ദൃശ്യ മാധ്യമങ്ങളും മലയാളികളായ വിശുദ്ധരും
സിനിമാ പോസ്റ്ററിൽ നോക്കുന്നതു് പോലും പാപമാണു് എന്നു് അപ്പച്ചന്മാർ പ്രസംഗിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്നോ? ആ അപ്പച്ചന്മാരുടെ കൊച്ചുമക്കൾ ദിവസവും ഒരു സിനിമയെങ്കിലും കാണുന്നു. സിനിമ ഒത്തുവന്നില്ലെങ്കിൾ ഒരു ഇരുനൂറോ മുന്നൂറോ കുട്ടിപടങ്ങൾ (റീൽസ്) കണ്ടു് സമയം കൊല്ലും. പ്രതിദിനം രണ്ടു് ഗിഗാബൈറ്റ് ഡാറ്റാ വാങ്ങാന്‍ വേണ്ടി കൊടുത്ത പണം മുതലാക്കേണ്ടേ?
അവർ കാണുന്ന സിനിമകളെ പറ്റി മാതാപിതാക്കളോടോ സഭാ വിശ്വാസികളോടോ സംസാരിക്കുവാന്‍ അവൎക്കു് നിൎവ്വാഹമില്ല. സിനിമകൾ എല്ലാം മോശമായതു കൊണ്ടല്ല അവർ വീട്ടിലും ക്രിസ്‍തീയ വേദികളിലും മൗനം പാലിക്കുന്നത്. സഭാജനങ്ങൾ പതിവായി സിനിമ കാണുന്നവരാണു് എന്ന യാഥാര്‍ത്ഥ്യം ഉൾക്കൊള്ളുവാനോ അതിനെ ക്രിയാത്മകവും ക്രിസ്‍തീയവുമായ രീതിയിൽ അഭിമുഖീകരിക്കുവാനോ സുവിശേഷ വിഹിത സഭകൾക്കും ശുശ്രൂഷകൎക്കും സാധിക്കുന്നില്ല. അതുകൊണ്ടുള്ള നഷ്ടം നിസ്സാരമല്ല.
വിശ്വാസികൾ അല്ലാത്ത സഹപാഠികളുമായി സിനിമയെക്കുറിച്ചും സമൂഹ മാധ്യമങ്ങളിലെ വീഡിയോകളെ കുറിച്ചും ചൎച്ച ചെയ്യുമ്പോള്‍ അവർ കൂട്ടുകാരുടെ മൂല്യങ്ങളെ അറിയാതെ തന്നെ അവരുടെ മനസ്സിലേക്കു് ഒപ്പിയെടുക്കുന്നു. പടത്തിലുള്ള നല്ലതിനെ തിന്മയായും തിന്മയെ നന്മയായും കാണുന്ന സമപ്രായക്കാർ പറയുന്നതെല്ലാം വേദവാക്യം പോലെ സ്വീകരിക്കുവാൻ കൂട്ടുകെട്ടു് അവരെ നിൎബന്ധിക്കുന്നു. വേദവിരുദ്ധമായ നിലപോടുകൾ അവരിലേക്കു് അരിച്ചിറങ്ങുവാൻ ഇടയാകുന്നു.
എന്റെ അയൽവാസിയായ പെന്തക്കൊസ്തു് യുവാവിനോടു് ഞാന്‍ ചോദിച്ചു, “പ്രേമലു എന്നു് പടം കണ്ടോ? എന്താ അഭിപ്രായം?”
ആ യുവാവു് അപ്രകാരം ഒരു ചോദ്യം തീരെ പ്രതീക്ഷിച്ചില്ല.
“ഉവ്വ്, മൊബൈലില്‍ കണ്ടു. നല്ല സിനിമയാണ്.”
2024ൽ ഇറങ്ങിയ എല്ലാ സിനിമകളിലും വച്ചു് ഏറ്റവും ലാഭം കൊയ്ത സിനിമയാണു് പ്രേമലു. മൂന്നു് കോടി ചെലവഴിച്ചു് നിര്‍മിച്ചിട്ടു് നൂറ്റിമുപ്പത്തിയാറു് കോടി കൊയ്തു. ചെറുപ്പക്കാര്‍ ഹൃദയം കൊണ്ടു് ഏറ്റെടുത്ത സിനിമ.
