗിച്ചു. പത്രോസിന്റെ പ്രസംഗത്തിന്റെ ആദ്യ ഭാഗവും അവസാന ഭാഗവും മാത്രമേ പെന്തക്കൊസ്തുകാർ വായിക്കാറുള്ളൂ. മൂവ്വായിരം യഹൂദരെ ക്രിസ്തുവിലേക്ക് ആകൎഷിച്ച ആ പ്രസംഗത്തിന്റെ കാതലായ ഭാഗത്തോടു നാം കാണിച്ച അവഗണന മൂലം നമ്മുക്കുണ്ടായിരിക്കുന്ന നഷ്ടം ചെറുതല്ല.

1. മ്ശിഹയായി (രാജാവായി) യേശുവിന്റെ സിംഹാസനാരോഹണം

യേശു മരിച്ചവരിൽ നിന്നു് ഉയിൎത്തെഴുന്നേറ്റിട്ടു് “കൎത്താവായും” “മ്ശിഹയായും” (രാജാവ്) സ്ഥാനമേറ്റു എന്നും അതിനാൽ ദാവീദിനോടുള്ള ദൈവത്തിന്റെ വാഗ്ദത്തം നിറവേറ്റപ്പെട്ടു എന്നും പത്രോസ് പെന്തക്കൊസ്‍തു നാളിൽ അവകാശപ്പെട്ടു! ദാവീദ് രാജാവിന്റെ ഒരു സന്തതി അവന്റെ സിംഹാസനത്തിൽ എന്നേക്കും വാഴും എന്നൊരു അത്യപൂൎവ്വമായ വാഗ്ദത്തം ദൈവം ദാവീദിനു നൽകിയിരുന്നു. അതു് നിറവേറി കാണുവാൻ യഹൂദർ കാത്തിരുന്നു.

ദാവീദിനോടുള്ള ദൈവീക വാഗ്ദത്ത നിവൃൎത്തിയുടെ ഭാഗമായാണ് യേശുവിനെ ദൈവം ഉയിർപ്പിച്ചതു്. യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ കുറിച്ചുള്ള ദാവീദിന്റെ പ്രവചനം പത്രോസ് തന്റെ പ്രസംഗത്തിൽ ഉദ്ധരിച്ചു.

“ദാവീദ് ഒരു പ്രവാചകൻ ആയിരുന്നു: തന്റെ സിംഹാസനത്തിൽ അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരുവനെ ഇരുത്തുമെന്ന് ദൈവം അദ്ദേഹത്തോടു് ആണയിട്ടു് ശപഥം ചെയ്ത കാര്യം ദാവീദിന് അറിയാമായിരുന്നു. ‘അദ്ദേഹത്തെ പാതാളത്തിൽ വിട്ടു കളഞ്ഞില്ല; അദ്ദേഹത്തിന്റെ ശരീരം ജീർണത കണ്ടതുമില്ല’ എന്നു ദാവീദ് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻ കൂട്ടിക്കണ്ടു് പ്രവചിച്ചു.” — പ്രവൎത്തികൾ 2: 29-30

ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ കുറിച്ചു മാത്രമല്ല, അവന്റെ സ്വൎഗ്ഗീയമായ രാജവാഴ്ചയെ കുറിച്ചും ദാവീദ് പ്രവചിച്ചിരുന്നു. യേശുവിന്റെ രാജവാഴ്ച ആരംഭിച്ചതു് അവന്റെ സ്വൎഗ്ഗാരോഹണത്തോടെ ആയിരുന്നു. അതു കൊണ്ടു് യേശുവിന്റെ ഉയിൎപ്പിനെക്കാളും അവന്റെ സ്വൎഗ്ഗാരോഹണത്തിനാണു് അപ്പൊസ്തലന്മാർ പ്രാധാന്യം കൽപ്പിച്ചതു്. യേശുവിന്റെ കിരീട ധാരണം (coronation) അഥവാ സ്വൎഗ്ഗാ രോഹണത്തെ കുറിച്ചു് പത്രോസ് പറഞ്ഞതു് ശ്രദ്ധിച്ചാലും.

‘ദാവീദ് സ്വൎഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കൎത്താവു എന്റെ കൎത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.’ – പ്രവൎത്തി 2:34-35

വരുവാനുള്ള നിത്യനായ രാജാവു് (മ്ശിഹാ) തന്റെ പിൻഗാമികളിൽ ഒരുവൻ തന്നെ എന്നറിഞ്ഞിട്ടും ദാവീദ് അവനെ കുറിച്ചു് “എന്റെ കർത്താവ്”എന്നാണ് പറഞ്ഞതു്. “നീ എന്റെ വലത്തുഭാഗത്തു ഇരിക്ക” — ആ രാജാവിനെ (മ്ശിഹായെ) ദൈവം യെറുശലേമിൽ രാജാവാക്കും എന്നല്ല ദാവിദു് പ്രവചിച്ചതു്. മറിച്ചു്, മ്ശിഹായെ ദൈവം സ്വൎഗ്ഗത്തിൽ ദൈവ സിംഹാസനത്തിന്റെ വലതു ഭാഗത്തു് ഉപവിഷ്ടനാക്കും എന്നാണ് ദാവീദ് പ്രവചിച്ചതു്.

ആ മ്ശിഹാ യേശുവാണ് എന്നു് പത്രോസ് പ്രസംഗിച്ചു. യേശുവിന്റെ ഉയിൎത്തെഴുന്നേൽപ്പിനു ശേഷം ദൈവം യേശുവിനെ തന്റെ സിംഹാസനത്തിന്റെ വലതു ഭാഗത്തു് രാജാവായി വാഴിച്ചു. അതായതു്, ദൈവം യേശുവിനെ കൎത്താവും ക്രിസ്തുവും (രാജാവും) ആക്കി. അതായിരുന്നു പത്രോസ് പ്രസംഗിച്ച സുവിശേഷം.

“അതുകൊണ്ട്, നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കൎത്താവും ക്രിസ്തുവും (രാജാവും) ആക്കിവെച്ചിരിക്കുന്നു എന്നു് ഇസ്രായേൽ ജനം മുഴുവനും നിസ്സന്ദേഹം അറിഞ്ഞുകൊള്ളട്ടെ.” — പ്രവൎത്തികൾ 2:36 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ)

മ്ശിഹാ (ക്രിസ്തു) എന്ന വാക്കിന്റെ അൎത്ഥം വെറും “അഭിഷിക്തൻ” എന്നല്ല — “അഭിഷിക്തനായ രാജാവു്” എന്നാണ്.

