ശുദ്ധീകരിച്ചോ? ഇല്ല, വിധി പ്രസ്താവിച്ചു!
ആലയത്തിൽ യേശു ചെയ്തത്
ദൈവവചനം മാത്രം. വചനമല്ലാതെ മറ്റൊന്നുമില്ല, എന്നാണ് പ്രൊട്ടസ്റ്റന്റുകാർ പറയുന്നത്. യേശു ആലയം “ശുദ്ധീകരിച്ചു” എന്നു വചനത്തിൽ എവിടെ പറഞ്ഞിരിക്കുന്നു? വചനം നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നതിനു പകരം നാം അതിന്റെ വസ്തുതകളെ നമ്മുടെ സൗകര്യാൎത്ഥം വളച്ചൊടിക്കുകയാണോ?
എഴുതാപ്പുറം വായിക്കരുത്
യേശു ആലയം “ശുദ്ധീകരിച്ചു” എന്നാണ് ഒട്ടുമിക്ക ക്രിസ്ത്യാനികളെയും പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ നാലു സുവിശേഷങ്ങളിൽ ഒന്നിലും “ശുദ്ധീകരിച്ചു” എന്ന വാക്കില്ല. നാലു സുവിശേഷകന്മാരും ഉപയോഗിച്ചിരിക്കുന്നത് എക്വാലീൻ (ekballein) എന്ന ക്രിയയാണ്; “പുറത്താക്കുക,” “ഓടിച്ചുകളയുക,” “ഇറക്കിവിടുക” എന്നൊക്കെയാണ് അതിന്റെ അർത്ഥം. യേശു ഭൂതങ്ങളെ പുറത്താക്കുന്നതിനെക്കുറിച്ചു പറയുമ്പോൾ സുവിശേഷങ്ങൾ ഉപയോഗിക്കുന്ന അതേ ക്രിയതന്നെയാണിത്.
“ആലയശുദ്ധീകരണം” എന്ന സുപരിചിതമായ ഉപശീർഷകം ബൈബിൾ പ്രസാധകരും പത്രാധിപന്മാരും കൂട്ടിച്ചേർത്തതാണ്; അത് ദൈവനിശ്വസ്തമായ മൂലവചനത്തിന്റെ ഭാഗമല്ല. ആലയത്തെ അതിന്റെ യഥാർഥ ധർമത്തിലേക്കു യേശു പുനഃസ്ഥാപിച്ചു എന്ന ഒരു ഗൂഢനിഗമനം ആ ശീർഷകത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്നാൽ യേശു അങ്ങനെ ചെയ്തില്ല. “ശുദ്ധീകരിച്ചു” എന്ന വാക്കിന്റെ അഭാവംകൊണ്ടു മാത്രം ഒന്നും തെളിയുന്നില്ല; അതുകൊണ്ട്, യേശുവിന്റെ പ്രവൃത്തിയുടെ അർത്ഥവും പ്രാധാന്യവും എന്തായിരുന്നു എന്നതാണ് യഥാർഥ ചോദ്യം. അതിനുള്ള ഉത്തരം യേശു ഉദ്ധരിച്ച പ്രവാചകന്മാരുടെ വചനങ്ങളിലുണ്ട്.
എന്റെ വാദം ഇതാണ്: യേശു ആലയത്തെ ശുദ്ധീകരിക്കുകയോ വീണ്ടെടുക്കുകയോ ചെയ്തില്ല; പകരം, ഒരു ഉപമ അഭിനയിച്ചുകാണിക്കുകയായിരുന്നു. ആലയത്തെ എന്നേക്കുമായി നശിപ്പിക്കാൻ പോകുന്ന ഒരു ന്യായവിധി വരുന്നുണ്ടെന്ന് അവിടന്ന് മതനേതൃത്വത്തിനു മുന്നറിയിപ്പു നൽകി. ആ ന്യായവിധി ക്രി. 70-ൽ നിവൃത്തിയായി; അത് അവിടത്തെ വരവിനോടു ചേർന്നുവന്ന സംഭവമായിരുന്നു.
യെര്യാമ്യാ പ്രവചനത്തിന്റെ പ്രതിധ്വനി
യേശുവിന് ഏകദേശം അറുനൂറു വർഷം മുമ്പ്, ഒന്നാമത്തെ ആലയത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് യെരെമ്യാ പ്രവാചകൻ ഒരു ജനത്തോടു സംസാരിച്ചു; ദൈവത്തിന്റെ ആലയം ഉള്ളതുകൊണ്ട് തങ്ങളെ ആരും തൊടുകയില്ല എന്നു വിശ്വസിച്ചിരുന്ന ജനമായിരുന്നു അത്:
“ഇത് യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം,” എന്നിങ്ങനെയുള്ള വഞ്ചനനിറഞ്ഞ വാക്കുകളിൽ നിങ്ങൾ ആശ്രയിക്കരുത്. …
‘നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും വ്യാജശപഥംചെയ്യുകയും ബാലിനു ധൂപംകാട്ടുകയും നിങ്ങൾ അറിയാത്ത അന്യദേവന്മാരെ സേവിക്കുകയും ചെയ്തശേഷം, എന്റെ നാമം വഹിക്കുന്ന ഈ മന്ദിരത്തിൽ വന്ന് എന്റെ മുമ്പിൽനിന്നുകൊണ്ട്, “ഞങ്ങൾ സുരക്ഷിതരായിരിക്കുന്നു” എന്നു പറയുന്നത് ഈ മ്ലേച്ഛതകൾ ചെയ്യേണ്ടതിനു തന്നെയോ? …
എന്റെ നാമം വഹിക്കുന്ന ഈ മന്ദിരം നിങ്ങൾക്ക് കള്ളന്മാരുടെ ഗുഹയായി തീർന്നിരിക്കുന്നോ? …
അതിനാൽ ഞാൻ ശീലോവിനോടു ചെയ്തത് എന്റെ നാമം വഹിക്കുന്ന ഈ സ്ഥലത്തോടും … ചെയ്യും …” – (യെരെമ്യാവ് 7:4-14)
ദൈവം പറഞ്ഞതുപോലെതന്നെ ചെയ്തു. ബാബിലോണിയരെ ഉപയോഗിച്ച് അവിടുന്ന് ആ ന്യായവിധി നടപ്പാക്കി.
ആറു നൂറ്റാണ്ടിനുശേഷം യേശു ഹെരോദാവിന്റെ ആലയത്തിൽ, അതായത് രണ്ടാമത്തെ ആലയത്തിൽ, നിന്നുകൊണ്ട് രണ്ടു തിരുവെഴുത്തുഭാഗങ്ങൾ കൂട്ടിയിണക്കി. “പ്രാർത്ഥനാലയം” എന്ന പ്രയോഗം യെശയ്യാവ് 56:7-ൽനിന്നാണ്; “കള്ളന്മാരുടെ ഗുഹ” എന്നത് യെരെമ്യാവ് 7:11-ൽനിന്നും. ആലയത്തിന്റെ നാശം യെരെമ്യാവ് പ്രഖ്യാപിച്ച അതേ വാക്യമാണത്.
