യേശുവിന്റെ വാഗ്ദത്തവും ഡാർബിയുടെ അടവുകളും

ഫിലിപ്പ് ഈപ്പൻ


മഹാമാരികളും പ്രകൃതി ദുരന്തങ്ങളും പെരുകുന്ന ഈ കാലത്ത് നാം സാധാരണ കേൾക്കുന്ന ഒരു സന്ദേശമാണ്: “ഏതു സമയത്തും കൎത്താവിന്റെ വരവ് സംഭവിക്കാം.” അത് എത്രമാത്രം ശരിയാണ്?


മരണം ഏത് സമയത്തും സംഭവിക്കാം. പക്ഷേ, കൎത്താവിന്റെ രണ്ടാം വരവു് സംഭവിക്കണമെങ്കിൽ ചില വ്യവസ്ഥകളുണ്ടു്. അവ നിറവേറണം. അവയിൽ ചിലത് ഇവയാണ്:

1. വ്യാപകമായ വിശ്വാസത്യാഗം സംഭവിക്കണം; അധൎമമൂൎത്തി വെളിപ്പെടണം

എത്രയോ ദശകങ്ങളായി നാം കേൾക്കുന്നു: “യേശുവിന്റെ രഹസ്യ വരവിങ്കൽ അവന്റെ മണവാട്ടി സഭ എടുക്കപ്പെടും. അതിനുശേഷം അധൎമമൂൎത്തിയായ എതിർക്രിസ്‍തു വെളിപ്പെടും. ഇവിടെ ശേഷിച്ചിരിക്കുന്ന മാനവരെല്ലാം മഹാപീഢനത്തിലൂടെ കടന്നുപോകും. സഭ അതിലൂടെ കടന്നു പോകുവാൻ ദൈവം സമ്മതിക്കുകയില്ല.” അപ്പച്ചന്മാർ പറഞ്ഞതെല്ലാം അവരുടെ കീഴിൽ പഠിച്ച കൊച്ചു പാസ്റ്റ‍ർമാരും ഉപദേശിമാരും ഏറ്റുപാടി. വചനത്തിൽ അങ്ങനെ തന്നെയോ എഴുതിയിരിക്കുന്നത് എന്ന് പരിശോധിക്കുവാൻ പലരും തുനിഞ്ഞില്ല. ഒരു കാലത്ത് സത്യത്തിനുവേണ്ടി എന്ത് വിലയും കൊടുക്കും എന്നുറച്ചവർക്ക് ഇന്ന് അൽപ്പം അസത്യം സേവിച്ചില്ലെങ്കിൽ ഉറക്കം വരാത്ത അവസ്ഥയായി.

വചനം പറയുന്നത് ശ്രദ്ധിക്കുക:

“സഹോദരരേ, നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തെക്കുറിച്ചും അവിടുത്തോടുകൂടി നാം ഒരുമിച്ചു ചേൎക്കപ്പെടുന്നതിനെക്കുറിച്ചും ഞാൻ എഴുതട്ടെ: …. ആ ദിവസം വന്നു ചേരുന്നതിനു മുമ്പ് അനവധിയാളുകൾ ദൈവ വിശ്വാസം ത്യജിക്കും; നാശത്തിന്റെ സന്തതിയായ അധൎമമൂൎത്തി പ്രത്യക്ഷപ്പെടും; ദൈവം എന്നു വിളിക്കപ്പെടുകയോ പൂജിക്കപ്പെടുകയോ ചെയ്യുന്ന ഏതിനെയും അവൻ എതിൎക്കും; എല്ലാറ്റിനും ഉപരി താൻ ദൈവമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ദേവാലയത്തിൽ തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും.” (2തെസ്സ 2:1‭, ‬3‭-‬4 BSI)

“ആ ദിവസം …” ഏത് ദിവസമാണ്?

“അതു കൎത്താവിന്റെ മഹത്വ പ്രത്യക്ഷതയെ കുറിച്ചാണ്!” എന്ന കേട്ട് മടുത്തു. പൗലുസ് എന്താണ് പരിശുദ്ധാത്മ പ്രേരണയാൽ എഴുതിയത്?

“സഹോദരരേ, നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പ്രത്യാഗമനത്തെക്കുറിച്ചും അവിടുത്തോടുകൂടി നാം ഒരുമിച്ചു ചേൎക്കപ്പെടുന്നതിനെക്കുറിച്ചും ഞാൻ എഴുതട്ടെ …” അതിന്റെ അൎത്ഥം 2തെസ്സ രണ്ടാം അദ്ധ്യായത്തിൽ കാണുന്ന “ദിവസവും” 1തെസ്സ 4:16-18ൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടക്കുന്ന “ദിവസവും” ഒന്നു തന്നെ. ഇത്രയും തെളിച്ച് എഴുതിയിരിക്കുന്നത് വായിച്ചാല്‍ മനസ്സിലാക്കാൻ കഴിയാത്തവരാണോ നാം?

ആ ദിവസം വന്നു ചേരുന്നതിനു മുമ്പ് അധൎമമൂൎത്തി പ്രത്യക്ഷപ്പെടും എന്നാണ് തിരുവചനം പറയുന്നത്. എഴുതാപ്പുറം വായിക്കുരുത്.

അധൎമമൂൎത്തിയെ കുറിച്ച് ഒരുപാട് കഥകൾ ഞാൻ ഇതിനകം കേട്ട് കഴിഞ്ഞു. മാർ പാപ്പ, സദ്ദാം ഹുസ്സൈൻ, എന്നു തുടങ്ങി എത്രയോ പേരെ കുറിച്ച് കണ്‍വൻഷനുകളിൽ അപവാദം നാം കേട്ടു. ഇപ്പോൾ നമ്മുടെ അബദ്ധങ്ങൾ എല്ലാവരുടെയും മുന്നിൽ വിളമ്പുവാൻ ടെലിവിഷൻ എന്ന മാധ്യമവും ഉണ്ട്. അതിനു വേണ്ടി മുടക്കുവാൻ പണവുമുണ്ട്.