യേശു രാജാവായി ജനിച്ചു, അവൻ രാജാവായി എഴുന്നെള്ളി, അവൻ രാജാവായി ക്രൂശിക്കപ്പെട്ടു എന്നു പറയുമ്പോൾ തന്നെ യേശുവിന്റെ രാജവാഴ്ച ഇതുവരെയും ആരംഭിച്ചിട്ടില്ല എന്നു സുവിശേഷ വിഹിതരിൽ പലരും പറയുന്നു. യഥാൎത്ഥത്തിൽ ദൈവം യേശുവിനെ കൎത്താവും രാജാവും (മ്ശിഹായും) ആക്കിയതു് അവന്റെ ഉയിർത്തെഴുന്നേൽപ്പിലൂടെയും സ്വൎഗ്ഗാരോഹണത്തിലൂടെയും ആണ്. അങ്ങനെ, ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തം യേശുവിൽ നിറവേറ്റി.

ഇതേ വസ്‍തുതയാണു് പൗലുസ് ശ്ലീഹാ സുവ്യക്തമായ ഭാഷയിൽ അന്ത്യോക്കയിലെ ഒരു ജൂത പള്ളിയിൽ പ്രസംഗിച്ചതു്.

“ദൈവം നമ്മുടെ പൂർവികൎക്കു നൽകിയിരുന്ന വാഗ്ദാനം അവിടുന്ന് യേശുവിനെ ഉയിർപ്പിച്ചതിലൂടെ അവരുടെ മക്കളായ നമുക്കുവേണ്ടി പൂർത്തീകരിച്ചിരിക്കുന്നു. ഈ സദ്വർത്തമാനം ഞങ്ങൾ നിങ്ങളോടു് അറിയിക്കുന്നു.” — പ്രവൎത്തികൾ 13: 32-33

‘ദൈവരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു പ്രസംഗിച്ച യേശുവിന്റെ സ്വൎഗ്ഗാരോഹണത്തിലൂടെ ദൈവരാജ്യം യാഥാൎത്ഥ്യമായി. ആ ദൈവ രാജ്യത്തിന്റെ സുവിശേഷമാണ് അപ്പൊസ്തലന്മാർ‍ പ്രസംഗിച്ച സുവിശേഷം. യഹൂദനെ സംബന്ധിച്ചിടത്തോളം അതിലും വലിയൊരു നല്ല വൎത്തമാനം (good news) ഇല്ല. യേശു ഭാവിയിൽ രാജാധി രാജാവാകും എന്നല്ല അവർ പ്രസംഗിച്ചതു്. യേശു രാജാവായി സ്വൎഗ്ഗത്തിൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു് സകലത്തിന്മേലും വാഴുന്നു എന്നാണ് അവർ പ്രസംഗിച്ചതു്. അതു വിശ്വസിക്കാത്ത ക്രിസ്ത്യാനി ദൈവരാജ്യത്തിന്റെ സുവിശേഷം എങ്ങനെ പ്രസംഗിക്കും? പൗലുസ് പ്രസംഗിച്ച സുവിശേഷം എന്തായിരുന്നു? ദൈവരാജ്യത്തിന്റെ സുവിശേഷം.

പൗലുസ് കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ടു സംവത്സരം മുഴുവൻ പാൎത്തു, തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു പൂൎണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കൎത്താവായ യേശു ക്രിസ്തുവിനെ ക്കുറിച്ചു ഉപദേശിച്ചും പോന്നു. – പ്രവൃൎത്തി 28:29-30

ക്രിസ്തുവിൽ ഇന്നു് നിലവിലുള്ള ദൈവരാജ്യമാണ് പൗലുസ് പ്രസംഗിച്ചതു്. ദൈവരാജ്യം ഇതുവരെ വന്നിട്ടില്ല എന്നു വാദിക്കുന്നവർക്കു പ്രസംഗിക്കുവാൻ എന്തു് സദ്വർത്തമാണുള്ളതു്?

സത്യത്തിൽ ക്രൂശിക്കപ്പെട്ട “ക്രിസ്തു”വിനെയാണോ നാം പ്രസംഗിക്കുന്നതു് ? രാജാവാകാത്ത ഒരാളെ കുറിച്ചു് ‘കൎത്താവു്’ അഥവാ ‘ക്രിസ്തു’ എന്നു പറയുമോ? ഒരിക്കലുമില്ല. ലൂക്കൊസ് യേശുവിനെക്കുറിച്ചു “കൎത്താവായ യേശുക്രിസ്തു” എന്നാണ് എഴുതിയതു്. യേശു ഇന്നു രാജാവല്ലെങ്കിൽ അവൻ കൎത്താവുമല്ല ക്രിസ്തുവുമല്ല. യേശുവിനെ കൎത്താവു് എന്നു് ഏറ്റുപറയാതെ ഒരുവൻ എങ്ങനെ ക്രിസ്ത്യാനി ആകും? യേശുവിന്റെ രാജവാഴ്ച ഇതുവരെ തുടങ്ങിയിട്ടില്ലെങ്കിൽ അവനെ ക്രിസ്തു (അഥവാ മ്ശിഹാ) എന്നു് എങ്ങനെ വിളിക്കും?

പൗലുസ് ദൈവരാജ്യം പ്രസംഗിച്ചു എന്നു് ലൂക്കോസ് എഴുതിയട്ടുണ്ടെങ്കിലും ദൈവരാജ്യത്തിന്റെ സുവിശേഷം ക്രിസ്തീയ സഭയ്‍ക്കുള്ളതല്ല, അതു് യഹൂദന്മാൎക്കുള്ളതാണു് എന്നു പഠിപ്പിക്കുന്ന പെന്തക്കൊസ്തുകാരുമുണ്ടു്.

“യേശു ദൈവ സിംഹാസനത്തിന്റെ വലത്തു ഭാഗത്തു നമ്മുക്കു വേണ്ടി യാചിക്കുന്നു എങ്കിലും അവൻ ഇതുവരെയും രാജാവായിട്ടില്ല” എന്നും ചിലർ പറയുന്നു. ഇവരെല്ലാം അപ്പൊസ്തലന്മാർ പ്രസംഗിച്ച സുവിശേഷത്തിനു വിരുദ്ധമായി മറ്റൊരു സുവിശേഷമാണ് പ്രസംഗിക്കുന്നതു്.