“യേശു അവരോട്, ‘എന്റെ ആലയം പ്രാർഥനാലയം എന്നു വിളിക്കപ്പെടും,’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിത്തീർക്കുന്നു” എന്നു പറഞ്ഞു. (മത്തായി 21:13 സമകാലിക വിവൎത്തനം)
ആലയത്തിലെ അധികാരികൾക്ക് ആ വചനഭാഗം നന്നായി അറിയാമായിരുന്നു. യേശുവിന്റെ ശബ്ദത്തിൽ അവർ യെരെമ്യാവിന്റെ ന്യായവിധി കേട്ടു.
മലാഖിയിലെ ‘പെട്ടെന്നു’ വരുന്ന കർത്താവ്
യേശുവിന്റെ കാലത്തിന് ഏകദേശം നാലര നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ, രണ്ടാം ആലയത്തിലേക്ക് കർത്താവുതന്നെ വരുമെന്ന് മലാഖിപ്രവാചകൻ പ്രഖ്യാപിച്ചിരുന്നു:
“ഇതാ, എനിക്കുമുമ്പേ വഴിയൊരുക്കേണ്ടതിന് ഞാൻ എന്റെ സന്ദേശവാഹകനെ അയയ്ക്കും. നിങ്ങൾ അന്വേഷിക്കുന്ന കർത്താവ് പെട്ടെന്നുതന്നെ തന്റെ ആലയത്തിലേക്ക് വരും; നിങ്ങൾ ഇഷ്ടപ്പെടുന്നവനായ ഉടമ്പടിയുടെ ദൂതൻ വരും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ അവിടത്തെ വരവിന്റെ ദിവസത്തെ ആർക്ക് അതിജീവിക്കാൻ കഴിയും? അവിടന്നു പ്രത്യക്ഷനാകുമ്പോൾ ആർക്ക് അവിടത്തെ മുമ്പിൽ നിൽക്കാൻ കഴിയും? … (മലാഖി 3:1-2 സമകാലിക വിവൎത്തനം)
വഴിയൊരുക്കുന്ന ദൂതൻ സ്നാപകയോഹന്നാനാണ്. തന്റെ ആലയത്തിലേക്കു പെട്ടെന്നു വരുന്ന കർത്താവ് യേശുവും. മലാഖി തുടർന്നു പറയുന്നത് ശ്രദ്ധിക്കുക: “ആർക്ക് അവിടത്തെ മുമ്പിൽ നിൽക്കാൻ കഴിയും?” ഇത് ന്യായവിധിയുടെ ഭാഷയാണ്; ശുചീകരണപ്രവർത്തനത്തിന്റെയോ അറ്റകുറ്റപ്പണിയുടെയോ ഭാഷയല്ല.
മലാഖി 3:3 ചൂണ്ടിക്കാട്ടി ചിലർ വാദിച്ചേക്കാം; അവിടെ കർത്താവ് “ഉലയിൽ ശോധന ചെയ്യുന്നവനായി” ഇരുന്ന് ലേവിപുത്രന്മാരെ ശുദ്ധീകരിക്കുന്നു. ആ വാക്യം “ശുദ്ധീകരണ”ത്തെ പിന്തുണയ്ക്കുന്നതായി തോന്നാം. എന്നാൽ ആ ശുദ്ധീകരണം നടക്കുന്നത് മനുഷ്യരുടെമേലാണ്; മാലിന്യങ്ങളിൽനിന്ന് വേർതിരിക്കപ്പെടുന്ന വിശ്വസ്തരായ ഒരു ശേഷിപ്പിന്റെമേൽ. മാത്രമല്ല, ആ അധ്യായത്തിന്റെ തുടർച്ചയായ മലാഖി 4-ൽ ചൂളപോലെ ജ്വലിക്കുന്ന ഒരു ദിവസം വരുന്നതിനെക്കുറിച്ചാണ് പറയുന്നത്. ശോധന ചെയ്യുന്നവന്റെ തീ ഒരു കെട്ടിടത്തെ പുനഃസ്ഥാപിക്കുകയല്ല, ഒരു തലമുറയെ വിധിക്കുകയാണു ചെയ്യുന്നത്. കർത്താവ് തന്റെ ആലയത്തിൽ വന്നപ്പോൾ അതിനെ ഉടനടി നശിപ്പിച്ചില്ല; അതിന്റെ കാവൽക്കാർക്കു മുന്നറിയിപ്പു നൽകുകമാത്രം ചെയ്തു.
ചാട്ടവാറെടുത്ത് വരച്ചുകാട്ടിയ ഒരുപമ
യേശുവിന്റെ പ്രവൃത്തി എത്ര ആസൂത്രിതമായിരുന്നു എന്ന് മർക്കൊസിന്റെ വിവരണം കാണിച്ചുതരുന്നു. ഫലമില്ലാത്ത ഒരു അത്തിമരത്തെ യേശു ശപിക്കുന്നു; ആലയത്തിൽ കടന്ന് കച്ചവടക്കാരെ പുറത്താക്കുന്നു; പിറ്റേന്നു രാവിലെ ആ മരം ഉണങ്ങിപ്പോയതായി കാണുന്നു (മർക്കൊസ് 11:12-25). അത്തിമരത്തിന്റെ കഥയുടെ രണ്ടു ഭാഗങ്ങൾക്കിടയിലാണ് ആലയത്തിലെ സംഭവം വരുന്നത്. ഒരു പ്രവൃത്തി മറ്റൊന്നിനെ വ്യാഖ്യാനിക്കുന്നു എന്നാണ് സുവിശേഷകൻ ഇതിലൂടെ സൂചിപ്പിക്കുന്നത്. ഇലകൾ ധാരാളമുണ്ടെന്ന് തോന്നിപ്പിച്ചിട്ടും ഫലം തരാതിരിക്കുകയും ചെയ്യുന്ന മരം ശിക്ഷാവിധിക്ക് ഇരയാകുന്നു; യഹൂദ രാഷ്ട്രത്തിന്റെയും അവരുടെ സിരാകേന്ദ്രമായ ആലയത്തിന്റെയും കാര്യം അങ്ങനെതന്നെ.