ഇത്രയും പറഞ്ഞിന്റെ സാരം ഇതാണ് – പൗലുസ് വിവരിച്ചിരിക്കുന്നതു പോലെയുള്ള ഒരു “അധൎമമൂൎത്തി”യെ കാണിച്ചു തരുവാൻ പറ്റാത്തിടത്തോളം “കൎത്താവിന്റെ വരവ് ഏത് നിമിഷവും സംഭവിക്കും” എന്ന് പറയാതിരിക്കുക.

2. യെരുശലേമിൽ രണ്ടാമത്തെ യഹൂദ ദേവാലയം ഉണ്ടായിരിക്കേണം

യെരുശലേമിൽ രണ്ടാമതു് നിൎമ്മിക്കപ്പെട്ട ദേവാലയം നിലനിന്നിരുന്നപ്പോൾ ആണ് പുതിയ നിയമം എഴുതപ്പെട്ടത്. രണ്ടാമത്തെ ആലയത്തിന്റെ തകൎച്ചയുമായി ബന്ധിപ്പിച്ചാണ് യേശു തന്റെ രണ്ടാം വരവിനെകുറിച്ചു് പഠിപ്പിച്ചത്. രണ്ടാമത്തെ ആലയവും തകൎക്കപ്പെടും എന്നു യേശു പ്രവചിച്ചപ്പോൾ “അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ഈ കാലഘട്ടത്തിന്റെ അവസാനത്തിന്നും (end of the age) അടയാളം എന്തു എന്നും പറഞ്ഞു തരേണം” എന്നു ശിഷ്യന്മാർ അപേക്ഷിച്ചു. (മത്തായി 24, ലൂക്കാസ് 21 കാണുക).

അതായതു് ആലയത്തിന്റെ തകൎച്ച സംഭവിക്കുമ്പോൾ രണ്ടാം വരവും അതിനോടനുബന്ധിച്ചു് സംഭവിച്ചിരിക്കും എന്നാണ് അവർ മനസ്സിലാക്കിയതു്. യേശു അവരെ തിരുത്തിയില്ല. മറിച്ചു് ആ കാലത്ത് സംഭവിപ്പാനുള്ള അടയാളങ്ങൾ താൻ അവൎക്കു പറഞ്ഞു കൊടുത്തു. “അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.” അതെല്ലാം ആ തലമുറയിൽ തന്നെ നിറവേറും എന്ന് കൎത്താവ് തറപ്പിച്ച് പറഞ്ഞു.

“മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; … മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” — മത്തായി 16.27-28; 24:34 കാണുക.

അതുകൊണ്ടാണ് കൎത്താവിന്റെ വരവ് അവരുടെ കാലത്ത് തന്നെ സംഭവിക്കും എന്ന് ആദിമ സഭ കരുതി കാത്തിരുന്നത്.

യേശുവിന്റെ രണ്ടാം വരവ് രണ്ടാമത്തെ ദേവാലയവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നു പറയാൻ വേറെയും കാരണങ്ങൾ ഉണ്ട്. ദാനിയേലിനു ദൈവം കൊടുത്ത വെളിപ്പാട് അതിൽ പ്രധാനപ്പെട്ടതാണ്. യഹൂദർ ബാബിലോനിൽ പ്രവാസത്തിൽ ആയിരുന്നപ്പോളാണ് ദൈവദൂതനെ ദാനിയേലിന്റെ അടുക്കൽ അയച്ചതു്. ദൈവം യഹൂദർക്ക് എഴുപതു് ആഴ്‍ചവട്ടം നിശ്‍ചയിച്ചിരിക്കുന്നു എന്നു വെളുപ്പെടുത്തി. യെരുശലേമിന്റെ പുനർനിമ്മാണത്തിനായുള്ള കൽപന രാജാവ് പുറപ്പെടുവിക്കുമ്പോൾ ആ കാലഘട്ടം ആരംഭിക്കും എന്നു ദൈവം പറഞ്ഞു. അറുപത്തിയൊന്പതു ആഴ്‍ചയുടെ അവസാനം മ്ശിഹാ കൊല്ലപ്പെടും. അതിനു ശേഷം വന്ന കാലത്തെയാണ് പുതിയ നിയമത്തിൽ അന്ത്യകാലം എന്നു് വിശേഷിപ്പിച്ചിരിക്കുന്നതു്. ലോകത്തിന്റെ അന്ത്യത്തെകുറിച്ചല്ല അതു്. യഹൂദനു് ദൈവം കണക്കാക്കിയ എഴുപതു് ആഴ്‍ചകൾ എന്ന കാലഘട്ടത്തിന്റെ അന്ത്യകാലമാണതു്.

