ഫിലിപ്പ് ഈപ്പൻ
ആത്മീയതയുടെ മറവിൽ നിങ്ങളുടെ സഭാ നേതൃത്വം അംഗങ്ങളുടെമേൽ അധികാര ദുർവിനിയോഗം നടത്തുന്നുണ്ടോ? ഇവിടെ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളുടെ സഭയിൽ കണ്ടെത്തിയാൽ അവിടെ നിന്ന് നിങ്ങൾ രക്ഷപെടേണം! “അധികാരം ദുർവിനിയോഗിക്കുന്ന സഭകൾ” എന്ന എൻറോത്തിന്റെ പുസ്തകത്തിന്റെ രത്ന ചുരുക്കം.
റോണൾഡ് എൻറോത്തിന്റെ “അധികാരം ദുർവിനിയോഗിക്കുന്ന സഭകൾ” എന്ന പുസ്തകം ഞാൻ വായിച്ചു തീൎന്നതേയുള്ളു. ഒരിക്കൽ പോലും ഈ അമൂല്യമായ പുസ്തകം വായിക്കുവാൻ സാധ്യതയില്ലാത്തവൎക്കു വേണ്ടി അതിന്റെ രത്ന ചുരുക്കം ഞാൻ ഇവിടെ കുറിക്കുന്നു. അജ്ഞത മൂലമോ മനഃപ്പൂർവ്വമായോ സഭകളുടെ മേൽ അധികാര ദുർവിനിയോഗം നടത്തുന്ന ഇടയന്മാർ അവരുടെ തെറ്റുകളെ തിരിച്ചറിഞ്ഞു പശ്ചാത്തപിക്കുകയും വചനാധിഷ്ഠിതമായ ക്രൈസ്തവ നേതൃത്വ ശൈലി സ്വീകരിക്കുകയും വേണം എന്നാണ് എന്റെ പ്രാര്‍ത്ഥന. തങ്ങളുടെ സഭാ നേതൃത്വം ആത്മീയതയുടെ മറവിൽ അക്രമം കാട്ടുന്നു എന്നു് ക്രിസ്ത്യാനികള്‍ മനസ്സിലാക്കിയാൽ യാതൊരു മടിയും കൂടാതെ അത്തരം പ്രസ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.
വളരെ ബുദ്ധിമുട്ട് അനുഭവിച്ചാണ് താൻ ഈ പുസ്തകം രചിച്ചതു് എന്നു് എഴുത്തുകാരൻ പറയുന്നു. അധികാര ദുർവിനിയോഗം ചെയ്യുന്നു ആരെക്കുറിച്ചും എഴുതുന്നതു് അത്ര എളുപ്പമല്ല. അത്തരം അനുഭവങ്ങൾ വിവരിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നതും ക്ലേശകരമാണു്. അക്രമവും ചൂഷണവും അനുഭവിച്ച ഇരകളുടെ കഥകൾ ഹൃദയഭേദകമാണ്. ക്രിസ്തീയ ഗോളത്തിൽ ഈ പ്രവണതകൾ ഒരു യഥാർത്ഥ്യമാണെന്നും അവ ഏതു് സഭയെയും ബാധിക്കാം എന്നും ഗ്രന്ഥ കർത്താവു് മുന്നറിയിപ്പ് നൽകുന്നു.
പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന സഭകൾ അമേരിക്കൻ ഐക്യനാടുകളിലാണ്. മറ്റു രാജ്യങ്ങളിലെ സഭകളും ഒരു പരിധി വരെയെങ്കിലും ആത്മീയതയുടെ മറവിൽ അധികാര ദുർവിനിയോഗം ചെയ്യുന്നുണ്ടെന്ന് എല്ലാവൎക്കും അറിയാം.
ജനങ്ങളുടെ ആത്മീക താത്പര്യത്തെ ചൂഷണം ചെയ്യുന്ന സഭകളിലേക്ക് വിദ്യാസമ്പന്നരും പ്രബുദ്ധരുമായ ആളുകൾ പോലും ആകർഷിക്കപ്പെടുന്നു. അത്തരം സഭകളിൽ എന്തോ കുഴപ്പം ഉണ്ടു് എന്നു തോന്നിയിട്ടും ഒരാൾക്ക് എങ്ങനെ അവിടെ തുടരാനാകും? ഈ ചോദ്യങ്ങൾക്കു് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. ആൎക്കും തെറ്റു സംഭവിക്കാം. എന്നാൽ മനസ്സിൽ തെളിഞ്ഞ അപകട സൂചനകളെ അവഗണിക്കുന്നവരാണ് ഇതു പോലുള്ള ചതിക്കുഴികളുടെ ആഴത്തിലേക്കു് വലിച്ചിഴക്കപ്പെടുന്നതു്.
