വേദപുസ്തകം പഠിക്കേണ്ട ആവശ്യം ഉണ്ടോ?

“വേദപുസ്തകം പഠിക്കേണ്ട ആവശ്യം ഉണ്ടോ? ആര്‍ക്കും മനസിലാക്കാവുന്ന ഭാഷയില്‍ തെളിവായി വചനം എഴുതപെട്ടിരിക്കുന്നു. പോരായെങ്കില്‍ ദൈവം തന്റെ ആത്മാവിനെ നമ്മില്‍ തന്നിട്ടുണ്ട് ...” എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കുറവല്ല. ഇവിടെ നാം ഓര്‍ത്തിരിക്കേണ്ട ഒരു സുപ്രധാന സംഗതി ഇതാണ് - വിശുദ്ധ ബൈബിള്‍ ഇരു സ്വഭാവമുള്ള പുസ്തകമാണ്. ബൈബിള്‍ ദൈവത്തിന്റെ വചനമാണ് ; അതേ സമയം, അത് ഒരു മാനുഷീക പുസ്തകമാണ്. ദൈവത്തിന്റെ ആത്മാവിന്റെ പ്രചോദനത്താല്‍ എഴുതപ്പെട്ടതുകൊണ്ട് വചനം ദൈവത്തില്‍നിന്നുള്ളതെന്നു നാം വിശ്വസിക്കുന്നു. ദൈവവചനം ആകകൊണ്ട് അത് സത്യമാണ്. മാത്രമല്ല, അതിന്റെ സന്ദേശത്തിന്ന് എന്നും പ്രസക്തിയുണ്ട്. ദൈവവചനത്തിനു കീഴ്‌‌‌പ്പെട്ടു നാം ജീവിക്കേണം. എന്നാല്‍ മറുവശത്ത് ബൈബിള്‍ ഒരു മാനുഷീക പുസ്തകമാണ്. കാരണം, ദൈവം മനുഷ്യ ചരിത്രത്തിലെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രത്യേക വചനങ്ങള്‍ നല്‍കി മനുഷ്യരെ ഉപയോഗിച്ച് മാനുഷീക ഭാഷയില്‍ ബൈബളിലെ താളുകളില്‍ അവ എഴുതി. മാനുഷീക ഭാഷകള്‍ക്ക് വ്യാകരണമുണ്ട്, ശൈലികളുണ്ട്. മാത്രമല്ല, അവയില്‍ മാനുഷീക സംസ്‌കാരങ്ങളും അടങ്ങിയിരിക്കുന്നു.

നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിധീകരിച്ച ഒരു മലയാള പുസ്‌തകം ഇന്ന് നാം വായിച്ചാല്‍ അതിലെ പല കാര്യങ്ങളും നമ്മള്‍ക്ക് മനസ്സിലാകില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അന്യ സംസ്‌കാരമുള്ള, മറ്റ് ഭാഷകള്‍ സംസാരിച്ച ജനതയോടുള്ള ബൈബിളിലെ ദൈവീക സന്ദേശങ്ങള്‍ എത്രയോ കരുതലോടെയാണ് നാം വായിക്കേണ്ടത്. ആ വചനങ്ങള്‍ നമ്മുടെ ഭാഷയില്‍ ഇന്ന് ലഭ്യമാണ് എന്നതുകൊണ്ട് ദിനപത്രം വായിക്കുന്ന ലാഘവത്തോടെ അവ വായിക്കുന്നത് എത്രയോ അപകടമാണ്. മൂല ഭാഷകളില്‍ അവ വായിക്കുവാന്‍ സാധിച്ചില്ലെങ്കിലും, അത് എഴുതിയ വ്യക്തികളും നാമും തമ്മിലുള്ള സ്ഥല-കാല-സാംസ്‌കാരീക അന്തരം നാം അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം.

ധ്യാനപൂര്‍വം വചനം വായിച്ചാല്‍ എല്ലാം മനസ്സിലാകും എന്ന ചിന്തയാണ് പലര്‍ക്കും. ഈ ചിന്തയില്‍നിന്ന് ഒരു മോചനം ആവശ്യമായിരിക്കുകയാണ്. ഒന്നും മനസ്സിലായില്ലെങ്കിലും ധ്യാനപൂര്‍വം നാം വായിക്കും. ധ്യാനപൂര്‍വം വചനം വായിക്കുന്നതിന്ന് അതിന്റേതായ ഗുണങ്ങള്‍ കാണുമായിരിക്കും. പക്ഷേ, അതു അതില്‍തന്നെ അപര്യാപ്‌തമാണ്. ശരിയായുള്ള പഠനത്തിന്നു പകരം മറ്റൊന്നില്ല.

ക്രിസ്‌ത്യാനിയുടെ ബൈബിള്‍ ഏത്?

പുതിയ നിയമം എന്ന് നാം വിളിക്കുന്ന ബൈബിളിലെ 27 പുസ്‌തകങ്ങള്‍ മാത്രമാണ് ക്രിസ്‌ത്യാനികള്‍ക്കുള്ള തിരുവെഴുത്തുകള്‍ എന്ന് പഠിപ്പിക്കുന്ന ധാരാളം ഉപദേഷ്ഠാക്കന്മാരുണ്ട്. അതുകൊണ്ടാണ് ക്രിസ്‌ത്യാനിയുടെ ബൈബിള്‍ ഏത് എന്ന ചോദ്യം ഉയരുന്നത്.

പഴയ നിയമ പുസ്‌തകങ്ങള്‍ 39ഉം യഹൂദര്‍ക്കുവേണ്ടിയുള്ളതാണെന്നും അതിലെ കഥകളും പാഠങ്ങളും പറഞ്ഞു സമയം കളയരുതെന്നും ഈ കൂട്ടര്‍ ഉപദേശിക്കുന്നു. ഇവരുടെ ഇടയിലും ചിലര്‍ വ്യത്യസ്തരാകുവാന്‍ ആഗ്രഹിക്കുന്നു. പുതിയ നിയമത്തിലെ എല്ലാ പുസ്‌തകങ്ങള്‍ക്കും അവര്‍ തുല്യ പദവി നല്‍കുന്നില്ല. സുവിശേഷങ്ങളെക്കാളും ലേഖനങ്ങള്‍ക്ക് അവര്‍ ഉന്നല്‍ നല്‍കുന്നു. സുവിശേഷങ്ങള്‍ കുട്ടികള്‍ക്കുള്ള കഥകളാണെന്നും ലേഖനങ്ങള്‍ മുതിര്‍ന്നവര്‍ക്കുള്ള കട്ടിയായ ആഹാരമാണെന്നും അവര്‍ വാദിക്കും. ഇവര്‍ സഭാരാധനകളില്‍ ഒരു സങ്കീര്‍ത്തനം വായിക്കുവാന്‍ കൂട്ടാകുകയില്ല. അതിനു പകരം ലേഖനങ്ങളില്‍ നിന്നൊരധ്യായം വാക്യ പ്രതിവാക്യമായി വായിക്കും!

ചരിത്രം പഠിക്കാത്തവര്‍ അതിലെ തെറ്‌റുകള്‍ ആവര്‍ത്തിക്കും! രണ്ടാം നൂറ്റാണ്ടിലെ മാര്‍സിയോണ്‍ (Marcion) ഏബ്രായ തിരുവെഴുത്തുകളെ തള്ളിപറഞ്ഞു. “പഴയ നിയമത്തിലെ” ദൈവം ശരിയായ ദൈവം അല്ലെന്നും താന്‍ പഠിപ്പിച്ചു. മാത്രമല്ല, പുതിയ നിയമത്തിലെ എല്ലാ പഴയ-നിയമ ഉദ്ധരണികളും താന്‍ നീക്കം ചെയ്‌തു. അന്നത്തെ ആഗോള സഭ മാര്‍സിയോണെ പുറത്താക്കി. മാര്‍സിയോണിന്റെ ആധുനിക അനുയായികള്‍ സഭകളില്‍ സ്വൈരവിഹാരം നടത്തുന്നു.

ഈ വിഷയത്തോടുള്ള ബന്ധത്തില്‍ നാം ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

1. ക്രിസ്‌തീയ സഭ 66 പുസ്‌തകങ്ങള്‍ അടങ്ങുന്ന വിശുദ്ധ ബൈബിള്‍ തിരുവെഴുത്തുകളായി അംഗീകരിച്ചിട്ട് നൂറ്റാണ്ടുകളായി. അറുപത്തിയാറ് പുസ്‌തകങ്ങള്‍ക്കും തുല്യ സ്ഥാനമാണ് ആഗോള സഭ നല്‍കുന്നത്.

2. ബൈബിളിനെ ഒരുമിച്ച് തിരുവെഴുത്തുകളായ് കാണുന്നതിന്നു പകരം അതിനെ രണ്ട് നിയമങ്ങളായ് - പഴയതും പുതിയതുമായി - നാം തിരിച്ചിരിക്കുന്നു. ഈ വിഭജനം ദൈവത്തില്‍ നിന്നുള്ളതല്ല! ആദ്യ 39 പുസ്‌തകങ്ങള്‍ക്ക് പഴയനിയമം എന്നും, അവസാന 27 പുസ്‌തകങ്ങള്‍ക്ക് പുതിയനിയമം എന്നുള്ള ശീര്‍ഷകങ്ങള്‍ ദൈവത്തില്‍നിന്നല്ല വന്നത്.