അവസാനത്തെ ആഴ്‍ചയാണ് എഴുപതാം ആഴ്‍ച. അതിന്നായി അപ്പൊസ്‍തലന്മാർ കാത്തിരുന്നു. അതിന്റെ അവസാനം യെരുശലേം നഗരവും അതിലെ ആലയവും നശിപ്പിക്കപ്പെടും എന്നു ദൈവം ദാനിയേലിനോടു് പറഞ്ഞു (9.26). ദാനിയേൽ ആ ദർശനം പ്രാപിച്ചപ്പോൾ യെരുശലേം നഗരം ശൂന്യമായിരുന്നു; അന്ന് ശലോമോന്റെ ആലയവുമില്ല. രണ്ടാമതൊരു ആലയം പണിയപ്പെടും എന്നാണ് ദൈവം ഉദ്ദേശിച്ചതു്. ആ രണ്ടാം ആലയം എഴുപതാം ആഴ്‍ചയുടെ അന്ത്യത്തിൽ തകൎക്കപ്പെടും എന്നു ദൈവം ദാനിയേലിനോടു് പറഞ്ഞു. അതു് ക്രി. 70ൽ സംഭവിച്ചു. എഴുപതാം ആഴ്‍ച ഇതുവരെ കഴിഞ്ഞില്ല എന്നു് പല ക്രിസ്‍ത്യാനികളും തെറ്റായി ചിന്തിക്കുന്നതു കൊണ്ടാണ് മുന്നാമത് ഒരു ആലയം പണിയപ്പെട്ടാലെങ്കിലും എഴുപതാം ആഴ്‍ച നിറവേറ്റപ്പെടും എന്നവർ വ്യൎത്ഥമായ് നിരൂപിക്കുന്നതു്.

ഇനി മലാഖി പ്രവചനത്തിലെ ഒരു സുപ്രധാന ഭാഗം ശ്രദ്ധിക്കാം. മലാഖി 3:1-2 ൽ യഹൂദർ കാത്തിരുന്ന മിശ്ശിഹ അന്നു് നില നിന്നിരുന്ന രണ്ടാമത്തെ ആലയത്തിലേക്ക് പെട്ടെന്ന് വന്ന് യഹൂദന്റെമേൽ ന്യായവിധി നടപ്പാക്കും എന്ന് എഴുതിയിരിക്കുന്നു. വാസ്തവത്തിൽ “മേഘങ്ങളിൽ വരും” എന്ന ആലങ്കാരിക ഭാഷയുടെ അൎത്ഥം തന്നെ യേശു തന്റെ ന്യായവിധി നടപ്പാക്കും എന്നാണ്. അതിന് മുന്നോടിയായി അവനു വേണ്ടി വഴി ഒരുക്കേണ്ട സ്നാപകനെ കുറിച്ചും അവിടെ പറയുന്നു.

“എനിക്കു മുമ്പായി വഴി നിരത്തേണ്ടതിനു ഞാൻ എന്റെ ദൂതനെ അയയ്ക്കുന്നു.

“നിങ്ങൾ അന്വേഷിക്കുന്ന കൎത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമ ദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ അവൻ വരുന്ന ദിവസത്തെ ആൎക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും? അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും.” മലാഖി 3:1‭-‬2

എന്നാൽ ഇവിടെ നാം വായിച്ചതു് പോലെ സ്നാപക യോഹന്നാന്റെ പിന്നാലെ വന്ന യേശു ന്യായവിധി ഒന്നും നടപ്പാക്കിയില്ല, ആലയം തകൎത്തതുമില്ല. ഒരു മുന്നറിയിപ്പ് എന്ന പോലെ യേശു ചാട്ടവാറെടുത്ത് ആ രണ്ടാം ആലയം ശുദ്ധീകരിച്ചു എന്നു മാത്രം. അപ്പോൾ പിന്നെ മലാഖിയുടെ പ്രവചനം യേശുവിന്റെ രണ്ടാം വരവിനെ കുറിച്ചായിരിക്കണം. ആദ്യ വരവിനു ശേഷം അധികം കാല താമസമില്ലാതെ രണ്ടാം വരവും നടക്കും എന്നതു കൊണ്ടാണ് യോഹന്നാൻ തന്റെ ന്യായവിധിക്കു വേണ്ടി വഴി ഒരുക്കുന്നതിനെ പറ്റി പറഞ്ഞിരിക്കുന്നത്.

ആദ്യത്തെ വരവില്‍ വൃക്ഷത്തിനു ചുവട്ടില്‍ കോടാലി വച്ചിരിക്കുന്നു എന്ന് യഹൂദർക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. ക്രി. 70ൽ ആ “കോടാലി” ദൈവം ഉപയോഗിക്കുവാൻ കൈയ്യിൽ എടുത്തു. ആ ന്യായവിധി സംഭവിക്കും മുമ്പ് ക്രിസ്തീയ വിശ്വാസികൾ ലൂക്കോസ് 21:20-22ൽ യേശു പറഞ്ഞ വാക്കുകൾ ഓൎത്തതുകൊണ്ട് ഓടി രക്ഷപെട്ടു.

“സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ. അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടു പോകട്ടെ; നാട്ടുമ്പുറങ്ങളിലുള്ളവർ അതിൽ [യെരുശലേമിൽ] കടക്കരുത്.” (ലൂക്കൊസ് 21:20‭-‬21)

സൈന്യം ആദ്യം വരുന്നത് കണ്ടപ്പോൾ ക്രിസ്ത്യാനികൾ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് ഓടി രക്ഷപെട്ടു. സൈന്യം യെരുശലേമിൽ നിന്നു് ഒരു കാരണവും കൂടാതെ മടങ്ങി പോയി. ജൊസീഫസ് എഴുതിയ ചരിത്രം വായിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാം.

