തമ്പിയുടെ ഹൃദയം
നമ്മുടെ ഹൃദയം ദൈവത്തിന്റെ ആലയമാണോ അതോ ചെകുത്താന്റെ പണിപ്പുരയാണോ? ഈ ചിത്രങ്ങൾ നമ്മുടെ ഹൃദയത്തിന്റെ അവസ്ഥ വിവരിക്കുന്നു.*
തമ്പി എന്നു പേരുള്ള ഒരു പതിമൂന്നു വയസ്സുകാരൻ ഉണ്ടായിരുന്നു. ഒരു ദിവസം അവൻ മുംബൈയിലെ വീടിനു് പുറത്ത് ഇരുന്നു് ഫോണിൽ കളിക്കുകയായിരുന്നു. അപ്പോൾ നല്ല ഉയരമുള്ള ഒരു മനുഷ്യൻ അവന്റെ വീടിന്റെ സമീപത്തു് കൂടെ കടന്നു പോകുന്നത് അവൻ കണ്ടു.
പുതിയ അയൽവാസി. ലഖ്‌നൗവിൽ നിന്നാണു് വന്നത്. അയാൾ തമ്പിയെ കണ്ടപ്പോൾ ചോദിച്ചു,
“തമ്പി, നീ എപ്പോഴെങ്കിലും നിന്റെ ഹൃദയത്തിന്റെ ഉൾവശം കണ്ടിട്ടുണ്ടോ?”
“ഇല്ല. ചേട്ടനു എന്റെ പേര് എങ്ങനെ അറിയാം?”
“പേടിക്കേണ്ട. ഈ അയൽപക്കത്തുള്ള എല്ലാവർക്കും നിന്റെ പേര് അറിയാം. എന്റെ പേര് സച്ചിൻ. വരൂ, ഞാൻ നിനക്കു് കുറച്ചു് ചിത്രങ്ങൾ കാണിച്ചു തരാം.”
തമ്പി എഴുന്നേറ്റു് അയാളുടെ കൂടെ പോയി. കുറച്ചപ്പുറത്തുള്ള പൂന്തോട്ടത്തിൽ ഒരു ബെഞ്ചിൽ അവർ ഇരുന്നു. സച്ചിൻ തന്റെ ബാഗിൽ നിന്നു് ഒരു പേപ്പർ കവർ പുറത്തെടുത്തു. അതു് തുറന്നപ്പോൾ തമ്പി ഒരു വിചിത്രമായ പടം കണ്ടു. ഹൃദയത്തിന്റെ ഒരു വലിയ ചിത്രമായിരുന്നു അത്.
“തമ്പി, ശ്രദ്ധിച്ചു നോക്കൂ. നീ എപ്പോഴെങ്കിലും നിന്റെ ഹൃദയത്തിലേക്കു് നോക്കിയിട്ടുണ്ടോ എന്നു് ഞാൻ ചോദിച്ചപ്പോൾ ഇതാണു് ഞാൻ ഉദ്ദേശിച്ചത്.”
ഒരു അപരിചിതനോടൊപ്പം തമ്പി ഇരിക്കുന്നതു് അവന്റെ സുഹൃത്തുക്കൾ കണ്ടു. അവരും അവന്റെ അടുത്തേക്കു് ഓടി സച്ചിന്റെ ഇരുവശത്തും നിന്നു. ചിത്രം കണ്ടപ്പോൾ അവരും അതിലേക്കു് ആകർഷിക്കപ്പെട്ടു. സച്ചിൻ വളരെ സ്‍നേഹത്തോടെ അവരെ സ്വാഗതം ചെയ്തു.
പാപിയുടെ ഹൃദയം
“തമ്പി, ദൈവം സർവ്വജ്ഞനാണു്. അവിടുന്നു് എല്ലാം അറിയുന്നു. ദൈവത്തിന്റെ സർവ്വജ്ഞാനമുള്ള കണ്ണുകളിലൂടെ നമുക്കു് നമ്മുടെ ഹൃദയത്തിലേക്കു് നോക്കാൻ കഴിയുമെങ്കിൽ, ദൈവത്തിന്റെ മുൻപിൽ നാം എല്ലാവരും ലജ്ജിച്ചു തല താഴ്‍ത്തേണ്ടി വരും.”
“ദൈവം നന്മയിൽ തികഞ്ഞവനാണു്. നാമും ദൈവത്തെ പോലെ നന്മയിൽ തികഞ്ഞവർ ആകാനാണു് അവിടുന്നു നമ്മെ സൃഷ്ടിച്ചതു്. ദൈവം എപ്പോഴും എല്ലാം കാണുന്നു. ഈ ചിത്രത്തിലെ കണ്ണുകൾ ദൈവത്തിന്റെ സർവ്വവ്യാപിയായ കണ്ണുകളെ കുറിക്കുന്നു. നമ്മുടെ രഹസ്യ ചിന്തകളും ഉദ്ദേശ്യങ്ങളും ദൈവം അറിയുന്നു.”
“നന്മയും തിന്മയും തമ്മിൽ തിരിച്ചറിയുവാനുള്ള വിവേചന ശക്തി ദൈവം നമുക്കു് നൽകിയിട്ടുണ്ടു്. നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ നമ്മുടെ മനസ്സാക്ഷി നമ്മെ കുറ്റം വിധിക്കുന്നു. മനസ്സാക്ഷിയുടെ ശബ്ദം നമ്മൾ അവഗണിച്ചാൽ പിന്നീടു് അതിന്റെ ശബ്ദം നാം കേൾക്കാതാകും. മനസ്സാക്ഷി മരവിച്ചു പോകും. അതുകൊണ്ടാണു് പലരും ഒരു മനസാക്ഷി കുത്തും അനുഭവിക്കാടെ തെറ്റുകൾ ചെയ്‍തു കൂട്ടുന്നതു്.”