ആദ്യ 39 പുസ്‌തകങ്ങളെ ഏബ്രായ തിരുവെഴുത്തുകള്‍ എന്ന് വിളിക്കുന്നതാണ് ഉചിതം. യേശു അവയെ “മോശെയും പ്രവാചകന്മാരും” എന്നു വിളിച്ചു (ലൂക്കൊ. 16:29). ഏബ്രായ തിരുവെഴുത്തുകള്‍ തന്നെ കുറിച്ച് സാക്ഷിക്കുന്നു എന്ന് യേശു പഠിപ്പിച്ചു. യഹൂദര്‍ സാധാരണയായി പറയാറുള്ളതു പോലെ യേശു അവയെ “മോശെയും പ്രവാചകന്മാരും സങ്കീര്‍ത്തനങ്ങളും” എന്നാണ് വിളിച്ചിരിക്കുന്നത് (ലൂക്കൊ. 24:27). “നിങ്ങള്‍ തിരുവെഴുത്തുകളേയും ദൈവശക്തിയേയും അറിയായ്‌ക കൊണ്ട് തെറ്റിപോകുന്നു” എന്ന് യേശു പറഞ്ഞപ്പോള്‍ ഏബ്രായ തിരുവെഴുത്തുകളെകുറിച്ചാണ് പരാമര്‍ശം. പരസ്യമായി ഈ തിരുവെഴുത്തുകള്‍ സഭയില്‍ വായിക്കപ്പെടേണം എന്ന് പൗലൊസ് തിമൊഥെയൊസിനോട് ആജ്ഞാപിച്ചു (1 തിമൊ. 4:13). എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ് എന്ന് പറഞ്ഞപ്പോള്‍ പൗലൊസ് പ്രാധമീകമായ് ഉദ്ദേശിച്ചത് ഏബ്രായ തിരുവെഴുത്തുകളെകുറിച്ചാണ്. കാരണം, ചെറുപ്പം മുതല്‍ തിമൊഥെയൊസ് അവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു എന്ന് പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു (2 തിമൊ. 3:15-16). ഈ തിരുവെഴുത്തുകളുടെ കൂട്ടത്തില്‍ തന്റെ ലേഖനങ്ങളും ഉള്‍പ്പെടുത്തണം എന്ന് പൗലൊസ് ആവ്യശ്യപ്പെട്ടില്ല. എങ്കിലും അവ ദൈവാത്മാവിനാല്‍ എഴുതപ്പെട്ടവയാണ് എന്ന സഭ തിരിച്ചറിഞ്ഞു. “മറ്റ് തിരുവെഴുത്തുകളെ” ദുര്‍വ്യാഖ്യനം ചെയ്യുന്നതു പോലെ ചിലര്‍ പൗലൊസിന്റെ ലേഖനങ്ങളെയും ദുര്‍വ്യാഖ്യനം ചെയ്യുന്നു എന്നാണ് പത്രോസ് എഴുതിയത്. അങ്ങനെ പൗലൊസിന്റെ ലേഖനങ്ങളെയും തിരുവെഴുത്തുകളുടെ കൂട്ടത്തില്‍ പത്രോസ് ഉള്‍പ്പെടുത്തി (2പത്രോസ് 3:16).

യേശുവിന്റെ ജനനത്തിനു മുമ്പ് എഴുതപ്പെട്ട തിരുവെഴുത്തുകളും, അതിനു ശേഷം വന്നവയും തമ്മില്‍ ഒരു വേര്‍തിരുവ് പത്രോസ് വരുത്തിയില്ല എന്നത് ശ്രദ്ധേയമാണ്. അവയെല്ലാം ഒരു ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.

3. പുതിയനിയമം എന്നാല്‍ ഒരു കൂട്ടം പുസ്‌തകങ്ങളുടെ പേരല്ല. യേശുക്രിസ്‌തുവിന്റെ മദ്ധ്യസ്ഥതയില്‍, ദൈവവും മനുഷ്യനും തമ്മിലുള്ള നിയമം ആണ് പുതിയ നിയമം. ആ നിയമം നിലവില്‍ വന്ന കാലയളവില്‍ എഴുതപ്പെട്ട 27 പുസ്‌തകങ്ങളെ “പുതിയ നിയമം” എന്ന് വിളിക്കേണ്ട ആവശ്യം ഇല്ല. അതുപോലെ, യേശുക്രിസ്‌തുവിന്റെ ജനനത്തിനു മുമ്പ് ദൈവം മനുഷ്യരുമായി പല കരാറുകള്‍ ചെയ്‌തിട്ടുണ്ട്. ആ പഴയ നിയമങ്ങുളുടെ കാലയളവില്‍ എഴുതപ്പെട്ടതുകൊണ്ട് ഏബ്രായ തിരുവെഴുത്തുകളെ “പഴയ നിയമം” എന്ന് വിളിക്കുന്നത് അന്യായമാണ്.

4. ഏബ്രായ തിരുവെഴുത്തുകളെ യഹൂദര്‍ മനസ്സിലാക്കുന്നത് പോലെയല്ല, മറിച്ച് ക്രിസ്‌തുവിലൂടെയാണ് നാം നോക്കി കാണുന്നത്. മോശെയെയും (ന്യായപ്രമാണത്തേയും) പ്രവാചകന്മാരേയും നീക്കുവാനല്ല യേശു വന്നത്. അവയ്‌ക്ക് ശരിയായ അര്‍ത്ഥം കല്‍പ്പിക്കുവാനും, അവയെ ലക്ഷ്യ സ്ഥാനത്തെത്തിക്കുവാനുമാണ് താന്‍ വന്നത് എന്ന് യേശു പറഞ്ഞു (മത്താ. 5:17-48). ദൈവം അന്നുവരെ ചെയ്‌ത കാര്യങ്ങളുടെ തുടര്‍ച്ചയായിട്ടാണ് യേശുവിലൂടെയും പ്രവര്‍ത്തിച്ചത്. അന്നുവരെ ദൈവം ചെയ്‌തത് നാം മനസ്സിലാക്കിയില്ലെങ്കില്‍ യേശുവിലൂടെ ദൈവം ചെയ്‌തതും ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതും നാം മനസ്സിലാക്കുകയില്ല. അതുകൊണ്ട് തിരുവെഴുത്തുകളെ മുഴുവനും ശ്രദ്ധയോടെ നാം പഠിക്കേണം.

നല്ല പരിഭാഷയുടെ ആവശ്യകത

ദീര്‍ഘ കാലമായി മലയാളികള്‍ ഉപയോഗിച്ചുവരുന്ന വേദപുസ്‌തകം ബൈബിള്‍ സൊസൈറ്റി പ്രസിധീകരിക്കുന്ന വിവര്‍ത്തനമാണ്. അതിലെ വാക്യങ്ങള്‍ വള്ളി-പുള്ളി വ്യത്യാസം വരാതെ നാം കാണാതെ പഠിക്കുന്നു. അല്‍പ വ്യത്യാസങ്ങള്‍ വരുത്തി ആരെങ്കിലും വാക്യങ്ങള്‍ ഉദ്ധരിച്ചാല്‍ നാം അവരെ തിരുത്തും. കാരണം, ദൈവവചനത്തോട് കൂട്ടുവാനും കുറയ്‌ക്കുവാനും നമ്മുക്ക് അവകാശം ഇല്ല എന്ന് നാം വിശ്വസിക്കുന്നു. എന്നാല്‍ നാം ഉപയോഗിച്ചുവരുന്ന ഈ വിവര്‍ത്തനത്തിലുള്ള സാരമായ പിശകുകളെകുറിച്ച് അറിയുവാനോ, മാറ്റങ്ങള്‍ വരുത്തുവാനോ നമ്മില്‍ പലരും ശ്രദ്ധാലുക്കളല്ല.

ദൈവവചനത്തില്‍ തെറ്റുകള്‍ ഇല്ല എന്ന് നമ്മുടെ വിശ്വാസപ്രമാണങ്ങള്‍ പറയുന്നു. അത് നമ്മുടെ മലയാളം ബൈബിളിനെ കുറിച്ചല്ല, മറിച്ച് മൂലഭാഷകളില്‍ ഗ്രന്ഥകര്‍ത്താക്കള്‍ സ്വന്തം കൈപ്പടയില്‍ രചിച്ച പ്രതികളെ കുറിച്ചാണ് പറ‌ഞ്ഞിരിക്കുന്നത് എന്ന് നാം മനസ്സിലാക്കണം. അങ്ങനത്തെ പ്രതികള്‍ ഒന്നുപോലും എങ്ങും ശേഷിപ്പില്ലാത്തതുകൊണ്ട് ഉള്ളതില്‍ ഏറ്റവും പുരാതന രേഖകളെ ആധാരപ്പെടുത്തിയുള്ള വിവര്‍ത്തനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. അവയെ ആധാരമാക്കിയ ഏറ്റവും നല്ല വിവര്‍ത്തനങ്ങള്‍ നാം വായിക്കേണം. പുതിയ നിയമത്തിലും പഴയതിലും ഗവേഷണ ബിരുദമുള്ള മലയാളികള്‍ ഉണ്ടെങ്കിലും ആധുനീക പഠനങ്ങളെ ആധാരമാക്കിയ ഒരു മലയാള ബൈബിള്‍ വിവര്‍ത്തനം ഇപ്പോഴും ഇല്ലാത്തത് ഖേദകരമാണ്. അങ്ങനെയൊന്ന് വരുന്നതുവരെ മറ്റ് ഭാഷകളിലെ നല്ല വിവര്‍ത്തനങ്ങളുടെ സഹായം തേടേണ്ടിവരും. ദൈവവചനത്തോട് കൂട്ടുവാനും കുറയ്‌ക്കുവാനും ആര്‍ക്കും അവകാശം ഇല്ലെന്ന് വാസ്‌തവമായി നാം വിശ്വസിക്കുന്നു എങ്കില്‍ വചനം ശരിയായി വായിക്കുവാനും ഗ്രഹിക്കുവാനും ഏതുവിലയും നാം കൊടുക്കും.