2. മനുഷ്യപുത്രന്റെ ആഗോളവും സ്വൎഗ്ഗിയവുമായ രാജവാഴ്ച

യേശു ഇസ്രായേലിനു മേൽ രാജാവായിരിക്കും എന്നുള്ള പ്രവചനം ഇതുവരെ നിവൃൎത്തിയായില്ല എന്നു് അങ്ങു് പറയുന്നു. രണ്ടായിരം ആണ്ടുകൾക്കു മുമ്പു് ഉണ്ടായിരുന്ന യഹൂദർ പ്രവാസത്തിന്റെ ബാക്കിയായി ശേഷിച്ച മൂന്നു ഗോത്രങ്ങളുടെ (യഹൂദ, ലേവി, ബെന്യാമീൻ) മേൽ വാഴുന്ന ദാവീദ് പുത്രനായ ഒരു മ്ശിഹായ്‍ക്കായി കാത്തിരുന്നു. യേശുവിൽ വിശ്വസിച്ച യഹൂദന്മാർ അവനെ “ദാവീദു് പുത്രാ” എന്നു വിളിച്ചു് ആദരിച്ചപ്പോൾ യേശു “മനുഷ്യപുത്രൻ” എന്നാണ് തന്നെ കുറിച്ചു് വിശേഷിപ്പിച്ചതു്.

വെറും ഒരു ചെറിയ രാജ്യത്തിന്റെ രാജാവാകേണ്ടവനല്ല യേശു. ദാനിയേൽ 7:13-14ൽ കാണുന്ന മനുഷ്യപുത്രനാണ് താൻ എന്നു യഹൂദ‍ർ തിരിച്ചറിയുവാനാണ് യേശു “മനുഷ്യ പുത്രൻ” എന്ന പേരു് സ്വീകരിച്ചതു്. ദാനിയേൽ കണ്ട ദൎശനം എന്തായിരുന്നു?

രാത്രിദൎശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തു വരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.

ദാനിയേൽ 7:13-14ൽ കാണുന്ന മനുഷ്യപുത്രൻ ആകാശ മേഘങ്ങളിൽ ഭൂമിയിലേക്കല്ല യാത്ര ചെയ്തതു്. അവൻ മേഘങ്ങളിൽ സ്വൎഗ്ഗത്തിലേക്ക് പിതാവായ ദൈവത്തിന്റെ സന്നിധിയിലേക്കാണ് കയറി പോയതു്. (മലയാളം ബൈബിളിൽ നിത്യനായ ദൈവത്തെ “വയോധികൻ” എന്നു വിളിച്ചിരിക്കുന്നതു് അബദ്ധമാണ് .) ആ മനുഷ്യപുത്രനെ പോലെ താൻ ഒരു നാൾ മേഘങ്ങളെ വാഹനമാക്കി സ്വൎഗ്ഗാരോഹണം ചെയ്തു് സകല വംശങ്ങളുടെയും ജാതികളുടെയും ഭാഷക്കാരുടെയും മേൽ ആധിപത്യവും മഹത്വവും രാജത്വവും ദൈവത്തിൽ നിന്നു പ്രാപിക്കും എന്നു യഹൂദരെ അറിയിക്കുവാൻ യേശു ആഗ്രഹിച്ചു.

യേശു ഉയിൎത്തെഴുന്നേറ്റിട്ടു് പിതാവായ ദൈവത്തിൽ നിന്നു ദാനിയേൽ 7:13-14ൽ കാണുന്ന പ്രകാരം അധികാരം ഏറ്റുവാങ്ങി. തന്റെ ശിഷ്യന്മാരുടെ അടുക്കൽ വന്നു അവരോടു്, “സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു. അതിന്റെ അടിസ്ഥനത്തിലാണ് അവരോടു് സകല ജാതികളെയും ശിഷ്യരാക്കുവാൻ കൎത്താവു് കൽപ്പിച്ചതു്. മ്ശിഹായുടെ യഹൂദ വംശാവലിയിൽ ആരംഭിച്ച മത്തായി സുവിശേഷം സകല ജാതികളിലേക്കും വിരൽ ചൂണ്ടി കൊണ്ടാണു് ഉപസംഹരിക്കപ്പെട്ടതു്.

യേശുവിന്റെ ശിഷ്യന്മാൎക്കുപോലും തന്റെ ആഗോള രാജ വാഴ്ചയെ കുറിച്ചു് ശരിയായ ഒരു കാഴ്ചപ്പാടില്ലായിരുന്നു. അതുകൊണ്ടാണ്, യേശു ഉയിൎത്തെഴുന്നേറ്റതിനു ശേഷവും അവർ “യിസ്രായേൽ രാജ്യം” എന്ന സ്വപ്നവുമായി യേശുവിനെ സമീപിച്ചതു്.

“കൎത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കി ക്കൊടുക്കുന്നതു എന്നു ചോദിച്ചു.”

മ്ശിഹാ ഭരണത്തെ കുറിച്ചു് ശിഷ്യന്മാൎക്കുണ്ടായിരുന്ന കുടുസ്സായ ഭൗമീക ചിന്താഗതിക്കുള്ള യേശുവിന്റെ മറുപടി യായിരുന്നു പ്രവൃൎത്തി 1:8 എന്നു് നാം തിരിച്ചറിയാതെ പോയി. പ്രവൃൎത്തി 1:8 ശ്രദ്ധിച്ചാലും.

അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല. എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമൎയ്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.

സുവിശേഷ വേല എങ്ങനെ ചെയ്യണം എന്നതിലുപരി തന്റെ രാജ്യത്തിന്റെ വ്യാപ്തി എത്രത്തോളമാണ് എന്നാണ് യേശു അവിടെ സൂചിപ്പിച്ചതു്. കൂടാതെ തന്റെ രാജ്യം മറ്റു രാജ്യങ്ങളെ പോലെ ഭൗതീകമായ രാജ്യമല്ല, സ്വൎഗ്ഗീയവും ആത്മീകവുമായ രാജ്യമാണെന്നു യേശു ഇതിനോടകം ശിഷ്യന്മാരോടും പീലാത്തോസിനോടും പറഞ്ഞിരുന്നു.