മയിൽ ഗൎവ്വിന്റെ പ്രതീകമാണു്
“ഈ ചിത്രത്തിലെ മയിൽ അഹങ്കാരത്തിന്റെ അഥവാ ഗൎവ്വിന്റെ പ്രതീകമാണു്. മയിൽ വളരെ മനോഹരമായ ഒരു പക്ഷിയാണു്. അതു് തുവലുകൾ വിടർത്തുമ്പോൾ അതിന്റെ സൗന്ദര്യം പ്രദർശിപ്പിക്കുകയാണു് എന്ന നാം ചിന്തിച്ചു പോകും. അഹങ്കാരികളും അങ്ങനെയാണു്. മറ്റുള്ളവരെ ചെറുതാക്കി കാണിക്കുവാൻ അവർ തങ്ങളുടെ കഴിവുകളും സമ്പത്തും അറിവും കൊട്ടിഘോഷിക്കുന്നു. അവർ പൊങ്ങച്ചം പറയും. തങ്ങൾ വലിയവരാണു് എന്നു കാണിക്കുവാൻ ആർഭാടങ്ങൾക്കു് അനാവശ്യമായി പണം ചെലവാക്കും. ദൈവം അഹങ്കാരത്തെ വെറുക്കുന്നു. ദൈവം അഹങ്കാരികളെ എതിർക്കുന്നു.”
“തമ്പി, നീ എപ്പോഴെങ്കിലും മറ്റുള്ളവൎക്കു ദോഷം വരേണം എന്നോ അവർ തോറ്റു പോകണം എന്നോ ആഗ്രഹിച്ചിട്ടുണ്ടോ? മറ്റുള്ളവരോടു് അനാദരവോ വെറുപ്പോ തോന്നാറുണ്ടോ? നീ മറ്റുള്ളവരേക്കാൾ മികച്ചവനാണു് എന്നു് നിനക്കു തോന്നാറുണ്ടോ? ഇത്തരം ചിന്തകൾ ഗൎവ്വിന്റെ ലക്ഷണങ്ങളാണു്.”
മുട്ടനാടു് ശാഠ്യത്തിന്റെ പ്രതീകമാണു്
“ഈ ചിത്രത്തിലെ മുട്ടനാടു് പിടിവാശിയുടെ പ്രതീകമാണു്. നീ ഒരു ശാഠ്യക്കാരനാണോ, തമ്പി? ദുഃശാഠ്യം ഉള്ളവർ വേണ്ടിയതിനും വേണ്ടാത്തതിനും ഉറച്ച നിലപാടുകൾ എടുക്കും ഒട്ടും അയവു് വരുത്തുകയില്ല. അവർ തെറ്റു് പറ്റിയാലും മറ്റുള്ളവർ പറയുന്നതു് കേൾക്കില്ല. ഇങ്ങനെ ഉള്ളവരെ തിരുത്താൻ ബുദ്ധിമുട്ടാണു്. ദുഃശാഠ്യമുള്ളവരെ തിരുത്താൻ ദൈവത്തിനു പോലും പ്രയാസമാണു്.”
പന്നി ആൎത്തിയുടെ പ്രതീകമാണു്
“ചിത്രത്തിലെ പന്നി അത്യാഗ്രഹത്തെ കുറിക്കുന്നു. അത്യാഗ്രഹം ഒരു പാപമാണു്. ഉദാഹരണത്തിനു, എല്ലാവർക്കും ജീവിക്കാൻ ഭക്ഷണം ആവശ്യമാണു്. ദൈവം നമുക്കായി എല്ലാത്തരം സ്വാദിഷ്ടമായ ഭക്ഷ്യ വസ്‍തുക്കളും പ്രകൃതിയിൽ ഒരുക്കിയിട്ടുണ്ടു്. എന്നാൽ ഭക്ഷണം കഴിക്കാൻ മാത്രം ജീവിക്കുന്ന ചിലരുണ്ടു്. ചിലർക്കു പണത്തോടും മറ്റു പലതിനോടും ആൎത്തിയാണു്.”
തവള അശുദ്ധിയുടെ പ്രതീകമാണു്
“ഈ ചിത്രത്തിലെ തവള അശുദ്ധിയുടെ പ്രതീകമാണു്. അശുദ്ധമായ ചിന്തകൾ നാം മനസ്സിൽ സൂക്ഷിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ദിവാസ്വപ‍്നങ്ങളിൽ കണ്ടു് ചെറുപ്പം മുതലേ വൃത്തികെട്ട സംസാരത്തിൽ ഏർപ്പെടുന്നു. മോശമായ വാക്കുകളുടെ ഉപയോഗവും ഇന്നു് സൎവ്വസാധാരണമാണു്. നമുക്കു് ചുറ്റും എവിടെയും അശുദ്ധമായ ദൃശ്യങ്ങൾ. അവ പുസ്തകങ്ങളിലും മാസികകളിലും ഇന്റെർനെറ്റിലും സാമൂഹിക മാധ്യമങ്ങളിലുമുണ്ടു്. മനസ്സിൽ അശുദ്ധി നിറയ്‍ക്കുന്നവർ താമസിയാതെ വൃത്തികെട്ട പ്രവൃത്തികൾ ചെയ്‍തു തുടങ്ങും.
“ദൈവം എല്ലാം മനോഹരവും വിശുദ്ധവുമായി സ്രഷ്ടിച്ചു. എന്നാൽ ഈ മനോഹരമായ കാര്യങ്ങൾ നാം തിന്മയ്‍ക്കായി ദുരുപയോഗം ചെയ്യുന്നു. ദൈവം സൃഷ്ടിച്ച ഏറ്റവും മനോഹരമായ വസ്തുക്കളിൽ ഒന്നാണു് മനുഷ്യ ശരീരം. ശരീരം ശുദ്ധവും നിർമ്മലവുമാണു്. അതു് അങ്ങനെ തന്നെ സൂക്ഷിക്കണം. ശരീരത്തിന്റെ ഓരോ അവയവവും പ്രധാനപ്പെട്ടതാണു്. ശരീരത്തിന്റെ ഒരോ പ്രവൃത്തനങ്ങളും അമൂല്യമാണു്. എന്നിട്ടും നമ്മൾ പരസ്പരം അപമാനിക്കാൻ നമ്മുടെ ശരീര ഭാഗങ്ങളുടെ പേരുകൾ ഉപയോഗിക്കുന്നു. ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചു് പലരും തമാശകൾ പറയുന്നു.