ഇങ്ങനെ കിഴിഞ്ഞു ചിന്തിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരും കാണും. ചില ഉദാഹരണങ്ങള്‍ കാണിച്ച് അതിനു മറുപടി പറയാം. എഫെസ്യര്‍ 4:13ല്‍ കൃപാവരങ്ങളുടെ ഉദ്ദേശത്തെകുറച്ച് പൗലൊസ് പറയുന്നു - “... വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ...” ഇതില്‍ നിന്ന് നാം എന്തു മനസ്സിലാക്കുന്നു? (വാസ്തവത്തില്‍ ഈ വാക്യശകലം പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല!) കൃപാവരമുള്ളവര്‍ ശുശ്രൂഷിക്കുമ്പോള്‍ വിശുദ്ധന്മാര്‍ യഥാസ്ഥാനപ്പെടും. അങ്ങനെ യഥാസ്ഥാനത്തിന്റെ വേല ചെയ്യുവാന്‍ ചിലരെ സജ്ജമാക്കുവാന്‍ ദൈവം അവര്‍ക്കു കൃപാവരങ്ങള്‍ നല്‍കുന്നു. ഈ വാക്യത്തെ ഈ രീതിയില്‍ മനസ്സിലാക്കുന്നതുകൊണ്ടാണ് ഒട്ടുമിക്ക സഭകളിലും കുറച്ചു പേര്‍ ശ്രശ്രൂഷിക്കുന്നതും ഭൂരിപക്ഷം നിഷ്‌ക്രിയരായി ശ്രശ്രൂഷ ഏറ്റുവാങ്ങുന്നതും. ദൈവം തന്റെ സഭയെകുറിച്ചുദ്ദേശിച്ചതിന്റെ നേര്‍വിപരീതമാണിത്.

ഈ വാക്യം യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് വിവര്‍ത്തനം ചെയ്യേണ്ടത് - “വിശുദ്ധന്മാരെ ശുശ്രൂഷയുടെ വിവിധ പ്രവൃത്തനങ്ങള്‍ക്കായി സജ്ജരാക്കേണ്ടതിന്നും ...” ദൈവം ഇതിനുവേണ്ടിയാണ് കൃപാവരങ്ങള്‍ നല്‍കിയത്. കുറച്ചു പേര്‍ ശുശ്രൂഷ കൈയ്യടക്കുവാനല്ല മറിച്ച് വരങ്ങള്‍ ലഭിച്ചവര്‍ സഭയിലുള്ള എല്ലാ വിശുദ്ധരേയും - അവര്‍ക്ക് ദൈവം കൊടുത്ത പ്രത്യേക ശുശ്രൂഷകള്‍ ചെയ്യുവാന്‍ - പരിശീലിപ്പിക്കേണം. സഭയിലുള്ള എല്ലാവരേയും ശുശ്രൂഷ ചെയ്യുവാന്‍ അനുവദിക്കുമ്പോള്‍ നേതൃത്വനിരയിലുള്ളവര്‍ പരിശീലകരെപ്പോലെ കളിക്കളത്തിന്നു വെളിയില്‍ നിന്നു നിരീക്ഷിക്കേണ്ടിവരും. എത്ര പാസ്റ്റര്‍മാരും, പ്രവാചകന്മാരും, അപ്പൊസ്‌തലന്മാരും അതിനു തൈയ്യാറാകും?  ഈ വാക്യം ശരിയായി വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നെങ്കില്‍, ശരിയായി അത് പഠിപ്പിക്കപ്പെട്ടിരുന്നെങ്കില്‍, സഭയുടെ രൂപം എത്ര വ്യത്യസ്‌തമായിരുന്നേനേം!

ഇതുപോലെ അനേക ഉദാഹരണങ്ങള്‍ കാണുവാന്‍ കഴിയും. ഗലാത്ത്യര്‍ 6:6ല്‍ വചനം പഠിക്കുന്നവന്‍ പഠിപ്പിക്കുന്നവന്നു എല്ലാ നന്മയിലും ഓഹരി കൊടുക്കേണം എന്നു കാണാം. സ്വത്ത് വീതം വയ്‌ക്കുന്ന കാര്യമായിരിക്കും പലരുടേയും മനസ്സില്‍ വരിക! വചനം പഠിക്കുന്ന എല്ലാവരുടേയും വീടുകളില്‍നിന്നും വേദാധ്യാപകന്നു കിട്ടേണ്ട ഓഹരി എത്രമാത്രം ആയിരിക്കും? അങ്ങനെ ദിവാസ്വപ്നങ്ങള്‍ക്കു വഴങ്ങുന്നതിനു പകരം ആ വാക്യത്തിന്റെ യഥാര്‍ത്ഥ രൂപം ഒന്ന് കാണാം. വചനം പഠിക്കുന്നവര്‍ തങ്ങള്‍ക്കുള്ള എല്ലാ അനുഗ്രഹങ്ങളും (സൗകര്യങ്ങളും) വേദാധ്യാപകനുമായി പങ്കുവയ്‍ക്കേണം എന്നാണ് വാക്യം. ഷെയര്‍ കൊടുക്കണം എന്നല്ല ഷെയര്‍ ചെയ്യണം എന്നാണര്‍ത്ഥം. വേദാധ്യാപകന്റെ പേരില്‍ വാഹനം എഴുതി കൊടുത്തില്ലെങ്കിലും, വല്ലപ്പോഴും ഒന്ന് ഓടിക്കുവാന്‍ കൊടുക്കേണം അഥവാ സ്വയം ഓടിച്ച് വേദാധ്യാപകനെ പലേടത്തും കൊണ്ടുപോകേണം. അതുപോലെ എല്ലാ കാര്യങ്ങളിലും ആവശ്യാനുസരണം സഹായിക്കേണം. അങ്ങനെയാണെങ്കില്‍ വേദാധ്യാപകന്‍ (അഥവാ പാവപ്പെട്ട ഒരു വിശ്വാസി) എല്ലാ സാധനങ്ങളും പണം കൊടുത്തു വാങ്ങേണ്ട ആവശ്യമില്ല.

“മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരേ കര്‍ത്താവില്‍ അനുസരിക്കുവീന്‍ ... എന്ന് എഴുതിയിരിക്കുന്നതുകൊണ്ട് വിവാഹം കഴിഞ്ഞാലും മാതാപിതാക്കളെ അനുസരിച്ചുവേണം മക്കള്‍ കഴിയുവാന്‍.” ഒരു വിവാഹ ശുശ്രൂഷയില്‍ കേട്ടതാണിത്. അപ്പനേയും അമ്മയേയും വിട്ടിട്ട് ഒരുവന്‍ തന്റെ ഭാര്യയോട് പറ്റിച്ചേരും എന്ന വാക്യവും എഫേസ്യര്‍ 6:1ഉം തമ്മില്‍ വൈരുദ്ധ്യം ഉണ്ടോ? മാതാപിതാക്കളുടെ അധികാരപരിധി വിട്ടിട്ടാണ് ഒരു പുരുഷന്‍ തന്റെ കുടുമ്പം കെട്ടിപടുക്കുവാന്‍ ഒരുമ്പടേണ്ടത്. ലോകത്തില്‍ മിക്കയിടത്തും അങ്ങനെയാണെങ്കില്‍ മലയാളിക്കത് മനസ്സിലാകാത്തതെന്താണ്? മലയാളത്തിലുള്ള എഫേസ്യര്‍ 6:1ല്‍ തന്നെ അതിന്നുത്തരം ഉണ്ട്. “മക്കളേ!” എന്ന വിളി പ്രായവ്യത്യാസം കൂടാതെ ആരും കേള്‍ക്കും. ഗ്രീക്കില്‍ കുഞ്ഞങ്ങളേ! എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടകളോടാണ് ഈ കല്‍പന. ഇംഗ്ളീഷിലും ഇതേ രീതിയിലാണ് (children) കൊടുത്തിരിക്കുന്നത്. അപ്പോള്‍ പ്രായപൂര്‍ത്തിയായവര്‍ മാതാപിതാക്കളെ തിരിഞ്ഞുനോക്കേണ്ട എന്നാണോ പറയുന്നത്? അല്ല. അതിനാണ് എഫേസ്യര്‍ 6:2 ഉള്ളത്. അപ്പനേയും അമ്മയേയും ബഹുമാനിക്കുക എന്ന കല്‍പന ഏതു പ്രായത്തിലുള്ള മക്കളോടും ഉളളതാണ്. ഈ സത്യം മനസ്സിലാക്കാത്തവരാണ് ഉല്‍പത്തി 2:24നെ കുറിച്ച് പറയുവാന്‍ ഭയപ്പെടുന്നത്. വിവാഹിതരായ മക്കളേയും മരുമക്കളേയും ഭരിക്കുവാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നതു കൊണ്ടല്ലേ പലപ്പോഴും ഭാരതീയ കുടുമ്പംഗളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ?

ഇതൊക്കെയാണെങ്കിലും മലയാളിക്ക് സന്തോഷിക്കുവാന്‍ വകയുണ്ട്. 1 തെസ്സലോനിക്യര്‍ 4:17ന്റെ കാര്യത്തില്‍ മലയാളം ബൈബിള്‍ തന്നെ മെച്ചം. എങ്കിലും ഇംഗ്ളീഷ്‌കാരുടെ സ്വാധീനം മൂലം ആ ഗുണം മുതലെടുക്കുവാന്‍ നമ്മള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇംഗ്ളീഷ്‌ ബൈബിളില്‍: “നാം ... കര്‍ത്താവിനെ കണ്ടുമുട്ടുവാന്‍ (to meet) മേഘങ്ങളില്‍ എടുക്കപ്പെടും...” എന്നര്‍ത്ഥം വരുന്ന രീതിയിലാണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് സഭ മേഘങ്ങളില്‍ കര്‍ത്താവിനെ കണ്ടുമുട്ടിയിട്ട് കര്‍ത്താവിനൊപ്പം സ്വര്‍ഗ്ഗത്തിലേക്ക് പോകും എന്ന് സായിപ്പ് പഠിപ്പിച്ചു, നാം അതു വിശ്വസിച്ചു.