യെറുശലേം കേന്ദ്രമാക്കി യഹൂദന്മാരുടെ മേൽ ഒരു ഭൗതീക ഭരണമല്ല യേശു വിഭാവനം ചെയ്ത ദൈവരാജ്യം. ആഗോളമായ ഒരു ആത്മീയ രാജ്യമാണ് യേശുവിന്റെ ദൈവരാജ്യം. അതു കൊണ്ടാണ് ശിഷ്യന്മാരോട് യെറുശലേമിൽ നിന്നു “ഭൂമിയുടെ അറ്റത്തോളം” പോകുവാൻ യേശു കൽപ്പിച്ചതു്. അതല്ലായിരുന്നു എങ്കിൽ യെറുശലേം പിടിച്ചടക്കുവാനും യഹൂദ രാജ്യം സ്ഥാപിക്കുവാനുമുള്ള നിൎദ്ദേശങ്ങൾ യേശു നൽകുമായിരുന്നു.

പത്രോസ് ഉൾപ്പടെ യെറുശലേമിലുണ്ടായിരുന്ന സഭാ നേതൃത്വത്തിനു “ഭൂമിയുടെ അറ്റത്തോളവും” വ്യാപിക്കുന്ന മ്ശിഹാ രാജ്യത്തിന്റെ മൎമ്മം മനസ്സിലായില്ല. അതുകൊണ്ടു് പരിശുദ്ധാത്മാവു് അന്ത്യോക്ക്യ കേന്ദ്രമാക്കി ലോക സുവിശേഷീകരണം മുന്നോട്ടു കൊണ്ടുപോയ ചരിത്രമാണ് അപ്പൊസ്തല പ്രവൃൎത്തിയിൽ നാം വായിക്കുന്നതു്.

യേശു മ്ശിഹായുടെ ആഗോള ഭരണത്തെകുറിച്ചു ദാവീദ് രണ്ടാം സങ്കീൎത്തനത്തിൽ പ്രവചിച്ചിരുന്നു. ദൈവം മ്ശിഹായ്‍ക്കു് നൽകിയ വാഗ്ദത്തമാണിതു്:

“എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും” (സങ്കീൎത്തനം 2:8)

യേശുവിന്റെ ആഗോള രാജ്യത്തിന്റെ ഒരു നിഴൽ മാത്രമായിരുന്നു പഴയ നിയമത്തിലെ കനാൻ നാട് എന്നു് ഇതിൽ നിന്നു മനസ്സിലാക്കാം. അപ്പോൾ അബ്രഹാമിനോടു് ദൈവം ചെയ്ത ഉടമ്പടിയോ? യുഫ്രട്ടീസിനും നൈൽ നദിക്കും ഇടയിലുള്ള ഭൂമിയുടെ കാൎയ്യം? അതിനെ കുറിച്ചു് പരിശുദ്ധാത്മാവിൽ പൗലുസ് അപ്പൊസ്തലൻ എഴുതിയതു് (റോമർ 4:13) ശ്രദ്ധിക്കുക:

“ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായ പ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (ബൈബിൾ സൊസൈറ്റി)

“ലോകത്തിന്റെ അവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിനോ അവന്റെ സന്തതിയ്ക്കോ ന്യായ പ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയിലൂടെയാണ് ലഭിച്ചത്.” (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ)

അബ്രഹാമും അദ്ദേഹത്തിന്‍റെ സന്തതിയും ലോകത്തിന് അവകാശിയായിത്തീരുമെന്നുള്ള വാഗ്ദാനമുണ്ടായത് ന്യായ പ്രമാണത്താലല്ല, പ്രത്യുത, അദ്ദേഹത്തിന്‍റെ വിശ്വാസത്തിന്‍റെ നീതിയാലാകുന്നു. (സുറിയാനി പേഷിത ബൈബിൾ)

യുഫ്രട്ടീസിനും നൈൽ നദിക്കും ഇടയിലുള്ള ഭൂമിയെ കുറിച്ചുള്ള വാഗ്ദത്തം പെട്ടന്നു ‘ലോകം മുഴുവനും ലഭിക്കും’ എന്നുള്ള വാഗ്ദത്തം ആയതെങ്ങനെ? അബ്രഹാമിനെയൊ തന്റെ സന്തതിയെയോ ലോകത്തിന്റെ മൊത്തം അവകാശികളാക്കും എന്നു പഴയ നിയമത്തിൽ എവിടെയാണ് എഴുതിയിരിക്കുന്നതു്? സങ്കീൎത്തനം 2:8ൽ മ്ശിഹായ്ക്കു ദൈവം കൊടുത്ത വാഗ്ദത്തത്തിലാണ് “ഭൂമിയുടെ അറ്റങ്ങളെ” ദൈവം വാഗ്ദത്തം ചെയ്തതു്. അബ്രഹാമിനും അവന്റെ സന്തതിക്കും കൊടുത്ത ഒരു തുണ്ടു് “വാഗ്ദത്ത ഭൂമി” വെറും ഒരു നിഴൽ മാത്രമായിരുന്നു. ക്രിസ്തുവിന്റെ ആഗോള ഭരണവും അവനൊരുക്കുന്ന സ്വൎഗ്ഗീയ കനാനുമാണ് അതിന്റെ പൊരുളുകൾ.

ഇന്നത്തെ ചില ക്രിസ്ത്യാനികൾ ഈ സത്യം അംഗീകരിക്കുവാൻ ബുദ്ധിമുട്ടുമ്പോൾ അബ്രഹാം ഈ സത്യം അന്നേ കണ്ടിരുന്നു.

“[അബ്രഹാം‍‍] വാഗ്ദത്ത ദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ കൂടാരങ്ങളിൽ പാൎത്തുകൊണ്ടു ദൈവം ശില്പിയായി നിൎമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു. … ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു. … അവരോ അധികം നല്ലതിനെ, സ്വൎഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു.” – എബ്ര 11:9-16

റോമർ 4:13 എഴുതിയപ്പോൾ യഹൂദ റബ്ബിയായിരുന്ന പൗലുസിനു തെറ്റു പറ്റിയതല്ല. നമ്മിൽ പലരും തെറ്റായി ചെയ്യുന്നതു പോലെ പൗലുസ് ഉത്പത്തി പുസ്തകത്തിലൂടെയല്ല പുതിയ നിയമത്തെ വ്യാഖ്യനിച്ചതു്. ക്രിസ്തു എന്ന യാഥാൎത്ഥ്യത്തിലൂടെയാണ് പൗലുസ് ഉത്പത്തി പുസ്തകത്തെ വ്യഖ്യാനിച്ചതു്. നാമും അങ്ങനെ തന്നെ ചെയ്യണം. നിഴൽ വിട്ടു കളഞ്ഞിട്ടു ക്രിസ്തുവിൽ ഉള്ള പൊരുൾ മുറുകെ പിടിക്കണം.