“നമ്മെ സൃഷ്ടിച്ച ദൈവം പരിശുദ്ധനായ ദൈവമാണു്. നമ്മുടെ വൃത്തികെട്ട ചിന്തകളും വാക്കുകളും പ്രവൃത്തികളും ദൈവത്തിനു അസഹനീയമാണു്.”
സൎപ്പം നുണകളുടെയും വഞ്ചനയുടെയും പ്രതീകമാണു്
“ഈ ചിത്രത്തിലെ സൎപ്പം നുണകളുടെയും വഞ്ചനയുടെയും വിദ്വേഷത്തിന്റെയും പ്രതീകമാണു്. ആളുകൾ മറ്റുള്ളവരോടു് കപടമായി പെരുമാറില്ലേ? ഉള്ളിൽ നീരസം ഉണ്ടെങ്കിലും പുറമേ ചിരിച്ചു കാണിക്കുന്നു, മുഖസ്‍തുതി പറയുന്നു.
നമ്മൾ നല്ലവരാണെന്നു് മറ്റുള്ളവരെ വിശ്വസിപ്പിക്കുവാൻ നാം എപ്പോഴും പരിശ്രമിക്കുന്നു. എന്നാൽ യഥാർത്തിൽ നമ്മുടെ സ്വഭാവം നമ്മുടെ മുഖംമൂടിയുടെ നേർ വിപരീതമാണു്.
“ലോകം അസത്യങ്ങളുടെ കലവറയാണു്. ആളുകൾ ഒരു കാരണമില്ലാതെ കള്ളം പറയുന്നു. ചിലർ കരുതികൂട്ടി ചതിക്കുന്നു. എല്ലാ നുണകളും പാപമാണു്, പൈശാചീകമാണു്. അർത്ഥ സത്യങ്ങളും ഒട്ടും മോശമല്ല.
“ദൈവം സത്യമാണു്. ദൈവം സത്യത്തെ സ്നേഹിക്കുന്നു. ദൈവത്തിൽ കള്ളമില്ല. കള്ളം ഇഷ്ടപ്പെടുന്നവർക്കു് ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല. സത്യം അന്വേഷിക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. ആരെങ്കിലും സത്യം അന്വേഷിച്ചാൽ അവൻ അതു് കണ്ടെത്തും.
“എന്നാൽ മിക്ക ആളുകളും അവർ വിശ്വസിക്കുന്ന നുണകളെ ഇഷ്ടപ്പെടുന്നു. സത്യം അറിയുവാൻ താത്പര്യം കാണിക്കാറില്ല. തങ്ങളുടെ പ്രിയപ്പെട്ട വിശ്വാസങ്ങൾ തെറ്റാണെന്നു് കണ്ടുപിടിക്കപ്പെടുമോ എന്നു് അവർ ഭയപ്പെടുന്നു.”
പുള്ളിപ്പുലി അക്രമത്തിന്റെയും പ്രതികാരത്തിന്റെയും പ്രതീകമാണു്
“ഈ ചിത്രത്തിലെ പുള്ളിപ്പുലി കോപത്തിന്റെയും അക്രമത്തിന്റെയും പ്രതികാരത്തിന്റെയും പ്രതീകമാണു്.
“അക്രമവും ഹിംസയും ആഘോഷിക്കുന്ന ഒരു സമൂഹത്തിലാണു് നാം ജീവിക്കുന്നതു്. അക്രമവും പ്രതികാരവും നിറഞ്ഞതാണു് നമ്മുടെ സിനിമകളും കഥകളും. ദയയും അനുകമ്പയും ഉള്ള ആളുകളെ നാം പലപ്പോഴും ദുർബലരായ ചിത്രീകരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ മറ്റു കുട്ടികളെ തല്ലിയാലും ഭീഷണിപ്പെടുത്തിയാലും കുഴപ്പമില്ലെന്നു് നമ്മുടെ കുട്ടികൾ കരുതുന്നു. കോപാകുലരായ ആളുകൾ യഥാർത്ഥത്തിൽ ദുർബലരാണെന്നു് അവർക്കറിയില്ല.
“തമ്പി, നീ എപ്പോഴെങ്കിലും മറ്റുള്ളവരോടു് ദേഷ്യപ്പെട്ടിട്ടുണ്ടോ? മറ്റൊരാളെ വേദനിപ്പിക്കാൻ നീ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?
“ദൈവം സമാധാനം ഇഷ്ടപ്പെടുന്നു. ദൈവം നമുക്കു് അവന്റെ സമാധാനം തരുന്നു. മറ്റുള്ളവരുമായി സമാധാനത്തിൽ ജീവിക്കാൻ ദൈവം നമ്മെ സഹായിക്കുന്നു. മറ്റുള്ളവർ നമ്മെ വേദനിപ്പിക്കുമ്പോൾ ക്ഷമിക്കാൻ ദൈവം നമ്മെ പഠിപ്പിക്കുന്നു.”
ആമ അലസതയുടെ പ്രതീകമാണു്
“ചിത്രത്തിലെ ആമ അലസതയുടെ പ്രതീകമാണു്.
“നീ എപ്പോഴെങ്കിലും അലസൻ ആയിരുന്നിട്ടുണ്ടോ? ആവശ്യത്തിൽ കൂടുതൽ ഉറങ്ങുന്ന ശീലമുണ്ടോ? മടിയന്മാർക്കു് കിടക്കയിൽ നിന്നു് എഴുന്നേൽക്കാനും ദൈനംദിന ജോലികൾ ചെയ്യാനും പ്രയാസമാണു്.
“പ്രധാനപ്പെട്ട ചില ജോലികൾ ചെയ്യേണ്ടി വന്നാൽ പോലും അവർ അതു് മറ്റൊരു ദിവസത്തേക്കു് മാറ്റിവെക്കുന്നു. ‘നാളെ’ എല്ലാം ചെയ്യാൻ അവർ എപ്പോഴും ഇഷ്ടപ്പെടുന്നു. അവരുടെ ‘നാളെ’ ഒരിക്കലും വരില്ല. അവർ തുടങ്ങുന്ന ജോലി പൂൎത്തിയാക്കുന്നില്ല.