മലയാളം ബൈബിളില്‍: “നാം ... കര്‍ത്താവിനെ എതിരേല്‍ക്കുവാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും...” എന്നു കൊടുത്തിരിക്കുന്നു. എതിരേല്‍ക്കുക എന്നാല്‍ എന്ത്?  സ്വീകരിച്ചാനയിക്കുക എന്നര്‍ത്ഥം. മേഘങ്ങളില്‍ എടുക്കപ്പെടുന്ന സഭ ഭൂമിയിലേക്കു വരുന്ന കര്‍ത്താവിനെ സ്വീവകരിച്ച് ഭൂമിയിലേക്കു ആനയിക്കും! എതിരേല്‍ക്കുക എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്‍ വാക്ക് പുതിയ നിയമത്തില്‍ മൂന്ന് പ്രാവശ്യും മാത്രം ഉപയോഗിച്ചിട്ടുള്ളൂ. മത്തായി 25:6ല്‍ മണവാളനെ എതിരേല്‍പ്പാന്‍ ആര്‍പ്പുവിളി ഉണ്ടായതായി വായിക്കുന്നു. മണവാളന്റെ കൂടെ ദൂരെ പോകുന്ന കാര്യമല്ല, മണവാളനെ സ്വീകരിക്കുന്ന കാര്യമാണ് ഇവിടെ പറയുന്നത്. അതുപോലെ അപ്പൊ. പ്രവൃത്തി 28:15ല്‍ പൗലൊസിനെ റോമിലേക്ക് സ്വീകരിച്ചാനയിക്കാന്‍ ചില സഹോദരന്മാര്‍ എത്തിയതായി നാം വായിക്കുന്നു. ഈ മൂന്നിടത്തും അര്‍ത്ഥം ഒന്നു തന്നെ. അപ്പോള്‍ യേശുക്രിസ്‌തുവിന്റെ രണ്ടാം വരവിനെകുറിച്ചുള്ള നമ്മുടെ ധാരണ മാറ്റേണ്ടിവരുമോ? സത്യത്തോട് യോജിക്കുവാന്‍ എത്ര പ്രാവശ്യം വേണമെങ്കിലും ധാരണ മാറ്റുവാന്‍ നാം തൈയ്യാറാകേണം. അതാണ് സത്യസന്ധമായ നടപടി.

മലയാളം ബൈബിളിലുള്ള പിശകുകള്‍ സാരമുള്ളതല്ല എന്ന് ചിലര്‍ ചിന്തിക്കുന്നുണ്ടായിരിക്കും. എന്നാല്‍ കാര്യം ഗൗരവം ഉള്ളതാണെന്നും, നിസ്സാരം എന്നുവച്ച് നാം കാര്യമാക്കാത്ത ഈ പിശകുകള്‍ നമ്മുടെ ഉപദേശത്തേയും ജീവിത്തേയും സാരമായി ബാധിക്കുന്നുണ്ടെന്നും കാണിക്കുവാനാണ് ചില ഉദാഹരണങ്ങള്‍ ഇതുവരെ ഞാന്‍ നല്‌കിയത്. ഇതോട് ചേര്‍ന്ന് ചിലതുകൂടി നോക്കാം.

ദാനിയേല്‍ പ്രവാചകന്‍ രാത്രിയില്‍ കണ്ട ഒരു ദര്‍ശനത്തെകുറിച്ച് 7:13 ല്‍ പറയുന്നത് ശ്രദ്ധിച്ചാലും - മനുഷ്യപുത്രനു സദൃശനായവന്‍ ആകാശത്തിലെ മേഘങ്ങളില്‍ വയോധികന്റെ അടുക്കല്‍ ചെന്നു എന്ന് നാം വായിക്കുന്നു. ആരാണീ വയോധികന്‍? പ്രായംചെന്ന ആരേയോകുറിച്ചാണ് ദാനിയേല്‍ പറയുന്നത് എന്ന് സാധാരണ വായനക്കാരന്‍ ചിന്തിച്ചാല്‍ അതിശയിക്കേണ്ടല്ലോ. വാസ്‌തവത്തില്‍ നിത്യമായ ഭൂതകാലം മുതലുള്ളവനായ പിതാവായ ദൈവത്തെകുറിച്ചാണ് ആ പരാമര്‍ശം. വയോധികന്‍ എന്നതിന്ന് പകരം Ancient of Days എന്ന പ്രയോഗത്തിന്നു അനാദിയായവന്‍ എന്ന പരിഭാഷയാണ് ഉത്തമം. മരണത്തെ ജയിച്ചുയിര്‍ത്തെഴുന്നേറ്റ യേശു പിതാവിന്റെ അടുക്കല്‍നിന്ന് സകലത്തിന്മേലും അധികാരം എറ്റു വാങ്ങുവാന്‍ ചെന്ന കാഴ്‌ചയാണ് ദാനിയേല്‍ കണ്ടത്. ഇങ്ങനെ നാം ഈ വാക്യത്തെ മനസ്സിലാക്കിയില്ലെങ്കില്‍, മനുഷ്യപുത്രന്റെ ഈ യാത്ര സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്കുള്ളതാണ് എന്ന് നാം തെറ്റിധരിക്കുവാന്‍ സാധ്യതയുണ്ട്. ക്രിസ്‌തുവിന്റെ രണ്ടാം വരവിലാണ് തനിക്ക് കര്‍ത്തൃത്വം ലഭിക്കുക എന്ന് നാം ചിന്തിച്ചാല്‍ യേശു ഇതുവരെ ക്രിസ്‌തു അഥവാ കര്‍ത്താവ് ആയിട്ടില്ല എന്ന് പറയേണ്ടി വരും. അങ്ങനെ പറഞ്ഞാല്‍ ഒരുവന് ക്രിസ്‌ത്യാനി ആയിരിപ്പാന്‍ സാധിക്കുകയില്ല. ക്രിസ്‌തീയ മാര്‍ഗ്ഗത്തിന്റെ അടിസ്ഥാന വിശ്വാസപ്രമാണം - യേശു കര്‍ത്താവാണ് - എന്ന ഏറ്‌റുപറച്ചിലാണ് (റോമര്‍ 10:9).

ഇത്രയും ഗൗരവമുളളതല്ല എന്ന് തോന്നിപ്പിക്കുന്ന മറ്റൊരു സംഗതി 2തിമ. 4:3 ല്‍ കാണുന്നു. സത്യമായ ഉപദേശം കേള്‍ക്കുമ്പോള്‍ സഹികെടുന്ന ചിലരെകുറിച്ചാണ് ഇവിടെ കാണുന്നത്. അവര്‍ കര്‍ണ്ണരസമാകുമാറ് സ്വന്ത മോഹങ്ങള്‍ക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ തങ്ങള്‍ക്കു ചുറ്റും ശേഖരിക്കുന്നു എന്ന് പൗലൊസ് എഴുതിയിരിക്കുന്നു. കര്‍ണ്ണരസം എന്ന വാക്കിനെ ചുറ്റിപറ്റി ഒരുപാട് കാര്യങ്ങള്‍ നാം കേള്‍ക്കാറുണ്ട്. പ്രസംഗത്തിനിടയില്‍ ഫലിതങ്ങള്‍ പറയരുത്, കേള്‍ക്കുവാന്‍ സുഖമുള്ള രീതിയില്‍ പ്രസംഗിച്ചുകൂടാ, എന്നൊക്കെ എത്രയോ വിലക്കുകള്‍ ഇതിനകം നാം കേട്ടുകഴിഞ്ഞു! ദുരുപദേശങ്ങള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു കര്‍ണ്ണരസമുള്ളത് എന്താണ്? ഫലിതമോ തമാശയോ അല്ല, കൂടുതല്‍ ദുരുപദേശമാണ് അവര്‍ക്ക് വേണ്ടത്. അതുകൊണ്ട് ഈ വാക്യം ഉപയോഗിച്ച് ഏതായാലും പ്രസംഗത്തിലെ ഫലിതങ്ങളെ എതിര്‍ക്കുന്നത് അബദ്ധമാണ്.

ക്രിസ്‌തീയ ശുശ്രൂഷക വൃന്ദത്തെ വളരെ ദോഷമായി ബാധിച്ച ഒരു പിശകുകൂടി നമ്മുക്ക് നോക്കാം. 1 തിമൊ. 3:1 ല്‍ അദ്ധ്യക്ഷ സ്ഥാനം ആഗ്രഹിക്കുന്ന ഏവരേയും പൗലൊസ് ശ്ലാഹിക്കുന്നതായി നാം കാണുന്നു. ആരാണ് അദ്ധ്യക്ഷന്‍? മലയാളത്തിലെ സ്വാഭാവിക അര്‍ത്ഥം എടുത്താല്‍ ഒരു യോഗം കൂടുന്ന ഇടത്താണ് അദ്ധ്യക്ഷന്റെ ആവശ്യം. അദ്ധ്യക്ഷന്‍ യോഗത്തില്‍ മുന്‍വശത്ത് പ്രധാന സ്ഥലത്തിരിക്കും. കാര്യ പരിപാടി അനുസരിച്ച് യോഗം നടത്തുക, പ്രധാന സംദേശം നല്‍കുക, അന്തിമ തീരുമാനങ്ങള്‍ എടുക്കുക, തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്തുക, എന്നിങ്ങനെ നിരവധി ചുമതലകളാണ് അദ്ധ്യക്ഷനുള്ളത്. അദ്ധ്യക്ഷന്‍ എന്നുവച്ചാല്‍ പാസ്‌റ്റര്‍ ആണെന്നും, അതുകൊണ്ട് പാസ്‌റ്റര്‍ അദ്ധ്യക്ഷന്റെ ചുമതലകള്‍ നിര്‍വഹിക്കേണം എന്നും നാം കരുതി. ഇന്നു ഏത് സഭയിലും, ഏത് യോഗത്തിലും, പാസ്‌റ്റര്‍മാരുടെ പ്രധാന ചുമതല യോഗം നടത്തലാണ്. പാസ്‌റ്റര്‍ എന്നുവച്ചാല്‍ യോഗം നടത്തുന്നയാള്‍ എന്നു ജനം ചിന്തിക്കുന്നത് വെറുതെയല്ല! എന്നാല്‍ വാസ്‌തവത്തില്‍ പൗലൊസ് എന്താണ് പറഞ്ഞത് ?

