എന്തുകൊണ്ട് ഞാൻ ഇൻഷുറൻസ് ഏജന്റായി?

 

English

 

എൻ്റെ സ്നേഹിതരിൽ ചിലരെങ്കിലും ചിന്തിച്ചേക്കാം: എന്തുകൊണ്ടാണ് ഈ സുവിശേഷ വേലക്കാരൻ ഇൻഷുറൻസിനെ കുറിച്ച് സംസാരിക്കുന്നത്? ഞാൻ ആരോഗ്യ ഇൻഷുറൻസും അപകടം തരണം ചെയ്യുവാനുള്ള ഇൻഷുറൻസുമാണ് പ്രധാനമായും കൈകാൎയ്യം ചെയ്യുന്നത്.

2000 വരെ ലൈഫ് ഇൻഷുറൻസ് വിറ്റഴിച്ച എൽഐസി ഏജൻ്റുമാർ ഈ മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി. ഇന്നും ഇൻഷുറൻസ് ഏജൻ്റുമാരിൽ നിന്ന് ആളുകൾ ഓടി അകലുന്നു. ഇതൊക്കെയാണെങ്കിലും, ഞാൻ ഇത് ഏറ്റെടുത്തു. എന്തുകൊണ്ട്?

കെനിയയിൽ മിഷണറി സേവനത്തിലായിരുന്നപ്പോൾ, ഞാൻ അവരുടെ ഒരു രീതി ശ്രദ്ധിച്ചു. ഒരാൾ മരിക്കുമ്പോൾ അയാളുടെ അടുത്ത സുഹൃത്തുക്കൾ ചേര്‍ന്ന് ഒരു ധന ശേഖരണം നടത്താറുണ്ട്. ആശുപത്രിയിലെ ലക്ഷങ്ങളുടെ ബിൽ അടയ്ക്കാതെ ശരീരം വിട്ടുകിട്ടില്ല. അതിനു പുറമെ ശവസംസ്കാരത്തിന്റെ ചെലവുകൾ, ആംബുലൻസ് വാടക മുതലായവ. ഒരു പാസ്റ്റർ എന്ന നിലയിൽ, ചില ഫണ്ട് ശേഖരണ യോഗങ്ങളിൽ എനിക്ക് പങ്കെടുക്കേണ്ടി വന്നു.

funeral in Meru, Kenya

ധനശേഖരണത്തിലൂടെ ഒരു ​​കുടുംബത്തിൻ്റെ നഷ്ടം ഒരു വലിയ കൂട്ടം ആളുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് ഞാൻ ശ്രദ്ധിച്ചു

ധനശേഖരണത്തിലൂടെ ഒരു ​​കുടുംബത്തിൻ്റെ നഷ്ടം ഒരു വലിയ കൂട്ടം ആളുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് ഞാൻ ശ്രദ്ധിച്ചു. ഇതൊരു മഹത്തായ ആശയമാണെന്ന് ഞാൻ മനസ്സിലാക്കി. നാം പരസ്പരം ഭാരങ്ങൾ വഹിക്കേണം എന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു.

ഇൻഷുറൻസു കൊണ്ട് അതു തന്നെയാണ് നേട്ടം എന്ന് കഴിഞ്ഞ ദിവസമാണ് ഞാൻ മനസ്സിലാക്കിയത്! ഒരാളുടെ ഒരു നഷ്ടം മൂലമുള്ള ഭാരം (അതായത് രോഗം, ആപത്ത്, മരണം മുതലായവ മൂലം വരുമാന നഷ്ടം) ഒരു വലിയ കൂട്ടം ആളുകള്‍ പങ്കിടുന്നു. കെനിയാക്കാരെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളും ബന്ധുക്കളും സഭാംഗങ്ങളും ഒരു “ഇൻഷുറൻസ് കമ്പനി”യുടെ ഗുണം ചെയ്യുന്നു.

ചില ക്രിസ്ത്യാനികൾ കരുതുന്നതുപോലെ ഇൻഷുറൻസ് ഒരു ലോട്ടറി അല്ല. ഇൻഷുറൻസ് എടുക്കുന്നത് അത്യാഗ്രഹിന്റെ അടയാളമല്ല. നീതി, തുല്യത, സത്യസന്ധത എന്നീ ദൈവീക തത്ത്വങ്ങളിലാണ് ഇൻഷുറൻസ് അധിഷ്ഠിതമായിരിക്കുന്നത്.

 

കഴിഞ്ഞ ദിവസം ഒരു പാസ്റ്റർ എന്നോട് പറഞ്ഞു, “ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, എനിക്ക് അത് മതി. എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാണ്.”

നല്ല കാര്യം. പക്ഷേ അതിനോട് അദ്ദേഹത്തിന്റെ വീട്ടുകാർ ആമേൻ പറയുമോ? അദ്ദേഹത്തിന്റെ മരണമോ രോഗമോ കുടുംബത്തിനും ഒരു “നേട്ടം” ആകുമോ?

