ഫിലിപ്പ് ഈപ്പൻ
രോഗ സൗഖത്തിനും ഉന്മേഷത്തിനും ജീവിത വിജയത്തിനും ഉതകുന്ന ഒരു ഉപാധിയാണോ ഹിപ്‍നോട്ടിസം? അതു് പാൎശ്വഫലങ്ങൾ ഇല്ലാത്തതും സുരക്ഷിതവുമായ ശാസ്‍ത്രീയ പ്രക്രിയ ആണോ? ഹിപ്‍നോട്ടിസം ചെയ്യുന്നതും അതിനു വിധേയമാകുന്നതും ക്രിസ്‍തീയ വിശ്വാസത്തിനു വിരുദ്ധമാണോ?
“ഹിപ്നോട്ടിസം നല്ലതാണ്. അത് ഉപയോഗിച്ചാൽ ആന്തരീക സൗഖ്യം കിട്ടും. മനസ്സിന്റെ ഭാരങ്ങൾ മാറും. രോഗങ്ങളും ദുശ്ശീലങ്ങളും മാറും. ജീവിതത്തിൽ വിജയം ലഭിക്കും” എന്നിത്യാദി കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഹിപ്നോതെറാപ്പിസ്റ്റുകൾ (Hypnotherapist) കേരളത്തില്‍ പേരെടുത്തു കൊണ്ടിരിക്കുന്നു. അവരെ കുറിച്ചുള്ള വീഡിയോ കണ്ടാല്‍ ആരായാലും ഇതെല്ലാം വിശ്വസിച്ചു പോകും.
ഹിപ്‍നോട്ടിസത്തെ കുറിച്ചു് ആധികാരികമായി നമ്മെ പഠിപ്പിക്കുന്ന ലേഖനം ഇംഗ്ലീഷിൽ ലഭ്യമാണു്. മലയാളം മാത്രം അറിയുന്നവൎക്കായി ഈ ലഘു ലേഖനം തയ്യാറാക്കപ്പെട്ടു.
ഹിപ്‍നോട്ടിസം ചെയ്യുന്നതും അതിനു വിധേയമാകുന്നതും ക്രിസ്‍തീയ വിശ്വാസത്തിനു വിരുദ്ധമാണു് എന്നു പറയുവാനുള്ള കാരണങ്ങൾ ചുവടെ ചേൎക്കുന്നു.
ഒരാളുടെ പൂൎണ്ണ സമ്മതത്തോടെയാണ് അയാളെ ഹിപ്നോട്ടൈസ് ചെയ്യുന്നത് എന്ന് ഹിപ്നോട്ടിസ്റ്റുകൾ പറയുന്നു. ഹിപ്നോസിസിനു വിധേയമാകുന്നവർ എപ്പോഴും അവരുടെ ഇച്ഛാശക്തി നിലനിൎത്തുന്നു എന്നും അവർ അവകാശപ്പെടുന്നു. അത് സത്യമല്ല.
മനസ്സിനെ ഉറക്കി കിടത്തി മറ്റൊരാള്‍ പറയുന്ന ആജ്ഞകളും നിൎദ്ദേശങ്ങളും അനുസരിപ്പിക്കുന്ന പ്രക്രിയയാണ് ഹിപ്നോട്ടിസം. ഹിപ്നോട്ടിക്ക് വിവശതയിൽ എത്തുന്ന ഒരു വ്യക്തി വേറൊരു മാനസീക അവസ്ഥയിലാണു്. ഹിപ്നോട്ടിസ്റ്റ് പറയുന്നതെല്ലാം അവർ കേട്ടനുസരിക്കും. ഇപ്രകാരം സ്വന്തമായി ചിന്തിച്ച് പ്രവൎത്തിക്കാൻ കഴിയാത്ത അവസ്ഥയില്‍ എത്തുന്നത് അപകടകരമാണ് എന്ന് ക്രിസ്‍ത്യാനികൾ പറയുന്നതിനു പല കാരണങ്ങള്‍ ഉണ്ട്.
ഒന്ന്, എല്ലാ ഹിപ്നോട്ടിസ്റ്റുകളും നല്ലവരാകണം എന്നില്ല. നമ്മുടെ അബോധാവസ്ഥയെ ചൂഷണം ചെയ്യുന്നവരും കാണും.