ഇതെല്ലാം ആയിട്ടും എനിക്കു് ആ പടം ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണു് ഞാന്‍ എന്റെ അയൽക്കാരനുമായി ഒരു സംഭാഷണത്തിൽ ഏർപ്പെട്ടത്.
തികച്ചും വിവരദോഷിയായ ഒരു ചെറുപ്പക്കാരനാണു് കഥയിലെ നായകന്‍. പറയത്തക ഒരു യോഗ്യതയും ഇല്ലാത്ത അവൻ സൗന്ദര്യവും ബുദ്ധിയുമുള്ള ഒരു യുവതിയെ “വളച്ചെടുക്കുന്നു.” അതാണു് കഥ. ആ കഥ പൂൎണ്ണഹൃദയത്തോടെ ഏറ്റെടുത്ത മലയാളി യുവാക്കള്‍ ആ മണ്ടന്‍ കഥാപാത്രത്തെക്കാളും എത്രയോ പരിതാപകരമായ അവസ്ഥയിലാണു് എന്നു് ചിന്തിച്ചുനോക്കൂ. പരിശ്രമിച്ചാൽ ജീവിതത്തില്‍ വിജയിക്കും എന്നല്ല കഥയുടെ സാരം. “എനിക്കെന്താണു് ഒരു കുറവുള്ളതു് ?” എന്നു് ചിന്തിച്ചു് ആത്മവിശ്വാസം നടിച്ചു് ചില വിക്രിയകൾ നടത്തിയാൽ ‘എനിക്കു ഇഷ്ടപ്പെട്ട ഏതൊരു പെണ്‍കുട്ടിയെയും കൈക്കലാക്കാം’ എന്ന ‘ഒരിക്കലും നടക്കാത്ത സ്വപ്നം’ വെള്ളിത്തിരയില്‍ എങ്കിലും നിറവേറി കാണുമ്പോള്‍ ഉള്ള സുഖമാണു് ഈ സിനിമ നമ്മുടെ ചെറുപ്പക്കാര്‍ക്കു സമ്മാനിച്ചതു്. സ്ത്രീകൾക്കും ഒരു സന്ദേശം ഈ സിനിമ നൽകുന്നു: “കൂടുതല്‍ യോഗ്യതയൊന്നും നോക്കേണ്ട. പിറകെ നടന്നു ശല്യം ചെയ്യുന്നവന്റെ ഹൃദയം നല്ലതാണെങ്കിൽ അതു പോരേ?” ഇതെല്ലാം കേട്ടപ്പോഴാണു് എന്റെ അയൽവാസിയുടെ കണ്ണു തുറന്നതു്.
ഇതു് പോലെ എത്ര ആയിരക്കണക്കിനു യുവാക്കള്‍ നമ്മുടെ ഇടയിലുണ്ട്. അവരുടെ ലോകത്തിലേക്കു് ഇറങ്ങി ചെന്നു് അവരുടെ ഭാഷയില്‍ സംസാരിക്കുവാന്‍ വിശ്വാസികളായ മാതാപിതാക്കൾക്കോ പാസ്റ്റർമാൎക്കോ സാധിക്കുന്നില്ല. ഞായറാഴ്ച കൈയിറക്കമുള്ള വെള്ള ഷർട്ടു് ധരിച്ചും മിനസ്സമുള്ള മുഖവുമായി യുവാക്കൾ യോഗത്തിൽ ചെന്നിരുന്നു ആത്മീയ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചാൽ പാസ്റ്റര്‍മാർ ഹാപ്പിയാണ്. പുറമേയുള്ള ആത്മീയതക്കു മാത്രമേ ഇന്നു് വിലയുള്ളൂ. പൊയ്മുഖം ധരിച്ചു് കപടഭക്തരായി ജീവിക്കുന്നവരെ യഥാര്‍ത്ഥ ആത്മീയത്തിലേക്കു് കൊണ്ടുവരാന്‍ പഴയ രീതികള്‍ പരാജയപ്പെട്ടിരിക്കുന്നു.
