അതിഥി
ഒരു കഥയും അൽപ്പം കാൎയ്യവും
ഫിലിപ്പ് ഈപ്പൻ
വേറൊരു രാജ്യത്തു് വീടുള്ള ഒരാള്‍ ഒരിക്കൽ നിങ്ങളുടെ വീട്ടിൽ വന്നു് ഇപ്രകാരം പറഞ്ഞു എന്നു് വിചാരിക്കുക: “എനിക്ക് ഇവിടെ വീടില്ല. താങ്കളുടെ വീട്ടില്‍ കുറച്ച് നാൾ ഞാന്‍ താമസിച്ചോട്ടേ?” നിങ്ങൾ അയാളെ സ്വീകരിച്ച് അഥിതികള്‍ക്കുള്ള മുറി അയാൾക്ക് കൊടുത്തു.
താമസിയാതെ, അയാള്‍ തന്റെ കുടുംബത്തെയും കൂട്ടുകാരെയും ഓരോരുത്തരായി നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചു.
ഒരു ദിവസം അവർ നിങ്ങളെയും കുടുംബത്തെയും ഒരു ചെറിയ മുറിയിലിട്ട് പൂട്ടി! ബലം പ്രയോഗിച്ചു് അവർ നിങ്ങളുടെ വീട് അവരുടെ പേരില്‍ എഴുതിയെടുത്തു. നിങ്ങളുടെ ഔദ്യോഗിക രേഖകൾ പോലും അവര്‍ കൈക്കലാക്കി.
അവരുടെ അനുവാദം കൂടാതെ നിങ്ങള്‍ക്ക് മുറിയിൽ നിന്ന് വെളിയിൽ പോകാന്‍ പറ്റാത്ത അവസ്ഥയായി. ഭക്ഷണം കഴിക്കുവാൻ പോലും അനുവാദം വേണം! വൈദ്യസഹായം ലഭിക്കുവാൻ അനുവാദം ചോദിക്കണം. വീടിന്റെ വേറെ ഏത് ഭാഗത്തു പോകുവാനും അനുവാദം ചോദിക്കണം. അനുവാദം ചോദിച്ചാൽ ചിലപ്പോള്‍ തരും, ചിലപ്പോള്‍ തരില്ല. അവരുടെ മനോനില പോലെ ഇരിക്കും.
വീട് തിരിക ചോദിച്ചപ്പോള്‍ തരില്ല എന്ന് പറഞ്ഞു. കാരണം, രണ്ടായിരം വര്‍ഷങ്ങൾക്കു് മുമ്പ് നിങ്ങൾ താമസിക്കുന്ന വാർഡ് മുഴുവന്‍ അവരുടെ കുടുംബത്തിന് ഏതോ രാജാവ് ദാനമായി കൊടുത്തതായിരുന്നു പോലും! പക്ഷേ രാജാവുമായി തെറ്റിയപ്പോൾ ആ പൂർവികന്മാരെ രാജാവ് നാട് കടത്തി! ആ ചരിത്രം പറഞ്ഞാണ് ഇപ്പോൾ നിങ്ങളുടെ പുരയിടം അവർ തട്ടിയെടുത്തിരിക്കുന്നതു്.
നിങ്ങൾ ബഹളം വച്ച് കരഞ്ഞു് നാട്ടുകാരെ കൂട്ടുവാൻ ശ്രമിച്ചപ്പോഴൊക്കെ നിങ്ങള്‍ അവരുടെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന് അവർ അപവാദം പറഞ്ഞു പരത്തി. പിന്നീട് നിങ്ങളുടെ സാധനങ്ങൾ തച്ചുടക്കുവാൻ തുടങ്ങി. നിങ്ങളുടെ മുറിയിലേക്കുള്ള വൈദ്യുതി അവർ നിയന്ത്രിക്കാന്‍ തുടങ്ങി.