ഇങ്ങനെയാണ് യിസ്രായേലിലെ പ്രവാചകന്മാർ തങ്ങളുടെ സന്ദേശങ്ങൾ ദൃഷ്ടാന്തങ്ങളിലൂടെ പഠിപ്പിച്ചിരുന്നത്. ദൈവം നഗരത്തെ തകർക്കുമെന്നു കാണിക്കാൻ യെരെമ്യാവ് ഒരു മൺകലം ഉടച്ചു. അതേ കാര്യം കാണിക്കാൻ യേശു മേശകൾ മറിച്ചിട്ടു. യോഹന്നാൻ സുവിശേഷത്തിന്റെ രണ്ടാം അധ്യായത്തിലാണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നുത്. മറ്റു സുവിശേഷങ്ങളിൽ ഈ സംഭവം യേശുവിന്റെ പരസ്യശുശ്രൂഷയുടെ അവസാനഭാഗത്ത് നടന്നതായി വിവരിക്കുന്നു. യോഹന്നാൻ വിവരിച്ചത് യേശുവിന്റെ ശുശ്രൂഷയുടെ ആദ്യഘട്ടത്തിൽ നടന്ന സമാന പ്രവൃത്തിയാണോ, അതോ ദൈവശാസ്ത്രപരമായ കാരണങ്ങളാൽ യോഹന്നാൻ അത് തന്റെ സുവിശേഷത്തിന്റെ ആരംഭത്തിൽ ഉൾപ്പെടുത്തിയതാണോ എന്നത് ഇവിടെ പ്രസക്തമല്ല. രണ്ടു വിവരണങ്ങളിലെയും സന്ദേശം ഒന്നുതന്നെയാണ്.
നേതാക്കന്മാർക്ക് കാര്യം മനസ്സിലായി. അവർ ചോദിച്ചു: “ഇതൊക്കെ ചെയ്യുന്ന നീ എന്ത് അടയാളമാണ് ഞങ്ങൾക്കു കാണിച്ചുതരുന്നത്?” (യോഹ 2:18). യേശു ഉത്തരം പറഞ്ഞു: “ഈ ആലയം നിങ്ങൾ നശിപ്പിക്കൂ; മൂന്നുദിവസത്തിനകം ഞാൻ അതിനെ പണിയും.” യേശു തന്റെ ശരീരമാകുന്ന മന്ദിരത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് യോഹന്നാൻ വിശദീകരിക്കുന്നുണ്ട്. എന്നാൽ എന്തിനാണ് യേശു ഇത്തരമൊരു ഭാഷ ഉപയോഗിച്ചത്? ഒരു യെഹൂദന് ഏറ്റവും കേൾക്കാൻ ഇഷ്ടമില്ലാത്ത കാര്യമായിരുന്നു ആലയത്തിനെതിരായ ഏതൊരു ഭീഷണിയും. ന്യായവിധിയുടെ സന്ദേശം അവരുടെ മനസ്സിൽ പതിപ്പിക്കുകയായിരുന്നു യേശു: അവർക്കറിയാവുന്ന ആലയം വീഴും. അതിലുപരിയായ ഒരർഥവും അവിടന്ന് ഉദ്ദേശിച്ചിരുന്നു. ദൈവസാന്നിധ്യം ഇപ്പോൾ തന്നിൽ വസിക്കുന്നതിനാൽ അവിടത്തെ ശരീരമായിരുന്നു ദൈവത്തിന്റെ യഥാർഥ ആലയം. അവർ അതിനെ നശിപ്പിച്ചാൽ അവിടന്ന് അതിനെ ഉയിർപ്പിക്കും; അങ്ങനെ ക്രിസ്തുവിന്റെ ശരീരം ഭൂമിയിൽ ദൈവത്തിന്റെ ആലയമായി തുടരുകയും ചെയ്യും. ഈ പ്രവൃത്തിക്കുശേഷം മുഖ്യപുരോഹിതന്മാർ അവനെ കൊല്ലാൻ വഴി തേടിത്തുടങ്ങി എന്നും സമാന്തര സുവിശേഷങ്ങൾ കൂട്ടിച്ചേർക്കുന്നു (മർക്കൊസ് 11:18; ലൂക്കോസ് 19:47).
യേശു ആലയത്തെ “എന്റെ ആലയം” എന്നും “എന്റെ പിതാവിന്റെ ആലയം” എന്നും വിളിച്ചിട്ടുണ്ടല്ലോ (മത്തായി 21:13; യോഹ 2:16); അതുകൊണ്ട് അതിനെ ഒരു ആലയമേ അല്ലെന്ന് അവിടന്നു കരുതിയിരിക്കാനിടയില്ല എന്ന് ചിലർ എതിർവാദം ഉന്നയിക്കാം. എന്നാൽ യെര്യാമ്യാവും ഇതേ രീതിയിൽതന്നെയാണ് സംസാരിച്ചത്. ആലയത്തിന്റെ നാശം പ്രഖ്യാപിച്ച അതേ പ്രസംഗത്തിൽ ദൈവം അതിനെ “എന്റെ നാമം വഹിക്കുന്ന ഈ മന്ദിരം” എന്നു വിളിക്കുകയും, ശീലോവിനോടു ചെയ്തത് അതിനോടും ചെയ്യുമെന്നു പറയുകയും ചെയ്തു (യെരെമ്യാ 7:14). ഉടമസ്ഥാവകാശമാണ് ന്യായവിധിയെ സാധ്യമാക്കുന്നത്. ഭൂവുടമകൾ ഒഴിപ്പിക്കുന്നത് സ്വന്തം കുടിയാന്മാരെത്തന്നെയാണല്ലോ.
ശൂന്യമായിത്തീൎന്ന ‘ഭവനം’
യേശുവിന്റെ ശുശ്രൂഷയിലുടനീളം ഇതേ നിലപാടാണ് കാണുന്നത്. യാഗമോ പുരോഹിതന്റെ മധ്യസ്ഥതയോ കൂടാതെതന്നെ, ആലയത്തിനു പുറത്തുവെച്ച് അവിടന്ന് പാപങ്ങൾ ക്ഷമിച്ചു (മർക്കൊസ് 2:5-7). ആരാധന ഇനി യെരൂശലേമിനോടോ ഗെരിസീം പർവതത്തോടോ ബന്ധിക്കപ്പെട്ടിരിക്കില്ല എന്ന് ശമര്യക്കാരി സ്ത്രീയോടു പറഞ്ഞു (യോഹ 4:21-24). ആലയത്തിലെ സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുശേഷം, ശാസ്ത്രിമാർക്കും പരീശന്മാർക്കും അവരെ പിന്തുടർന്നിരുന്ന തലമുറയ്ക്കും എതിരേ അവിടന്ന് അയ്യോ കഷ്ടം പ്രഖ്യാപിച്ചു:
“37ജെറുശലേമേ, ജെറുശലേമേ, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്കയയ്ക്കപ്പെട്ട സന്ദേശവാഹകരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്നതുപോലെ നിന്റെ മക്കളെ ചേർത്തണയ്ക്കാൻ എത്രതവണ ഞാൻ ആഗ്രഹിച്ചു; നിങ്ങൾക്കോ അത് ഇഷ്ടമായില്ല.
38ഇതാ, നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.
39‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 23:37-39 സമകാലിക വിവർത്തനം)
“നിങ്ങളുടെ ഭവനം” എന്ന പ്രയോഗം ശ്രദ്ധിക്കുക. പിന്നീട്, ഒലിവുമലയിൽ വെച്ച് അവിടുന്ന് ശിഷ്യന്മാരെ പഠിപ്പിച്ചപ്പോൾ, ആലയസമുച്ചയത്തിലെ ഒരു കല്ലു പോലും മറ്റൊരു കല്ലിന്മേൽ ശേഷിക്കുകയില്ല എന്ന് യേശു പ്രവചിച്ചു (മത്തായി 24; മർക്കോസ് 13; ലൂക്കോസ് 21 വായിക്കുക).