ഇന്നു് കേരളത്തിൽ കൗമാരക്കാരും യുവാക്കളും നടത്തുന്ന കൊലപാതകങ്ങക്കു പിന്നിൽ അവരെ സ്വാധീനിക്കുന്നതു് മയക്കുമരുന്നുകൾ മാത്രമല്ല. അവർ കാണുന്ന അക്രമ സിനിമകൾ അവരെ വഴിതെറ്റിക്കുന്നില്ലേ എന്നു് പത്രമാധ്യമങ്ങളും ജനപ്രതിനിധികളും ചോദിച്ചു തുടങ്ങി. കഴിഞ്ഞവൎഷം ഇറങ്ങിയ “മാർക്കോ” എന്ന സിനിമ ഏറ്റവും കൂടുതൽ അക്രമം കുത്തിനിറച്ച മലയാള സിനിമ എന്ന രീതിയിലാണ് പരസ്യം ചെയ്യപ്പെട്ടത്. പക്ഷേ ഭാരതീയ സിനിമയിൽ ഈ കാൎയ്യത്തിൽ മാർക്കോയെ വെല്ലുവാൻ മറ്റൊന്നും ഇല്ലെന്നു് ഇൻഡ്യൻ എക്‍സപ്രസ്സ് ദിനപത്രം അഭിപ്രായപ്പെടുന്നു. ഇതിപോലുള്ള സിനിമകൾ വിജയിക്കുന്നതെന്തുകൊണ്ട് ? നമ്മുടെ അക്രമവാസന വൎദ്ധിക്കും തോറും കൂടുതൽ കടുപ്പത്തിലുള്ളതു കാണുവാൻ നാം ആഗ്രഹിക്കുന്നു.

ഭാരതത്തിലെ പ്രമുഖ സിനിമ സംവിധായകനും ക്രിസ്‍തുശിഷ്യനുമായ സിബി മലയിൽ പറയുന്നതു് ശ്രദ്ധിക്കൂ.
“എല്ലാ സാമൂഹിക പ്രശ്‌നങ്ങളെയും സിനിമയുമായി ഉടനടി ബന്ധിപ്പിക്കുന്ന പ്രവണത അന്യായമാണ്. സിനിമ എന്നതു് നിരവധി സ്വാധീനങ്ങളിൽ ഒന്നു് മാത്രമാണ്. ഉദാഹരണത്തിന്, മയക്കുമരുന്നുകൾക്കു് കാര്യമായ സ്വാധീനമുണ്ട്. … സ്വാഭാവികമായും, സിനിമകൾക്കു് കുട്ടികളെ പോസിറ്റീവായും നെഗറ്റീവായും സ്വാധീനിക്കാൻ കഴിയും. എന്നിരുന്നാലും, മയക്കുമരുന്നുകൾ യുവാക്കളുടെ മാനസിക സ്ഥിരതയിൽ സിനിമകളേക്കാൾ വളരെ വലിയ സ്വാധീനം ചെലുത്തുന്നു. … പ്രേക്ഷകരെ ആകൎഷിക്കാൻ അക്രമത്തെ ഒരു വാണിജ്യ ഉപകരണമായി ഉപയോഗിക്കുന്ന ചലച്ചിത്ര നിൎമ്മാതാക്കളുണ്ട്, അതു് തീൎച്ചയായും ഒരു ദോഷകരമായ പ്രവണതയാണ്.”
ഏറ്റവും ഭയാനകം എന്നതു് സിനിമയിലെ അക്രമം അല്ല. സമൂഹത്തിൽ അതിനെ കുറിച്ചു് ചൎച്ചകൾ നടക്കുമ്പോൾ “ഞങ്ങൾ ഈ നാട്ടുകാരല്ലേ” എന്നു പറഞ്ഞു മണലിൽ തല പൂഴ്‍ത്തി വയ്ക്കുന്ന ക്രൈസ്‍തവ സഭകളും വിശ്വാസികളായ മാതാപിതാക്കളുമാണു്. മറ്റുള്ളവർ കാണുന്ന അക്രമ സിനിമകൾ നമ്മുടെ കുട്ടികളും പുതപ്പിനടിയിൽ മറഞ്ഞിരുന്നു കാണുന്നുണ്ട്. അവർ ആ സിനിമകളെ കുറിച്ചു് അവിശ്വാസികളുമായി ചൎച്ച ചെയ്യുന്നുണ്ടു്. പക്ഷേ അവരോടു് അതേ സിനിമകളെ പറ്റി ഒരു ക്രൈസ്‍തവ കാഴ്‍ചപ്പാടോടെ ചൎച്ച ചെയ്യുവാൻ മുതിൎന്നവർ തയ്യാറാകുന്നില്ല.