“എപ്പിസ്‌ക്കോപ്പ” എന്ന ഗ്രീക്‍ വാക്കാണ് “അദ്ധ്യക്ഷന്‍” എന്ന് മലയാളത്തിലേക്ക് തര്‍ജുമ ചെയ്‌തിരിക്കുന്നത്. (ഞങ്ങള്‍ എപ്പിസ്‌ക്കോപ്പല്‍ സഭക്കാരല്ല എന്ന് അഭിമാനിക്കുന്ന പെന്തക്കൊസ്‌തുകാരും വേര്‍പാടുകാരും ഇത് മനസ്സിലാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.) “എപ്പിസ്‌ക്കോപ്പ” എന്നാല്‍ മേല്‍നോട്ടം വഹിക്കുന്നവന്‍ എന്നര്‍ത്ഥം; അല്ലാതെ യോഗം നടത്തുവന്‍ എന്നോ അദ്ധ്യക്ഷന്‍ എന്നോ അല്ല. എപ്പിസ്‌ക്കോപ്പയുടെ മേല്‍നോട്ടത്തില്‍ ആര്‍ക്കു വേണമെങ്കിലും യോഗങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൂടേ? എല്ലാ ശുശ്രൂഷകളും കൈയ്യടക്കി വാഴേണ്ടവനല്ല എപ്പിസ്‌ക്കോപ്പ; മറിച്ച്, സഭാജനങ്ങളെ കൊണ്ട് ശുശ്രൂഷകള്‍ ചെയ്യിക്കുകയും, എല്ലാ വിശ്വാസികളും നന്നായി ജീവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും ആണ് എപ്പിസ്‌ക്കോപ്പയുടെ ജോലി. അതിനു പകരം ഇന്ന് പാസ്‌റ്റര്‍മാര്‍ യോഗം നടത്തിപ്പുകാരായി ചുരുങ്ങിയിരിക്കുകയാണ്.

എപ്പിസ്‌ക്കോപ്പമാര്‍ എല്ലാ സ്ഥലം-സഭകളിലും ഉണ്ടായിരിക്കേണം എന്നാണ് പൗലൊസ് ആഗ്രഹിച്ചത്. എപ്പിസ്‌ക്കോപ്പമാരെ മൂപ്പന്മാര്‍ എന്നും അറിയപ്പെട്ടിരുന്നു (തിത്തൊസ് 1: 5, 6, 7 വാക്യങ്ങള്‍ കാണുക). അതുകൊണ്ട്, ഓരോ സ്ഥലം സഭയിലും എപ്പിസ്‌ക്കോപ്പമാര്‍ അത്ഥവാ മൂപ്പന്മാര്‍ ഉണ്ടായിരിക്കേണം. അതിനു പകരം ഇന്ന് അനേക സഭകളുടെ മേല്‍നോട്ടം വഹിക്കുവാനായി ചിലരെ ബിഷപ്പുമാരായി, ഓവര്‍സീയറായി, സൂപ്രണ്ടായി (superintendent) നിയമിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് ? 1 തിമ. 3:8 ല്‍ ഒരു കൂട്ടരെ “ശുശ്രൂഷകന്മാര്‍” എന്ന് വിളിച്ചിരിക്കുന്നതായി നാം കാണുന്നു. ഇവരെ സ്ഥലം-സഭകളിലെ പാസ്‌റ്റര്‍മാരായി നാം തെറ്റിധരിക്കുന്നതു കൊണ്ടാണ് അവര്‍ക്കു മീതെയുള്ള എപ്പിസ്‌ക്കോപ്പമാരെ അനേക സഭകളുടെ മേല്‍നോട്ടമുള്ളവരായി നാം വാഴിക്കുന്നത്. 1 തിമ. 3:8 ലെ “ശുശ്രൂഷകന്മാര്‍” പാസ്റ്റര്‍മാരല്ല. എപ്പിസ്‌ക്കോപ്പമാര്‍ അത്ഥവാ മൂപ്പന്മാരാണ് യഥാര്‍ത്ഥത്തില്‍ പാസ്റ്റര്‍മാര്‍. (ഒരു സഭയില്‍ ഒന്നിലധികം മൂപ്പന്മാര്‍ വേണ്ടിവന്നേക്കാം. പ്രവൃത്തി. 20:17, യാക്കോബ് 5:14 കാണുക). അവരോടൊപ്പം ശുശ്രൂഷയില്‍ സഹായിക്കുന്ന ചില സഹോദരീ-സഹോദരന്മാരേയാണ് deacons അഥവാ വേലക്കാര്‍ അഥവാ ശുശ്രൂഷക്കാര്‍ എന്ന് പൗലൊസ് വിളിച്ചത്. അങ്ങനെ ശുശ്രൂഷകളില്‍ ഭാഗഭാക്കുകള്‍ ആകുന്ന സഭാജനങ്ങള്‍ക്കും ചില യോഗ്യതകള്‍ ഉണ്ടായിരിക്കേണം. ആ യോഗ്യതകളെ കുറിച്ചാണ് 1 തിമ. 3:8 മുതലുള്ള വാക്യങ്ങളില്‍ കാണുന്നത്. ഈ കാര്യങ്ങള്‍ മനസ്സിലാക്കാതെ സഭാജനങ്ങളെ വെറും നിഷ്‌ക്രിയന്മാരാക്കുകയല്ലേ നാം?

ഒരു ഭാഷയില്‍ തന്നെ വിവിധ ബൈബിള്‍ വിവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ അവയെല്ലാം നാം താരതമ്യം ചെയ്യുന്നത് നല്ലൊരു ശീലമാണ്. ഒരു വിവര്‍ത്തനം മാത്രം ഉപയോഗിക്കുന്ന വേദവിദ്യാര്‍ത്ഥികള്‍ ആ വിവര്‍ത്തനത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ക്കു അടിമകളാകുവാന്‍ സാധ്യതയുണ്ട്. വാക്കുകളില്‍ അര്‍ത്ഥം അടങ്ങിയിരിക്കുന്നു. അര്‍ത്ഥത്തിന്നു നാം വാക്കിനേക്കാള്‍ പ്രാധാന്യം കല്‍പ്പിക്കണം. വാക്കുകളിലെ അര്‍ത്ഥത്തേക്കാള്‍ വാക്കുകള്‍ക്കു നാം വില കല്‍പ്പിച്ചാല്‍, സമാനാര്‍ത്ഥമുള്ള മറ്റു വാക്കുകള്‍ നാം നിരസിക്കും. അത് അപകടകരമാണ്.

ഉദാഹരണത്തിന്ന്, ഒരു വാക്കിനെ ആസ്പദമാക്കിയുള്ള പ്രസംഗങ്ങള്‍ സാധാരണയായി നാം കേരളത്തില്‍ കേള്‍ക്കാറുണ്ട്. ഇങ്ങനെ പ്രസംഗിക്കുന്നവര്‍ ആ പ്രത്യേക വാക്കുള്ള മറ്റ് “ഒത്തുവാക്യങ്ങള്‍” കണ്ടുപിടിച്ച്, ആ വാക്യങ്ങളെ കോര്‍ത്തിണക്കി ഒരു പ്രസംഗം തട്ടിക്കൂട്ടും.

ഇവിടെയുള്ള പ്രശ്‌നം എന്താണ്? മലയാളത്തിലെ ഒരു വിവര്‍ത്തനത്തില്‍ ഒരേ വാക്കു പല വാക്യങ്ങളില്‍ കണ്ടെന്നു വന്നേക്കാം. മലയാളത്തിലെ വേറൊരു വിവര്‍ത്തനത്തില്‍ ആ വാക്കിനു പകരം വേറൊരു വാക്കായിരിക്കും ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല, നമ്മുടെ പ്രാസംഗികന്‍ എടുത്ത ഒത്തുവാക്യങ്ങളില്‍ എങ്ങും ഈ വാക്ക് കാണുകയുമില്ല! വിവര്‍ത്തനം ഒന്നു മാറ്റുമ്പോള്‍ തന്നെ പ്രസംഗത്തിന്ന് നിലനില്‍പ്പില്ലാതെ പോകും. അപ്പോള്‍ വേറൊരു ഭാഷയിലേക്ക് ആ പ്രസംഗം പരിഭാഷ ചെയ്യേണ്ടി വന്നാലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ! ഒരു വിവര്‍ത്തനത്തില്‍ നിന്ന് മറ്റോന്നിലേക്ക് മാറുമ്പോള്‍ തകര്‍ന്നു വീഴുന്ന പ്രസംഗം എന്തിനു കൊള്ളാം?

“അതിനിപ്പോള്‍ ഞങ്ങളുടെ സഭയിലുള്ളവര്‍ പല വിവര്‍ത്തനങ്ങള്‍ ഉപയോഗിക്കാറില്ലല്ലോ! അതുകൊണ്ട് ഞങ്ങളുടെ ഒത്തുവാക്യ-പ്രസംഗങ്ങള്‍ ഒരു പ്രശ്‌നങ്ങളും സൃഷ്‌ടിക്കാറില്ല” എന്ന് ചിലര്‍ പറയും. പലരുടേയും പ്രസംഗങ്ങള്‍ വചനസത്യത്തില്‍ അധിഷ്‌ടിതമല്ലാത്തത് കൊണ്ട് അവര്‍ ഉപയോഗിക്കുന്ന ബൈബിള്‍ അല്ലാതെ മറ്റൊരു വിവര്‍ത്തനം അവര്‍ വായിക്കുകയില്ല. മാത്രമല്ല, സഭാജനങ്ങള്‍ വേറൊരു വിവര്‍ത്തനം ഉപയോഗിക്കുവാന്‍ അവര്‍ സമ്മതിക്കുകയുമില്ല.