“ഈ തലമുറ”
ഇതെല്ലാം എപ്പോഴാണ് സംഭവിക്കേണ്ടിയിരുന്നത്? യേശു അതിനുള്ള സമയപരിധി വ്യക്തമായി നൽകിയിരുന്നു. മനുഷ്യപുത്രൻ വരുന്നതിനു മുമ്പ് യിസ്രായേലിലെ പട്ടണങ്ങളിലൂടെയുള്ള തങ്ങളുടെ സഞ്ചാരം പൂർത്തിയാക്കാൻ പന്ത്രണ്ട് ശിഷ്യന്മാർക്കുപോലും കഴിയുകയില്ലെന്ന് അവിടുന്ന് പറഞ്ഞു (മത്തായി 10:23). മറ്റൊരവസരത്തിൽ തന്നോടുകൂടെ അവിടെ നിന്നിരുന്നവരിൽ ചിലർ മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുന്നതിനു മുമ്പ് മരണം ആസ്വദിക്കുകയില്ലെന്നും യേശു തന്റെ ശ്രോതാക്കളോടു പറഞ്ഞു (മത്തായി 16:27-28). ആലയത്തിന്റെ നാശത്തെക്കുറിച്ചും അതിനോടനുബന്ധിച്ചുള്ള തന്റെ രണ്ടാം വരവിനെക്കുറിച്ചും സംസാരിക്കുമ്പോൾ, “ആമേൻ” എന്ന ഉറപ്പോടെയാണ് അവിടുന്ന് ഇങ്ങനെ പ്രഖ്യാപിച്ചത്: “ഈ തലമുറ ഇതൊക്കെയും സംഭവിക്കുന്നതുവരെ ഒഴിഞ്ഞുപോകയില്ല” (മത്തായി 24:34).
അപ്പൊസ്തലന്മാർ യേശുവിന്റെ വാക്കുകൾ അതേപടി വിശ്വസിച്ചു. കർത്താവിന്റെ വരവിനെക്കുറിച്ച് തെസ്സലൊനീക്യർക്ക് എഴുതുമ്പോൾ പൗലോസ് “പിന്നെ ജീവനോടിരിക്കുന്ന നാം” എന്ന പ്രയോഗം ഉപയോഗിച്ചു (1 തെസ്സലൊനീക്യർ 4:15). “ഇനി എത്രയും അൽപ്പകാലം കഴിഞ്ഞിട്ട്” വരുവാനുള്ളവൻ വരുമെന്ന് എബ്രായലേഖനം പറയുന്നു (എബ്രായർ 10:37). ന്യായാധിപൻ വാതിൽക്കൽ നിൽക്കുന്നു എന്ന് യാക്കോബ് എഴുതി (യാക്കോബ് 5:8-9). സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു എന്ന് പത്രോസ് പ്രഖ്യാപിച്ചു (1 പത്രോസ് 4:7). ഇത് അന്ത്യനാഴികയാണെന്ന് യോഹന്നാനും എഴുതി (1 യോഹന്നാൻ 2:18). വെളിപ്പാടുപുസ്തകത്തിന്റെ ആരംഭത്തിൽത്തന്നെ, “വേഗത്തിൽ സംഭവിപ്പാനുള്ളതു” വെളിപ്പെടുത്തുന്നു എന്ന് പ്രഖ്യാപിക്കുന്നുണ്ട് (വെളിപ്പാട് 1:1). അവർ ജീവിച്ചിരുന്ന കാലഘട്ടത്തെ “അന്ത്യകാലം” എന്നാണ് വിശേഷിപ്പിച്ചത്. ഭൂമിയുടെ അവസാനകാലം എന്ന അർഥത്തിലല്ല, ആലയത്തിന്റെയും അതുമായി ബന്ധപ്പെട്ട പഴയ ഉടമ്പടിയിലെ ആചാരാനുഷ്ഠാനങ്ങളുടെയും അവസാനകാലം എന്ന അർഥത്തിലാണ് അത്. ഈ പ്രതീക്ഷ പുതിയനിയമത്തിലുടനീളം നിറഞ്ഞുനിൽക്കുന്നു. അതേക്കുറിച്ച് ഞാൻ വിശദമായി പ്രതിപാദിച്ചിട്ടുള്ള ഒരു വീഡിയോ അവതരണം ഇവിടെയുണ്ട്:
ഇതെല്ലാം എപ്പോഴാണ് സംഭവിക്കേണ്ടിയിരുന്നത്? യഹൂദന്മാർ പരസ്പരം “കൎത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ!” എന്നു പറയുന്നതുവരെ അന്നത്തെ യഹൂദജനത തന്നെ കാണുകയില്ലെന്ന് യേശു പറഞ്ഞ കാര്യം ഓർക്കുക. വിവിധ ഉത്സവങ്ങളും പെരുന്നാളുകളും ആചരിക്കാനായി യെരൂശലേമിലേക്ക് വന്നിരുന്ന സഹയിസ്രായേല്യരെ അവിടുത്തെ നിവാസികൾ സാധാരണയായി അഭിവാദ്യം ചെയ്തിരുന്നത് ഈ വാക്കുകൾ ഉപയോഗിച്ചായിരുന്നു. വർഷത്തിൽ കുറഞ്ഞത് മൂന്നുപ്രാവശ്യമെങ്കിലും എല്ലാ പുരുഷന്മാരും യെരൂശലേമിൽ എത്തേണ്ടതുണ്ടായിരുന്നു. അപ്പോൾ, ആ പ്രസ്താവനയിലൂടെ യേശു എന്താണ് ഉദ്ദേശിച്ചത്?
“നിങ്ങളുടെ ഉത്സവകാലങ്ങളിലൊന്നിൽ, നിങ്ങൾ പരസ്പരം ‘കൎത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ!’ എന്നു പറഞ്ഞ് അഭിവാദ്യം ചെയ്യുമ്പോൾ, നിങ്ങൾ എന്നെ വീണ്ടും കാണും” എന്നായിരുന്നു യേശു പറഞ്ഞതിന്റെ അർത്ഥം. യേശു ന്യായവിധി പ്രഖ്യാപിക്കുകയായിരുന്നു എന്ന കാര്യം മറക്കരുത്. യെരൂശലേമിലേക്ക് ഒരു അവധിക്കാലസന്ദർശനം നടത്താനുള്ള പരിപാടിയല്ല അവിടുന്ന് അറിയിച്ചത്. അന്നത്തെ തലമുറയിലെ യഹൂദന്മാരെ അവരുടെ ഉത്സവങ്ങളിലൊന്നിൽ ന്യായവിധിയുമായി താൻ സന്ദർശിക്കും എന്ന മുന്നറിയിപ്പാണ് നൽകിയത്.