ഇവയിൽ ഏതെങ്കിലും ഒന്നോ അതിലധികമോ ലക്ഷണങ്ങൾ ഒരു സഭയിൽ കണ്ടാൽ, അവിടെ അധികാര ദുർവിനിയോഗം നടക്കുന്നു എന്നു് നിങ്ങൾക്ക് ഉറപ്പിക്കാം.
എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടവർ:
മറ്റ് സഭകളുമായുള്ള ബന്ധം വിച്ഛേദിക്കാൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു; അതുപോലെ ചാൎച്ചക്കാരിൽ നിന്നു, ചിലപ്പോൾ ഭാൎയ്യയിൽ നിന്നു അഥവാ ഭൎത്താവിൽ നിന്നു അകന്നു നിൽക്കുവാൽ പ്രോത്സാഹിപ്പിക്കുന്നു;
സഭയാണ് യഥാൎത്ഥ കുടുമ്പം. അതു കൊണ്ട് സഭാ നേതാക്കളാണ് മാതാപിതാക്കളുടെ സ്ഥാനത്തു് എന്നു ധരിപ്പിക്കുന്നു;
അധികാര ദുർവിനിയോഗം ചെയ്യുന്ന ചില സഭകൾ അംഗങ്ങളെ പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിൽ പ്രത്യേക വീടുകളിൽ പാർപ്പിക്കുന്നു.
പ്രസംഗം അഥവാ ഉപദേശം:
ലൈംഗിക അധാർമികത:
കഠിനമായ വൃതങ്ങളും ഉപവാസങ്ങളും:
ക്രൂരത:
ഈ ലക്ഷണങ്ങളുടെ വെളിച്ചത്തിൽ, ഇന്ത്യയിലെ സഭകളിലെ അധികാര ദുർവിനിയോഗം ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ലക്ഷണങ്ങൾ പല സഭകളിലും ഞാൻ കണ്ടിട്ടുണ്ട്.
പ്രസംഗവേദിയുടെ ദുരുപയോഗം: ആത്മീയ ശുഷ്രൂഷയുടെ മറവിൽ വ്യക്തികളെയും കൂട്ടങ്ങളെയും വാക്കുകൾ ഉപയോഗിച്ചു് പ്രാസംഗികർ ആക്രമിക്കുന്നു. പരസ്യമായി ഒരാളെ അധിക്ഷേപിക്കുവാൻ ദൈവവചനം വളച്ചൊടിക്കുന്നു. വ്യക്തികൾ തമ്മിൽ സ്വകാര്യമായി പറഞ്ഞു തീർക്കാവുന്ന കാൎയ്യങ്ങൾ അപ്രകാരം പരിഹരിക്കാതെ പ്രസംഗത്തിലൂടെയും സാക്ഷ്യത്തിലൂടെയും പരസ്പരം ആക്രമിക്കുന്നു. അതല്ലെങ്കിൽ സ്വയ പ്രശംസയ്ക്കായും സ്വന്ത ലാഭത്തിന്നായും പ്രസംഗവേദി ദുരുപയോഗിക്കപ്പെടുത്തുന്നു.