“മടിയന്മാർ സ്വയം ജോലി ചെയ്തു് പണം സമ്പാദിക്കുന്നതിനു് പകരം മറ്റുള്ളവരെ ആശ്രയിക്കുന്നു. മടിയന്മാർക്കു് ആഗ്രങ്ങൾക്കു് ഒരു പഞ്ഞവുമില്ല. ലജ്ജ കൂടാതെ അവർ മറ്റുള്ളവരിൽ നിന്നു് പണം കടം വാങ്ങും. അതു് സമയത്തു് തിരിച്ചു കൊടുക്കില്ല.
“ഒരു രാഷ്‍ട്രത്തലെ പൗരന്മാർ മടിയന്മാരാണെങ്കിൽ ആ രാഷ്‍ട്രം നശിക്കും. ഉപയോഗപ്രദമായ എന്തെങ്കിലും ഉൽപ്പാദിപ്പിക്കുന്നതിനു പകരം മടിയന്മാർ ഉള്ളതു് ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു.
“മനുഷ്യർ ചെയ്യുന്ന മറ്റു പല പാപങ്ങളെയും കുറിച്ചും ബൈബിളിൽ പറഞ്ഞിട്ടുണ്ടു്. ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി വിഗ്രഹാരാധന, മന്ത്രവാദം, പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യാസക്‍തി, അഴിഞ്ഞാട്ടം തുടങ്ങിയവ.”
“അധർമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? വഞ്ചിക്കപ്പെടരുത്: ലൈംഗിക അധാർമികതയിൽ ജീവിക്കുന്നവർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാരും സ്ത്രീകളും, മോഷ്ടാക്കൾ, അത്യാഗ്രഹികൾ, ലഹരിയിൽ മുഴുകി കഴിയുന്നവർ, അപവാദം പരത്തുന്നവർ, അന്യരുടെ പണം അപഹരിക്കുന്നവർ ഇങ്ങനെ ഉള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”
ചെകുത്താനും ഒരിക്കൽ ഒരു മാലാഖയായിരുന്നു
“പാപം ചെയ്യുന്നവർ സാത്താനെ തങ്ങളുടെ ജീവിതത്തിലേക്കു് സ്വാഗതം ചെയ്യുന്നു. സാത്താൻ ഒരു മാലാഖയായിരുന്നു. എന്നാൽ സാത്താനും മറ്റു മാലാഖമാരും ദൈവത്തിനെതിരെ മത്സരിച്ചു. അവർ ദൈവ സന്നിധിയിൽ നിന്നു് പുറത്താക്കപ്പെട്ടു.
“ഈ ദുരാത്മാക്കൾ ദൈവത്തിനെതിരെ ഇന്നും പോരാടുന്നു. എല്ലാത്തരം നുണകളും വിശ്വസിപ്പിച്ചു് ആളുകളുടെ ഹൃദയങ്ങളെ ദൈവത്തിൽ നിന്നു് അകറ്റുന്നു. അവർ ദൈവത്തിനെതിരെ പാപം ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നു. സാത്താനും അവന്റെ ദുരാത്മാക്കളും പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വഞ്ചിക്കുന്നു.
“ആളുകൾ മത വിശ്വാസികളാണെങ്കിൽ ചെകുത്താനു അഥവാ സാത്താനു ഒരു പ്രശ്നവുമില്ല. പക്ഷേ, തങ്ങളെ സൃഷ്ടിച്ച സത്യ ദൈവത്തെക്കുറിച്ചു് ആളുകൾ അറിയരുതെന്നു് അവൻ ആഗ്രഹിക്കുന്നു.”
തമ്പി ഒന്നും മിണ്ടാതെ സച്ചിൻ പറഞ്ഞതെല്ലാം കേട്ടു് ഇരുന്നു. അപ്പോൾ സച്ചിൻ അവനോടു് ചോദിച്ചു,
“തമ്പി, ആരാണു് നിന്റെ ഹൃദയത്തെ നിയന്ത്രിക്കുന്നതു് ? നിന്റെ ഹൃദയത്തിൽ ഈ പാപങ്ങളിൽ ഏതെങ്കിലും ഉണ്ടോ? നിന്റെ ഹൃദയത്തെ നിയന്ത്രിക്കുന്നതു് ദൈവമാണോ അതോ ദുരാത്മാക്കളാണോ?”
തമ്പി പറഞ്ഞു, “എന്റെ ഹൃദയത്തിൽ ഇവിടെ കാണിച്ചിരിക്കുന്ന പല പാപങ്ങളും ഉണ്ടു്. പക്ഷേ ഞാൻ ദൈവത്തോടു് എന്നും പ്രാർത്ഥിക്കാറുണ്ടു്. അതുകൊണ്ടു് പ്രയോജനം ഇല്ല. എന്റെ ഹൃദയം അശുദ്ധിയും ദുഷ്ടതയും നിറഞ്ഞിരിക്കുമ്പോൾ ദൈവത്തിനു് എങ്ങനെ എന്റെ പ്രാർത്ഥന സ്വീകരിക്കാനാകും? ഞാൻ എന്താണു് ചെയ്യേണ്ടതു് ?”
“ദൈവത്തിന്റെ ആത്മാവു് ഇപ്പോൾ നിന്നോടു് സംസാരിക്കുകയാണു്. ദൈവത്തിന്റെ ആത്മാവ് പ്രാവിനെപ്പോലെ സൗമ്യനാണു്. അങ്ങനെ ദൈവം നിന്റെ ഹൃദയത്തോടു് സംസാരിക്കുമ്പോൾ, നിന്റെ പാപങ്ങളെ കുറിച്ചു് നിനക്കു തിരിച്ചറിവും കിട്ടും. കുറ്റബോധം വരും. അതു് ഒരു നല്ല കാര്യമാണു് കാരണം അതു് നിന്നെ പശ്ചാതാപത്തിലേക്കു് നയിക്കും.
“ദൈവത്തിനു് വൃത്തികെട്ട ഹൃദയത്തിൽ വസിക്കാൻ കഴിയില്ല. അവിടുന്നു് പുറത്തു് നിന്നു് നിന്റെ ഹൃദയത്തിലേക്കു് തന്റെ പ്രകാശം അയയ്‍ക്കും. അങ്ങനെ നിന്റെ ജീവിതത്തിന്റെ യഥാർത്ഥ അവസ്ഥ നിനക്കു് കാണാൻ സാധിക്കും.