ഈ പ്രവചനം എപ്പോഴാണ് നിറവേറിയത്? ജോസീഫസിന്റെ ചരിത്രരേഖകൾ വായിക്കുക. ക്രി. 70-ൽ യെഹൂദ്യയിലും ഗലീലയിലുമുള്ള യഹൂദന്മാർ പെരുന്നാളിനായി യെരൂശലേമിൽ ഒത്തുകൂടിയിരുന്ന സമയത്തായിരുന്നു റോമാക്കാർ യെരൂശലേമിനെ ഉപരോധിച്ചത്. നഗരം ജനങ്ങളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. റോമാക്കാർ അവരെ നഗരത്തിനുള്ളിൽ കുടുക്കി. (മത്തായി 24:15-21-ലെ യേശുവിന്റെ മുന്നറിയിപ്പ് ഓർത്തിരുന്ന ക്രിസ്ത്യാനികൾ അതിനകം യെഹൂദ്യ വിട്ട് കിഴക്കുഭാഗത്തേക്ക് പലായനം ചെയ്തിരുന്നു.) അങ്ങനെ നഗരവാസികളുടെയും സന്ദർശകരുടെയും കഠിനയാതനകൾ ആരംഭിച്ചു. ഭക്ഷണക്ഷാമം നിമിത്തം സ്ത്രീകൾ സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷിച്ചു! ഒടുവിൽ നഗരം വീണു, ആലയം നശിപ്പിക്കപ്പെട്ടു.
ക്രി. 70: രണ്ടാം വരവ്
യേശു ഈ വാക്കുകൾ പറഞ്ഞ് ഏകദേശം നാല്പതു വർഷങ്ങൾക്കുശേഷം റോമൻ സൈന്യം യെരൂശലേമിനെ വളഞ്ഞു. നഗരം വീണു; ആലയം കത്തിയെരിഞ്ഞു. ആ ഉപരോധത്തിന് നേരിട്ടു സാക്ഷിയായിരുന്ന ജോസീഫസ്, ആലയത്തിന്റെ അടിത്തറകൾപോലും ഇളക്കിമാറ്റപ്പെട്ടതായി രേഖപ്പെടുത്തുന്നു. ഒരു കല്ലുപോലും മറ്റൊന്നിന്മേൽ ശേഷിച്ചില്ല. സ്നാപകയോഹന്നാൻ വൃക്ഷത്തിന്റെ ചുവട്ടിൽ വെച്ചിരിക്കുന്നതായി കണ്ട കോടാലി (മത്തായി 3:10) ഒടുവിൽ ആ വൃക്ഷത്തെ വെട്ടിവീഴ്ത്തി.
ആലയത്തിലെ കല്ലുകൾ സംബന്ധിച്ച് യേശു നടത്തിയ പ്രവചനം നിറവേറിയതായി ക്രിസ്ത്യാനികൾ എളുപ്പത്തിൽ അംഗീകരിക്കുന്നു. എന്നാൽ ആലയത്തിന്റെ നാശത്തെയും തന്റെ വരവിനെയും ഒരേ പ്രഭാഷണത്തിലും ഒരേ വാക്യത്തിലും ഒരേ തലമുറയിലുമാണ് യേശു ചേർത്തുവെച്ചത്. ഒന്ന് നിറവേറിയെങ്കിൽ മറ്റൊന്നിനെ ആയിരക്കണക്കിന് വർഷങ്ങൾ ഭാവിയിലേക്ക് മാറ്റിവെക്കാൻ തിരുവെഴുത്ത് നമുക്ക് എന്ത് അധികാരമാണ് നൽകുന്നത്? “ഇതൊക്കെയും ചെയ്യാൻ നിനക്ക് എന്ത് അധികാരമുണ്ട്?” എന്നായിരുന്നു മതനേതാക്കന്മാരുടെ ചോദ്യം. യെരൂശലേമിന്റെ പതനമായിരുന്നു യേശുവിന്റെ മറുപടി. അത് കേവലം റോമാക്കാരുടെ സൈനികവിജയം മാത്രമായിരുന്നില്ല. ആ സംഭവം യേശു മുൻകൂട്ടി പ്രവചിച്ചിരുന്നു. മാത്രമല്ല, കൈയിൽ ചാട്ടവാറുമായി ഒരു പ്രവചനാത്മക ദൃഷ്ടാന്തത്തിലൂടെ അവിടുന്ന് അതിന്റെ ചിത്രം വരച്ചുകാട്ടുകയും ചെയ്തിരുന്നു. ആ സംഭവത്തിൽ തന്റെ കരം തിരിച്ചറിയണമെന്നായിരുന്നു തന്റെ അനുയായികളോടുള്ള അവിടത്തെ ആഹ്വാനം.
ആക്ഷപങ്ങളും ചോദ്യങ്ങളും
“ആലയം വീണ്ടും പണിയപ്പെടുമെന്ന് ബൈബിൾ പറയുന്നില്ലേ?”
ആലയം നശിപ്പിക്കപ്പെടുമെന്ന് യേശു പ്രവചിച്ചതിനുശേഷം, ആ ആലയം വീണ്ടും പണിയപ്പെടുമെന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രവചനവും പുതിയനിയമത്തിൽ രേഖപ്പെടുത്തിയിട്ടില്ല. രണ്ടാം വരവുമായി ബന്ധപ്പെടുത്തി പരാമർശിക്കുന്ന ആലയം രണ്ടാം ദേവാലയമാണ് (2 തെസ്സലൊനീക്യർ 2:4; ലൂക്കോസ് 21:24; ദാനീയേൽ 9:27). മൂന്നാമതൊരു ആലയം പണിയണമെന്ന് പുതിയനിയമം പ്രവചിക്കുകയോ ആജ്ഞാപിക്കുകയോ ചെയ്യുന്നില്ല. യെഹെസ്കേലിന്റെ ദർശനങ്ങളെ പ്രതീകാത്മകമായി (typological) മനസ്സിലാക്കുന്നതാണ് ഏറ്റവും ഉചിതം. വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകുന്ന ജീവദായകമായ നദിയോടുകൂടിയ (യെഹെസ്കേൽ 47) യെഹെസ്കേലിന്റെ ആലയം യാഥാർഥ്യമാകുന്നത് യഥാർഥ ആലയമായ ക്രിസ്തുവിലാണ് (യോഹന്നാൻ 2:19-21). യേശുവിൽനിന്നാണ് ജീവജലം ഒഴുകുന്നത് (യോഹന്നാൻ 7:37-38). അതേ വ്യാഖ്യാനപ്രകാരം, ക്രിസ്തുവിലുള്ള വിശ്വാസികളിലേക്കും ആലയം വ്യാപിക്കുന്നു. അവർ ദൈവത്തിന്റെ വാസസ്ഥലമായി പണിയപ്പെടുന്നു (എഫെസ്യർ 2:19-22; 1 കൊരിന്ത്യർ 3:16; 1 പത്രോസ് 2:5). വെളിപ്പാട് 21:22ൽ ഈ ദർശനം പൂർണ്ണതയിലെത്തുന്നു. അവിടെ ദൈവവും കുഞ്ഞാടും തന്നെയാണ് ആലയം. അതിനാൽ ഒരു കെട്ടിടത്തിന്റെ ആവശ്യമില്ല.