ശുശ്രൂഷയോടുള്ള അലസ മനോഭാവം:ആഴ്ചയിൽ ഒരിക്കൽ നടത്തുന്ന മുഖ്യ പ്രസംഗം പോലും ഒരു തൈയ്യാറെടുപ്പും കൂടാതെ വന്നു് വാചക കസൎത്തിനുള്ള അവസരമാക്കുന്നു. ജനത്തിന്നു ആവശ്യമായ ആത്മീയ ആഹാരം കൊടുക്കുന്നില്ല. അവർ വിശന്നു വരുന്നു, വിശപ്പോടെ മടങ്ങി പോകുന്നു. ജനത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ ദൈവം ദൂതു് (“ഇപ്പോൾ പിടിച്ച മീൻ”) തരും എന്നു കരുതുന്നു. എന്നാൽ ചില ദിവസങ്ങൾക്കു മുമ്പ് പ്രാൎത്ഥിച്ചാൽ ദൈവം അതേ ദൂതു അൽപ്പം നേരത്തെ തരും എന്നവർ വിശ്വസിക്കുന്നുല്ല. ഒരു ഒരുക്കവം ഇല്ലാതെ ഒരു യുവജന ക്യാമ്പിൽ പ്രസംഗിക്കുവാൻ ഒരു മഹാൻ വന്നിരുന്നു. അദ്ദേഹം കിങ്ഫിഷർ വിമാനത്തിലേ പറക്കൂ എന്നു ശഠിച്ചതു കൊണ്ട് അതും നേടിയെടുത്തു. അവിടെ പ്രസംഗിക്കുവാൻ എന്നെയും ക്ഷണിച്ചിരുന്നു. “കുട്ടികളെ രസിപ്പിക്കാൻ എന്താണ് വേണ്ടതെന്നു എനിക്കറിയാം. അതിന്നു പ്രത്യകം ഒരുങ്ങേണ്ട കാൎയ്യമുണ്ടോ?” എന്നു പറഞ്ഞ മഹാൻ ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ കുറിപ്പുകളും പ്രസന്റേഷനും ഇരന്നു വാങ്ങിച്ചു.
ഉന്നത വിദ്യാഭ്യാസത്തോടും യുക്തിപരമായ സമീപനത്തോടും എതിർപ്പ്: വിദ്യാഭ്യാസത്തോടു് പൊതുവെ ഈ കൂട്ടൎക്കു് അവജ്ഞയാണു്. പരിശുദ്ധാത്മാവുണ്ടെങ്കിൽ വായനയോ അദ്ധ്യയയനമോ വേണ്ടാ എന്നൊരു ചിന്ത. അതിനു താങ്ങായി ചില മുറി വാക്യങ്ങൾ അവയുടെ പശ്ഛാത്തലത്തിൽ നിന്നു അടൎത്തിയെടുത്തു തട്ടിവിടുന്നു. ‘അക്ഷരം കൊല്ലുന്നു ആത്മാവോ ജീവിപ്പിക്കുന്നു.’ യഹൂദ ന്യായപ്രമാണം എന്ന ‘അക്ഷരത്തെ’ കുറിച്ചാണ് പൗലുസ് എഴുതിയതു്. അതൊന്നും ഉപദേശിക്കു് അറിയേണ്ട. അറിവില്ലായ്മക്കു് മറയായി ഏതെങ്കിലും വാക്യം വിളിച്ചു പറഞ്ഞാൽ മതി. കോളജിലോ സൎവ്വകലാശാലകളിലോ പഠിക്കുന്ന അംഗങ്ങളെ ഇരുത്തികൊണ്ട് ‘നിന്റെ എമ്മേ-പീയെച്ച്ഡീ ഒന്നും ദൈവത്തിന്റെ മുന്നിൽ വിലപോകില്ല’ എന്നു് അലറും. ‘നിങ്ങളാരും എന്നെ പഠിപ്പിക്കാറായിട്ടല്ല’ എന്നർത്ഥം. ബൈബിൾ കോളജിൽ പോയിട്ടുള്ളവരോടും വിരോധം കുറവല്ല. ‘അവന്നു ബീഡിയുണ്ടു് പക്ഷെ തീയില്ല’ എന്ന പ്രയോഗം മലയാളികളുടെ ഇടയിൽ സുപരിചിതം. ‘തിയോളജി’ എന്ന വാക്കിന്റെ അൎത്ഥം പോലും അറിയാതെ അതിനെ ആക്രമിക്കും. പക്ഷേ ഈ ഉപദേശികൾ സ്വയമായി വചനം പഠിച്ചു് ഒരു പ്രസംഗം തൈയ്യാറാക്കില്ല. മറ്റുള്ളവരുടെ പ്രസംഗങ്ങൾ കടമെടുത്തും കുറെ ഒത്തുവാക്യങ്ങൾ കോൎത്തിണക്കിയും വല്ലതുമൊക്കെ തട്ടിവിടും. പ്രസംഗവും വചനവും തമ്മിൽ ഒരു ബന്ധവും കാണില്ല. അറിവിന്റെ പോരായ്മ നികത്തുവാൻ ഉച്ചത്തിൽ പ്രസംഗിച്ചാൽ മതിയെന്നാണ് വിചാരം. ‘ശബ്ദത്തില്ലല്ലോ ജീവൻ’ എന്നു ഒരു ശ്രേഷ്ഠൻ പറഞ്ഞതു് ഓൎക്കുന്നു. ഇതിനെല്ലാ ‘കീ ജയ്’ വിളിക്കുവാൻ അനുസരണമുള്ള ആടുകളുമുണ്ടു്.
