“മത പ്രചരണം
നടത്തുകയാണോ?”

എന്ന് ആക്രോശിക്കാൻ വരട്ടെ. നാം അഭിമാനം കൊള്ളുന്ന വ്യക്തി സ്വാതന്ത്ര്യം ഉപയോഗിച്ച് ദൈനംദിന ആവശ്യങ്ങൾക്കായുള്ള ചെറുകിട തിരെഞ്ഞെടുപ്പുകൾ മാത്രം നടത്താനേ നാം ഉദ്ദേശിക്കുന്നുള്ളു എങ്കിൽ നാം ഈ സ്വാതന്ത്ര്യത്തെ പാഴാക്കുകയാണ്. സ്വന്തമായി ചിന്തിക്കുവാൻ പ്രായമായാൽ ഓരോ വ്യക്തിയും ആധ്യാത്മീക കാര്യങ്ങൾ അന്ധമായി വിശ്വസിക്കാതെ സ്വന്തമായി അവലോകനം നടത്തി തീരുമാനങ്ങൾ എടുക്കേണം. താങ്കൾ ഏത് മതത്തിൽപെട്ട ആളായാലും ഇത്രയും കാലമായി യേശു എന്ന ലോക ചരിത്രത്തിലെ ഏറ്റവും വിശിഷ്ടനായ വ്യക്തിയെ കുറിച്ച് പഠിച്ച് യുക്തമായ ഒരു തീരുമാനം എടുത്തിട്ടില്ലെങ്കിൽ, ഇനിയും വൈകിക്കേണ്ട. അന്വേഷിക്കൂ! കണ്ടെത്തൂ! തീരുമാനിക്കൂ!

നിസ്തുലനായ ക്രിസ്തു

1900-ത്തിലേറെ വർഷങ്ങൾക്ക് മുമ്പ് പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമായി ഒരു മനുഷ്യൻ ജനിച്ചു. ആ മനുഷ്യൻ ഒരു ഓണം കേറാമൂലയിൽ വളർത്തപ്പെടുകയും പ്രാരാബ്ദങ്ങൾ നിറഞ്ഞ ചുറ്റുപാടിൽ ജീവിക്കുകയും ചെയ്തു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന അദ്ദേഹത്തിന് സമ്പത്തോ വ്യാപകമായ സ്വാധീനമോ ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരിക്കലും വ്യാപകമായി സഞ്ചരിച്ചിട്ടില്ലായിരുന്നു. താൻ ജീവിച്ചിരുന്ന രാജ്യത്തിന്റെ അതിർത്തിക്കപ്പുറത്തേക്ക് ഒരിക്കൽ മാത്രമാണ് - അതും ശൈശവത്തിൽ ഒരു അഭയാർത്ഥിയായി കൊണ്ടുപോകപ്പെട്ടത്.

എന്നാൽ ഈ മനുഷ്യന്റെ ജീവിതം ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ചു. ശൈശവത്തിൽ അവൻ ഒരു രാജാവിനെ അമ്പരപ്പിച്ചു; ബാല്യത്തിൽ അവൻ നിയമ പണ്ഢിതന്മാരെ സ്തബ്ദരാക്കി; യൗവനത്തിൽ അവൻ പ്രകൃതിയുടെ കാലഗതികളെ നിയന്ത്രിച്ചു, തിരമാലകളിന്മേൽ നടന്നു, ഇളകിമറിഞ്ഞ അലകടലിനെ ശാന്തമാക്കി. അവൻ ജനസഹസ്രങ്ങളെ മരുന്നു കൂടാതെ സൗഖ്യമാക്കി, അവന്റെ സേവനങ്ങൾക്ക് യാതൊരു വിധ പ്രതിഫലവും ഈടാക്കിയില്ല.

അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടില്ല. എന്നിട്ടും, അദ്ദേഹത്തിന്റെ ജീവിതം മറ്റാരുടേതിനേക്കാളും കൂടുതൽ പുസ്തകങ്ങൾക്ക് പ്രചോദനമായി. അദ്ദേഹം ഒരിക്കലും ഒരു പാട്ട് എഴുതിയിട്ടില്ല. എന്നിട്ടും ഏറ്റവും അധികം ഗാനങ്ങൾക്ക് പ്രമേയം പകർന്നത് അദ്ദേഹത്തിന്റെ ജീവിതമാണ്. അദ്ദേഹം ഒരിക്കലും ഒരു വിദ്യാലയം സ്ഥാപിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിനുള്ള അത്രയും ശിഷ്യന്മാർ വേറെ ആർക്കുണ്ട്? ഇന്നുവരെ ഉണ്ടായിട്ടുള്ള മറ്റെല്ലാ വിദ്യാലയങ്ങളെയും ഒരുമിച്ച് എടുത്താൽ പോലും എണ്ണത്തിൽ അടുത്തെങ്ങും എത്തില്ല.

