അതിഥി

 

ഫിലിപ്പ് പി. ഈപ്പൻ


വേറൊരു രാജ്യത്തു് വീടുള്ള ഒരാള്‍ ഒരിക്കൽ നിങ്ങളുടെ വീട്ടിൽ വന്നു് പറഞ്ഞു: “എനിക്ക് ഇവിടെ വീടില്ല. താങ്കളുടെ വീട്ടില്‍ കുറച്ച് നാൾ ഞാന്‍ താമസിച്ചോട്ടേ?” നിങ്ങൾ അയാളെ സ്വീകരിച്ച് അഥിതികള്‍ക്കുള്ള മുറി അയാൾക്ക് കൊടുത്തു.

താമസിയാതെ, അയാള്‍ തന്റെ കുടുംബത്തെയും കൂട്ടുകാരെയും ഓരോരുത്തരായി നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചു.

ഒരു ദിവസം അവർ നിങ്ങളെയും കുടുംബത്തെയും ഒരു ചെറിയ മുറിയിലിട്ട് പൂട്ടി! ബലം പ്രയോഗിച്ചു് അവർ നിങ്ങളുടെ വീട് അവരുടെ പേരില്‍ എഴുതിയെടുത്തു. നിങ്ങളുടെ സർക്കാർ രേഖകൾ പോലും അവര്‍ കൈവശമാക്കി.

അവരുടെ അനുവാദം കൂടാതെ നിങ്ങള്‍ക്ക് മുറിയിൽ നിന്ന് വെളിയിൽ പോകാന്‍ പറ്റാത്ത അവസ്ഥയായി. ഭക്ഷണം കഴിക്കുവാൻ പോലും അനുവാദം വേണം! വൈദ്യസഹായം ലഭിക്കുവാൻ അനുവാദം ചോദിക്കണം. വീടിന്റെ വേറെ ഏത് ഭാഗത്തു പോകുവാനും അനുവാദം ചോദിക്കണം. അനുവാദം ചോദിച്ചാൽ ചിലപ്പോള്‍ തരും, ചിലപ്പോള്‍ തരില്ല. അവരുടെ മനോനില പോലിരിക്കും.

വീട് തിരിക ചോദിച്ചപ്പോള്‍ തരില്ല എന്ന് പറഞ്ഞു കാരണം രണ്ടായിരം വര്‍ഷം മുമ്പ് നിങ്ങളുടെ വാർഡ് മുഴുവന്‍ അവരുടെ കുടുംബത്തിന് ഏതോ രാജാവ് ദാനമായി കൊടുത്തതായിരുന്നു പോലും! പക്ഷേ രാജാവുമായി തെറ്റിയപ്പോൾ ആ പൂർവികന്മാരെ രാജാവ് നാട് കടത്തി!

നിങ്ങൾ ബഹളം വച്ച് കരഞ്ഞു് നാട്ടുകാരെ കൂട്ടുവാൻ ശ്രമിച്ചപ്പോഴൊക്കെ നിങ്ങള്‍ അവരുടെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന് അവർ അപവാദം പറഞ്ഞു പരത്തി. പിന്നീട് നിങ്ങളുടെ സാധനങ്ങൾ തച്ചുടക്കുവാൻ തുടങ്ങി. നിങ്ങളുടെ മുറിയിലേക്കുള്ള വൈദ്യുതി അവർ നിയന്ത്രിക്കാന്‍ തുടങ്ങി.

അയൽവാസികൾ നിങ്ങളുടെ കരച്ചില്‍ കേട്ട് വരുമ്പോളൊക്കെ അവര്‍ പറയും, “ഞങ്ങളുടെ സ്വയ രക്ഷക്കുവേണ്ടി ഈ ഭീകരരെ ഞങ്ങള്‍ വറുതിയിൽ നിറുത്തേണ്ടി വരുന്നു. ഇവർ അപകടകാരികളാണ്. വേറെ നിവൃത്തിയില്ല.” അയൽവാസികൾ അതു് കേട്ടിട്ട് അവരോട് സഹതപിച്ചു. നിങ്ങളുടെ കഥ കേൾക്കുവാൻ ആര്‍ക്കും താൽപര്യമില്ലാതായി.
ഈ കഥയിലെ വീട്ടുടമയുടെ അവസ്ഥയെക്കാൾ പതിന്മടങ്ങ് ദുരിതപൂൎണ്ണമാണു് പലസ്തീന്‍ നാട്ടിലെ അറബികളായ മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും അവസ്ഥ. രണ്ടായിരം വർഷം പഴക്കമുള്ള ചില കഥകളുടെ അടിസ്ഥാനത്തില്‍ അറബികൾ നൂറ്റാണ്ടുകളായി കൈവശം വച്ച ദേശം അപഹരിക്കപ്പെട്ടു. ബ്രിട്ടൺ അതു് എടുത്തു് യഹൂദർക്കും അറബികൾക്കും വീതിച്ചു കൊടുത്തിട്ട് പൊടിയും തട്ടി സ്ഥലം വിട്ടു. അന്നു് നിശ്ചയിച്ച അതിരെല്ലാം പലവട്ടം ലംഘിക്കപ്പെട്ടു. ക്രമേണ ഭൂമിയെല്ലാം യഹൂദന്റെ കൈയ്യിൽ വന്നു. ഇന്നു് അറബികൾ കുറെ തുറന്ന ജയിലുകൾക്കുള്ളിൾ കഴിയുന്നതു പോലെ മൃഗപ്രായരായി ജീവിക്കുന്നു. അവരുടെ നാട് അപഹരിക്കപ്പെട്ടതുകൊണ്ടു് അവര്‍ സമരം ചെയ്യുന്നു. സ്വന്തം വീടുനും നാടിനും കുട്ടികൾക്കും വേണ്ടി പോരാടുന്നവരെ പലരും തീവൃവാദികളായി ചിത്രീകരിക്കുന്നു.