അതിനു ശേഷം ആരും പ്രതീക്ഷിക്കാത്ത നാളിൽ റോമൻ സൈന്യം വീണ്ടും വന്നു ചില മാസങ്ങൾ ആ പട്ടണത്തെ വളഞ്ഞു തമ്പടിച്ചു. യെരുശലേമിന്റെ ജനസംഖ്യയുടെ അഞ്ചിരട്ടി ജനം പട്ടണത്തിൽ പെട്ടുപോയി. സൈന്യം അവരെ വളഞ്ഞിരുന്നതു കൊണ്ട് ഉൽസവത്തിനു തടിച്ചു കൂടിയ യഹൂദരെല്ലാം പട്ടണത്തിൽ നിന്നു പുറത്തു പോകാൻ കഴിയാതെ വിശപ്പും പൈദാഹവും സഹിച്ചു, നരകയാതന അനുഭവിച്ചു. അമ്മമാര്‍ കുട്ടികളെ കൊന്നു തിന്നു. ക്രി. 70ൽ യേശു പറഞ്ഞതുപോലെ രണ്ടാം ആലയം ചുട്ട് തകൎക്കപ്പെട്ടു. യെരുശലേം നഗരം തകര്‍ക്കപ്പെട്ടു. യഹൂദർ കൂട്ടത്തോടെ കൊല്ലപ്പെട്ടു. ക്രി. 63ൽ പണി പൂൎത്തിയാക്കപ്പെട്ട ആ യഹൂദ ദേവാലയം നിലനിന്നത് വെറും 7 വൎഷം മാത്രം. (ദാനിയേലിന്റെ എഴുപതാം ആഴ്ചവട്ടം അന്വേഷിച്ച് വലയുന്നവർ ആരെങ്കിലുമുണ്ടോ?) ആ ഏഴു വര്‍ഷത്തിന്റെ മധ്യത്തിലാണ് മൂന്നര വര്‍ഷം നീണ്ടു നിന്ന യുദ്ധങ്ങളും പീഢകളും ആരംഭിച്ചത്. അതിന്റെ അവസാനം രണ്ടാം ആലയം തകൎക്കപ്പെട്ടു!

ക്രി. 70ൽ യേശുവാണ് വാസ്തവത്തിൽ പട്ടണത്തിന്മേലും ആലയത്തിന്മേലും ന്യായവിധി നടപ്പാക്കിയത് എന്ന് മലാഖി 3:1-3ൽ നിന്ന് നാം മനസ്സിലാക്കുന്നു. കൂടാതെ തന്റെ ന്യായ വിസ്‍താരത്തിനിടയിൽ യേശു മഹാപുരോഹിതനു ഒരു മുന്നറിയിപ്പ് കൊടുത്തിരുന്നു.

യേശു മഹാപുരോഹിതനോടു: “… ഇനി മനുഷ്യപുത്രൻ സൎവ്വ ശക്തന്റെ വലത്തു ഭാഗത്തു ഇരിക്കുന്നതും ആകാശ മേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും.” – മത്തായി 26:64

ഇതുകൊണ്ട് യേശു എന്താണ് അൎത്ഥമാക്കിയത്? ദാനിയേൽ പ്രവചനത്തിൽ 7:13-14ൽ കാണുന്ന “മനുഷ്യപുത്രൻ” താൻ തന്നെയാണ് എന്നാണ് യേശു അവകാശപ്പെട്ടത്.

“രാത്രിദൎശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.” – ദാനിയേൽ 7:13

സ്വൎഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് യാത്ര ചെയ്യുന്ന മനുഷ്യപുത്രനെയല്ല നാം അവിടെ കാണുന്നത്. മറിച്ച് സ്വൎഗ്ഗത്തിലേക്കാണ് – ദൈവത്തിന്റെ മുന്നിലേക്കാണ് – മനുഷ്യപുത്രൻ മേഘാരൂഢനായി കയറി ചെല്ലുന്നത്. (BSI മലയാളം ബൈബിളിൽ ദൈവത്തെ “വയോധികൻ” എന്നാണ് പറഞ്ഞിരിക്കുന്നത്!) “മേഘങ്ങളിൽ വന്നു” എന്ന് പറഞ്ഞാൽ അധികാരം പ്രാപിച്ചു വന്നു എന്നൎത്ഥം. അതിനെകുറിച്ച് ദാനിയേൽ എഴുതിയത് ശ്രദ്ധിക്കുക:

“സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” – ദാനിയേൽ 7:14

ഉയിർത്തെഴുന്നേറ്റ യേശു സ്വൎഗ്ഗത്തിലേക്ക് കയറി പോയി പിതാവിൽനിന്ന് അധികാരം ഏറ്റുവാങ്ങുന്ന ചിത്രമാണ് നാം ദാനിയേൽ 7:13-14ൽ കാണുന്നത്. അതിനു ശേഷമായിരിക്കണം യേശു തന്റെ ശിഷ്യന്മാരോട്, “സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞത്. ആ അധികാരം താൻ തെളിയിക്കുന്നത് മഹാപുരോഹിതരും കൂട്ടരും കാണും എന്നാണ് യേശു മഹാപുരോഹിനോട് പറഞ്ഞത്. അത് തെളിയിച്ചത് യെരുശലേമിന്റെ മേൽ ന്യായവിധി നടപ്പാക്കി കൊണ്ടായിരുന്നു.


ക്രി. 66 മുതൽ 70 വരെയുള്ള സംഭവങ്ങളെക്കുറിച്ച് പുതിയ നിയമത്തിൽ നാം വായിക്കുന്നില്ല. അത് സംഭവിക്കും മുമ്പേ പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും എഴുതപ്പെട്ടിരുന്നു. അതുകൊണ്ടാണ് യെരുശലേം ദേവാലയത്തിന്റെ തകൎച്ച പോലൊരു വലിയ സംഭവത്തെ കുറിച്ച് പുതിയ നിയമ ഗ്രന്ഥകൎത്താക്കളാരും തന്നെ എഴുതാതിരുന്നത്. അത് തിരിച്ചറിയാത്തത് നമ്മുടെ ഒരു വലിയ പരാജയം തന്നെ. പുതിയ നിയമത്തിൽ ഈ സംഭവങ്ങൾ നടന്നതായി പറയാത്തതുകൊണ്ട് യഹൂദ്യ എന്ന രാജ്യത്തിന്റെ ചുവട്ടിൽ ദൈവം വച്ചിട്ട് പോയ ന്യായവിധിയുടെ കോടാലിയെ കുറിച്ച് നാം മറന്നു. അപ്പൊസ്തലരുടെ പ്രവൃത്തിയിലേക്കും ലേഖനങ്ങളിലേക്കും പ്രവേശിച്ചു കഴിഞ്ഞാൽ സുവിശേഷ ഘോഷണവും സഭാ വളൎച്ചയുമാണ് നമ്മുടെ മനസ്സിൽ. പക്ഷേ ദൈവം ആ ന്യായവിധി നടപ്പാക്കുവാൻ മറന്നില്ല.