ഇവിടെയാണ് സത്യത്തോടുള്ള നമ്മുടെ പ്രതിബദ്ധത പരീക്ഷിക്കപ്പെടുന്നത്. സത്യത്തിനു നിറമാറ്റമില്ല. ദൈവ വചനം സത്യമാണ്. വചനസത്യങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അത് കൈകാര്യം ചെയ്യുന്നവര്‍ ഭാഷാ വ്യത്യാസങ്ങള്‍ക്കും വിവര്‍ത്തന വ്യത്യാസങ്ങള്‍ക്കും അതീതമായി ചിന്തിക്കണം. ഏത് ഭാഷയുപയോഗിച്ചാലും, ഏത് വിവര്‍ത്തനം ഉപയോഗിച്ചാലും, നമ്മുടെ വ്യാഖ്യാനത്തിനോ, പ്രസംഗത്തിനോ വ്യതിയാനം വരാന്‍ പാടില്ല. അതുകൊണ്ട് “എന്റെ ബൈബിളില്‍ ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്, മറ്റൊന്നും എനിക്ക് ചിന്തിക്കേണ്ട ആവശ്യമില്ല” എന്ന മനോഭാവം നാം ഉപേക്ഷക്കണം.

ഉദാഹരണത്തിന്ന്, ബൈബിള്‍ സൊസൈറ്റിയുടെ മലയാള വേദപുസ്‌തകത്തില്‍ 1 തെസ്സലോനിക്യര്‍ 4:3 ല്‍ ഇങ്ങനെ കാണുന്നു - “ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ.” സ്വാഭാവികമായി നമ്മുടെ ഉപദേശിമാര്‍ “ശുദ്ധീകരണം” എന്ന വാക്കുള്ള മറ്റ് വാക്യങ്ങള്‍ കണ്ടുപിടിക്കും. ഇവിടെയാണ് അപകടം പതിയിരിക്കുന്നത്.

ഒന്നാമത് - ഈ വാക്യത്തില്‍ “ശുദ്ധീകരണം” എന്ന വാക്കല്ല വരേണ്ടത്. കാരണം, ഇവിടെ പൗലൊസ് അര്‍ത്ഥമാക്കുന്നത് വെറും അഴുക്കു കളയുന്ന അഥവാ വൃത്തിയാക്കുന്ന പ്രക്രിയ അല്ല. ഒരു വിശ്വാസി ക്രമേണ വിശുദ്ധിയിലും ദൈവീക സ്വഭാവത്തിലും വര്‍ധിച്ചുവരുന്ന പ്രക്രിയയേയാണ് “ഹാഗിയാസ്‌മോസ് ” എന്ന ഗ്രീക്‍ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. വിശുദ്ധിയിലുള്ള വളര്‍ച്ച, രൂപാന്തരം എന്നൊക്കെ അതിനെ മനസ്സിലാക്കാം.

ദൈവാനുരൂപമായ ആത്മീക വളര്‍ച്ച എന്ന ഈ അര്‍ത്ഥം കൂടാതെ മറ്റൊരു അര്‍ത്ഥം കുടി ഈ വാക്കിനുണ്ട്. എല്ലാ മാലിന്യങ്ങളില്‍ നിന്നും അകലം പാലിച്ച്, ദൈവത്തിന്റെ ഉപയോഗത്തിന്നു വേണ്ടി തന്നെ താന്‍ വേര്‍തിരിച്ചിരിക്കുന്ന അവസ്ഥയ്‌ക്കും “ഹാഗിയാസ്‌മോസ് ” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ ദൈവീക ഉപയോഗത്തിന്നു വേണ്ടി വേര്‍തിരിക്കപ്പെട്ട വ്യക്തി വിശുദ്ധനനാണ്. പണ്ട് ആലയത്തിലെ ഉപയോഗത്തിന്നു വേണ്ടി വേര്‍തിരിക്കപ്പെട് വസ്‌തുക്കള്‍ വിശുദ്ധമായി കണക്കാക്കപ്പെട്ടിരുന്നു. ഇന്ന് ആ ആലയം ഇല്ല. പരിശുദ്ധാത്മാവ് നമ്മില്‍ വസിക്കുവാന്‍ വന്നതോടെ നാം പരിശുദ്ധാത്മാവിന്റെ മന്ദിരങ്ങളായി. അങ്ങനെ നാം ദൈവത്തിനു വേണ്ടി, വിശുദ്ധിക്കുവേണ്ടി വേര്‍തിരിക്കപ്പെട്ടു. അതിനെ കുറിച്ചാണ് റോമര്‍ 15:15, 2തെസ്സ. 2:13, 1പത്രോസ് 1:2 എന്നീ വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നത്. Sanctification എന്നാണ് ഇംഗ്ളീഷില്‍ കൊടുത്തിരിക്കുന്നത്. “ശുദ്ധീകരണം” എന്ന വാക്കുപയോഗിക്കുമ്പോള്‍ പൗലൊസ് ഉദ്ദേശിച്ച അര്‍ത്ഥം നമ്മുക്ക് നഷ്ടമാകും.

രണ്ടാമതായി, “ഹാഗിയാസ്‌മോസ് ” എന്ന ഗ്രീക്‍ പദം മലയാളത്തില്‍ എല്ലായിടത്തും ഒരുപോലെയല്ല പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 1 കൊരി. 1:30, 1 തെസ്സ. 4:3, എബ്രായര്‍ 12:14 എന്നീ വാക്യങ്ങളില്‍ “ശുദ്ധീകരണം” എന്നും, റോമര്‍ 6:19, 22; 15:15; 1 തെസ്സ. 4:4, 7; 2 തെസ്സ. 2:13 വാക്യങ്ങളില്‍ “വിശുദ്ധീകരണം” എന്നും കൊടുത്തിരിക്കുന്നു.

1 തെസ്സലോനിക്യര്‍ 4:3 ലെ “ശുദ്ധീകരണ”വും 1 യോഹന്നാന്‍ 1:9ലുള്ള “ശുദ്ധീകരണ”വും ഒന്നാണെന്നു മലയാളികള്‍ ചിന്തിക്കുവാന്‍ സാധ്യതകളേറെ. യോഹന്നാന്റെ ലേഖനത്തിലുള്ള “ശുദ്ധീകരണം” മാലിന്യം നീക്കുക എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ഒത്തുവാക്യ-പ്രസംഗം നടത്തുമ്പോള്‍ ഇത് ആരും ശ്രദ്ധിക്കാറില്ല.

1 തെസ്സലോനിക്യര്‍ 4:3 ലെ “ശുദ്ധീകരണം” ഒരു നിമിഷം കൊണ്ട് നടക്കുന്ന കാര്യമാണോ? ഇതേ ചൊല്ലി തര്‍ക്കിച്ചാണ് അമേരിക്കയിലെ പെന്തക്കൊസ്‌തുകാര്‍ അസംബ്ളീസ് ഓഫ ഗോഡും ചര്‍ച്ച് ഓഫ ഗോഡും എന്ന രണ്ട് സംഘടനകളായി പിരിഞ്ഞത്. മലയാളം ബൈബിള്‍ വായിച്ചാല്‍ sanctification അഥവാ “വിശുദ്ധിയിലേക്കുള്ള ക്രമമായ രൂപാന്തരം” എന്നൊരു ആശയം ബൈബിളില്‍ ഉണ്ടെന്നു പോലും ആരും അറിയുക പോലുമില്ല!

അര്‍ത്ഥം മനസ്സിലായോ?

വായിക്കുന്ന വേദഭാഗത്തിന്റെ അര്‍ത്ഥം മനസ്സിലാകുന്നുണ്ടോ എന്ന് ചോദിക്കേണ്ട ആവശ്യം എന്ത്? നമ്മുടെ ഭാഷയില്‍ ലഭിച്ച ബൈബിള്‍ പത്രം വായിച്ചു മനസ്സിലാക്കുന്നതു പോലെ വായിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ എന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷേ പലരും വായിച്ചിട്ട് തങ്ങള്‍ക്കു ബോധിച്ച അര്‍ത്ഥമാണ് വേദഭാഗത്തിന്നു കല്‍പിക്കുന്നത്.

നൂറ്റാണ്ടുകള്‍ക്കു മുമ്പ്, റോമന്‍ കത്തോലിക്ക സഭയില്‍ ഒരു ചിന്തയുണ്ടായിരുന്നു -- ഔരോ വേദഭാഗത്തിനും അര്‍ത്ഥങ്ങളുടെ പല തലങ്ങളുണ്ട എന്ന്. അതായത്, ഔരോ വാക്കിനും പല അര്‍ത്ഥങ്ങളുണ്ടെന്ന് - അക്ഷരീക അര്‍ത്ഥം, ഉപമാടിസ്ഥാനത്തിലുള്ള അര്‍ത്ഥം (analogy), ആത്മീക അര്‍ത്ഥം (allegorical meaning), ഗുണപാഠം (moralis quid agas -tropological meaning). ഉദാഹരത്തിന്, യെറുശലേമിന് അവര്‍ കൊടുത്തിരുന്ന വിവിധ അര്‍ത്ഥങ്ങള്‍ ഇവയാണ്.