“നമ്മുടെ മനസ്സാക്ഷിയെക്കാൾ വലിവനാണു് ദൈവം. നമ്മുടെ മനസ്സാക്ഷി നമ്മേ കുറ്റപ്പെടുത്തുന്നു എങ്കിൽ അതിൽ എത്ര അധികമായി ദൈവം നമ്മെ കുറ്റക്കാരായി കണ്ടെത്തും എന്നു് ചിന്തിച്ചു നോക്കൂ.
“ദൈവമാണു് ഏറ്റവും വലിയ ന്യായാധിപൻ. അവിടുന്നു് സ്‌നേഹമുള്ള ദൈവമാണെങ്കിലും നീതിയുള്ളവനാണു്. എല്ലാ കുറ്റക്കാരെയും അവൻ ശിക്ഷിക്കും.”
“പാപത്തിനുള്ള ശിക്ഷ എന്താണു് ?” തമ്പി ചോദിച്ചു.
“മരണം. അതു് കേവലം ശാരീരിക മരണമല്ല. മരണം ദൈവത്തിൽ നിന്നുള്ള വേർപിരിയലാണു്. എല്ലാ പാപികളും ദൈവ സന്നിധിയിൽ നിന്നു് അകലെയുള്ള ദണ്ഡന സ്ഥലത്തേക്കു് അയക്കപ്പെടും. ആ ശിക്ഷയ്ക്കു് അവസാനമില്ല. ഇതു് നിത്യ നരകമാണു്.
“നമ്മൾ മരിച്ചതിനു ശേഷം, എല്ലാവരും ദൈവത്തിന്റെ കോടതിയിൽ ഹാജരാകും. നമ്മുടെ എല്ലാ പ്രവൃത്തികളെയും അടിസ്ഥാനമാക്കി ദൈവം നമ്മെ ന്യായം വിധിക്കും. നമ്മുടെ എല്ലാ പ്രവൃത്തികളും നമ്മെ കാണിച്ചു തരാൻ ദൈവത്തിനു് കഴിയും. നാം സംസാരിക്കുന്ന ഓരോ വാക്കും അവനറിയാം. തിരിച്ചുവന്നു് നല്ല ജീവിതം നയിക്കാൻ ആർക്കും രണ്ടാമതൊരു അവസരം ലഭിക്കില്ല.”
“ഇതു് ആരും കേൾക്കാൻ ഇഷ്‍ടപ്പെടാത്ത കാൎയ്യമാണു്. എന്നാൽ ഇതിനോടു് ചേൎത്തു വായിക്കേണ്ട ഒരു സന്തോഷ വാർത്തയുണ്ടു്. ദൈവം നമ്മെ എല്ലാവരെയും സ്നേഹിക്കുന്നു എന്നതാണു് നല്ല വാർത്ത. അതുകൊണ്ടാണു് മനുഷ്യരാശിയെ അവരുടെ പാപങ്ങളിൽ നിന്നു് രക്ഷിക്കാൻ ദൈവം തന്റെ പുത്രനായ യേശുവിനെ അയച്ചതു്. തമ്പി, നിനക്കു് യേശുവിനെ കുറിച്ചു് അറിയാമോ?”
“ഇല്ല” തമ്പി മറുപടി പറഞ്ഞു. “എനിക്കു് അവനെ അറിയില്ല. അതാരാണു് ?”
“രണ്ടായിരം വർഷങ്ങൾക്കു് മുമ്പ് യേശു ജനിച്ചതു് പശുത്തൊഴുത്തിലാണു്. വളരെ എളിയ സ്ഥിതിയിലാണു് അദ്ദേഹം ജനിച്ചതു്. അദ്ദേഹത്തിന്റെ ജനന സമയത്തു് മാലാഖമാർ പാടി. നിരവധി പണ്ഡിതന്മാർ അദ്ദേഹത്തിനു് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ലോകം മുഴുവൻ അദ്ദേഹത്തിന്റെ ജന്മദിനം ക്രിസ്തുമസ് ആയി ആഘോഷിക്കുന്നു.
“ഈ യേശു പല അടയാളങ്ങളും അത്ഭുതങ്ങളും ചെയ്തു. മരുന്നൊന്നുമില്ലാതെ അദ്ദേഹം അത്ഭുതകരമായി രോഗികളെ സുഖപ്പെടുത്തി. അദ്ദേഹം അന്ധർക്കു് കാഴ്ച നൽകി. മരിച്ചവരെപ്പോലും ഉയിർപ്പിച്ചു. അദ്ദേഹം ദൈവത്തെ തന്റെ പിതാവ് എന്നു വിളിച്ചു. താൻ ദൈവപുത്രനാണെന്ന് അദ്ദേഹം പറഞ്ഞു.”
തമ്പി അതു് ശ്രദ്ധയോടെ കേട്ടു. അവന്റെ ഹൃദയത്തിൽ അതു് ആഴത്തിൽ സ്പർശിച്ചു.
“ബൈബിളിൽ നാം യേശുവിനെക്കുറിച്ചു് വായിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ഉപദേശങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ ശിഷ്യന്മാർ എഴുതി. യേശു ഒരിക്കലും ഒരു പാപവും ചെയ്‍തില്ല. തമ്പി, എന്തുകൊണ്ടാണു് ദൈവം യേശുവിനെ ഈ ലോകത്തിലേക്കു് അയച്ചതെന്നു് നിനക്കറിയാമോ?