യേശുവിനെ വരുത്തുവാനുള്ള മാനുഷീക ശ്രമങ്ങൾ

യേശുവിന്റെ രണ്ടാം വരവ് ഭാവിയിൽ സംഭവിക്കുവാനുള്ള ഒരു കാര്യമാണ് എന്ന് ഇന്നാരെങ്കിലും പറഞ്ഞാല്‍ അവർ ആ യെരുശലേം ദേവാലയം വീണ്ടും പണിയേണ്ടി വരും. അവിടെ ആലയം ഇല്ലെങ്കിൽ രണ്ടാം വരവ് സംഭവിക്കുകയില്ല! രണ്ടാമത്തെ ആലയത്തിനു പകരം മൂന്നാമതൊരു ആലയം പണിതാൽ പ്രവചനങ്ങൾ നിറവേറും എന്നാണ് ഇന്നത്തെ ക്രിസ്‍ത്യാനികളിൽ പലരും ചിന്തിക്കുന്നതു്! നിറവേറിയ പ്രവചനങ്ങൾ വീണ്ടും നിറവേറുമോ? മനുഷ്യർ തങ്ങളുടെ ഇഷ്‍ടത്തിനു വിറകു് കൂട്ടി ഇടുന്നിടത്തു് തീ ഇറക്കി ദൈവം അതിനെ ദഹിപ്പിക്കുമോ? കുറേ യഹൂദന്മാരെ കൂട്ടി ഒരു രാജ്യവും ഒരു ആലയവും നിർമ്മിച്ചാൽ അവരെയും അവരുടെ ആലയത്തെയും വീണ്ടും വീണ്ടും നശിപ്പിക്കുവാൻ ദൈവം സാഡിസ്റ്റ് അല്ല. ദൈവീക ന്യായവിധി മനുഷ്യന്റെ ഇഷ്‍ടത്തിനു ആവൎത്തിക്കപ്പെടുമോ? നമ്മുടെ ഈണത്തിനു് ദൈവത്തെകൊണ്ട് നൃത്തം ചവിട്ടിക്കാമോ?

ഏതായാലും ഒരു ദേവാലയം വേണമെങ്കിൽ കുറെ യഹൂദന്മാരെ ഒരുമിച്ചു കൂട്ടി “ഇസ്രായേല്‍” എന്ന ഒരു രാജ്യം സ്ഥാപിക്കേണം എന്നു ചിലർ ചിന്തിച്ചു. അറബികളുടേത് പോലെ ഇരുണ്ട നിറമുള്ള അബ്രഹാമിന്റെ സന്തതികളെ കിട്ടാനില്ലെങ്കില്വും കുഴപ്പമില്ല. പത്താം നൂറ്റാണ്ടിൽ യഹൂദ മതം സ്വീകരിച്ച കുറെ വെള്ളക്കാരുണ്ടല്ലോ യൂറോപ്പില്‍! അവരെ ഒരുമിച്ചു കൂട്ടിയാലും ഇസ്രായേല്‍ എന്ന രാജ്യം ഉണ്ടാക്കാം എന്നവർ ചിന്തിച്ചു.

ജോൺ ഡാർബിയും (1800-1882) കൂട്ടുകാരും ചേര്‍ന്ന് യേശുവിനു രണ്ടാം വരവ് സാധ്യമാക്കുവാൻ ഇസ്രായേല്‍ എന്ന രാജ്യം പുനഃസ്ഥാപിക്കുവാൻ കരുക്കൾ നിക്കി. (ഓരോ യുഗത്തിലും ദൈവം വ്യത്യസ്ഥമായ രീതിയില്‍ പെരുമാറുന്നു എന്ന ദുരുപദേശം മെനെഞ്ഞെടുത്തത് ഈ ഡാർബി തന്നെ.) ഡാർബിയുടെ ഉപദേശം സ്‍കോഫീൽഡ് ബൈബിളിൽ ഉൾപ്പെടുത്തിയിരുന്നു. ബ്രദർൺ സഭകൾ ലോകത്തെല്ലാം ആ ബൈബിൾ പ്രചരിപ്പിച്ചു. കേരളത്തിലും ബ്രദർൺ മിഷണറിമാർ ഈ ഉപദേശം ഇറക്കുമതി ചെയ്തു. പെന്തക്കൊസ്‍തുകാർ ആ ഉപദേശം അതേപടി വിഴുങ്ങി.

ദൈവത്തെ സഹായിക്കുവാൻ ഡാർബി ഇറങ്ങി പുറപ്പെട്ടതാണ്. തന്റെ അനുയായിയായ ബാൽഫർ പ്രഭു (Lord Balfour) എന്ന ഉന്നത ബ്രിട്ടീഷ ഉദ്യോഗസ്ഥന്‍ ഒരു പ്രഖ്യാപനം പുറപ്പെടുവിച്ചു. ബാൽഫർ ഡിക്ളറേഷന്റെ അടിസ്ഥാനത്തില്‍ വൎഷങ്ങൾക്ക് ശേഷം ഇസ്രായേല്‍ എന്ന രാജ്യം 1948ൽ സ്ഥാപിക്കപ്പെട്ടു. ഇതിനെല്ലാം അമേരിക്കൻ ക്രിസ്ത്യാനികൾ കോടികൾ മുടക്കി. 1948ൽ ഐക്യരാഷ്ട്ര സംഘടനയിൽ നടന്ന വോട്ടെടുപ്പിനു പിന്നിൽ നടമാടിയ കുതിരകച്ചവടം കണ്ടതായി പോലും ആരും നടിക്കുന്നില്ല.