യോശുവയുടെ കാലത്തു് ഇസ്രായേലിനു് വാഗ്ദത്ത ദേശം ദൈവം കൊടുത്തില്ലേ എന്നു ചിലർ ചോദിച്ചേക്കാം. എബ്രായ ലേഖന കൎത്താവു് അതിനുള്ള മറുപടി രേഖ പ്പെടുത്തിയിട്ടുണ്ടു്. യോശുവ ഇസ്രയേലിനു് ഒരു വിശ്രാമം കൊടുത്തില്ല. ഇസ്രയേലിനു് നൽകപ്പെടും എന്നു ദൈവം പറഞ്ഞ വിശ്രാമം (വാഗ്ദത്ത ദേശത്തിലെ സ്വസ്ഥത) സ്വൎഗ്ഗീയ കനാനിന്റെ ഒരു നിഴൽ മാത്രമായിരുന്നു. ദൈവ ജനത്തിനു ഒരു സ്വൎഗ്ഗീയ കനാൻ എന്ന വിശ്രാമം ഇനിയും ശേഷിക്കുന്നു എന്നാണു് നാം വായിക്കുന്നതു്.

“അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആൎക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക. … യോശുവ അവൎക്കു സ്വസ്ഥത വരുത്തി എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ കല്പിക്കയില്ലായിരുന്നു. ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു. … അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തി ന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.” – എബ്രായർ 4:1, 8-9, 11

കേവലം വാഗ്ദത്ത ഭൂമി മാത്രമല്ല, യഹൂദനുമായി ബന്ധപ്പെട്ട മറ്റനേകം കാൎയ്യങ്ങളും നിഴലുകൾ മാത്രമായിരുന്നു. യെറുശലേം നഗരം സ്വർഗ്ഗീയ യെറുശലേമിനു നിഴലായിരുന്നു.

“ഹാഗർ എന്നതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടു കൂടെ അടിമയിലല്ലോ ഇരിക്കുന്നതു. മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ.” – ഗലാ 4: 25-26

അതുകൊണ്ടു് ക്രിസ്ത്യാനികൾ ഭൂമിയിലെ യെറുശലേമിന്റെ പുറകെ പോകേണ്ടവരല്ല. ഭൗമിക യെറുശലേമിലേക്ക് യഹൂന്മാരെ ചേൎത്തു കൊടുക്കുന്ന ജോലിയും ദൈവം സഭയെ ഏൽപ്പിച്ചിട്ടില്ല. സ്വൎഗ്ഗീയ യെറുശലേമിലേക്കു് എല്ലാ ജാതികളേയും ആകൎഷിക്കുക എന്ന ദൗത്യമാണ് സഭയുടേതു്.

യഹൂദന്മാരുടെ പൗരോഹിത്യം, മഹാപുരോഹിതന്റെ ശുശ്രൂഷ, യാഗങ്ങൾ, ആലയം, പെസഹാ, മറ്റുള്ള യഹൂദ ഉത്സവങ്ങൾ എന്നിത്യദി നിഴലായ കാൎയ്യങ്ങളെ പുനരുദ്ധരിക്കുവാൻ വെമ്പൽ കൊള്ളുന്ന ഇന്നത്തെ ക്രിസ്ത്യാനികളെ കുറിച്ചു് എന്തു പറയണം എന്നറിയില്ല.

ആദിമ സഭ വേറിട്ടു് ചിന്തിച്ചിരുന്നു. പഴയ നിയമം നീക്കപ്പെട്ടപ്പോൾ അതോടൊപ്പം അതിന്റെ അവശിഷ്ടങ്ങളായ രണ്ടാം ആലയവും അതിലെ ആചാരങ്ങളും നീക്കപ്പെടും എന്നു ആദിമ സഭ വിശ്വസിച്ചിരുന്നു, അതിന്നായി ആകാംഷയോടെ കാത്തിരുന്നു.

“പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കി യിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീൎണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.” — എബ്രാ 8:13

എന്നാൽ ഇന്നത്തെ പല ക്രൈസ്തവരും മൃഗ ബലികളുടെ പുനഃസ്ഥാപനത്തിന്നായി കാത്തിരിക്കുന്നു! യഹൂദരുടെ ആലയവും ആചാരങ്ങളും പുനഃസ്ഥാപിക്കപ്പെട്ടാൽ യേശുവിന്റെ പരമയാഗത്തിന്റെ അവഹേളനം അല്ലാതെ എന്താണു് അവയിലൂടെ ഒരു നേട്ടം?

3. മനുഷ്യപുത്രന്റെ ന്യായവിധിക്കായുള്ള വരവു്

ബൈബിളിൽ ഉടനീളം “ദൈവത്തിന്റെ വരവു്” എന്നു കാണുന്ന ഇടത്തെല്ലാം ഒരു പ്രത്യേക ദൗത്യത്തിന്നായി ദൈവം വരുന്നതായിട്ടാണ് കാണുന്നതു്.

ബാബേൽ കോട്ട നിരീക്ഷിക്കുവാൻ ദൈവം ഇറങ്ങി വന്നു (ഉൽപ്പത്തി 11.5). സേദോമിലേക്ക് ദൈവം ഇറങ്ങി ചെന്നു (ഉൽപ്പത്തി 18.21). മിസ്രയിമിൽ നിന്നു ഇസ്രയേലിനെ രക്ഷിക്കുവാൻ താൻ “ഇറങ്ങിവന്നിരിക്കുന്നു” എന്നാണ് ദൈവം മോശെയൊടു പറഞ്ഞതു്. “ലക്ഷോപലക്ഷം വിശുദ്ധന്മാരുമായി” ദൈവം സീനായി പൎവ്വതത്തിൽ ഇറങ്ങി വന്നു (ആവ 33.2).

ഇവയിൽ പല “വരവുകളും” – പ്രത്യേകിച്ചും മേഘങ്ങളിലുള്ള വരവുകൾ – ദൈവത്തിന്റെ രാജകീയ മഹിമ വെളിപ്പെടുത്തുവാനും രാജ്യങ്ങളെ ന്യായം വിധിക്കാനുമുള്ള വരവുകളായിരുന്നു. ഉദാഹരണത്തിനു മിസ്രയീംമിനെ ന്യായം വിധിക്കുവാൻ “യഹോവ വേഗതയുള്ളൊരു മേഘത്തെ വാഹനമാക്കി” വരുന്നു എന്നു യെശയ്യാവ് പ്രവചിച്ചു (19:1).