“നമുക്കു് പകരം മരിക്കാൻ വേണ്ടിയാണു് ദൈവം യേശുവിനെ അയച്ചതു്. പാപത്തിന്റെ ശിക്ഷയിൽ നിന്നു് ലോകത്തെ മുഴുവൻ രക്ഷിക്കാൻ ദൈവം ആഗ്രഹിച്ചു. യേശുവിനെ അന്നത്തെ ഭരണകൂടം വധിച്ചു. മരം ഉപയോഗിച്ചു് ഉണ്ടാക്കിയ ഒരു ക്രൂശിൽ തന്നെ തൂക്കി. തന്റെ കൈകളിലും കാലുകളിലും പടയാളികൾ ആണി തറച്ചു കയറ്റി. അങ്ങനെ അദ്ദേഹം ക്രൂശിക്കപ്പെട്ടു. ഏറ്റവും വേദനാജനകമായ ഒരു മരണം. പക്ഷേ, അദ്ദേഹം ചെയ്ത തെറ്റ് കാരണമല്ല അങ്ങനെ മരിച്ചതു്. നമ്മുടെ പാപങ്ങൾ നിമിത്തമാണു് യേശു മരിച്ചതു്. നമ്മുടെ ശിക്ഷയിൽ നിന്നു നമ്മെ രക്ഷിക്കുവാൻ. നമ്മുക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനാണു് താൻ വന്നതെന്നു യേശു മുമ്പുകൂട്ടി പറഞ്ഞിരുന്നു.
മൂന്നു് ദിവസത്തിനു് ശേഷം, അവൻ മരിച്ചവരിൽ നിന്നു് ഉയിർത്തെഴുന്നേറ്റു. യേശു ഇന്നു് എവിടെയാണു് ? യേശു സ്വർഗത്തിലേക്കു് എടുക്കപ്പെട്ടു. ദൈവം അവനെ രാജാക്കന്മാരുടെ രാജാവാക്കി. തന്റെ വംശാവലിയിൽ മുമ്പുണ്ടായിരുന്ന ദാവീദു് രാജാവിന്റെ സിംഹാസനം തനിക്കും കിട്ടി. ഇന്നു യേശു സ്വർഗത്തിൽ ഇരുന്നു് പ്രപഞ്ചത്തെ ഭരിക്കുന്നു.
“എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളെ യേശു ക്ഷണിക്കുകയാണു് — തന്റെ ശിഷ്യന്മാരാകാൻ.”
“ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ,
നിങ്ങൾ എന്റെ അടുക്കൽ വരിക,
ഞാൻ നിങ്ങൾക്കു് ആശ്വാസം നൽകും.
ഞാൻ സൗമ്യനും വിനീതഹൃദയനും
ആയതുകൊണ്ടു് എന്റെ നുകം
നിങ്ങൾ സ്വീകരിച്ചുകൊണ്ടു്
എന്നോടു് പഠിക്കുക;
എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന്
വിശ്രമം കണ്ടെത്തും.
എന്റെ നുകം മൃദുവും എന്റെ ഭാരം
ലഘുവും ആകുന്നുവല്ലോ!”
അനുതപിക്കുന്ന പാപിയുടെ ഹൃദയം
“യേശുവിൽ വിശ്വസിക്കുന്നവരോടു് ദൈവം പാപങ്ങളെ ക്ഷമിക്കും. എന്നാൽ നമ്മൾ ആദ്യം പശ്ചാത്തപിക്കണം. നമ്മുടെ പാപങ്ങൾ ദൈവത്തോടു് ഏറ്റുപറയണം. യേശുവിന്റെ നാമത്തിൽ നാം ക്ഷമ ചോദിക്കണം.
“ഇതു് ചെയ്താൽ പിശാച് നമ്മുടെ ഹൃദയത്തിൽ നിന്നു് പോകും. ദൈവം നമ്മിൽ നിന്നു് എല്ലാ പാപങ്ങളും നീക്കം ചെയ്യും. അവൻ നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കും. ഇതാണു് ഈ രണ്ടാമത്തെ ചിത്രത്തിൽ നമ്മൾ കാണുന്നത്.
“അതു് വിശുദ്ധ ബൈബിളിൽ എഴുതിയിരിക്കുന്നു,
“നമുക്കു പാപമില്ലെന്നു് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല. നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്നു് നമ്മുടെ പാപങ്ങൾ ക്ഷമിച്ചു് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്നു് വിശ്വസ്തനും നീതിമാനും ആണല്ലോ.”
“തങ്ങൾ പാപികളല്ലെന്നു് പറയുന്നവരുണ്ടു്. ദൈവം അവരോടു് പൊറുക്കില്ല. എന്നാൽ തങ്ങളെത്തന്നെ താഴ്‍ത്തി ദൈവമുമ്പാകെ തങ്ങളുടെ പാപങ്ങൾ ഏറ്റുപറയുന്നവരോടു് അവിടുന്നു് ക്ഷമിക്കപ്പെടും.”
ഒരു പുതിയ തുടക്കം
“നീ നിന്റെ പാപങ്ങളെക്കുറിച്ചു് അനുതപിക്കുമ്പോൾ ദൈവത്തിന്റെ ആത്മാവ് നിന്റെ ഹൃദയത്തിൽ പ്രവർത്തിക്കാൻ തുടങ്ങും. നിന്നെ ദൈവത്തിന്റെ പൈതലാക്കും. ഇതു് നിന്റെ ജീവിതത്തിലെ ഒരു പുതിയ തുടക്കമാകും.
“നിനക്കു് അന്നേരം തന്നെ വലിയ സമാധാനം അനുഭവിക്കാൻ സാധിക്കും. നിന്നെ സൃഷ്ടിച്ച ജീവനുള്ള ദൈവത്തെക്കുറിച്ചു് കൂടുതൽ അറിയാൻ നീ ആഗ്രഹിക്കും.
“വിശുദ്ധ ബൈബിൾ ദൈവത്തിന്റെ വചനമാണു്. നീ അതിന്റെ സന്ദേശം വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ, ദൈവത്തെ കുറിച്ചു് കൂടുതൽ അറിയും. യേശുവിന്റെ മറ്റ് അനുയായികളും ഈ പട്ടണത്തിൽ ഉണ്ടു്. നീ അവരെ സമീപിക്കണം. ദൈവത്തെ കുറിച്ചും യേശുവിനെ കുറിച്ചും കൂടുതൽ അറിയാൻ അവർ നിന്നെ സഹായിക്കും.”
നമ്മുടെ ഹൃദയം ജീവനുള്ള ദൈവത്തിന്റെ ആലയമാണു്.