അക്രമവും അധാൎമ്മികതയും മാത്രമല്ല ക്രിസ്‍തീയ വിശ്വാസത്തിനു വെല്ലുവിളികൾ ഉയൎത്തുന്നതു്. പ്രതികാര ചിന്ത പല കഥകളുടെയും പ്രധാന പ്രമേയമാണു്. പ്രതികാരത്തിനുള്ള ദാഹം ക്രൈസ്‍തവ വിശ്വാസത്തിനു നിരക്കാത്തതാണു്. അതു തിരിച്ചറിയുവാനും ഉള്ളുകൊണ്ടതിനെ നിരസ്സിക്കുവാനും നാം നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കേണം.
മലയാള സിനിമകളിൽ ഗൎഭഛിദ്രം എന്ന വിഷയം നമ്മൾ സാധാരണയായി കാണാറില്ല. പക്ഷേ “സാറാസ് ” (Sara’s) എന്ന ഗൎഭഛിദ്രത്തെ അനുകൂലിക്കുന്ന സിനിമ 2021ൽ ഇറങ്ങി. കോവിഡ് കാലത്ത് വീട്ടിലിരുന്നു് എത്രയോ വിശ്വാസികൾ അതു് കണ്ടുകാണും! അത്തരം സിനിമകളൊന്നും കാണാതെ തന്നെ പെന്തക്കോസ്തു് സ്ത്രീകൾ തങ്ങളുടെ ജോലി സംരക്ഷിക്കുന്നതിനോ മറ്റു് കാരണങ്ങളാലോ രഹസ്യമായി ഗൎഭഛിദ്രം നടത്തിവരുന്നു. ഒരു പെന്തക്കോസ്തു് സഭയിലും ഗൎഭഛിദ്രത്തിനെതിരെ ഒരു പ്രസംഗം പോലും ഞാൻ ഇതുവരെ കേട്ടിട്ടില്ല.
ഒരു പുതിയ സമീപനം
പാശ്ചാത്യ സഭകൾ ദൃശ്യമാധ്യമങ്ങളുടെ കാര്യത്തിൽ എന്താണു് ചെയ്യുന്നത്? പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്ന ഭാരതീയ സഭകൾ നല്ല കാര്യങ്ങള്‍ പലപ്പോഴും അവരില്‍ നിന്നു് ഏറ്റെടുക്കുന്നില്ല.
സിനിമ ഒരു മാധ്യമം മാത്രമാണു് എന്നു് പാശ്ചാത്യ വിശ്വാസികൾ അംഗീകരിക്കുന്നു. സിനിമ അതില്‍ തന്നെ തെറ്റല്ല എന്നു് അവർ പഠിപ്പിക്കുന്നതു കൊണ്ടു് വിശ്വാസികൾക്കു് ഒളിച്ചും പാത്തും സിനിമ കാണേണ്ട ആവശ്യമില്ല.
സഭയില്‍ വായനാശീലം വളൎത്തുന്ന വേദികള്‍ ഉള്ളതുപോലെ ദൃശ്യമാധ്യമങ്ങളെ നിരീക്ഷിക്കുന്ന കൂട്ടായ്മകളും സഭകളിലുണ്ട്. എപ്രകാരമാണു് ഒരു സിനിമയെ വീക്ഷിക്കേണ്ടതെന്നു് സഭാജനങ്ങളെ നേതൃനിരയിൽ ഉള്ളവർ പഠിപ്പിക്കുന്നു. വിശ്വാസികൾ സിനിമ കാണുകയും അവയെ ക്രിസ്‍തിയ വീക്ഷണത്തോടെ അവലോകനം ചെയ്യുകയും ചെയ്യുന്നു. അവർ കണ്ട സിനിമകളെ കുറിച്ചു് ചൎച്ചകൾ നടത്തുന്നു.