ആയിരകണക്കിനു നിരപരാധികളായ പലസ്തീൻ നിവാസികളെ അവരുടെ സ്വന്തം വീടുകളില്‍ നിന്ന് ഇറക്കിവിട്ടു. സ്വന്തം നാട്ടിൽ അവർ അന്യരായി. എല്ലാ അന്താരാഷ്ട്ര ഉടമ്പടികളെയും കാറ്റില്‍ പറത്തി ഇസ്രായേല്‍ യുദ്ധങ്ങള്‍ നടത്തി, യുദ്ധകോപ്പുകൾ വാരികൂട്ടി. ക്രിസ്ത്യാനികൾ അതിനെല്ലാം കൂട്ടുനിന്നു.

“പുത്രനില്ലാത്തവനു പിതാവുമില്ല” എന്ന് ദൈവവചനം പറയുന്നെങ്കിലും യഹൂദർ ദൈവത്തിന്റെ സ്വന്തം ജനമാണെന്ന് വരുത്തിതീൎക്കുവാൻ ‍ഡാർബിയും കൂട്ടരും ശ്രമിച്ചു. അവിശ്വാസികളായ യഹൂദന്മാരെല്ലാം മറ്റേവരേയും പോലെ പിശാചിന്റെ മക്കള്‍ ആണെന്ന യേശുവിന്റെ വാക്കുകളെയും ക്രിസ്ത്യാനികൾ ഗൗനിച്ചില്ല. യഹൂദർ കാട്ടിയ എല്ലാം അതിക്രമവും ദൈവത്തിന്റെമേൽ കെട്ടിവച്ചു. ഇതു നിമിത്തം മുസ്ലിങ്ങളോട് സുവിശേഷം പറയുവാനുള്ള വാതിലടഞ്ഞിട്ടും ആഗോള സഭയ്ക്ക് ഒരു സങ്കടവുമില്ല. ഇനി ഒരു യഹൂദ ദേവാലയം കൂടി പണിത് കാണുവാൻ കണ്ണും നട്ടിരിക്കുകയാണ് ഇന്ന് പല ക്രിസ്ത്യാനികളും!

പക്ഷേ, ചില ചോദ്യങ്ങൾ അവശേഷിക്കുന്നു:

  1. ആലയം നശിപ്പിക്കപ്പെടും എന്ന് യേശു പ്രവചിച്ചതിനു ശേഷം, അത് പുതുക്കി പണിയപ്പെടും എന്ന് യേശുവോ അപ്പൊസ്തലന്മാരോ പറഞ്ഞിട്ടില്ല! യേശുവിന്റെ വാക്കുകൾ ഈ വിഷയത്തിൽ അന്തിമ തീൎപ്പായി നിലനിൽക്കുന്നു. വാസ്തവത്തിൽ, പഴയ നിയമത്തിന്റെ അടയാളമായ ആ ആലയം ഇല്ലാതാകണം എന്ന് ആദിമ സഭ ആഗ്രഹിച്ചു (“പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീൎണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.” ഏബ്ര 8:13)

  2. യേശു തന്റെ ന്യായവിധിയാൽ നശിപ്പിച്ച ആലയം പുതുക്കി പണിയപ്പെടേണം എന്ന് ക്രിസ്ത്യാനികൾ പറയാൻ പാടുണ്ടോ?

  3. ദൈവത്തിന്റെ കുഞ്ഞാടായി ഒരിക്കലായി പരമയാഗമായി തീൎന്ന യേശുവിനെ അവഹേളിക്കാതെ ആലയവും യാഗങ്ങളും എങ്ങനെ പുനഃസ്ഥാപിക്കും? അപ്രകാരത്തിലുള്ള അക്രൈസ്‍തവ പ്രവൃത്തികൾക്ക് ക്രിസ്ത്യാനികൾ കൂട്ടുനിൽക്കാമോ?

  4. ഒരു ആലയം യഹൂദർ വീണ്ടും നിൎമ്മിച്ചാൽ, യേശു വീണ്ടും വന്ന് AD 70ൽ ചെയ്തതുപോലെ അതിനെ വീണ്ടും തകൎക്കണം എന്നില്ല! കളി കൎത്താവിനോടോ? നാം വരയ്‍ക്കുന്ന വരയില്‍ അവൻ നിൽക്കുമോ?

  5. ഡോം ഓഫ് ദ റോക്ക് എന്ന ഒരു മുസ്ലിം പള്ളി പൊളിച്ച് ലോക മഹായുദ്ധം സൃഷ്ടിക്കാതെ എങ്ങനെ ആലയം പണിയും? ക്രിസ്ത്യാനികൾ യുദ്ധം ആഗ്രഹിക്കേണ്ടവർ ആണോ ?

വചനം വിശ്വസിക്കൂ!

ഇപ്രകാരം ഒരു രണ്ടാം വരവ് തരപ്പെടുത്തുന്നത് ഡാർബി വിചാരിച്ചതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല. ഒരേ ഒരു പോംവഴിയെ ഒള്ളൂ. മലാഖിയും, യേശുവും അപ്പൊസ്തലന്മാരും പറഞ്ഞത് വിശ്വസിക്കുക!