നീ ദൈവത്തിന്റെ പൈതലായാൽ ദൈവത്തിനു ഇഷ്‍ടമുള്ള കാര്യങ്ങൾ ചെയ്യുവാൻ നീ ആഗ്രഹിക്കും. കർത്താവായ യേശുവിന്റെ കൽപ്പനകൾ നീ അനുസരിക്കണം. അപ്പോൾ ദൈവം നിന്റെ ഹൃദയത്തിൽ വസിക്കും. നിന്റെ ശരീരം ദൈവത്തിന്റെ ആലയമായിത്തീരും.
“പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം മനുഷ്യ നിർമ്മിത കെട്ടിടങ്ങൾക്കുള്ളിൽ അല്ല വസിക്കുന്നതു്. തന്നെ അനുസരിക്കുന്ന എളിമയുള്ളവരുടെ ഹൃദയത്തിൽ വസിക്കുവാൻ ദൈവം ഇഷ്ടപ്പെടുന്നു. യേശു പറഞ്ഞു,
“എന്നെ സ്നേഹിക്കുന്നവർ എന്റെ ഉപദേശം അനുസരിക്കും. എന്റെ പിതാവ് അവരെ സ്നേഹിക്കും; ഞങ്ങൾ അവരുടെ അടുക്കൽ വന്നു് അവരോടുകൂടെ വസിക്കും.”
“നമ്മുടെ ലോകം പാപ പ്രവൃത്തികളെ കൊണ്ടു് നിറഞ്ഞിരിക്കുന്നു. നമ്മുടെ സുഹൃത്തുക്കൾ നമ്മെ പാപപൂർണമായ ജീവിതത്തിലേക്കു് തിരികെ കൊണ്ടുവരാൻ ശ്രമിച്ചേക്കാം. ദൈവത്തിനെതിരെ പാപം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന ദുരാത്മാക്കളുണ്ടു്. യേശുവിന്റെ അനുയായികൾ പോലും പരീക്ഷിക്കപ്പെടാം. പ്രലോഭനങ്ങളുടെ നിരവധി ആക്രമണങ്ങളെ ചെറുക്കുന്ന ഹൃദയമാണു് അടുത്ത ചിത്രം കാണിക്കുന്നത്.”
ദൈവമക്കളെ പാപത്തിലേക്കു് പ്രലോഭിപ്പിക്കാൻ സാത്താൻ ശ്രമിക്കും
“തന്റെ ഭൗമിക ജീവിതകാലത്തു് യേശുവും പരീക്ഷിക്കപ്പെട്ടു. എന്നാൽ അവൻ ഒരു പാപവും ചെയ്‍തില്ല.
“പ്രലോഭനങ്ങളെയും പാപങ്ങളെയും അതിജീവിക്കാൻ നമുക്കു് ദൈവത്തിന്റെ ശക്തി ആവശ്യമാണു്. നാം പ്രാർത്ഥിച്ചാൽ, പ്രലോഭനങ്ങളെ മറികടക്കാൻ ദൈവം നമ്മെ സഹായിക്കും.”
യേശുവിന്റെ ഒരു അനുഗാമി തന്റെ ജീവിതത്തിൽ പാപം ചെയ്യുവാൻ തുടങ്ങിയാൽ, സാത്താൻ അവന്റെ ജീവിതം നശിപ്പിക്കാൻ അനേകം ദുരാത്മാക്കളുമായി മടങ്ങി വരും.
“എന്നാൽ പാപം നമ്മുടെ ജീവിതത്തിൽ ആധിപത്യം സ്ഥാപിക്കാൻ നാം അനുവദിച്ചാൽ, സാത്താൻ നമ്മുടെ ഹൃദയം കൈവശപ്പെടുത്തും. പാപവും സാത്താനും കൈയടക്കിയ ഒരു ഹൃദയത്തെയാണു് ഈ ചിത്രം കാണിക്കുന്നത്.
“നാം യേശുവിൽ ആശ്രയിച്ചാൽ, പാപത്തിന്മേൽ നമുക്കു് വിജയം നൽകുവാൻ അവനു കഴിയും. നാം അവനിലേക്കു് മടങ്ങുകയാണെങ്കിൽ, യേശു നമ്മെ സ്വാഗതം ചെയ്യുകയും നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യും.”
പാപത്തിൽ അകപ്പെട്ടവർ ദൈവത്തിങ്കലേക്കു മടങ്ങിവന്നാൽ അവർ ക്ഷമിക്കപ്പെടുകയും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും.
“ബൈബിൾ വായിക്കുക, പ്രാർത്ഥിക്കുക, യേശുവിനെ ആരാധിക്കുന്ന മറ്റുള്ളവരെ കണ്ടുമുട്ടുക എന്നിവ വളരെ പ്രധാനപ്പെട്ട കാൎയ്യങ്ങളാണു്. നമുക്കു് എപ്പോഴും പരസ്പരം പ്രോത്സാഹിപ്പിക്കാൻ സാധിക്കും.
“എല്ലാ ദിവസവും പാപത്തെ കീഴടക്കുന്ന ഹൃദയത്തെയാണു് അടുത്ത ചിത്രങ്ങൾ കാണിക്കുന്നതു്. യേശു മരിച്ചു് ഉയിർത്തെഴുന്നേറ്റതു പോലെ, ഈ വ്യക്തി ഒരു പുതിയ ജീവിതം അനുഭവിച്ചറിഞ്ഞിരിക്കുന്നു. അവൻ പാപത്തോടു് മരിച്ചവന്നായി തന്നെതാൻ കരുതി ദൈവത്തെ അനുസരിച്ചു് ജീവിക്കുന്നു.
“യേശു തന്റെ അനുഗാമികളോടു് വെള്ളം കൊണ്ടു് സ്നാനപ്പെടുത്താൻ കൽപ്പിച്ചു. ഒരു പുതിയ അനുയായിയെ വെള്ളത്തിൽ മുക്കിയ ശേഷം വെള്ളത്തിൽ നിന്നു് പുറത്തെടുക്കുന്നു. അതു് യേശുവിനൊപ്പം മരിച്ചിട്ടു് യേശുവിനൊപ്പം ഉയിർത്തു് എഴുന്നേൽക്കുന്നതിനു സമമാണു്. അത്തരത്തിൽ യേശുവിന്റെ കൂടെ ജീവിക്കുന്നവനു വിജയകരമായ ജീവിതം നയിക്കാനുള്ള ശക്തി ദൈവം നൽകും.”
