മലയാളഭാഷയുടെ തനിമയും സൗന്ദര്യവും പൂൎണ്ണമായി ഉൾക്കൊള്ളുന്നതിനായി ഈ പുസ്‍തകത്തിൽ പരമ്പരാഗത ലിപിശൈലി (പഴയ ലിപി) ആണു് ഉപയോഗിച്ചിരിക്കുന്നതു്. 1971-ൽ ടൈപ്പ്‌റൈറ്റിംഗിന്റെയും അച്ചടിയുടെയും സൗകര്യത്തിനായി നടപ്പിലാക്കിയ ലിപിപരിഷ്‍കരണം ഭാഷാപരമായ ചില പരിമിതികൾക്കു് കാരണമായിട്ടുണ്ടു്. കൂട്ടക്ഷരങ്ങളെ വേർപെടുത്താതെ, അവയുടെ പൂർണ്ണ രൂപത്തിൽ നിലനിർത്തുന്നതു് ഭാഷയുടെ സ്വാഭാവികമായ ഒഴുക്കിനും വ്യാകരണശുദ്ധിക്കും അത്യാവശ്യമാണെന്നു ഞാൻ കരുതുന്നു.
നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന ഈ അക്ഷരഭംഗി ഡിജിറ്റൽ യുഗത്തിൽ നിലനിൎത്തുന്നതിന്നായി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് (SMC) രൂപകൽപ്പന ചെയ്‍ത ‘മാലിനി’ (Malini) എന്ന അക്ഷരക്കൂട്ടാണു് ഈ പുസ്‍തകത്തിൽ ഉപയോഗിച്ചിരിക്കുന്നതു്. സന്തോഷ് തോട്ടിങ്ങൽ രൂപകൽപ്പന ചെയ്‍ത ഈ ആധുനിക ഫോണ്ടു് പരമ്പരാഗത ലിപിയുടെ പൂൎണ്ണതയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ലളിതസുന്ദരമായ വായനാസുഖവും ഒരേസമയം വായനക്കാൎക്കു് സമ്മാനിക്കുന്നു. ഇതിലൂടെ ഭാഷയുടെ യഥാൎത്ഥ ആഴവും ഭാഷാശാസ്ത്രപരമായ ശുദ്ധിയും പകൎന്നു നൽകാനാണു് ഈ ലിപിശൈലിയിലൂടെ ശ്രമിക്കുന്നതു്.