രണ്ട്, ഹിപ്നോട്ടിക് അവസ്ഥയിൽ നമ്മുടെ മനസ്സ് ദുരാത്മാക്കളുടെ നിയന്ത്രണത്തിൽ വരാം. ദൈവത്തോടും മനുഷ്യരോടും ശത്രുത പുലർത്തി ദുഷ്‍ടത പ്രവൎത്തിക്കുന്ന അശീരീരികളാണു് ദുരാത്മാക്കൾ അഥവാ ഭൂതങ്ങൾ. മനസ്സ് അയച്ചു കൊടുത്ത്, ബാഹ്യ ഇടപെടലിന്നായി മനസ്സ് തുറക്കുമ്പോള്‍ അപകടകരമായ ആത്മീക അനുഭവങ്ങൾ പലൎക്കും ഉണ്ടാകാറുണ്ട്. ദുരാത്മാക്കൾ നിമിത്തമാണു് അങ്ങനെ സംഭവിക്കുന്നതു്. ധ്യാനം ശീലമാക്കുന്ന പല മതങ്ങളിലും ഇതുപോലെയുള്ള അനുഭവങ്ങൾ കണ്ടു വരുന്നു.
പുകവലി നിറുത്താന്നായി സൂസന്‍ വൂഡ്ലെറ്റ് എന്ന ഒരു സ്‍ത്രീ ഹിപ്നോസിസിനു വിധേയമായി. അതിനു ശേഷം 239 വ്യക്തിത്വങ്ങള്‍ അവൎക്ക് ലഭിച്ചു! മനശാസ്‍ത്രം അതിനെ മൾട്ടിപ്പിൾ പേഴ്സനാലിറ്റി ഡിസോഡർ (Dissociative identity disorder) എന്നു പറയുമായിരിക്കും. പക്ഷേ അവരിൽ ചില ദുരാത്മാക്കൾ പ്രവേശിച്ചു എന്നതാണ് വാസ്‍തവം.
നാം എല്ലായ്പ്പോഴും സുബോധത്തേടെ സ്വയ നിയന്ത്രണം ഉള്ളവരായി ഇരിക്കേണം എന്ന് ബൈബിൾ പഠിപ്പിക്കുന്നു.
നമ്മുടെ ഫോണ്‍ പോലും ബാഹ്യ ഇടപെടലുകളിൽ നിന്ന് നാം സംരക്ഷിക്കുന്നു. അതിലെ ഡെവലപ്പർ മോഡ് തുറന്ന് usb debuggingഉം പ്രവൎത്തിപ്പിച്ച് ബൂട്ട് ലോഡറിന്റെ പൂട്ടും തുറന്നാല്‍ ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് ഫോണിന്റെ ഉള്ളറകയിലേക്ക് നമ്മുക്ക് പ്രവേശിക്കാം. ഫോണിന്റെ അടിസ്ഥാന സ്വഭാവം മാറ്റാം. രഹസ്യങ്ങള്‍ ചോൎത്താം. അപകടം വരുത്തുന്ന സോഫ്റ്റവെയർ അതില്‍ നിക്ഷേപിക്കാം. അതുകൊണ്ടാണ് ഇപ്രകാരം വ്യത്യസപ്പെടുത്തിയ ഫോണിൽ ബാങ്കിന്റെ ഇടപാടുകൾ നടത്തുന്ന ആപ്പുകൾ പ്രവൎത്തിക്കാന്‍ വിസമ്മതിക്കുന്നത്.
സ്വയ നിയന്ത്രണം അടിയറ വച്ച്, മനസ്സിന്റെ വാതില്‍ തുറന്ന് ഇട്ടിട്ട് ആൎക്കും എന്തും കൽപ്പിക്കാവുന്ന അവസ്ഥയിൽ മനസ്സിനെ നഗ്നമാക്കി സമൎപ്പിക്കുന്നത് ഇതിനേക്കാള്‍ എത്രയോ അപകടകരമാണ് ! ആ അവസ്ഥയില്‍ ഒരു ഹിപ്നോട്ടിസ്റ്റിനും നമ്മേ ദുരാത്മാക്കളിൽ നിന്ന് സംരക്ഷിക്കുവാന്‍ സാധിക്കില്ല. നിഗൂഢമായ ആത്മീക ലോകത്തിലെ അടിയൊഴുക്കുകളെ കുറിച്ച് അവൎക്കറിയില്ല. എന്ത് സംഭവിച്ചാലും മനശാസ്‍ത്രത്തിന്റെ ഭാഷയിൽ അതിനെ വിശദീകരിക്കാൻ അവർ ശ്രമിക്കും. ദുരാത്മാക്കളെ അവർ “നെഗറ്റീവ് എനൎജി” എന്ന് വിളിക്കും. ബൈബിള്‍ വായിക്കുന്നവൎക്കുള്ള സാമാന്യ ആത്മീക അറിവുപോലും ഈ വിദഗ്ധൎക്കില്ല.