മേഘങ്ങൾ, കൊടുങ്കാറ്റ, മെഴുകുപോലെ ഉരുകുന്ന മലകൾ, പുകയുന്ന പൎവ്വതങ്ങൾ, അന്ധകാരം, ഭൂകമ്പം … ഈ ലക്ഷണങ്ങളുടെ അകമ്പടിയോടെയാണ് ദൈവം ന്യായവിധിക്കായ ഇറങ്ങി വന്നതു്. ഇവയൊന്നും നാം അക്ഷരീകമായി എടുക്കാറില്ല. അലങ്കാര ഭാഷയെ നാം അലങ്കാരമായി തന്നെ കാണുന്നു. കൎത്താവായ യേശുവിന്റെ രണ്ടാം വരവിനെ സംബന്ധിച്ചും ധാരാളം അലങ്കാര പ്രയോഗങ്ങൾ വേദ പുസ്തകത്തിൽ കാണാം. മേഘത്തിലുള്ള വരവു്, ആകാശത്തിലെ അടയാളങ്ങൾ, … എന്നിത്യാദി. അവയെ അക്ഷരീകമായി എടുക്കുന്നാതാണ് പലൎക്കും പറ്റിയ അബദ്ധം.

യേശുക്രിസ്തുവിന്റെ രണ്ടാം വരവും ന്യായവിധിക്കായുള്ള വരവായിട്ടാണ് ബൈബിൾ ചിത്രീകരിക്കുന്നതു്. തന്റെ രാജകീയ പദവിയെ നിരസിച്ച യഹൂദരുടെ മേൽ ന്യായവിധി നടപ്പാക്കുക എന്നതായിരുന്നു കൎത്താവിന്റെ വരവിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നു.

യെറുശലേമിനെ നോക്കി വിലപിച്ചപ്പോൾ യേശു പറഞ്ഞതു ശ്രദ്ധിച്ചാലും:

“നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കൊസ് 13:35; മത്തായി 23:38-39)

യഹൂദർ മാനസാന്തരപ്പെട്ടിട്ട് യേശുവിനെ കുറിച്ചു് “കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ” എന്നു അവർ പറയും എന്നല്ല യേശു പറഞ്ഞതിന്റെ അൎത്ഥം. യേശു ആ നഗരത്തിനു മേൽ ന്യായവിധിയാണ് പ്രഖ്യാപിച്ചതു്. “നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും. ഇനി നമ്മൾ തമ്മിലുള്ള കൂടികാഴ്ച ന്യായവിധി ദിവസത്തിലായിരിക്കും. ആ ന്യായവിധി വരുന്നതു് എപ്പോൾ? നിങ്ങൾ ആരോഹണ ഗീതം പാടി യെറുശലേമിലേക്കു് വരുന്നവരെ സ്വീകരിക്കുന്ന ഒരു ഉത്സവ കാലത്തായിരിക്കും ന്യായവിധി.” ഭയാനകമായ മുന്നറിയിപ്പായിരുന്നു അതു്. അതു അതുപോലെ തന്നെ ക്രി. 70ൽ നിറവേറി.

മത്തായി 23:39ൽ കാണുന്നതു പോലുള്ള ഒരു മുന്നറിയിപ്പാണ് മഹാപുരോഹിതനു യേശു കൊടുത്തതു്. മഹാപുരോഹിതൻ ആണയിട്ടു ചോദിച്ചപ്പോൾ യേശു പറഞ്ഞതു് ഓൎക്കുമല്ലോ.

“ഇനി മനുഷ്യപുത്രൻ സർവശക്തന്റെ വലത്തു ഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു.”

ആകാശമേഘങ്ങളെ വാഹനമാക്കി വരും എന്നതിന്റെ അൎത്ഥം എന്തു് ? രാജകീയ അധികാരം മഹിമയോടെ വെളിപ്പെടുത്തുക എന്നാണ് അൎത്ഥം. യേശു പറഞ്ഞതിന്റെ സാരം ഇതാണ്, “ദാനിയേൽ 7:13-14വാക്യങ്ങളിൽ കാണുന്ന മനുഷ്യ പുത്രനാണ് ഞാൻ. സൎവ്വലോകത്തിന്മേലും സൎവ്വാധികാരവും എനിക്കു ലഭിക്കും. എന്റെ ന്യായവിധിയിലൂടെ എന്റെ ശക്തി ഞാൻ നിങ്ങൾക്കു് വെളിപ്പെടുത്തും.” യേശുവിന്റെ വാക്കുകളുടെ ഗൗരവം മഹാപുരോഹിതൻ മനസ്സിലാക്കായതു കൊണ്ടും യേശുവിന്റെ അവകാശവാദം അംഗീകരിക്കുവാൻ തനിക്കു് കഴിയാത്തതു കൊണ്ടും കുപിതനായ താൻ തന്റെ വസ്ത്രം കീറി.

മത്തായി 24, മർക്കൊസ് 13, ലൂക്കൊസ് 17, 21 എന്നീ അദ്ധ്യായങ്ങളിൽ യേശു തന്റെ രണ്ടാം വരവിനെ കുറിച്ചു് പഠിപ്പിച്ചപ്പോൾ യഹൂദന്റെ രണ്ടാമത്തെ ആലയത്തിന്റെ നശീകരണവുമായി ബന്ധപ്പെടുത്തിയാണ് അതു് പഠിപ്പിച്ചതു് . അതായതു് യേശുവിന്റെ വരവും രണ്ടാമത്തെ ആലയത്തിന്റെ നാശവും ഒരേ സമയത്തു് സംഭവിക്കേണ്ടവയാണ് എന്ന് യേശു പഠിപ്പിച്ചു.

“ചിലർ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ: ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും എന്നു അവൻ പറഞ്ഞു. ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു.” – ലൂക്കൊസ് 21:5-7

രണ്ടാം ആലയത്തിന്റെ നാശത്തിന്റെ അടയാളങ്ങൾ തന്നെയാണ് തന്റെ വരവിന്റെയും അടയാളങ്ങൾ എന്നു് യേശുവിന്റെ മറുപടിയിൽ നിന്നും മനസ്സിലാക്കാം. അതിൽ ഒന്നു സംഭവിച്ചെങ്കിൽ മറ്റേതും സംഭവിച്ചു എന്നൎത്ഥം. യേശുവിന്റെ വരവു് എപ്പോൾ എന്നു ചോദിക്കുന്നവരോട് പറയുവാനുള്ള ഏറ്റവും ശരിയായ ഉത്തരവും അതു തന്നെ — രണ്ടാമത്തെ ആലയത്തെ കൎത്താവു് റോമാക്കാരെ ഉപയോഗിച്ചു് നശിപ്പിച്ചതു് എപ്പോൾ? ആ ആലയത്തിന്റെ നാശമായിരുന്നു തന്റെ വരവിന്റെ പ്രത്യക്ഷ ലക്ഷണം.