അയൽവാസികൾ നിങ്ങളുടെ കരച്ചില്‍ കേട്ട് വരുമ്പോളൊക്കെ അവര്‍ പറയും, “ഞങ്ങളുടെ സ്വയ രക്ഷക്കുവേണ്ടി ഈ ഭീകരരെ ഞങ്ങള്‍ വറുതിയിൽ നിറുത്തേണ്ടി വരുന്നു. ഇവർ അപകടകാരികളാണ്. വേറെ നിവൃത്തിയില്ല.” അയൽവാസികൾ അതു് കേട്ടിട്ട് അവരോട് സഹതപിച്ചു. നിങ്ങളുടെ കഥ കേൾക്കുവാൻ ആര്‍ക്കും താൽപര്യമില്ലാതായി.
ഈ കഥയിലെ വീട്ടുടമയുടെ അവസ്ഥയെക്കാൾ പതിന്മടങ്ങ് ദുരിത പൂൎണ്ണമാണു് പലസ്തീന്‍ നാട്ടിലെ അറബികളായ മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും അവസ്ഥ. രണ്ടായിരം വർഷം പഴക്കമുള്ള ചില കഥകളുടെ അടിസ്ഥാനത്തില്‍ അറബികൾ നൂറ്റാണ്ടുകളായി കൈവശം വച്ച ദേശം അപഹരിക്കപ്പെട്ടു.
ബ്രിട്ടൺ അതു് എടുത്തു് യഹൂദർക്കും അറബികൾക്കും വീതിച്ചു കൊടുത്തിട്ട് പൊടിയും തട്ടി സ്ഥലം വിട്ടു. ആ കാലത്തു് പറഞ്ഞു നിശ്ചയിച്ച അതിരെല്ലാം പലവട്ടം ലംഘിക്കപ്പെട്ടു. ക്രമേണ ഭൂമിയെല്ലാം യഹൂദന്റെ കൈയ്യിൽ വന്നു. ഇന്നു് അറബികൾ കുറെ തുറന്ന ജയിലുകൾക്കുള്ളിൾ കഴിയുന്നതു പോലെ മൃഗപ്രായരായി ജീവിക്കുന്നു. അവരുടെ നാട് അപഹരിക്കപ്പെട്ടതുകൊണ്ടു് അവര്‍ സമരം ചെയ്യുന്നു. സ്വന്തം വീടുനും നാടിനും കുട്ടികൾക്കും വേണ്ടി പോരാടുന്നവരെ പലരും തീവൃവാദികളായി ചിത്രീകരിക്കുന്നു.
രണ്ടായിരം വർഷങ്ങൾക്കു് മുമ്പുള്ള കണക്കും പാരമ്പര്യവും പറഞ്ഞ് ആരെങ്കിലും വന്നാല്‍, നിങ്ങളുടെ വീട് അഥവാ നാട് നിങ്ങള്‍ വിട്ടു കൊടുക്കുമോ?
യഹൂദന്റെ കാര്യം വരുമ്പോള്‍ ക്രൈസ്തവർ ഉരുണ്ട് കളിക്കുന്നതെന്തിന്? നാലായിരം വർഷങ്ങൾക്കു മുമ്പ് ദൈവം അബ്രഹാമിനു കൊടുത്ത വാഗ്ദാനം എന്തെന്ന് അബ്രഹാം തിരിച്ചറിഞ്ഞു. അതു് ഈ ഭൂമിയിലെ ഓഹരിയല്ല എന്ന് തനിക്കു മനസ്സിലായി. സ്വർഗ്ഗീയ ഓഹരിയിലേക്ക് കണ്ണും നട്ട് താന്‍ കൂടാരങ്ങളില്‍ പാൎത്തു.
വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു. വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാൎത്തുകൊണ്ടു ദൈവം ശില്പിയായി നിൎമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു. — എബ്രായർ 11.8-10
വാഗ്ദത്ത ദേശത്തെകുറിച്ചു് അബ്രഹാമിനുണ്ടായിരുന്ന അത്രയും സ്വൎഗ്ഗീയ കാഴ്ചപ്പാട് പുതിയ നിയമ ക്രിസ്തു വിശ്വാസികൾക്കു് ഇല്ലാത്തതു കഷ്ടം തന്നെ!