എല്ലാവരിലും അതിശ്രേഷ്ഠർ എന്ന ചിന്ത: മറ്റെല്ലാ സഭകളിൽ നിന്നും തങ്ങളുടെ പ്രാദേശിക സഭ വ്യത്യസ്ഥവും ശ്രേഷ്ഠവുമാണെന്ന് പാസ്റ്റർ ജനത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. അവരുടെ പ്രസ്ഥാനിത്തിലുള്ള മറ്റു പ്രാദേശിക സഭകളേക്കാൾ അഥവാ ഇടവകകളേക്കാൾ ഏറ്റവും മെച്ചമാണ് അവരുടെ ഇടവക എന്നു പറയും. പാസ്റ്റർ എന്ന വ്യക്തിക്കാണ് പ്രാധാന്യം. ഇതു വിശ്വസിക്കുന്ന ജനം വളരെ ദൂരം സഞ്ചരിച്ചു് ഒരു പ്രത്യേക പ്രാദേശിക സഭയിൽ യോഗങ്ങൾക്കു പോകും. നൂറും ഇരുനൂറും കിലോമീറ്റർ യാത്ര ചെയ്തു ഞായറാഴ്ച യോഗത്തിനു പോകുന്ന വിശ്വാസികളുണ്ടു്. പാസ്റ്റർ ഒരു സ്ഥലത്തു നിന്നു് മറ്റൊരിടത്തേക്കു് താമസം മാറ്റിയാൽ ആമ തോടും കൊണ്ടു് പോകുന്നതു പോലെ സഭയും കൂടെ കൊണ്ടു പോകും. ആ ഇടവകയിലെ അംഗങ്ങളും യോഗങ്ങളിൽ പങ്കെടുക്കുവാൻ പുതിയ സ്ഥലത്തേക്കു് പോകും.
സ്വേച്ഛാധിപതികളായ പാസ്റ്റർമാരും മൂപ്പന്മാരും: മറുതലിച്ച കോരഹിനും മിരിയാമിനും നേരിടേണ്ടിവന്ന ദൈവീക ശിക്ഷാവിധിയെ കുറിച്ചു പ്രസംഗിച്ചു ജനങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്നു. മോശെ സകല മനുഷ്യരിലും വിനയമുള്ളവൻ ആയിരുന്നു. അതുകൊണ്ടാണ് ദൈവം അദ്ദേഹത്തിനു വേണ്ടി പോരാടിയതു്. നടത്തിപ്പുകാരെ അനുസരിക്കേണം എന്നു ബൈബിൾ പഠിപ്പിക്കുന്നു. എന്നാൽ നടത്തിപ്പുകാർ ജനത്തെ അനുസരിപ്പിക്കേണമെന്നോ കീഴ്പ്പെടുത്തണമെന്നോ എവിടെയും എഴുതിയിട്ടില്ല. “അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല” എന്നു ഭീഷണി മുഴക്കും മുമ്പ് ജനത്തെ ശരിയായ വിധത്തിലാണോ നടത്തുന്നതു് എന്നു സ്വയം പരിശോധിക്കുന്നതാണ് ഉത്തമം.
വിമർശനം കൎശനമായി നിരോധിച്ചിരിക്കുന്നു: നേതൃത്വം വഹിക്കുന്നവരുടെ സ്വഭാവം, ഉപദേശം, തീരുമാനങ്ങൾ എന്നിവയെ ചോദ്യം ചെയ്യുവാൻ ആരെ അനുവദിക്കില്ല. വേറിട്ടു് ചിന്തിക്കുന്നവർ മൗനം പാലിച്ചിരിക്കും. പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ചു പോലും ഒരു പുനഃപരിശോധന അഥവാ പുനർവിചിന്തനം നടത്തുവാൻ നേതൃത്വം തൈയ്യാറാകില്ലെന്നു് അവൎക്കറിയാം.