“ആ നാളും നാഴികയും സംബന്ധിച്ചോ … ആരും അറിയുന്നില്ല” എന്നല്ലേ മത്തായി 24:36 പറയുന്നത്?
തന്റെ ശിഷ്യന്മാർ എപ്പോഴും ജാഗരൂകരായിരിക്കേണ്ടതിന്റെ കാരണം വിശദീകരിക്കാനാണ് യേശു ഇതു പറഞ്ഞത്. തന്റെ മുഴുവൻ പ്രസംഗത്തെയും വിദൂരഭാവിയിലേക്ക് മാറ്റിവെക്കാനായിരുന്നില്ല അത്. യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ശൂന്യമാക്കുന്ന മ്ലേച്ഛത, യെരൂശലേമിനു ചുറ്റുമുള്ള സൈന്യങ്ങൾ തുടങ്ങിയ അടയാളങ്ങൾ നൽകിയതിന്റെ ഉദ്ദേശ്യം, ആ സമയം അടുത്തിരിക്കുന്നുവെന്ന് അന്നത്തെ തലമുറയ്ക്ക് മുന്നറിയിപ്പു നൽകുകയായിരുന്നു. എന്നാൽ കൃത്യമായ ദിവസവും നാഴികയും മറച്ചുവെച്ചിരുന്നു. ശിഷ്യന്മാരുടെ ചോദ്യം ആലയത്തിന്റെ പതനത്തെക്കുറിച്ചായിരുന്നു; യേശുവിന്റെ ഉത്തരം മുഴുവൻ “ഈ തലമുറ”യുടെ പരിധിക്കുള്ളിൽത്തന്നെ നിൽക്കുന്നു.
“ഒരു ദിവസം ആയിരം വർഷംപോലെയും ആയിരം വർഷം ഒരു ദിവസംപോലെയും ആണെന്ന് പത്രോസ് പറഞ്ഞിട്ടില്ലേ?”
അതെ, ദൈവം കാലാതീതനാണെന്ന് വ്യക്തമാക്കാനാണ് പത്രോസ് അങ്ങനെ പറഞ്ഞത് (2 പത്രോസ് 3:8). എന്നാൽ തൊട്ടടുത്ത വാക്യത്തിൽത്തന്നെ അദ്ദേഹം ഇങ്ങനെ പറയുന്നു: “കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല … .” “അവന്റെ വരവിനെക്കുറിച്ചുള്ള വാഗ്ദത്തം എവിടെ?” എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയായിരുന്നു പത്രോസിന്റെ വാക്കുകൾ. അക്കാലത്തെ ക്രിസ്ത്യാനികൾ രണ്ടാം വരവ് അടുത്തുതന്നെ ഉണ്ടാകുമെന്നു വിശ്വസിച്ചിരുന്നു എന്ന് ഇതു കാണിക്കുന്നു. പ്രവചനനിവൃത്തി വൈകുന്നതു ചൂണ്ടിക്കാട്ടിയ പരിഹാസികൾ ആ വാഗ്ദത്തത്തെ സംശയിച്ചു. കർത്താവിന്റെ വരവിലെ ഈ പ്രത്യക്ഷ കാലതാമസത്തെ, മാനസാന്തരപ്പെടാത്തവരോടുള്ള ദൈവത്തിന്റെ കരുണയായി പത്രോസ് വിശദീകരിച്ചു. തന്റെ ഒന്നാമത്തെ ലേഖനത്തിൽ അദ്ദേഹം “എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു” എന്ന് എഴുതിയിരുന്നു. തന്റെ ജീവിതകാലത്തുതന്നെ കർത്താവു മടങ്ങിവരുമെന്ന പ്രതീക്ഷയിൽ പത്രോസ് ഉറച്ചുനിന്നു.
“എന്നാൽ ക്രി. 70-ൽ വിനാശകരമായ പ്രാപഞ്ചിക സംഭവങ്ങളൊന്നും നടന്നില്ലല്ലോ?”
രണ്ടാം വരവുമായി ബന്ധപ്പെട്ട് യേശുവും പൗലോസും പത്രോസും പരാമർശിച്ച പ്രാപഞ്ചിക സംഭവങ്ങളെ അക്ഷരാർഥത്തിൽ മനസ്സിലാക്കേണ്ടതല്ല. സൂര്യൻ ഇരുണ്ടുപോകുക, ചന്ദ്രൻ രക്തവർണമാകുക, നക്ഷത്രങ്ങൾ ഭൂമിയിലേക്ക് വീഴുക, ആകാശം ചുരുൾപോലെ മാറിപ്പോകുക തുടങ്ങിയവ ബൈബിളിലെ പ്രവചനഭാഷയിൽ സാധാരണയായി ഉപയോഗിക്കുന്ന പ്രയോഗങ്ങളാണ്. ബാബിലോണിന്റെ പതനത്തെയും (യെശയ്യാവ് 13:10) ഏദോമിന്റെ നാശത്തെയും (യെശയ്യാവ് 34:4) വിവരിക്കാൻ യെശയ്യാവ് ഇതേ ഭാഷ ഉപയോഗിച്ചു. ഈജിപ്തിന്റെ പതനത്തെ വിവരിക്കാൻ യെഹെസ്കേലും (യെഹെസ്കേൽ 32:7-8), പുരാതന യിസ്രായേലിന്മേലുള്ള ദൈവിക ന്യായവിധിയെക്കുറിച്ച് പറയാൻ യോവേലും ഇതേ ഭാഷ പ്രയോഗിച്ചു (യോവേൽ 2:10). ഇരുണ്ടുപോകുന്ന സൂര്യനെയും രക്തവർണമാകുന്ന ചന്ദ്രനെയും കുറിച്ചുള്ള യോവേലിന്റെ പ്രവചനം തന്റെ നാളിൽത്തന്നെ നിറവേറിയതായി പത്രോസ് ഉദ്ധരിച്ചു പറഞ്ഞു (പ്രവൃത്തികൾ 2:16-21). യോസേഫിന്റെ സ്വപ്നങ്ങളിലും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഉണ്ടായിരുന്നു (ഉല്പത്തി 37:9-10). അവ യോസേഫിന്റെ മേൽ അധികാരമുള്ളവരെയാണ് സൂചിപ്പിച്ചത്. ക്രി. 70-ൽ യെരൂശലേമിന്റെ പതനത്തോടൊപ്പം ഉണ്ടായ അക്രമാസക്തമായ രാഷ്ട്രീയവും മതപരവുമായ അട്ടിമറികളെ വിവരിക്കാനാണ് യേശുവും അപ്പൊസ്തലന്മാരും ഈ പ്രാപഞ്ചിക പ്രതീകങ്ങൾ ഉപയോഗിച്ചത്. ക്രി. 67 മുതൽ 70 വരെയുള്ള കാലഘട്ടത്തിൽ യെഹൂദ്യയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ദുരിതങ്ങളുടെ വ്യക്തമായ ചിത്രം ജോസീഫസിന്റെ Jewish Wars എന്ന ചരിത്രഗ്രന്ഥം നമുക്കു നൽകുന്നു.