അദ്ദേഹം ഒരിക്കലും ഒരു സൈന്യത്തെ കെട്ടിപടുക്കുകയോ ഒരു പടയാളിയെ നിയമിക്കുകയോ സ്വയം ആയുധം എടുക്കുകയോ ചെയ്തില്ല. എന്നിട്ടും, വേറെ ഒരു നേതാവിനു മുമ്പിലും ഇത്രയേറെ എതിരാളികൾ ആയുധം വെച്ച് കീഴടങ്ങിയിട്ടില്ല. അദ്ദേഹം ഒരിക്കലും മനഃശാസ്ത്രം അഭ്യസിച്ചിട്ടില്ല. എന്നിട്ടും വിദഗ്ദ്ധരായ ഡോക്ടർ മാർക്ക് അസാധ്യമായത് താൻ ചെയ്തു—തകർന്ന ഹൃദയങ്ങളെ അദ്ദേഹം സൗഖ്യമാക്കി.

ഓരോ ആഴ്‌ചയിലും, വാണിജ്യത്തിന്റെ ചക്രങ്ങൾ നിശ്ചലമാകുന്ന ദിവസം, ദശലക്ഷങ്ങൾ അനേക സ്ഥലങ്ങളിൽ ഒത്തുചേർന്ന് അദ്ദേഹത്തെ ആരാധിക്കുന്നു. ഈ തലമുറയിലെ ജനങ്ങൾക്കും അദ്ദേഹത്തിന്റെ ജനനത്തിനും ഇടയിൽ ഇരുപത് നൂറ്റാണ്ടുകളുടെ അന്തരമുണ്ടെങ്കിലും, താൻ ഇപ്പോഴും ജീവിക്കുന്നു. തന്റെ ശത്രുക്കൾക്ക് തന്നെ നശിപ്പിക്കാൻ കഴിഞ്ഞില്ല, ശവക്കുഴിക്ക് തന്നെ പിടിച്ചു വയ്ക്കാൻ കഴിഞ്ഞില്ല. ആ മഹാ ചരിത്ര പുരുഷനാണ് യേശു എന്ന മിശിഹാ രാജാവ്!

അവിടുന്ന് എല്ലാ അർത്ഥത്തിലും തികഞ്ഞവൻ ആയിരുന്നു—തികച്ചും പാപരഹിതൻ, പരിശുദ്ധൻ. നാം ഒരോരുത്തരും മരണത്തിനു വിധിക്കപ്പെട്ട പാപികളാണ്. എന്നാൽ ദൈവം നമ്മെ സ്നേഹിച്ചതുകൊണ്ട് നമ്മെ നിത്യമായ മരണത്തിൽ നിന്ന് രക്ഷിക്കുവാൻ ആഗ്രഹിച്ചു. അതിനുവേണ്ടി ദൈവം തന്നോട് സമനായിരുന്ന ദൈവ വചനത്തെ മനുഷ്യ വേഷത്തിൽ ഭൂമിയിലേക്കയച്ചു. ദൈവ വചനം മനുഷ്യനായി ജനിച്ചു; ആ കാരണത്താൽ യേശു ദൈവപുത്രൻ എന്നും മനുഷ്യപുത്രൻ എന്നും വിളിക്കപ്പെട്ടു.

പാപത്തിന്റെ പരിണിത ഫലമായി നാം അനുഭവിക്കേണ്ടിയിരുന്ന മരണ ശിക്ഷ നമ്മുടെ സ്ഥാനത്ത് യേശു ക്രൂശിൽ അനുഭവിച്ചു മരിച്ചു. താൻ മരിച്ചു എന്ന് ഉറപ്പുവരുത്തുവാൻ റോമൻ പടയാളികൾ കുന്തം കൊണ്ട് അവന്റെ വലാപ്പുറത്ത് കുത്തി. അവസാന തുള്ളി രക്തവും വെള്ളവും വാർന്നൊലിച്ചു. യോഹന്നാൻ എന്ന ദൃക്സാക്ഷി അത് രേഖപ്പെടുത്തി. ഭയപരവശരായ ശിഷ്യന്മാർ ഒളിവിൽ പോയി.