കുട്ടികളോടുള്ള ക്രൂരത:കുട്ടികളെ മുതിൎന്നവരുടെ സഭായോഗത്തിൽ പങ്കെടുക്കുവാൻ നിൎബന്ധിക്കുന്നു. എന്നാൽ അവർക്കു ഗ്രഹിക്കാവുന്നതു പോലെ ആരും പ്രസംഗിക്കുകയില്ല. അവരുടെ ശ്രദ്ധ ആകൎഷിക്കുവാൻ ഉതകുന്നതൊന്നും യോഗങ്ങളിൽ ഇല്ല. മുന്നു മണിക്കൂർ കുട്ടികൾ ആ അന്തരീക്ഷത്തിൽ തള്ളിനീക്കുന്നതു് എങ്ങനെ എന്നു മുതിൎന്നവർ ചിന്തിക്കുന്നതേയില്ല. അതിനിടെ അവർ കുസൃതി കാട്ടിയാൽ അവരോടും കയൎക്കുന്ന നേതൃത്വം! മാതാപിതാക്കളുടെ കുറ്റം നിമിത്തമാണ് കുട്ടികൾ അടങ്ങി ഇരിക്കാത്തതു് എന്നു വരുത്തിതീൎക്കും. ചൂരവടി സമീപത്തുവച്ചു യോഗം നടത്തുന്ന ഇടയന്മാരുമുണ്ടു്!
വ്യക്തിപരമായ വിവേചനാധികാരം ഉപയോഗിക്കുവാൻ അനുവാദമില്ല: പാസ്റ്ററുടെ അല്ലെങ്കിൽ സഭയുടെ മാനദണ്ഡങ്ങൾ എല്ലാവരുടെ മേലും അടിച്ചേൽപ്പിക്കുന്നു. അലിഖിത നിയമങ്ങളും ധാരാളം. ഇവയെല്ലാം പാലിച്ചില്ലെങ്കിൽ സഭയിൽ ഒരാൾ ഒറ്റപ്പെടും.
മറ്റ് സഭകളിൽ നിന്നുള്ള സന്ദർശകർക്ക് “പൈശാചിക പോരാട്ടം” ഉണ്ടെന്ന് ഭയന്ന് പ്രാൎത്ഥിക്കാൻ അനുവദിക്കാത്ത ഒരു സഭയെ എനിക്കറിയാം. അനുവാദം കൂടാതെ സന്ദർശകർ പ്രാൎത്ഥിച്ചാൽ കണ്ണു തുറന്നു പിടിച്ചാൽ “പോരാട്ടം അടിക്കുകയില്ല” എന്നവർ കരുതിയിരുന്നു. അതു കൊണ്ടു് തീരുന്നില്ല, പാസ്റ്ററുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ പ്രാൎത്ഥിക്കാനോ പാടാനോ ആരെയും അനുവദിക്കില്ല! അഥവാ ആരുടെയെങ്കിലും ശബ്ദം പാസ്റ്ററുടെ ശബ്ദത്തേക്കാൾ ഉയൎന്നു വന്നാൽ ആ വ്യക്തിക്കു “പോരാട്ടം” ആണു പോലും! പാസ്റ്റർ ആ ശബ്ദത്തെ തോൽപ്പിക്കാൻ നടത്തുന്ന അലൎച്ചയും ശാസനയും കേട്ടാൽ! കൊച്ചു മുറികളിലും ഈ കാലത്തു ഉച്ചഭാഷിണി ഉപയോഗിക്കുന്നതു് കൊണ്ടു് ഇങ്ങനെയുള്ള പാസ്റ്റർമാൎക്കു അൽപ്പം ആശ്വസിക്കാം. ഇതൊന്നും ചോദ്യം ചെയ്യാൻ ആർക്കും അനുവാദമില്ല.
ഈ പട്ടിക പൂൎണ്ണമല്ലെന്ന് അറിയാം!