“വെളിപ്പാടുപുസ്തകം എഴുതപ്പെട്ടത് ക്രി. 95-നോടടുത്താണല്ലോ. അതിലെ പ്രവചനങ്ങൾ ഇനിയും നിവൃത്തിയായിട്ടില്ല എന്നല്ലേ നാം മനസ്സിലാക്കേണ്ടത്?”
ക്രി. 70-ലെ അതിഭയാനക സംഭവങ്ങളെക്കുറിച്ച് “വെളിപ്പാടു പുസ്തകം ഒന്നും പറയുന്നില്ല. “വേഗത്തിൽ സംഭവിപ്പാനുള്ളതു” എന്ന വാക്കുകളോടെ ആരംഭിക്കുകയും ജെറുശലേമിനെതിരായ ന്യായവിധിയെക്കുറിച്ച് അധ്യായങ്ങളോളം പ്രതിപാദിക്കുകയും ചെയ്യുന്ന ഒരു ഗ്രന്ഥം ആ മഹാവിപത്തിനു ശേഷമാണ് എഴുതപ്പെട്ടിരുന്നതെങ്കിൽ അതിനെക്കുറിച്ച് മൗനം പാലിക്കില്ലായിരുന്നു. ആന്തരിക തെളിവുകളും ഇതേ ദിശയിലേക്കാണു ചൂണ്ടുന്നത്. പുസ്തകം എഴതപ്പെട്ടപ്പോഴും നിലനിൽക്കുന്ന ഒരു ആലയവും വിശുദ്ധനഗരവും അളക്കാനാണ് യോഹന്നാനോടു പറയുന്നത് (വെളിപ്പാട് 11:1-2); വെളിപ്പാട് 17:10-ലെ ഏഴു രാജാക്കന്മാർ ഒന്നാം നൂറ്റാണ്ടിലെ റോമൻ ചക്രവർത്തിമാരോടു യോജിക്കുന്നു. പിൽക്കാലത്തെ സഭാപാരമ്പര്യത്തെ ആശ്രയിച്ചാണ് വൈകിയ കാലനിർണയം നിലകൊള്ളുന്നത്; എന്നാൽ ഉപദേശം സ്ഥാപിക്കപ്പെടുന്നത് തിരുവെഴുത്തിലാണ്, പിൽക്കാലത്തെ എഴുത്തുകാരുടെ വാക്കുകളെ ആധാരമാക്കിയല്ല.
“പുനരുത്ഥാനത്തെക്കുറിച്ചും വെളിപ്പാടുപുസ്തകത്തിന്റെ അവസാന ഭാഗങ്ങളെക്കുറിച്ചും എന്തു പറയുന്നു?”
പുനരുത്ഥാനത്തെയും യുഗാവസാനത്തെയും ഒരേ പ്രത്യാശയുമായി ബന്ധിപ്പിച്ചാണ് പൗലോസ് സംസാരിച്ചത്. യേശുവിന്റ വരവിങ്കൽ “ജീവനോടിരിക്കുന്ന നാം” എന്ന പ്രയോഗം അദ്ദേഹം ഉപയോഗിച്ചു. വിശുദ്ധജനത്തിന്റെ ശക്തി തകർന്നുപോകുന്ന കാലത്താണ് പുനരുത്ഥാനം സംഭവിക്കുകയെന്ന് ദാനീയേലിന്റെ പ്രവചനവും വ്യക്തമാക്കുന്നു (ദാനീയേൽ 12:2, 7). വെളിപ്പാട് 20-22 അധ്യായങ്ങളിൽ വിവരിക്കുന്ന പുനരുത്ഥാനത്തെയും പുതിയ സൃഷ്ടിയെയും എങ്ങനെ മനസ്സിലാക്കണം എന്നത് വളരെ വിപുലമായ വിഷയമാണ്. എന്നാൽ പുതിയനിയമം തന്നെ നൽകുന്ന സമയക്രമം ആയിരക്കണക്കിന് വർഷങ്ങൾ കാത്തിരിക്കാനുള്ള ഇടം നമുക്ക് നൽകുന്നില്ല.
“ആദിമസഭ ഇങ്ങനെയൊന്നും പഠിപ്പിച്ചിട്ടില്ലല്ലോ.”
പിൽക്കാല തലമുറകളുടെ മൗനമോ അവരുടെ രചനകളോ അല്ല നമ്മുടെ വിശ്വാസപ്രമാണങ്ങളെ നിർണയിക്കേണ്ടത്. തിരുവെഴുത്ത് എന്തു പറയുന്നു എന്നതാണ് നിർണായകം. തിരുവെഴുത്തുതന്നെ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ പിന്നീട് ക്രിസ്ത്യാനികൾ എന്തു ധരിച്ചു എന്നതുകൊണ്ടോ എന്തു ശ്രദ്ധിക്കാതെ പോയി എന്നതുകൊണ്ടോ ആ സമയപരിധി മാറ്റാനാവില്ല.
ആലയം വീണ്ടും പണിയപ്പെടണോ?
ക്രി. 70-ലെ സംഭവങ്ങൾ പുതിയനിയമത്തിൽ ചരിത്രവിവരണമായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ, പുതിയനിയമത്തിലെ പല പ്രവചനങ്ങളും ഈ സംഭവത്തിൽ ഒത്തുചേരുന്നുവെന്ന കാര്യം മിക്ക ക്രിസ്ത്യാനികൾക്കും അറിയില്ല. ക്രിസ്തുവിന്റെ വരവ് സംഭവിക്കണമെങ്കിൽ യെരൂശലേമിൽ ഒരു പുതിയ ആലയം പണിയപ്പെടേണ്ടതുണ്ടെന്ന് വിശ്വസിക്കുന്ന ചിലർ, അവിടെ മൂന്നാമതൊരു ആലയം പണിയപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ പ്രസക്തമായിരുന്ന ആ ആലയം ഒരിക്കലും കല്ലുകൊണ്ടു വീണ്ടും പണിയപ്പെടേണ്ടതായിരുന്നില്ല. തന്റെ ആലയത്തിലേക്ക് വന്ന കർത്താവ് തന്നെയായിരുന്നു ആലയം.