മ്ശിഹയുടെ വരവു് ന്യായവിധിക്കായുള്ള വരവായിരിക്കും എന്നും രണ്ടാമത്തെ ദേവാലയത്തിനു മേൽ മ്ശിഹയുടെ ന്യായവിധി വരുമെന്നും മലാഖി പ്രവചിച്ചിരുന്നു.

എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കൎത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമ ദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ അവൻ വരുന്ന ദിവസത്തെ ആൎക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും? — മലാഖി 3:1-2

മലാഖി പ്രവിചിച്ചതു് യേശുവിനെ കുറിച്ചും യേശുവിനു വഴി ഒരുക്കുവാൻ വന്ന സ്നാപക യോഹന്നാനെ കുറിച്ചും ആയിരുന്നു. യേശുവിന്റെ ആദ്യത്തെ വരവിൽ താൻ ആലയം നശിപ്പിച്ചില്ല എന്ന് എല്ലാവർക്കും അറിയാം. എന്നാൽ, തന്റെ ആദ്യത്തെ വരവിനും ആലയത്തിന്റെ നാശത്തിനും ഇടയിൽ വെറും നാൽപ്പതു് ആണ്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ടാണ് ന്യായവിധി നടത്തുവാൻ വരുന്ന മ്ശിഹായ്‍ക്ക് മുന്നോടിയായി യോഹന്നാനെ തന്നെ ചിത്രീകരിച്ചിരിക്കുന്നതു്. യോഹന്നാൻ യേശുവിന്റെ രണ്ടു വരവുകൾക്കും വഴി ഒരുക്കി എന്നു് മലാഖി 3:1ൽ നിന്നു മനസ്സിലാക്കാം.

രണ്ടാമത്തെ ആലയത്തിന്മേൽ വരുവാനിരുന്ന ന്യായവിധിയുടെ അടയാളമായിട്ടാണ് യേശു ചാട്ടവാറെടുത്തു് ആലയം ശുദ്ധീകരിച്ചതു് — ആലയം നശിപ്പിക്കപ്പെടുമ്പോൾ താനാണ് അതിന്റെ പിന്നിൽ പ്രവൎത്തിച്ചതു എന്നു നിസ്സംശയം ലോകം തിരിച്ചറിയുവാൻ!

യേശു ഒരു ആലയത്തിന്മേൽ മാത്രമേ ന്യായവിധി നടപ്പാക്കാൻ ഉദ്ദേശിച്ചുള്ളൂ. അതു് യഹൂദന്റെ രണ്ടാമത്തെ ആലയത്തിന്മേൽ ആയിരുന്നു. ആ ന്യായവിധി കൎത്താവു് റോമാക്കാരെ ഉപയോഗിച്ചു ക്രി. 70ൽ നടപ്പാക്കി.

അതിപ്രധാനമായ ഒരു സംഗതി ക്രൈസ്തവ ലോകം അറിയേണ്ടതുണ്ടു്. ഇനി മൂന്നാമതു് ഒരു ആലയം യെറുശലേമിൽ പണിയപ്പെടുമോ? യേശു യെഹൂദന്റെ രണ്ടാമത്തെ ആലയത്തിന്റെ നാശം പ്രവചിച്ചതിനു ശേഷം അതു വീണ്ടും പുതുക്കി പണിയ പ്പെടും എന്ന് ദൈവം ഒരിക്കൽ പോലും ആരിലൂടേയും പറഞ്ഞിട്ടില്ല. മൂന്നാമതൊരു ദേവാലയം യെറുശലേമിൽ വരും എന്നു ബൈബിൾ പറയുന്നില്ല. മൂന്നാമതു് ഒരു ദേവാലയം പണിയപ്പെട്ടാൽ യേശു വന്നു അതും നശിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നതു് അബദ്ധമാണ്. മനുഷ്യർ തട്ടുന്ന താളത്തിനൊത്തു് ആടുവാൻ യേശുക്രിസ്തുവിനെ കിട്ടും എന്നു തോന്നുന്നില്ല.

പക്ഷേ ഇതൊന്നും അറിയാതെ ജോണ്‍ നെൽസണ്‍ ‍ഡാർബിയും തന്റെ അനുയായികളും അബദ്ധങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു. കൎത്താവിന്റെ വരവിനെ കുറിച്ചു പുതിയ നിയമം പറയുന്ന അടയാളത്തിൽ വിശ്വസിക്കാതെ യേശുവിന്റെ വരവു് ഇതുവരെ സംഭവിച്ചില്ല എന്ന് അവർ കരുതി. ഒരു ചെറിയ പ്രശ്നം മാത്രം. യേശു വീണ്ടും വരണമെങ്കിൽ യെറുശലേമിൽ ഒരു ദേവാലയം വേണം. ആലയമില്ലാതെ യേശു വീണ്ടും വരില്ലെന്നു ‍ഡാർബി മനസ്സിലാക്കി. ദേവാലയം വീണ്ടും പണിയപ്പെടേണം എങ്കിൽ യഹൂദ ന്മാരുടെ ഒരു രാജ്യം പലസ്‍തീൻ ദേശത്തു് രൂപപ്പെടുത്തണം. അതിനുള്ള കരുനീക്കങ്ങളാണ് പിന്നീടു നടന്നതു്.

ഡാർബിയുടെ ശിഷ്യന്മാരിൽ ചിലർ ബ്രിട്ടീഷ് ഭരണ കൂടത്തിലെ ഉന്നതരായിരുന്നു. അവരിൽ ഒരാളായിരുന്നു ബാൽഫർ പ്രഭു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് ഇസ്രായേൽ എന്ന ആധുനിക രാജ്യം രൂപപ്പെടുത്താനുള്ള “ബാൽഫർ പ്രഖ്യാപനം” ഉടലെടുത്തതു്. അവിടുന്നു ഇങ്ങോട്ടുള്ള ചരിത്രം അങ്ങേക്ക് അറിയാം. തെറ്റായ വേദ വ്യാഖ്യാനത്തിൽ നിന്നു രുപം കൊണ്ട അബദ്ധങ്ങളുടെ ഒരു പരമ്പരയ്‍ക്കാണു് ചരിത്രം സാക്ഷിയായതു്!