ഇന്നത്തെ പല വേദ പണ്ഡിതന്മാരും ഉത്പത്തി പുസ്തകത്തില്‍ ദൈവം അബ്രഹാമിനു് നൽകിയ വാഗ്ദത്തങ്ങൾ നമ്മുക്കു് കാണിച്ചു തരും. അബ്രഹാമിനു ആ വാഗ്ദത്തങ്ങൾ കൊടുത്തതിനു ശേഷം ആ വിഷയത്തെ കുറിച്ചു് ദൈവം മറ്റൊന്നും സംസാരിച്ചിട്ടില്ല എന്നാണ് അവർ ചിന്തിക്കുന്നതു്. അബ്രഹമിനു നിരുപാധികം നൽകിയ ഭൂമി എന്നേക്കുമായി അബ്രഹമിന്റെ സന്തതികള്‍ക്ക് അവകാശപ്പെട്ടതാണ് എന്നും അവര്‍ പഠിപ്പിക്കും. പക്ഷേ, ദൈവം അബ്രഹാമിനു നൽകിയ വാഗ്ദത്തങ്ങൾ അബ്രഹാമിനും തന്റെ സന്തതിക്കും (സന്തതികള്‍ക്കല്ല) ഉള്ളതാണ് എന്ന് പുതിയ നിയമത്തിൽ എഴുതിയിരിക്കുന്നതു് അവർ ശ്രദ്ധിക്കുന്നില്ല. ഏകവചനത്തിൽ വിവരിച്ചിരിക്കുന്ന ആ സന്തതി യേശുവാണ് എന്ന് അപ്പൊസ്തലനായ പൌലുസ് അസന്നിഗ്ധമായി പഠിപ്പിച്ചു.
പഴയ നിയമ പുസ്തകങ്ങളെ പുതിയ നിയമത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുന്നതിനു പകരം പുതിയ നിയമ പുസ്തകങ്ങളെ പഴയതു കൊണ്ടു വ്യാഖ്യാനിക്കുന്നതു് ഭോഷത്തമാണ്. അബ്രഹാമിന്നു ദൈവം കൊടുത്ത വാഗ്ദത്തത്തെ കുറിച്ചു് പുതിയ നിയമം എന്തു് പഠിപ്പിക്കുന്നു? അപ്പൊസ്തലനായ പൗലുസ് എഴുതിയതു് ശ്രദ്ധിക്കുക.
ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിനോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചത്. (റോമർ 4.13)
ലോകം മുഴുവൻ തരാം എന്നു് ദൈവം അബ്രഹാമിനോടു് പറഞ്ഞോ? പഴയ നിയമത്തിൽ എവിടെയാണ് അതു് എഴുതിയിരിക്കുന്നതു്? അബ്രഹാമിന്റെയും ദാവീദിന്റെയും സന്തതിയായ മ്ശിഹായ്‍ക്കു് ദൈവം ഭൂമിയുടെ അറ്റങ്ങൾ വരെ കൊടുക്കും എന്ന് രണ്ടാം സങ്കീര്‍ത്തനത്തിൽ എഴുതിയിരിക്കുന്നു. യേശു മാത്രമാണ് ആ വാഗ്ദത്തത്തിനു അവകാശി. ഉയിർത്തെഴുന്നേറ്റ യേശുവിന്നു് ദൈവം “സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും” നൽകിയപ്പോൾ അബ്രഹാമിനു നൽകപ്പെട്ട ആ വാഗ്ദത്തം നിറവേറ്റപ്പെട്ടു.
“സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും” തനിക്കു ലഭിച്ചതു കൊണ്ടാണു് ഭൂമിയുടെ അറ്റത്തോളം പോയി തന്റെ സാക്ഷികളാകണം എന്നു് യേശു ശിഷ്യന്മാരോടു് പറഞ്ഞതു്. ശിഷ്യന്മാർ അപ്പോഴും യേശു ഭരിക്കുന്ന ഒരു ചെറിയ ഇസ്രായേൽ രാജ്യം സ്വപ്നം കാണ്ടിരുന്നു. “കർത്താവേ, ഈ സമയത്താണോ അങ്ങ് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത്?” എന്നു ശിഷ്യന്മാർ ചോദിച്ചു. യെറുശലേം എന്ന “തലസ്ഥാനത്തു്” ഒതുങ്ങി കൂടാം എന്നു് ആശിച്ച ശിഷ്യരോടാണ് “നിങ്ങൾ ഭൂമിയുടെ അറുതിവരെയും എന്റെ സാക്ഷികളായിത്തീരും” എന്നു് യേശു പറഞ്ഞതു്. തന്റെ രാജ്യം സ്വൎഗ്ഗീയ രാജ്യമാണെന്നും അതിലേക്കു് ഭൂമിയലുള്ള എല്ലാ വംശക്കാരെയും ചേൎക്കണം എന്നു് യേശു അതിനാൽ വ്യക്തമാക്കി.