ഈ ചൎച്ചകൾ സഭകളിൽ മാത്രമല്ല, ക്രിസ്‍തീയ കുടുംബങ്ങളിലും നടക്കുന്നു. കുട്ടികള്‍ തനിച്ചിരുന്നു് സിനിമകൾ കാണുന്നതിനു് പകരം മുതിര്‍ന്നവരുടെ മേൽ നോട്ടത്തില്‍ കാണുന്നു. അതിനാല്‍ വളരെ അൎത്ഥവത്തായ രീതിയില്‍ സിനിമയിലെ ഓരോ വശങ്ങളെ കുറിച്ചു അവലോകനം സാധ്യമാണ്.
മാതാപിതാക്കൾക്കു് ഓരോ സിനിമയെ കുറിച്ചും ആശങ്ക ഉള്ളതു് സ്വാഭാവികം. കുട്ടികളുടെ പ്രായത്തിനൊത്ത സിനിമയാണോ ഇത്? ഇതില്‍ പ്രായത്തിനു ചേരാത്തതു് എന്തെങ്കിലും ഉണ്ടോ? ഈ ചോദ്യങ്ങള്‍ക്കു് ഉത്തരം അവർക്കു് ലഭിക്കും. കാരണം, ഓരോ സിനിമയെ പറ്റിയും ക്രിസ്‍തീയ അഭിപ്രായങ്ങൾ ജനങ്ങളെ അറിയിക്കുവാന്നായി നല്ല വെബ്‌സൈറ്റുകൾ നിൎമ്മിക്കപ്പെട്ടിട്ടുണ്ട്.
- മൂവീ ഗയിഡ് (Movie Guide)
- പ്ലഗ്ഗ്‍ഡ് ഇൻ (Plugged In)
- സിനിമ ഫെയിത്ത് (Cinema Faith)
- കവനന്റ് ഐസ് (Covenant Eyes)
- ക്രോസ്സ് വോക്ക് (CrossWalk)
പിന്നെ, വിദേശ മാധ്യമരംഗത്തു് പ്രസദ്ധിയാർജിച്ച മലയാളി ക്രൈസ്തവ യുവതി
ഹന്നാ
റേച്ചൽ എബ്രഹാമും സിനിമകളെ കുറിച്ചു് നിരൂപണം നടത്താറുണ്ട്.
മലയാളികളായ ക്രൈസ്തവർക്കു് സിനിമയെ സംബന്ധിക്കുന്ന മലയാള വെബ് സൈറ്റ് ആവശ്യമാണ്. രണ്ടു് കാരണങ്ങള്‍ ഉണ്ട്.
- പാശ്ചാത്യ ക്രിസ്‍തീയ വെബ്സൈറ്റുകളില്‍ മലയാള സിനിമയെ പറ്റി ഒന്നും കാണില്ല.
- മാത്രമല്ല, പാശ്ചാത്യ വിശ്വാസികൾ പതിമൂന്നു് വയസ്സുള്ള കുട്ടികളെ കാണിക്കുന്ന സിനിമകൾ നാം പതിനാറു് വയസ്സുള്ള നമ്മുടെ കൗമാരക്കാരെ പോലും കാണിക്കുവാന്‍ മടിക്കും. കാരണം അവർ അവരുടെ കുട്ടികളോടു് ചെറു പ്രായത്തില്‍ തന്നെ കാര്യങ്ങള്‍ എല്ലാം തുറന്നു് സംസാരിക്കുന്നവരാണ്. നാമും അതു് ചെയ്യണം. പക്ഷേ ആ ഒരു മാറ്റത്തിനു് ഇനിയും സമയമെടുക്കും.
നാം ചെയ്യേണ്ടത്
- നമ്മുടെ കുട്ടികളോടു് അവർ കണ്ട സിനിമകളെ / വീഡിയോകളെ കുറിച്ചു് സമാധാനത്തോടെ ചോദിച്ചറിയുക. കുറ്റപ്പെടുത്താതെ ചര്‍ച്ച ചെയ്യുക. ആ സിനിമകള്‍ നല്ലതെങ്കിൽ ഒരുമിച്ചിരുന്നു് കാണുക.