ദൈവഭക്തിയുടെ ഏറ്റവും ഉയർന്ന ലക്ഷണങ്ങളിലൊന്ന് ദരിദ്രരോട്, പ്രത്യേകിച്ച് വിധവകളോടും അനാഥരോടും ഉള്ള നമ്മുടെ സ്നേഹവും കരുതലും ആണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു.

പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിൎമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു. – ബൈബിൾ

സ്വന്തം ഭാര്യയുടെയും കുട്ടികളുടെയും സാമ്പത്തിക ഭദ്രതയെക്കുറിച്ച് ചിന്തിക്കാതെ മറ്റൊരാളുടെ വിധവയോട് ദയ കാണിക്കുന്നതിൽ എന്ത് കാര്യം? ദൈവം നിങ്ങളെ നേരത്തെ നിത്യതയിലേക്ക് വിളിച്ചാലോ? ഒരു മനുഷ്യൻ തന്റെ കുടുംബത്തിന്നായി കരുതുന്നതിൽ പരാജയപ്പെട്ടാൽ, അവൻ അവിശ്വാസിയേക്കാൾ അധനമനാണ് എന്ന് വേദപുസ്തകം പറയുന്നു.

സ്വന്തം ഭാര്യയുടെയും കുട്ടികളുടെയും സാമ്പത്തിക ഭദ്രതയെക്കുറിച്ച് ചിന്തിക്കാതെ മറ്റൊരാളുടെ വിധവയോട് ദയ കാണിക്കുന്നതിൽ എന്ത് കാര്യം?

സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ചികിത്സാ ചിലവുകളിലേക്ക് ഭാരതീയർ സന്മനസ്സോടെ സംഭാവന ചെയ്യുന്നു. എന്നാൽ ഒരു കുടുംബ നാഥന്റെ മരണം മൂലം ദീർഘകാലത്തേക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം നികത്തി വിധവകളെയും അനാഥരെയും സഹായിക്കാൻ നമ്മുക്ക് കഴിയുന്നുണ്ടോ? ആ നഷ്ടം വളരെ വലുതാണ്.

അവിടെയാണ് ലൈഫ് ഇൻഷുറൻസിന്റെ പ്രധാന്യം നാം തിരിച്ചറിയുന്നത്. ഒരു വലിയ തുക ഇൻഷുറൻസ് കമ്പനി തയ്യാറാക്കി വച്ചിട്ടുണ്ട്. നഷ്ടം അനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുക എന്നതാണ് ലക്ഷ്യം. നിങ്ങളുടെ കഴിവനുസരിച്ച് ആ നിധിയിലേക്ക് നിക്ഷേപിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങൾ എത്രയും നേരത്തെ അത് ചെയ്യുന്നോ അത്രയും കുറഞ്ഞ ചിലവില്‍ നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ നിങ്ങള്‍ക്ക് ഉറപ്പിക്കുവാൻ സാധിക്കും.

50 ലക്ഷം രൂപയുടെയോ 1 കോടിയുടെയോ (അല്ലെങ്കിൽ ഏതെങ്കിലും തുകയുടെയോ) ഒരു ചെക്കുമായി മരണവീട്ടിലേക്ക് നടന്നു കയറുന്ന ഒരു ലൈഫ് ഇൻഷുറൻസ് ഉദ്യോഗസ്ഥന്‍ ദുഃഖിതരായ വിധവയ്ക്കും കുടുംബത്തിനും ഒരു ദൈവദൂതനെ പോലെയാണ്. കേവലം ആശ്വാസവാക്കുകളുമായി അവിടെ പോകുന്ന ബന്ധുക്കളേക്കാളും എത്രയോ വലിയ സേവനമാണ് ആ കമ്പനി ചെയ്യുന്നത്.

കേരളത്തില്‍ ജീവിച്ച് കമ്യൂണിസത്തിന്റെ വായു ശ്വസിച്ചവർക്ക് ഇത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അത് സ്വാഭാവികം. വ്യവസായ അടിസ്ഥാനത്തിൽ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയെ സംശയദൃഷ്ടിയോടെ മാത്രം കാണുന്നവരോട് ഒരു വാക്ക്— ശാസ്ത്രീയമായ രീതിയില്‍ ലാഭകരമായി പ്രവർത്തിച്ചാൽ മാത്രമേ ഏത് കമ്പനിക്കും നിലനിൽപ്പുള്ളൂ.

 

ഇൻഷുറൻസിന്റെ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. കൂടുതൽ അറിയുവാൻ വാട്‍സാപ്പിലൂടെ ബന്ധപ്പെടാം അല്ലെങ്കിൽ ഫോണിൽ സംസാരിക്കാം.