മനസ്സിനെ തുറക്കുന്ന മറ്റ് പല വിദ്യകളും പൗരസ്‍ത്യ മതങ്ങളിലുണ്ട്. യോഗാഭ്യാസവും ധ്യാനവും അതിലേക്കുള്ള ഒരു മാൎഗ്ഗമാണ്.
ഈ മാൎഗ്ഗങ്ങൾ എല്ലാം ആവശ്യപ്പെടുന്നത് ഒരേ സംഗതിയാണ് — ബലം പിടിക്കരുത്, സംശയിക്കരുത്, ചോദ്യങ്ങൾ ചോദിക്കരുത്, മനസ്സിനു വിശ്രമം നൽകുക, മനസ്സ് ഒഴിച്ചിടുക. യുക്തി ഉപയോഗിച്ച് സ്വയമായി ചിന്തിക്കുന്നവരെ ഹിപ്നോട്ടൈസ് ചെയ്യാന്‍ സാധിക്കില്ല എന്ന് അവർ തുറന്നു സമ്മതിക്കും. വിശകലനം ചെയ്യുന്നതും ചോദ്യം ചെയ്യുന്നതു നിറുത്തി വയ്ക്കാന്‍ നമ്മോട് ആവശ്യപ്പെടും.ഇതെല്ലാം അപകട സൂചനകളാണ്.
ചിന്തകളെ നിശ്ചലമാക്കി മനസ്സിനെ മരവിപ്പിക്കാൻ നാമഃജപം അഥവാ ആവൎത്തിച്ച് പറയുന്ന മറ്റേതെങ്കിലും ശബ്ദം ചിലർ ഉപയോഗിക്കും. ഒരു ഘടികാരത്തിന്റെ നേരിയ ശബ്ദം ശ്രവിക്കാന്‍ ഹിപ്നോട്ടിസ്റ്റുകൾ ആവശ്യപ്പെട്ടേക്കാം. അല്ലെങ്കില്‍ വിരൽതുമ്പിലേക്ക് നോക്കുവാൻ പറയും. അങ്ങനെ പലതും.
ബൈബിള്‍ അതിനു വിപരീതമായി നമ്മേ പഠിപ്പിക്കുന്നു. “മനസ്സിന്റെ അരക്കച്ച മുറുക്കുക” എന്നാണ് മൂലഭാഷയിൽ പത്രോസ് പറഞ്ഞതു്.1 മനസ്സ് അലസമായി വയ്‍ക്കരുത്. സുബോധമുള്ളരായി നാം നമ്മേ തന്നെ നിയന്ത്രിക്കണം. നമ്മുടെ മനസ്സിന്റെ നിയന്ത്രണം മറ്റൊരാള്‍ക്ക് കൈമാറരുത്. ദൈവം പോലും അത് ആവശ്യപ്പെടുന്നില്ല. പിശാചും ദുരാത്മാക്കളും മനുഷ്യ മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കും. പൈശാചികമായ നിഗൂഢ ശാസ്‍ത്രത്തിൽ നിന്നാണ് മെസ്മെരിസവും ഹിപ്നോട്ടിസവും ഉടലെടുത്തത്. ആ ചരിത്രം നാം വിസ്മരിക്കരുത്.
മരിച്ചവരുമായി യാതൊരു സമ്പൎക്കവും സാധ്യമല്ല. ദുരാത്മാക്കളുടെ ഇടപെടല്‍ ഉള്ളതു കൊണ്ടാണ് “മരിച്ച പോയവരെ” കാണുവാനും സംസാരിക്കുവാനും ആലിംഗനം ചെയ്യുവാനും സാധിക്കുന്നത്.