ഉപസംഹാരം
നാം തുടക്കത്തിൽ ഉന്നയിച്ച ചോദ്യം വ്യാഖ്യാനത്തെക്കുറിച്ചല്ല, വ്യാഖ്യാനരീതിയെക്കുറിച്ചുള്ളതായിരുന്നു. പത്രാധിപന്മാർ കൂട്ടിച്ചേർത്ത ഒരൊറ്റ ഉപശീർഷകത്തിന് നാലു സുവിശേഷങ്ങൾ പറയുന്നതിനെ നിശ്ശബ്ദമായി മറിച്ചിടാൻ കഴിയുമെങ്കിൽ, നമ്മുടെ ദൈവശാസ്ത്രം തിരുവെഴുത്തിന്റെ താളുകളിൽ ഇനിയും എന്തെല്ലാം മാനുഷിക തോന്നലുകൾ എഴുതിച്ചേർത്തിട്ടുണ്ടാകും? നാം വായിക്കുന്ന എല്ലാ ബൈബിൾ വിവർത്തനങ്ങളെയും സംശയ ദൃഷ്ടിയോടെ കാണുകയല്ല അതിനുള്ള പരിഹാരം. മറിച്ച്, കൂടുതൽ ശ്രദ്ധയോടെയും സാവധാനത്തിലും തിരുവെഴുത്ത് വായിക്കുകയാണ് വേണ്ടത്. സുവിശേഷകന്മാർ തിരഞ്ഞെടുത്ത ക്രിയാപദങ്ങൾ നാം ശ്രദ്ധിക്കേണം; അവർ പ്രതിധ്വനിപ്പിച്ച പ്രവാചകന്മാരുടെ വാക്കുകൾ കേൾക്കേണം; പരിചിതമായ വ്യാഖ്യാനങ്ങൾക്ക് ഇളക്കം വരുത്തുന്ന അപരിചിതമായ വ്യാഖ്യാനങ്ങളെ നാം തിരക്കിട്ട് തള്ളിക്കളയരുത്. എല്ലാം പരിശോധിക്കേണം.
യേശുവിന്റെ ശ്രോതാക്കൾ ഞെട്ടിപ്പോയത് അവിടുത്തെ വാക്കുകളിൽ യെര്യാമ്യാവിന്റെ പ്രവചനത്തിന്റെ പ്രതിധ്വനി കേട്ടതുകൊണ്ടാണ്. അഴിമതി നിറഞ്ഞ ഒരു കെട്ടിടം നേരിടേണ്ട നാശം എന്ന അപകടത്തെക്കുറിച്ചല്ല മാത്രമല്ല യെര്യാമ്യാവ് മുന്നറിയിപ്പു നൽകിയത്. ന്യായവിധിയുടെ വാൾ തങ്ങളുടെ തലയ്ക്കുമീതെ തൂങ്ങിനിൽക്കുമ്പോഴും “ഞങ്ങൾ സുരക്ഷിതരാണ്!” എന്ന് ആവർത്തിച്ചുകൊണ്ടിരുന്ന ഒരു ജനതയുടെ മനോഭാവമാണ് അപകടം. അതേ അവസ്ഥയിലായിരുന്ന യേശുവിന്റെ കാലത്തുള്ള യഹൂദരും. മുന്നറിയിപ്പുകളെ കാറ്റിൽപ്പറത്തി യേശുവിനെ ക്രൂശിക്കാനായി ഏൽപ്പിച്ചുകൊടുത്ത മതമേലധ്യക്ഷന്മാർതന്നെ യേശുവിന്റെ പ്രവചനത്തിന്റെ സത്യാവസ്ഥ തെളിയിച്ചു.
അന്ന് ആ തലമുറയ്ക്കും അവരുടെ ആലയത്തിനുംമേൽ പതിച്ച ന്യായവിധി അന്തിമമായിരുന്നു എന്ന കാര്യം നാം തിരിച്ചറിയുന്നുണ്ടോ എന്നതാണ് നമ്മുടെ മുമ്പിലുള്ള ചോദ്യം. ദൈവം നശിപ്പിച്ചതിനെ പുനഃസ്ഥാപിക്കാൻ ആർക്കും സാധിക്കും? ദൈവം കീറിയ തിരശ്ശീല കൂട്ടിചേർത്ത് വീണ്ടും ആലയും പണിയുവാൻ മുതിരുന്നവർ ദൈവത്തോട് മറുതലിക്കുന്നവരാണ്. അത് തിരിച്ചറിയുന്നില്ലെങ്കിൽ, യെരൂശലേമിൽ ഇന്ന് മൂന്നാമതൊരു ആലയം പണിയാൻ തക്കം പാർത്തിരിക്കുന്ന സയണിസ്റ്റുകളെ നാം പിന്തുണയ്ക്കുന്നവരാകും. അവരുടെ മനുഷ്യക്കൂരുതികളിലും രക്തദാഹത്തിലും നാം പങ്കാളികളാകും. കർത്താവ് ഇടിച്ചുനിരത്തിയതിനെ വീണ്ടും പണിയാൻ ശ്രമിക്കുന്നവർ ദൈവത്തിനെതിരെ മുഷ്ഠിചുരുട്ടുന്നവരാണ്. അവരുടെ കൂട്ടത്തിൽ നാം ഉൾപ്പെടാതിരിക്കട്ടെ.
തുടർന്നു പഠിക്കുവാൻ …
On Jesus’ temple action and the language of “coming”
N. T. Wright, Jesus and the Victory of God (SPCK/Fortress, 1996). It treats the temple action as a symbol of coming judgment and reads the Olivet “coming” as vindication tied to AD 70.
E. P. Sanders, Jesus and Judaism (Fortress, 1985). A classic argument that Jesus’ act symbolized the temple’s destruction.
Craig A. Evans, “Jesus’ Action in the Temple: Cleansing or Portent of Destruction?” Catholic Biblical Quarterly 51 (1989).
R. T. France, The Gospel of Matthew (NICNT, Eerdmans, 2007). A leading evangelical commentary that reads Matthew 24 as largely about AD 70.
On the cosmic imagery and the first-century timeline
N. T. Wright, The New Testament and the People of God (Fortress, 1992). It argues that apocalyptic imagery is metaphor for political and historical upheaval.
Kenneth L. Gentry Jr., Before Jerusalem Fell: Dating the Book of Revelation (originally Institute for Christian Economics, 1989). It is the standard defense of the early date.
John A. T. Robinson, Redating the New Testament (SCM, 1976). It argues that the whole New Testament predates AD 70.
Within the preterist conversation
Gary DeMar, Last Days Madness (American Vision). Accessible and widely read book on the Preterist position.
Max R. King, The Cross and the Parousia of Christ (1987). The main full-preterist treatment.
James Stuart Russell, The Parousia.
William S. Urmy, Christ Came Again. New York: Eaton Mains, 1900.
On the third temple and Christian Zionism
Timothy P. Weber, On the Road to Armageddon (Baker, 2004).
Stephen Sizer, Christian Zionism: Road-map to Armageddon?. IVP, 2004.
Gary M. Burge, Whose Land? Whose Promise? (Pilgrim Press, 2003). It complements Sizer.
Josephus, Flavius. The Jewish War. Translated by Martin Hammond, introduction and notes by Martin Goodman, Oxford University Press, 2017.