നേതാക്കൾ രണ്ടു് തരത്തിലുള്ളവർ എന്നു് എൻറോത്ത് പറയുന്നു. ഒരു കൂട്ടർ തങ്ങൾ നയിക്കുന്ന ജനങ്ങളുടെ മേൽ തങ്ങളുടെ ഇഷ്ടം അടിച്ചേൽപ്പിക്കുന്നു. മറ്റൊരു കൂട്ടം നേതാക്കൾ തങ്ങളുടെ നല്ല മാതൃകയിലൂടെ ജനങ്ങളെ സ്വാധീനിക്കുന്നു. ജനങ്ങളിൽ നിന്നു ഊഷ്മളമായ പ്രതികരണമാണ് അവൎക്കു ലഭിക്കുന്നതു്.
നയിക്കപ്പെടുന്ന ജനങ്ങൾ സ്വമേധയാ നടത്തിപ്പുകാൎക്കു് തങ്ങളെ തന്നെ കീഴ്പ്പെടുത്തുന്നതാണ് ഉത്തമം. കീഴ്പ്പെടുത്തലിലൂടെ അല്ല, സഹകരണത്തിലൂടെ മാത്രമെ അതു് സാധ്യമാകുകയുള്ളൂ. ഒരു സ്വേച്ഛാധിപതി ജനങ്ങളെ കീഴ്പ്പെടുത്തും. ക്രിസ്‍തീയ നേതൃത്വം വഹിക്കുന്ന ആത്മീയരായ നേതാക്കളെ മനസ്സോടെ അനുഗമിക്കുവാൻ ദൈവജനം ഒരുമക്കമുള്ളവരായിരിക്കും.
ഒരു നല്ല നേതാവാകണം എങ്കിൽ മുന്നമേ ഒരു നല്ല ക്രിസ്‍തു ശിഷ്യനാകണം. ശ്രേഷ്ഠ ഇടയനായ യേശു ക്രിസ്‍തുവിന്റെ സ്വഭാവ ഗുണങ്ങൾ സ്വന്ത ജീവിതത്തിൽ പകൎത്തുവാൻ പരിശ്രമിക്കണം. ജനത്തെ അടക്കി വാഴുവാനല്ല, അവരെ വളൎത്തുവാൻ അദ്ധ്വാനിക്കണം. യേശുവിനെ പോലെ അനുകമ്പയും സ്നേഹവുമുള്ള ഇടയന്മാർ ആകണം.
വിവിധ ശുശ്രൂഷകളുടെ ഭാഗമായി ദൈവം ഭരമേൽപ്പിച്ച അധികാരമാണ് ക്രിസ്‍തീയ നേതൃത്വം വഹിക്കുന്നവൎക്കു ഉള്ളതു. മാനുഷീക സംഘടനകളുടെ പദവികളിൽ നിന്നു ലഭിക്കുന്ന കൃതൃമ അധികാരങ്ങളെ ക്രിസ്‍തീയ നേതൃത്വം എന്നു വിളിക്കുവാൻ സാധ്യമല്ല. അതു് രാഷ്ട്രീയ അധികാരം പോലെ ഉള്ളൂ.
അനേക ശുശ്രൂഷകളുടെ കൂട്ടത്തിൽ ഒരു ശുശ്രൂഷയാണ് ഇടയ ശുശ്രൂഷ. എല്ലാ ശുശ്രൂഷകൾക്കും ദൈവസഭയിൽ തുല്യ പ്രാധാന്യമാണുള്ളതു്. ഇടയ ശുശ്രൂഷ ചെയ്യുന്നവർ മറ്റു വിശ്വാസികളുടെ മേൽ ഒരു മേൽനോട്ടം വഹിക്കുന്നു എന്നതു ശരിയാണ്. പക്ഷെ ആ കൎത്തവ്യം അവരെ ഏൽപ്പിച്ചിരിക്കുന്ന ശുശ്രൂഷയുടെ ഭാഗമാണ്. ശുശ്രൂഷയുടെ ഭാഗമായ അധികാരം വ്യക്തിയുടെ അധികാരമായി കാണരുതു്. മേൽനോട്ടം വഹിക്കുന്നതു കൊണ്ടു് അവർ മറ്റുള്ളവരുടെ “മുകളിൽ” ആണെന്ന ചിന്ത വന്നാൽ അതു് അപകടം വിളിച്ചു വരുത്തും. കൂട്ടു സഹോദരങ്ങളുടെ ഇടയിൽ അവൎക്കു തുല്യനായി നിന്നുകൊണ്ടു് അവരുടെ മേൽ ആത്മീയ മേൽനോട്ടം വഹിക്കണം.