അക്ഷരീക അര്‍ത്ഥം: യെറുശലേം പട്ടണം
ആത്മീക അര്‍ത്ഥം: ക്രിസ്‌തുവിന്റെ സഭ
ഉപമാടിസ്ഥാനത്തിലുള്ള അര്‍ത്ഥം:  സ്വര്‍ഗ്ഗീയ യെറുശലേം
ഗുണപാഠത്തിനുള്ള അര്‍ത്ഥം:  മനുഷ്യരുടെ ആത്മാക്കള്‍

തന്റെ മാനസാന്തരത്തിനു ശേഷം മാര്‍ട്ടിന്‍ ലൂഥര്‍ ഇപ്രകാരം പറഞ്ഞു - “എന്റെ ചെറുപ്പത്തില്‍, ... ഞാന്‍ അക്ഷരീക അര്‍ത്ഥം, ഉപമാടിസ്ഥാനത്തിലുള്ള അര്‍ത്ഥം, ആത്മീക അര്‍ത്ഥം, ഗുണപാഠത്തിനുള്ള അര്‍ത്ഥം ഇവയെല്ലാം കൊണ്ട് കുറച്ചേറെ വിദ്യകള്‍ അല്ലാതെ എന്താണ് കാട്ടികൂട്ടിയത്? ... ഇപ്പോള്‍ ഞാന്‍ അവയെല്ലാം ഉപേക്ഷിച്ചു. അക്ഷരീക അര്‍ത്ഥം ഒഴിച്ചാല്‍ മറ്റെല്ലാം വിഢിത്തമാണ്.”

പക്ഷേ നമ്മില്‍ പലരും ഇപ്പോഴും വേദപുസ്‌തകത്തെ ഒരു കടങ്കഥയായി കാണുന്നു. എന്തു വായിച്ചാലും അതിന്റെ ആത്മീക അര്‍ത്ഥവും മറ്റു പല അര്‍ത്ഥങ്ങളും നാം അന്വേഷിക്കുന്നു. മനസ്സില്‍ തോന്നുന്നതെല്ലാം പരിശുദ്ധാത്മാവ് തന്നതാണെന്ന് അവകാശപ്പെടുന്നു. എണ്ണ എന്ന വാക്ക് എവിടെ കണ്ടാലും അതു ആത്മാവിനെ കുറിക്കുന്നതായും, വെള്ളം എന്ന വാക്ക് വചനമായും നാം വ്യാഖ്യാനിക്കുന്നു. മറഞ്ഞിരിക്കുന്ന അര്‍ത്ഥങ്ങള്‍ തേടി നാം വലയുന്നു. ഇതുവരേയും ആരുടേയും മനസ്സില്‍ തോന്നാത്ത വ്യാഖ്യാനങ്ങള്‍ പ്രസംഗിക്കുകയോ എഴുതുകയോ ചെയ്യുന്ന ആളുകളെ നാം മിടുക്കന്മാരായി കാണുന്നു. അതുകൊണ്ട് നാമും മിടുക്കന്മാരാകുവാനായി പുതിയ അര്‍ത്ഥങ്ങള്‍ അഥവാ വ്യാഖ്യാനങ്ങള്‍ തേടുന്നു! അങ്ങനെ നമ്മുടെ മനസ്സില്‍ വരുന്നതെല്ലാം വചനവെളിപ്പാടാണെന്ന് അവകാശപ്പെടുന്നു! 20 നൂറ്റാണ്ടായിട്ടും ആരുടേയും മനസ്സില്‍ തോന്നാത്ത വ്യാഖ്യാനങ്ങള്‍ ദുരുപദേശം ആകാന്‍ സാധ്യതയുണ്ടെന്ന് നാം ചിന്തിക്കുന്നില്ല.

മത്തായി 24:32ലെ അത്തിവൃക്ഷത്തിന് നാം എന്തെല്ലാം അര്‍ത്ഥങ്ങളാണ് കൊടുക്കുന്നത്? അത്തി യഹൂദ രാഷ്‌ട്രത്തെ കുറിക്കുന്നു എന്നും, യഹൂദ രാഷ്‌ട്രം രൂപപ്പെട്ട് ശക്‌തിപ്പെടുമ്പോള്‍ അന്ത്യം വരും എന്നും പഠിപ്പിച്ചുകേള്‍ക്കുന്നു. അത്തിയെകുറിച്ചൊരു ഉപമയാണ് യേശു ക്രിസ്‌തു പറഞ്ഞത്. അത്തി തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്ന് പലസ്‌തീന്‍ നിവാസികള്‍ പറയുമായിരുന്നു. അതുപോലെ, ആ അദ്ധ്യായത്തില്‍ ക്രിസ്‌തു പറഞ്ഞ സംഭവങ്ങള്‍ നിറവേറുമ്പോള്‍ അവസാനം അടുത്തു എന്നു തന്റെ ശിഷ്യന്മാര്‍ മനസിലാക്കേണ്ടതിനാണ് താന്‍ അപ്രകാരം പറഞ്ഞത്.

മറ്റ് പല ഉപമകള്‍ക്കും വേദഭാഗങ്ങള്‍ക്കും പലരും ആത്മീക അര്‍ത്ഥങ്ങള്‍ കൊടുക്കുവാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് നല്ല ശമര്യക്കാരന്റെ ഉപമയില്‍ ഒരുവന്റെ യെറുശലേമില്‍ നിന്നു യെരീഹോവിലേക്കുള്ള യാത്ര ദൈവസന്നിധിയില്‍ നിന്നുള്ള പിന്മാറ്റമായി ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്. എലിമലേക്കും നവോമിയും മോവാബിലേക്കു പോയതിനെ കുറിച്ചുള്ള “ആത്മീക അര്‍ത്ഥങ്ങളും” സുലഭമാണ്.

അതുകൊണ്ട് , കഴിവതും അക്ഷരീക അര്‍ത്ഥം മാത്രം നാം സ്വീകരിക്കണം. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? കാരണം, ചില അലങ്കാര പ്രയോഗങ്ങള്‍ ബൈബിളിലുണ്ട്. അവ അക്ഷരീക അര്‍ത്ഥത്തില്‍ എടുത്താല്‍ നാം കുഴയും. ഉദാഹരത്തിന്, സങ്കീ. 91:4 അക്ഷരീക മായെടുത്താല്‍ ദൈവത്തിന്ന് ചിറകുകളും തൂവലുകളുമുണ്ടെന്ന് നാം വിശ്വസിക്കേണ്ടിവരും.

ഏത് അര്‍ത്ഥമാണ് ശരിയര്‍ത്ഥം?

ഹബക്കുക്കിന്റെ പ്രവചനം ഒരു വ്യക്തി സാധാരണയായി വായിക്കുമ്പോള്‍ ഒന്നാം അധ്യായത്തില്‍ നിന്ന് യാതൊന്നും തന്നെ തനിക്കു മനസ്സിലാകാറില്ല. മനസ്സിലാകാത്ത ഭാഗങ്ങള്‍ അവഗണിച്ച് വായന തുടര്‍ന്നാല്‍ എവിടെയെങ്കിലും വച്ച് എന്തെങ്കിലും പിടിക്കിട്ടും എന്നതാണ് പലരുടേയും ചിന്ത. (ഈ രീതിയില്‍ പാഠപുസ്‌തകങ്ങള്‍ വായിച്ചിരുന്നെങ്കില്‍ നാം ആരും ഒരുകാലത്തും സ്‌കൂള്‍ വിദ്യാഭാസം പോലും പൂര്‍ത്തീകരിക്കില്ലായിരുന്നു!)

രണ്ടാം അദ്ധ്യായത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍പം മനസ്സിലായി തുടങ്ങും. കൊത്തളത്തില്‍ ഹബക്കുക്‍ കാത്തിരിക്കുന്നു ... ദൈവശബ്‌ദം കേള്‍ക്കുന്നു ... ദര്‍ശനത്തിന് ഒരവധിവെച്ചിരിക്കുന്നു... താമസിച്ചാലും അതിന്നായി കാത്തിരിക്കേണം ... എന്റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും. ഇത് വായിക്കുമ്പോള്‍ നമ്മോടുള്ള സന്ദേശമായി നാം സ്വീകരിക്കുന്നു. ഹബക്കുക്‍ കണ്ട ദര്‍ശനം ഏതോ അനുഗ്രഹത്തെകുറിച്ചാണ് എന്ന് നാം ചിന്തിക്കും, ആശ്വസിക്കും. ദൈവം നമ്മോട് വാഗ്ദത്തം ചെയ്‌ത ഏതോ കാര്യം താമസം കൂടാതെ നിവര്‍ത്തിക്കും എന്നു നാം ചിന്തിച്ചാശ്വസിക്കും. വായിക്കുന്നയാളിന്റെ മനസ്സില്‍ എന്ത് അര്‍ത്ഥം തോന്നുന്നുവോ, ആ അര്‍ത്ഥമാണ് ശരിയെന്നും അതാണ് ആ വചനത്തിലെ ദൂതെന്നും ചിന്തിക്കുന്നു. എന്നാല്‍ ആ ദൂത് അന്ന് വരുവാനുള്ള ന്യായവിധിയെകുറിച്ചാണ് എന്നതാണ് സത്യം! ആ പുസ്‌തകത്തിന്റെ സന്ദര്‍ഭം കണക്കിലെടുക്കുമ്പോള്‍ അത് മനസ്സിലാകും. ഇത് എഴുതിയ പ്രവാചകന്‍ എന്ത് ഉദ്ദേശിച്ചുവോ ആ അര്‍ത്ഥത്തിലല്ല പലരും ഇത് മനസ്സിലാക്കുന്നത് എന്നുമാത്രം!

ഇവിടെ നാം നമ്മോടു തന്നെ ചോദിക്കേണ്ടത് ഇതാണ് -- ഒരു വേദഭാഗത്തിന്റെ ശരിയായ അര്‍ത്ഥം ഏതാണ് ? വായനക്കാരന്റെ മനസ്സില്‍ വരുന്ന അര്‍ത്ഥമാണോ ശരിയര്‍ത്ഥം? അങ്ങനെ ആയാല്‍ വായനക്കാരുടെ എണ്ണം അനുസരിച്ച് അര്‍ത്ഥങ്ങളും പെരുകും! പുതിയ അര്‍ത്ഥങ്ങളും, “വചന വെളിപ്പാടുകളും” തേടി ജനം പായുകയാണ്. ഇതിനൊരറുതി വരണ്ടേ?