മത്തായി 24ൽ യേശു പറഞ്ഞത് എല്ലാം ആ തലമുറയിൽതന്നെ നിറവേറും എന്ന് യേശുവാണ് പറഞ്ഞത്. ആലയത്തെ പറ്റി പറഞ്ഞത് നിറവേറിയെങ്കിൽ, മറ്റെല്ലാം നിറവേറി.

“ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.” (മത്തായി 24:34‭-‬35)

ശിഷ്യന്മാരിൽ ചിലർ അന്നു വരെ ജീവിച്ചിരിക്കും എന്ന് യേശു പറഞ്ഞു.

“മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്ത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 10:23, 16:27-28).

ചിലർ പറയും യേശു ആ പറഞ്ഞത് മറുരൂപ മലയിൽ നിറവേറിയെന്ന്! രണ്ടാം വരവ് അവിടെ നിറവേറിയെങ്കിൽ പിന്നെ എന്തുകൊണ്ട് വേറൊന്നിനായി കാത്തിരിക്കുന്നൂ?

ചിലര്‍ പ്രവചനഭാഷ മനസ്സിലാക്കാതെ ലോകാവസാനത്തിന്നായി കാത്തിരിക്കുകയാണ്. സൂൎയ്യൻ ഇരുണ്ടു പോകുമത്രേ! സൂൎയ്യൻ, ചന്ത്രൻ, നക്ഷത്രങ്ങൾ എന്നിവ പ്രവചന ഭാഷയിൽ ഭരണകൂടങ്ങളെ കുറിക്കുന്നു. മറ്റ് സാമൃാജ്യങ്ങളുടെ പതനത്തെകുറിച്ചും ഈ അലങ്കാര ഭാഷ പ്രവാചകന്മാർ നേരത്തെ ഉപയോഗിച്ചിട്ടുണ്ട്. യുഗാവസാനത്തെ കുറിച്ചാണ് യേശു പറഞ്ഞത്. ലോകാവസാനത്തെ കുറിച്ചല്ല. യഹൂദന്റെ ആ യുഗം അവസാനിക്കും വരെ യേശു തന്റെ ശിഷ്യരോടൊപ്പം കാണും എന്ന് അവൻ വാക്ക് നൽകിയിരുന്നു. (മത്തായി 28:20)

താൻ വേഗം വരുന്നു എന്ന് യേശുക്രിസ്‍തു പലവട്ടം പറഞ്ഞു. വേഗം എന്ന് വച്ചാല്‍ വേഗം എന്നൎത്ഥം. ദൈവം സമയത്തിന് അതീതനാണ് എന്ന് പത്രോസ് പറയുന്നു. ദൈവത്തിന്ന് ഒരു ദിവസം ആയിരം വൎഷങ്ങൾ പോലെയും ആയിരം വൎഷങ്ങൾ ഒരു ദിവസം പോലെയാണ്. ദൈവം സമയത്തിന് അതീതനാണ് എന്നൎത്ഥം. എങ്കിലും അതേ വേദഭാഗത്തിൽ തന്നെ പത്രോസ് എഴുതി: “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കൎത്താവ് തന്റെ വാഗ്ദത്തം നിവൎത്തിപ്പാൻ താമസിക്കുന്നില്ല.” (2പത്രൊസ് 3:9) ഈ വാക്യം നമ്മുടെ ശ്രദ്ധയിൽ പെടുന്നില്ല. നിത്യനായ ദൈവത്തെ പറ്റി പത്രൊസ് പറഞ്ഞ ഒരു വാക്യം ദുരുപയോഗിച്ച് ആയിരം വൎഷങ്ങളുടെ കണക്കും പറഞ്ഞ് യേശുവിന്റെ വരവും കാത്തിരിക്കുകയാണ് ഇന്ന് നാം!

ആ തലമുറിയിൽ തന്നെ താൻ മടങ്ങി വരും എന്ന് വ്യക്തമായി ക്രിസ്‍തു പറഞ്ഞിട്ടും തന്റെ വാക്കുകൾക്ക് ക്രിസ്ത്യാനികൾ വില കൽപ്പിക്കാത്തത് എന്തുകൊണ്ട്? നിരീശ്വരവാദിയായ ബെർണാട് ഷായ്‍ക്ക് യേശു പറഞ്ഞത് മനസ്സിലായി. അതുകൊണ്ടാണ് യേശുവിന് രണ്ടാം വരവിന്റെ സമയത്തെ കുറിച്ചുള്ള പ്രവചനത്തിൽ തെറ്റു പറ്റി എന്ന് അദ്ദേഹം ആക്ഷേപിച്ചത്.

നമ്മിൽ പലരും യേശുവിന് തെറ്റ് പറ്റിയെന്ന് പറഞ്ഞില്ലെങ്കിലും യേശുവിനെ കള്ളനാക്കുന്ന രീതിയിലാണ് നമ്മുടെ പെരുമാറ്റം. യേശുവിനെ കള്ളനായി ചിത്രീകരിച്ചാലും കുഴപ്പമില്ല, നമ്മുടെ അഥവാ നമ്മുടെ സംഘടനയുടെ ഉപദേശമാണ് സത്യം എന്നാണ് പലരുടെയും നിലപാട്. എന്നിട്ടും നാം അഭിമാനിക്കും - “വചനം പറയുന്നത് എന്തും ഞാൻ വിശ്വസിക്കും. യോന തിമിങ്കലത്തെ വിഴുങ്ങി എന്ന് കണ്ടാൽ അതും വിശ്വസിക്കും.” യേശു തന്റെ വരവിനെകുറിച്ചു പറഞ്ഞത് ഒഴിച്ച് എന്തും വിശ്വസിക്കുന്ന ക്രിസ്‍ത്യാനികൾ!