മലയാളം വേദപുസ്തകത്തിൽ “അദ്ധ്യക്ഷൻ” എന്ന വാക്കു് വളരെ ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ടു്. ഒരു മൂപ്പൻ അഥവാ ഇടയൻ യോഗങ്ങൾ നടത്തുന്ന “അദ്ധ്യക്ഷൻ” ആണ് എന്നു ക്രൈസ്തവർ ചിന്തിക്കുന്നതു കൊണ്ടാണ് യോഗങ്ങൾ മുന്നിൽ നിന്നു നയിക്കുവാൻ പാസ്റ്റർമാരെ ചുമതലപ്പെടുത്തുന്നതു്. അങ്ങനെ പാസ്റ്റർമാർ യോഗങ്ങൾ നടത്തുന്നവരായി. 1 തിമൊഥെയൊസ് 3.1ൽ പൗലുസ് ഉപയോഗിച്ച വാക്കു് “അദ്ധ്യക്ഷൻ” എന്നല്ല; മറിച്ചു് “മേൽനോട്ടക്കാരൻ” എന്ന വാക്കാണ്. വേദപുസ്തകത്തിൽ എവിടെയും പാസ്റ്റമാർ യോഗം നടത്തണം, മുന്നിൽ ഇരിക്കേണം എന്നൊന്നും എഴുതിയിട്ടില്ല. യോഗങ്ങളിൽ അദ്ധ്യക്ഷ സ്ഥാനത്തിരിക്കാതെയും ആത്മീയ മേൽനോട്ടം എന്ന കൎത്തവ്യം നിൎവ്വഹിക്കുവാൻ സാധിക്കും. ഇന്നു് അനേക പാസ്റ്റർമാരും യോഗങ്ങൾ നടത്തുന്നുണ്ടെങ്കിലും ആടുകളുടെ അവസ്ഥയെ കുറിച്ചു് അവൎക്കു ഒരു ബോധവുമില്ല.
“സഭാ നേതാക്കൾ ദൈവത്തോടും അവർ നയിക്കുന്ന ജനങ്ങളോടും കണക്കു ബോധിപ്പിക്കുന്നവരായിരിക്കണം,” എന്ന് എൻറോത്ത് പറയുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ സഭയുടെ മേൽ ക്രിസ്‍തു എന്ന ഒരു് മഹാ ഇടയൻ മാത്രമേയുള്ളൂ. സഭാജനങ്ങളും അവരെ നയിക്കുന്നവരും ഒരേപോലെ ദൈവത്തിന്റെ “ആടുകൾ” ആണു്. ഇടയ ശുശ്രൂഷ ചെയ്യുന്നവരും ക്രിസ്‍തു എന്ന ശ്രേഷ്ഠയിടന്നു മുന്നിൽ കണക്കു ബോധിപ്പിക്കേണ്ടവരാണ്.
പരിസ്ഥിതി ശാസ്‍ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫിലിപ്പ് ഈപ്പൻ ഗവേഷണ വിദ്യാൎത്ഥിയായിരിക്കുമ്പോൾ യേശു ക്രിസ്‍തുവിന്റെ സദ്വൎത്തമാനം മറ്റുള്ളവരോടു് പങ്കുവക്കുന്ന ദൗത്യത്തിനായി തന്റെ ജീവിതം സമൎപ്പിച്ചു. മറ്റേതിനാക്കാളും ലോകത്തിനു് യേശു ക്രിസ്‍തുവിനെയാണ് ആവശ്യം എന്ന ബോധ്യം തന്നെ ഭരിച്ചതുകൊണ്ടാണു് അപ്രകാരം ചെയ്‍തതു്. ആ ദൗത്യം നിറവേറ്റുന്നതിനോടൊപ്പം ബൈബിൾ പഠിക്കുവാൻ ക്രിസ്‍തു ശിഷ്യരെ സഹായിച്ചു പോരുന്നു. വായനാക്കാരുടെ സംഭാവനകൾ തന്റെ പ്രവൎത്തനങ്ങൾക്കു് സഹായകരമാണു്. ഡോ. ജെസ്സിമോളാണു് ഭാൎയ്യ. അവൎക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയിമുണ്ടു്.
April 1, 2020
BACK |
TOP |
INDEX |
HOME
ABOUT |
CONTACT |
SUPPORT |
SITE MAP |