- കുടുംബ സമേതം നല്ല നിലവാരമുള്ള സിനിമകളും ഡോക്കുമെന്റെറികളും കാണുന്നതു് വളരെ പ്രയോജനം ചെയ്യും. ആകാത്ത സിനിമകളില്‍ നിന്നു് കുട്ടികളെ അടൎത്തി മാറ്റുവാനുള്ള ഏറ്റവും നല്ല മാൎഗ്ഗമാണിത്.
-
കണ്ട സിനിമകളെ ക്രൈസ്തവ വീക്ഷണത്തോടു് അവലോകനം ചെയ്യുക. ചോദ്യങ്ങൾ ചോദിക്കുക.
ഉദാഹരണത്തിന്നായി …
- നാം കണ്ട സിനിമയിലെ പ്രധാന പ്രമേയം എന്തായിരുന്നു? ഒരു വാചകത്തിൽ ഈ കഥ പറയാമോ?
- പ്രത്യക്ഷമായും പരോക്ഷമായും എന്തെല്ലാം സന്ദേശങ്ങളാണു് ഈ സിനിമയിലൂടെ സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകൎക്കു കൈമാറാൻ ആഗ്രഹിക്കുന്നതു് ? ഓരോ ഷോട്ടിലും ഒരു സന്ദേശമുണ്ടു് എന്നു് നാം മറക്കരുതു്. പ്രധാന സന്ദേശങ്ങൾ ഏതെല്ലാം?
- ക്രിസ്‍തീയ വിശ്വാസവുമായി യോജിച്ചു പോകുന്ന കാൎയ്യങ്ങൾ ഏതെല്ലാമാണു് ? അതുപോലെ ക്രിസ്‍തീയ വിശ്വാസത്തിനു വിരുദ്ധമായവ ഏതെല്ലാം?
- മറ്റു മതങ്ങളെ കുറിച്ചു് എന്തെങ്കിലും പുതുതായി പഠിച്ചോ? ഓരോ മതത്തിൽപ്പെട്ടവരെയും ഓരോ വിശ്വാസത്തെയും സത്യസന്ധമായാണോ ചിത്രീകരിച്ചിരിക്കുന്നതു് ?
- മറ്റു സംസ്‍കാരങ്ങളെ കുറിച്ചു് പുതുതായി എന്തെല്ലാം പഠിച്ചു? ഇതിൽ കാണിച്ചിരുക്കുന്ന സമൂഹങ്ങളെയും സമുദായങ്ങളെയും ഏതു രീതിയിലാണു് ചിത്രീകരിച്ചിരിക്കുന്നതു് ? അവരോടുള്ള സിനിമയുടെ മനോഭാവം ശരിയാണോ? മറ്റു ഭാഷക്കാരോടും വംശങ്ങളോടുമുള്ള സിനിമയുടെ സമീപനം എപ്രകാരമാണു് ?
- ക്രൈസ്‍തവ വിശ്വാസത്തെ കുറിച്ചോ ക്രിസ്‍ത്യാനികളെ കുറിച്ചോ ഈ സിനിമ എന്തെങ്കിലും ചിത്രീകരിക്കുന്നുണ്ടോ? ഏതു് രീതിയിലാണു് ചിത്രീകരിച്ചിരിക്കുന്നുത് ?
- സ്ത്രീ പുരുഷ ബന്ധത്തെയും കുടുംബജീവിതത്തെയും ഏതു് രീതിയിലാണു് ചിത്രീകരിച്ചിരിക്കുന്നുതു് ?
- ഏതു തരും രാഷ്ട്രീയ കാഴ്‍ചപ്പാടാണു് ഈ സിനിമ പ്രോത്സാഹിപ്പിക്കുന്നതു് ?
- ഈ സിനിമയിൽ പ്രതിപാദിച്ചിരിക്കുന്ന ചരിത്രപരമായ വിവരങ്ങൾ വാസ്‍തവമാണോ? ഈ സിനിമയിൽ വസ്തുതാപരമായ എന്തെങ്കിലും പിശകുകൾ ഉണ്ടോ? മനഃപൂൎവ്വം പ്രേക്ഷകരെ വഴിതെറ്റിക്കുവാന്നായി എന്തെങ്കിലും നുണകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ?