ആദിമ സഭ അന്ത്യ കാലത്തിലാണ് ജീവിക്കുന്നത് എന്ന് അപ്പൊസ്തലന്മാരും സഭയും വിശ്വസിച്ചു. യേശുവിന്റെ പ്രത്യക്ഷതയിൽ അവർ ജീവനോടെ രൂപാന്തരം പ്രാപിക്കും എന്ന് അവർ വിശ്വസിച്ചു. ആ നാൾ സമീപിച്ചിരിക്കുന്നു എന്ന് കരുതിയതുകൊണ്ടാണ് സഭായോഗങ്ങളെ ഉപേക്ഷയായി വിചാരിക്കരുത് എന്ന് ഏബ്രായ ലേഖന കൎത്താവ് എഴുതിയത്. (ഏബ്ര 10:25) “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;” (10:37) എന്ന് താൻ രേഖപ്പെടുത്തി. ആ വാക്കുകൾക്ക് അൎത്ഥമുണ്ട്. ആ അൎത്ഥം മനസിലാക്കിയാണ് താൻ എഴുതിയത്.

“ന്യായാധിപതി വാതിൽക്കൽ നിൽക്കുന്നു” എന്ന് യാക്കോബ് എഴുതി. കൂലി കിട്ടാതെ കഷ്ടപ്പെട്ട തൊഴിലാളികളായ വിശ്വാസികളെ ബലപ്പെടുത്തുവാനാണ് അത് എഴുതിയത്. (5:9) അൽപ്പ സമയം കൂടെ കാത്തിരിക്കൂ. കൎത്താവ് ഇതാ വരുന്നു, എന്നാണ് പറഞ്ഞതിന്റെ സാരം. അല്ലാതെ നൂറ്റാണ്ടുകളോളം കാത്തിരിക്കൂ എന്നല്ല.

യേശുവിനും അപ്പൊസ്തലന്മാൎക്കും തെറ്റു പറ്റിയോ? ഇല്ല. ഒരിക്കലും ഇല്ല! ചെവിയുള്ളവൻ കേൾകട്ടെ. അല്ലാത്തവരോട് ഒരു അഭ്യൎത്ഥനയുണ്ട്. യേശു തന്റെ വാക്ക് ഇതുവരെ പാലിച്ചിട്ടില്ല എന്നും യേശു ക്രിസ്‍തുവിന്റെ വരവ് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നും വിശ്വസിക്കുന്നവർ ദയവ് ചെയ്തു വിവാഹം കഴിക്കരുത്. മക്കളെയും വിവാഹം കഴിപ്പിക്കരുത്. വിവാഹം കഴിക്കുന്നത് തെറ്റായതുകൊണ്ടല്ല അങ്ങനെ പറയുന്നത്. പൗലുസ് കൊരിന്ത്യരോട് പറഞ്ഞത് ഓൎക്കുമല്ലോ:

“ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാൻ പറഞ്ഞതുപോലെ മനുഷ്യൻ അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു. നീ ഭാൎയ്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാൎയ്യ ഇല്ലാത്തവനോ? ഭാൎയ്യയെ അന്വേഷിക്കരുതു. നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവൎക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്കു വരരുതു എന്നു എന്റെ ആഗ്രഹം. എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു; ഇനി ഭാൎയ്യമാരുള്ളവർ ഇല്ലാത്തവരെ പോലെയും കരയുന്നവർ കരയാത്തവരെ പോലെയും സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെ പോലെയും വിലെക്കു വാങ്ങുന്നവർ കൈവശമാക്കാത്തവരെ പോലെയും ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെ പോലെയും ആയിരിക്കേണം.” – 1കൊരിന്ത്യർ 7:26-31

ഇനി കാലം അധികം ഇല്ലെന്ന് ചിന്തിക്കുന്നവർ സന്യാസികളെ പോലെ ജീവിക്കുന്നതായിരിക്കും നല്ലത്. യേശുക്രിസ്‍തു വേഗം വരുന്നു എന്നു പറയുകയും ഉള്ള സമയം ആർഭാടമായി ജീവക്കുകയും ചെയ്യുന്നത് ഒരുതരം ഭ്രാന്തിന്റെ ലക്ഷണമാണ്.


കൂടുതൽ അറിയുവാൻ, വായിക്കുക:

 

 


ലേഖകനെ കുറിച്ച് …

പരിസ്ഥിതി ശാസ്‍ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫിലിപ്പ് ഈപ്പൻ ഗവേഷണ വിദ്യാൎത്ഥിയായിരിക്കുമ്പോൾ യേശു ക്രിസ്‍തുവിന്റെ സദ്വൎത്തമാനം മറ്റുള്ളവരോടു് പങ്കുവക്കുന്ന ദൗത്യത്തിനായി തന്റെ ജീവിതം സമൎപ്പിച്ചു. മറ്റേതിനാക്കാളും ലോകത്തിനു് യേശു ക്രിസ്‍തുവിനെയാണ് ആവശ്യം എന്ന ബോധ്യം തന്നെ ഭരിച്ചതുകൊണ്ടാണു് അപ്രകാരം ചെയ്‍തതു്. ആ ദൗത്യം നിറവേറ്റുന്നതിനോടൊപ്പം ബൈബിൾ പഠിക്കുവാൻ ക്രിസ്‍തു ശിഷ്യരെ സഹായിച്ചു പോരുന്നു. വായനാക്കാരുടെ സംഭാവനകൾ തന്റെ പ്രവൎത്തനങ്ങൾക്കു് സഹായകരമാണു്. ഡോ. ജെസ്സിമോളാണു് ഭാൎയ്യ. അവൎക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയിമുണ്ടു്.

April 1, 2020

 

Tweet

 

Twitter YouTube PayTM PayPal

 

BACK |  TOP |  INDEX |  HOME
ABOUT |  CONTACT |  SUPPORT |  SITE MAP |