എന്നാൽ മൂന്നാം ദിവസം ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു! തന്റെ ശിഷ്യഗണങ്ങൾ കാൺകെ യേശു യെരൂശലേമിൽ നിന്ന് ആകാശത്തിലേക്ക് കയറി പോയി. ഇന്ന്, അവൻ സ്വർഗ്ഗീയ മഹത്വത്തിന്റെ അത്യുച്ചകോടിയിൽ വാഴുന്നു. ഉയിർത്തെഴുന്നേറ്റ ഈ യേശു എന്ന രക്ഷകനെ ആരാധകർ പുകഴ്ത്തുന്നു. അശുദ്ധാത്മാക്കളും ക്ഷുദ്രശക്തികളും ഈ കർത്താധി കർത്തനെ ഭയപ്പെടുന്നു.

സ്വർഗ്ഗാരോഹണത്തിനു മുമ്പ് അവിടുന്ന് ശിഷ്യരോടു കൽപ്പിച്ചു: സ്വർഗ്ഗത്തിലും ഭൂമിയിലും എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടി രിക്കുന്നു. അതിനാൽ, നിങ്ങൾ പോയി എല്ലാ ജനവിഭാഗങ്ങളേയും എന്റെ ശിഷ്യരാക്കുക. ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടതിനാൽ, ശിഷ്യന്മാർ ധൈര്യശാലികളായി. യേശുവിന്റെ രാജകീയ നിയോഗത്തോടുള്ള അനുസരണത്തിൽ, മരണഭയംപോലും ഇല്ലാതെ യേശുവിനെ കുറിച്ച് അവർ സാക്ഷ്യം പറഞ്ഞു. അവർ ചെയ്തതുപോലെ ഞങ്ങളും യേശുവിന്റെ ശിഷ്യനാകാനുള്ള ഈ ക്ഷണം താങ്കൾക്ക് ഇപ്പോൾ നൽകുന്നു.

യേശുക്രിസ്തുവിന്റെ ഈ അസാധാരണമായ ജീവിതത്തെയും അനുപമമായ ഉപദേശങ്ങളേയും ഗൗരവമായി ചിന്തിച്ച് അവലോകനം ചെയ്യുമോ? യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായ യോഹന്നാൻ എഴുതിയ ദൃസാക്ഷി വിവരണം ഇപ്പോൾ തന്നെ വായിക്കൂ. കൂടാതെ, സുവിശേഷങ്ങൾ (ഇഞ്ജിൽ) എന്ന് അറിയപ്പെടുന്ന നാല് ചെറു ഗ്രന്ഥങ്ങളും വായിക്കുവാൻ, ഒരു ബൈബിൾ പ്രോഗ്രാം താങ്കളുടെ ഫോണിൽ ഡൗൺലോട് ചെയ്യൂ (iphone/ android).

താങ്കൾ ഏത് തകർന്ന അവസ്ഥയിൽ ആയിരുന്നാലും, താങ്കളെ അതേപടി സ്വീകരിക്കുവാൻ ദൈവം അതിയായി ആഗ്രഹിക്കുന്നു. ദൈവം താങ്കളെ ശുദ്ധീകരിക്കും, പാപങ്ങളെ ക്ഷമിക്കും, പൂർണ്ണമായും സുഖപ്പെടുത്തും. അവിടുന്ന് താങ്കളെ സ്വന്തം മകനായി അഥവാ മകളായി സ്വീകരിച്ചിട്ട് താങ്കളുടെ ഹൃദയമാകുന്ന ദേവാലയം തന്റെ വാസസ്ഥലമാക്കും!

യേശു പറഞ്ഞു: പിതാവു എനിക്കു തരുന്നവർ ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.

താങ്കളുടെ ജീവിതത്തിലേക്ക് യേശുവിനെ ക്ഷണിക്കൂ! ഇപ്പോൾ തന്നെ ഈ സ്നേഹനിധിയായ ദൈവത്തോട് ഹൃദയത്തിന്റെ ഭാഷയിൽ പ്രാർത്ഥിക്കൂ!

തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്തം താങ്കളുടേതാണ്. യേശു ക്രിസ്തുവിനോടുള്ള താങ്കളുടെ പ്രതികരണം എന്തുതന്നെ ആയിരുന്നാലും താങ്കൾ ഒരു ദിവസം തീർച്ചയായും ദൈവത്തോട് കണക്ക് ബോധിപ്പിക്കേണ്ടി വരും.

യേശുവിനെ കുറിച്ച് കൂടുതൽ അറിയുവാൻ ബന്ധപ്പെടുക