ശിഷ്യന്മാർക്കു് കാൎയ്യം മനസ്സിലായി. അവരുടെ മുന്നിൽ രണ്ട് മാൎഗ്ഗളുണ്ടായിരുന്നു.
ഇവയില്‍ ഒന്നു മാത്രമേ തിരഞ്ഞെടുക്കുവാൻ സാധിക്കൂ. സ്വതന്ത്രമായ ഭൗമീക യിസ്രായേൽ രാജ്യം എന്ന തങ്ങളുടെ പിതാക്കന്മാരുടെ സ്വപ്നം ശിഷ്യന്മാർ ഉപേക്ഷിച്ചു. മ്ശിഹായുടെ സ്വൎഗ്ഗീയ രാജ്യം മുന്നിൽ കണ്ടുകൊണ്ട് അവർ ഭൂമിയുടെ അറ്റങ്ങളിലേക്ക് യാത്രയായി. യേശുവിന്റെ ദൈവരാജ്യത്തിന്റെ സദ്വവർത്തമാനം അവർ വിളമ്പരം ചെയ്തു. അവർ അനേക ശിഷ്യന്മാരെ നേടി, സഭകൾ സ്ഥാപിച്ചു. “അനേകം കഷ്ടതകളിൽ കൂടി നാം ദൈവരാജ്യത്തിൽ പ്രവേശിക്കണം” എന്നു് ആ സഭകളെ ഉദ്ബോധിപ്പിച്ചു.
ഇതെല്ലാം വായിച്ചു പഠിക്കുന്ന ഇന്നത്തെ ക്രിസ്ത്യാനിക്കു മാത്രം ഈ കാൎയ്യങ്ങൾ പിടികിട്ടുന്നില്ല. ഭൂമിയിൽ ഒരു യിസ്രായേൽ രാജ്യം എന്ന സ്വപ്നം മുറുകെ പിടിച്ചുകൊണ്ട് പല ക്രിസ്ത്യാനികളും അവരുടെ ജീവിതവും സമ്പത്തും പാഴാക്കുന്നു.
പഴയ നിയമത്തിലെ വാഗ്ദത്ത ഭൂമി വെറും നിഴല്‍ മാത്രമായിരുന്നു. യഥാൎത്ഥ വാഗ്ദത്ത നാട് സ്വൎഗ്ഗീയമാണ്, ക്രിസ്തു ശിഷ്യരായ എല്ലാ വംശങ്ങൾക്കും അവകാശപ്പെട്ടതാണ്.
ദാവീദ് ആ സ്വൎഗ്ഗീയ കനാൻ പ്രവചനാത്മാവിൽ കണ്ടു. അതുകൊണ്ടാണ് തൊണ്ണൂറ്റിയഞ്ചാം സങ്കീര്‍ത്തനത്തിൽ താന്‍ എഴുതിയത്, “ഇന്നു നിങ്ങള്‍ അവന്റെ ശബ്ദം കേൾക്കുന്നു എങ്കില്‍ …” ഏബ്രായ ലേഖന കർത്താവ് അതിനെ ആധാരമാക്കി നാലാം അധ്യായത്തില്‍ ഇപ്രകാരം പഠിപ്പിച്ചു:
“വീണ്ടും ‘ഇന്ന്’ എന്നൊരു പ്രത്യേക ദിവസം ദൈവം നിശ്ചയിക്കുന്നു. മുമ്പ് ഉദ്ധരിച്ചതുപോലെ, ദാവീദു മുഖേന വളരെ കാലത്തിനു ശേഷം അവിടുന്ന് അരുൾ ചെയ്തു: ഇന്നു ദൈവത്തിന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങൾ വഴങ്ങാത്ത ഹൃദയമുള്ളവരാകരുത്.…
ഒരു വിശ്രമാനുഭവം ദൈവത്തിന്റെ ജനത്തെ കാത്തു നില്‌ക്കുന്നു. … അതിനാൽ അവിശ്വാസം മൂലം നമ്മിലാരും ഇസ്രായേൽ ജനതയെ പോലെ പരാജയപ്പെടാതിരിക്കുവാൻ ആ വിശ്രമം ലഭിക്കുന്നതിനു നമുക്കു പരമാവധി പരിശ്രമിക്കാം.” (എബ്രായർ 4:7, 9, 11)