രണ്ടായിരം വർഷം മുമ്പുള്ള കണക്കും പാരമ്പര്യവും പറഞ്ഞ് ആരെങ്കിലും വന്നാല്‍, നിങ്ങളുടെ വീട് അഥവാ നാട് നിങ്ങള്‍ വിട്ടു കൊടുക്കുമോ?

യഹൂദന്റെ കാര്യം വരുമ്പോള്‍ നിങ്ങള്‍ ഉരുണ്ട് കളിക്കുന്നതെന്തിന്? നാലായിരം വർഷങ്ങൾക്കു മുമ്പ് ദൈവം അബ്രഹാമിനു കൊടുത്ത വാഗ്ദാനം എന്തെന്ന് അബ്രഹാം തിരിച്ചറിഞ്ഞു. അതു് ഈ ഭൂമിയിലെ ഓഹരിയല്ല എന്ന് തനിക്കു മനസ്സിലായി. സ്വർഗ്ഗീയ ഓഹരിയിലേക്ക് കണ്ണും നട്ട് താന്‍ കൂടാരങ്ങളില്‍ പാൎത്തു.

വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു. വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാൎത്തുകൊണ്ടു ദൈവം ശില്പിയായി നിൎമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു. — എബ്രായർ 11.8-10

വാഗ്ദത്ത ദേശത്തെകുറിച്ചു് അബ്രഹാമിനുണ്ടായിരുന്ന അത്രയും സ്വൎഗ്ഗീയ കാഴ്ചപ്പാട് പുതിയ നിയമ വിശ്വാസികൾക്കു് ഇല്ലാത്തതു കഷ്ടം തന്നെ!

പഴയനിയമത്തിലെ വാഗ്ദത്ത ഭൂമി വെറും നിഴല്‍ മാത്രമായിരുന്നു. യഥാൎത്ഥ വാഗ്ദത്ത നാട് സ്വർഗ്ഗീയമാണ്. ദാവീദ് അത് പ്രവചനാത്മാവിൽ കണ്ടു. അതുകൊണ്ടാണ് തൊണ്ണൂറ്റിയഞ്ചാം സങ്കീര്‍ത്തനത്തിൽ താന്‍ എഴുതിയത്, “ഇന്നു നിങ്ങള്‍ അവന്റെ ശബ്ദം കേൾക്കുന്നു എങ്കില്‍ …” എബ്രായ ലേഖനകർത്താവ് അതിനെ കുറിച്ച് നാലാം അധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

“ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: ‘ഇന്ന് അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്’ എന്ന് മുമ്പേ പറഞ്ഞതുപോലെ ‘ഇന്ന്’ എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.…
ആകയാൽ ദൈവത്തിന്റെ ജനത്തിന് ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.…
അതുകൊണ്ട് ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിനൊത്തവണ്ണം വീഴാതിരിക്കേണ്ടതിനു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.” (എബ്രായർ 4:7‭, ‬9‭, ‬11)

ഈ സ്വർഗ്ഗീയ വാഗ്ദത്ത നാട് പ്രാപിക്കുവാൻ യഹൂദനും ജാതികളും മാനസാന്തരപ്പെട്ട് യേശുവിന്റെ ശിഷ്യരാകണം. അതിനു മനസ്സില്ലാതെ, പഴയനിയമത്തിലെ കാലഹരണപ്പെട്ട ഒരു നിഴലിന്റെ പേരും പറഞ്ഞു ഭൂമി തട്ടിയെടുക്കുന്ന യഹൂദർ! അവര്‍ക്ക് കഞ്ഞിവയ്ക്കുവാൻ പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലൂം കുറെ ബ്രിട്ടീഷകാരും! ഈ കള്ള കച്ചവടത്തിനു കൂട്ടുപിടിച്ചുവന്ന കുറെ ക്രിസ്ത്യാനികളും!

നിഴലിന്റെ പിന്നാലെ പോകുന്ന യഹൂദർ ചൊരിയുന്ന രക്തത്തിനു ആര് കണക്കു പറയും? അവരുടെ ഭോഷത്തം അവൎക്കു് കാണിച്ചുകൊടുത്ത് അവരെ ക്രിസ്തുവിലൂടെയുള്ള നിത്യമായ ഓഹരിയിലേക്കു് വഴി നടത്തേണ്ട കടമ ക്രിസ്ത്യാനികളുടെയാണ്. ആ കടമ അവർ നിൎവഹിക്കുവാൻ ശ്രമിച്ചാൽ ആദിമ നൂറ്റാണ്ടിലേതു പോലെ യഹൂദർ ഇന്ന് ക്രൈസ്തവരെ പീഡിപ്പിക്കും. ഏതു കഷ്ടതയും നേരിടാനുള്ള സമർപ്പണം ഉള്ള വിശ്വാസികളെയാണ് യേശുവിനു് ഇന്നു് ആവശ്യം. അല്ലാത്ത ക്രിസ്ത്യാനികൾ യേശുവിന്റെ സത്യസുവിശേഷത്തിന്നു് യോഗ്യരല്ല. ചെവിയുള്ളവൻ കേൾക്കട്ടെ!

 

ഈ ലേഖനം താങ്കൾക്കു് പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ള വിശ്വാസികളുമായി പങ്കുവയ്‍ക്കുക.
ലേഖകനു കൂട്ടായ്മയുടെ വലങ്കരം കൊടുക്കുക, പ്രാൎത്ഥിക്കുക.