ഹിപ്നോട്ടിസ്റ്റുകൾ അവകാശപ്പെടുന്നതുപോലെ “ഉറങ്ങി കിടക്കുന്ന ഓൎമ്മകളുടെ” ഒരു പുനഃരുദ്ധാനമല്ല അവിടെ നടക്കുന്നത്. അമ്മയുടെ ഉദരത്തിലേക്കും നമ്മുടെ ഡീ.എൻ.എ യിലേക്കും നമ്മേ നയിച്ച് ഓൎമ്മകളുടെ ചുരുൾ അഴിക്കും എന്നൊക്കെ ഹിപ്നോട്ടിസ്റ്റ് അവകാശപ്പെടും. പക്ഷേ അതിനൊന്നും തെളിവില്ല. തെളിയിക്കുവാനും സാധിക്കില്ല. ഹിപ്നോട്ടിസം ഉടലെടുത്തപ്പോൾ ഡീ.എൻ.എ യെ കുറിച്ച് ആൎക്കും അറിവുണ്ടായിരുന്നില്ല. ഇതെല്ലാം പിന്നീട് എഴുതി ചേര്‍ത്ത തിരകഥകളാണ്.
ഇവിടെ സംഭവിക്കുന്നത് എന്താണ് ? മരിച്ചു പോയവരുടെ വേഷം കെട്ടുന്ന ദുരാത്മാക്കളുമായി യഥാൎഥത്തിൽ കൂടിക്കാഴ്ച നടക്കുന്നു. ഇത് ഒരു നല്ല അനുഭവമായി ചിത്രീകരിക്കപ്പെടുന്നു. ജനം കബളിപ്പിക്കപ്പെടുന്നു. ഇതു പോലുള്ള കാര്യങ്ങള്‍ ദൈവജനത്തിനു നിഷിദ്ധമാണ്.
നിങ്ങളുടെ ഇടയിൽ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവരോ ദേവപ്രശ്നംവെക്കുന്നവരോ ആഭിചാരകരോ മൂഹൂൎത്തം നോക്കുന്നവരോ ക്ഷുദ്രക്കാരോ മന്ത്രവാദിയോ വെളിച്ചപ്പാടുകളോ ഭൂതസേവക്കാരോ പ്രേതസമ്പൎക്കമുള്ളവരോ ഉണ്ടായിരിക്കരുത്. ഈ കാര്യങ്ങൾ പ്രവൎത്തിക്കുന്നവരോട് യഹോവയ്ക്ക് അറപ്പാണ്.2
നിങ്ങളുടെ പ്രവാചകന്മാരുടെയും ദേവപ്രശ്നംവെക്കുന്നവരുടെയും സ്വപ്നവ്യാഖ്യാനികളുടെയും വെളിച്ചപ്പാടുകളുടെയും മന്ത്രവാദികളുടെയും വാക്കുകൾ നിങ്ങൾ കേൾക്കരുത്.3
മനശ്ശെ തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിയിൽ ഹോമിച്ചു; ദേവപ്രശ്നം വെക്കുക, ആഭിചാരം, ശകുനം നോക്കുക ഇവയെല്ലാം ചെയ്തു; ലക്ഷണം പറയുന്നവർ, വെളിച്ചപ്പാടുകൾ, ഭൂതസേവക്കാർ എന്നിവരോട് ആലോചന ചോദിച്ചു; ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു.4
പുനൎജനനം എന്നൊരു സംഭവമില്ല എന്നു് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. മനുഷ്യന്‍ ഒരിക്കലായി മരിക്കുന്നു. അതിനു ശേഷം വേറൊരു ജീവിയായി ആരും തിരിച്ചു വരില്ല. എങ്കിലും പുനൎജനനം വാസ്‍തവമാണ് എന്ന് തെളിയിക്കുവാന്‍ ചിലര്‍ ഹിപ്നോട്ടിസം ഉപയോഗിക്കാറുണ്ട്. ഹിപ്നോസിസ് എന്ന വിവശതയിൽ ആയിരിക്കുമ്പോൾ “കഴിഞ്ഞ ജന്മങ്ങളിലെ” ഓൎമ്മകൾ വിവരിക്കുന്നവരുണ്ട്. അപ്രകാരം വിവരിക്കുകയോ എഴുതുകയോ ചെയ്യുമ്പോൾ ഉപബോധ മനസ്സു തന്നയാണു് ആ വ്യക്തിയെ നിയന്ത്രിക്കുന്നതു് എന്നതിനു എന്താണു് തെളിവു് ? ഒരു് ദുരാത്മാവു് ആ വ്യക്തിയുടെ മനസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടു് ഇല്ലാത്തതോ വാസ്‍തവമായ കഥകൾ പറഞ്ഞു നമ്മെ കബളിപ്പിക്കുകയാണെങ്കിലോ?