- ദൈവവചനം വിലക്കിയിട്ടുള്ള ഏതെങ്കിലും സംഗതികൾ ഈ സിനിമ പ്രത്യക്ഷമായോ പരോക്ഷമായോ പ്രോത്സാഹിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ടോ? വിഗ്രഹാരാധന, മന്ത്രവാദം, ദൈവദൂഷണം, സാത്താൻസേവ, എന്നിത്യാദി. പ്രായത്തിനും പക്വതയ്‍ക്കും ചേരുന്ന സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ തന്നെ ഈ കാൎയ്യങ്ങളെ കുറിച്ചു് ചിന്തിക്കാവുന്നതാണു്. ഒരു കുട്ടിയുടെ മനസ്സിലേക്കു് അനാവശ്യമായ പലതും ഇടുവാൻ സാധിക്കും. എന്നാൽ ആ മനസ്സിൽ ഒരുക്കൽ ഇട്ട കാൎയ്യങ്ങൾ പുറത്തെടുക്കുവാൻ സാധ്യമല്ല എന്നോൎക്കുക. ചികിത്സയെക്കാൾ പ്രതിരോധമാണ് നല്ലത്.
- തിരകഥ, ഛായാഗ്രഹണം, കാസ്റ്റിംഗ്, കഥാപാത്രങ്ങളുടെ നിലവാരം, അഭിനയ നിലവാരം, സംഗീതം, ലൊക്കേഷനുകൾ എന്നിത്യാദി വിഷയങ്ങളെ കുറിച്ചും ചൎച്ച ചെയ്യാം.
- അവലോകനം നടത്തുന്നതിനു മുമ്പു് സിനിമ നിരൂപകര്‍ ആ സിനിമയെ കുറിച്ചു് എഴുതിയതു് വായിക്കുക. അവർ പറയുന്നതെല്ലാം നാം സ്വീകരിക്കേണമെന്നില്ല. എങ്കിലും ഒരു ചലചിത്രത്തിൽ അവർ എന്തെല്ലാം മാനദണ്ഡകൾ ഉപയോഗിച്ചു് അതിനെ അളക്കുന്നു എന്നു് മനസ്സിലാക്കുക.
- നിങ്ങളുടെ പ്രാദേശിക സഭയിലെ യുവാക്കള്‍ക്കു വേണ്ടിയും മുതിര്‍ന്നവര്‍ക്കായും ദൃശ്യമാധ്യ കൂട്ടായ്മൾ തുടങ്ങുക. നല്ല സിനിമകൾ കാണുവാനും, നിരൂപണം നടത്തുവാനും, നല്ല ഹൃസ്വ ചിത്രങ്ങളുടെ നിൎമ്മാണത്തിലേക്കും ഇതു് വഴി തെളിക്കും.
ലേഖകനെ കുറിച്ച് …
പരിസ്ഥിതി ശാസ്‍ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫിലിപ്പ് ഈപ്പൻ ഗവേഷണ വിദ്യാൎത്ഥിയായിരിക്കുമ്പോൾ യേശു ക്രിസ്‍തുവിന്റെ സദ്വൎത്തമാനം മറ്റുള്ളവരോടു് പങ്കുവക്കുന്ന ദൗത്യത്തിനായി തന്റെ ജീവിതം സമൎപ്പിച്ചു. ആ ദൗത്യം നിറവേറ്റുന്നതിനോടൊപ്പം ബൈബിൾ പഠിക്കുവാൻ ക്രിസ്‍തു ശിഷ്യരെ സഹായിച്ചു പോരുന്നു. നിരവധി കലാശാലകളിലും ക്രൈസ്തവ യുവാക്കളുടെ ഇടയിലും പ്രവൎത്തിച്ചിട്ടുണ്ട്. ഭാരത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര വിദ്യാലയങ്ങളിൽ ഒന്നായ ഹെബ്രോൻ സ്കൂളിൽ വേദശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായി സേവനം അനുഷ്ഠിച്ചിരുന്നു. വായനാക്കാരുടെ സംഭാവനകൾ തന്റെ പ്രവൎത്തനങ്ങൾക്കു് സഹായകരമാണു്. ഡോ. ജെസ്സിമോളാണു് ഭാൎയ്യ. അവൎക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയിമുണ്ടു്.
March 3, 2025
BACK |
TOP |
INDEX |
HOME
ABOUT |
CONTACT |
SUPPORT |
SITE MAP |