നാം എഴുതുന്ന കത്തുകള്‍ വായിക്കുന്നവര്‍ അവര്‍ക്കു തോന്നുന്ന അര്‍ത്ഥം കല്‍പ്പിച്ചാല്‍ നമ്മള്‍ക്ക് അത് സ്വീകാര്യമാകുമോ? ലേഖകന്‍ ഏതര്‍ത്ഥം ഉദ്ദേശിച്ചുവോ, അതാണ് ശരിയര്‍ത്ഥം. നാം ഏത് വേദഭാഗം വായിച്ചാലും ലേഖകന്റെ മനസ്സറിയുവാന്‍ ശ്രമിക്കേണം.

ലേഖകന്‍ മനസ്സില്‍ കാണാതിരുന്ന അര്‍ത്ഥം തന്റെ വാക്കുകള്‍ക്ക് പിറകില്‍ മറഞ്ഞിരിക്കുന്നുണ്ടെങ്കിലോ? അങ്ങനെയുള്ള മറഞ്ഞിരിക്കുന്ന അര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കേണ്ട ചുമതല നമ്മുക്കില്ലേ, എന്ന് ചോദിക്കുന്നവരും കുറവല്ല. മറഞ്ഞിരിക്കുന്ന അര്‍ത്ഥങ്ങള്‍ തേടി പോകണ്ട എന്നേ ഞാന്‍ പറയുകയുള്ളൂ. എങ്കില്‍ പിന്നെ അപ്പൊസ്‌തലന്മാര്‍ എന്തുകൊണ്ട് ഏബ്രായ തിരുവെഴുത്തുകളുടെ അര്‍ത്ഥങ്ങള്‍ ഈ രീതിയില്‍ ആരാഞ്ഞു? ഹോശേയ 11:1ല്‍ ലേഖകനായ പ്രവാചകന്‍ ഒരിക്കല്‍ പോലും ചിന്തിക്കുവാന്‍ സാധ്യതയില്ലാത്ത അര്‍ത്ഥമല്ലേ മത്തായി കണ്ടുപിടിച്ചത് (മത്താ. 2:13)? ഹോശേയ ആ വാക്യത്തില്‍ ഇസ്രായേല്‍ രാഷ്‌ട്രത്തെയാണ് ഉദ്ദേശിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മത്തായി പരിശുദ്ധാത്മാവില്‍ അത് വ്യാഖ്യാനിച്ചപ്പോള്‍, യേശുവിനെ കുറിച്ചാണ് ആ വാക്യം എന്ന് താന്‍ അവകാശപ്പെട്ടു. അങ്ങനെ എങ്കില്‍ ഇന്നത്തെ വായനകാര്‍ക്കും അപ്രകാരം പുതിയ അര്‍ത്ഥങ്ങള്‍ കണ്ടു പിടിച്ചുകൂടേ?

ഒന്നാമത് നാം ഈ കാര്യത്തില്‍ മനസ്സിലാക്കേണ്ടത്, തിരുവെഴുത്തുകള്‍ എഴുതുവാന്‍ ദൈവം ഉപയോഗിച്ച അപ്പൊസ്‌തലന്മാരും നാമും തമ്മിലുള്ള വ്യത്യാസം ആണ്. ചരിത്രത്തില്‍ നമ്മള്‍ക്കാര്‍ക്കും ലഭിക്കാത്ത ഒരു പദവിയാണ് അവര്‍ക്കു ദൈവം കൊടുത്തത് - യേശുവിനെ ശരീരത്തില്‍ കാണുവാനും അറിയുവാനുമുള്ള ഭാഗ്യം. അവരുടെ സാക്ഷ്യത്തിലൂടെയാണ് ലോകം യേശുവിനെ അറിയുന്നത്. അവരിലൂടെയാണ് സുവിശേഷം സഭയ്‌ക്കും ലോകത്തിനും “ഒരിക്കലായി” ഭരമേല്‍പ്പിക്കപ്പെട്ടത് (യൂദ വാ. 3). അവരില്‍ നിന്ന് ഈ വിലയേറിയ വിശ്വാസം ഏറ്റുവാങ്ങാനല്ലാതെ അതിനോടു കൂട്ടി ചേര്‍ക്കുവാനോ എടുത്തുമാറ്റുവാനോ സഭയ്‌ക്ക് അവകാശമില്ല. അവര്‍ ഏതെല്ലാം രീതിയില്‍ ഏബ്രായ തിരുവെഴുത്തുകളെ വ്യാഖ്യാനിച്ചിട്ടുണ്ടോ, അവയെ നാം സ്വീകരിക്കേണം. അവര്‍ ചെയ്‌തതു പോലെ ഏബ്രായ തിരുവെഴുത്തുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ തേടി നാം പോയാല്‍ ഉളവാകുവാന്‍ പോകുന്ന പുതിയ വ്യാഖ്യാനങ്ങള്‍ക്ക് ഒരന്തവും ഉണ്ടാവുകയില്ല. മാത്രമല്ല, പുതിയ വ്യാഖ്യാനങ്ങളെ അളക്കുവാന്‍ ഒരു മാനദണ്ഢവും നമ്മുടെ പക്കല്‍ കാണുകയില്ല. ബൈബിളില്‍ എടുത്തു പറഞ്ഞിട്ടില്ലാത്ത നിഴല്‍-പൊരുള്‍ ബന്ധങ്ങള്‍ കണ്ടുപിടിക്കുവാന്‍ തത്രപ്പെടുന്നവരും ഈ കാര്യം ഓര്‍ത്തിരുന്നാല്‍ നന്ന്. 

ചിലപ്പോള്‍ നാം വചനം വായിക്കുമ്പോള്‍ ദൈവം നേരിട്ട് നമ്മോട് സംസാരിക്കുന്നതായി അനുഭവപ്പെടാറുണ്ട്. ആ വചനം എഴുതിയ ലേഖകന്‍ ഉദ്ദേശിച്ച അര്‍ത്ഥം ഒന്ന്. എന്നാല്‍ അതിനെ മറികടന്ന് ദൈവം ചിലപ്പോള്‍ വായനക്കാരന്റെ സാഹചര്യത്തിനൊത്ത അര്‍ത്ഥം അതിനു നല്‍കും വിധം സംസാരിക്കാറുണ്ട്. ഉദാഹരണത്തിന്, ദൈവം തന്നെ കൈവിട്ടോ എന്ന് ചിന്തിച്ച് നിരാശപ്പെട്ടിരുന്ന ഒരു പുതിയ വിശ്വാസി വെറുതെ ബൈബിള്‍ തുറന്നപ്പോള്‍ തനിക്ക് “കിട്ടിയ” വാക്യം റോമര്‍ 11:1 ആണ് — “എന്നാല്‍ ദൈവം സ്വജനത്തെ തള്ളികളഞ്ഞുവോ .... ഒരു നാളും ഇല്ല.” അതു വായിച്ചപ്പോള്‍ നിരാശയില്‍ നിന്ന് തനിക്ക് മോചനം ലഭിച്ചു. ദൈവം തന്നോട് അതിലൂടെ സംസാരിച്ചു എന്നതിന് തര്‍ക്കമില്ല.

എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഒന്ന്, ഒരു മനുഷ്യനെ മാനസീക തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുവാന്‍ ദൈവം ആ വാക്യം ഉപയോഗിച്ചതുകൊണ്ട് ഇനിമേല്‍ ആ വാക്യത്തിന്റെ ശരിയായ അര്‍ത്ഥവും ഉപയോഗവും അതാണ് എന്ന നാം ചിന്തിക്കരുത്.

രണ്ട്, ദൈവത്തിന് ഒരാളോട് സംസാരിക്കുവാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട് എന്ന് ബൈബിള്‍ വ്യക്തമാക്കുന്നു -- കഴുതയിലൂടെ, കോഴി കൂകന്നതിലൂടെ, പുഴുവിലൂടെ, ഉറുമ്പിലൂടെ, കുശവന്റെ പണിയിലൂടെ, സ്വപ്നത്തിലൂടെ, നേരിട്ട് സംസാരിക്കുന്നതിലൂടെ, എന്നിത്യാദി. ആ കൂട്ടത്തില്‍ ദൈവം ബൈബിളിലെ ചില വാക്കുകളെ അപൂര്‍വ്വ രീതിയില്‍ ഉപയോഗിച്ചെന്നു വരാം. ദൈവം ചിലരോട് ഈ രീതിയില്‍ സംസാരിച്ചതുകൊണ്ട് ദൈവശബ്ദം കേള്‍ക്കുവാനുള്ള ശരിയായ വഴി ഇതാണ് എന്ന് നാം ചിന്തിക്കരുത്. ദൈവ ശബ്ദം കേള്‍ക്കുവാന്‍ പലരും എല്ലാ ദിവസവും ബൈബിള്‍ വെറുതെ തുറന്നു നോക്കാറുണ്ട്. ഇങ്ങനെയുള്ളര്‍ക്ക് “കിട്ടുന്ന” വാക്യങ്ങള്‍ വളരെ രസകരമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

ഈ തത്വങ്ങള്‍ മനസ്സിലാക്കാതെ “ദൈവം എന്നോട് സംസാരിച്ചു” എന്ന് വാദിക്കുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. പത്രോസിനോട് വെള്ളത്തിന്മേല്‍ നടക്കുവാന്‍ യേശു കല്‍പിച്ചു. അതു വായിച്ചിട്ട് വെള്ളത്തിന്മീതെ നടക്കുവാന്‍ സുബോധമുള്ള ആരെങ്കിലും തുനിയുമോ? കൊറിയിലെ രണ്ട് യുവതികള്‍ അത് ശ്രമിച്ചുനോക്കി എന്ന് വായിച്ചിട്ടുണ്ട് !

This site is best viewed on a mobile phone.
Blessings!