ചില ഹിപ്നോട്ടിസ്റ്റുകൾക്കു് പുനൎജനനത്തിൽ വിശ്വാസം ഇല്ലാതിരുന്ന സാഹചര്യത്തിലും “രോഗി” കഴിഞ്ഞ ജന്മങ്ങളിലെ ഓൎമ്മകളെ വിവരിച്ച സംഭങ്ങളുണ്ട്. അതു കണ്ടിട്ടു് പുനർജനനത്തിൽ വിശ്വസിച്ച ഹിപ്‍നോട്ടിസ്റ്റുകളും ഉണ്ടു്. ഇതെല്ലാം നമ്മെ എന്തു് പഠിപ്പിക്കുന്നു? ഹിപ്നോസിസ് എന്ന വിവശതയിൽ ആയിരിക്കുന്ന ഒരു വ്യക്തിയുടെ മനസ്സ് ദൂരാത്മാക്കളുടെ കളിക്കളവും ഉപകരണവും ആയി മാറുന്നു. അവ പറയുന്ന നുണകളെല്ലാം വേദവാക്യം പോലെ എല്ലാവരും സ്വീകരിക്കുന്നു. ദുരാത്മാക്കളുടെ ഈ വിളയാട്ടം തടയാന്‍ ഹിപ്നോട്ടിസ്റ്റിനു കഴിയില്ല.
ഹിപ്നോട്ടിസം അബോധ മനസ്സിനെ മാത്രം തൊട്ടു സുഖപ്പെടുത്തുന്ന നിഷ്‍ക്കളങ്കമായ ഒരു പ്രക്രിയ അല്ല. ആത്മീക ലോകത്തിന്റെ കവാടത്തിലേക്കു നമ്മെ നയിക്കുന്ന ഒരു യാത്രയാണ്. മനസ്സിന്റെ നിയന്ത്രണം കൂടുതലായി അയച്ചു കൊടുക്കുന്തോറും കാണാമറയത്തുള്ള അന്ധകാര ലോകത്തിലേക്ക് വ്യക്തികൾ നയിക്കപ്പെടുന്നു. ആത്മീക യാഥാര്‍ത്ഥ്യങ്ങള്‍ നിഷേധിക്കുന്ന ഹിപ്നോട്ടിസ്റ്റുകൾ മനശാസ്‍ത്രത്തിന്റെ ഭാഷയിൽ എല്ലാം ശാസ്‍ത്രീയമായി അവതരിപ്പിക്കും. അന്ധന്മാരായ വഴികാട്ടികളെ നാം പിന്തുടരരുതു് !
പരിസ്ഥിതി ശാസ്‍ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫിലിപ്പ് ഈപ്പൻ ഗവേഷണ വിദ്യാൎത്ഥിയായിരിക്കുമ്പോൾ യേശു ക്രിസ്‍തുവിന്റെ സദ്വൎത്തമാനം മറ്റുള്ളവരോടു് പങ്കുവക്കുന്ന ദൗത്യത്തിനായി തന്റെ ജീവിതം സമൎപ്പിച്ചു. മറ്റേതിനാക്കാളും ലോകത്തിനു് യേശു ക്രിസ്‍തുവിനെയാണ് ആവശ്യം എന്ന ബോധ്യം തന്നെ ഭരിച്ചതുകൊണ്ടാണു് അപ്രകാരം ചെയ്‍തതു്. ആ ദൗത്യം നിറവേറ്റുന്നതിനോടൊപ്പം ബൈബിൾ പഠിക്കുവാൻ ക്രിസ്‍തു ശിഷ്യരെ സഹായിച്ചു പോരുന്നു. വായനാക്കാരുടെ സംഭാവനകൾ തന്റെ പ്രവൎത്തനങ്ങൾക്കു് സഹായകരമാണു്. ഡോ. ജെസ്സിമോളാണു് ഭാൎയ്യ. അവൎക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയിമുണ്ടു്.
July 15, 2024
BACK |
TOP |
INDEX |
HOME
ABOUT |
CONTACT |
SUPPORT |
SITE MAP |