‍ഡാർബിയുടെ ദുരുപദേശത്തെ കുറിച്ചു് ഒന്നും അറിയാത്ത ലോക മനുഷ്യൎക്കു പോലും ഒരു കാൎയ്യം അറിയാം. കഴിഞ്ഞ 70ൽ പരം വൎഷങ്ങളായി പലസ്തീൻ നാട്ടിൽ യഹൂദർ നടത്തി വരുന്ന അന്യായവും അക്രമവും കൊലയും കൊള്ളിവെയ്‍പ്പും സത്യ ദൈവത്തിലുള്ള വിശ്വാസത്തിനു നിരക്കുന്നതല്ല.

ക്രിസ്തു എന്ന പൊരുളിനെ തിരിച്ചറിയാത്ത അവിശ്വാസികളായ യഹൂദർ വെറും നിഴലായ ഒരു തുണ്ടു ഭൂമി കൈവശമാക്കുവാൻ കാണിക്കുന്ന പേക്കൂത്തുകൾക്കു് ക്രിസ്ത്യാനികൾ കൂട്ടു നിൽക്കരുതായിരുന്നു.

യഹൂദനു ഏറ്റവും അത്യാവശ്യമായി ലഭിക്കേണ്ടതു് ഭൂമിയിൽ ഒരു സ്വന്തം രാജ്യമല്ല—യേശുക്രിസ്തുവിലൂടെയുള്ള നിത്യ രാജ്യമാണ്. യഹൂദർ എത്രയോ രാജ്യങ്ങളിൽ ചിതറി പാൎക്കുന്നു. അമേരിക്കയിലുള്ള പല ധനികരായ യഹൂദരും പലസ്തീനിലേക്ക് ചേക്കേറുവാൻ വിസമ്മതിക്കുന്നു. യഹൂദർ എവിടെല്ലാം ചിതറി പാൎത്താലും യേശു ക്രിസ്തുവിലൂടെ സ്വൎഗ്ഗീയമായ കനാനിലേക്കാണ് അവർ പര്യടനം നടത്തുന്നതെങ്കിൽ അവർ സുരക്ഷിതരാണ്. നേരെ മറിച്ചു് യേശുക്രിസ്തുവിനെ കൂടാതെ അവൎക്കു സ്വന്തമായ ഒരു രാജ്യമുണ്ടായിട്ട് എന്തു പ്രയോജനം?

യേശുവിനെ കൂടാതെ യഹൂദനു രക്ഷയില്ല. “അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ട് ഉണ്ട് എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുത്; ഈ കല്ലുകളിൽ നിന്ന് അബ്രാഹാമിനു മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും” എന്നു സ്നാപക യോഹന്നാൻ പറഞ്ഞതു് നാം വിസ്മരിക്കരുതല്ലോ.

സുവിശേഷമാണ് യഹൂദൎക്കാവശ്യം. അതു് അവൎക്കു കൊടുക്കുവാൻ മനസ്സില്ലാത്ത ക്രിസ്ത്യാനി യഹൂദർക്കു് ഇന്നു കോടാനുകോടി ഡോളർ നൽകുന്നു. അതുപയോഗിച്ചു് യഹൂദർ അവരുടെ ആയുധപ്പുര നിറക്കുന്നു. സുവിശേഷ വേലയ്‍ക്കു പോകേണ്ട ഡോളറാണ് ആയുധ മാഫിയയിലേക്കു് ഒഴുക്കുന്നതു്.

അതു കൊണ്ടു്, പാസ്റ്റർ സുവിശേഷം പറയുമ്പോൾ ആധുനിക ഇസ്രയേൽ രാജ്യത്തെ കുറിച്ചോ അവരുടെ യുദ്ധ പരാക്രമങ്ങളെ കുറിച്ചോ ദയവു് ചെയ്തു പറയരുതു്. യേശുവിൽ വിശ്വസിക്കുവാൻ സാധ്യതയുള്ളവർ പോലും അകന്നു പോകും.

കൎത്താവായ യേശുക്രിസ്തു പാസ്റ്ററെ ധാരാളമായി ശക്തീകരിച്ചു് അനുഗ്രഹിക്കട്ടെ എന്ന പ്രാൎത്ഥനയോടെ, ക്രിസ്തുവിൽ എളിയ സഹോദരൻ ഫിലിപ്പ് ഈപ്പൻ


കൂടുതൽ അറിയുവാൻ, വായിക്കുക:

James Stuart Russel, The Parousia
William S Urmy, Christ Came Again
Stephen Sizer, Christian Zionism
Miko Peled, The General’s Son
General’s Son: Watch Video

 

 


ലേഖകനെ കുറിച്ച് …

പരിസ്ഥിതി ശാസ്‍ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫിലിപ്പ് ഈപ്പൻ ഗവേഷണ വിദ്യാൎത്ഥിയായിരിക്കുമ്പോൾ യേശു ക്രിസ്‍തുവിന്റെ സദ്വൎത്തമാനം മറ്റുള്ളവരോടു് പങ്കുവക്കുന്ന ദൗത്യത്തിനായി തന്റെ ജീവിതം സമൎപ്പിച്ചു. മറ്റേതിനാക്കാളും ലോകത്തിനു് യേശു ക്രിസ്‍തുവിനെയാണ് ആവശ്യം എന്ന ബോധ്യം തന്നെ ഭരിച്ചതുകൊണ്ടാണു് അപ്രകാരം ചെയ്‍തതു്. ആ ദൗത്യം നിറവേറ്റുന്നതിനോടൊപ്പം ബൈബിൾ പഠിക്കുവാൻ ക്രിസ്‍തു ശിഷ്യരെ സഹായിച്ചു പോരുന്നു. വായനാക്കാരുടെ സംഭാവനകൾ തന്റെ പ്രവൎത്തനങ്ങൾക്കു് സഹായകരമാണു്. ഡോ. ജെസ്സിമോളാണു് ഭാൎയ്യ. അവൎക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയിമുണ്ടു്.

Feb 20, 2022

 

Tweet

 

Twitter YouTube PayTM PayPal

 

BACK |  TOP |  INDEX |  HOME
ABOUT |  CONTACT |  SUPPORT |  SITE MAP |