ഈ സ്വർഗ്ഗീയ വാഗ്ദത്ത നാട് പ്രാപിക്കുവാൻ യഹൂദനും ജാതികളും മാനസാന്തരപ്പെട്ട് യേശുവിന്റെ ശിഷ്യരാകണം. അതിനു മനസ്സില്ലാതെ, പഴയ നിയമത്തിലെ കാലഹരണപ്പെട്ട ഒരു നിഴലിന്റെ പേരും പറഞ്ഞു ഭൂമി തട്ടിയെടുക്കുന്ന യഹൂദർ! അവര്‍ക്ക് കഞ്ഞിവെച്ച പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും കുറെ ബ്രിട്ടീഷകാരും! ഈ കള്ള കച്ചവടത്തിനു കൂട്ടു പിടിക്കുവാൻ കൈ നിറയെ പണവും ആയുധങ്ങളുമായി വന്ന കുറെ ക്രിസ്ത്യാനികളും!
നിഴലിന്റെ പിന്നാലെ പോകുന്ന യഹൂദർ ചൊരിയുന്ന രക്തത്തിനു ആര് കണക്കു പറയും? അവരുടെ ഭോഷത്തം അവൎക്കു് കാണിച്ചുകൊടുത്ത് അവരെ ക്രിസ്തുവിലൂടെയുള്ള നിത്യമായ ഓഹരിയിലേക്കു് വഴി നടത്തേണ്ട കടമ ക്രിസ്ത്യാനികളുടെയാണ്.
ആ കടമ ക്രിസ്ത്യാനികൾ നിൎവഹിക്കുവാൻ ശ്രമിച്ചാൽ ആദിമ നൂറ്റാണ്ടിലേതു് പോലെ യഹൂദർ ഇന്നും ക്രൈസ്തവരെ പീഡിപ്പിക്കും. ഏതു് കഷ്ടതയും നേരിടാനുള്ള സമർപ്പണമുള്ള വിശ്വാസികളെയാണ് യേശുവിനു് ഇന്നു് ആവശ്യം. അല്ലാത്ത ക്രിസ്ത്യാനികൾ യേശുവിന്റെ സത്യ സുവിശേഷത്തിന്നു് യോഗ്യരല്ല. ചെവിയുള്ളവൻ കേൾക്കട്ടെ!
പരിസ്ഥിതി ശാസ്‍ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫിലിപ്പ് ഈപ്പൻ ഗവേഷണ വിദ്യാൎത്ഥിയായിരിക്കുമ്പോൾ യേശു ക്രിസ്‍തുവിന്റെ സദ്വൎത്തമാനം മറ്റുള്ളവരോടു് പങ്കുവക്കുന്ന ദൗത്യത്തിനായി തന്റെ ജീവിതം സമൎപ്പിച്ചു. മറ്റേതിനാക്കാളും ലോകത്തിനു് യേശു ക്രിസ്‍തുവിനെയാണ് ആവശ്യം എന്ന ബോധ്യം തന്നെ ഭരിച്ചതുകൊണ്ടാണു് അപ്രകാരം ചെയ്‍തതു്. ആ ദൗത്യം നിറവേറ്റുന്നതിനോടൊപ്പം ബൈബിൾ പഠിക്കുവാൻ ക്രിസ്‍തു ശിഷ്യരെ സഹായിച്ചു പോരുന്നു. വായനാക്കാരുടെ സംഭാവനകൾ തന്റെ പ്രവൎത്തനങ്ങൾക്കു് സഹായകരമാണു്. ഡോ. ജെസ്സിമോളാണു് ഭാൎയ്യ. അവൎക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയിമുണ്ടു്.
April 1, 2020
BACK |
TOP |
INDEX |
HOME
ABOUT |
CONTACT |
SUPPORT |
SITE MAP |