മരണസമയത്ത്, ഭക്തനെ സ്വർഗത്തിലേക്കു് കൊണ്ടുപോകാൻ ദൈവം തന്റെ ദൂതന്മാരെ അയയ്ക്കും.
“തമ്പി, യേശുവിനെ ആരാധിക്കുന്ന ഒരാൾ മരിക്കുമ്പോൾ എന്തു സംഭവിക്കും എന്നു് നിനക്കു് അറിയാമോ?
“യേശുവിൽ വിശ്വസിക്കുന്നവർക്കു് നിത്യജീവൻ ഉണ്ടു്. മരണം അവരുടെ ജീവിതത്തിന്റെ അവസാനമല്ല. മരണം മറുവശത്തേക്കുള്ള വാതിൽ മാത്രമാണു്. അവർ ആ വാതിലിലൂടെ ദൈവ സന്നിധിയിലേക്കു് പ്രവേശിക്കും.
“യേശുവിന്റെ ഒരു അനുഗാമി മരിക്കുമ്പോൾ, അവൻ ഈ പ്രതീക്ഷയോടെ മരിക്കുന്നു. മരണത്തെ പേടിക്കേണ്ട കാര്യമില്ല. അവനെ വീട്ടിലേക്കു് കൊണ്ടുപോകാൻ ദൈവം തന്റെ ദൂതന്മാരെ അയയ്‍ക്കും.
“ദൈവത്തിന്റെ സിംഹസനത്തിനു മുമ്പിൽ നിൽക്കുമ്പോൾ ദൈവം തന്നെ രക്ഷിക്കുമെന്നു് അവനറിയാം. യേശു അവന്റെ പാപങ്ങൾക്കു പരിഹാരമായി മരിച്ചതിനാൽ അവൻ നരകത്തിൽ പോകേണ്ടതില്ല. ദൈവത്തിന്റെ ‘ജീവപുസ്തകത്തിൽ’ തന്റെ പേര് എഴുതപ്പെട്ടിട്ടുണ്ടെന്നു് അവനറിയാം.”
തമ്പിയുടെ പ്രാർത്ഥന
“തമ്പി, ഞാൻ നിങ്ങളോടു് പറഞ്ഞതിനെ കുറിച്ചു് നിനക്കു് എന്തു് തോന്നുന്നു? ദയവായി വീട്ടിൽ പോയി ഇതിനെ കുറിച്ചു് ചിന്തിക്കണം. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുതു്. നീ യേശുവിൽ വിശ്വസിക്കുന്നെങ്കിൽ ദൈവത്തോടു് യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കാം.”
സച്ചിൻ യാത്ര പറഞ്ഞു പോയി. ഹൃദയഭാരത്തോടെ തമ്പി വീട്ടിലേക്കു് പോയി. ആ മനുഷ്യന്റെ വാക്കുകൾ സത്യമാണെന്നു് അവനറിയാമായിരുന്നു.
അന്നു രാത്രി തമ്പി തന്റെ കിടക്കയുടെ അരികിൽ മുട്ടുകുത്തി ഇപ്രകാരം പ്രാർത്ഥിച്ചു.
“ദൈവമേ, യേശുവിനെ ഓൎത്തു് എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ ഹൃദയം എനിക്കു് കാണിച്ചു തന്നതിനു് ഞാൻ അങ്ങയോടു് നന്ദിയുള്ളവനാണു്. എന്റെ പാപങ്ങളെ ഓൎത്തു് ഞാൻ ഖേദിക്കുന്നു. ഞാൻ വളരെ വൃത്തികെട്ടവനാണു്. ഒരുപാടു് തെറ്റുകൾ ചെയ്‍തിട്ടുണ്ടു്. എന്റെ പാപങ്ങൾ എന്നോടു് ക്ഷമിക്കണമേ. യേശു ദൈവപുത്രനാണെന്നു് ഞാൻ വിശ്വസിക്കുന്നു. മരണത്തിൽ നിന്നും നരകത്തിൽ നിന്നും എന്നെ രക്ഷിക്കാൻ യേശു എന്റെ സ്ഥാനത്തു് മരിച്ചു എന്നു് ഞാൻ വിശ്വസിക്കുന്നു. യേശു മരിച്ചവരിൽ നിന്നു് ഉയിർത്തെഴുന്നേറ്റു് സ്വർഗ്ഗത്തിൽ രാജാവായി വാഴുന്നു എന്നു് ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ ഒരു അനുയായി ആകുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നു് മുതൽ ഞാൻ അങ്ങേ മാത്രം ആരാധിക്കും. അങ്ങ് മാത്രമാണു് യഥാർത്ഥ ദൈവം. യേശുവിനെ യഥാർത്ഥമായി പിൻപറ്റുന്നവരെ കണ്ടെത്താൻ എന്നെ സഹായിക്കണമേ. എന്റെ പ്രാർത്ഥന കേട്ടതിനു് നന്ദി.”
തമ്പിയുടെ ഹൃദയം ദൈവിക സമാധാനത്താൽ നിറഞ്ഞു. തമ്പി ഒരു പുതിയ ആളായി മാറി.
പ്രിയ സുഹൃത്തേ, ഈ കഥ വായിച്ചതിനു് നന്ദി. യേശുവിനെ അനുഗമിക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ എന്നു് ഞാൻ പ്രാർത്ഥിക്കുന്നു. യേശുവിനെ കുറിച്ചു് കൂടുതൽ അറിയുവാൻ യവന വൈദ്യനും ചരിത്രകാരനുമായ ലൂക്കോസ് എഴുതിയ വിശദമായ ജീവചരിത്രം വായിക്കുക.
വാട്‍സാപ്പിൽ ബന്ധപ്പെടുക. പ്രസക്തമായ നിയമങ്ങൾ ബാധകമാണ്.
ഈ കോഡ് ഉപയോഗിച്ച് ഈ പേജ് പങ്കിടുക
*Adapted & revised by Philip P. Eapen from a booklet that originated in France in 1732; it had been re-written by Rev. J. R. Gschwend in 1929